നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ



മഴ പെയ്യുന്നതും നോക്കി ഒരു കോഫിയും കുടിച്ചു വൈകിട്ട് സിറ്റ്ഔട്ടിൽ ഇരിക്കുമ്പോളാണ് ഫോൺ റിങ് ചെയ്യുന്നത്
"അമ്മമ്മ കാളിങ് "
ഫോൺ അറ്റൻഡ് ചെയ്താൽ ആ ഇരുപ്പിന്റെ രസച്ചരട് പൊട്ടിപോകുമല്ലോ എന്നോർത്തു "അമ്മേ.. ദാ അമ്മമ്മ വിളിക്കുന്നു" എന്ന് അമ്മയോട് കുറച്ചു ഉറക്കെ വിളിച്ചു പറഞ്ഞു.
"നീ എടുത്താൽ എന്തെ അമ്മമ്മ സംസാരിക്കില്ല?" എന്ന് ചോദിച്ചു 'അമ്മ വന്നു ഫോൺ എടുത്തു..
ഇനി ഒരു അരമണിക്കൂറോളം അവർ കത്തി വെയ്‌പ്പാവും. ഞാൻ പതുക്കെ ആ അരമതിലിലേക്കു അങ്ങനെ കിടന്നു.. ഈ തണുപ്പത്ത് ഇങ്ങനെ കിടക്കാൻ എന്താ സുഖം?
'അമ്മ ഒരൽപം ശക്തിയായി പിടിച്ചു കുലുക്കിയപ്പോളാണ് ഞാൻ ഉണർന്നത്.
"പാറൂ ഇത്ര വേഗം ഉറങ്ങിപ്പോയോ". 'അമ്മ അടുത്തിരുന്നു മുടിയിൽ തലോടി,ശേഷം പതുക്കെ പറഞ്ഞു.. " ഒരു സങ്കട വാർത്തയുണ്ട്"
ഞാൻ പെട്ടന്ന് തലയുയർത്തി എന്താണെന്ന ഭാവത്തിൽ അമ്മയെ നോക്കി
നമ്മുടെ വീടിനടുത്തെ ദേവേടത്തിയെ ഓർമ്മയുണ്ടോ നിനക്ക്?
ഏതു ദേവിയേടത്തി?
ശ്രീദേവിയേടത്തി.. വാര്യത്തെ.. 'അമ്മ കുറച്ചുകൂടി വ്യക്തത വരുത്തി .
ആ ഒറ്റ സെക്കൻഡിൽ ശ്രീദേവി ആന്റി എന്റെ മനസ്സിലൂടെ കടന്നു പോയി.
"ഹാം .. അവര് .. ഞാൻ ചോദ്യഭാവത്തിൽ നിർത്തി.
അവർ മരിച്ചു പോയത്രേ..
പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയിൽ ഞാൻ എഴുന്നേറ്റിരുന്നു.
കുറച്ചു നേരത്തേക്ക് ഞങ്ങൾ 2 പേരും ഒന്നും സംസാരിച്ചില്ല .
'അമ്മ എന്തൊക്കെയോ ആലോചിച്ചു നെടുവീർപ്പിട്ടു ശേഷം "ഒരു കണക്കിനോർത്താൽ മരിച്ചു പോയത് നന്നായി" എന്ന് പറഞ്ഞു എഴുന്നേറ്റു അകത്തേക്ക് പോയി .
ഞാൻ ആ വരാന്തയിൽ തൂണും ചാരി മഴ നോക്കി ഇരുന്നു.
എന്റെ ഓർമകളിലേക്ക് ശ്രീദേവി ആന്റിയും ഗൗരി ചേച്ചിയും ശ്രീവിദ്യ ആന്റിയും ഒക്കെ കടന്നു വന്നുകൊണ്ടിരുന്നു
******************************************************************
'അമ്മ വീടിനടുത്താണ് വാര്യം.
അവധിക്കാലത്തും 'അമ്മ വീട്ടിൽ എത്തുമ്പോൾ വിദ്യാമ്മയെ കാണാൻ വാര്യത്തേക്കൊരു ഓട്ടം എനിക്ക് പതിവുള്ളതായിരുന്നു.
അങ്ങനെ എന്നോ ഓടിക്കയറി ചെന്ന ഒരു അവധിക്കാലത്താണ് ഗൗരി ചേച്ചിയെ ഞാൻ ആദ്യമായി കാണുന്നത് .
ഓടി ചെന്ന് ഒട്ടും പരിചയം ഇല്ലാത്ത ഒരാളെ കണ്ടപ്പോൾ ഒരു സങ്കോചം ഉണ്ടായെങ്കിലും ഞാനും ഗൗരിചേച്ചിയും വേഗം കൂട്ടുകാരായി.
വാര്യത് നിന്നും തിരിച്ചെത്തിയപ്പോൾ എനിക്കമ്മയോട് പറയാൻ ഗൗരിചേച്ചിയുടെ വിശേഷങ്ങൾ മാത്രം..
ഇതേതാ പുതിയ ഗൗരി ചേച്ചി എന്ന് അമ്മയ്ക്ക് അത്ഭുതം.. ബോംബയിൽ നിന്ന് വന്നതാണെന്ന് പറഞ്ഞു ഞാൻ വീണ്ടും കളിക്കാനോടി
*******************************************************************
അന്ന് രാത്രി പച്ചക്കറി നുറുക്കുന്നതിനിടയിൽ ഉള്ള അടുക്കള സഭയിലെ ആ നാട്ടു വർത്തമാനത്തിന്റെ ഇടയിലാണ് ഞാൻ ശ്രീദേവി ആന്റിയെ പറ്റി കേൾക്കുന്നത്.
വല്യമ്മായി ആരുന്നു നറേറ്റർ
"ശ്രീദേവിനെ മംഗലം കഴിച്ചത് ബോംബയിൽ ജോലി ചെയ്യുന്ന ഒരാൾ ആരുന്നു.. ഓർക്കണില്ലേ തങ്കം?" ചേച്ചിയമ്മ തലയാട്ടുന്നുണ്ട്.
അവിടെ കൊണ്ടോയി ദേവിനെ മറ്റാർക്കൊക്കെയോ കൊടുത്തുന്നത് കേൾക്കണേ ..
വെറും പറച്ചിലല്ലാട്ടോ. സംഗതി സത്യമാണ്.
എന്താ ചെയ്ക പാവം കുട്ടി.
അവളുടെ മോളൂട്ടിനെ ദേവിയുടെ നാത്തൂനായി ഇങ്ങട് വിദ്യയുടെ അരികിലേക്ക് അയച്ചുത്രേ.. വല്യമ്മായി തുടർന്നുകൊണ്ട് ഇരുന്നു ..
റെഡ് സ്ട്രീറ്റിലോ അമ്മേ? - മീര ഓപ്പോൾ പെട്ടന്ന് ചോദിച്ചു.
ഹാം അവിടെ തന്നെ വല്യമ്മായി തലയാട്ടി പറഞ്ഞു
"റെഡ് സ്ട്രീറ്റ് എന്നുപറഞ്ഞാൽ എന്താണമ്മേ?"
ബാല്യസഹജമായ നിഷ്കളങ്കതയോടെ ഉള്ള എന്റെ ചോദ്യം കേട്ട് ഒരു നിമിഷം സഭ സൈലന്റ് ആയി.
"പിങ്ക് സിറ്റി പോലെ ആണോ?" എന്റെ സംശയം വീണ്ടും അമ്മയോട്.
"
ഉമ്മ് പിങ്ക് സിറ്റി പോലെ .. 'അമ്മ പറഞ്ഞൊപ്പിച്ചു.
"അവിടെ എല്ലാം പിങ്ക് കളർ ആണോ അമ്മേ?.". ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു
എനിക്കറിയില്ല കുട്ടീ.. 'അമ്മ തോൽവി സമ്മതിച്ചു.
"പിന്നെ"?? എന്റെ ചോദ്യത്തിന് തീക്ഷ്ണമായ നോട്ടം.
മുതിർന്നവർ സംസാരിക്കുന്നിടത്തു ഇരിക്കാൻ പാടില്ലാന്നറിയില്ലേ? അപ്പുറത്തു പോകു എന്ന് ഉഗ്രമായ ശാസനയും .
ചോദ്യങ്ങൾ എല്ലാം അവസാനിപ്പിച്ചു ഞാൻ പൂമുഖത്തേക്ക്..
*********************************************************************
അന്ന് രാത്രി കസിൻസ് എല്ലാവരും ഒത്തു കിടന്നപ്പോൾ മീരയൊപ്പു വീണ്ടും ശ്രീദേവി ആന്റിയുടെ കാര്യം പറഞ്ഞു..
വാര്യത്തെ അപ്പൂപ്പന്റെ നാല് പെൺമക്കളിൽ മൂന്നാമത്തവൾ.
അതിസുന്ദരി..
കല്യാണം കഴിഞ്ഞോടുവിൽ റെഡ് സ്ട്രീറ്റിൽ എത്തപ്പെട്ട ഹതഭാഗ്യ ..
അവരുടെ മകളാണിപ്പോൾ വാര്യത് എത്തിയിരിക്കുന്നത്..
അങ്ങനെ കഥകൾ നീണ്ടു..
കഥകൾ ഒന്നും പൂർണമായി മനസ്സിലായില്ലെങ്കിലും ശ്രീദേവി ആന്റിക്ക് ക്കെന്തോ അഹിതം സംഭവിച്ചു എന്ന് മാത്രം എന്റെ കുഞ്ഞു മനസ്സിന് അന്ന് മനസ്സിലായിരുന്നു .
ആ അവധി കഴിഞ്ഞു തിരിച്ചു പോയപ്പോഴേക്കും ഗൗരിചേച്ചി എനിക്കേറെ പ്രിയപ്പെട്ടതായി മാറിയിരുന്നു
*********************************************************************
പിന്നീട് നാളുകൾകഴിഞ്ഞു മിത്രചേച്ചിയിൽ നിന്നും കൂട്ടുകാരിൽ നിന്നും ഒക്കെയാണ്
റെഡ് സ്ട്രീറ്റ് നെ കുറിച്ച് അറിഞ്ഞതൊന്നുമല്ല സത്യം എന്ന് ഞാൻ മനസ്സിലാക്കുന്നത്.
റെഡ് സ്ട്രീറ്റ് ഒരിക്കലും പിങ്ക് സിറ്റി പോലായിരുന്നില്ല. റെഡ് സ്ട്രീറ്റിന്റെ ചുവപ്പു ചതിക്കപ്പെട്ടവരുടെ ചോരയുടെ ചുവപ്പാണെന്നു പ്രായത്തിന്റെ പക്വതയിൽ ഞാൻ തിരിച്ചറിഞ്ഞു.
അന്നും ഞാൻ ഗൗരിചേച്ചിയെ ഓർത്തു ശ്രീദേവി ആന്റിയെ ഓർത്തു.
അവരോട് ഉള്ള ഇഷ്ട്ടം കൂടുന്നത് ഞാൻ തിരിച്ചറിഞ്ഞു..
**************************************************************************
വർഷാവർഷം നാട്ടിലേക്കുള്ള വരവിലെ സന്തോഷങ്ങളിൽ ഒന്ന് ഗൗരിചേച്ചിയെ കാണാം എന്നുള്ളതായിരുന്നു..
പിന്നൊരു വര്ഷം അവധിക്കെത്തിയപ്പോൾ അറിഞ്ഞത് ഗൗരിചേച്ചിയും ഫാമിലിയും ഹരിപ്പാട് എവിടേക്കോ സ്ഥലം മാറി പോയിരിക്കുന്നു. രാമൻ അങ്കിളിനു സ്ഥലം മാറ്റം ആയിരിക്കുന്നു. "ഇനി വരില്ലേ"? എന്ന ചോദ്യത്തിന് "ആവോ അറിയില്ല" എന്ന് മാത്രം ആയിരുന്നു വല്യമ്മായുടെ ഉത്തരം
ഗൗരിചേച്ചിയില്ലാത്ത ആ നാടും സ്ഥലങ്ങളും എനിക്ക് ശൂന്യമായി തോന്നി.
എന്നെ ഒരിക്കൽ പോലും ഒന്ന് വിളിച്ചുപറയ്യാൻ തോന്നിയില്ലല്ലോ എന്ന ചിന്തയും എന്റെ സങ്കടം ഇരട്ടിപ്പിച്ചു .
ഞാൻ എത്രയും വേഗം തിരിച്ചു പോകാൻ ആഗ്രഹിച്ചു.
അമ്മാത്തേക്കുപുറം പണി ചെയ്യുന്ന നാണിഅമ്മുമ്മ വന്നപ്പോളാണ് വാര്യത്തെ എല്ലാവരും അവിടുന്ന് മാറിപോയതിന്റെ യഥാർഥ കാരണം അറിഞ്ഞത്. "ശ്രീദേവികുഞ്ഞു വന്നു. ബോംബയിൽ നിന്ന്. ഇനീള്ള കാലം വാര്യതാണത്രേ താമസം. അവർക്കൊപ്പം നില്ക്കാൻ മറ്റുള്ളോർക്കു പറ്റുമോ? അതോണ്ട് അവരെല്ലാം മാറി പോയി. ശ്രീദേവി കുഞ്ഞിന്റെ മോളൂട്ടീ ഉൾപ്പടെ "..
നാണിഅമ്മുമ്മ നാട്ടുവർത്തനം പോലെ പറഞ്ഞോണ്ടിരുന്നു ...
ആ വീട്ടിൽ അവർ ഒറ്റയ്ക്കോ ?? ആകാംക്ഷ അടക്കാനാവാതെ ഞാൻ നാണിഅമ്മുമ്മയോട് ചോദിച്ചു.
"ഭഗവൻ തുണ കുഞ്ഞേ" എന്ന് പറഞ്ഞവർ മിണ്ടാതെ ഇരുന്നു..
കേട്ടറിവ് വെച്ച് അതിസുന്ദരിയായ അവരെ ഒന്ന് കാണാൻ എനിക്ക് ആഗ്രഹം ഉണ്ടായെങ്കിലും എന്ത് കൊണ്ടോ ഞാൻഅതാരോടും പറയാൻ പോയില്ല ..
**********************************************************************
പിറ്റേന്ന് പൂമുഖത്തു വായിച്ചിരുന്ന ഞാൻ ഒരാളനക്കം കേട്ടാണ് മുഖമുയർത്തിയത്.
നൈറ്റ് ഡ്രസ്സ് പോലെ നീളമുള്ള വരയൻ ഷർട്ടും പാന്റും ധരിച്ചൊരു സ്ത്രീ മുറ്റത്തു..
മുടിയൊക്കെ ഉച്ചിയിൽ കെട്ടി വെച്ചിട്ടുണ്ട്.
ആകെ ഒരു പ്രാകൃത രൂപം.
അലഞ്ഞു നടക്കുന്ന ആരോ എന്ന് കരുതി മിത്രച്ചേച്ചി വേഗം അമ്മാമ്മേയും അമ്മയെയും ഒക്കെ വിളിച്ചു. പെട്ടന്നവർ അവളോട് "ലക്ഷ്മിയുടെ മോളൂട്ടിയാണോ? എന്ന് ചോദിച്ചു ..
ചേച്ചി അതെ എന്ന് പറയുന്നത് കേട്ട് ഞാനും അവർക്കരികിലേക്കു ചെന്നു.
എന്നെ ചൂണ്ടി ഇതാരാണ് എന്ന് ചോദിച്ചു . അനിയതിയാണെന്നുള്ള ചേച്ചിയുടെ ഉത്തരം കേട്ട് അവർ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും.
"ഞാൻ വാര്യത്തെയാണ് .ശ്രീദേവി. അറിയ്യോ ?" എന്ന ചോദ്യം കേട്ട് ഞാൻ സ്തബ്ധ ആയി നിന്നു.
പറഞ്ഞു കേട്ടതും കണ്ടതും തമ്മിൽ എന്തൊരു അന്തരമാണ് ഈശ്വരാ..
"വരൂ ആന്റി 'അമ്മ ധാരാളം പറഞ്ഞിട്ടുണ്ട്. നന്നായി അറിയാം.. വരൂ ആന്റി" എന്ന് പറഞ്ഞു ചേച്ചി നല്ലൊരു ആതിഥേയ ആയി . ഞാൻ അപ്പോഴും അവരെ തന്നെ ഉറ്റു നോക്കി നിന്നു. ഇവരോ ശ്രീദേവി??
*********************************************************************
മുൻവശത്തേക്കിറങ്ങി വന്ന അമ്മയും അവരെ കണ്ടൊരു നിമിഷം പകച്ചു നിന്നു.
പിന്നീട് ധൃതിയിൽ വന്നവരെ വല്ലാതെ കെട്ടിപ്പിടിച്ചു. രണ്ടാളും ഒരു നിമിഷം കൊണ്ട് അവരുടെ ബാല്യ കൗമാര കാലത്തിലേക്ക് തിരിച്ചു പോയിരിക്കാം.
വിശേഷങ്ങൾ പറയുന്ന . അമ്മ ഒരിക്കൽ പോലും മാറ്റോംന്നും അവരോട് ചോദിച്ചില്ല ..
അവരൊന്നും പറഞ്ഞതും ഇല്ലാ.
എല്ലാം എല്ലാം ബാല്യകാല സ്മരണകൾ മാത്രം..
അന്ന് നിഷ്കളങ്കമായ ചിരിയോടെ അമ്മയ്‌ക്കൊപ്പം ഇരുന്നു വർത്തമാനം പറയുന്ന ശ്രീദേവി ആന്റിയുടെ രൂപം ഇന്നും എന്റെ മനസ്സിൽ ഉണ്ട്.
പോകാൻ നേരം ഞങ്ങളോടെല്ലാമായി പറഞ്ഞു ഒരുപാട് നാളുകളായി ഇങ്ങനെ സംസാരിച്ചിട്ടെന്ന്.. അന്ന്അത് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..
ആ വേനലവധിക്ക് കണ്ടതായിരുന്നു ആദ്യത്തെയും അവസാനത്തെയും കാഴ്ച.
അടുത്ത വര്ഷം 'അമ്മ വീട്ടിൽ എത്തിയപ്പോൾ അറിഞ്ഞു
അവർ എറണാകുളത്തെ ഏതോ അനാഥാലയത്തിലാണെന്നു.
പലരാലും തകർത്തെറിയപ്പെട്ട ശരീരത്തിനെ
പല പല അസുഖങ്ങൾ കീഴടക്കാൻ തുടങ്ങുന്നു എന്നും..
വാര്യം വിട്ടു അവർ ഓടിപ്പോകാനുള്ള മറ്റൊരു കാരണം
അർദ്ധരാത്രിയിൽ അവരുടെ കതകിനു മുട്ടി വിളിച്ചു നിരന്തരമായി ശല്യം ചെയ്യുന്ന ചില
പകൽ മാന്യൻമാർ കൂടി ആയിരുന്നത്രേ..
*******************************************************************
ഒരിക്കലും ഒരിടത്തും സമാധാനം കിട്ടാഞ്ഞ ഒരു ജന്മം .
അവർക്കിന്നു അവസാനം സമാധാനം കിട്ടിയിരിക്കുന്നു.
മറ്റാർക്കും ഇനിയത് തട്ടി തെറിപ്പിക്കാൻ കഴിയില്ല .
മഴ പെയ്ത മൂകതയും മനസ്സിന്റെ മൂകതയും കൂടി ആയപ്പോൾ വല്ലാത്ത സംഘർഷം തോന്നി.
അമ്മയും അവരെ പറ്റി ആവും ചിന്തിക്കുന്നതെന്ന് ഓർത്തുതു ഞാൻ മുറിക്കുള്ളിലേക്ക് ചെന്നു.
എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന 'അമ്മ ഞാൻ ചെന്നത് പോലും അറിഞ്ഞില്ല.
അവരെ അവസാനമായി ഒന്ന് കാണണം എന്ന് അമ്മയ്ക്ക് തോന്നിയിരിക്കാം.
അമ്മയുടെ മനസ്സറിഞ്ഞു കാര്യങ്ങൾ ചെയ്യേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം അപ്പോൾ എനിക്ക് മാത്രം ആരുന്നു.
"ഫ്യൂണറൽ എപ്പോഴാണ്? നമുക്ക് പോകണ്ടേ അമ്മെ? എന്ന എന്റെ ചോദ്യമാണ് അമ്മയെ ചിന്തകളിൽ നിന്നുണർത്തിയത്.
"എനിക്ക് കാണണം എന്നില്ല .. എന്നുമാത്രം 'അമ്മ പറഞ്ഞു.
അങ്ങനെയല്ല. നമുക്ക് പോകണം .എന്ന് പറഞ്ഞു ഞാൻ ഹരിയെ വിളിച്ചു. അറ മണിക്കൂറിനുള്ളിൽ ഹരിയും അനന്തും എത്തി ഞങ്ങൾ ആ രാത്രി തന്നെ അമ്മ വീട്ടിലേക്കു പുറപ്പെട്ടു.
അമ്മവീടടുക്കാറായപ്പോൾ എനിക്ക് വീണ്ടും അസ്വസ്ഥത തോന്നി.
സൈഡ് സീറ്റ് ഇൽ ഇരുന്നു ഞാൻ വാര്യത്തെക്കു നോക്കി.
അവിടെ ഒരു പന്തലും കറുപ്പ് കൊടിയും ഉയർന്നിരുന്നു
**************************************************************************
വർഷങ്ങൾക്കിപ്പുറം ആണ് ഈ വാര്യത്തെക്കു കയറുന്നതു.
ഒറ്റ ദിവസം കൊണ്ട് ഈ വീട് വൃത്തിയായിരിക്കുന്നു. അകത്തളത്തിൽ വെള്ള പുതച്ചു ശ്രീദേവി ആന്റി ശാന്തമായ ഉറക്കത്തിലാണ്..
ജീവിച്ചിരുന്നപ്പോൾ ഇത്രത്തോളം ശാന്തമായി അവർ ഈ വീട്ടിൽ ഉറങ്ങിയിട്ടുണ്ടോ? സംശയമാണ് .
ചുറ്റിനു ആൾക്കാർ ഇരിക്കുന്നുണ്ടെങ്കിലും എത്ര സ്വസ്ഥയായി ആണവർ ഉറങ്ങുന്നത്.
ഒരു ജന്മത്തിന്റെ മുഴുവൻ പ്രാരാബ്ധവും ഇറക്കി വെച്ച് അവർ ഈ ലോകത്തു നിന്നും യാത്രയാവുകയാണ്..
തെക്കേത്തൊടിയിൽ കര്മങ്ങള്ക്കുള്ള സജ്ജീകരണം. ഭൂമി ദേവി അവരെ ഏറ്റെടുക്കാൻ തയ്യാറായി കഴിഞ്ഞു.
അന്ത്യ കർമങ്ങൾ എല്ലാം കഴിഞ്ഞു ആ ദേഹം ചിതയിലേക്ക് എടുത്തു..
ജീവിതം മുഴുവൻ തീ തിന്ന അവർ ഇന്ന് അഗ്നിയെ പുണർന്നു സ്വയം ഒരു തീ ഗോളമായി മാറിയിരിക്കുന്നു..
ഈ ലോകം അവർക്കു നൽകിയ എല്ലാ കളങ്കങ്ങളിൽ നിന്നും സ്വയം മോചിതയായി അവർ അന്ഗ്നിശുദ്ധി കൈവരിച്ചിരിക്കുന്നു..
**********************************************************************
ഞാൻ അവിടെല്ലാം എന്റെ അമ്മയെ തിരഞ്ഞു. അകത്തു മുറിയിൽ അമ്മയെ കണ്ടു ഞാൻ അങ്ങോട്ട് ചെന്നു.
'അമ്മ അവിടൊരു യുവതിയുമായി സംസാരിക്കുന്നു. ഞാൻ അടുത്ത് ചെന്നതും പാറൂ " എന്ന് പറഞ്ഞവർ എന്റെ കയ്യിൽ മുറുകെ പിടിച്ചു
"ഗൗരിചേച്ചി"
"അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ മുതൽ അമ്മയേയും കൂട്ടി ഇവിടെ വന്നു താമസിക്കണം എന്ന് വിചാരിച്ചതാണ് മോളെ ഒന്നും നടന്നില്ല" എന്ന് പറഞ്ഞവർ കുറെ കരഞ്ഞു .
പൊള്ളയായ വാക്കുകൾ നിർവികാരതയോടെ കേട്ടിരുന്നഎന്റെ ശ്രദ്ധ മുഴുവനും അപ്പോൾ ഗൗരിചേച്ചിക്കൊപ്പം ഉണ്ടായിരുന്ന ഒരു അഞ്ചു വയസ്സുകാരി കുട്ടിയിൽ ആയിരുന്നു.
'അമ്മ എന്നോട് ക്ഷെമിക്കുമായിരിക്കും അല്ലെ ആന്റി" എന്ന് ചോദിച്ചു കൊണ്ട് അവർ എന്റെ അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
"ക്ഷമിക്കും മോളെ, അമ്മയെല്ലാം ക്ഷമിക്കും എന്ന് പറഞ്ഞു 'അമ്മ അവരുടെ പുറം തഴുകി.
എന്റെ നോട്ടം അപ്പോഴും ആ കൊച്ചു കുഞ്ഞിൽ ആയിരുന്നു. അടുത്തക്കു വിളിച്ചു ഞാൻ അവളുടെ പേര് ചോദിച്ചു..
ചിരിച്ചു നാണിച്ചു അവൾ പേര് പറഞ്ഞു
"ദേവശ്രീ"
അത് പറഞ്ഞു ചിരിച്ച അവളുടെ
നിഷ്കളങ്കമായ ആ ചിരിയിൽ
എവിടെയോ ഞാൻ
ശ്രീദേവിയാന്റിയെ വീണ്ടും കണ്ടു..
അതെ ഗൗരിചേച്ചി, .
അവർ,നിങ്ങൾ വെറുത്തു തീണ്ടാപ്പാടകലെ നിർത്തിയിരുന്ന നിങ്ങളുടെ 'അമ്മ
നിങ്ങളോട് ക്ഷമിക്കും..
അവർക്കു ക്ഷമിക്കാതിരിക്കാൻ ആവില്ലല്ലോ.
.അവർ ക്ഷമിക്ക തന്നെ ചെയ്യും ...

By: ParvathyManimangalath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot