നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗ്രേസിയമ്മയുടെ കഥ

Image may contain: 1 person, closeup

പട്ടണത്തിലെ വലിയ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ആര്ഭാടപൂര്ണമായ ഒരു വിവാഹത്തിന് സദ്യയൊരുക്കുവാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്പരന്നു പോയി !
ആദ്യമായിട്ടാണ് ഇത്രയും വലിയൊരു സദ്യ ഞാൻ ചെയ്യുന്നത്..
പരിഭ്രമത്തോടുകൂടിയാണെങ്കിലും ഞാൻ അതേറ്റെടുത്തു.
ചെറിയ തോതിൽ പാചകം ചെയ്തു ജീവിച്ചിരുന്ന എനിക്ക് ഇത്രയും വലിയ ഒരു സദ്യ നടത്തുവാൻ കിട്ടിയതിൽ അഭിമാനവും സന്തോഷവും തോന്നി.
തലേദിവസം കല്യാണപ്പെണ്ണിന്റെ അച്ഛൻ കലവറയിൽ വന്നു. തൃപ്‌തനാണെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.
എന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു.
"എല്ലാം തിരുമേനിയുടെ കൈകളിലാണ്"
തലകുലുക്കിയെങ്കിലും ചെറിയൊരാശങ്ക മനസ്സിൽ ഉടലെടുത്തിരുന്നു.
ഈ സദ്യയൊരുക്കൽ എന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.
കല്യാണമുഹൂർത്തത്തിന്റെ സമയമായി. ഹാളിലേക്ക് കണ്ണുപായിച്ച ഞാൻ ഞെട്ടിപ്പോയി.
കല്യാണത്തിനെത്തിയിരിക്കുന്നത് വളരെകുറച്ച് ആളുകൾ മാത്രം.ഏതാണ്ട് അഞ്ഞൂറിൽ താഴെ മാത്രം ആളുകൾ!!!
"തിരുമേനി ആകെ പ്രശ്നമായി...പലയിടത്തും ഹർത്താൽ ആണ്" പെണ്ണിന്റെ അമ്മാവൻ ഓടിയെത്തി.
സദ്യവട്ടങ്ങളൊക്കെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.എന്തു ചെയ്യുവാനാണ്? ഞാൻ ഒന്നും പറഞ്ഞില്ല.
വന്നവരെല്ലാം ഭക്ഷണം കഴിച്ച് എന്നെ അഭിനന്ദിച്ചു. എന്നാൽ മിച്ചം വന്ന ഭക്ഷണത്തേ കുറിച്ചായിരുന്നു എന്റെ വേവലാതി.
"തിരുമേനി വിഷമിക്കണ്ട മുഴുവൻ പണവും ഞാൻ തരാം. ഈ ഭക്ഷണം നമുക്ക് കുഴിച്ചു മൂടാം." പെണ്ണിന്റെ അച്ഛൻ പറഞ്ഞു.
ഭക്ഷണം കുഴിച്ചു മൂടുന്നത് എനിക്കാലോചിക്കുവാൻ പോലും പറ്റുകയില്ല.
ഞാൻ എന്റെ സുഹൃത്തുക്കളെ വിളിച്ചു. അതിൽ രവിയാണ് ചെറിയാൻ ചേട്ടന്റെ നമ്പർ തന്നത്.
"ഭക്ഷണം എത്രവേണമെങ്കിലും കൊണ്ടുവന്നോളു. ആവശ്യം വരും ഭക്ഷണവുമായി പട്ടണത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിയാൽ മതി"
ആശുപത്രിയിൽ എത്തിയ ഞാൻ കണ്ടത് ഭക്ഷണത്തിനു വേണ്ടി പാത്രവുമായി നിൽക്കുന്ന നീണ്ട ക്യു ആണ്.
എന്റെ വണ്ടി ചെന്നു നിന്നപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം പടർന്നു.
ആൾക്കൂട്ടത്തിലേക്കു കണ്ണോടിച്ച എന്റെ ദൃഷ്ടിയിൽ ഒരു സ്ത്രീയുടെ രൂപം പതിഞ്ഞു. എന്നെ കണ്ട് സാരികൊണ്ടു മുഖം മറക്കുവാൻ അവർ ശ്രമിച്ചു.
അത് ഗ്രേസിയമ്മ ആയിരുന്നു. മികച്ച കര്ഷകനായിരുന്ന ജോസഫ് ചേട്ടന്റെ ഭാര്യ!!
സുന്ദരിയും സമ്പന്നയുമായ അവരെ ഞാൻ തിരിച്ചറിഞ്ഞത് മുഖത്തെ ഗാംഭീര്യം ഒന്നുകൊണ്ടു മാത്രമാണ്.
വലിയ വീടെന്ന പേര് അന്വർത്ഥമാക്കുന്ന വലിയ വീടുള്ള ഇവർ വന്നതെന്തിന്?
അവരുടെ മക്കളെല്ലാം വലിയ നിലയിലാണെന്ന്‌ കേട്ടിട്ടുണ്ട്.
'മനുഷ്യൻ ഇത്രക്ക് അധ:പതിക്കരുത്' ഞാൻ മനസ്സിലോർത്തു.
"അവർക്കും ബി പി എൽ കാർഡാണ്. എല്ലാം തട്ടിപ്പാണ്. ഇവരെപ്പോലെയുള്ളവരാണ് മനുഷ്യരുടെ വില കളയുന്നത്" എന്റെ അടുക്കൽ നിന്ന ആരോ പറഞ്ഞു.
ആർത്തിയോടെ ഭക്ഷണം കഴിച്ച അവർ രണ്ടാമത് വാങ്ങിയ ചോറ് ഒരു പേപ്പറിൽ പൊതിഞ്ഞെടുത്തു.
എന്റെ ധാർമികത തിളച്ചു. "നിങ്ങള്ക്ക് നാണമില്ലേ ഇത്രയും സ്വത്തുണ്ടായിട്ടും പാവങ്ങളുടെ കൊങ്ങയ്ക്കു പിടിക്കുവാൻ?"എന്റെ ശബ്ദം ഉയർന്നു.
അവർ ഒന്നും പറഞ്ഞില്ല.കൈയിലിരുന്ന തടിച്ച പേഴ്‌സ് എടുത്തു തുറക്കുവാൻ തുടങ്ങി.മുഴുവൻ പേപ്പർ കഷ്ണങ്ങൾ!! അവസാനം ഒരു അൻപതു പൈസ നാണയം പുറത്തെടുത്തു. ശബ്ദം താഴ്ത്തി അവർ ചോദിച്ചു.
"എനിക്ക് ഒരു നൂറു രൂപ കടം തരാമോ?"
എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അതുകണ്ട അവർ ഭയന്ന് പിന്മാറി.
"വലിയ പണക്കാർ ആയിട്ടു കാര്യമില്ല. അന്തസ് ഇല്ലെങ്കിൽ പറഞ്ഞിട്ടെന്തു കാര്യം?"
ഈ വിവരം അറിഞ്ഞപ്പോൽ ഭാര്യ പറഞ്ഞു
ആകാംഷ അധികമായപ്പോൾ അവരുടെ വീടുവരെ പോകുവാൻ ഞാൻ തീരുമാനിച്ചു.അവരുടെ കള്ളത്തരം പൊളിക്കണമെന്ന് എനിക്ക് തോന്നി.
വഴിയിൽ നിന്നും നോക്കിയാൽ വീട് കാണുവാൻ പറ്റാത്ത തരത്തിലുള്ള കൂറ്റൻ ഗെയിറ്റ് തള്ളിത്തുറന്നപ്പോൽ മടുപ്പിക്കുന്ന കറ കറ ശബ്ദം അവിടെയെങ്ങും മുഴങ്ങി.
പരിസരം മുഴുവനും കാടുപിടിച്ചു കിടക്കുന്നു. രണ്ടു നില വീട് പെയിന്റ് ചെയ്തിട്ട് വർഷങ്ങൾ ആയിട്ടുണ്ട് എന്ന് തോന്നുന്നു.
കതകിനു സമീപത്തു വച്ചിരിക്കുന്ന കാളിങ് ബെൽ ഭിത്തിയിൽ തൂങ്ങി കിടക്കുന്നുണ്ട്.
കതകിൽ പലപ്രാവശ്യം മുട്ടിയെങ്കിലും ആരും വന്നില്ല.
ഞാൻ തിരിഞ്ഞു നടന്നു..
"തിരുമേനി ഒന്ന് നിൽക്കണേ.." ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ജനലുനുള്ളിൽ ഗ്രേസിയമ്മ നിൽക്കുന്നുണ്ട്.
അവർ പലപ്രാവശ്യം ആഞ്ഞു വലിച്ചിട്ടാണ് കതകു തുറന്നത്.
ഞാൻ അകത്തേക്ക് കയറി.
"ചേട്ടന് കഞ്ഞി കൊടുക്കുകയായിരുന്നു.അതാണ് വരുവാൻ താമസിച്ചത്" ഗ്രേസിയമ്മ പറഞ്ഞു.
വലിയ ഹാളിൽ കയറിയ എന്നെ സ്വീകരിച്ചത് മുഷിഞ്ഞു നാറിയ സെറ്റികളും കസേരകളും ആണ്. ജനൽ കർട്ടൻ മാത്രം കഴുകി ഭംഗിയായി തൂക്കിയിട്ടുണ്ട്.
വലിയ വീടിന്റെ ഭിത്തിയിൽ പലയിടങ്ങളിലും വിള്ളലുകൾ വീണിരിക്കുന്നു.
"കഞ്ഞി കൊടുത്തു കഴിഞ്ഞ് ഞാൻ വരാം. തിരുമേനി ഇരിക്ക്"
ഗ്രേസിയമ്മയുടെ പുറകെ ഞാൻ ഒരു മുറിയിലേക്ക് കയറി. എണ്ണയുടെയും കുഴമ്പിന്റെയും മടുപ്പിക്കുന്ന മണം അവിടെ തളം കെട്ടി നിന്നിരുന്നു.മുറിയുടെ മൂലക്ക് ഒരു കട്ടിലിൽ ക്ഷീണിച്ചു മനുഷ്യരൂപത്തിന്റെ കണ്ണുകൾക്ക് നല്ല തിളക്കം !!!
"ജോസഫ് ചേട്ടൻ" ഞാൻ പിറുപിറുത്തു.
ഒരു പാത്രത്തിൽ ഇരുന്ന കഞ്ഞി സ്പൂണിൽ കുറേശ്ശേ കൊടുത്തപ്പോൾ അയാൾ ആർത്തിയോടെ അത് കുടിച്ചു.
"തിരുമേനി ഇന്നലെ ഞങ്ങൾക്ക് ആശുപത്രിയിൽ തന്ന ചോറാണ്" ഗ്രേസിയമ്മ ചിരിക്കുവാൻ ശ്രമിച്ചു.
വല്ലാത്തൊരു ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഞാൻ മുറിയുടെ പുറത്തേക്കിറങ്ങി.
"നിങ്ങളുടെ മക്കൾ എവിടെയാണ്?" പുറകെ വന്ന ഗ്രേസിയമ്മയോട് ഞാൻ ചോദിച്ചു.
അവർ ഉത്സാഹവതിയായി "മൂത്തമകൻ ഡോക്ടർ ആണ്, അവർ തിരുവന്തപുരത്താണ്.ഇളയവൻ ചെന്നൈയിലാണ്. മകളുടെ കാര്യം മാത്രം കുറച്ചു കഷ്ടത്തിലാണ്. മക്കളെയും കൊച്ചു മക്കളെയും കാണുവാൻ കൊതിയുണ്ട്. പക്ഷെ അവർക്കുമില്ലേ അവരുടേതായ ബുദ്ധിമുട്ടുകൾ"
എല്ലാം മനസ്സിലാക്കിയ ഞാൻ എന്റെ പോക്കറ്റിൽ കിടന്ന പണം മുഴുവനും അവരുടെ കൈവശം കൊടുത്തു.
"ജോസഫ് ചേട്ടൻ മരിച്ചിരുന്നെങ്കിൽ ഏതെങ്കിലും അഗതി മന്ദിരത്തിൽ പോകാമായിരുന്നു."
പണം വാങ്ങുമ്പോൾ അവർ പറഞ്ഞു.
അവർക്കുള്ള ഭക്ഷണം ദിവസവും അവിടെത്തിച്ചു കൊള്ളാമെന്നു പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങിയയെങ്കിലും സാരികൊണ്ട് മുഖം മറക്കുവാൻ പരിശ്രമിക്കുന്ന ഗ്രേസിയമ്മയുടെ രൂപം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
അനിൽ കോനാട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot