
ലോറി സമരം കാരണം പച്ചക്കറികൾക്കുണ്ടായ വില വർദ്ധനവ് അടുക്കളയിലെ ഭാര്യയുടെ സമയം ഗണ്യമായി കുറഞ്ഞതായി കഥാകൃത്ത് മനസ്സിലാക്കി.
ഇഷ്ടഭോജനമായ സാമ്പാർ ഇതിനിടയ്ക്ക് ഒരു കല്യാണസദ്യയിൽ നിന്ന് മാത്രമാണ് ലഭിച്ചത്.
സാമ്പാറിനോടുള്ള താൽപര്യം മദ്യത്തിനോടുള്ള താൽപര്യം പോലെ ഒരു ലഹരിയായ് തന്നിൽ വളർന്നത് എപ്പോഴാണെന്നത് കഥാകൃത്തിന്റെ ചിന്തക്ക് കാരണമായി.
പച്ചക്കറികൾക്ക് വില കൂടിയതാണ് അടുക്കളയിൽ മുരിങ്ങ ഇലയുടെയും ചക്കക്കുരുവിന്റെയും സാന്നിദ്ധ്യം ശക്തമാക്കിയത്.
സാമ്പാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് വിശപ്പ് അനുഭവപ്പെടുകയും വായിൽ വെള്ളം, നിറയുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നത് കഥാകൃത്തിന് ഏറെ ചിന്തിക്കേണ്ടി വന്നില്ല..
ഒരാഴ്ച രുചിയുടെ പാത്രങ്ങൾ തന്റെ മുമ്പിൽ കാലിയായി കിടന്നത് ഒരു നഷ്ടബോധത്തോടെയാണ് കഥാകൃത്ത് ഓർത്തത്.
എന്തുകൊണ്ട് സാമ്പാർ? എന്ന ചോദ്യത്തിന് ഉത്തരം തേടി മാത്രമല്ല, സാമ്പാർ എന്ന അഭിലാഷത്തെ പുൽകാൻ കൂടിയാണ് കഥാകൃത്ത് കവലയിലേക്ക് തിരിച്ചത്.
ഇഡ്ഡലിയും സാമ്പാറും കഴിച്ച് നിർവൃതി പൂണ്ടെങ്കിലും എന്തുകൊണ്ട് സാമ്പാർ എന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല.
'എന്തുകൊണ്ട് സാമ്പാർ ' എന്നതിനെ 'സാമ്പാർ എന്തുകൊണ്ട്' എന്ന് തിരിച്ചിട്ടാൽ ചിലപ്പോൾ ഉത്തരം കിട്ടിയേക്കും എന്ന് കഥാകൃത്ത് ചിന്തിച്ചതിൽ അൽഭുതമില്ല.
കാരണം വാക്കുകളുടെ പദവിന്യാസങ്ങളിലെ പ്രത്യേകതകളിലാണ് ഒരു കഥാകൃത്തിന്റെ വ്യതിരിക്തത നിലകൊള്ളുന്നതെന്ന് കഥാകൃത്തിന് നന്നായറിയാം.
കാരണം വാക്കുകളുടെ പദവിന്യാസങ്ങളിലെ പ്രത്യേകതകളിലാണ് ഒരു കഥാകൃത്തിന്റെ വ്യതിരിക്തത നിലകൊള്ളുന്നതെന്ന് കഥാകൃത്തിന് നന്നായറിയാം.
ആശയങ്ങളുടെ ബാഹുല്യമോ ആശയങ്ങളുടെ വൈവിധ്യമോ അല്ല അത് പകർത്തുന്നതിലെ തന്മയത്വമാണ് കഥാകൃത്തിന്റെ വിജയപരാജയങ്ങളെ നിയന്ത്രിക്കുന്നത്.
അതു കൊണ്ട് സാമ്പാർ എന്തുകൊണ്ട് എന്നിടത്ത് ചിന്തയെ മേയാൻ വിട്ട് കഥാകൃത്ത് നടക്കാൻ തുടങ്ങി.
സാമ്പാറിന്റെ ഘടകങ്ങൾ മനസ്സിൽ വേർതിരിക്കുമ്പോൾ വിരലുകൾ പ്രത്യേകരീതിയിൽ ചലിച്ചത് കഥാകൃത്തിന് മനസ്സിലായില്ലെങ്കിലും നാട്ടുകാർക്ക് മനസ്സിലായതാണ് ഇന്നത്തെ സായാഹ്ന ചർച്ചകൾക്ക് ഒരു വിഷയമായത്.
ഒരു കഥാകൃത്തിന്റെ അവസ്ഥാവിശേഷങ്ങളെ ഒരു സാധാരണക്കാരന് മനസ്സിലാകാത്തത് കഥാകൃത്തിന്റെ കുഴപ്പമല്ലെന്നും അത് സാധാരണക്കാരന്റെ കുഴപ്പമാണെന്നും കഥാകൃത്ത് നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്.
ഒരു സമൂഹത്തിന്റെ സംസ്കാരത്തെ സ്വാധീനിക്കുന്നത് മതങ്ങളേക്കാളുപരി ഭക്ഷണ രീതികളാണെന്ന് കേരളീയ സാഹചര്യത്തിലൂടെ കഥാകൃത്ത് മുമ്പ് വിലയിരുത്തിയിട്ടുണ്ട്.
സാമ്പാറിന്റെ ഘടകങ്ങൾ എണ്ണി തിട്ടപ്പെടുത്തിയപ്പോഴേക്കും കഥാകൃത്ത് എത്തിച്ചേർന്നത് മദ്യശാലക്കു മുമ്പിലായിരുന്നു.
ഷാപ്പിലേക്ക് കയറുന്നതിന് മുമ്പ് പോക്കറ്റിൽ തപ്പിയ കഥാകൃത്തിന് പോക്കറ്റിൽ നിന്ന് ഒന്നും തടയാതിരുന്നത് അൽപം കുണ്ഡിതപ്പെടുത്തിയെങ്കിലും സാമ്പാർ എന്തുകൊണ്ട് എന്നിടത്തേക്ക് തന്നെ ചിന്തകളെപായിച്ചു.
സാമ്പാറിന്റെ ഉത്ഭവസ്ഥാനം തേടി താൻ യാത്ര ചെയ്തെത്തിയത് കള്ളുഷാപ്പിന് മുമ്പിലാണെന്നത്, കഥാകൃത്തിന്റെ ചിന്തകൾക്ക് മുമ്പിൽ ഒരു വിഷയമായി.
മദ്യവും സാമ്പാറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിലേക്ക് കഥാകൃത്ത് കൂലങ്കുഷമായി ചിന്ത കൊടുത്തു.
പണ്ടൊരു സ്വർണ്ണപ്പണിക്കാരൻ യുറേക്കാ എന്ന് പറഞ്ഞതു പോലെ കഥാകൃത്ത് വലതു കൈ ഉയർത്തി മുഷ്ടി ചുരുട്ടി സന്തോഷം പ്രകടിപ്പിച്ചത് എന്തിന് വേണ്ടിയാണെന്ന് കവല സഭകൾക്ക് അറിയില്ലെങ്കിലും കഥാകൃത്തിന്റെ ചേഷ്ടകളിൽ അവർക്ക് സംശയം തോന്നാതിരുന്നില്ല.
താമസിയാതെ തന്നെ തങ്ങൾക്കൊരു ഇരയെ കിട്ടുമെന്ന സന്തോഷത്തിൽ അവരൊന്ന് മന്ദഹസിച്ചത് കഥാകൃത്തിന് കാണാൻ കഴിഞ്ഞില്ല.
സാമ്പാറിൽ നിന്ന് തുടങ്ങിയത് മദ്യത്തിൽ ചെന്നവസാനിച്ച തന്റെ ചിന്ത നേർ ദിശയിൽ തന്നെയാണെന്നത് കഥാകൃത്തിനെ ഏറെ ആഹ്ളാദ ഭരിതനാക്കി.
കാരണം മദ്യത്തിന്റെയും സാമ്പാറിന്റെയും അസംസ്കൃത രൂപം ഒന്ന് തന്നെയാണെന്നും, ഒന്നിൽ നിന്നു തന്നെയാണ് രണ്ടിന്റെയും ഉത്ഭവം എന്നും കഥാകൃത്തിന് മനസ്സിലാവാൻ അധികം താമസമുണ്ടായില്ല.
ഒരമ്മ പെട്ട ഇരട്ടകളാണ് സാമ്പാറും മദ്യവുമെന്നും സംസ്കരിക്കുന്നിടത്തെ വ്യത്യാസമാണ് രണ്ടും തമ്മിലുള്ളു എന്നും കഥാകൃത്ത് ചിന്തിച്ചു കൂട്ടി.
തന്റെ ഇഷ്ട ഭോജ്യങ്ങളായ മദ്യവും സാമ്പാറും സഹോദരൻമാരാണെന്ന തിരിച്ചറിവ് തന്റെ ചിന്താമണ്ഢലത്തിൽ രൂപം കൊണ്ടത് കഥാകൃത്തിന്റെ അത്യാഹ്ളാദത്തിന് കാരണമായി.
വിവരം ആദ്യം ഭാര്യയെ അറിയിച്ചതിന് ശേഷം മുഖ ബുക്കിലൂടെ മാലോകരെ അറിയിക്കണമെന്ന് തീരുമാനിച്ച കഥാകൃത്ത് വീട്ടിലേക്കായിരുന്നു ചുവടുകൾ വച്ചത്..
ആഹ്ളാതിരേകത്താൽ കഥാകൃത്തിന്റെ ആംഗ്യ വിക്ഷേപങ്ങൾ അനിയന്ത്രിതമായ രൂപത്തിലാണെന്ന് കഥാകൃത്ത് മനസ്സിലാക്കിയത് വീട്ടുപടിക്കൽ ഭദ്രകാളിയെപ്പോലെ നിൽക്കുന്ന ഭാര്യയെ കണ്ടപ്പോഴാണ്.
സംഗതി പന്തിയല്ലെന്നും ഭാര്യയുടെ ആ നിർത്തത്തിൽ അപകടസൂചന പതിയിരിക്കുന്നുണ്ടെന്നും കഥാകൃത്ത് ഊഹിച്ചെടുത്തത് ശരിയായിരുന്നു.
വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങിക്കൊണ്ടു വരാതെ ചിന്തയുടെ മണ്ഡലത്തിൽ മാത്രം വിഹരിക്കുന്ന കഥാകൃത്തിന്റെ നേരെ യുള്ള ഭാര്യയുടെ തുറിച്ചു നോട്ടം, കഥാകൃത്ത് അത് വരെ ചിന്തിച്ചു വച്ചതെല്ലാം ചിന്തയുടെ അബോധമണ്ഡലത്തിലേക്ക് ഊളിയിടാൻ കാരണമായി.
തന്റെ ചിന്തകളും താനല്ലാത്തവർ തന്നെപ്പറ്റി ചിന്തിക്കുന്നതും വ്യത്യസ്ഥമാണെന്നും തന്നെപ്പറ്റിയുള്ള ചിന്തകൾ ശരിയാകാത്തിടത്തോളം തന്റെ ചിന്തകൾക്ക് ജീവൻ കിട്ടുകയില്ലാ എന്നതും കഥാകൃത്തിന് അപ്പോഴും മനസ്സിലായിട്ടുണ്ടായിരുന്നില്ല.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക