നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കണ്ണുകൾ



ഇയാളെന്താ പെണ്ണുങ്ങളെ കാണാത്തപോലെ നോക്കുന്നത്..."
അവളുടെ മുഖം ലജ്ഞയും കോപവും കൂടി സമ്മിശ്രമായി കലർന്നിരുന്നു.
"ടോ ഇയാളോടാ ചോദിച്ചത്..വീട്ടിൽ അമ്മയും പെങ്ങളും ഇല്ലയോന്ന്..."
ഞാൻ പിന്നെയും അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്റെ നോട്ടം അവളിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കും..
"പക്ഷേ ഈ മുഖം എവിടെയോ കണ്ടുമറന്നത് പോലെയൊരു തോന്നൽ.. ചിന്തിച്ചിട്ട് എവിടെയാണെന്ന് മാത്രമെനിക്ക് പിടി കിട്ടുന്നില്ല.."
അവളീ പ്രാവശ്യം ഉറക്കെ അലറിയതിനാൽ സിനിമാ തിയേറ്ററിൽ ടിക്കറ്റിനായി നിന്നവർ എനിക്കു ചുറ്റും വട്ടം കൂടിയത്...
"തനിക്കെന്തിന്റെ കേടാ...അതൊരു വിവാഹം കഴിഞ്ഞ കുട്ടിയല്ലേ..ആണുങ്ങളുടെ വിലകളയാനായിട്ട് ഇവനൊക്കെ ഇറങ്ങുമല്ലോ..."
ആൾക്കർ ശകാരവർഷങ്ങൾ ചൊരിഞ്ഞപ്പോഴും അവളുടെ മുഖത്ത് തന്നെയായിരുന്നു എന്റെ കണ്ണുകൾ..
ഓർമ്മകൾ മനസ്സിലെവിടെയൊ ചൂളം വിളിച്ചു തുടങ്ങി. പക്ഷേ ഈ മുഖം മാത്രം ഓർമ്മയിൽ തെളിയുന്നില്ല.എനിക്കൊരുപാട് പരിചിതമാണ് ആ കണ്ണുകൾ...
ഭർത്താവ് ടിക്കറ്റുമായി അവളുടെ അടുത്തേക്ക് വന്നു.എന്നെ സൂക്ഷിച്ചു നോക്കിയട്ട് അവളോട് എന്തെക്കയൊ അടക്കം പറയുന്നുണ്ട്. ഇടക്കിടെ അവരെന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ട്...
ഞാൻ വാച്ചിൽ ടൈം നോക്കി.സിനിമാ തുടങ്ങാനുള്ള സമയമായി.അവർ അകത്ത് കയറി കഴിഞ്ഞു.എനിക്ക് സിനിമാ കാണാനുള്ള മൂഡ് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയെന്തു ചെയ്യണമെന്നറിയില്ലെങ്കിലും മനസ്സിനു പ്രിയപ്പെട്ടയാ കണ്ണുകൾ ഒരിക്കൽ കൂടി കാണാൻ കൊതിച്ചു.രണ്ടര മണിക്കൂർ തിയേറ്ററിനു വെളിയിൽ അക്ഷമനായി ഞാൻ കഴിച്ചുകൂട്ടി...
വലിച്ച സിഗരറ്റുകൾക്ക് എണ്ണമില്ലായിരുന്നു.സമയം കടന്നു പോകുന്നില്ല.തെക്ക് വടക്കു നടന്നു.കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ട കണ്ണുകളുടെ ഉടമയെ വലിയ തിരക്കിനിടയിലും ഞാൻ കണ്ടുപിടിച്ചു. അവർ കയറിയ ആക്ടീവയുടെ പിന്നാലെ എന്റെ സന്തതസഹചാരിയായ ബുളളറ്റ് എന്നെയുംകൊണ്ട് ഒരുനിശ്ചിത അകലമിട്ട് അവരു പിന്നാലെകൂടി....
ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം അവൾ ശ്രദ്ധിച്ചതിനാലാകാം പിന്തിരിഞ്ഞു നോക്കിയത്.ബുള്ളറ്റിന്റെ മുകളിൽ ഞാനായതിനാൽ വെറുപ്പിലവൾ മുഖം തിരിച്ചു.മുമ്പോട്ടാഞ്ഞ് ഭർത്താവിന്റെ ചെവിയിലെന്തോ ഓതിക്കൊടുക്കുന്നു....
"ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല.അവളുടെ വീടും സ്ഥലവും അറിയണമെന്ന കൗതുകമെന്നിൽ വർദ്ധിച്ചു കൊണ്ടിരുന്നു. വല്ലാത്തൊരാവേശത്തോടെ ബുളളറ്റിനു ഞാൻ സ്പീഡ് കൂട്ടി.കാരണം എന്നെ കണ്ടതിനാൽ ബൈക്കിനു അവരും സ്പീഡ് കിട്ടിയിരുന്നു...
മാവേലിക്കരയിൽ നിന്ന് ളാഹാമുക്ക് കഴിഞ്ഞു മുള്ളിക്കുളങ്ങര ഭാഗത്തേക്കാണ് അവർ കയറിയ ആക്ടീവ പോയത്.മുള്ളിക്കുളങ്ങര ക്ഷേത്രത്തിനു കുറച്ചു തെക്കുമാറി സിനിമാ നടൻ നരേന്ദ്രപ്രാസാദിന്റെ തറവാടിനു എതിർവശത്തായി വാർത്തകെട്ടിടത്തിന്റെ ഗേറ്റിനു മുമ്പിൽ ആക്ടീവ നിന്നു...
അവർ അകത്ത് കയറുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.നിശ്ചിത അകലമിട്ട ബുളളറ്റ് ഞാൻ പതിയെ തിരിക്കാൻ ശ്രമിച്ചു.. പെട്ടന്നാണൊരു നിലവിളി അവിടെ മുഴങ്ങിയത്....
എനിക്ക് പ്രിയപ്പെട്ട കണ്ണുകളുടെ ഉടമയുടെ മുഖത്ത് ഭർത്താവിന്റെ കൈകൾ ആഞ്ഞു പതിക്കുന്നു. കൂടെയവളുടെ നിലവിളി ശബ്ദവും...
" കാണുന്ന ആണുങ്ങളോട് ചിരിച്ചു കാണിക്കുന്നതിനാലല്ലേടീ ഓരോ അവന്മാർ നിന്റെ പിന്നാലെ ചുറ്റിക്കറങ്ങുന്നത്..."
അവളുടെ കണ്ണുനീർ എന്റെ ഹൃദയത്തിലാണ് പതിച്ചത്.ഞാൻ ഓടിച്ചെന്ന് അയാളുടെ കയ്യിൽ കടന്നുപിടിച്ചു...
"ഇനിയവരെ തല്ലരുത്.നിങ്ങളുടെ ഭാര്യ ഒരുതെറ്റും ചെയ്തട്ടില്ല..."
"എന്റെ ഭാര്യയെ തല്ലരുതെന്ന് പറയാൻ നീയാരാടാ..അവളുടെ കാമുകനോ..."
അയാളുടെ ആക്രോശത്തിനു ശക്തി കൂടിയതോടെ അയൽക്കാരും വഴിപോക്കരും ഞങ്ങളുടെ ചുറ്റിനും കൂടി.എല്ലാവരോടും കാര്യങ്ങൾ മുഴുവനും വിശദീകരിച്ചത് അവളുടെ ഭർത്താവ് ആയിരുന്നു...
"സിനിമാ തിയേറ്ററിൽ നിന്നും ഇവൻ ഇവളുടെ പിന്നാലെയുണ്ട്..ഇവളുടെ കാമുകൻ ആയിരിക്കും.. ഇവൾ പറഞ്ഞിട്ട് വന്നതാണ്...."
കാഴ്ചയിൽ മാന്യനെന്ന് കരുതിയ അവരുടെ ഭർത്താവിൽ നിന്ന് സംശയത്തിന്റെ കാളകൂട സർപ്പം വിഷം ചീറ്റുന്നത് കണ്ടു ഞാൻ ശരിക്കും ഭയന്നുപോയി.കൂടെ നിഴൽ പോലെ സഞ്ചരിക്കുന്നവളെ ഒരിക്കലും ഭർത്താവ് ഇങ്ങനെ സംശയിക്കരുത്.എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ബെഡ് റൂമിലാകാമല്ലോ.എല്ലാവർക്കും മുമ്പിൽ മാതൃകാദമ്പതികളായി അഭിനയിക്കാൻ മാത്രമേ ഇവർക്ക് കഴിയൂ....
"താനെന്തിനാടോ ഇവർക്ക് ചുറ്റിനും കിടന്ന് വട്ടം കറങ്ങുന്നത്..."
ചിലർ സദാചാരപ്പോലീസായി..
"ചിലവന്മാർ ഇങ്ങനാ നല്ല രീതിയിൽ ജീവിക്കുന്ന പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ ഇറങ്ങും ഓരോന്നും ശവങ്ങൾ..."
ആൾക്കൂട്ടത്തിൽ ചിലർ എന്നോടും കാര്യങ്ങൾ തിരക്കി...
"ചേട്ടാ അവരുടെ മുഖം ഓർമ്മയിൽ എവിടെയോ മറന്നു പോയതുപോലെ..അതാണ് പിന്നാലെ ഇറങ്ങിയത്. അല്ലാതെ അവരെ വലവീശിപ്പിടിക്കാനൊന്നുമല്ല..."
എന്റെ മറുപടി പലർക്കുമൊരു ചിരിയായിരുന്നു....
"ചേട്ടാ വല്ലവന്മാരും പിന്നാലെ കറങ്ങുന്നതിനു സ്വന്തം ഭാര്യയെ അവിശ്വസിക്കുന്നതും പരസ്യമായി തല്ലുന്നതും തെറ്റാണ്...."
"എന്റെ ഭർത്താവ് എന്നെ തല്ലും കൊല്ലും.അതിനു ഇയാൾക്കെന്താ.നിങ്ങൾ ഒരാൾ കാരണമാണ് ചെയ്യാത്ത തെറ്റിനു ഞാൻ എല്ലാവർക്കും മുമ്പിൽ നാണം കെട്ടത്.ദയവായി നിങ്ങൾ ഒന്ന് പോയിത്തരുവോ....."
മനസ്സ് നീറിയവൾ പൊട്ടിക്കരഞ്ഞതോടെ ഞാൻ അവിടെ നിന്ന് പിന്തിരിഞ്ഞു ബുളറ്റോടിച്ച് വീട്ടിലേക്ക് മടങ്ങി...
"ച്ഛെ...വേണ്ടിയിരുന്നില്ല.ഞാൻ കാരണമൊരു പെൺകുട്ടി ഇന്ന് തെറ്റുകാരിയായി...."
എന്റെ മനസ്സിൽ കുറ്റബോധം നിഴലിച്ചു.വീട്ടിൽ ചെല്ലുമ്പോൾ എന്റെയമ്മ എനിക്കായി കാത്തിരിപ്പുണ്ട്....
"എവിടായിരുന്നു നീയിത്രനേരം.ബുള്ളറ്റിൽ ഒറ്റക്കെങ്ങും പോകരുതെന്ന് ഞാൻ പറഞ്ഞട്ടില്ലേ.നന്നായി റെസ്റ്റ് എടുക്കണമെന്നല്ലെ ഡോക്ടർ പറഞ്ഞിരിക്കുന്നത്.എനിക്ക് നീ മാത്രമേയുള്ളൂ മോനേ..."
അമ്മ കരഞ്ഞുകൊണ്ട് എന്നെ ആലിംഗനം ചെയ്തു...
"ഈശ്വരൻ അത്ര ക്രൂരനൊന്നുമല്ല അമ്മേ.അത്രയും പെട്ടന്നൊന്നും ഞാൻ അമ്മയെ വിട്ടുപോകില്ല..."
അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
"അമ്മ ഭക്ഷണമെടുത്ത് വെയ്ക്കൂ..എനിക്ക് നന്നായി വിശക്കുന്നു...."
അമ്മ ഭക്ഷണം വിളമ്പാൻ അടുക്കളയിലേക്ക് പോയി.അപ്പോഴും എന്റെ മനസ്സിൽ വിടർന്ന ആ വലിയ കണ്ണുകൾ ആയിരുന്നു...
അമ്മയും ഞാനും ഭക്ഷണം കഴിച്ചു.ഒരുഗ്ലാസിൽ ചൂടുവെളളവും വ്യത്യസ്തമായ കുറച്ചു ടാബലറ്റുമായി വന്നു..
"ഇത് കഴിക്കൂ മോനേ..."
"അമ്മേ ഗുളിക കഴിച്ചു ഞാൻ മടുത്തു..."
"എന്റെ കുഞ്ഞിന്റെ അസുഖം പൂർണ്ണമായും ഭേദമാകണ്ടേ.കുറച്ചുനാൾക്കൂടി കഴിച്ചാൽ മതി..."
അമ്മയുടെ സ്നേഹത്തിനു മുമ്പിൽ ഞാൻ അനുസരണയുള്ള കുട്ടിയായി മാറി.ഇന്നത്തെ സംഭവങ്ങൾ മുഴുവനും ഞാൻ അമ്മയോട് പറഞ്ഞു. അമ്മ ഇടക്കിടെ ഞെട്ടുന്നത് ഞാൻ വ്യക്തമായി അറിഞ്ഞു...
"എന്തുപറ്റിയമ്മേ...."
"ഒന്നുമില്ലെടാ കുട്ടാ...."
അമ്മ പറഞ്ഞു ആശ്വസിപ്പിക്കുമ്പഴും ഒരുതുള്ളി കണ്ണുനീരിറ്റ് എന്റെ മുഖത്ത് പതിച്ചു...
"എന്നെ ആ കുട്ടിയുടെ വീട്ടിലൊന്ന് കൊണ്ട് പോകാമോ...."
അമ്മയുടെ ചോദ്യം
"അമ്മേ ഇനിയവരെ ഒരിക്കലും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഞാനായിട്ട് ആരുടെയും ജീവിതം തകരരുത്....."
"സാരമില്ല.. നീയും വാ..അമ്മ പറഞ്ഞു അവരെ അനുസരിപ്പിക്കാം..."
പിന്നെ ഞാൻ മറുത്തൊന്നും പറഞ്ഞില്ല.അമ്മയുടെ ഇഷ്ടത്തിനു ഞാൻ വഴങ്ങി.കിടന്നിട്ട് അന്നുരാത്രി എനിക്ക് ഉറങ്ങാനും കഴിഞ്ഞില്ല....
"ആ കണ്ണുകൾ എന്റെ അന്തരാത്മാവിൽ എവിടെയോ ആഴ്ന്നിറങ്ങുന്നു...
പിറ്റേന്ന് കാലത്ത് തന്നെ ഞാനും അമ്മയും കൂടി അവരുടെ വീട്ടിലെത്തി. രാവിലെ ഇറങ്ങിയത് അവരെവിടെങ്കിലും പോകുന്നതിനു മുമ്പ് കാണാനായിട്ടായിരുന്നു...
വീടിന്റെ കതക് തുറന്നത് അവരുടെ ഭർത്താവ് ആയിരുന്നു. എന്നെക്കണ്ടതും അയാളുടെ ഭാവം മാറി...
" മോനേ ക്ഷമിക്കണം. എന്റെ മകൻ നിങ്ങളെ ദ്രോഹിക്കാനൊന്നും വന്നതല്ല.എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്...."
മനസ്സില്ലാ മനസ്സോടെ അയാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു...
"എനിക്ക് മോളെയൊന്ന് കാണണം.ഒന്ന് വിളിക്കാമോ..."
അമ്മ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്ത ഭാവം അയാളിൽ പ്രകടമായി. എങ്കിലും അയാൾ അകത്തേക്ക് നീട്ടിവിളിച്ചു...
"ലക്ഷമീ ഇങ്ങോട്ടൊന്ന് വന്നേ..."
അകത്തെ മുറിയിൽ നിന്ന് അയാളുടെ ഭാര്യയിറങ്ങി വന്നു.ഇന്നലെ വൈകിട്ട് അണിഞ്ഞ അതേവേഷം.കരഞ്ഞു കലങ്ങിയ കണ്ണുകൾ. രാത്രിയിൽ ഒട്ടും ഉറങ്ങീട്ടില്ലെന്ന് മുഖം കണ്ടാലറിയാം. എന്നെ കണ്ടതിനാൽ അവരുടെ മുഖം ദേഷ്യത്താൽ ചുവന്നിട്ടുണ്ട്....
അമ്മ എഴുന്നേറ്റു ചെന്ന് അവളെ അമ്മയുടെ അരുകിൽ പിടിച്ചിരുത്തി.അവളുടെ വിടർന്നു വലിയ കണ്ണുകളെ അമ്മ വേദനയോടെ നോക്കി....
"ആറുമാസം മുമ്പേ നിങ്ങളുടെ ഭാര്യയുടെ കണ്ണുകൾ മാറ്റിവെച്ചിരുന്നില്ലേ..നിങ്ങളുടെ വിവാഹത്തിനു മുമ്പ്....
" അതേ..."
അമ്മയുടെ സംസാരം അവരെയും എന്നെയും ആശ്ചര്യപ്പെടുത്തി...
"എന്റെ മോനായി പറഞ്ഞു ഉറപ്പിച്ച പെൺകുട്ടിയുടെ കണ്ണുകളായിരുന്നു.വിവാഹം ഒരുവർഷം നീട്ടിവെച്ചതിനാൽ ഇവർക്ക് കൂടുതൽ പരിചയപ്പെടാനും അടുത്ത് ഇടപെഴുകാനും കഴിഞ്ഞു. വിവാഹത്തിനു ഒരാഴ്ച മുമ്പ് ക്ഷേത്രത്തിൽ തൊഴാൻ പോയി.ബൈക്ക് ആക്സിഡന്റൽ ആ പെൺകുട്ടി റോഡിൽ തെറിച്ചു വീണു.തലക്കായിരുന്നു ഇരുവർക്കും പരിക്ക്.ഒരാഴയോളം ആശുപത്രിയിൽ കോമാ സ്റ്റേജിൽ കിടന്നെങ്കിലും അവൾ മരിച്ചു. എന്റെ മകന്റെ ഓർമ്മയും നശിച്ചു.ഇവനു വലിയ ഇഷ്ടമായിരുന്നു അവളുടെ വിടർന്ന വലിയ കണ്ണുകൾ. അന്ന് ഹോസ്പിറ്റൽ ഈ പെൺകുട്ടിയും ഉണ്ടായിരുന്നു കണ്ണുകൾ കിട്ടിയാൽ കാഴ്ച തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ..ഡോക്ടർ വിവരം അറിയിച്ചപ്പോൾ അവളിൽ കൂടി മറ്റൊരു പെൺകുട്ടിക്ക് കാഴ്ച ലഭിക്കുമെന്ന് അറിഞ്ഞതോടെ അവളുടെ മാതാപിതാക്കളും സമ്മതിച്ചു. അങ്ങനെയാണ് ഈ കുട്ടിക്ക് കണ്ണുകൾ ലഭിച്ചത്...."
അമ്മ പറഞ്ഞ വിവരങ്ങൾ എനിക്ക് പുതിയൊരു അറിവായിരുന്നു...
"ഇന്നലെ ഇവൻ വിവരം പറഞ്ഞപ്പോൾ ഡോക്ടറുമായി സംസാരിച്ചിരുന്നു.അവന്റെയുള്ളിലെ ഏക തിരിച്ചറിവായ ഈയൊരു ഓർമ്മകൊണ്ട് എന്റെ മകനെ തിരിച്ച് പഴത് പോലെ കൊണ്ട് വരാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പു നൽകി.ഇനിയൊരിക്കലും മോൻ നിങ്ങളെ തേടിവരില്ല..ക്ഷമിക്കണം...."
അമ്മ അത പറയുമ്പോൾ എന്റെ മനസ്സിൽ ആ കണ്ണുകളുടെ ഉടമയെ ഓർത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല....
"ഒരിക്കലും നിങ്ങൾ തമ്മിൽ വഴക്കിടരുത്.സംശയങ്ങൾ പറഞ്ഞു തീർക്കണം.എന്നെക്കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമിക്കണം. അമ്മ പറഞ്ഞപോലെ ഇനിയൊരിക്കലും ഞാൻ നിങ്ങൾക്ക് ശല്യമാകില്ല.....
അവരോട് യാത്രയും പറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു.ചത്തു ജീവിച്ച ഞാൻ വിടർന്ന കണ്ണുകളുളള സുന്ദരിയുടെ മുഖം അമ്മ ആദ്യമായിട്ട് അവളുടെ ഫോട്ടോ എനിക്ക് നൽകിയപ്പോൾ ഞാൻ വ്യക്തമായിക്കണ്ടു....
ഒരിക്കൽ എന്റെ പ്രിയപ്പെട്ടവളുടെ ചിരിക്കുന്നയാ മുഖം നിറഞ്ഞ ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ചു....
" ഇനിയൊരിക്കലും മറക്കാതിരിക്കാൻ....രണ്ടു തുള്ളികണ്ണുനീരും അടർന്ന് എന്നിൽ നിന്നും താഴേക്ക് പതിച്ചു.......
(Copyright protect)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot