
റിസപ്ഷനിലെ കൗണ്ടറു കഴിഞ്ഞ് രോഗികൾക്കിരിക്കാവുന്ന ഒരു മുറിയുണ്ട്. ഉച്ചകഴിഞ്ഞു സ്കാനിങ്ങ് സെന്ററിൽ ആളു കുറവായിരിന്നു. അനഘ എന്നെ അങ്ങോട്ടാണ് വിളിച്ചത്.
വിഷ്ണു അതു പറഞ്ഞു നിർത്തി. കേൾവിക്കാരായ ഞാനും അഖിലും മുഖത്തോടു മുഖം നോക്കി ചിരിച്ചു. സന്ധ്യ കഴിഞ്ഞിരുട്ടു പടർന്ന സ്കൂൾ വരാന്തയിൽ അമ്പലത്തെരുവിലെ നിയോൺ ബൾബുകളുടെ വെളിച്ചം ചിതറിത്തെറിച്ചു വീണു കിടന്നിരുന്നു. ആ മങ്ങിയ വെളിച്ചത്തിൽ വിഷ്ണുവിന്റെ വലിയ കണ്ണുകൾ തിളങ്ങി നിന്നിരുന്നു.
എന്നിട്ട് പറയൂ നീ ..
വിഷ്ണു തുടർന്നു...
പുറത്തു ഞങ്ങൾക്കു വേണ്ടി മഴ പെയ്യുന്നുണ്ടായിരുന്നു. അകത്തെ മുറിയിൽ നിന്നു നോക്കിയാൽ പച്ച പുല്ലു വിരിച്ച ലോബിയും , റോഡിലൂടെ വരുന്ന യാത്രക്കാരേയും ഞങ്ങൾക്കു കാണാമായിരുന്നു.
നീ സാഹിത്യം കളഞ്ഞു പറയൂ. അനഘയും നീയും ആ മുറിയിൽ ഒറ്റയ്ക്കായിരുന്നോ? അഖിൽ ക്ഷമ നശിച്ചു ഉറക്കെ ചോദിച്ചു
ഞാനും അവളും മാത്രം.. മൂന്നു മുറികൾക്കപ്പുറത്തു സ്കാനിങ്ങ് മെഷീൻ മുരളുന്ന ശബ്ദം. അങ്ങോട്ടു ചെറിയ ഒരു വരാന്തയാണ്. അപ്പുറത്തെ മുറിയിൽ നിന്ന് ആരു വന്നാലും നമ്മൾക്ക് വേഗം അറിയാനാവും.
വിഷ്ണു ഒന്നു നിർത്തി പിന്നെ പറഞ്ഞു
അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. കവിളിലൊരു നുണക്കുഴി വിരിയിച്ച് എന്നെ നോക്കാതിരുന്നു..
അതു പെണ്ണുങ്ങളുടെ സ്ഥിരം നമ്പരാ.. പറയൂ നീ എന്തു ചെയ്തു അപ്പോൾ?
അഖിലിന്റെ അമിതാവേശം ഒരു കൈ കൊണ്ടു തടഞ്ഞു ഞാൻ. വിഷ്ണു നീ നിന്റെ രീതിയിൽ പറഞ്ഞാൽ മതി? ആട്ടെ അവള് അത്രയ്ക്കു സുന്ദരിയാണോ?
എന്നു ചോദിച്ചാൽ... ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന രൂപം. തോളിലൂടെ മുന്നിലേക്കു വീണു കിടക്കുന്ന ചുരുണ്ട മുടി. പിന്നെയാ ചിരിയും സംസാരവും.
എന്നെ അവൾക്കു ജീവനാ അഖിലേ..
നീ പറയ് സസ്പെൻസ് കളയാതെ.. അഖിൽ പിന്നേയും ഒച്ചവച്ചു.
ഞാനവളുടെ കണ്ണിൽ നോക്കിയിരുന്നു. പിന്നെയെപ്പോഴോ അവളുടെ കൈകളിൽ ചേർത്തു പിടിച്ചു.
സാധാരണ ഒരു പ്രണയകഥയിലെ ക്ലെമാക്സിലേക്കു ഞങ്ങൾ കടക്കവേ ഞാൻ വെറുതെ അകലങ്ങളിലേക്കു നോക്കി.
അമ്പലത്തെരുവിലെ ആലില മരത്തിലെ ഇല ഹൃദയങ്ങൾ കാറ്റിൽ വിറച്ചു വിതുമ്പുകയാണ്. നിയോൺ വെളിച്ചത്തിലെ മഞ്ഞ മുഖങ്ങളുമായി കുറേ ആളുകൾ കഥകൾ പറഞ്ഞു പയ്യെ നടന്നകലുന്നു.
അവളെ ചേർത്തണയ്ക്കാനായി ഞാൻ മുന്നോട്ടാഞ്ഞപ്പോളാണ് " ആ നാശം" വന്നത്.
ഏതു നാശം ഞാൻ ചോദിച്ചു.
റിസപ്ഷൻ കൗണ്ടറിലേക്കാണ് അയാൾ കേറി വന്നത്. ആ തോളിൽ പ്ലാസ്റ്ററിട്ട കൈയ്യുമായി ഒരു കുട്ടി. അയാളുടെ കൈയ്യിൽ വിതർത്തിയ കുടയും ഉണ്ടായിരുന്നു.
നാശം... ശല്ലായല്ലോ....സസ്പെൻസ് കളഞ്ഞു. ഇവനെയൊക്കെയാ തല്ലി കൊല്ലേണ്ടത്. ദേഷ്യത്തിൽ കൈകൾ കൂട്ടിയിടിച്ചാണ് അഖിലതു പറഞ്ഞത്.
അയാളെന്തിനാ വന്നത്? ഞാൻ ചോദിച്ചു
ആ കുട്ടിയുടെ കൈ സ്കാൻ ചെയ്യാൻ എത്ര രൂപയാകുമെന്നു ചോദിക്കാൻ. എന്നിട്ടോ പോക്കറ്റിലെ രൂപയെടുത്തു രണ്ടു മൂന്നു പ്രാവശ്യം എണ്ണി..
പിന്നെ പരിഭ്രമത്തോടെ ഞങ്ങളെ മാറി മാറി നോക്കി...
എന്നിട്ട് ? ഞാൻ വിഷ്ണു വിന്റെ മുഖത്തേയ്ക്കു നോക്കി..
ആ പെരുമഴയിലേക്ക് തന്നെ അയാൾ സാവധാനം ഇറങ്ങിപ്പോയി...
പ്രിയപ്പെട്ടവരേ...
വിഷ്ണുവിന്റേയും അനഘയുടേയും പ്രണയ നിമിഷങ്ങൾ ഇവിടെ പൂർണ്ണമല്ല എന്നറിയാം.. അതു കൊണ്ടു ഈ കഥ ഇവിടെ അപൂർണ്ണമാണ്...
ഒരു പക്ഷെ..
കോരിച്ചൊരിയുന്ന മഴയിൽ തോളിൽ കിടത്തിയ കുഞ്ഞിന്റെ പ്ലാസ്റ്ററിട്ട കൈകളുമായി ഒരച്ഛന്റെ പെട്ടെന്നുള്ള വരവാകാം ഈ കഥയിലെ വില്ലൻ.
ക്ഷമിക്കുക..
ചിന്തകളിലേക്കു ഒരു ചോദ്യം എറിഞ്ഞു പുതിയൊരു കഥ ഇവിടെ തുടങ്ങുകയാണ്...
... പ്രേം....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക