Slider

ചൊവ്വാദോഷം

0



വടക്കേപ്പുറത്ത് ചിതറിക്കിടക്കുന്ന വിറകുകൊള്ളികൾ അടുക്കിവെക്കുകയാണ് വീണ. അരത്തിണ്ണയിൽ അനിയത്തി വാണി, വായനയുടെ ലോകത്താണ്. മദ്ധ്യാഹ്നമാവാൻ തുടങ്ങുന്നു. തെരുവിൽനിന്ന് കളിക്കുന്ന പിള്ളേരുടെ ബഹളം. അമ്മ അടുക്കളക്കളയിൽ തിരക്കിട്ട പണിയിലാണ് .ഇന്നവർ വരുന്നുണ്ടത്രേ !
ഇന്നലെ ശേഖരേട്ടൻ അച്ഛനെ കാണാൻ വന്നിരുന്നു . "തെറ്റില്ലാത്ത ആലോചനയാ പ്രഭാകരാ ചൊവ്വാദോഷമൊന്നും അവർക്ക് പ്രശ്നല്ലാത്രേ" എന്ന മുഖവുരയുമായി.
നിലവിളക്കു തുടച്ച് തിരിയിടുന്ന തന്നെ നോക്കുന്ന അച്ഛന്റെ നോട്ടത്തിലെ ദയനീയത ഉള്ളം പൊള്ളിച്ചു.
വടക്കേപ്പുറത്തെ നാണിയമ്മേടെ അകന്ന ബന്ധത്തിലുള്ളവരാത്രേ ! "നമ്മുടെ കഥയൊക്കെ അവർക്കു നേരത്തെതന്നെ അറിയാം അമ്മാള്വോ" ന്ന് അച്ഛൻ അമ്മയോടു പറയ്ണ കേൾക്കണ്ടായി.
അനിയൻ കളിക്കാൻ പോവാൻ സമ്മതം ചോദിച്ച് ചിണുങ്ങിക്കൊണ്ടുനിൽക്ക്ണു , ഇപ്പോൾ പോണ്ടെന്ന് ശഠിക്ക്ണു അമ്മ .
"നീയ്യെന്താ ഇവിടെ ട്ക്ക്ണത് ന്റെ കുട്ട്യേ ? ഒന്ന് ഒരുങ്ങാൻ നോക്ക് "
"ഇതെങ്കിലും ശരിയായാൽ മത്യാരുന്നു ന്‍റെ തേവരേ !" അമ്മയുടെ ആത്മഗതം !
ഒരുതരം നിർവ്വികാരതയാണ് ഉള്ളിൽ. ഉടുത്തൊരുങ്ങി, ചായയുമായി നിൽക്ക്ണത് മടുപ്പായിത്തോന്നിത്തുടങ്ങിയിരിക്കുന്നു. ഇതിപ്പോൾ എത്രാം തവണയാണ് ?
"ഓപ്പേ ഒന്ന് ഒരുങ്ങ്ണ് ണ്ടോന്ന്" വാണി. അവൾ പുസ്തകത്തിൽനിന്ന് കണ്ണുകളെടുത്ത് തന്നെത്തന്നെ നോക്കുന്നു.
"എന്റെ ഓപ്പ ഇങ്ങനെതന്നെ സുന്ദര്യാണ് ന്നാലും .ഒന്ന് കണ്ണെഴുതി, പൊട്ടു തൊട്ടോളൂ .."
കിണറ്റിൻകരയിൽ പോയ് രണ്ട് ബക്കറ്റ് വെള്ളം തലയിലൂടെ കോരിയൊഴിച്ചു. തണുക്കട്ടെ ശരീരമെങ്കിലും. പൊള്ളുന്ന ഉള്ളം ഒരിക്കലും ആരുടെ മുമ്പിലും അവൾ തുറന്നുകാട്ടാറില്ല .
ഇറയത്തെ അയക്കോലിൽനിന്നു തോർത്തുമുണ്ടെടുത്ത് തല തോർത്തി. ഇനി ഇപ്പോൾ എന്തൊരുക്കം നടത്താൻ ?
കണ്ണാടിയിൽ കണ്ട തന്നെ തനിക്ക് തന്നെ പരിചയമില്ലെന്നു തോന്നി.
ആരെയോ ബോധ്യപ്പെടുത്താൻ ഒരു നുള്ളു പൗഡർ മുഖത്തിട്ടുവെന്നു വരുത്തി. സ്വപ്നംകാണാൻ മറന്നുപോയ മിഴികളിൽ ഇത്തിരി മഷിയെഴുതി. കൂട്ടുകാരികൾ കരിങ്കൂവളമിഴികൾ എന്നു കളിപറഞ്ഞിരുന്നത് ഈ മിഴികളെയോ എന്ന് അവൾക്കുതന്നെ അദ്ഭുതം തോന്നി.
ചെമന്ന ചാന്തെടുത്ത് ഒരു പൊട്ടും, കൈയിലെ ചുവന്ന കുപ്പിവളകളും കഴുത്തിലെ കരിമുത്തു കോർത്ത മാലേംതന്നെ അധികാന്ന് തോന്നി.
"കരിനീലപ്പൂക്കളുള്ള ആ ആകാശനീലസാരി ഉടുക്കൂ ഓപ്പേ, ഓപ്പയ്ക്കത് നല്ല ഭംഗ്യാ" വാണി - അവൾ പ്രതീക്ഷയിലാണ് ഇതു കഴിഞ്ഞാൽ അവൾടെ ഊഴമാണല്ലോ ?
"പയ്യൻ നേവീല്‌എഞ്ചിനീയറാണ് ,അവർക്കു നമ്മള് കൊടുക്ക്ണതൊന്നും വേണ്ടാ...... പ്രഭാകരൻനായരേ ഒക്കെ നമ്മടെ കുട്ടീടെ ഭാഗ്യംപോലിരിക്കും" ന്നു ശേഖരേട്ടൻ അച്ഛനോടു പറഞ്ഞിരുന്നു. അതാവും അച്ഛന്റെ മുഖത്ത് നല്ല പ്രതീക്ഷ .
അല്ലേലും അച്ഛൻ എപ്പഴും പറയാറുണ്ട് "ഒക്കെ ശര്യാവും നന്മ ഉള്ളിലുള്ളവര് ഇപ്പഴും ണ്ട് കുട്ട്യേന്ന്" അതു കേൾക്കുമ്പോൾ ഒരാശ്വാസം തോന്നും.
മുറ്റത്തൊരു കാറു വന്നുനിന്നിരിക്കുന്നൂ
അനിയൻ ജനാലവിരി വകഞ്ഞുമാറ്റി ആകാംക്ഷയോടെ എത്തിനോക്ക്ണു ,
വീണയ്ക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല ...
എന്തിനോ ആദ്യായ് പെണ്ണുകാണലിനൊരുങ്ങിയപ്പോൾ ഉള്ളം തുടിച്ചത് എന്നിട്ടും അവളോർത്തുപോയ് ..
എത്ര പ്രതീക്ഷയോടെയായിരുന്നു അന്ന് ഒരുങ്ങിയത് !
കുട്ടിയെ കണ്ട്, കൊടുക്കൽവാങ്ങൽച്ചർച്ചയിൽ പിന്നോക്കമായ്പോവുമ്പോൾ ജന്മംതന്ന മാതാപിതാക്കൾപോലുമറിയാതെ അവൾക്ക് വരുന്നവർ ചാർത്തിക്കൊടുത്തതാണീ ചൊവ്വാദോഷപ്പട്ടം.
ആദ്യമാദ്യം സങ്കടം തോന്നീരുന്നു.
അച്ഛന്റേം അമ്മേടേം സങ്കടം കാണുമ്പോൾ ഉള്ളിലൊരു കരുത്ത് സ്വയം ഉറവയെടുക്കുകയായിരുന്നു ,
പിന്നെപ്പിന്നെ ആ നിർവ്വികാരതയുടെ മുഖംമൂടി അവൾക്കും ആശ്വാസായ്ത്തോന്നി.
"ഓപ്പേ ഇത് നടക്കുംന്ന് ൻെറ മനസ്സ് പറയ്ണു" വാണി നല്ല ഉത്സാഹത്തിലാണ് .
"നീ ഇവിടെ നിന്നാൽ മതി വടക്കുപുറത്ത്" അമ്മയാണ്.
വന്നവർ അവളെ മതീന്ന് പറയും ന്ന് അമ്മ ഭയക്കുന്നോ?
കച്ചവടക്കമ്പോളത്തിലേക്ക് ആനയിക്കപ്പെട്ടു, താലത്തിലെ ചായയുമായ് നമ്രമുഖിയായ് ,
ആദ്യായി ഈശ്വരനോട് കേണു ...."ഇതവസാനത്തെ ആവട്ടേ ന്റെ കണ്ണാ... നിനക്ക് ഞാനൊരു തുളസിമാല ചാർത്തിയേക്കാം" ന്ന്...
മുഖമുയർത്താതെ ചായ കൈയിൽ കൊടുത്തു ഒന്നും ചോദിച്ചില്ല പേരുപോലും.
"കുട്ടി പൊയ്ക്കോളൂ" കൂട്ടത്തിൽ ഏതോ കാരണവർ .
പ്രതീക്ഷ വേണ്ടെന്നോർത്ത് തിരികെ നടന്നു.
"അമ്മാള്വോ എവിടെ വീണ ?" അച്ഛൻ അടുക്കളയിലേക്ക് "അവനു വീണയോടു സംസാരിക്കണം ത്രേ !"
ഉമ്മറക്കോലായിലെ കോണിൽ മുഖം കുനിച്ചുനില്ക്കുമ്പോൾ:
"ഒന്നു മുഖം ഉയർത്തെടോ ഞാനൊന്ന് ശരിക്കു കാണട്ടെ തന്നെ.."
തമാശകലർത്തിപ്പറഞ്ഞ് ചിരിക്കുന്ന ആളെ മുഖമുയർത്തിനോക്കുമ്പോൾ ദൈവത്തെ കൺമുന്നിൽ കാണുകയായിരുന്നു വീണ .
"എനിക്ക് തന്നെ ഇഷ്ടായിട്ടോ ഒരുപാട്... പൊന്നും പണവുമല്ല.......... തന്നെയാണെനിക്കു വേണ്ടത് !"
കേട്ടപ്പോൾ അച്ഛന്റെ വിശ്വാസം സത്യാവായിരുന്നു .
"ഇനിയെങ്കിലും ഒന്നു ചിരിച്ചൂടേ" എന്ന കുസൃതി കലർന്ന ആ ചോദ്യത്തിനു മുമ്പിൽ എല്ലാം മറന്ന് ചിരിച്ചു.
വസന്തത്തെ ജീവിതത്തിലേക്കാനയിച്ചെന്നോണം !

By: Devutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo