നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ലപാതി


*************
(ആദ്യമേ പറയട്ടെ ഇതൊരു കഥയല്ല ആരുടെയൊക്കെയോ അനുഭവം ആണ്. നിങ്ങൾക്കിത് അറിവാണ് , ഞാൻ ഒരു കഥയായി അവതരിപ്പിച്ചെന്നു മാത്രം... തെറ്റുകൾ ഉണ്ടെങ്കിലും അറിവുള്ളവർ തിരുത്തി തരുക എന്റെ അറിവിൽ നിന്ന് എഴുതിയത് ആണ്... )
അജി തട്ടി വിളിച്ചപ്പോളാണ് ഹരികൃഷ്ണൻ കണ്ണുതുറന്നത്. കിച്ചു മതി എഴുന്നേൽക്ക്, നേരമെത്രയായെന്നു അറിയാമോ?...
കിച്ചു നിനക്കു എന്താപറ്റിയത്.ഹരികൃഷ്ണൻ എഴുന്നേറ്റിരുന്നു.പോയി റെഡിആയിട്ടുവാ നമ്മുക്ക് കാപ്പി കുടിച്ചിട്ട് ഒരിടം വരെ പോകണം...
ഹരികൃഷ്ണൻ മിഴികളുയർത്തി അജിയെ നോക്കി.നീ നോക്കണ്ട ഇന്ന് നിന്റെ ഭ്രാന്ത് അവസാനിപ്പിക്കണം..
അജി കൈയിൽ ഇരുന്ന പേപ്പർ ഹരികൃഷ്ണന്റെ കൈയിൽ കൊടുത്തു...
നീ വേഗം വാ, ഞാൻ രേണുവിനോട് എല്ലാം പറഞ്ഞിട്ടുണ്ട്, അവൾ ഡ്യൂട്ടിയിൽ ഉണ്ട് ....
അജി ഇതും പറഞ്ഞ് പുറത്തേക്കു ഇറങ്ങി പോയി..
ഹരികൃഷ്ണൻ കൈയിൽ ഇരുന്ന പേപ്പറിൽ നോക്കി അവിടെ തന്നെ ഇരുന്നു..
"കണ്ണുകൾ തുളുമ്പി "
തലപൊട്ടിപൊളിയുന്നു,പതുക്കെ എഴുന്നേറ്റ് ബാൽക്കണിയിൽ പോയി നിന്നു..
ഇന്നലത്തെ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു.ഈ റിപ്പോർട്ട്‌ എന്റെ കൈയിൽ കിട്ടുന്നത് വരെ..
കല്യാണം കഴിഞ്ഞിട്ടു ഒന്നരമാസം അവുന്നതേ ഉള്ളൂ, സുന്ദരിയും നിഷ്കളങ്കയുമായ ഭാര്യ, സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നവൾ, സന്തോഷം നിറഞ്ഞ ദാമ്പത്യം...
കുറച്ചു ദിവസമായി അവൾക്കു എന്തോ ഒരു വല്ലാഴിക...
ഹോസ്പിറ്റലിൽ പോകമെന്ന് പലപ്രാവിശ്യം ഞാൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല..ഇന്നലെ കാലത്തെ തലകറങ്ങി വീണപ്പോൾ അവളെ കുറെ വഴക്കുപറഞ്ഞു, ഹോസ്പിറ്റലിൽ കൊണ്ടുപോയി..
അവിടെ എത്തിയപ്പോൾ മനസ്സിന് കുളിർമയേകിയ ഒരു വാർത്ത ഞാൻ അച്ഛനാകാൻ പോകുന്നു..
ഇത്രയും വേഗം പ്രതീക്ഷിച്ചിരുന്നിലെങ്കിലും അങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ തുള്ളിച്ചാടി പോയി...
പ്രഗ്നൻസി റിപ്പോർട്ട്‌ കൈയിൽ കിട്ടുന്ന സമയംവരയേ ആ സന്തോഷം എന്നിൽ ഉണ്ടായിരുന്നുള്ളൂ..
അവളുടെ വയറ്റിലെ കുഞ്ഞിന് രണ്ടു മാസത്തിന്റെ വളർച്ച, ഞാൻ ഞെട്ടിപ്പോയി. കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസമെ ആയിട്ടുള്ളു ഇതെങ്ങനെ സംഭവിച്ചു,
വീട്ടുകാർ ഉറപ്പിച്ച കല്യാണം, കല്യാണത്തിന് ആറുമാസത്തെ ഗ്യാപ്പ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി അവളെ ഞാനൊന്നു തൊട്ടിട്ടുപോലുമില്ല....
കല്യാണത്തിന് മുൻപ് അവളോട്‌ ഒരു ഉമ്മ ചോദിച്ചതിന് ഒരാഴ്ച അവൾ എന്നോട് മിണ്ടാതിരുന്നു....
അപ്പോൾ അവൾ എന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നോ???
എന്നിലെ ചെകുത്താൻ സട കുടഞ്ഞ് എഴുന്നേറ്റു..
കൈയിൽ ഇരുന്ന പ്രഗ്നൻസി റിപ്പോർട്ട്‌ വിറച്ചു..
അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു...
നിഷ്കളങ്കമായി എന്നെ നോക്കി ചിരിക്കുന്നു , ആ നിഷ്കളങ്കയാണല്ലോ എന്നെ ചതിച്ചത്..
അവൾ എന്തെക്കെയോ എന്നോട് പറയുന്നുണ്ട്, എന്റെ കണ്ണിൽ ഇരുട്ടുകയറി, ഒന്നും കേൾക്കാൻ പറ്റുന്നില്ല...
ഒന്നും മിണ്ടാതെ ഞാൻ മുൻപിൽ നടന്നു..
അവൾ ഓടി എന്റൊപ്പം എത്താൻ പാടുപെട്ടു..
അവൾ കയറിയതും ഞാൻ ഒന്നും മിണ്ടാതെ ബൈക്ക് ഫുൾ സ്പീഡിൽ വിട്ടു..
അവളോടുള്ള ദേഷ്യം മുഴുവൻ ബൈക്കിന്റെ ഹാൻഡ്ലിൽ തീർത്തു...
ഏട്ടാ പതുക്കെ എന്ന് പലതവണ അവൾ പറഞ്ഞതിനനുസരിച്ചു ഞാൻ സ്പീഡ് കൂട്ടികൊണ്ടേയിരുന്നു ..
വീടിന്റെ പടിവാതിലിൽ അവളെ ഇറക്കിവിട്ട് തിരികെ പോന്നപ്പോൾ, നിറകണ്ണുകളോടെ
എന്നെ നോക്കി നിൽക്കുന്നവളെ കണ്ടില്ലന്നു നടിച്ചു...
മനസ്സ് ചൂടുപിടിക്കുന്നു, അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്, ആരോട് പറയും..
അടുത്തുകണ്ട ബാറിൽകയറി,ജീവിതത്തിൽ ഒരിക്കൽ പോലും ബിയർ അല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല..
പക്ഷേ ഇന്നലെ എന്റെ മനസ്സ് തണുപ്പിക്കാൻ തണുത്ത ബിയറിനുപോലും കഴിഞ്ഞില്ല... അതിനേക്കാൾ വീര്യം ഉള്ള എന്തെങ്കിലും വേണമായിരുന്നു.....
ഇടയിലെപ്പോഴോ അജിടെ ഫോൺ വന്നു, അവൻ എങ്ങനെ അവിടെ എത്തിയെന്നോ, ഞാൻ എങ്ങനെ അജിടെ വീട്ടിൽ എത്തിയെന്നോ ഒന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല...
അജി റൂമിലേക്ക്‌ കയറി വന്നു, നീ ഇതുവരെ റെഡി ആയില്ലെ..
എടാ ഞാൻ..... ഞാൻ എന്തോ പറയാൻ ശ്രമിച്ചു
വേഗം റെഡിയാക് , അമ്മ കാപ്പി എടുത്തു വച്ചു വിളിക്കുന്നു വാ കഴിക്കാം..
അവൻ എനിക്ക് മുഖം തരുന്നില്ല. ഞാൻ അവന്റെ അടുത്തോട്ടു നീങ്ങി നിന്നു...
എടാ അജി, ഞാൻ ഇന്നലെ...
അത് സാരമില്ല, ഞാൻ ആദ്യമായി ആണ് നിന്നെ ആ അവസ്ഥയിൽ കാണുന്നത്..
നിന്റെ അവ്യക്തമായ സംഭാഷണത്തിൽ നീ എന്നോട് ഏറെക്കുറെ പറഞ്ഞു....
നിന്റെ അമ്മ എന്നെ ഇന്നലെ കുറെ പ്രാവിശ്യം വിളിച്ചിരുന്നു. നീ എന്റെ കൂടെ ഉണ്ടെന്നും അത്യാവശ്യമായി ഞങ്ങൾ ഒരു സ്‌ഥലം വരെ പോകുകയാണെന്നും പറഞ്ഞിട്ടുണ്ട്..
ശ്രുതി ഗർഭിണിയാണ് അല്ലെ!!
പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് അവനെ ഞാൻ ഒന്നുനോക്കി.
നിനക്ക് നാണമുണ്ടോ കിച്ചു അവളെ സംശയിക്കാൻ, കുഞ്ഞുനാൾ തൊട്ട് അവളെ എനിക്ക് അറിയാം, രേണുവും അവളും എനിക്ക് ഒരുപോലെയാണ്
അടക്കവും ഒതുക്കവും ഉള്ളൊരു കൊച്ചാ അത്, അതിനെയാ നീ....
കഷ്ടം!!! നിനക്ക് എങ്ങനെ ചിന്തിക്കാൻ കഴിഞ്ഞെടാ???
ഞാൻ അവനെ നോക്കാൻ കഴിയാതെ താഴോട്ടും നോക്കിയിരുന്നു..
ശ്ശെ , എനിക്ക് അറിയില്ല നിന്നോട് എന്ത് പറയണമെന്ന്.അത്രയ്ക്ക് ദേഷ്യം ഉണ്ട് നിന്നോട് എനിക്ക്...
അവളെ നിനക്കു വേണ്ടി അമ്മ ആലോചിക്കുമ്പോൾ എനിക്കുപോലും കുശുമ്പ് തോന്നിയിട്ടുണ്ട്...
അപ്പോൾ അമ്മ പറഞ്ഞ ഒരു വാക്കുണ്ട്..
അവൾ ഒരു മഹാലക്ഷ്മിയാടാ അവൾക്കു വേണ്ടത് കിച്ചുനെ പോലെ ഒരാളാണെന്ന്...
ആ നീയാണ് ഇന്നലെ നാലുകാലിൽ അമ്മയുടെ മുന്നിൽ...
ഈ വീട്ടിൽ വന്നാൽ എന്നോടു പോലും ഒരു പരിധിയിൽ കൂടുതൽ അവൾ സംസാരിച്ചിട്ടില്ല...
എന്നിട്ടും നീ അതിനെ ഇങ്ങനെ, ഈ ഒരു രീതിയിൽ സംശയിക്കരുതായിരുന്നു.....
അജി, ഞാൻ, നീ ഒന്നും പറയണ്ട..
ഞാൻ എല്ലാം രേണുവിനോട് സംസാരിച്ചിട്ടുണ്ട്,
ഇതിനുള്ള ഉത്തരം അവൾ നിനക്ക് തരും....
വേഗം റെഡിയായി താഴെയെത്തി.
ഒന്നും കഴിക്കാൻ തോന്നിയില്ല,
സിറ്റി ഹോസ്പിറ്റലിൽ വണ്ടികൊണ്ട് നിർത്തിയപ്പോൾ അജി എന്നെ നോക്കി പറഞ്ഞു, രേണു ഇവിടെയാ ഇന്റേൺഷിപ്പ് ചെയ്യുന്നത്..
അവൾ പറയുന്നത് ശ്രദ്ദയോട് കേട്ടോണം, പിന്നെ രേണുവിന്റ കൈയിൽ നിന്ന് മേടിക്കാൻ ഉള്ളതുകൂടി വാങ്ങിച്ചോ..
ഞാൻ ഒന്നും പറയാതെ അവന്റെ പിന്നാലെ നടന്നു, ഡ്യൂട്ടിയിൽ ആയിരുന്നു രേണു ഞങ്ങളെ കണ്ടതും സിസ്റ്ററിനോട് എന്തോ സംസാരിച്ചിട്ട് വേഗം ഞങ്ങൾക്ക് അരികിലെത്തി.
സുഖമാണോ കിച്ചുവട്ടാ!
ഞാൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.
വരൂ നമ്മുക്ക് റൂമിലോട്ട് ഇരിക്കാം..
ആമുഖം ഒന്നുമില്ലാതെ രേണു കാര്യത്തിലേക്ക് കടന്നു..
കിച്ചുവേട്ടാ ഇന്നലെ ഏട്ടൻ എന്നെ വിളിച്ചിരുന്നു.
കിച്ചുവേട്ടന് ശ്രുതിയെ സംശയമാണോ??
അവളുടെ ചോദ്യം കേട്ട് ദയനീയമായി ഞാൻ അവളെ നോക്കി...
ഓർമ്മവെച്ചാനാൾ മുതൽ അവളിലെ ഒരു ചെറിയ മാറ്റം പോലും എനിക്കറിയാം, എങ്ങനെ തോന്നി താലികെട്ടിയ പെണ്ണിനെ ഇങ്ങനെ സംശയിക്കാൻ...
അവളുടെ ജീവിതത്തിൽ കിച്ചുവേട്ടൻ അല്ലാതെ വേറെ ഒരു പുരുഷനും ഇല്ല,
" നോട്ടം കൊണ്ട് പോലും അവൾ
ആഗ്രഹിപ്പിച്ചിട്ടില്ല ആരെയും..... "
പഠിപ്പും അറിവും എല്ലാമുണ്ട് കിച്ചുവേട്ടന് .. മറ്റുള്ളവരുടെ കാര്യം വരുമ്പോൾ, ഉപദേശിക്കാൻ മുൻപിൽ കാണും.. വിവരസാങ്കേതിക വിദ്യ ഇത്രയും വികസിച്ചു എല്ലാരുടെയും വിരൽ തുമ്പിലാണ് അറിവുകൾ. എന്നിട്ടും ഇങ്ങനെ ഒരു ചിന്ത അത് എവിടെ നിന്നു വന്നു കിച്ചുവേട്ടാ? ഒരിക്കലും കിച്ചുവേട്ടനിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല....
ഏട്ടൻ അവളെ കല്യാണം കഴിച്ചിട്ട് ഒന്നരമാസമേ ആയുള്ളൂ അത് സത്യമാണ്
കിച്ചുവേട്ടൻ ചിന്തിക്കുന്ന പോലെ കെട്ടിയ ദിവസത്തെ കണക്ക്നോക്കിയല്ല വയറ്റിലുള്ള കുഞ്ഞിന്റെ വളർച്ച തീരുമാനിക്കുന്നത് അത് പെണ്ണിന്റെ മാസക്കുളി നോക്കിയാണ് .
അവസാനത്തെ മാസമുറയുടെ ആദ്യത്തെ ദിവസം തുടങ്ങിയാണ് കുഞ്ഞിന്റെ വളർച്ച നിർണ്ണയിക്കുന്നത്.. അത് ഒരുപക്ഷേ നിങ്ങളുടെ കല്യാണത്തിന് പതിനഞ്ചുദിവസം മുൻപ് ആയിരിക്കണം അതാണ് ഇങ്ങനെ സംഭവിച്ചത്..
ഇത്രയധികം ആൾക്കാർ യൂട്യുബിലും മുഖപുസ്തകത്തിലും അല്ലാതെയും ഒക്കെ ഇതിനെ കുറിച്ച് എക്സ്പ്ലയിൻ ചെയ്തു പറയുന്നുണ്ട്. എന്നിട്ടും സംശയമാണെങ്കിൽ സ്കാൻ ചെയ്തുനോക്കി കുഞ്ഞിന്റെ വളർച്ച ഉറപ്പിക്കാം....
എന്നിട്ടും പെണ്ണിന്റെ പരിശുദ്ധി ചോദ്യം ചെയ്യുന്നവരോട് എന്താപറയേണ്ടത്.....അതും താലി കെട്ടിയ പുരുഷൻ തന്നെ അവളെ സംശയിച്ചാൽ !
കഷ്ടം !!!!
മറ്റുള്ളവർക്ക് മാതൃകയാവണം പുതിയ തലമുറ എന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞു നടക്കുന്നവർ തന്നെ, ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ അവളെ താറടിച്ചു കാണിക്കും..
സമൂഹം അവളെ പിഴച്ചവൾ എന്നോ,കാമുകനാൽ ഗർഭം ധരിച്ച് താലികെട്ടിയവനെ ചതിച്ചവളായിട്ടോ വിധി എഴുതും..
കിച്ചുവേട്ടൻ ചിന്തിച്ചിട്ടുണ്ടോ ഇത് ശ്രുതി അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന്, അവൾക്കിതു സഹിക്കാൻ കഴിയുമെന്ന് തോന്നുണ്ടോ??
ജീവിതമെ കിച്ചുവേട്ടൻ എന്ന് നാപം ജപിക്കുന്ന അവളുടെ നാവ് അരിയും അവൾ , ഈ ജീവിതം തന്നെ വേണ്ടന്നു വെയ്ക്കും, അത്രയ്ക്ക് ജീവനാ അവൾക്കു കിച്ചുവേട്ടനെ.....
ഒരുനിമിഷത്തെ തെറ്റിധരണകൊണ്ട് കളങ്കപ്പെടുന്നത് ഒരുതെറ്റും ചെയ്യാത്ത ഒരുപെണ്ണിന്റെ ആത്മാഭിമാനം ആണ്...
അവളുടെ കുടുബത്തിന്റെ അന്തസ്സ് ആണ്,
നിങ്ങളുടെ ജീവിതം ആണ്, അതിനേക്കാൾ ഉപരി നിങ്ങൾ അവൾക്കു നൽകിയ നിങ്ങളുടെ ചോരയോട് ചെയ്യുന്ന ഏറ്റവും വല്യ ക്രൂരതയാണ്.....
രേണു പറഞ്ഞ് അവസാനിപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കി, അജി ഒന്നും മിണ്ടാതെ എന്നെ നോക്കിയിരിക്കുന്നു.....
രേണു സോറി..
പറ്റിപ്പോയി, ഒരു നിമിഷം ഞാൻ മനുഷ്യനല്ലാതായി, മറ്റൊന്നും ചിന്തിക്കാൻ എന്നിലെ ചെകുത്താന് സാധിച്ചില്ല....
എന്നോട് അല്ല സോറി പറയേണ്ടത്, ശ്രുതിയോട് ആണ്, പാവം അതിനെയാണ് കിച്ചുവേട്ടൻ സംശയിച്ചത്.
രേണു ഇത് ഒരിക്കലും ശ്രുതി അറിയരുത്
അവളറിഞ്ഞാൽ എന്നെ വെറുത്തു പോകും, പ്ലീസ് രേണു ഞാൻ നിന്റെ കാലുപിടിക്കാം....
കിച്ചുവേട്ടാ , ഞാൻ അജിയേട്ടനെയും, കിച്ചുവേട്ടനെയും രണ്ടായി കണ്ടിട്ടില്ല. എനിക്ക് നിങ്ങൾ രണ്ടുപേരും എന്റെ ഏട്ടന്മാരാണ്. നിങ്ങളുടെ ജീവിതം അത് എന്റെയുംകൂടി സന്തോഷമാണ്...
ഞാൻ ഒരിക്കലും ഇത് ശ്രുതിയോട് പറയില്ല....
താങ്ക്സ് മോളെ.....
ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല രേണു....
അവളോട്‌ അത് പറഞ്ഞിട്ട് ഇറങ്ങി ഓടുകയായിരുന്നു . കൈയിൽ ഇരുന്ന റിപ്പോർട്ട്‌ ചുരുട്ടി എറിഞ്ഞു, അജി എന്റെ പുറകെ എത്തി ,
അജി നീ എന്നെ വീട്ടിൽ ഒന്നു ഡ്രോപ്പ് ചെയ്യ്...
വീട്ടിൽ എത്തിയപ്പോൾ അമ്മ സിറ്റ് ഔട്ടിൽ തന്നെയുണ്ട്, എന്നെ നോക്കിയുള്ള ഇരുപ്പാണ്...
നീ എവിടെ ആയിരുന്നെടാ??
അമ്മെ അത്യാവശ്യമായി ഒരിടം വരെ പോയി, അമ്മെ അജി പറയുമെല്ലാം..
ശ്രുതി എവിടെ അമ്മ???
അവൾ മുറിയിൽ ഉണ്ട്, അവൾക്ക് രാവിലെ മുതലൊരു പനിക്കോള് , നല്ല ക്ഷീണമുണ്ട് കിടക്കുവാ...
ഓടി മുറിയിലെത്തി , പാവം ഭിത്തിയോട് ചേർന്ന് തല വെച്ചു കിടക്കുന്നു..
ശ്രുതി,
അവളെ കോരി കൈയിൽ എടുക്കുമ്പോൾ, വാടി തളർന്ന ഒരു താമരതണ്ട് പോലെ കിടന്നവൾ...
"ഡി മോളെ "
ഒറ്റ കരച്ചിൽ ആയിരുന്നു അവൾ
അവളുടെ മുഖം കൈകുമ്പിലൊതുക്കി മുഖത്തോട് ചേർത്തുപിടിച്ചു..
കിച്ചുവേട്ടാ ഇഷ്‌ടയില്ലെ, ഇത്ര പെട്ടെന്ന് അച്ഛനായത്...
അങ്ങനെ പറയല്ലേടാ...
പിന്നെ എന്താ ഇന്നലെ എന്നോട് ഒരു വാക്കുപോലും പറയാതെ പോയത്.
ഞാൻ എത്രമാത്രം വിഷമിച്ചെന്ന് അറിയാമോ !രാത്രിയിൽ ഒരു പോള കണ്ണടച്ചിട്ടില്ല അറിയുമോ, ആ കണ്ണുകൾ നിറഞ്ഞൊഴുകി,
ഒരത്യാവശ്യ കാര്യമുണ്ടായിരുന്നു അതാണ് ഞാൻ ഒന്നും പറയാതെ പോയതുമോളെ..
എന്റെ ചുണ്ടുകൾ അവളുടെ കണ്ണുനീർ ഒപ്പുമ്പോൾ, മനസ്സുകൊണ്ട് ഒരായിരം വട്ടം അവളോട്‌ മാപ്പ് പറഞ്ഞു......
പാപിയായ ഞാൻ എന്റെ ജീവന്റെ പാതിയെ ഇങ്ങനെ സംശയിച്ചല്ലോ..
ദൈവമേ ഒരിക്കലും അവൾ അറിയരുതെ എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടായിന്നു പോലും...
കണ്ണുകൾ ഇറുക്കി അടച്ചു...
വിതുമ്പി പോയ ചുണ്ടുകൾ മന്ത്രിച്ചു,
" മാപ്പ് മോളെ, എന്നോട് ചേർത്തു മുറുകെ പിടിക്കുമ്പോൾ അവൾക്ക് ഞാൻ മനസ്സുകൊണ്ട് വാക്ക് കൊടുത്തു.ഇനി ഒരിക്കലും അറിയാതെ പോലും വേദനിപ്പിച്ച് ഈ കണ്ണുനിറക്കില്ലെന്ന വാക്ക്...............
********************
വെറുമൊരു തെറ്റിദ്ധാരണ നിമിത്തം മറ്റുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും കൊണ്ട് ജീവിതം മുഴുവൻ
കരയേണ്ടിവരുന്നവർ ഏറെയാണ്..
കുടുതലും ഇതിന് ഇരയാകുന്നത് പുതിയതായി കല്യാണം കഴിഞ്ഞു ചെല്ലുന്നകുട്ടികളും,
പ്രവാസികളുടെ ഭാര്യമാരുമാണ്.....
ഇത് എത്ര പേർക്ക് മനസ്സിലാവും എന്ന് എനിക്കറിയില്ല പലപ്പോളും അറിവില്ലായ്മ കൊണ്ട് നമ്മുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്നതും എപ്പോൾ വേണമെങ്കിലും ഇനിയും നടക്കാവുന്നതുമായ ഒരു വിപത്തതാണിത്... ഇതിനെ കുറിച്ച് പലരും എക്സ്പ്ലൈൻ ചെയ്യുന്നും ഉണ്ട്, എങ്കിലും എന്റേതായ രീതിയിൽ ഒരു എളിയ അവതരണം....
📝📝📝 :ജിഷ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot