നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താടി

Image may contain: 1 person, closeup

*****
'ചേട്ടാ.... എണീറ്റേ ചേട്ടാ.... നേരം വെളുത്തിട്ട് എത്ര നേരമായി എന്നറിയ്യോ....'
രമണി കെട്ടിയോൻ കുഞ്ഞാപ്പുവിനെ വിളിച്ചെഴുന്നേല്പിക്കാൻ നോക്കി.
യാതൊന്നും കേൾക്കാത്ത മട്ടിൽ കുഞ്ഞാപ്പു കൂർക്കം വലിച്ചുറങ്ങു കയാണ്. കേൾക്കുന്നവർക്ക് അസഹ്യവും, എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ, താളാത്മകവുമായ ശ്വാസോശ്ചാ സത്തിന്റെ, അല്ലെങ്കിൽ കൂർക്കംവലി യുടെ അങ്ങേയറ്റത്തെ അവസ്ഥയാണ്, അയാളുടെ നീണ്ട താടിയിലുള്ള ഒന്നു രണ്ടു രോമങ്ങളുടെ ചാഞ്ചാട്ടം.
രമണിക്ക് കെട്ടിയോന്റെ താടി കാണുന്ന തേ കലിപ്പാണ്. എന്നാൽ കുഞ്ഞാപ്പുവിന് ഹരവും.
കൂടെ കിടക്കുമ്പോൾ , കെട്ടിയോന്റെ ഈ കൂർക്കംവലി പോരാഞ്ഞിട്ട് , ഈ നീളൻ താടിയും കാരണം, സ്വന്തം മുഖം ചൊറിഞ്ഞ് സഹിക്കെട്ട അവൾ ഒരിക്കൽ കെട്ടിയോനോട് പറഞ്ഞു,
' താടി ഒന്ന് വടിച്ചു കളയൂ മനുഷ്യാ.... ഞാനീ പണിയെല്ലാം കഴിഞ്ഞ് രാത്രി സ്വസ്ഥമായി കിടന്ന് ഒന്നു ഉറക്കം പിടിച്ചു വരുമ്പോഴാണ് നിങ്ങളുടെ ഈ മുടിഞ്ഞ രോമങ്ങൾ എന്റെ മുഖത്ത് ഉരസുന്നത്. പിന്നെ രാത്രി മുഴുവൻ എന്റെ മുഖം ചൊറിയാനേ എനിക്കു നേരം കിട്ടുന്നൂള്ളൂ.... '
കെട്ടിയോളുടെ വാക്കുകൾ തെല്ലും മൈൻഡു ചെയ്യാതെ, സ്വന്തം താടി ഓമനയോടെ ഉഴിഞ്ഞു കൊണ്ട് കുഞ്ഞാപ്പു പറയും,
'എടീ... രമണീ.... നിനക്കെന്തറിയാം...ഒരു മനുഷ്യൻ ഗൗരവമായി ചിന്തിക്കുന്നതിനും, തീരുമാനങ്ങൾ നടപ്പാക്കുന്നതിനും താടിയ്ക്കുള്ള പങ്ക് അത്ര ചെറുതല്ല. ക്യൂബൻ പ്രസിഡന്റ് നെ നോക്കിയേ.. മൂടൽ കാസ്ട്രോ...യ്ക്കും താടിയുണ്ട്.'
''മൂടൽ അല്ല ചേട്ടാ... ഫിഡൽ ആണ്.''
രമണി ഇടയ്ക്ക് കേറി പറഞ്ഞു.
പെട്ടെന്നു വന്ന ചമ്മൽ പുറത്തു കാണിക്കാതെ കുഞ്ഞാപ്പു ഉടനെ തന്നെ പറഞ്ഞു,
'ശരി... ശരി... നിനക്ക് ആളാരാണെന്ന് മനസ്സിലായല്ലോ..... അതു മതി. ഇനി നീ എന്റെ താടിക്കാര്യത്തെ കുറിച്ച് മേലിൽ സംസാരിച്ചു പോകരുത്. ഉം....'
അതിൽ പിന്നെ കിടക്കാൻ നേരത്ത് രമണി ഒരു തോർത്ത് എടുത്ത് കണ്ണ് പുറത്തേക്ക് കാണാൻ പറ്റാവുന്ന വിധത്തിൽ തലയും മുഖവും മൂടിക്കെട്ടിവച്ചിട്ടാണ് ഉറങ്ങുന്നത്.
ഇതൊക്കെ ഓർത്ത രമണി , ഇനിയും എഴുന്നേല്ക്കാതെ ചുരുണ്ടുകൂടി കിടക്കുന്ന കെട്ടിയോനെ നോക്കി പല്ലിറുമ്മി .
രമണി ഒരിക്കൽ കൂടി കുഞ്ഞാപ്പുവിനെ കുലുക്കിയുണർത്താൻ നോക്കി.
'എഴുന്നേല്ക്കൂ മനുഷ്യാ... പ്ലാവേൽ കേറി ഒന്നു ചക്കയിട്ടു താ....'
എന്നിട്ടും ഒരു അനക്കവുമില്ല. ദേഷ്യം വന്ന രമണി, പതുക്കെ കുഞ്ഞാപ്പുവിന്റെ താടിയിൽ നിന്നുള്ള ഒന്നു രണ്ടു നീണ്ട രോമങ്ങളെ പതുക്കെ അയാളുടെ മൂക്കിലേക്ക് കേറ്റി വച്ചു.
'ഹാച്ഛീ... ' എന്നു വച്ചതല്ലാതെ അയാൾ കണ്ണു തുറന്നതേയില്ല.
'എന്നാ വേണ്ട... ഞാൻ തന്നെ ചക്കയിട്ടോണ്ട്. സ്ത്രീകൾ അത്ര ദുർബലർ അല്ല ... ഞാൻ കേറിയാൽ എന്തു സംഭവിക്കും എന്നറിയാമല്ലോ.... എന്നു പിറുപിറുത്തു കൊണ്ട് രമണി വീടിന്റെ പിന്നാമ്പുറത്തു പോയി, അരിവാൾ നീണ്ട കോലിൽ കെട്ടിവച്ച്, ഏണി എടുത്തു കൊണ്ട് വന്ന് പ്ലാവിൽ ചാരി വച്ചു.
പിന്നെ അവൾ അകത്തു പോയി കെട്ടിയോന്റെ ഡാമേജായി വന്ന പാന്റും, ഷർട്ടും എടുത്തിട്ട് , പുറത്തേക്ക് വന്ന് കോണിയേൽ ചവിട്ടി പ്ലാവേൽ കേറാൻ തുടങ്ങി. കോണിയുടെ അറ്റത്ത് എത്തുന്നതിനു മുമ്പ് , അവൾ അരിവാൾ ഉറപ്പിച്ച തോട്ടി എടുത്ത് , നേരത്തെ കണ്ടു വച്ച , ചക്കയിരിക്കുന്ന കമ്പിൽ തോട്ടി തൂക്കിയിട്ടു.
പിന്നെ അവൾ തിരിഞ്ഞു നോക്കാതെ ആത്മവിശ്വാസത്തിന്റെ പടവുകൾ താണ്ടി , ഉയരങ്ങളിലിരിക്കുന്ന ചക്കയുടെ അടുത്ത് എത്തി.
തോട്ടി നീട്ടിപ്പിടിച്ച് , കഷ്ടപ്പെട്ട് , ഒരു തരത്തിൽ ചക്ക താഴെയിട്ടു. ലക്ഷ്യം വിജയം കണ്ട സന്തോഷത്തിൽ തോട്ടിയും താഴെയിട്ടു.
തിരിച്ചിറങ്ങാൻ പിന്നെ താഴേയ്ക്ക് നോക്കിയപ്പോഴാണ് രമണിക്ക് തന്റെ ആത്മവിശ്വാസം എത്ര ദുർബലമാണെന്നു മനസ്സിലായത്.
അവൾ ആ കമ്പിൽ അള്ളിപ്പിടിച്ചു കിടന്നു.
ചേട്ടാ.... ചേട്ടാ.... ഓടിവായോ.... എന്നെയൊന്നു താഴെയിറക്കണേ.... എന്നവൾ ഉറക്കെ വിളിച്ചു കൂവി.
കുറച്ചു നേരം അവൾ വെയ്റ്റു ചെയ്തു നോക്കിയെങ്കിലും, കെട്ടിയോൻ വരുന്നത് കാണാതായപ്പോൾ ഒരിക്കൽ കൂടി ഉച്ചത്തിൽ വിളിച്ചു. പിന്നേയും അല്പനേരം കാത്തു.
താൻ അള്ളിപ്പിടിച്ചു കിടക്കുന്ന കമ്പിൽ, അകാലത്തിൽ ശോഷിച്ചു പോയ കറുത്തിരുണ്ട ചക്ക കുഞ്ഞിനെ പറിച്ചെടുത്ത്, കുഞ്ഞാപ്പു കിടക്കുന്ന മുറിയുടെ ഓടുമേഞ്ഞിരിക്കുന്ന ഭാഗത്ത് എറിഞ്ഞു.
അതേ സമയം, എന്തോ സാധനം ഓടിൽ തട്ടി വീണ ശബ്ദം കേട്ട് , കുഞ്ഞാപ്പു ഞെട്ടിയുണർന്നു.
'എടീ... രമണീ.... എന്തോ ഓടിൽ തട്ടി വീണ ശബ്ദം...'
രമണിയുടെ പ്രതികരണം കേൾക്കാതായപ്പോൾ, കുഞ്ഞാപ്പു വീണ്ടും വിളിച്ചു.
രമണീ.... എടീ....
പിന്നെയും അനക്കമൊന്നും കേൾക്കാ തായപ്പോൾ, 'ഈ പണ്ടാരം എവിടെപ്പോയിക്കെടക്കാണാവോ...' എന്നു കുഞ്ഞാപ്പു പിറുപിറുത്ത്‌, കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുണ്ട് ഒന്നു തട്ടിക്കുടഞ്ഞ് ഇട്ടതിനു ശേഷം, രമണിയെ അന്വേഷിച്ചിറങ്ങി.
ആദ്യം അടുക്കളയിൽ പോയി നോക്കി. അവിടെയെങ്ങും കണ്ടില്ല. പിന്നെ മറ്റു മുറികളിലും അന്വേഷിച്ചു. എന്നിട്ടും കണ്ടില്ല. അതോടെ അയാൾക്ക് പരിഭ്രാന്തിയായി.
'ഭഗവാനേ... ഇതെവിടെപ്പോയി കിടക്കുവാ... എന്നോർത്ത്‌ അത്യന്തം വേവലാതിയോടെ , രമണീ.... എന്ന് ഉറക്കെ വിളിച്ചു കൊണ്ട് മുറ്റത്ത് ഇറങ്ങി.
ചേട്ടാ....
ദേ.... അവളുടെ ശബ്ദമാണല്ലോ കേൾക്കുന്നത്.
അയാൾ വേഗം കിണറ്റിലേക്ക് നോക്കി.
അവിടെയൊന്നും അവളെ കണ്ടില്ല .
പിന്നേയും,
ചേട്ടാ... എന്ന വിളി കേട്ടു.
രമണീ... നീയെവിടെയാ....
ചേട്ടാ... എന്ന വിളിയ്ക്കു പിന്നാലേ എന്തോ സാധനം കുഞ്ഞപ്പന്റെ തലയിൽ വീണതും ഒരുമിച്ചായിരുന്നു.
ഒന്നു ഞെട്ടിയ അയാൾ മുകളിലേയ്ക്ക് നോക്കിയപ്പോഴാണ്, അടുക്കളയിൽ നില്ക്കേണ്ട ആൾ പ്ലാവിന്റെ മുകളിൽ ഇരിക്കുന്നത് കണ്ടത്.
അയാൾക്ക് ആധി കേറി. അയാൾ വിചാരിച്ചത്, താടി വടിക്കാത്തതിൽ പ്രതിഷേധിച്ച് , ആത്മഹത്യ ചെയ്യാൻ വേണ്ടി രമണി പ്ലാവിന്റെ മുകളിൽ കേറിയതാണ് എന്നാണ് .
എന്റെ പൊന്നു രമണീ... നീ കടുംകൈ ചെയ്യരുതേ.... താഴേക്ക് ചാടരുതേ.... അയാൾ തന്റെ കൈകൾ നെഞ്ചത്തു വച്ച് മുകളിലേയ്ക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
അയാൾ എന്താണ് പറഞ്ഞത് എന്ന് പ്ലാവിൽ അള്ളി പിടിച്ചു കിടക്കുന്ന രമണി കേട്ടതുമില്ല.
അവൾ വിളിച്ചു പറഞ്ഞു, എങ്ങനെയെങ്കിലും എന്നെ ഒന്നു താഴെയിറക്കൂ മനുഷ്യാ.... എനിക്ക് തല കറങ്ങുന്നൂ....
രമണി പറഞ്ഞത് കുഞ്ഞാപ്പുവിനും മനസ്സിലായില്ല.
അയാൾ വിചാരിച്ചത്, രമണി പറയുന്നത്, അവളുടെ മുന്നിൽ വച്ച് താടി വടിച്ചു കളയണം എന്നും, അല്ലേൽ ഇപ്പം ചാടും എന്നാണ്.
ഇപ്പം ശരിയാക്കാം.... എന്ന് രമണിയെ നോക്കി ആംഗ്യം കാണിച്ചു കൊണ്ട് അയാൾ വേഗം അകത്തേയ്ക്ക് കയറി, കത്രിക, ഷേവിംഗ് സെറ്റ് എന്നീ ലൊട്ടുലൊടുക്കു സാധനങ്ങളുമായി വന്ന് പ്ലാവിന്റെ മുന്നിൽ സ്റ്റൂളിട്ട് ഷേവ് ചെയ്യാനാരംഭിച്ചു.
അതേ സമയം, പ്ലാവിന്റെ മുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന രമണി കെട്ടിയോന്റെ ചെയ്തതികൾ കണ്ട് അത്ഭുതം കൂറി. ഇതെന്തു കഥ. തന്നെ താഴെയിറക്കാൻ നോക്കാതെ , ഷേവ് ചെയ്യുന്നത് കണ്ട രമണിയ്ക്ക് കരച്ചിൽ വന്നു.
പെട്ടെന്ന് തന്നെ , മീശ മാത്രം മുഖത്ത് വച്ചിട്ട്, ബാക്കിയെല്ലാം കുഞ്ഞാപ്പു ഷേവ് ചെയ്ത് കളഞ്ഞു. എന്നിട്ട് അയാൾ രമണിയെ നോക്കി വിളിച്ചു പറഞ്ഞു,
'മുത്തേ.... നീ പറഞ്ഞതുപോലെ താടി വടിച്ചു കളഞ്ഞൂട്ടോടീ.... ഇനി എന്റെ മുത്ത് ചാടരുത് ട്ടോ. .ഈ ചേട്ടൻ നിന്നെ താഴെയിറക്കാമേ.... ' എന്നു പറഞ്ഞു, അയാൾ ഫയർഫോഴ്സിനെ വിളിക്കാൻ ഓടി.
അല്പസമയത്തിനു ശേഷം , അലാറം മുഴക്കി കൊണ്ട് ഫയർഫോഴ്സ് എത്തി . കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം, പ്ലാവിൽ അള്ളിപ്പിടിച്ചു കിടക്കുന്ന രമണിയെ അതിസാഹസികമായി താഴെയിറക്കി.
ഓടി വന്ന് ഭാര്യയെ പുണർന്ന കുഞ്ഞാപ്പു സങ്കടത്തോടെ പറഞ്ഞു,
'എന്റെ മുത്തേ... നീ ഒന്നു കൂടെ എന്നെ നിർബന്ധിച്ചാൽ പോരായിരുന്നോ... ഞാൻ താടി കളയുമായിരുന്നില്ലേ... നീ ചാവാൻ പോയത് എന്തിനാടീ....
എന്നെ ഇങ്ങനെ സങ്കടപ്പെടുത്താൻ നിനക്കെങ്ങനെ മനസ്സു വന്നു...'
'താടി കളഞ്ഞ കെട്ടിയോനെ കണ്ടപ്പോൾ, സുന്ദരമായി തോന്നിച്ച ആ മുഖത്തെ സങ്കടം കണ്ടപ്പോൾ, രമണി കെട്ടിയോനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു,
'അതേയ്... ഞാനേയ്.... ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല. ചക്കയിടാൻ കേറിയതാ...'
'ങ്ങേ... അപ്പോ എന്റെ താടി' ഞെട്ടിത്തരിച്ചു പോയ കുഞ്ഞാപ്പു , രമണിയെ തള്ളിമാറ്റിക്കൊണ്ട്,
'ഇപ്പം ശരിയാക്കിത്തരാ ടീ...' എന്നു പറഞ്ഞ് വടി വെട്ടിയൊടിക്കാൻ വേണ്ടി കുഞ്ഞാപ്പു പറമ്പിലേക്ക് പാഞ്ഞു.
സുമി ആൽഫസ്
****************
30.07.2018.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot