വില

Image may contain: 1 person
ഒരു ദിവസം ഞാൻ നാട്ടിലേക്ക് വിളിച്ചപ്പോൾ, 
അച്ഛൻ പറഞ്ഞു, 
"മോനെ നമുക്ക് ഈ വീടും പറമ്പും വിൽക്കാം,
നല്ല വിലകിട്ടും അതുകൊണ്ട് നമുക്ക് സ്ഥലം ഇത്തിരി കുറഞ്ഞാലും 
നല്ല ഒരു വീട് വാങ്ങിക്കാം... " അച്ഛൻ പറഞ്ഞു നിർത്തി. 
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല,
ഞാൻ അച്ചനോട് ചോദിച്ചു. 
" എന്തേ അച്ചന് അങ്ങനെ തോനാൻ "
"മോൻ ഒരുപാട് നാളായി കഠിനമായി കഷ്ടപ്പെടുന്നു എന്നിട്ടും നമ്മൾ രെക്ഷപെടുന്നില്ല്യ "
അച്ഛൻ പറഞ്ഞു,
"അച്ഛനോട് ആരാ പറഞ്ഞത് നമ്മൾ രെക്ഷപെട്ടില്ല എന്ന് "
"അല്ല അത് " അച്ഛൻ വാക്കുകൾക്ക് വേണ്ടി പരതി "അത് ആരു വന്നാലും ആദ്യം ചോദിക്കുക അതാണ്‌ "
"അച്ഛാ അച്ചന് 85 വയസ്സായി, 
ഈ വയസിനുള്ളിൽ അച്ഛൻ എന്തെങ്കിലും ദു:ഖം അനുഭവയ്‌ക്കേണ്ടി വന്നിട്ടുണ്ടോ, ചെറിയ ചെറിയ ബുദിമുട്ടുകളും വിഷമങ്ങളും അല്ലാതെ അച്ഛനോ അമ്മക്കോ എനിക്കോ എന്റെ ഭാര്യക്കോ മക്കൾക്കോ ചേച്ചിക്കോ അളിയനോ അവരുടെ മക്കൾക്കോ ആർക്കെങ്കിലും വല്ല മറാ രോഗങ്ങൾ വരികയോ,
അല്ലെങ്കിൽ മക്കളോ മരുമക്കളോ പേരക്കിടാങ്ങളോ തലതിരിഞ്ഞ് പോയി മാനക്കേട് ഉണ്ടാക്കുകയോ,
ഒന്നും ഉണ്ടായിട്ടില്ല, 
വസ്ത്രത്തിനോ ഭക്ഷണത്തിനോ മരുന്നിനോ ഒന്നിനും ഒരു കുറവും വന്നിട്ടും ഇല്ല എന്നാണ് എ ന്റ്റെ വിശ്വസം,
ബോംബയിലെ നരിമാൻ പോയന്റിലെ സമ്പന്നരുടെ മക്കൾ മാത്രം പഠിക്കുന്ന കോളേജിലെ ജോലി, 
ഒരു ബുദ്ധിമോശ ത്തിന് വളണ്ടറി പെൻഷൈൻ എടുത്ത്,
ആകാശുകൊണ്ട് തുടങ്ങിയ ഹോൾസൈൽ ബിസിനസ് പൊട്ടി,
കാശെല്ലാം നഷ്ടപെടുകയും അസുഖങ്ങൾ പിടിമുറുക്കുകയുംചെയ്ത അച്ഛനെ, 
ഒരു പണിക്കും പറഞ്ഞയക്കാതെ, 
15കാരനായ ഞാൻ വെളുപ്പിന് എഴുന്നേറ്റു, മഞഞ്ഞും മഴയും ഒന്നും വകവെക്കാതെ, പെയ്പ്പർ ഇടാൻ പോയി,
അതുകഴിഞ്ഞു ബാലേട്ടന്റെ ഹോട്ടലിൽ നിന്ന് രണ്ടു പൊറോട്ടയുംചാറും (പോർട്ട കഴിച്ചാൽ വൈകീട്ട് വീട്ടിൽ വരുന്നതുവരെ പിടിച്ചു നിൽകാൻ kazhiyu) കഴിച്ച്, 
അവിടെ കൊണ്ട് വെക്കാറുള്ള വെള്ള മുണ്ടും ഷർട്ടും പുസ്തകങ്ങളും എടുത്ത് നേരെ കോളേജിലേക്ക്, 
കോളേജിൽ നിന്ന് തിരിച്ച് ജോസ് മാഷുടെ മകൻ ജോജു ചേട്ടന്റെ കുറിക്കമ്പനിയിലെ കുറിപ്പിരിക്കൽ 
അതിനേക്കാൾ ഒക്കെ എത്രയോ ഉയരങ്ങളിൽ ആണ് ഇന്ന് നമ്മൾ, 
എനിക്കു തെറ്റില്യാത്ത കച്ചവടം ഭാര്യക്ക് മാന്യമായ ജോലി, 
പിന്നെ ആളുകളെ അസൂയ പെടുത്തി സന്തോഷിക്കാൻ ഉള്ള രണ്ടു നില്ല വീടോ കാറോ ഇല്ല,
എന്നാൽ അന്നും ഇന്നും ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ പരിപൂർണ്ണത്രിപ്പത്തൻ ആണ്, 
അതാണ് അച്ഛനും അമ്മയും എനിക്ക് സമ്പാതിച്ചു തന്ന ഏറ്റവും വലിയ സമ്പത്ത്, കാരണം നിങ്ങളുടെ നന്മ നിറഞ്ഞ കർമ്മങ്ങളുടെ ഫലം ഞങ്ങൾ അനുഭവിക്കുന്നു, നാളെ നമുക്ക് അറിയില്ല, 
അത് നമുക്ക് അപ്പോൾ നോക്കാം" ഫോണിൻറ്റെ അങ്ങേ തൽക്കൽ ഒരു തേങ്ങൽ കേട്ടാ ണ് ഞാൻ നിർത്തിയത് "അച്ഛൻ കരുയുകയാന്നോ " "അച്ഛൻ സന്തോഷം കൊണ്ട് കരഞ്ഞുപോയതാണ് എന്റെ മോന് ഏത് ആപത്തിലും ഏതു നടുകടലിലും 
ദൈവംകൂട്ടിനുണ്ടാകും.

Shajil S

ചാറ്റൽമഴപോലൊരുവൾ...

Image may contain: 1 person, sunglasses and beard

‍‍‍‍‍‍‍‍‍‍‍‍‍‍‍‍ചാന്ദ്നി മല്ലയ്യ..
അതായിരുന്നു അവളുടെ പേര്. ദേശം മംഗളൂരു.
ഞാനവളെക്കാണുമ്പോൾ അവളൊരു കാമറയും തൂക്കി വിനായകചതുർത്ഥി നടക്കുന്ന മുംബൈ നഗരത്തിലെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരു വെരുകിനെപ്പോലെ നടക്കുകയായിരുന്നു.
അവളുടെ ആണുങ്ങളെപ്പോലുള്ള വസ്ത്രധാരണവും മുറുക്കിച്ചുവന്ന ചുണ്ടുകളും കുതിരവാൽ പോലെ പൊക്കിവെച്ച മുടിയും മറ്റുള്ളവരിൽ നിന്നും ശ്രദ്ധിക്കപ്പെടാൻ ഉതകുന്നതായിരുന്നു ..
ഓരോ ഫോട്ടോ ക്ലിക്ക് ചെയ്തതിനു ശേഷവും പ്രിവ്യു നോക്കി നിരാശയായി , തൃപ്തിയാകും വരെ വീണ്ടും പകർത്തിയതിനു ശേഷമുള്ള തലയാട്ടിയുള്ള അവളുടെ ചിരിയും കാണേണ്ടതുതന്നെയായിരുന്നു ..
ഇതിനിടയിൽത്തന്നെ ആ കുറ്റകരമായ പതിനാല് സെക്കന്റ്‌ തുറിച്ചുനോട്ടം ഞാൻ പിന്നിട്ടിരുന്നു.. !
അവളെ പിന്തുടർന്നു ഞാൻ നഗരത്തിലെ ഇരുട്ടും ചെളിയും കട്ടപിടിച്ചുനിൽക്കുന്ന ചേരിപ്രദേശത്തെത്തി. ചേറിന്റെ മണമുള്ള പരിസരത്തായി ഒരു അമ്മൻ കോവിൽ കാണുന്നുണ്ട്. തമിഴ്‌വംശജർ ധാരാളമുള്ള സ്ഥലമാണെന്ന് തോന്നി. വവ്വാലുകൾ തൂങ്ങിക്കിടക്കുന്ന ഒരു അരയാലിൻ തറയിൽ ഇരുന്ന് അവൾ എന്റെ കയ്യിൽ ക്യാമറ വെച്ചുതന്ന് കയ്യിലുള്ള ബാഗ് തുറന്ന് ഒരുകവിൾ വെള്ളം അകത്താക്കി എന്നെ സൂക്ഷ്മമായി നോക്കുവാൻ ആരംഭിച്ചു.
.. നീയെന്തിനാണെന്നെ ഫോളോ ചെയ്യുന്നത്..?
നീ കരുതുന്നതുപോലെ ഒരു ഫ്ളർട്ടി.. പാർട്ടി ഗോയിങ് പെണ്ണല്ല ഞാൻ...
അതെനിക്ക് മനസ്സിലായെന്ന് പറയണമെന്നുണ്ടായിരുന്നു എനിക്ക്..
ഞാനെന്തിനാണവളെ ഫോളോ ചെയ്തത്.
അതിനെനിക്കും ഉത്തരമില്ലായിരുന്നു.
ബന്ധങ്ങൾ ആരംഭിക്കാൻ നിമിഷങ്ങൾ മതി. അന്തരീക്ഷത്തിൽ കർപ്പൂരഗന്ധം നിറഞ്ഞ ആ വൈകുന്നേരം , ഗണപതിവിഗ്രഹങ്ങൾ കടൽ വെള്ളത്തിൽ ഒഴുകിനടന്ന ത്രിസന്ധ്യയിൽ ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു തെരുവിലൂടെ മുട്ടിയുരുമ്മി നടന്നു.
..ചാന്ദ്നി മല്ലയ്യ...
തന്റെ അച്ഛൻ ഗോദയിൽ എതിരാളികളെ മലർത്തിയടിക്കുന്ന ഒരു മല്ലനാണോ..?
ഒരു ചെറുചിരിയോടെ ഞാനത് ചോദിക്കുമ്പോൾ അവൾ ഒരു വഴിയോരയാചകന്റെ ചിത്രം പകർത്തുന്ന തിരക്കിലായിരുന്നു.
...അയ്യോ പാവമെന്റെ അച്ഛൻ..
വിക്രം മല്ലയ്യ . ക്ലീൻ ഷേവ് ചെയ്ത. അതിരാവിലെ ഫുൾ സ്ലീവ് ഷർട്ട്‌ ടക് ഇൻ ചെയ്ത് ഒരു യന്ത്രമനുഷ്യനെപ്പോലെ പൊയ്ക്കൊണ്ടിരുന്ന ഒരാൾ.. മല്ലയുദ്ധം പോയിട്ട് ഒരാളോട് പോലും ഒച്ചയുയർത്തി സംസാരിക്കാത്ത മാന്യൻ..
അവൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു
ഞാനവളുടെ അച്ഛന്റെ രൂപം മനസ്സിൽ വരച്ചിട്ടു.. ട്വന്റിഫോർ നോർത്ത് കാതത്തിലെ നായകന്റെ പ്രായമായ രൂപം... !
അവൾ യാചകന്റെ കയ്യിലേക്ക് തന്റെ കയ്യിലിരുന്ന വറുത്ത കടലയുടെ പാക്കറ്റും
നൂറുരൂപാ നോട്ടും വെച്ചുകൊടുത്തു.
..യാചകനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയല്ല ഇത്. എന്റെ ഫോട്ടോയ്ക്ക് മോഡലായി നിന്നതുകൊണ്ടുമാത്രം..
അതുപറഞ്ഞു അവൾ ക്യാമറയും തോളിൽ തൂക്കി മുന്നോട്ട് വളരെ വേഗം നടന്നുപോയി..
എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ കൂടിക്കാഴ്ചകളായിരിക്കാം ഞങ്ങളുടെ ബന്ധം വളർത്തിയത്. ഞാൻ ദിനേനയുള്ള സായാഹ്നസവാരിക്ക് എത്തുമ്പോഴേക്കും കാമറയിൽ നഗരക്കാഴ്ചകൾ ഒപ്പിക്കൊണ്ട് അവളും ചേരും.
ക്യുൻസ് നെക്‌ളേസ്‌ എന്ന വിളിപ്പേരുള്ള മഞ്ഞ വെളിച്ചം ചിതറുന്ന തെരുവുവിളക്കുകളുടെ നിരയ്ക്ക് താഴെ , ട്രാഫിക്കിൽ പെട്ട വാഹനങ്ങളുടെ നിരന്തര ഹോൺവിളികളുടെ ഇടയിൽക്കൂടി ഞങ്ങൾ നടന്നു.
ഹോളി ഉത്സവദിനം ഒരു വലിയ കാൻവാസിൽ ഒരു ഫോട്ടോ..
അതാണവളുടെ സ്വപ്നം..
...എന്തുമാത്രം നിറങ്ങളായിരിക്കും അല്ലേ..? !
ചൗപ്പാത്തിയിലെ കല്പടവിലിരുന്നു അവൾ താഴെ വെളിച്ചം ഒഴുകിപ്പരന്ന കടൽ വെള്ളത്തിലേക്ക് കണ്ണു നട്ടു. കയ്യിലിരുന്ന കാമറയെടുത്ത് അവൾ ആ ചിത്രം പകർത്തി.
...കുറേ കാലം കഴിഞ്ഞ് നോക്കുമ്പോൾ വെളിച്ചത്തിന്റെ ഈ പ്രതിബിംബങ്ങൾക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും....
പോകാൻ നേരം അവളെന്റെ കണ്ണുകളിലേക്ക് നോക്കി കുറച്ചുനേരം നിന്നു.
..ഞാൻ തേടിക്കൊണ്ടിരുന്നത് നിന്നെപ്പോലൊരു സുഹൃത്തിനെയാണ്.അവകാശം സ്ഥാപിക്കാത്ത ഒരുവൻ...പക്ഷെ നിന്റെ ഈ നിശബ്ദതയിൽ ഒരു കൃത്രിമത്വം ഉണ്ട്..ഡീസന്റ് ആകാനുള്ള ശ്രമമാണോ..?.. നിനക്ക് ചേരുന്നില്ല അത്.
മെല്ലെ ഉരുവിട്ട് അവൾ തിരിഞ്ഞുനടന്നു.
പിറ്റേന്ന് വൈകുന്നേരം ചാറ്റൽമഴ നനഞ്ഞുകൊണ്ട് അവളെന്റെ ഫ്ലാറ്റിലേക്ക് കയറിവന്നു. ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.
.....ഇന്ന് ഇവിടെയിരിക്കാം.. വൈകുന്നതുവരെ സംസാരിക്കാം..
അവിശ്വസനീയമായ കണ്ണുകളോടെയിരിക്കുന്ന എന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ അവൾ ചോദിച്ചു .
...നിന്റെ ഫ്ലാറ്റെങ്ങനെ കണ്ടുപിടിച്ചെന്നാകും നീ ചിന്തിക്കുന്നത് അല്ലേ...?
ഇവൾക്ക് മനസ്സ് വായിക്കാനുള്ള കഴിവുമുണ്ടോ....?
അന്ന് ചാറ്റൽമഴ ഒരു നീണ്ട മഴപ്പെയ്ത്തിലേക്കു മാറിയപ്പോൾ അവളെന്റെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കൊണ്ട് ജനൽഗ്ലാസ്സിലേക്കൊഴുകിയിറങ്ങുന്ന മഴവെള്ളത്തിന്റെ ചാലുകളിൽ തൊടാതെ തൊട്ട് ഒരു പ്രാവിനെപ്പോലെ കുറുകി.
ആ തണുത്ത രാത്രിയിലാണ് അവൾ തന്റെ ജീവിതം എന്റെ മുന്നിൽ തുറന്നത്.
അവളുടെ മലയാളി ബന്ധത്തെപ്പറ്റി..
അരവിന്ദിനെപ്പറ്റി..
..കോട്ടയത്തെ സ്വർണ്ണവ്യാപാരി രവിചന്ദ്രന്റെ ഒരേയൊരു മകനാണ് അരവിന്ദ്. അമ്മ വർഷങ്ങൾക്കു മുന്നേ മരിച്ചുപോയിരുന്നു.
മുംബൈയിലെ കുടുംബസ്ഥാപനം നോക്കിനടത്തുന്ന ഒരു ശുദ്ധഹൃദയൻ.
അതേ സ്ഥാപനത്തിലെ റിസപ്‌ഷനിസ്റ്റിനോട് തോന്നിയ പ്രണയം വീട്ടിലറിയിക്കാനുള്ള ധൈര്യം അവനില്ലാതെ പോയി.
ചെറുപ്പത്തിലേ അമ്മയില്ലാതെ വളർന്നതുകൊണ്ടാകാം അവൻ സ്നേഹത്തിന്റെ മുന്നിൽ ബലഹീനനായിരുന്നു. അച്ഛനെ ധിക്കരിക്കാൻ കഴിയുമായിരുന്നില്ല അവന്.....
അഴിഞ്ഞുവീണ മുടി അവൾ ഉച്ചിയിൽ കെട്ടിവെച്ച് ഒരു ദീർഘനിശ്വാസമെടുത്തു . കണ്ണുകളിൽ അതുവരെയില്ലാത്തൊരു ഭാവം പ്രകടമായി.
..ഞങ്ങൾ ഇവിടെ ഒരു കോവിലിൽ വെച്ച് വിവാഹിതരായി ഒന്നിച്ചു താമസിക്കാൻ തുടങ്ങി .
ആറു മാസങ്ങൾക്കു മുൻപ് അവൻ എന്റെ നിർബന്ധത്തിനു വഴങ്ങി നാട്ടിലേക്കു പോയി. അച്ഛനോട് എല്ലാം തുറന്നുപറഞ്ഞു സമ്മതം മേടിക്കാനായിരുന്നു ആ യാത്ര.
പക്ഷെ അരവിന്ദ് പിന്നെ തിരിച്ചുവന്നില്ല.
പിന്നീടറിഞ്ഞു ഒരു കാറപകടത്തിൽ അവൻ കൊല്ലപ്പെട്ട വിവരം...
അവളുടെ ശബ്ദം ഇടറി. ദേഹത്ത് ചുറ്റിയിരുന്ന പുതപ്പെടുത്ത് അവൾ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു.
..അവസാനമായി എനിക്കൊന്നു കാണാൻ പോലും പറ്റിയില്ല..
രാത്രിയുടെ അന്ത്യയാമമായിരുന്നു അത്.
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഞങ്ങൾ അടുത്തടുത്ത് കസേരയിട്ടിരുന്നു . അവൾ ഒരു സിഗരെറ്റെടുത്തു കത്തിച്ചു പുറത്തേക്ക് പുക വിട്ടു.
താഴെ മഴ നനഞ്ഞ മുംബൈ നഗരത്തെ കാണുകയായിരുന്നു ഞങ്ങൾ. മുകളിലെ സൺഷേഡിൽ നിന്നും ഇപ്പോളും വെള്ളം ഇറ്റുവീഴുന്നുണ്ട്.
..നിനക്കറിയോ.. ആ അപകടത്തിനു തൊട്ടുമുൻപ് അരവിന്ദ് എന്നെ വിളിച്ചിരുന്നു.
സന്തോഷത്തിലായിരുന്നു അവൻ. അച്ഛൻ സമ്മതിച്ചെന്നു പറഞ്ഞു. തിരിച്ചുവന്ന് എന്നെയും കൂട്ടി നാട്ടിലെത്തി വലിയ ആഘോഷത്തോടെ കല്യാണച്ചടങ്ങു നടത്തണം എന്നും അവൻ പറഞ്ഞു..
പക്ഷെ അവൻ ഒരുകാര്യം കൂടി പറഞ്ഞു.. ചില പ്രശ്നങ്ങൾ ഉണ്ടെന്ന് .. പിന്നെ കേട്ടത് അവന്റെ മരണവാർത്തയാണ്...
രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് ഒരു ഫോൺകാൾ വന്നു. അരവിന്ദിന്റെ അച്ഛൻപെങ്ങളുടെ മകൻ രാജീവായിരുന്നു അത്. നാട്ടിലെ സ്ഥാപനങ്ങളൊക്കെ നോക്കിനടത്താൻ അരവിന്ദിന്റെ അച്ഛൻ അയാളെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
ഒരുപക്ഷെ അരവിന്ദിനെക്കാളും ബിസിനെസ്സ് കാര്യങ്ങളിൽ മിടുക്കൻ.
പഴയ കാര്യങ്ങളൊക്കെ മറക്കണം എന്നും നഷ്ടപരിഹാരം എത്രവേണമെങ്കിലും കിട്ടാനുള്ള സഹായം ചെയ്യാം എന്നുമാണയാൾ പറഞ്ഞത് .
ഒരിക്കലും അരവിന്ദിന്റെ വീടുമായി ബന്ധപ്പെടരുതെന്നും അയാൾ പറഞ്ഞു.
...എനിക്ക് ഒരിക്കലെങ്കിലും അരവിന്ദിന്റെ വീടിലേക്ക്.. അവനുറങ്ങുന്ന മണ്ണിലേക്ക് പോകണമെന്നുണ്ടായിരുന്നു. ഞങ്ങളുടെ ബന്ധത്തിന് അയാൾ വിലയിടാൻ നോക്കിയപ്പോൾ ഞാൻ എതിർത്തു...
...ഞാൻ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ പറഞ്ഞ ആ വാചകം...
അവൾ കുറച്ചുനേരം നിശബ്ദയായി ഇരുന്നു . മുഖത്ത് ഒരു നിശ്ചയദാർഢ്യം കൈവന്നിരിക്കുന്നു.
...പറഞ്ഞതുകേട്ടോ അല്ലെങ്കിൽ അവന്റെ ഗതിയായിരിക്കും നിനക്കും.. എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
അപ്പോൾ എനിക്ക് മനസ്സിലായി. അരവിന്ദിന്റെ മരണം ഒരു കൊലപാതകമായിരുന്നു എന്ന്....
..അതൊരു തുടക്കം മാത്രമായിരുന്നു. എന്നെ ജോലിയിൽ നിന്നും അയാൾ പുറത്താക്കി.
...ഇതിനിടയിൽ അരവിന്ദിന്റെ വീട്ടിൽ പോയിരുന്നു ഞാൻ. ഒറ്റമകന്റെ മരണശേഷം മാനസികമായും ശാരീരികമായും തളർന്ന് ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു അവന്റെ അച്ഛൻ .അദ്ദേഹത്തിന് മകന്റെ മരണത്തിൽ സംശയങ്ങളുണ്ടായിരുന്നു.
സ്ഥാപനങ്ങളുടെയൊക്കെ നിയന്ത്രണം രാജീവ് കയ്യടക്കി.
അരവിന്ദിന്റെ അച്ഛനുമായി ഞാൻ അടുക്കുന്നത് രാജീവിനെ അസ്വസ്ഥനാക്കി. അയാൾ ഒരു ദിവസം എന്നെ ഫോൺ ചെയ്ത് കുറേ ഭീഷണിപ്പെടുത്തി. അയാൾ ആളെ ഏർപ്പാടാക്കി അരവിന്ദിനെ വണ്ടിയിടിപ്പിച്ചു കൊല്ലുകയായിരുന്നത്രെ..
അതുപോലെ എന്നെയും ചെയ്യുമെന്നും പറഞ്ഞു. ആ ഫോൺകാൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.
..ഇതിനിടയിൽ പുതിയ ജോലി കിട്ടിയ ഞാൻ മുംബൈക്ക് വണ്ടി കയറി. പിറ്റേന്ന് അരവിന്ദിന്റെ അച്ഛൻ മരണപ്പെട്ടു. അത് ഒരു കൊലപാതകമാണ്. അതിന്റെ പുറകിലും അയാളാണ്...
അയാൾക്ക്‌ സ്വത്തുക്കൾ കൈവശപ്പെടുത്തണമെന്ന ഗൂഢോദ്ദേശ്യം ആണ്. അയാളെ ഞാനങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. നിയമപരമായി നേരിടും...
അവൾ പറഞ്ഞുനിർത്തി എന്റെ ചുമലിലേക്ക് തല ചായ്ച്ചു.
ദൂരെ ഗേറ്റ് വേ ഓഫ് ഇന്ത്യ കാണാം. നനഞ്ഞ റോഡിൽ മഞ്ഞയും ചുവപ്പും വെളിച്ചം ചിതറിക്കിടക്കുന്നു. അവൾ വലിച്ചുതീർന്ന സിഗെരെറ്റ്‌കുറ്റി നിലത്തിട്ടു ചവുട്ടിയരച്ച് കാമറയെടുത്തു ചിത്രം പകർത്തി..
..ഈ മനോഹരദൃശ്യങ്ങൾ എന്നെ
സമ്മർദ്ദത്തിനിടയിലും കുറച്ചുനേരത്തേക്ക് എല്ലാം മറക്കാൻ സഹായിക്കുന്നു.
പിന്നെ നീയും...
..ഇപ്പോൾ എന്നോട് വെറുപ്പുണ്ടോ നിനക്ക്..?
മറ്റൊരാളുടെ ഭാര്യയായിട്ടും നിന്നെത്തേടി നിന്റെ കിടപ്പറയിൽ സ്‌നേഹം യാചിച്ചു വന്നതിന്...
നനഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ അവൾ പുറത്തേക്ക് നോട്ടം മാറ്റി.
ഞാൻ ഒന്നും മിണ്ടാതെ അവളെ മാറോടു ചേർത്തുപിടിച്ച് ചെമ്പൻ നിറമുള്ള , ഷാംപൂ മണക്കുന്ന മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
ചില അവസരങ്ങളിൽ മനസ്സിലുള്ളത് വാക്കുകളാക്കി മാറ്റാൻ കഴിയില്ല.
..പ്ലീസ് ഡോണ്ട് ഹേറ്റ് മി. തെരുവുകളിൽ വെച്ചു കണ്ടു പരിചയിച്ച ഒരു വൺ നൈറ്റ്‌സ്റ്റാൻഡ് ഗേളായി എന്നെ കാണരുത്...
എനിക്ക് നിന്റെ ഈ സപ്പോർട്ട് വേണം. മുന്നോട്ടുള്ള ഒരു ധൈര്യത്തിന്..
അവൾ എന്നെ മുറുകെപ്പിടിച്ചു.
കാർമേഘങ്ങൾ നീങ്ങി നിലാവ് നഗരത്തിനു മീതെ പടരുകയായിരുന്നു.
..എന്റെ വിധി എന്താകും എന്നറിയില്ല. അപ്പുറത്ത് വളരെ ശക്തനായ ഒരാളാണ്. ഇവിടെ ഈ മഹാനഗരത്തിൽ ഞാനൊറ്റയ്ക്കും. ഏതുസമയത്തും എന്നെത്തേടി ഒരു ബുള്ളറ്റ് വന്നേക്കാം. അതെനിക്കറിയാം..
പക്ഷെ അരവിന്ദിന് നീതി കിട്ടാൻ വേണ്ടി അവസാനശ്വാസം വരെ ഞാൻ പൊരുതും...
നീയുണ്ടാവില്ലേ എന്റെ കൂടെ...?
അവളുടെ നിശ്വാസത്തിന് പൊള്ളുന്ന ചൂടായിരുന്നു.
പുലർകാലത്തിലെപ്പോഴോ എന്നെ വരിഞ്ഞുമുറുക്കി അവൾ പിറുപിറുത്തു.
...ഡോണ്ട് ലീവ് മി... പ്ലീസ്...
====================================
ഇന്ന്..
ഞാൻ മുംബൈ നഗരത്തിലെത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.
കുറച്ചു മുന്നേ മൂന്ന് ഫോൺകാളുകൾ ഉണ്ടായിരുന്നു എനിക്ക്..
ആദ്യത്തേത് ചാന്ദ്നിയുടെ.
രാജീവിനെതിരെ കയ്യിലുള്ളതും , നാട്ടിൽ നിന്ന് അരവിന്ദിന്റെ അച്ഛൻ വഴി ശേഖരിച്ച തെളിവുകളുമായി മുന്നോട്ടുപോകാൻ തന്നെ അവൾ തീരുമാനിച്ചു. ഒരു നല്ല വക്കീലിനെ കണ്ടെത്തിക്കഴിഞ്ഞു. അവൾ രണ്ടുദിവസം കഴിഞ്ഞു കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചു . അതിനുമുമ്പേ എന്റെ കൂടെ ചിലവഴിക്കാൻ അവൾ വരും.
നാളെ ജൂഹു കടപ്പുറത്തുപോയി അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ.. അതും അവളുടെ സ്വപ്നമായിരുന്നു.
പിന്നെ കാര്യസാധ്യത്തിനായി ഗണപതിക്കോവിലിൽ പോകണം.
അതൊക്കെയാണ്‌ അവളുടെ പ്ലാൻ.
ബന്ധങ്ങൾ എത്ര പെട്ടെന്നാണല്ലേ വളർന്നു പന്തലിക്കുന്നത്.. !
രണ്ടാമത്തെ കാൾ...
എന്റെ നാട്ടിൽനിന്നും ശേഖരന്റേത് . ബ്ലേഡ് ശേഖരൻ...
മേടിച്ച ഇരുപത് ലക്ഷത്തിന്റെ കാലാവധി തീർന്നതായി ഓർമ്മപ്പെടുത്താൻ. അതുകൊണ്ടു തുടങ്ങിയ ബിസിനെസ്സ് എങ്ങുമെത്താതെ പൊട്ടിപ്പൊളിഞ്ഞപ്പോൾ നാടുവിട്ടതാണ്. കൊടുത്തില്ലെങ്കിൽ വീടുകയറി നിരങ്ങുമത്രേ.
അഞ്ചു മിനുട്ടിനുമുൻപ് വന്ന മൂന്നാമത്തെ കാൾ..
രാജീവിന്റേത്..
എന്നെയേല്പിച്ച ദൗത്യത്തിന്റെ പുരോഗതിയറിയാൻ വിളിച്ചതാണ്.
പത്തു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതായപ്പോൾ അയാൾ മുൻപ് വാഗ്‌ദാനം ചെയ്ത ഇരുപത് ലക്ഷത്തിന്റെ കൂടെ ഒരു പത്തുകൂടെ ഉൾപ്പെടുത്തി..
ചാന്ദ്നിയെ പറഞ്ഞുപിന്തിരിപ്പിക്കുക. അവളുടെ കയ്യിലുള്ള അയാളുടെ ആ കാൾ റെക്കോർഡ് , കോപ്പി പോലും ശേഷിപ്പിക്കാതെ കൈവശപ്പെടുത്തുക.
ഒന്നിനും സമ്മതിക്കുന്നില്ലെങ്കിൽ....
അയാൾ പൂരിപ്പിക്കാത്തത് എനിക്കെന്തുവേണമെങ്കിലും ചെയ്യാമെന്നാണ്. പക്ഷെ അരവിന്ദിന്റേതുപോലെ ഒരു തെളിവും ശേഷിപ്പിക്കാതെ ചെയ്യണം.
വാർഡ്രോബിലുള്ള എന്റെ ഷോൾഡർബാഗിൽ ജർമ്മൻ മെയ്ഡ് റിവോൾവർ എന്റെ തീരുമാനവും കാത്തു കിടക്കുന്നുണ്ട്.
പുറത്ത് ചെറുതായി ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു . ജനൽവാതിൽ തുറന്നിട്ടപ്പോൾ തണുപ്പുള്ള ചെറുകാറ്റ് എന്നെ തലോടിക്കൊണ്ട് അകത്തേക്ക് വന്നു.
താഴെ ഒരു മാരുതി സ്വിഫ്റ്റ് കാർ പാർക്കിങ്ങിൽ ഇട്ട് അവൾ ഇറങ്ങിവരുന്നത് കണ്ടു. കറുത്ത ടോപ്പിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.
ഓരോ ചുവടുവെപ്പിലും ആത്മവിശ്വാസം തുളുമ്പിനിൽക്കുന്നു.
അവൾ മുകളിലേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് ബിൽഡിങ്ങിനകത്തേക്കു കയറി.
എന്റെ ഫോൺ ശബ്ദിച്ചു.. രാജീവാണ്.. ഒരു ഓർമ്മപ്പെടുത്തൽ.ചിലപ്പോൾ അവസാനത്തേത്.. എല്ലാം ചെയ്തുതീർത്ത് അയാൾക്ക്‌ മെസ്സേജ് വിട്ടില്ലെങ്കിൽ എന്നെ ഈ ദൗത്യത്തിൽ നിന്നും ഒഴിവാക്കിയേക്കാം. എന്നെ ഇല്ലാതാക്കിയേക്കാം.
കാളിങ് ബെൽ ശബ്ദിച്ചു..
ചാന്ദ്നി എന്റെ വാതിൽക്കലുണ്ട്.
ചില സന്ദിഗ്ധ ഘട്ടങ്ങളിൽ രണ്ടു ചോയ്‌സിൽ ഒന്ന് തെരഞ്ഞെടുക്കുക എന്നത് മനസ്സിനെ ഒരു വിഷമകരമായ അവസ്ഥയിലേക്കെത്തിക്കും..
ഞാൻ വാതിലിനു നേർക്ക് നടന്നു..
സംഘട്ടനങ്ങൾ നടക്കുന്ന മനസ്സുമായി...
ഒരു തീരുമാനത്തിന് ഒരുങ്ങുന്ന തലച്ചോറുമായി..
പുറത്തപ്പോൾ മഴ ശക്തിയാർജ്ജിച്ചിരുന്നു....
അവസാനിച്ചു..
ശ്രീ
27-07-2018

പ്രാക്ക്.....

Image may contain: നൂറനാട് ജയപ്രകാശ്, sky, sunglasses, outdoor and closeup


അച്ഛനേയും പത്ത് വയസ്സുള്ള ഒരു ആൺകുട്ടിയേയും ആറ് വയസ്സായ ഒരു പെൺകുട്ടിയേയും കളഞ്ഞിട്ട് അമ്മ ആക്രി പെറുക്കുന്ന അണ്ണാച്ചിയുടെ കൂടെപ്പോയപ്പോൾ പലരും പിറുപിറുത്തു
"ഇവക്കിത് എന്തിന്റെ സൂക്കേടാരുന്നെന്ന് ....?"
ചിലർ പറഞ്ഞു...
"അവൾക്ക് മറ്റേതിന്റെ സൂക്കേടാ.... അല്ലാണ്ടെന്താന്ന്... ആ..... അവളിതിനൊക്കെ അനുഭവിക്കും കണ്ടോ....."
എവിടെ......... അവളിതുവരെ ഒന്നുമനുഭവിച്ചില്ല. ആക്രി അണ്ണാച്ചിയുടെ രണ്ട് പിള്ളേരേം പെറ്റ് കൊപ്പംപെട്ടിയിൽ രാജ്ഞിയായി ജീവിക്കുന്നു.
അമ്മയില്ലാതായ ആ രണ്ട് മക്കളേ വളർത്താൻ ആ അച്ഛൻ
മറ്റൊരു വിവാഹം കഴിക്കാതിരുന്നപ്പോഴും പലരും പറഞ്ഞു.
" കണ്ടോ.... അവള് കളഞ്ഞേച്ച് പോയിട്ടും അവന് തോന്നിയോ ഒന്നിനേ വിളിച്ചോണ്ട് നിർത്താൻ...?അതാ ആണത്വം... അവന് നല്ലതേ വരു."
എവിടെ...... ആ മക്കളേ ഒരു കരപറ്റിക്കുന്നേന് മുമ്പേ ഒരു വണ്ടി വന്ന് നെഞ്ചത്ത് കേറി അതിയാന്റെ
ചീട്ട് കീറയപ്പോ ആ ലവര് പറഞ്ഞു
" വിധിയേ തടുക്കാൻ ആർക്കുമാവില്ലല്ലോന്ന് "
പെങ്ങളേ വളർത്താൻ പഠിപ്പ് പാതിയിൽ നിർത്തി ആ ആങ്ങളച്ചെക്കൻ കൂലിപ്പണിക്കിറങ്ങിയപ്പോ പലരും പറഞ്ഞു...
" കൂടെപ്പിറപ്പിനോട് ഇത്രേം സ്നേഹമുള്ള മറ്റൊരാമ്പിള്ളാരെ കണ്ടിട്ടില്ലെന്ന്... അവനേ കണ്ട് പഠിക്ക്.
ദൈവമേ അവനൊരു വഴി കാട്ടിക്കൊടുക്കണേന്നും... "
ആ പെങ്ങളുടെ കല്യാണം കഴിഞ്ഞ് പോകുമ്പോൾ അവൾ ആ ആങ്ങളയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ കണ്ടവർ പറഞ്ഞു....
" കണ്ടോ.... തന്തേം തള്ളേം ഇല്ലാതെ വളർന്നിട്ടും അവരുടെ സ്നേഹം കണ്ടോന്ന്...?
ദൈവമേ.... ഇതുങ്ങളേ ചാവുംവരെ ഇങ്ങനങ്ങ് പോകാൻ കനിയണേന്ന്."
കല്യാണം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പ് പെങ്ങള് അളിയനേം കൂട്ടി വന്ന് ഓഹരി ചോദിച്ചപ്പം ആ ലവരൊക്കെ അപ്പോളും പറഞ്ഞു.
"ആ..... അത് പിന്നെ ആ കൊച്ചിനൂട് അവകാശപ്പെട്ടതല്ലേ അതൊക്കെ..? അവക്കൂടെ കൊടുത്താലെന്താ ഉള്ളതിൽ പങ്ക്.... "
ഉള്ളത് രണ്ടായിപ്പകുത്ത് ഒരു പങ്ക് പെങ്ങള്പെണ്ണിനും കൊടുത്തേച്ച് മറുപാതിയിലൊരു കൂരയും വച്ച് ആരോരുമില്ലാത്ത ഒരു പാവം കൊച്ചിനേം വിളിച്ചോണ്ട് വന്ന് കൂടെപ്പൊറുപ്പിച്ചപ്പം പലരും പറഞ്ഞു
" നീ... വലിയവനാ മോനേന്ന്... നിനക്ക് നല്ലതേ വരൂന്ന്.... "
എവിടെ.....കൂടെക്കൂട്ടിയ പെണ്ണിനേയും അവളിലുണ്ടായ രണ്ട് പെണ്ണിനേയും പോറ്റാൻ അവനിപ്പോഴും കൂലിപ്പണിയെടുക്കുന്നു.
ചിലരൊക്കെ ഇപ്പോളും പറയുന്നുണ്ട് "ആ കൊച്ചൻ മാത്രമേ ഗതി പിടിക്കാതെ കിടക്കുന്നുള്ളല്ലോ... ദൈവമേ അവനോട് കരുണ കാട്ടണേന്ന്.... "
അതു കേട്ട് അവൻ ചിരിച്ചു. മനസ്സിൽ പറഞ്ഞു മതി.... നിർത്ത് ഇനിയുമെന്നേ ഇങ്ങനെ ആശീർവദിക്കല്ലേന്ന്.
അവൻ തന്റെ ചുറ്റിലേയ്ക്ക് ഒന്നു കണ്ണോടിച്ചു. ദൈവം ആർക്കാണ് നന്മ വിളമ്പിയത്...?
തിന്മ ചെയ്തവരുടെ കയ്യിൽ മാത്രമേ. അവൻ നന്മ കണ്ടുള്ളു. നന്മ ചെയ്തവരുടെ കയ്യിൽ പട്ടിണിയും പരിവട്ടവും മാത്രം.
വാലുപറമ്പിലേ വേലായുധൻ ഭാര്യയെ തൊഴിച്ചു കൊന്ന് കിണറ്റിലിട്ടു.
എല്ലാരും പറഞ്ഞു "കാലാ.... നീയിതിന്റെ അറിയുമെടാന്ന്..."
എവിടെ..... മൂന്നാം മാസം വേലായുധൻ വേറൊരു പെണ്ണും കെട്ടി അതിലൊരു മോനും പെണ്ണിനേ കെട്ടിയപ്പം കിട്ടിയ മോനുമായി ഇപ്പോഴും സുഖമായി ജീവിക്കുന്നത് കണ്ടപ്പം ലവര് പറഞ്ഞു..
" അവളായിരുന്നു അവന് ശനി അവളങ്ങ് പോയപ്പം അവന്റെ ശുക്രൻ തെളിഞ്ഞൂന്ന്.... "
അരീപ്പുറത്തേ അരവിന്ദൻ അമ്പലത്തിൽ കയറി ദേവിയമ്മയെ അണിയിച്ചിരുന്ന അഞ്ച് പവന്റെ മാല അടിച്ചുമാറ്റി വെളിയിലിറങ്ങിയപ്പം നാട്ടാര് പിടിച്ച് തെങ്ങേക്കെട്ടി വെളുക്കുവോളം ചാമ്പി.
നേരം വെളുത്ത് പോലീസുകാര് വന്നപ്പം കാറ്റ് കുത്തിവിട്ട ബലൂൺ പോലെയായിരുന്നു അരവിന്ദന്റെ അവസ്ഥ.
കൊണ്ടു പോകും മുന്നേ പലരും പറഞ്ഞു "നീ... ഗുണം പിടിക്കില്ലെടാ... ദേവീടെ മുതലാ കട്ടതെന്ന്..."
എവിടെ...... ശിക്ഷ കഴിഞ്ഞിറങ്ങിയ അരവിന്ദൻ അരാണ്ടടെ കാലോ കയ്യോ പിടിച്ചങ്ങ് മലേഷ്യയ്ക്ക് കടന്നു.
പത്ത് വർഷം കഴിഞ്ഞ് പൂത്ത കാശുമായി വന്ന് പട്ടിണിയിലായ ആ പഴയ ദേവിയേയും അമ്പലത്തിനേയും ഏറ്റെടുത്ത് സംരക്ഷിച്ചു.
ദേവിക്ക് 50 പവന്റെ ഒരു കാശ്മാല വാങ്ങി അണിയിച്ചപ്പം ലവര് പറഞ്ഞു "നിയാടാ ..... അരവിന്ദാ ആൺകുട്ടി അഞ്ച് പവൻ കട്ടാലെന്താ.... 50 പവൻ അവൻ വാങ്ങിയിട്ടില്ലേന്ന്..... "
ആ... അരവിന്ദനാ ഇന്ന് ആ അമ്പലത്തിന്റെ എല്ലാം എല്ലാമെന്ന് വച്ചാൽ ഏ.... to ...ഇസഡ്
പാലമുറ്റത്തെ പത്രോസിന്റെ മുറ്റത്ത് കിടന്ന അംബാസിഡർ കാറേൽ റോഡിൽക്കൂടി പോയ ഒട്ടിച്ചിയുടെ കൊച്ചുങ്ങൾ കുത്തിവരച്ചെന്നും പറഞ്ഞ് പത്രോസ് അതുങ്ങടെ കരണക്കുറ്റി അടിച്ചങ്ങ് പൊളിച്ചു.
കണ്ടോണ്ടുവന്ന ഒട്ടിച്ചി പാലമുറ്റത്തെ മുറ്റത്ത് കിടന്ന മണ്ണേൽ ഒരുപിടി വാരി പത്രോസിന്റെ മോന്തയ്ക്കെറിഞ്ഞ് പ്രാകിപ്പറഞ്ഞു....
" അടുത്താണ്ടിൽ ഇതേസമയം നീയിമണ്ണിലുണ്ടാവില്ല.... നീ പുഴുത്ത് ചാകുമെടാ പെറുക്കീന്ന്.... "
കണ്ടോരും പറഞ്ഞു തമിഴത്തീടെ പ്രാക്കാ ഫലിക്കുമെന്ന്....
എവിടെ... അടുത്താണ്ട് ആവുന്നേന് മുന്നേ പത്രോസ് ഒരു കാറുംകൂടി വാങ്ങി അതും ഏറ്റവും പുതിയ മോഡൽ. വീടും പുതുക്കിപ്പണിയിച്ചു
ഇരിയൊരു തമിഴത്തി വന്നാൽ മണ്ണ് വാരി പ്രാകാതിരിക്കാൻ പാലമുറ്റത്തേ മുറ്റത്ത് ഇന്റർ ലോക്കും ഇടീച്ചു.
അപ്പോഴും.... ലവർ പറഞ്ഞു "പത്രോസിന്റെ ചന്തിക്കെഴുതിയത് നമ്മുടെ തലേലെഴുതിയാൽ മതിയായിരുന്നെന്ന്.
തലേലെഴുത്ത് എന്ന് പറയുന്നത് ഇതാണെന്ന്..."
കെട്ടിയോൻ കളഞ്ഞേച്ച് പോയപ്പം കാലിന്റെ മുടന്ത് പോലും വകവയ്ക്കാതെ തുണിയലക്കി മോനേ ഒരു നിലയിലെത്തിച്ച പതിയാട്ടി ലീലയേ
ആ മോൻ പഠിച്ച് പരിഷ്ക്കാരിയായപ്പം കാലിലെ മുടന്ത് അവന്റെ അച്ചിക്ക് കുറച്ചിലാണെന്നും പറഞ്ഞ് കരുണാലയത്തിലാക്കാൻ കൊണ്ട് പോകുമ്പോൾ മുറ്റത്ത് കണ്ടു നിന്നവരൊക്കെപ്പറഞ്ഞു....
"എടാ.... ദുഷ്ടാ.... നിനക്കുമുണ്ട് രണ്ടെണ്ണം അത് നീ ഓർത്തോ.... കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാ.... "
എവിടെ..... ആ മോനിപ്പം അയാക്കടെ മക്കള് ഷാർജേലോട്ടും കാശ്മീരിലോട്ടും കൊണ്ടുപോയി തങ്ങളുടെ കൂടെ നിർത്താൻ മത്സരമാ....
അത് കണ്ടപ്പം ലവര് പറഞ്ഞു..... "അവനാ ഭാഗ്യം ചെയ്ത തന്തയെന്ന് "
മദ്രസേൽ ഓത്ത് പഠിക്കാൻ വന്ന ആയംകണ്ടത്തിൽ ഹംസയുടെ മോൻ അജൂനേ ഓത്ത് പഠിപ്പിക്കുന്നതിനിടയിൽ പ്രകൃതിവിരുദ്ധം കൂടി പഠിപ്പിച്ച എപ്പോഴും താടി തടവിച്ചിരിക്കുന്ന ഒരു മദ്രസാ മാഷിനേ പള്ളിക്കാര് പടിയടച്ച് പിണ്ഡം വയ്ക്കുമ്പോ കണ്ടു നിന്നവരും കേട്ടറിഞ്ഞവരും പറഞ്ഞത്.....
"മ്മളേ..... മൊത്തത്തി പറയിപ്പിക്കാനുണ്ടായ ഹിമാറേ..... നി... അന്നേ.... ഈ ദുനിയാവിക്കാണരുതെന്നും അനക്കുള്ള കൂലി പടച്ചോൻ തന്നോളുമെന്നുവാ...."
എവിടെ.. ഓൻ വടക്കേ ഇന്ത്യയിൽ പോയി ഒരു സമുദായ പാർട്ടിയിൽ ചേർന്ന് വലിയ ഗുണാണ്ടറായി തിരികെ വന്നപ്പോ..... ഓനേ സ്വീകരിക്കാൻ മാലേമായി മുന്നിലുണ്ടായിരുന്നു മ്മടെ ആയം കണ്ടത്തിൽ ഹംസേടെ മോൻ അജു.
റോഡ് സൈഡിൽ എല്ലാം കണ്ട് സന്തോഷപുളകമണിഞ്ഞ് ചിരിച്ചോണ്ട് നിന്ന ആയം കണ്ടത്തിൽ ഹംസയോട് ആരാണ്ട് ചോദിച്ചു
"അല്ല..... ഹംസക്കാ... ഓൻ മ്മടെ ആ... താടി തടവിച്ചിരിക്കുന്ന ആ മാഷല്ലേന്ന്."
ഹംസ ദീർഘശ്വാസം വിട്ടോണ്ട് മറുപിടി പറഞ്ഞു....
"ആടാ..... ഓനാത്.... ഓന്റെ സമയം ഒനേ പുടിച്ചാ കിട്ടൂലാ.... അല്ലാണ്ടെന്താ പറയുക.... "
തൈവിളയിലെ തങ്കമണി ശരീരം വിറ്റ് ജീവിക്കുന്നവളാണേലും അഭിമാനിയാ. കറുത്തവാവിന്റന്ന് രാത്രീവന്ന് അത്യാവശ്യമാന്നും പറഞ്ഞ് ലൈറ്റ് പോലുമിടീക്കാതെ കാര്യം സാധിച്ചിട്ട്പോയ കിണറുവിളയിലെ കൃഷ്ണൻ ഇരുട്ടത്ത് കൊടുത്ത കാശ് മടക്കി ബ്ലൗസിനുള്ളിൽ വയ്ക്കുമ്പോൾ തങ്കമണിയുടെ തലയിൽ കത്തിയത് 500 ന്റെ ഒരു ഗാന്ധിത്തലയായിരുന്നു.
പിറ്റേന്ന് സൊസൈറ്റിയിൽ പാല് വാങ്ങാൻ ചെന്നപ്പോഴേയ്ക്കും ശരീരത്തിന്റെ ചൂടു കാരണം ഗാന്ധിത്തല മാഞ്ഞുപോയി സിഗരറ്റ് കവറിനുള്ളിലെ മിനുക്കം പേപ്പറായി മാറി.
തന്നേ പറ്റിച്ച കൃഷ്ണനേ ഒരു നോക്ക് കാണാനായി തങ്കമണി കിണറുവിള കൊട്ടാരത്തിലെത്തിയപ്പോളറിഞ്ഞു
പള്ളിയുറക്കം കഴിഞ്ഞ് കൃഷ്ണൻ നീരാടാൻ പോയതാന്ന്....
നീരാട്ട് കഴിഞ്ഞ് വരുന്ന കൃഷ്ണന് കൊടുക്കാനുള്ള പഴങ്കഞ്ഞിയിൽ ഞെരടാൻ കാന്താരിമുളക് പിച്ചിക്കോണ്ട് നിന്ന കൃഷ്ണന്റെയമ്മ
യെശോദാമ്മയാ ഈ വിവരം തങ്കൂനേ അറിയിച്ചത്....
കുളത്തിലേക്ക് പാഞ്ഞ തങ്കമണി കൃഷ്ണനെവിടാന്ന് ചോദിക്കുന്നേന് മുമ്പേ ഒരു കൊച്ചൻ കുളത്തിനരികിൽ നിന്ന ആഞ്ഞിലിയിലേക്ക് വിരൽ ചൂണ്ടി.
കൂട്ടുകാരുമൊത്ത് കൃഷ്ണൻ രാധികമാരുടെ കുളി കാണുകയാണ്.
ആരൊക്കെയാണ് രാധികമാരെന്നറിയാൻ തങ്കു കുളത്തിലേയ്ക്കൊന്ന് നോക്കി.
ഒന്ന് നമ്മുടെ ചാങ്ങേത്തേ ചിന്നമ്മയാ യശോദാമ്മയും ചിന്നമ്മയും കൂടെപ്പഠിച്ചതാണെന്ന് കൃഷ്ണനറിയില്ലേലും തങ്കൂന് അറിയാം.
മറ്റൊന്ന് നമ്മുടെ മാപ്പോട്ടിലെ മണിയമ്മയാ.... പിന്നൊന്ന് നമ്മുടെ വല്യത്തേ വയറ്റാട്ടി വനജയാ.....
എല്ലാവരും ഏകദേശം 50 കഴിഞ്ഞോർ.
തങ്കു മുകളിലേക്ക് നോക്കി അമറി
"ഫ..... എരപ്പേ... **, $?&,..... തള്ളേടെ പ്രായമുള്ളോരുടെ കുളിസീൻ കാണുവാണോടാ നാറി... ഇങ്ങോട്ടിറങ്ങി വാടാ...."
ആഞ്ഞലിയുടെ മുകളിലിരുന്ന കൃഷ്ണൻ അഴിഞ്ഞുപോയ കയലിമുണ്ട് വാരിച്ചുറ്റി എന്താന്ന് ആഗ്യത്തിൽ ചോദിച്ചു.
" നിന്റെ അമ്മേടെ.... തല ഇങ്ങോട്ടിറങ്ങി വരാനാ പറഞ്ഞത്...."
കൂടിയവരൊക്കെ ചോദിച്ചു എന്താ തങ്കൂ കാര്യമെന്ന്...?
തങ്കു കാര്യം വിശദീകരിച്ചപ്പോൾ നാണമുള്ളവരൊക്കെ സ്ഥലം വിട്ടു ബാക്കിയറിയണമെന്ന് ആഗ്രഹം ഉള്ളവർ അവിടെ നിന്നു.
കൃഷ്ണൻ ഇറങ്ങിവരില്ലെന്ന് മനസ്സിലായപ്പോൾ തങ്കു തലയിൽ കൈവച്ച് പ്രാകി.....
ധർമ്മപുത്രർ നായയെ ശപിച്ച പോലെ...
"നാണമില്ലാത്ത നാറീ.... എന്നേ പറ്റിച്ച നീ ഒരു കാലത്തും ഗുണം പിടിക്കില്ലെടാ...
നീയും എന്നേലും പെണ്ണ് കെട്ടുമല്ലോ അപ്പോ നിനക്ക് കൊച്ചുങ്ങളുണ്ടാകാതെ പോകട്ടെ...
അഥവാ ഉണ്ടായാൽ അത് ആണും പെണ്ണും കെട്ടതാരിക്കുമെടാ....."
പ്രാക്ക് കേട്ടോ കേട്ടില്ലിയോ.... രണ്ടായാലും കൃഷ്ണന്നൊന്ന് ചിരിച്ചു.
ഇത് കുറേ കേട്ടിട്ടുണ്ടെന്ന മട്ടിലായിരിക്കാം ആ ചിരി.....
തങ്കമണിയുടെ പ്രാക്ക് കേട്ട വിളയിലെ വിജയമ്മച്ചായി പറഞ്ഞു... " എടീ കുരുത്തം കെട്ടോളേ ഇങ്ങനൊന്നും പ്രാകാതെടീ..... ദൈവദോഷം കിട്ടുമെടീ ആ കൊച്ചന് "
എവിടെ..... ആ കൃഷ്ണന്റെ ഭാര്യ ആദ്യം പെറ്റതും ഇരട്ടകൾ പിന്നെ പെറ്റതും ഇരട്ടകൾ. ആദ്യത്തേത് രണ്ടാൺകുട്ടികളും പിന്നത്തേത് രണ്ട് പെൺകുട്ടികളും.
പേറ്റ് വാർത്തയറിഞ്ഞ തങ്കമണി പറഞ്ഞത്...
"ആ... പെങ്കൊച്ചിനേയോർത്തപ്പം ഞാനാ പ്രാക്കങ്ങ് പിൻവലിച്ചാരുന്നെന്നാ..."
കൊച്ചിലേത്തേ കൊച്ചനെന്ന് വിളിക്കുന്ന രഘുവും കളിയ്ക്കലേ കമലയും തമ്മിൽ മുടിഞ്ഞ പ്രണയമാന്ന് ആ നാട്ടിലേ നായ്ക്കൾക്ക്
പോലുമറിയാമായിരുന്നു.
കരണം അവരുടെ സൊര്യവിഹായസ്സിലായിരുന്നു ഇവരുടെയും സംഗമം.
സംഗമങ്ങളൊക്കെ കുറേക്കഴിഞ്ഞപ്പം കൊച്ചൻ അടുത്തു കണ്ട ഇലക്ട്രിക്ക് പോസ്‌റ്റിൽ കമലയേ തേച്ചു.....
കമലേടമ്മ കാർത്യായണി കൊച്ചിലേത്ത് മുറ്റത്ത് ശ്രീസന്ധ്യയ്ക്ക് വന്ന് നെഞ്ചത്തടിച്ച് പ്രാകി....
"എന്റെ കൊച്ചിനേ ചതിച്ച നിന്റെ നെഞ്ചത്ത് വെള്ളിടി വെട്ടുമെടാ.. ദ്രോഹി.... നിന്റെ ഉച്ചിക്ക് പാമ്പ് കൊത്തട്ടെടാ.... കാലാ... നിന്റെ കുലം കുളംതോണ്ടിപ്പോകട്ടെടാ"
കേട്ട്നിന്നവർ പറഞ്ഞു ശ്രീസന്ധ്യയ്ക്ക് ഒരു പെറ്റതള്ളേടെ പ്രാക്കാ ഇവൻ മുടിഞ്ഞു പോകും.
എവിടെ..... ആ വർഷത്തേ ഓണം ബംമ്പർ അടിച്ചത് കൊച്ചിലേത്തേ കൊച്ചനാ.... ഒരു മന്ത്രീടെ മോളെയാ കൊച്ചൻ കെട്ടിയത്.
ഇതൊക്കെ കണ്ടപ്പം ലവര് പറഞ്ഞു "വെടിവെയ്ച്ചാലേൽക്കില്ല പന്നിക്ക്.. "
അതേസമയം കമലമ്മേടമ്മ കാർത്യായണി പറഞ്ഞു "അവനോട് ദൈവം ചോദിച്ചോളും.... "
അപ്പോ... ഞാൻ പറഞ്ഞു വന്നത് എന്താന്നുവച്ചാ... നടക്കേണ്ട കാര്യങ്ങൾ നടക്കേണ്ട സമയത്ത് നടന്നിരിക്കും.
അതിനി ആരൊക്കെ എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും.അതാ വിവരമുള്ളോര് പണ്ട് എഴുതി വച്ചത്...
സംഭവാമീ യുഗേ.... യുഗേ.... ന്ന്
നൂറനാട് ജയപ്രകാശ്....

പ്രഥമ പുത്രി, പഞ്ച പുത്രാ സമാനാ

Image may contain: Renu Shenoy, smiling, closeup and outdoor
മൂത്ത മകൾ അഞ്ചു ആണ്മക്കൾക്കു സമം...
എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് പെണ്മക്കൾ ആണ്. എന്റെ അമ്മ എന്നോട് മിക്കവാറും പറഞ്ഞിരുന്ന വാചകമാണ് ഈ മേൽ പറഞ്ഞത്. ചെറുപ്പത്തിൽ ഇത് കേൾക്കുമ്പോൾ ഇതിന്റെ അർത്ഥം അറിയില്ലായിരുന്നു. എന്നാലും അമ്മയോട് ചോദിച്ചിട്ടുണ്ട്‌..
'ഞാൻ ആണ്കുട്ടി എന്നാണോ അമ്മ പറഞ്ഞു വരുന്നത്?? ' അമ്മ പ്രത്യേകിച്ചു മറുപടി ഒന്നും പറഞ്ഞില്ല..
ഞങ്ങൾക്ക് ഒരു സഹോദരൻ ഇല്ലാത്തതായിരുന്നു നാട്ടുകാരുടെയും ചില കുടുംബക്കാരുടെയും എറ്റവും വലിയ പ്രശ്നവും വിഷമവും..
മൂത്ത മകൾ ആയതു കൊണ്ടാകാം വീട്ടിലെ എല്ലാ കാര്യവും അച്ഛൻ എന്നോടും പറയുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ..
ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴാണ് പോപ്പി കുടയുടെ പരസ്യം വന്നത്. ഞങ്ങളെ ഹാപ്പിയാക്കാൻ അച്ഛൻ പോപ്പി കുടയുടെ പാട്ട് ഇടക്കിടക്ക് പാടും. അങ്ങനെ ഞാൻ അച്ഛനെ 'പോപ്പി' ന്നു വിളിച്ചു തുടങ്ങി.. ഇപ്പൊ എന്റെ മക്കളും അങ്ങനെ തന്നെ അച്ഛനെ വിളിക്കുന്നു.. അച്ഛനും അതാണ് ഇഷ്ട്ടം..
എന്താണെന്ന് അറിയില്ല.. അച്ഛൻ ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആണ്.. പരീക്ഷക്ക് പോകുന്നതിന് മുമ്പ് എന്നും രാവിലെ അച്ഛനോട് ചോദിക്കും..
' ഇന്നത്തെ പരീക്ഷ എളുപ്പമായിരിക്കുമോ അച്ഛാ?? '
ഇന്നത്തെ പരീക്ഷക്ക് നിനക്ക് 90% മാർക്ക് കിട്ടും എന്ന് അച്ഛനും.. എന്തോ അത് കേൾക്കുമ്പോൾ ഒരു ആത്മവിശ്വാസം ആണ്..
വീട്ടിലെ ബൾബ് മാറ്റാനും, പെയിന്റടിക്കാനും എന്നു വേണ്ട കാര്യങ്ങൾക്ക്‌ ഒക്കെ അച്ഛന്റെ കൂടെ ഞാനും ഉണ്ടാകും.. എനിക്ക് കല്യാണ ആലോചന നോക്കി തുടങ്ങിയപ്പോൾ തന്നെ വളരെ ഗൗരവമായി എല്ലാ കാര്യവും എന്നോടും പറയും.. 'അദ്ദേഹത്തിന്റെ' ആലോചന വന്നപ്പോളും അത് ഉറപ്പിക്കുന്ന സമയത്തും എന്റെ ഇഷ്ടാനിഷ്ടങ്ങൾ അച്ഛൻ ചോദിച്ചു അറിഞ്ഞിരുന്നു.
അച്ഛന് ജ്യോൽസ്യം നോക്കാൻ അറിയാം..ഇപ്പോഴും എന്തെങ്കിലും ഒരു വിഷമം വന്നാൽ അച്ഛനോട് വെറുതെ എങ്കിലും ചോദിക്കും.. 'എന്റെ സമയം മോശമാണോ' ന്ന്...
''നിനക്കു ഒരു കുഴപ്പവും ഇല്ല... ധൈര്യമായി മുന്നോട്ട് പൊയ്ക്കോ, ഒരു തടസ്സവും ഉണ്ടാകില്ല ''
എന്നായിരിക്കും അച്ഛന്റെ മറുപടി.. ഇത് കേൾക്കുമ്പോൾ തന്നെ എവിടുന്നോ ഒക്കെ ഒരു ആത്മവിശ്വാസം കിട്ടുന്ന പോലെയാണ്..
അച്ഛന്റെ 65 മത്തെ പിറന്നാൾ ദിവസം ആണ് എന്റെ മോൻ ജനിച്ചത്. അപ്പൂപ്പനും കൊച്ചു മോനും സമപ്രായക്കാരെ പോലെ കളിക്കുന്നത് കാണുന്നത്തിലും ഭാഗ്യം വേറൊന്നില്ല..
അവധിക്ക് നാട്ടിൽ വന്നാൽ അച്ഛന്റെ കൂടെ സ്കൂട്ടറിൽ പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്, അതിന് ഞാൻ പല കാരണങ്ങൾ കണ്ടു പിടിക്കും.. എല്ലാ വിധ സ്വാതന്ത്ര്യം തന്നപ്പോളും നടക്കാത്ത ചിലതുണ്ട്.. അത് ദേ ഇന്ന് സാധിച്ച സന്തോഷത്തിലാണ് ഞാൻ..
വീടിന്റെ അടുത്തു നല്ല കടകൾ ഉണ്ടെങ്കിലും അച്ഛന് മാർക്കറ്റിൽ പോയി പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങുന്നതാണ് ഇഷ്ടം. പഴയ പരിചയക്കാരെ കാണുന്നതായിരിക്കും മിക്കവാറും ഉദ്ദേശ്യം..
ഇന്ന് അച്ഛന്റെ കൂടെ ഞാനും പോയി.. പല കടകൾ കേറി ഇറങ്ങി.. തിരിച്ചു വരുന്ന വഴിക്ക് മഴ ചാറി തുടങ്ങി.. അടുത്തുള്ള ഒരു ചെറിയ ബേക്കറിയിൽ കേറി നിൽക്കാം, മഴ മാറിയിട്ട് പോകാം ന്ന് അച്ഛൻ..
"ഒരു ചായ കുടിക്കാം... നിനക്ക് വേണോ?? "
വേണം ന്ന് ഞാനും... ചായ മാത്രമല്ല.. എന്റെ പ്രിയപ്പെട്ട പഫ്‌സും...
ചായ പ്രേമിയായ അച്ഛന്റെ കൂടെ... ചായക്കടയിൽ... പുറത്ത് മഴ പെയ്യുമ്പോൾ എന്റെ മനസ്സിൽ ഒരു പാട് സന്തോഷം നിറഞ്ഞിരിക്കുക ആയിരുന്നു.. ഒരു പാട് നേരം സംസാരിച്ചു.. മനസ്സിന് വല്ലാത്ത ഒരു കുളിർമ്മ... ഇത് അനുഭവിച്ചു അറിയേണ്ട ഒന്ന് തന്നെയാണ്.. അവർക്ക് നമ്മൾ എന്നും കൊച്ചു കുട്ടികളാണ്..
കല്യാണം കഴിഞ്ഞാൽ പിന്നെ പെണ്മക്കൾ തിരിഞ്ഞു നോക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളു.. എന്റെ അച്ഛൻ എനിക്ക് അന്നും ഇന്നും ഒരു പോലെ തന്നെ..
ഞാൻ പറഞ്ഞാലേ അച്ഛൻ കേൾക്കുള്ളൂ ന്ന് കുശുമ്പ് പറയാറുണ്ട് അമ്മ പലപ്പോഴും.. ന്നാലും അവരുടെ സ്നേഹവും കരുതലും തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം എന്നാണ് എന്റെ വിശ്വാസം.. മകൾ എന്ന നിലയിൽ എന്റെ കടമ ഇന്നും ഞാൻ ചെയ്യുന്നു..
അമ്മ പറഞ്ഞിരുന്നതിന്റെ അർത്ഥം ഇന്നെനിക്ക് മനസ്സിലാകുന്നു..
എന്റെ ചിന്തകൾ,
രേണു ഷേണായി.
(ജയന്തി ശോഭ)

ഗസ്റ്റ്ലക്ച്ചർ



"മച്ചാനേ ആ പോണ സാധനത്തെ കണ്ടോ..കാണാൻ അടിപൊളി.. പെണ്ണുങ്ങൾക്ക് ദൈവം ഇത്രയും സൗന്ദര്യം കൊടുക്കുമോ..."
അതിശയഭാവത്തിലാണ് ചങ്കിന്റെ പറച്ചിൽ.
"എന്നതാടാ കിടന്ന് തൊണ്ട കീറുന്നത്..നീയിതുവരെ പെണ്ണുങ്ങളെ കാണാത്തത് പോലെ..."
അവന്റെ സംസാരം എന്നിൽ കലിപ്പാണ് ഉയർത്തിയത്...
"അവസാന വർഷ പിജി സ്റ്റുഡന്റ്സ് ആണെന്നൊരു ബോധമില്ലേടാ നിനക്ക്.എവിടെ ചെന്നാലും പെണ്ണുങ്ങൾ. നിനക്ക് ഊണിലും ഉറക്കത്തിലും ഈയൊരു ചിന്തയേയുള്ളോ...?"
"നിനക്കൊന്നും പ്രേമമൊന്നും പറഞ്ഞിട്ടില്ലെടാ..അതൊക്കെ ആമ്പിള്ളാർക്ക് പറഞ്ഞിട്ടുളള പണിയാണ്.നിന്റെയീ സ്വഭാവത്താലാണ് സിൻസിയർ ലവ്വറെന്ന് കരുതിയവൾ നിന്നെ തട്ടിയത്..."
അവൻ തിരിച്ചടിച്ചു...അതിന്റെ ഓർമ്മയിൽ എന്റെ നെഞ്ചൊന്ന് പിടിച്ചു...
പ്ല്സ്ടു ക്ലാസിൽ കൂടെ പഠിച്ചവൾ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഈ പ്രണയം ഭാവി ജീവിതത്തിലും പകർത്താൻ കഴിയുമെങ്കിൽ സമ്മതമെന്ന് ഞാനും പറഞ്ഞു...
ഡബിൾ ഓക്കെയെന്ന് പറഞ്ഞവൾ എന്തിനും ഏതിനും ഫോൺ വിളിയോട് വിളി..
"ചായ കുടിച്ചോ..വല്ലതും കഴിച്ചോ. തുടങ്ങി ആവശ്യമില്ലാത്ത കുനിഷ്ട് ചോദ്യങ്ങളുമായി ഫോൺ വിളി തുടരുകയാണ്. സ്വന്തം ഫോൺ എനിക്കില്ലാത്തതിനാൽ അച്ഛന്റെ ഫോണിലേക്കാണ് അവളുടെ വിളി.അച്ഛന്റെയോ അമ്മയുടെയോ സ്വരമാണ് മുഴങ്ങുന്നതെങ്കിൽ ഫോൺ കട്ടുചെയ്തു കളയും...
അനാവശ്യമായ ഫോൺ സംസാരങ്ങൾ നമ്മുടെ ബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കുമെന്ന് ഞാനവൾക്ക് മുന്നറിയിപ്പ് നൽകി...
" നമുക്ക്‌ മുമ്പിൽ ഇപ്പോൾ പഠിക്കുകയെന്നതാണ്.പഠിച്ചു നല്ലൊരു ജോലി നേടിയാൽ ജീവിതം സുരക്ഷിതമാകും.പിന്നെ എത്രനാൾ വേണമെങ്കിലും പ്രണയിക്കാമല്ലോ..."
എന്റെ കൺസപ്റ്റ് ഞാനവൾക്ക് മുമ്പിൽ തുറന്നതും അവളുടെ മറുപടി ഇപ്രകാരമായിരുന്നു...
"ടീനേജ് പ്രായത്തിലെ പ്രണയത്തിനൊരു സുഖമുണ്ട്.സൊളളലും ചാറ്റുമില്ലെങ്കിൽ എന്ത് പ്രണയം. എന്റെ കൂട്ടുകാരികളുടെ ലവ്വർമാർ എത്ര സ്വീറ്റാണ്..നീയാണെങ്കിൽ ഒരു മുരുടനും..."
അവൾ പറഞ്ഞത് ശരിയാണ്. അവളെത്ര സോഫ്റ്റായാലും ഞാൻ പുറമേ പരുക്കനാണ്.പക്ഷേ ഉള്ളു നിറയെ സ്നേഹവും..പുറമേ പ്രകടിപ്പിക്കാൻ അറിയില്ല.അതൊരു മൈനസ് പോയിന്റ് മറ്റുളളവർക്ക് തോന്നുമെങ്കിലും എനിക്കത് പോസിറ്റീവാണ്....
ഇങ്ങോട്ട് വന്ന് പ്രണയം പറഞ്ഞവളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് അവളുടെ ചില ദൗർബല്യങ്ങൾക്ക് ഞാൻ വഴങ്ങിയതും...
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നപോലെ എന്റെ പ്രണയത്തിനും വീട്ടിൽ വിലക്ക് വീണു.അന്നൊരു രാത്രിയിൽ എന്തിനൊ ഫോൺ ചെയ്തവൾ ഫോൺ അസ്സെപ്റ്റ് ചെയ്തതും ആവേശത്തിൽ സംസാരിച്ചു പോയി.മറുതലക്കൽ നീയേതാ പെണ്ണേയെന്ന് അച്ഛന്റെ ചോദ്യമുയർന്നതോടെ അവൾ ഫോൺ കട്ട് ചെയ്തു എസ്ക്കേപ്പായി.പിടി വീണത് എനിക്കും...
അച്ഛന്റെ ചോദ്യം ചെയ്യലിൽ ഒന്നുമൊളിക്കാതെ തത്ത പറയുന്നത് പോലെ ഞാനെല്ലാം പറഞ്ഞു. പൊതിരെ തല്ലു കിട്ടുമെന്ന് പ്രതീക്ഷിച്ച എന്നെ അച്ഛൻ അരികിലേക്ക് വിളിച്ചു തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു...
"മക്കൾ തന്നോളമായാൽ തല്ലരുതെന്നാണ് പറയുന്നത്. എന്റെ മോനു നമ്മുടെ വീട്ടിലെ അവസ്ഥ അറിയാമല്ലോ. നിനക്ക് ഇളയതൊരു പെൺകുട്ടി കൂടിയുണ്ട്. മൂത്തതായ നിന്നെക്കണ്ടാണ് അവൾ വളരുന്നതും. അവൾക്ക് മാതൃകയാകണ്ടത് നീയാണ്.ഇപ്പോൾ നിന്റെ മുന്നിലുള്ള ലക്ഷ്യം പഠിച്ചു നല്ലൊരു ജോലി നേടുകയെന്നതാണ്.അതുകഴിഞ്ഞു നിനക്ക് ഇഷ്ടമുള്ള പെണ്ണിനെ ചൂണ്ടിക്കാണിച്ച് തന്നാൽ മതി അച്ഛനും അമ്മയും സന്തോഷത്തോടെ അത് നടത്തി തരും..."
ഞാൻ അവളോട് പറഞ്ഞ വാക്കുകളാണ് അച്ഛൻ ആവർത്തിച്ചതെങ്കിലും ഉപദേശമായി തന്നത് ഇന്നും നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു.
അച്ഛൻ പറഞ്ഞതെല്ലാം അവളോട് പറഞ്ഞെങ്കിലും അവളതൊന്നും ചെവിക്കൊള്ളാതെ അനുയോജ്യനായവനെ തേടിപ്പോയി.അങ്ങനെ ആ ബന്ധം അവിടെക്കൊണ്ട് അവസാനിച്ചു...
"അതിനാണു ഇവൻ ആവശ്യമില്ലാത്തതൊക്കെ പറയുന്നത്"
അവനെയും പിടിച്ചു വലിച്ചു ക്ലാസിൽ ചെന്നപ്പോൾ പുതിയ ഗസറ്റ്ഡ് ലക്ച്ചർ ക്ലാസെടുക്കുന്നു...
"മച്ചാ ഇതാണ് ഞാൻ പറഞ്ഞ ആ സാധനം..."
"ഛീ മിണ്ടാതിരിക്കെടാ..."
ഞാൻ പതിയെ അവനെ ചാടിച്ചു...
"എക്സ്ക്യൂസ് മീ മേഡം..."
അവൻ തൊണ്ട നനച്ചു....
"ഞങ്ങൾ ഈ ക്ലാസിലെ സ്റ്റുഡന്റ്സ് ആണ്.. ക്ലാസിൽ കയറിക്കോട്ടേ..."
"ഓ...യെസ്..."
എന്നും മധ്യഭാഗത്ത് ഞങ്ങൾ ഇരിക്കാറുള്ളതെങ്കിലും അവൻ മുമ്പിൽ തന്നെയിരുന്നു.പതിവില്ലാതെ അവന്റെ നീക്കം എന്നിൽ ആശങ്ക പടർത്തി.അവനെ ഞാൻ സസൂഷ്മം വീക്ഷിച്ചു...
ടീച്ചർ സൈഡിലേക്ക് തിരിയുമ്പോൾ വയറിനു കുറുകെയുള്ള സാരിത്തലപ്പ് മാറുമ്പോൾ അണിവയറും പൊക്കിൾ ചുഴിയും കാണാം.. ചുമ്മാതല്ല ശവം അവിടെക്കൂടിയത്...
ചില വിരുതന്മാരും ചങ്കും കൂടിച്ചേർന്ന് ന്യൂട്ടറിൽ മൊബൈലിൽ രംഗങ്ങൾ പകർത്തുന്ന തിരക്കിൽ ആയിരുന്നു...
അതുകൊണ്ട് എന്റെ മനസ്സൊന്ന് പിടച്ചെങ്കിലും ചങ്കിന്റെ ഭാവിയോർത്ത് ഞാൻ അനങ്ങാതിരുന്നു.പെട്ടന്നാണു പടക്കം പൊട്ടുന്ന ഒരടിയുടെ ശബ്ദവും അലർച്ചയും...
"ഗെറ്റ് ലോസ്റ്റ്.."
കരണം പൊത്തിപ്പിടിച്ച് ചങ്ക് നിൽക്കുന്നു...
"നന്നായി.. ഇങ്ങനെയെങ്കിലും അവൻ നന്നാവുന്നെങ്കിൽ നന്നാവട്ടെ..."
"നിന്റെയൊക്കെ ഭാവി ഇതോടെ തീർന്നു.പ്രിൻസിപ്പലിനു റിപ്പോർട്ട് ചെയ്തിട്ട് പോലീസിൽ പരാതിയും നൽകും.ഇനിയും പ്രതികരിക്കാതിരുന്നാൽ നിന്നെപ്പോലത്തെ ക്രിമിനലുകൾ വളരും.അക്ഷരം ആരു പകർന്നു നൽകിയാലും ഗുരുസ്ഥാനത്താണ്.അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ ഗുരുവാണെല്ലാം..വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...."
അവരൊന്ന് നിർത്തി വീണ്ടും തുടർന്നു....
"ഇവിടെ വന്ന് തൊണ്ട പൊട്ടിക്കീറിയാൽ ഞങ്ങൾക്ക് ശമ്പളം ലഭിക്കും.പക്ഷേ ഞങ്ങളുടെ സംതൃപ്തി അറിയാവുന്ന വിദ്യ നിങ്ങളിലേക്ക് പകർന്നു നൽകുമ്പോഴാണ്.....
പറഞ്ഞു തീർന്നതും അവർ പൊട്ടിക്കരഞ്ഞു പോയി....
ചെയ്തത് തെറ്റാണെന്ന് തോന്നിയതിനാലാവാം അവർ ഗസറ്റ്ഡ് ലക്ച്ചറോട് മാപ്പു പറഞ്ഞു...
"ഞാൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്ക് നല്ലൊരു ഭാവി ലഭിച്ചാൽ ആ സന്തോഷമാണ് നിങ്ങൾ ഞങ്ങൾക്ക് തരുന്ന ഗുരുദക്ഷിണ. വിദ്യാർത്ഥികൾ ഗുരുവിനു മക്കളുടെ സ്ഥാനത്താണ്. മക്കൾ തെറ്റ് ചെയ്താൽ അമ്മമാർ പൊറുക്കും.അതുപോലെ ഇവർക്കും മാപ്പു കൊടുക്കാം.തെറ്റ് തിരുത്താൻ കഴിഞ്ഞാൽ അതാണ് ഏറ്റവും പുണ്യമായിട്ടുളളത്...."
തന്നോട് തെറ്റ് ചെയ്തെങ്കിലും മപ്പ് നൽകാൻ തയ്യാറായ ഗുരുവിനു ഞാൻ മനസ്സിൽ ബിഗ് സല്യൂട്ട് നൽകി...കൂടെ ചങ്കിനിട്ടൊ ഒന്നും പൊട്ടിച്ചു....
"ഇനിയെങ്കിലും ഒന്ന് നന്നാവടാ...എന്നിട്ട് മനുഷ്യനായി ജീവിക്ക്...."
ഞാൻ അത് പറയുമ്പോഴും അവന്റെ മുഖം കുനിഞ്ഞ് തന്നെയിരുന്നു...
"കുറ്റബോധം കൊണ്ട്...."
NB:- വിദ്യ പകർന്നു നൽകുന്നവർ ആരായാലും അത് ഗുരുസ്ഥാനീയർ തന്നെ
The End
(Copyright protect)

കുഞ്ഞുങ്ങൾ

Image may contain: Manju Jayakrishnan, closeup

ആർത്തിയോടെ കൂട്ടുകാരിയുടെ കുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ ആണ് പാല് കൊടുത്തിട്ടു വരാം എന്ന് പറഞ്ഞ് അവൾ കുഞ്ഞിനേം കൊണ്ട് അകത്തേക്ക് പോയത് . അപ്പോൾ അപാകത ഒന്നും തോന്നിയില്ലെങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ വന്നു പറഞ്ഞു " എടീ ഇവരൊക്കെ പഴേ ആൾക്കാർ അല്ലെ ,നീ എടുത്താൽ കുഞ്ഞിനു ദോഷം ആണെന്നാ അമ്മ പറയുന്നേ ". കുഞ്ഞിനു കൊടുക്കാൻ വന്ന സമ്മാനം അവിടെ വച്ചു നിറ കണ്ണുകളോടെ ഞാൻ അവിടെ നിന്നും ഇറങ്ങി .മുഖത്തു നോക്കി "മച്ചി" എന്നു വിളിച്ചില്ല എങ്കിലും അവർ പറയാതെ അതു പറഞ്ഞു .
കല്യാണം കഴിഞ്ഞു നാലു വർഷങ്ങൾ കഴിഞ്ഞു കുഞ്ഞുങ്ങൾ ആകാത്തത് കൊണ്ട് ഇതുപോലുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായി ഫങ്ക്ഷൻസ് ഒക്കെ വേണ്ട എന്നു വച്ചെങ്കിലും ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ കുഞ്ഞിന്റെ നൂലുകെട്ടിനു പോകാതിരിക്കാൻ കഴിഞ്ഞില്ല .അതു മുറിവേറ്റ മനസ്സിൽ ഉപ്പ് പുരട്ടിയ പോലെ ആയി
കുറച്ചു നേരത്തെ കല്യാണം കഴിഞ്ഞതു കൊണ്ടും ഭർത്താവിന്റെ ചേട്ടന് കുട്ടികൾ ആയിക്കഴിഞ്ഞു മതി എന്നുള്ള വീട്ടുകാരുടെ അഭിപ്രായത്തിനു പ്രാധാന്യം കൊടുത്തും ഒന്നു രണ്ടു വർഷം കഴിഞ്ഞു മതി എന്നത് ,തെറ്റായ തീരുമാനം ആണെന്ന് കാലം തെളിയിച്ചു ."ഇതൊന്നും മാറ്റി വയ്ക്കരുത് " എന്നു ള്ളത് തന്നെ ആണ് ശരി .കുഞ്ഞുങ്ങൾ ആയില്ലെങ്കിൽ സ്ത്രീകൾ തന്നെ ആണ് ഏറ്റവും ക്രൂശിക്കപ്പെടുന്നത് .
ഒരേ സമയത്ത് കല്യാണം കഴിഞ്ഞവർ ഒക്കെ കുഞ്ഞിന്റെ ചോറൂണിനും മറ്റും അമ്പലത്തിൽ എത്തുമ്പോൾ അവിടെ നിന്നും ഒരു കള്ളിയെ പോലെ, ആരും കാണാതെ നിറകണ്ണുകൾ തുടച്ചു ഞാൻ മടങ്ങി പോന്നിട്ടുണ്ട്
ചികിത്സ തുടങ്ങിയപ്പോൾ ആണ് അതിലും ഭീകരമാണ് കാര്യങ്ങൾ എന്നു മനസ്സിലായത് .എല്ലാ മാസവും സ്കാനിങ് ആണ് .അതും പീരിയഡ്സിന്റെ രണ്ടാമത്തെ ദിവസം തന്നെ .വയർ മുഴുവൻ വെള്ളം കുടിച്ചു വീർപ്പിക്കണം ,മൂത്രം ഒഴിക്കാൻ പാടുപെട്ട് നടക്കുമ്പോൾ ,മുട്ട ഇടാൻ നടക്കുന്ന കോഴിയെ എനിക്ക് ഓർമ്മ വന്നിട്ടുണ്ട് .വിവാഹം കഴിഞ്ഞു വേഗത്തിൽ ഗർഭിണി ആയി എന്നു പറഞ്ഞു അബോർഷൻ നടത്തി പിന്നീട് ഒരു കുഞ്ഞിന് വേണ്ടി ദാഹിച്ചു , ചെയ്ത തെറ്റിനെ ഓർത്തു കരഞ്ഞ മിനിചേച്ചിയെ ഞാൻ നന്നായി ഓർക്കുന്നു
ജനിച്ചത് പെൺകുഞ്ഞായി എന്നു പറഞ്ഞു കരഞ്ഞ ഒരു കൂട്ടുകാരിയെ ഒരിക്കൽ എങ്കിലും ആ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ കൊണ്ട് പോയി ,അവിടെ ഉള്ളവരുടെ സങ്കടങ്ങൾ നേരിട്ട് കാണിക്കണം എന്നു തോന്നീട്ടുണ്ട് .കിട്ടിയ ഭാഗ്യം മനസിലാക്കാതെ സങ്കടപ്പെടുന്ന വിഡ്ഢികൾ .

By: Manju jayakrishnan

താടി

Image may contain: 1 person, closeup

*****
'ചേട്ടാ.... എണീറ്റേ ചേട്ടാ.... നേരം വെളുത്തിട്ട് എത്ര നേരമായി എന്നറിയ്യോ....'
രമണി കെട്ടിയോൻ കുഞ്ഞാപ്പുവിനെ വിളിച്ചെഴുന്നേല്പിക്കാൻ നോക്കി.
യാതൊന്നും കേൾക്കാത്ത മട്ടിൽ കുഞ്ഞാപ്പു കൂർക്കം വലിച്ചുറങ്ങു കയാണ്. കേൾക്കുന്നവർക്ക് അസഹ്യവും, എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ, താളാത്മകവുമായ ശ്വാസോശ്ചാ സത്തിന്റെ, അല്ലെങ്കിൽ കൂർക്കംവലി യുടെ അങ്ങേയറ്റത്തെ അവസ്ഥയാണ്, അയാളുടെ നീണ്ട താടിയിലുള്ള ഒന്നു രണ്ടു രോമങ്ങളുടെ ചാഞ്ചാട്ടം.
രമണിക്ക് കെട്ടിയോന്റെ താടി കാണുന്ന തേ കലിപ്പാണ്. എന്നാൽ കുഞ്ഞാപ്പുവിന് ഹരവും.
കൂടെ കിടക്കുമ്പോൾ , കെട്ടിയോന്റെ ഈ കൂർക്കംവലി പോരാഞ്ഞിട്ട് , ഈ നീളൻ താടിയും കാരണം, സ്വന്തം മുഖം ചൊറിഞ്ഞ് സഹിക്കെട്ട അവൾ ഒരിക്കൽ കെട്ടിയോനോട് പറഞ്ഞു,
' താടി ഒന്ന് വടിച്ചു കളയൂ മനുഷ്യാ.... ഞാനീ പണിയെല്ലാം കഴിഞ്ഞ് രാത്രി സ്വസ്ഥമായി കിടന്ന് ഒന്നു ഉറക്കം പിടിച്ചു വരുമ്പോഴാണ് നിങ്ങളുടെ ഈ മുടിഞ്ഞ രോമങ്ങൾ എന്റെ മുഖത്ത് ഉരസുന്നത്. പിന്നെ രാത്രി മുഴുവൻ എന്റെ മുഖം ചൊറിയാനേ എനിക്കു നേരം കിട്ടുന്നൂള്ളൂ.... '
കെട്ടിയോളുടെ വാക്കുകൾ തെല്ലും മൈൻഡു ചെയ്യാതെ, സ്വന്തം താടി ഓമനയോടെ ഉഴിഞ്ഞു കൊണ്ട് കുഞ്ഞാപ്പു പറയും,
'എടീ... രമണീ.... നിനക്കെന്തറിയാം...ഒരു മനുഷ്യൻ ഗൗരവമായി ചിന്തിക്കുന്നതിനും, തീരുമാനങ്ങൾ നടപ്പാക്കുന്നതിനും താടിയ്ക്കുള്ള പങ്ക് അത്ര ചെറുതല്ല. ക്യൂബൻ പ്രസിഡന്റ് നെ നോക്കിയേ.. മൂടൽ കാസ്ട്രോ...യ്ക്കും താടിയുണ്ട്.'
''മൂടൽ അല്ല ചേട്ടാ... ഫിഡൽ ആണ്.''
രമണി ഇടയ്ക്ക് കേറി പറഞ്ഞു.
പെട്ടെന്നു വന്ന ചമ്മൽ പുറത്തു കാണിക്കാതെ കുഞ്ഞാപ്പു ഉടനെ തന്നെ പറഞ്ഞു,
'ശരി... ശരി... നിനക്ക് ആളാരാണെന്ന് മനസ്സിലായല്ലോ..... അതു മതി. ഇനി നീ എന്റെ താടിക്കാര്യത്തെ കുറിച്ച് മേലിൽ സംസാരിച്ചു പോകരുത്. ഉം....'
അതിൽ പിന്നെ കിടക്കാൻ നേരത്ത് രമണി ഒരു തോർത്ത് എടുത്ത് കണ്ണ് പുറത്തേക്ക് കാണാൻ പറ്റാവുന്ന വിധത്തിൽ തലയും മുഖവും മൂടിക്കെട്ടിവച്ചിട്ടാണ് ഉറങ്ങുന്നത്.
ഇതൊക്കെ ഓർത്ത രമണി , ഇനിയും എഴുന്നേല്ക്കാതെ ചുരുണ്ടുകൂടി കിടക്കുന്ന കെട്ടിയോനെ നോക്കി പല്ലിറുമ്മി .
രമണി ഒരിക്കൽ കൂടി കുഞ്ഞാപ്പുവിനെ കുലുക്കിയുണർത്താൻ നോക്കി.
'എഴുന്നേല്ക്കൂ മനുഷ്യാ... പ്ലാവേൽ കേറി ഒന്നു ചക്കയിട്ടു താ....'
എന്നിട്ടും ഒരു അനക്കവുമില്ല. ദേഷ്യം വന്ന രമണി, പതുക്കെ കുഞ്ഞാപ്പുവിന്റെ താടിയിൽ നിന്നുള്ള ഒന്നു രണ്ടു നീണ്ട രോമങ്ങളെ പതുക്കെ അയാളുടെ മൂക്കിലേക്ക് കേറ്റി വച്ചു.
'ഹാച്ഛീ... ' എന്നു വച്ചതല്ലാതെ അയാൾ കണ്ണു തുറന്നതേയില്ല.
'എന്നാ വേണ്ട... ഞാൻ തന്നെ ചക്കയിട്ടോണ്ട്. സ്ത്രീകൾ അത്ര ദുർബലർ അല്ല ... ഞാൻ കേറിയാൽ എന്തു സംഭവിക്കും എന്നറിയാമല്ലോ.... എന്നു പിറുപിറുത്തു കൊണ്ട് രമണി വീടിന്റെ പിന്നാമ്പുറത്തു പോയി, അരിവാൾ നീണ്ട കോലിൽ കെട്ടിവച്ച്, ഏണി എടുത്തു കൊണ്ട് വന്ന് പ്ലാവിൽ ചാരി വച്ചു.
പിന്നെ അവൾ അകത്തു പോയി കെട്ടിയോന്റെ ഡാമേജായി വന്ന പാന്റും, ഷർട്ടും എടുത്തിട്ട് , പുറത്തേക്ക് വന്ന് കോണിയേൽ ചവിട്ടി പ്ലാവേൽ കേറാൻ തുടങ്ങി. കോണിയുടെ അറ്റത്ത് എത്തുന്നതിനു മുമ്പ് , അവൾ അരിവാൾ ഉറപ്പിച്ച തോട്ടി എടുത്ത് , നേരത്തെ കണ്ടു വച്ച , ചക്കയിരിക്കുന്ന കമ്പിൽ തോട്ടി തൂക്കിയിട്ടു.
പിന്നെ അവൾ തിരിഞ്ഞു നോക്കാതെ ആത്മവിശ്വാസത്തിന്റെ പടവുകൾ താണ്ടി , ഉയരങ്ങളിലിരിക്കുന്ന ചക്കയുടെ അടുത്ത് എത്തി.
തോട്ടി നീട്ടിപ്പിടിച്ച് , കഷ്ടപ്പെട്ട് , ഒരു തരത്തിൽ ചക്ക താഴെയിട്ടു. ലക്ഷ്യം വിജയം കണ്ട സന്തോഷത്തിൽ തോട്ടിയും താഴെയിട്ടു.
തിരിച്ചിറങ്ങാൻ പിന്നെ താഴേയ്ക്ക് നോക്കിയപ്പോഴാണ് രമണിക്ക് തന്റെ ആത്മവിശ്വാസം എത്ര ദുർബലമാണെന്നു മനസ്സിലായത്.
അവൾ ആ കമ്പിൽ അള്ളിപ്പിടിച്ചു കിടന്നു.
ചേട്ടാ.... ചേട്ടാ.... ഓടിവായോ.... എന്നെയൊന്നു താഴെയിറക്കണേ.... എന്നവൾ ഉറക്കെ വിളിച്ചു കൂവി.
കുറച്ചു നേരം അവൾ വെയ്റ്റു ചെയ്തു നോക്കിയെങ്കിലും, കെട്ടിയോൻ വരുന്നത് കാണാതായപ്പോൾ ഒരിക്കൽ കൂടി ഉച്ചത്തിൽ വിളിച്ചു. പിന്നേയും അല്പനേരം കാത്തു.
താൻ അള്ളിപ്പിടിച്ചു കിടക്കുന്ന കമ്പിൽ, അകാലത്തിൽ ശോഷിച്ചു പോയ കറുത്തിരുണ്ട ചക്ക കുഞ്ഞിനെ പറിച്ചെടുത്ത്, കുഞ്ഞാപ്പു കിടക്കുന്ന മുറിയുടെ ഓടുമേഞ്ഞിരിക്കുന്ന ഭാഗത്ത് എറിഞ്ഞു.
അതേ സമയം, എന്തോ സാധനം ഓടിൽ തട്ടി വീണ ശബ്ദം കേട്ട് , കുഞ്ഞാപ്പു ഞെട്ടിയുണർന്നു.
'എടീ... രമണീ.... എന്തോ ഓടിൽ തട്ടി വീണ ശബ്ദം...'
രമണിയുടെ പ്രതികരണം കേൾക്കാതായപ്പോൾ, കുഞ്ഞാപ്പു വീണ്ടും വിളിച്ചു.
രമണീ.... എടീ....
പിന്നെയും അനക്കമൊന്നും കേൾക്കാ തായപ്പോൾ, 'ഈ പണ്ടാരം എവിടെപ്പോയിക്കെടക്കാണാവോ...' എന്നു കുഞ്ഞാപ്പു പിറുപിറുത്ത്‌, കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുണ്ട് ഒന്നു തട്ടിക്കുടഞ്ഞ് ഇട്ടതിനു ശേഷം, രമണിയെ അന്വേഷിച്ചിറങ്ങി.
ആദ്യം അടുക്കളയിൽ പോയി നോക്കി. അവിടെയെങ്ങും കണ്ടില്ല. പിന്നെ മറ്റു മുറികളിലും അന്വേഷിച്ചു. എന്നിട്ടും കണ്ടില്ല. അതോടെ അയാൾക്ക് പരിഭ്രാന്തിയായി.
'ഭഗവാനേ... ഇതെവിടെപ്പോയി കിടക്കുവാ... എന്നോർത്ത്‌ അത്യന്തം വേവലാതിയോടെ , രമണീ.... എന്ന് ഉറക്കെ വിളിച്ചു കൊണ്ട് മുറ്റത്ത് ഇറങ്ങി.
ചേട്ടാ....
ദേ.... അവളുടെ ശബ്ദമാണല്ലോ കേൾക്കുന്നത്.
അയാൾ വേഗം കിണറ്റിലേക്ക് നോക്കി.
അവിടെയൊന്നും അവളെ കണ്ടില്ല .
പിന്നേയും,
ചേട്ടാ... എന്ന വിളി കേട്ടു.
രമണീ... നീയെവിടെയാ....
ചേട്ടാ... എന്ന വിളിയ്ക്കു പിന്നാലേ എന്തോ സാധനം കുഞ്ഞപ്പന്റെ തലയിൽ വീണതും ഒരുമിച്ചായിരുന്നു.
ഒന്നു ഞെട്ടിയ അയാൾ മുകളിലേയ്ക്ക് നോക്കിയപ്പോഴാണ്, അടുക്കളയിൽ നില്ക്കേണ്ട ആൾ പ്ലാവിന്റെ മുകളിൽ ഇരിക്കുന്നത് കണ്ടത്.
അയാൾക്ക് ആധി കേറി. അയാൾ വിചാരിച്ചത്, താടി വടിക്കാത്തതിൽ പ്രതിഷേധിച്ച് , ആത്മഹത്യ ചെയ്യാൻ വേണ്ടി രമണി പ്ലാവിന്റെ മുകളിൽ കേറിയതാണ് എന്നാണ് .
എന്റെ പൊന്നു രമണീ... നീ കടുംകൈ ചെയ്യരുതേ.... താഴേക്ക് ചാടരുതേ.... അയാൾ തന്റെ കൈകൾ നെഞ്ചത്തു വച്ച് മുകളിലേയ്ക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
അയാൾ എന്താണ് പറഞ്ഞത് എന്ന് പ്ലാവിൽ അള്ളി പിടിച്ചു കിടക്കുന്ന രമണി കേട്ടതുമില്ല.
അവൾ വിളിച്ചു പറഞ്ഞു, എങ്ങനെയെങ്കിലും എന്നെ ഒന്നു താഴെയിറക്കൂ മനുഷ്യാ.... എനിക്ക് തല കറങ്ങുന്നൂ....
രമണി പറഞ്ഞത് കുഞ്ഞാപ്പുവിനും മനസ്സിലായില്ല.
അയാൾ വിചാരിച്ചത്, രമണി പറയുന്നത്, അവളുടെ മുന്നിൽ വച്ച് താടി വടിച്ചു കളയണം എന്നും, അല്ലേൽ ഇപ്പം ചാടും എന്നാണ്.
ഇപ്പം ശരിയാക്കാം.... എന്ന് രമണിയെ നോക്കി ആംഗ്യം കാണിച്ചു കൊണ്ട് അയാൾ വേഗം അകത്തേയ്ക്ക് കയറി, കത്രിക, ഷേവിംഗ് സെറ്റ് എന്നീ ലൊട്ടുലൊടുക്കു സാധനങ്ങളുമായി വന്ന് പ്ലാവിന്റെ മുന്നിൽ സ്റ്റൂളിട്ട് ഷേവ് ചെയ്യാനാരംഭിച്ചു.
അതേ സമയം, പ്ലാവിന്റെ മുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന രമണി കെട്ടിയോന്റെ ചെയ്തതികൾ കണ്ട് അത്ഭുതം കൂറി. ഇതെന്തു കഥ. തന്നെ താഴെയിറക്കാൻ നോക്കാതെ , ഷേവ് ചെയ്യുന്നത് കണ്ട രമണിയ്ക്ക് കരച്ചിൽ വന്നു.
പെട്ടെന്ന് തന്നെ , മീശ മാത്രം മുഖത്ത് വച്ചിട്ട്, ബാക്കിയെല്ലാം കുഞ്ഞാപ്പു ഷേവ് ചെയ്ത് കളഞ്ഞു. എന്നിട്ട് അയാൾ രമണിയെ നോക്കി വിളിച്ചു പറഞ്ഞു,
'മുത്തേ.... നീ പറഞ്ഞതുപോലെ താടി വടിച്ചു കളഞ്ഞൂട്ടോടീ.... ഇനി എന്റെ മുത്ത് ചാടരുത് ട്ടോ. .ഈ ചേട്ടൻ നിന്നെ താഴെയിറക്കാമേ.... ' എന്നു പറഞ്ഞു, അയാൾ ഫയർഫോഴ്സിനെ വിളിക്കാൻ ഓടി.
അല്പസമയത്തിനു ശേഷം , അലാറം മുഴക്കി കൊണ്ട് ഫയർഫോഴ്സ് എത്തി . കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം, പ്ലാവിൽ അള്ളിപ്പിടിച്ചു കിടക്കുന്ന രമണിയെ അതിസാഹസികമായി താഴെയിറക്കി.
ഓടി വന്ന് ഭാര്യയെ പുണർന്ന കുഞ്ഞാപ്പു സങ്കടത്തോടെ പറഞ്ഞു,
'എന്റെ മുത്തേ... നീ ഒന്നു കൂടെ എന്നെ നിർബന്ധിച്ചാൽ പോരായിരുന്നോ... ഞാൻ താടി കളയുമായിരുന്നില്ലേ... നീ ചാവാൻ പോയത് എന്തിനാടീ....
എന്നെ ഇങ്ങനെ സങ്കടപ്പെടുത്താൻ നിനക്കെങ്ങനെ മനസ്സു വന്നു...'
'താടി കളഞ്ഞ കെട്ടിയോനെ കണ്ടപ്പോൾ, സുന്ദരമായി തോന്നിച്ച ആ മുഖത്തെ സങ്കടം കണ്ടപ്പോൾ, രമണി കെട്ടിയോനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു,
'അതേയ്... ഞാനേയ്.... ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല. ചക്കയിടാൻ കേറിയതാ...'
'ങ്ങേ... അപ്പോ എന്റെ താടി' ഞെട്ടിത്തരിച്ചു പോയ കുഞ്ഞാപ്പു , രമണിയെ തള്ളിമാറ്റിക്കൊണ്ട്,
'ഇപ്പം ശരിയാക്കിത്തരാ ടീ...' എന്നു പറഞ്ഞ് വടി വെട്ടിയൊടിക്കാൻ വേണ്ടി കുഞ്ഞാപ്പു പറമ്പിലേക്ക് പാഞ്ഞു.
സുമി ആൽഫസ്
****************
30.07.2018.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo