Slider

കവിയുടെ വരവും എന്റെ ബിരിയാണിയും..

0
Image may contain: Hussain Mk, closeup

രണ്ട് മൂന്ന് ദിവസം നല്ല കുശാലായിരുന്നു. കല്യാണം കൊണ്ട് അഞ്ച് കളി.
ബിരിയാണിയുടെ മേൽ ബിരിയാണി.
എന്നിട്ടും മതിവരാഞ്ഞ് സൽക്കാരത്തിന് വയ്ക്കുന്ന ബിരിയാണിയിൽ നിന്ന് അൽപമെന്തെങ്കിലും കിട്ടിയാലോ എന്ന് വിചാരിച്ചിരിക്കുമ്പഴാ കാക്ക നല്ല അസ്സല് ബിരിയാണിയുമായി പാഞ്ഞു വരുന്നത്.
സമയം 12.30.
ഇത്ര നേരത്തേ ബിരിയാണി ആയോ എന്ന സംശയത്തിൽ നിക്കുമ്പഴാ കാക്ക പറയുന്നത്.
"ഒരാൾക്കുള്ളതേയുള്ളു" എന്ന്.
കാക്കാന്റെ വീട്ടില് ഇന്നൊരു സൽക്കാരമുണ്ട്.
അടുത്ത ബന്ധുക്കളിൽ അടുത്തിടെ വിവാഹിതരായ വധൂവരന്മാരെ വിരുന്നിന് വിളിച്ചതാ..
കാക്ക എന്നേയും കാര്യമായി ക്ഷണിച്ചിരുന്നു.
കല്യാണങ്ങൾ കാരണം ഉച്ചക്ക് നിരന്തരമായി കട അടയ്ക്കേണ്ടി വരുന്നതിനാൽ ഭക്ഷണം കടയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.
കേട്ടപാതി കേൾക്കാത്ത പാതി കാക്ക അത് സമ്മതിച്ചു.
കാരണം ഞാൻ കാക്കാന്റെ വീട്ടിലേക്ക് പോയാൽ ഒരു പക്ഷേ വീട്ടുകാർക്ക് തികഞ്ഞില്ലെങ്കിലോ എന്ന് കാക്ക സംശയിച്ചു കാണണം.
അമ്മാതിരി തീറ്റയാണ് ഈ എളിയവനായ ഞാൻ ഇടക്കാലത്ത് തിന്നു കൂട്ടിയത്.
അതു കൊണ്ട് ഒരു പാത്രത്തിലാക്കി കൊണ്ട് വന്നാൽ പിന്നെ വീട്ടിലെ കാര്യം സുരക്ഷിതമാണല്ലൊ.. കാക്കാന്റെ ഒരു ഒടുക്കത്തെ ബുദ്ധി..?
കാക്ക കൊണ്ട് വന്ന ബിരിയാണിപ്പൊതി ആദ്യം ഒന്നു തുറന്ന് നോക്കി..
ഹാവൂ ..! എന്തൊരു മണമാi..
ആ ഒരൊറ്റ ഗന്ധത്തിലൂടെ തന്നെ വിശപ്പിന്റെ സകല ഗ്രന്ഥികളും ഉണർന്നെണീറ്റു.
അപ്പോഴാണ് കടയിലേക്ക് ഒന്ന് രണ്ട് അലവലാദി ബംഗാളികൾ കടന്ന് വരുന്നത്.പുതിയ ആളുകളാ.
അവർ "ലങ്ക" എന്ന് ചോദിച്ചത് കേട്ടു.
ഞാനാണെങ്കിലോ ബിരിയാണിയുടെ മണത്തിൽ ലയിച്ച് ആകെ സമനില തെറ്റി നിൽക്കുമ്പഴാ അവരുടെ ഒരു ലങ്ക.
അപ്പോഴാണ് കടയിലേക്കുള്ള പച്ചക്കറിയുമായ് ആപ്പ വണ്ടിവന്ന് നിന്നത്.
വണ്ടിക്കാരന് ഭയങ്കര ധൃതിയായതിനാൽ സാധനങ്ങളൊക്കെ റോഡ് സൈഡിൽ ത്തന്നെ ഇറക്കി വച്ചു.
അവന്റെയൊരു ധൃതി.. ഒരു പക്ഷേ അവനും ബിരിയാണിക്ക് വേണ്ടി.....
ഹൊ i ബിരിയാണിയെ പറ്റി ചിന്തിക്കാൻ കൂടി വയ്യ.. അപ്പോഴേക്കും വിശപ്പ്....?
ഒരു ഭാഗത്ത് ബിരിയാണി മണം വീശിക്കൊണ്ടിരിക്കുന്നു.
ഒരു ഭാഗത്ത് ബംഗാളികളുടെ ലങ്ക.
പുറത്താണെങ്കിലോ പച്ചക്കറി.
ഇതിനിടയിൽ കിടന്ന് ഞാൻ ഉഴറുകയാണ് സുഹൃത്തുക്കളെ...ഉഴറുകയാണ്.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. പച്ചക്കറി കെട്ടുകൾക്കടുത്ത് ഒരജ്ഞാതൻനിൽക്കുന്നു.
പടച്ചോനേ,, പച്ചക്കറി മോഷ്ടാവോ മറ്റോ ആണോ..
തൽക്കാലം ഞാൻ ബിരിയാണി മറന്നു പച്ചക്കറികളുടെ അടുത്തേക്ക് ഓടി.
ഞാൻ പച്ചക്കറിയുടെ അടുത്തെത്തിയതും ആളൊന്നു തിരിഞ്ഞു.
എവിടെയോ കണ്ട മുഖം.
മുഖത്ത് ഒരു കണ്ണടയുണ്ട്.കാവി മുണ്ടും ഒരു നീല ഷർട്ടും.
ഷർട്ടിന്റെ മുകളിലെ ബട്ടൻസ് ഇട്ടിട്ടില്ല..
വായിൽ മുറുക്കാനുണ്ടായിരുന്നോ എന്നൊരു സംശയം?
അപ്പോഴാണ് ഷൗക്കത്ത് മയ് തീന്റെ ഒരു കഥയിലെ ഒരു കവിയുടെ വായിൽ നിന്ന് മുറുക്കാൻ പുറത്തേക്ക് തെറിച്ച സംഭവം ഓർമ്മ വന്നത്..
പുടികിട്ടി.. സംഭവം അത് തന്നെ. ദ് ദത് തന്നെ...
കവി....
ഞാൻ വേഗം പച്ചക്കറി പേക്കറ്റുകൾ എടുത്ത് കടയിൽ കൊണ്ടുവയ്ക്കാൻ നിൽക്കവെ കവി ഒരു ചോദ്യം?
"ബിരിയാണിയല്ലെ" ന്ന്..
ബിരിയാണി എന്ന് കേട്ടപ്പോഴേക്കും എന്റെ അവസ്ഥ ആകെ മാറി.
കവിയുടെ മുഖത്തേക്ക് നോക്കി ഞാനൊന്നു ചിരിച്ചു (ഇളിച്ചു) കഴിഞ്ഞപ്പോഴേക്കും എന്റെ കയ്യിലുള്ള പച്ചക്കറി കവിയുടെ കയ്യിലേക്ക് അറിയാതെ കൈമാറിയിരുന്നു.
ഏതായാലും കവി അത് ലൈക്കും കമന്റും വാങ്ങുന്ന സന്തോഷത്തോടെ എന്റെ കൈയിൽ നിന്നും വാങ്ങി വേഗത്തിൽ അകത്തേക്ക് വച്ചുപിടിച്ചു.
പെട്ടെന്നാണ് ഞാൻ അപകടം മണത്തത്.
കവി കടയ്ക്കകത്തേക്ക് പോയാൽ ബിരിയാണി മണക്കും..
കവിയാണെങ്കിലോ ബിരിയാണിക്ക് ആർത്തി മൂത്ത് നടക്കുകയാണ് താനും.
ബിരിയാണി അഥവാ കണ്ടാൽ പിന്നെ കവിക്കും കൊടുക്കേണ്ടി വരും.
ആകെ ഒരാൾക്കുള്ളതല്ലെ ഉള്ളു.
ഞാൻ ഓടിച്ചെന്ന് കവിയുടെ കയ്യിൽ നിന്ന് പച്ചക്കറികൾ വാങ്ങി തട്ടിലേക്ക് കയറ്റിവച്ചു.
കവിയോട് അവിടത്തന്നെ ഇരിക്കാൻ പറഞ്ഞു.
പച്ചക്കറികൾക്കിടയിൽ നിന്ന് ലങ്ക കിട്ടിയ സന്തോഷത്തിലായിരുന്നു ബംഗാളികൾ.
പച്ചമുളകിനാ പഹയന്മാർ ലങ്ക എന്ന് പറഞ്ഞിരുന്നത്.
ബംഗാളികളേയും കവിയേയും വേഗം ഒഴിവാക്കിയാൽ എനിക്ക് അസ്സലായി ബിരിയാണി തട്ടാമല്ലൊ എന്നൊരു ആശ്വാസത്തിൽ ബംഗാളികൾക്ക് പച്ചമുളക് തൂക്കിക്കൊടുത്തു അവരെ പറഞ്ഞയച്ചു.
ശേഷം കവിയെ യാത്രയാക്കാൻ വേണ്ടി തിരിഞ്ഞതാ... കവിയെ കാണാനില്ല...
കവിയതാ മുറുക്കാൻ വായ ഹാൻഡ് വാഷിൽ വൃത്തിയാക്കുന്നു.
എന്റെ നെഞ്ചൊന്നു കാളി.. എന്റെ ബിരിയാണി.......?
ഹൊ! സമാധാനമായി. ബിരിയാണിപ്പൊതി അവിടത്തന്നെയുണ്ട്...
കവി പൊതി കണ്ടിട്ടില്ല..
അങ്ങിനെ നിറഞ്ഞ പുഞ്ചിരിയോട് കൂടി .ഞാൻ കവിയെ യാത്രയാക്കി..
ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ.
കവി കവിയുടെ മുറുക്കാൻ പൊതിയും കൈയിലെടുത്തു പോകുന്ന പോക്കൊന്നു കാണേണ്ടതു തന്നെയായിരുന്നു.
ഞാൻ വേഗം ഓടിച്ചെന്ന് ബിരിയാണിപ്പൊതിയെടുത്തു തുറന്നു നോക്കി.
പൊതിയിൽ ബിരിയാണി കാണാനില്ല. പകരം മുറുക്കാനാ... വലിയ ഒരു കെട്ട് നാടൻ കണ്ണി വെറ്റില....
കവി പറ്റിച്ചല്ലൊ...
കവിയുടെ മുറുക്കാൻ പൊതി അവിടെ വച്ച് ബിരിയാണിപ്പൊതിയുമായ് കവി സ്ഥലം വിട്ടിരിക്കുന്നു.
ഹതാശയനാണ് ഞാൻ ഹതാശയൻ.. ഈ കവിയുടെ മുമ്പിലും ഞാൻ പരാജയപ്പെട്ടുസൂർത്തുക്കളേ പരാജയപ്പെട്ടു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo