Showing posts with label DhanyaBipin. Show all posts
Showing posts with label DhanyaBipin. Show all posts

അസ്തമനം

Image may contain: 2 people, including Dhanya Bipin, people smiling, selfie and closeup

###########
പടിഞ്ഞാറൻ വെയിൽ നാളങ്ങൾ എത്തി നോക്കിയ വടക്കെ വരാന്ത വേനൽക്കാറ്റിന്റെ ചൂടേറ്റ് മയങ്ങി .അമ്മിക്കു മുകളിലായിവെള്ളപ്പാണ്ടൻ പൂച്ച ചുരുണ്ടു കിടന്നു .കിഴക്കേ കോലായിൽ ചാരുകസേരയിൽ മയങ്ങിക്കിടന്ന വേലു നായര് ഒരു വരണ്ട ചുമയോടെ തപ്പിയെണീറ്റു .
''അമ്മിണ്യേ........ ഒരുളാസ് വെള്ളടത്തെടീ...
തൊണ്ട വരണ്ട് പൊട്ടണു ... "
ഉമ്മറത്തിണ്ണയിൽ എവിടെ നിന്നോ ഒരു ബലിക്കാക്ക പറന്നു വന്നിരുന്നു .അത് അയാളെ നോക്കി ഉച്ചത്തിൽ
കരഞ്ഞു. സ്ഥലകാലബോധം തിരിച്ചു കിട്ടിയ അയാൾ തെക്കുവശത്തേക്ക് ഒന്നെത്തി വലിഞ്ഞു നോക്കി . അവിടെ ചൂടാറിത്തുടങ്ങിയ ചാരക്കൂന ആ വൃദ്ധന്റെ നനഞ്ഞ കണ്ണുകളിൽ തെളിഞ്ഞു .
തൊട്ടടുത്ത് ചാരിവെച്ച ഊന്നുവടി തപ്പിയെടുത്ത അയാൾ പടിഞ്ഞാറ് ലക്ഷ്യമാക്കി നടന്നു .കടലിൽ മുങ്ങി അണയാൻ തിടുങ്ങുന്ന സൂര്യനൊപ്പം ... നിരവധി പേർക്ക് ചൂടും വെളിച്ചവും പകർന്ന് ഒടുവിൽ ആ കടലിലേക്ക് അയാളും നടന്നടുത്തു .മറ്റൊരു അസ്തമയമായി .
______________________________________________________________________________________ ധന്യ ബിപിൻ_____

അനാഥ


Image may contain: 2 people, people smiling, selfie and closeup
*********
ഒരു കളിത്തൊട്ടിലിൽ
വിരലുണ്ടുറങ്ങുന്ന ചുണ്ടുകൾ
വെറുതെ വിതുമ്പിടുന്നു ,
ഉമ്മറക്കോലായിൽ നിലവിളക്കിൻ പ്രഭ -
യേറ്റമ്മ ശയിപ്പതറിഞ്ഞിടാതെ.
കുഞ്ഞു വയറ്റിൽ വിശപ്പിന്റെ
താണ്ഡവമുണ്ടായ നേരം
മുതൽക്കുതന്നെ,
ചാരെയണഞ്ഞു പാലൂട്ടിടു-
മെന്നോർത്തിന്നേറെ കരഞ്ഞു
വിളിച്ചതല്ലേ ,
ഇനിയുമമാന്തമെന്തെ
ന്നോർത്തുകിടന്നേറെ വലയും
വിശപ്പിൻ കുറുമ്പുമായി.
തോളിലെടുത്തു താരാട്ടുവതാരിതോ
താളമെന്നമ്മക്കു തന്നെ കേമം.
ഒന്നു ചിണുങ്ങുകിലോടിയണയുവോ -
ളിന്നു മറന്നു പോയ് കണ്മണിയെ ,
ഇനിയുമിങ്ങെത്തുവാൻ നേരമില്ലെങ്കിലോ
കടിയൊന്നു കരുതി വെക്കേണമിന്ന്.
ഒരു കളിത്തൊട്ടിലിൽ
വിരലുണ്ടുറങ്ങുന്ന ചുണ്ടുകൾ
വെറുതെ വിതുമ്പിടുന്നു
ഉമ്മറക്കോലായിൽ
നിലവിളക്കിൻ പ്രഭയേറ്റമ്മ
ശയിപ്പതറിഞ്ഞിടാതെ .
**************************************

___ ധന്യ ബിപിൻ____

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo