നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെമ്പകം'പൂവിട്ട നാട്ടുവഴികളിലൂടെ..


കാറ്റാടിമരങ്ങൾ തഴച്ചുവളർന്നു നിൽക്കുന്നയാ സമുദ്രതീരം അയാൾക്ക് ഏറെ പ്രിയപ്പെട്ടതായി തീർന്നത് ഈ അടുത്തകാലത്താണ്..
ജോലിയുടെ ഭാഗമായി, അതിടുത്തുള്ള ലോഡ്ജിലെ ഒരു കുടുസ്സുമുറിയിൽ, സഹപ്രവർത്തകരോടൊത്ത്‌ താമസമാക്കിയതിന് ശേഷമാണ് അയാൾ ആ തീരത്തേക്ക് വരാൻ തുടങ്ങിയത്.
തീരത്തെ ചുംബിക്കാൻ തിരയെ അനുവദിക്കാതെ ഒരുവശത്തായി കരിങ്കല്ലുകൾകൊണ്ട് മതിലുകൾ തീർത്തിട്ടുണ്ട്. മറുവശത്താണെങ്കിൽ വിജനമായ മണൽത്തീരവും.അതാണെങ്കിൽ വിദൂരതയിൽ അങ്ങ് കടലുംകടന്ന് ആകാശംമുട്ടി കിടക്കുന്നതായി തോന്നും..
ചിലപ്പോഴൊക്കെ സുന്ദരമായ ആ തീരത്തിന് അയാളുടെ നരച്ച സന്ധ്യകൾക്ക് ചായം കൊടുക്കാൻ സാധിക്കാറുണ്ട്.. അസ്തമനസൂര്യനിലേക്ക് വെറുതെ നോക്കിയിരിക്കുമ്പോൾ ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകളിൽ കൗതുകങ്ങൾ ഉണരാറുണ്ട്. ചിലപ്പോൾ കതിരവനെ വിട്ട്പിരിയാൻ വയ്യാതെ കണ്ണീർവാർത്തു നിൽക്കുന്ന ചുവന്നചക്രവാളങ്ങളിലെയാ സായംസന്ധ്യയെ അയാൾ നേരിൽ കാണാറുണ്ട്...അപ്പോഴേയ്ക്കും അയാൾക്ക്ചിരിവരും..അല്ലെങ്കിലും കാണുന്നവർക്കറിയില്ലല്ലോ പിരിയുന്നവരുടെ വേദന.
അവിടെ വലവിരിച്ചുണക്കാനിട്ടിരിക്കുന്ന ചെറുമീനുകളെ കൊത്തിപ്പറക്കാനാണയുന്ന കൊറ്റികൾക്ക് അവനെ തീരെയിഷ്ടമല്ല,
കാരണം അവിടേക്കവന്റെ വരവുകൾ കൊറ്റികൾക്കൊരു താക്കീത് കൂടിയാണ്, കൂടണയാൻ സമയമായി എന്നുള്ള താക്കീത്..
അങ്ങനെ ആഴിയിലേക്ക് നോക്കി കടൽക്കാറ്റേറ്റിരിക്കുമ്പോൾ ഒറ്റതിരിഞ്ഞെത്തുന്ന ചില 'കുടുമ്പങ്ങൾ'അവനെ വിസ്മയിപ്പിക്കാറുണ്ട്.
അവരുടെ കളിതമാശകൾ നോക്കിയിരിക്കുമ്പോൾ, കൊഴിഞ്ഞുപോയ ഓർമ്മകളിലേക്ക് വെറുതെ ഊളിയിടുമ്പോൾ, ചിലപ്പോഴൊക്കെ അവനും അവരിൽ ഒരാളാവുക പതിവാണ്....നരകയറിയ അവന്റെ മുടിയിഴകൾ വല്ലപ്പോഴുമാ മൊബൈൽസ്ക്രീനിൽ കാണുമ്പോൾ മാത്രമാണ് അവന് അവന്റെ വയസ്സിനെക്കുറിച്ച് ഓർമ്മവരാറ്..
അന്നാ സന്ധ്യയിൽ അവിടേയ്ക്ക് വന്നൊരു കൂട്ടർ അവനെ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിലെ നാല്പതിനോനടുത്തു പ്രായം തോന്നിക്കുന്ന സുന്ദരിയായ സ്ത്രീ അവരുടെ ഭർത്താവെന്നു തോന്നിക്കുന്നയാളോട് എന്തൊക്കെയോ കാതിൽ പറയുകയും,അതു നോക്കിയിരുന്ന അയാളെ കാർക്കിച്ചു തുപ്പുകയും ചെയ്തു....
അയാൾ അതിശയിച്ചു എന്തിനാണാ സ്ത്രീ...? അയാളാ സ്ത്രീയെ തന്റെ ഓർമ്മകളിലെവിടെയെങ്കിലും തിരയാൻ ശ്രമിക്കുമ്പോഴാണ് അവസാനമായി കിട്ടിയൊരു ചെറുമീനുംകൊത്തി പറന്നുയർന്നൊരാ കിഴവൻകൊറ്റി അയാളോട് യാത്രപറയാൻ,
കാഴ്ച്ചകുറഞ്ഞ തന്റെ ഒറ്റകണ്ണ്മാറ്റി മറ്റേകണ്ണ് തിരിച്ച്പിടിച്ച് അയാളെ നോക്കിയത്.
കൊറ്റിയുടെയാ നോട്ടത്തിലൂടെ അയാൾ അവളെ തിരിച്ചറിയുകയായിരുന്നു..അതെ 'ചെമ്പകത്തെ..'അവളുടെ വാലിട്ടെഴുതിയ വട്ടക്കണ്ണിനെ..അവളെ പ്രേമിച്ച നന്ദനെന്ന തന്നെ..
ഓർമ്മകൾ അയാളെ വർഷങ്ങൾക്ക് പിറകിലേക്കുള്ള ഒരു ക്ഷേത്രാങ്കണത്തിലേക്ക് എത്തിച്ചിരിക്കുകയാണിപ്പോൾ....
വാലിട്ടു കണ്ണെഴുതി മോഹിനിയാട്ടമാടുന്ന സുന്ദരിയായ ചെമ്പകം.അവളുടെ ഇടുങ്ങിയ അരക്കെട്ടും,പിന്നിൽ പിന്നിയിട്ട കാർകൂന്തലും
തുളസി കതിരൊത്ത നൈർമ്മല്യ ഭാവവും.. കണ്ണുകളിൽനിന്ന് മായാതെ, കണ്ണടയ്ക്കാതെ നന്ദൻ തന്റെ മനസ്സിലേക്ക് ഒപ്പിയെടുക്കുകയായിരുന്നപ്പോൾ...
ആട്ടം കഴിഞ്ഞു ആൾകൂട്ടമൊഴിഞ്ഞെങ്കിലും,
നന്ദന്റെ മനസ്സിലപ്പോഴും ചെമ്പകം നിറുത്താതെ നൃത്തം ചെയ്യൂകയായിരുന്നു..
അവിടുത്തെ പ്രധാനി രാഗവേന്ദ്രൻ മുതലാളിയുടെ മകളാണ് ചെമ്പകം. നന്ദന്റെ കൂട്ടുകാരനും മുതലാളിയുടെ ഗുണ്ടകളിലൊരാളുമായ പപ്പനിലൂടെയാണ് അക്കാര്യം നന്ദൻ അറിയുന്നത്. മുതലാളിക്ക് പലസ്ഥലങ്ങളിലും ഏക്കറുകണക്കിന് റബ്ബർ തോട്ടവും കുരുമുളക് തോട്ടവും
തേയിലത്തോട്ടവുമൊക്കെയുണ്ട്.അവിടെയൊക്കെഅയാൾക്ക് ഓരോ ഭാര്യമാരും പിന്നെ കുറെയേറെ ഗുണ്ടകളും ഉണ്ടെന്നാണ് നാട്ട് സംസാരം..മകളായ ചെമ്പകത്തെ തമിഴ്നാട്ടിലുള്ള ഏതോ ഭാര്യ മരിച്ചപ്പോൾ കൂടെ കൊണ്ടുവന്നതാണെന്നാ കേട്ടത്..
സ്വന്തമായിതന്നെ മുതലാളിക്ക് അവിടെയൊരു സിനിമാ കൊട്ടകയും ഉണ്ടായിരുന്നൂ. കൊട്ടകയിൽ ബ്ലൂഫിലിം പ്രദർശനം തകൃതിയായി നടക്കുന്നുണ്ടെന്നാണ് കേട്ടറിവ്.
അതുകൊണ്ടായിരിക്കണം അങ്ങു സിറ്റിയിൽനിന്നുവരെ ആൾക്കാർ കൊട്ടകയിലേക്ക് വരുന്നത് കാണാമായിരുന്നു..
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ചെമ്പകത്തെ ഡാൻസ് പഠിപ്പിക്കുന്നതെന്നാണ് പപ്പൻ പറഞ്ഞത്..
അവിടെയാണെങ്കിൽ ആകെയുള്ള ഡാൻസ് ടീച്ചറിന്റെ വീട് നന്ദന്റെ വീട്കഴിഞ്ഞു കുറച്ചുകൂടി അപ്പുറത്തുമാണ്.അതുകൊണ്ട്
അതുവഴിക്ക് മാത്രമേ ചെമ്പകത്തിന് ഡാൻസ് പഠിക്കാൻ പോകാൻ കഴിയുമായിരുന്നുള്ളൂ....
എന്തായാലും നന്ദന്റെ മനസ്സിലെ ആഗ്രഹം അങ്ങനെയങ്ങു വിട്ട്കളയാൻ അവന്റെ മനസ്സ് അനുവദിച്ചില്ല..'ഗുണ്ടകളെങ്കിൽ ഗുണ്ടകള് നേരിടുക തന്നെ'-ചോര തിളയ്ക്കുന്ന പ്രായമല്ലേ
അങ്ങനെ വിചാരിച്ചില്ലെങ്കിലല്ലേ അതിശയം.!
എന്നും അവളുടെ വരവുംപോക്കും അവൻ വീട്ടമുറ്റത്തുനിന്ന് നോക്കി കാണാറുണ്ട്. നോട്ടവും ഇടയ്ക് ചൂളമടിയും സ്ഥിരമായപ്പോൾ അവളും അവനെ നോക്കിതുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം നന്ദൻ രണ്ടുംകല്പിച്ച് തന്റെ സൈക്കിളുമെടുത്തു അവളുടെ പിന്നാലെ പോയി,..വഴിയിൽ ആരുമില്ലാത്ത തക്കംനോക്കി അവളുടെ പേരും മറ്റും ചോദിച്ചു വശമാക്കി..
അവന്റെ ആദ്യ ചോദ്യത്തിൽതന്നെ അവള് പേടിച്ചിട്ടെന്നോണം തന്റെ പേരു പറഞ്ഞുപോയി. 'ചെമ്പകം' അതവളു പറയുമ്പോൾ നന്ദന്റെയുള്ളിലുണ്ടായ വികാരം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു..
പിന്നെ ഓരോന്ന് ചോദിച്ചും പറഞ്ഞും
പതുക്കെപതുക്കെ അവളുമായി അടുത്തു..പിന്നെ ഒന്നിച്ചായി അതുവഴിയുള്ള അവരുടെ യാത്രകൾ.
അപ്പോഴേയ്ക്കും നാട്ടുകാരും അവരെക്കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങിയിരുന്നു... അങ്ങനെ കാര്യങ്ങൾ തുടരവേയാണ് അത് സംഭവിച്ചത്..!
നാട്ടുവഴിയിലെ ഒരു വേലിപ്പടർപ്പിനുള്ളിൽ നിന്ന രാഗവേന്ദ്രൻ മുതലാളിയുടെ ശിങ്കിടിയെ അവർ കണ്ടതേയില്ല.കാരണം അവർ സ്ഥിരമായി സന്ധിക്കാറുണ്ടായിരുന്ന സ്ഥലമായതുകൊണ്ടും ആരും തന്നെ ആ സമയത്ത് അവിടേയ്ക്ക് വരാറില്ലെന്നുള്ള ധൈര്യവും.. -എല്ലാം മറന്ന് 'ചുണ്ടോട് ചുണ്ടുകൾ ചേർത്ത് വാരിപ്പുണർന്നു നിന്ന' നന്ദനെയും ചെമ്പകത്തെയും അയാൾ കയ്യോടെ പിടികൂടി-കൂടാതെ അയാൾ ആ വിവരം മുതലാളിയെ കൃത്യമായി അറിയിക്കുകയും ചെയ്തു..
പിറ്റേന്ന് നേരം വെളുത്തപ്പോൾ ഒരു ജീപ്പിന്റെ സഡൻബ്രേക്കിന്റെ ശബ്‌ദമാണ് നന്ദനെ അവന്റെ ഉറക്കത്തിൽ നിന്നുണർത്തിയത്..ജനലിലൂടെ അവൻ പുറത്തേക്ക്നോക്കുമ്പോൾ ഒരു വലിയ വെട്ടുകത്തിയുമായി രാഗവേന്ദ്രൻ മുതലാളിയും കുറെ ശിങ്കിടികളും വീട്ടുമുറ്റത്ത്‌..അച്ഛൻ അവരോട് തിരികെ എന്തൊക്കെയോ കയർത്തു സംസാരിക്കുന്നു.പുറത്തേയ്ക്കിറങ്ങാൻ
വാതിൽക്കലെത്തിയപ്പോഴാണ് അത് പുറത്ത്നിന്നും പൂട്ടിയിരിക്കുന്ന കാര്യമറിയുന്നത്..അച്ഛൻ നേരത്തെ അയാളുടെ
കൊട്ടകയിൽ ജോലിചെയ്തിരുന്നു. അത് കൊണ്ടായിരിക്കണം,കുറച്ചുനേരം കഴിഞ്ഞപ്പോൾ സംഭവം ശാന്തമായി.വന്നവർ തിരികെപ്പോയി.
വാതിൽ തുറന്നുതന്ന് പുറത്തിറങ്ങുമ്പോൾ ആരുംതന്നെ നന്ദനോട് ഒരക്ഷരവും അതിനെക്കുറിച്ച് സംസാരിച്ചില്ല. അവനെന്തൊക്കെയോ മനസ്സിൽ തോന്നിയെങ്കിലും ഒന്നുംതന്നെ പുറത്ത് കാണിച്ചില്ല..ആരോടും ചോദിക്കാനും പോയില്ല..
അടുത്ത ദിവസങ്ങളിലൊക്കെ പതിവുപോലെ അവൻ വഴിവക്കിൽ ചെമ്പകത്തെ കാത്തുനിന്നു...പക്ഷെ നിരാശയായിരുന്നു ഫലം പപ്പനെ അന്വേഷിച്ചെങ്കിലും അവനെയും കണ്ടുകിട്ടിയില്ല..
ഒരാഴ്ച്ച കഴിഞ്ഞാണ് ആ നടുക്കുന്ന വാർത്ത അവന്റെ കാതിലെത്തിയത് അതും പപ്പനിൽ നിന്നുതന്നെ..
അവരൊക്കെക്കൂടി തമിഴ്നാട്ടിൽ, അതായത് ചെമ്പകത്തിന്റെ സ്വന്തം ഊരിൽ അവളെയും കൂട്ടി പോയിരുന്നൂവെന്നും,രാഗവേന്ദ്രൻ മുതലാളി അവിടെയുള്ള അവളുടെ മുറൈമാമനുമായി ചെമ്പകത്തിന്റെ കല്യാണവും നടത്തിയെന്നുമുള്ളസത്യം..! നന്ദൻ അതുകേട്ട് തകർന്ന് നിന്നു...
പിന്നെ കുറച്ചുകാലം നന്ദൻ ദുഃഖിതനായി താടിവളർത്തി അവിടെയൊക്കെ കറങ്ങി നടന്നെങ്കിലും പതുക്കെപ്പതുക്കെ അവൻ ജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു..
മാത്രവുമല്ല കൂട്ടുകാരെല്ലാംതന്നെ ഒരേ അഭിപ്രായമാണ് അവനോട് പറഞ്ഞത്..'നീയവളെ രക്ഷപ്പെടുത്തുകയായിരുന്നു..'
'നീ ചെയ്തത് വളരെ നല്ലൊരു കാര്യമാണ് നീയില്ലാതിരുന്നൂവെങ്കിൽ രാഗവേന്ദ്രൻ മുതലാളി സിനിമാ അഭിനയിപ്പിക്കാനാണെന്ന വ്യാജേന ചെമ്പകത്തിന്റെ ബ്ലൂഫിലിം നിർമ്മിച്ചു അയാളുടെ തീയേറ്ററിൽതന്നെ പ്രദർശിപ്പിച്ചേനേ..'
നീ കാരണം അവൾക്കൊരു നല്ല ജീവിതം കിട്ടീയെന്ന് സമാധാനിക്കുക..' അവസാനം അങ്ങനെതന്നെ ആശ്വസിക്കാനാണ് നന്ദനും തോന്നിയത്...കാരണം പപ്പനും അത് ശരിവയ്ക്കുകയായിരുന്നു.
പിന്നെയൊരിക്കൽ പപ്പൻ മുതലാളിയുടെകൂടെ തമിഴ്നാട്ടിലുള്ള തോട്ടത്തിൽ പോയിവന്നപ്പോൾ,
ചെമ്പകത്തെ കണ്ടെന്നും അവൾ ഒരു കുട്ടിയുടെ അമ്മയായെന്നും സുഖമായിരിക്കുന്നുവെന്നും നന്ദനോട് പറഞ്ഞു.
നന്ദന്റെ ഓർമ്മകളെ വകഞ്ഞുമാറ്റി ഒരു ജീപ്പിന്റെ ഇരമ്പുന്ന ശബ്ദം അവിടേയ്ക്ക് പാഞ്ഞുവന്നു.. അതൊരു പോലീസ് ജീപ്പായിരുന്നു.അതിലൊരു പോലീസുകാരൻ നന്ദന്റെ മുന്നിലേയ്ക്ക് ചാടിയിറങ്ങി അവന്റെ മുഖത്തേയ്ക്ക് ടോർച്ചടിച്ചു..എന്നിട്ട് ചോദിച്ചു 'എന്തിനാടോ ഇവിടെ ഇരിക്കുന്നെ, ഇവിടെ ഈ അസമയത്ത്‌ ആരും ഇരിക്കാൻ പാടില്ലന്നറിഞ്ഞൂ.. പിന്നെ തെറിയായിരുന്നൂ അയാളുടെ വായിൽ നിന്ന് വന്നത്..
അപ്പോഴാണ് നന്ദന് ശരിക്കും ബോധംവന്നത്.. അയാൾ വാച്ചിലേക്ക് നോക്കി.നേരം ഒത്തിരി വൈകിയിരിക്കുന്നു....ഓർമ്മപ്പെയ്ത്തിൽ കാണാക്കയങ്ങളിലേക്ക് ഒഴുകിപ്പോയ തന്റെ മനസ്സും തിരികെപ്പിടിച്ചവൻ താൻ താമസിക്കുന്ന ലോഡ്‌ജ്‌ ലക്ഷ്യമാക്കി പതിയെ നടന്നു...
നടക്കുമ്പോഴും നന്ദന്റെ ചിന്ത ചെമ്പകത്തെ കുറിച്ചായിരുന്നു..ഇത്രയും വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..
ഈ മഞ്ഞു പൊഴിയുന്ന തണുത്ത സായാഹ്‌നത്തിനും അവളുടെ മനസ്സിന്റെ വിഹ്വലതയെ തണുപ്പിക്കുവാനുള്ള ശക്തിയില്ലായിരുന്നോ...
അതുകൊണ്ടല്ലേ അവൾ അങ്ങനെ ചെയ്തത്. അത്രമേൽ ഇഷ്ടപ്പെട്ടവർക്ക് മാത്രമല്ലേ അതുപോലെ വെറുക്കാനും കഴിയൂ അല്ലേ...
അതെ അവളുടെ പുറകേ ചുറ്റിപ്പറ്റി നടന്ന് അവളുടെ മനസ്സിനെയും കട്ടെടുടുത്തു കാണാമറയത്തേക്ക് ഒളിച്ചോടിപ്പോയ ഈ നന്ദനോട്..ഇന്നും ഒറ്റയാനായി ജീവിക്കുന്ന അവളുടെ നന്ദേട്ടനോട് വെറുപ്പായിരിക്കണം.അതെ വെറുപ്പ്..
-കാലത്തിന്റെ ദ്രുതഗതിയിലുള്ള പാച്ചിലിനിടയിൽ
ഒരിടത്തു വച്ചുപോലും അവർ തമ്മിൽ പിന്നെ കണ്ടതേയില്ല-
Shajith

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot