നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റാഗിംഗ്



ആറാം ക്ലാസിലേക്ക് ഞാൻ ജയിച്ചപ്പോ അച്ഛൻ പറഞ്ഞു."ലീബയിനി നാട്ടിൻപുറത്തെ സ്കൂളിൽ പഠിച്ചാ ശരിയാവൂല ടൗണിലെ സ്കൂളിൽ തന്നെ പഠിക്കണം"എന്ന്.
അച്ഛൻ അങ്ങനെ പറയാൻ കാരണങ്ങൾ ഉണ്ട്.
നാട്ടിൻപുറത്തുകാരിയും,സുന്ദരിയും,സുശീലയുമായ ഞങ്ങളുടെ അമ്മയെ അച്ഛൻ കല്യാണം കഴിച്ച് ആദ്യമായി ടൗണിലൊന്ന് കറങ്ങാൻ പോയി.
ബസ് ഇറങ്ങിയതും അതാ വരുന്നു കുണുങ്ങി കുണുങ്ങി ഒരു ഓട്ടോറിക്ഷാ.അമ്മ അത് കണ്ടതും
."ഹായ് ഹായ് ദേ..മൂന്ന് ചക്രം ഉള്ള വണ്ടി"എന്ന് പരിസരം മറന്നു വിളിച്ചു കൂവിയതും,റോഡ് ക്രോസ് ചെയ്തു അമ്മയെ ഇപ്പുറം കടത്താൻ അമ്മ അച്ഛനെ പെടാപാട് പെടുത്തിയതും എല്ലാം ഓർമ യുള്ളതിനാലും എന്നെ കെട്ടുന്നവന് അങ്ങനെ ഒരു ഗതി ഉണ്ടാവരുതെന്ന് കരുതിയതിനാലാവാം അച്ഛൻ ഈ കടുത്ത തീരുമാനം എടുത്തത്.
അങ്ങനെ എന്നെ ടൗണിലെ ഗേൾസ് ഹൈസ്കൂളിൽ ചേർത്തു. അതുവരെ കളർ ഉടുപ്പുകൾ ഇട്ട് പെട്ടിയും തൂക്കി കൂട്ടുകാരോടൊപ്പം ഓടിയും നടന്നും സ്കൂളിൽ പോയിരുന്ന ഞാൻ. യൂണിഫോമിട്ടു.
അമ്മ എൻെറ മുടി രണ്ട് ഭാഗത്തായി പിന്നിയിട്ടു.നീളകൂടുതൽ കാരണം മടക്കി റിബൺകൊണ്ട് ചെവിക്ക് ഇരുവശവുമായി ഒതുക്കി കെട്ടി വെച്ചു.
ബസിൽ പോവണം അരമണിക്കൂർ നേരത്തെ യാത്ര.
ഓടികിതച്ച് ബസ് സ്റ്റോപിൽ എത്തി. അകടമ്പടിക്ക് മഴയും. പുതിയ യൂണിഫോമെല്ലാം ആകെ നനഞ്ഞു.
ബസിലെ ഉന്തും തള്ളും,എനിക്കാണേൽ മുകളിലെ കമ്പിയിൽ പിടിക്കാൻ പോലും എത്തുന്നില്ല.ഞാനാകെ വിഷമിച്ചു.(പിന്നീട് എട്ടാം ക്ലാസിലെങ്ങാൻ എത്തിയപ്പോഴാണ് ബസിലെ മുകളിലെ കമ്പിയിൽ പിടിച്ചു സ്റ്റൈലായി നിൽക്കാനായത്.അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.)
അങ്ങനെ സ്കൂളിൽ എത്തി. പരിചയമുള്ള ആരേയും കാണുന്നില്ല.ഞാൻ മുൻഭാഗത്തെ ബെഞ്ചിൽ ഇരുന്നു.
പെട്ടെന്ന് തടിച്ചു നല്ല നീളമൊക്കെയുള്ള ഒരു കുട്ടി എൻെറ അടുത്ത് വന്നു.
"ഉം.. സ്റ്റാൻഡ് അപ്പ്"
നാട്ടിലെ സ്കൂളിൽ... ടീച്ചർ നീട്ടി പറയുന്നു.
സ്റ്റാൻ....,സിറ്റ്.ആ ഓർമ്മ വന്നു.
അതോർത്തതും,ഞാൻ വേഗം എഴുന്നേറ്റു.
"ആരാ പറഞ്ഞേ ഇവിടെ കേറി ഇരിക്കാൻ"
"ഇവിടെ ബെഞ്ചില് സ്ഥലം ണ്ടായിര്ന്ന് അതാ"
"ദാ ആ മൂന്നാമത്തെ ബെഞ്ചില്ലേ അവിടെ ഇരുന്നാമതി"
ആ ഉത്തരവ് കേട്ടതും ഞാൻ വേഗം ബാഗുമെടുത്ത് ഓടി.
"ഇത്തിരി നീങ്ങി ഇരിക്കോ"അറ്റത്തായിരിക്കുന്ന കുട്ടിയോട് ഞാൻ അപേക്ഷിച്ചു.
ആ കുട്ടി വേഗം നീങ്ങി തന്നു.ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.
"അതാണോ ഈ ക്ലാസിലെ ലീഡർ"ഞാൻ അവളോട് ചോദിച്ചു.
"ആ..അറിയൂല...ആണെന്ന് തോന്നുന്നു."
ആ കുട്ടി അവളുടെ ഇഷ്ടപ്രകാരം ഓരോകുട്ടികളെയും ഓരോ സീറ്റിൽ ഇരുത്തിച്ചു.ഞാൻ ആ കുട്ടി യെ തന്നെ കണ്ണിമചിമ്മാതെ നോക്കിയിരുന്നു.അത് കണ്ടിട്ടാവണം എനിക്ക് നേരെ കണ്ണുരുട്ടികൊണ്ട്.
"ഉം...എന്താ"എന്ന് ചോദിച്ചു.
ഞാൻ വേഗം നിലത്തേക്ക് നോക്കി ഇരുന്നു.ഞാൻ ആകുട്ടിയെ നോക്കിയാൽ എനിക്ക് നേരെ കണ്ണുരുട്ടും
'ഈ സ്കൂളിൽ വരേണ്ടിയിരുന്നില്ല'എന്ന് ഞാൻ സങ്കടത്തോടെ ഓർത്തു.
പെട്ടെന്ന് ഒരു ടീച്ചർ ക്ലാസിലേക്ക് വന്നു.
എല്ലാവരും എഴുന്നേറ്റു.
"എല്ലാവരും ഇരിക്കൂ..ഞാൻ നിങ്ങളുടെ ക്ലാസ് ടീച്ചർ അല്ല. ടീച്ചർ ഒരു അത്യാവശ്യകാര്യം ഉള്ളതിനാൽ ഉച്ചയ്ക്കേ എത്തൂ..."
ഞങ്ങളുടെ അറ്റൻഡൻസ് എടുത്തു.
എന്നിട്ട് ആ വലിയ കുട്ടിയെ ടീച്ചർ വിളിച്ചു.
"റൂബീ...നീ ഇഗ്ലീഷ് ടെക്സ്റ്റ് ബുക്കിലെ ആദ്യ പാഠം എല്ലാരേകൊണ്ടും വായിപ്പിക്കൂ...ആദ്യം നീ വായിച്ചോളൂ...എല്ലാവരും ഇഗ്ലീഷ് ടെക്സ്റ്റ് എടുത്തേ"
ഞാൻ ഇഗ്ലീഷൊക്കെ കൂട്ടി വായിച്ചു പഠിച്ചു വരുന്നേയുള്ളൂ...
ആ കുട്ടി ബുക്കെടുത്ത് ചറപറേന്ന് വായന തുടങ്ങി.ടീച്ചർ പോവുകയും ചെയ്തു.
ഞങ്ങൾ അന്തം വിട്ട് ആ കുട്ടിയുടെ വായനയും കേട്ട് നിന്നു.
നല്ല പഠിപ്പുള്ള കുട്ടി തന്നെ. വെറുതെ അല്ല ഇത്ര അഹംഭാവം.അല്ലെങ്കിൽ ഏതെങ്കിലും ടീച്ചറിൻ്റെ മകളായിരിക്കും.
പിന്നീട് ഞങ്ങൾ തപ്പിയും,തടഞ്ഞും ഒക്കെ വായന തുടർന്നു.
"അടുത്ത പിരിയഡ് ഡ്രിൽ (ഗെയിം)ആണ്.പുറത്ത് പോയി കളിച്ചോളൂ...റൂബി നോക്കി കൊള്ളണം"എന്ന് മുൻപ് വന്ന ടീച്ചർ വന്ന് പറഞ്ഞിട്ട് പോയി..
"ട്രീംംംംംം"എന്ന് നീട്ടി ബെല്ലടിച്ചു.ടിം,ടിം എന്ന ബെല്ലടി കേട്ടു ശീലിച്ച എനിക്ക് ആ ബെല്ലടി അതിശയമായി.
"എല്ലാവരും ലൈനായി നിന്നേ"
റൂബിയുടെ ഉറക്കെ യുള്ള ശബ്ദം കേട്ട് ഞങ്ങൾ ഏവരും വേഗം വരിവരിയായി നിന്നു.
സ്കൂൾ മൈതാനത്ത് അങ്ങിങ്ങായി കുട്ടികൾ ഓടികളിക്കുന്നുണ്ട്.
ഞങ്ങൾ ഒച്ചയും,ബഹളവുമായി നടന്നു.
"സൈലൻസ്"റൂബി കണ്ണുരുട്ടി.ഞങ്ങൾ പൊടുന്നനെ നിശബ്ദരായി.
ഞങ്ങൾ നടന്നു വെയസ്്റ്റ് കളയുന്ന ചവറ്റ് കുഴിക്കരികിലെത്തി.
"ഇതെന്താണെന്ന് പറയാമോ"
ഞാൻ വേഗം കൈപൊക്കി ഉത്തരം പറഞ്ഞാൽ എന്നോടൊരു സൗമ്യത വന്നാലോ എന്ന് ഞാൻ കരുതി.
"പറയൂ"
"ചണ്ടികളൊക്കെ കളയുന്ന സ്ഥലം"
"അല്ല ഇതാണ് പണ്ട് പരശുരാമൻ മഴു എറിഞ്ഞപ്പോ മഴു വീണ സ്ഥലം"
അത് കേട്ട് ഞങ്ങൾ എല്ലാവരും വായും പൊളിച്ചു നിന്നു.
ആർക്കും എതിർത്തു പറയാൻ ധൈര്യം ഇല്ല.
പിന്നീട് സ്കൂള് മുഴുവൻ ചുറ്റിനടത്തി .ഞങ്ങൾ ആകെ വലഞ്ഞു.
അന്ന് ഞങ്ങളുടെ ക്ലാസ് ടീച്ചറിന് വരാൻ സാധിച്ചില്ല.
പിറ്റേന്ന് വീണ്ടും സ്കൂളിലേക്ക്.അന്നും റൂബി എന്നെ കണ്ണുരുട്ടിപേടിപ്പിച്ചു.
ടീച്ചർ വന്നു. കണ്ണടയോക്കെ വെച്ച് മുടി കെട്ടി വെച്ചു നല്ലൊരു ടീച്ചർ.
"ഗുഡ് മോർണിങ്ങ്"
ഞങ്ങൾ എല്ലാവരും ഗുഡ്മോർണിങ്ങ് തിരിച്ചു പറഞ്ഞു.
"എൻെറ പേര് അന്നമ്മ"
ടീച്ചർ പറഞ്ഞു. ടീച്ചർ ഞങ്ങൾ ഓരോരുത്തരെയും പരിചയപ്പെട്ടു.ടീച്ചർ നീളം കുറഞ്ഞവരെ മുന്നിൽ ഇരുത്തി.അതിനാൽ ഞാൻ വീണ്ടും മുന്നിൽ എത്തി.
റൂബി ഏറ്റവും പിറകിലെ സീറ്റിലും.
"എല്ലാവരും ഇംഗ്ലീഷ് ടെക്റ്റ് ബുക്ക് എടുത്തേ"
എല്ലാവരും ബുക്ക് എടുത്തു.ടീച്ചർ ക്ലാസ് തുടങ്ങി. ക്ലാസ് നിശബ്ദം.ടീച്ചറിൻ്റെ ശബ്ദം മാത്രം. അപ്പുറത്തെ ക്ലാസിൽ നിന്നും ടീച്ചർ പറയുന്നത് കുട്ടികൾ ഏറ്റു പറയുന്ന ശബ്ദം കേൾക്കാം .
"ഹാ.ഹാ..ഔ..."
പെട്ടെന്ന് പുറകിലെ ബെഞ്ചിൽ നിന്നും ആരുടേയോ...നീട്ടി യുള്ള കോട്ടുവാ ഇടുന്ന ശബ്ദം.ഞങ്ങൾ എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി.
"ആരാദ്" ടീച്ചർ ഉറക്കെ ചോദിച്ചു.
ഒരു ഇളിഭ്യചിരിയോടേ റൂബി.
"ങ് ഹാ...നീയാണല്ലേ റൂബീ...നിനക്ക് കോട്ടുവാ വരും...കഴിഞ്ഞ വർഷം പഠിച്ച അതേ പാഠങ്ങൾ അല്ലേ...സ്റ്റാൻഡ് അപ്പ് റൂബീ"
റൂബി പതിയെ എഴുന്നേറ്റു.
"നീ ഒരു കാര്യം ചെയ്യ് സ്കൂളിന് ചുറ്റും ഒന്ന് ഓടിയിട്ട് വന്നേ...നിൻ്റെ ഉറക്കവും,കോട്ടുവായിടലും ഒന്ന് മാറട്ടേ"
റൂബി മടിച്ച് മടിച്ച് വാതിൽ അടുത്ത് എത്തി.
"അത് വേണോ ടീച്ചർ എന്ന മട്ടിൽ ടീച്ചറെ നോക്കി.
"ഉം...'ടീച്ചർ കണ്ണുരുട്ടിയതും റൂബി ഓടി.
"അത് തോറ്റ കുട്ട്യാലേ.."എൻെറ അടുത്ത ഇരുന്നവൾ എൻെറ ചെവിയിൽ മന്ത്രിച്ചു.
ഞാൻ തലയാട്ടി.എന്നിട്ട് റൂബി ഓടുന്ന ആ മനോഹരമായ കാഴ്ച കാണാൻ പുറത്തേക്ക് എത്തി നോക്കി.
"എന്താ...ലീബാ..അവളുടെ കൂടെ നിനക്കും ഓടണോ"
"അയ്യോ വേണ്ട"
ടീച്ചർ വീണ്ടും പഠിപ്പിക്കാൻ തുടങ്ങി.
ഞാൻ റൂബി സ്കൂളിന് ചുറ്റും ഓടുന്നതും ഓർത്ത് കൊണ്ട് ടീച്ചറെയും നോക്കി ഇരുന്നു.
ലീബബിജു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot