നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗോവര്‍ദ്ധന്‍




******************
അങ്ങനെ ഒരുനാൾ ഓർമ്മകളിൽ നിന്നും ഓർമ്മകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നപ്പോളാണ് മേഘക്കൂടിൽ നിന്നും ഇറങ്ങി വന്നൊരു ഇടിമിന്നൽ പോലെ വീണ്ടും തികച്ചും ആകസ്മികമായി ഒട്ടും പ്രതീക്ഷിക്കാതെ അയാളെ പറ്റി ഞാൻ ഓർത്തതും ചാരുകസേരയിലെ ഇരുത്തം മതിയാക്കി പിടഞ്ഞെഴുന്നേറ്റതും . പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതെ ഞാൻ എന്തിനു ഇപ്പോൾ ഈ സമയത്തു അയാളെ ഓർക്കണം . തല കുടഞ്ഞു അവിടവിടെ നരച്ചു തുടങ്ങിയ താടി രോമങ്ങളിൽ മെല്ലെ ചൊറിഞ്ഞു .പാതി അഴിഞ്ഞ ഉടുമുണ്ട് വാരിക്കുത്തി അകത്തേക്ക് നടക്കുമ്പോളും ആലോചിച്ചത് അത് തന്നെയാണ് ഇപ്പോൾ ഈ സമയത്തു , ഞാൻ എന്തിനാണ് അയാളെ പറ്റി ആലോചിച്ചത് .
" രാമാ .. എഴുതുമ്പോൾ എന്തെങ്കിലും ഒക്കെ അങ്ങ് എഴുതി പിടിപ്പിക്കാം എന്ന് കരുതി ഇരിയ്ക്കരുത് .ശരിക്കുള്ള എഴുത്ത് ഒരു ശില്‍പം കൊത്തും പോലെയാ ..അല്ലെങ്കില്‍ ..ഇത്തിരി വട്ടത്തില്‍ ..മനോഹരമായ ഒരു വീട് വെയ്ക്കും പോലെ ..കൃത്യമായ അളവുകള്‍ ..കണക്കുകള്‍ ..മുന്‍കരുതലുകള്‍ ..ഉള്‍ക്കാഴ്ചകള്‍ ...പിന്തുടര്‍ച്ചകള്‍ ...അറിവും വായനയും അനുഭവവും ഒക്കെ സമാസമം ചേര്‍ത്ത് ..."
പാറയില്‍ ചിരട്ടയിട്ട് ഉരയ്ക്കുന്നത് പോലെയുള്ള ആ ശബ്ദം . നിറയെ രോമങ്ങളുള്ള കൈകള്‍ നീട്ടി തോളത്തു ഒരു തട്ട് .അകത്തേയ്ക്ക് നടക്കുമ്പോള്‍ എനിക്ക് ദിശ തെറ്റി .ലക്‌ഷ്യം തെറ്റിയോ ഞാന്‍ ഇപ്പോള്‍ എന്തിനാണ് അകത്തേയ്ക്ക് കയറിയത് . ഇടുങ്ങിയ വാതിലുകള്‍ കടന്നു മച്ചിലേക്ക് തുറയ്ക്കുന്ന ഗോവണി ലക്ഷ്യമാക്കിയാണ് ഞാന്‍ നടന്നത് .പെട്ടെന്ന് തിരിഞ്ഞു വടക്ക് വശത്തേയ്ക്ക് നടന്നു .അവിടെയായിരുന്നു എന്റെ മുറി .
എനിക്ക് നല്ലയോർമ്മ ഉണ്ട്. നല്ല ഇടിയും മഴയുമുള്ള ഒരു ദിവസമാണ് അയാൾ ഞങ്ങളുടെ അയൽക്കാരനാകുന്നത് . ആദ്യമൊക്കെ അദ്ഭുതമായിരുന്നു .വർഷങ്ങളോളം അടച്ചു പൂട്ടി കിടന്നിരുന്ന ആ വലിയ വീട്ടിൽ അയാൾ ഒറ്റയ്ക്കാണ് താമസിക്കാൻ വന്നത് . അവിടെ പ്രേതമുണ്ട് മാടയുണ്ട് മറുതയുണ്ടന്നൊക്കെ പറഞ്ഞു 'അമ്മ പേടിപ്പിക്കാറുണ്ട് . ഞാനന്നു പത്താംതരത്തിലെ പരീക്ഷയൊക്കെ കഴിഞ്ഞു വെറുതെ തെക്കു വടക്കു നടക്കുന്ന സമയം . ഒളിഞ്ഞു നിന്നാണ് ആറടിയിലധികം ഉയരമുള്ള അയാളെ കണ്ടത് .പിന്നിൽ നിന്നും നോക്കുമ്പോൾ ഒരു പട്ടാളക്കാരനെ പോലെ തോന്നി .ഇടതൂർന്ന കട്ടിയുള്ള പാതി നരച്ച നീണ്ട താടി ചില പരസ്യ ചിത്രങ്ങളിലെ യോഗിയെ ഓർമ്മിപ്പിച്ചു .പകൽ സമയങ്ങളിൽ അയാളെ പുറത്തൊന്നും ആരും കാണാറില്ല .വൈകുന്നേരങ്ങളിൽ അയാൾ നാട്ടുവഴികളിലൂടെ കിലോമീറ്ററുകൾ നടന്നു .പാടത്തു ഫുട്‍ബോൾ കളി കണ്ടു .സന്ധ്യ മയങ്ങുമ്പോൾ കുട്ടൻ ചേട്ടന്റെ കടയിൽ നിന്നും മധുരമില്ലാതെ കടുപ്പത്തിൽ രണ്ടു ചായയും നല്ലവണ്ണം മൊരിഞ്ഞ ഒരു പരിപ്പുവടയും അയാൾ കഴിക്കുന്നത് കണ്ടിട്ടുണ്ട് . എന്തെല്ലാമോ വാങ്ങി കൈയ്യിൽ പൊതിഞ്ഞു പിടിച്ച തുണി സഞ്ചിയിലാക്കി മടങ്ങുമ്പോൾ നിലാവ് വീണിട്ടുണ്ടാകും . സർപ്പങ്ങൾ ഇഴഞ്ഞു നടക്കുന്ന സർപ്പക്കാവിന്റെ മുന്നിലൂടെയും താഴത്തെ പള്ളിയുടെ ശവക്കോട്ടയുടെ നടുവിലൂടെയും അയാൾ തല ഉയർത്തി പിടിച്ചു നടക്കും . എല്ലാവരോടും അയാൾ സംസാരിക്കുകയും സ്ത്രീകളോട് ബഹുമാനത്തോടെ ചിരിക്കുകയും ചെയ്തു .എപ്പോഴും ചുണ്ടിൽ ഏതെങ്കിലും ഒക്കെ പഴയ സിനിമഗാനങ്ങൾ മൂളിക്കൊണ്ടാണ് നടപ്പ് .രാത്രിയിൽ അയാളുടെ മുറിയിലെ വെളിച്ചം കെടുത്താറെയില്ല .പുലർച്ചെ അഞ്ചു മണിക്കാണത്രെ അയാൾ ഉറങ്ങാറ് .നാണിത്തള്ള അമ്മയോട് പറയുന്നത് കേട്ടതാണ്.അവര് പുലർച്ചെ മൂത്രം ഒഴിക്കാൻ ഇറങ്ങുന്ന സമയവും അങ്ങേരു ഉറങ്ങാൻ കേറുന്ന സമയവും ഒന്നാണെന്ന് ..
" ഡാ മണ്ടാ .... ഈ വായന എന്ന് പറയുന്നത് നീ കരുതും അത്ര എളുപ്പമായ ഒന്നല്ല വായിക്കുമ്പോൾ , നീ എന്ന് പറയുന്ന വ്യക്തിയെ മാറ്റി നിർത്തണം വരികളിലൂടെ അക്ഷരങ്ങളിലൂടെ കഥയുടെ ആത്മാവിലേക്ക് സഞ്ചരിക്കണം. കഥയുടെ ഭാഷയുമായി താദാത്മ്യം പ്രാപിക്കണം .ഒരുപക്ഷെ വാക്കുകളുടെ അർഥങ്ങൾ മാത്രം നോക്കിയാൽ കഥാകൃത്തു എന്താണ് പറയുന്നതെന്ന് മനസ്സിലാകില്ല .അതിനു കഥയിലൂടെ കഥാകൃത്തിന്റെ മനസ്സിലേക്ക് ചെല്ലണം.അങ്ങനെ ചെന്നെത്തിയാലേ കഥ മനസ്സിലാകൂ .പക്ഷെ നല്ല ബുദ്ധിയുള്ള എഴുത്തുകാർ നല്ല ഭംഗിയായി വായനക്കാരനെ പറ്റിക്കും .നമ്മൾ വിചാരിക്കും .നമ്മൾ കഥയിലൂടെ അയാളുടെ മനസ്സിലേക്കാണ് ചെല്ലുന്നതെന്നു .പക്ഷെ അയാൾ ഒരു അദൃശ്യമായ അതിർത്തി വരയെ നമ്മളെ എത്തിക്കൂ .അവിടെ നമ്മൾ നമ്മുടേതായ ഒരു ലോകത്തേയ്ക്ക് കഥയുമായി പറക്കും .അവിടെ വായനക്കാരന് അവന്റെ പരിമിതമായ അറിവിൽ നിന്നും മാത്രമേ കഥയെ അറിയാൻ കഴിയൂ .ആ അതിർത്തി കടക്കുന്നിടത്താണ് ഒരു വായനക്കാരന്റെ വിജയം ......"
ആകെ പൊടി പിടിച്ചു കിടക്കുന്ന മുറിയിൽ , പൊട്ടിയ ഓടിന്റെ വിടവിലൂടെ തെന്നി വീഴുന്ന വെളിച്ചത്തിന്റെ കീറിൽ ഞാൻ ആത്മാവ് നഷ്ടപ്പെട്ടവനെ പോലെ നിന്നു. കാലപ്പഴക്കത്തിൽ പൊട്ടിയടർന്നു വീണ തടി അലമാരയിൽ ഉറുമ്പും കുത്തനും തിന്നിട്ടും ബാക്കിയാകുന്ന ചില പുറംചട്ടകൾ മാത്രം .തൊടിയിലേക്കു തുറക്കുന്ന ജനല്പാളികൾ പാതി അടർന്നു നിൽക്കുന്നു . ജനലിനോട് ചേർന്ന് കിടക്കുന്ന മേശയും കസേരയും .പൊടിയിൽ മൂടി കിടക്കുന്ന ആ പഴയ തടി കസേരക്കും മേശയ്ക്കും അലമാരയിൽ ബാക്കിയാകുന്ന അവശിഷ്ടങ്ങൾക്കും എന്റെ ആത്മാവിന്റെ ഗന്ധമുണ്ട് .അയാളുടെ നിഴലിൽ സ്വപ്‌നങ്ങൾ കണ്ടു എഴുതി തുടങ്ങിയ ഒരു കൗമാരക്കാരന്റെ തീ പിടിച്ച കുറെ ചിന്തകളും സ്വപ്നങ്ങളും പ്രണയവും നിരാശയും കണ്ണുനീരും ഒക്കെയുണ്ട് . കറുത്ത ഉറുമ്പുകൾ പോലെ അരിച്ചു കയറുന്ന അയാളുടെ ഓർമ്മകളും .
" മോനെ ...രാമാ ....ഈ ലോകത്തു , ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തിനെയും വിശ്വസിക്കാം ..കാമുകിയെ ഒഴിച്ച് .. അതെന്നാ അങ്ങനെ എന്ന് ചോദിച്ചാൽ .. നീയീ പൂച്ചകളെ ശ്രദ്ധിച്ചിട്ടുണ്ടോ ..എവിടെയൊക്കെ എങ്ങനെയൊക്കെ വീണാലും അവ നാല് കാലിൽ മാത്രമേ വീഴൂ .ഒരു തൊണ്ണൂറ്റിയൊന്പതു ശതമാനം കാമുകിമാരും ആ ഗണത്തിൽ പെടുന്നൊരാ .കാര്യം വരുമ്പോൾ അവർക്കെപ്പോഴും അവരുടെ കാര്യം തന്നെയാ വലുത് . പിന്നെ അവരുടെ കണ്ണിൽകൂടി നോക്കിയാൽ അവർ ചെയ്യുന്നത് മാത്രമാകും ശരി .പറഞ്ഞു തിരുത്താനോ കാര്യങ്ങൾ ബോധിപ്പിക്കാനും നോക്കിയാൽ പിന്നെ നീ വഴി മുടക്കിയാകും .അവർക്കു ഇപ്പോഴും അവരുടേതായ ശരികളും തെറ്റുകളും ഉണ്ടാകും .."
ഒരു ദീർഘ നിശ്വാസത്തിനു ശേഷം അയാൾ തുടർന്നു
"ഇവിടെ ഈ ഭൂമിയിൽ ജീവിക്കാൻ കണ്ണീരിൽ അലിയാത്ത ഒരു മനസ്സ് വേണം .കാരിരുമ്പു പോലെ ഉറച്ചയൊന്നു ..അതില്ലാത്തവന് നിന്നെ പോലെ കരയാൻ മാത്രമേ സമയം കാണൂ .. നന്നായൊന്നു കരഞ്ഞു ..മ്മ്‌ടെ കുന്നിപ്പുഴയിൽ ഒന്ന് മുങ്ങി വന്നാൽ തീരണം നിന്റെ ഈ വേദന .... "
അയാളുടെ പുറകെ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ .പിന്നെയും കുറെ നാളുകൾക്കു ശേഷമാണ് അയാൾ ഒരു വലിയ എഴുത്തുകാരനാണെന്നൊക്കെ അറിയുന്നത് .ഒരുപാട് അവാർഡുകൾ ഒക്കെ വാങ്ങിയിട്ടുള്ള ആളാണ് . ഏട്ടത്തി വാങ്ങുന്ന വാരികയിലെ ഫലിത ബിന്ദുക്കൾ മാത്രം വായിച്ചു ശീലിച്ച ഞാൻ എങ്ങനെയറിയാനാ ഇതൊക്കെ . ഒട്ടും താമസിയാതെ പഞ്ചായത്തു കെട്ടിടത്തിലെ സി .വി രാമൻ വായനശാലയിൽ അംഗത്വമെടുത്തു .തപ്പി പിടിച്ചു വായിച്ചതൊക്കെ അയാളുടെ പുസ്തകങ്ങൾ മാത്രമായിരുന്നു . പാതിയും മനസ്സിലാകാത്ത ഭാഷ . എങ്ങും എവിടെയും ചെന്നെത്താത്ത വിധമായിരുന്നു പല പുസ്തകങ്ങളും .രാത്രിയിൽ അയാളുടെ മുറിയിൽ നിന്നും കേൾക്കുന്ന ഉറക്കെയുള്ള സംസാരങ്ങളും ചിരിയും എന്നും തന്നെ പേടിപ്പെടുത്തിയിരുന്നു .എങ്കിലും അറിയാതെ മനസ്സിന്റെ ഉള്ളിൽ ഒരു ആഗ്രഹം ഉണർന്നിരുന്നു .അയാളെ പോലെയാകണം .അയാളെ പോലെ എഴുതുകയും നടക്കുകയും ജീവിക്കുകയും വേണം .
എന്ന് മുതലാണ് അയാളുടെ നിഴലാകാൻ തുടങ്ങിയത് .അന്ന് ഒരു വൈകുന്നേരം അപ്രതീക്ഷിതമായ പെയ്ത മഴയിൽ കുന്നത്തെ കാവിന്റെ തെക്കേയറ്റത്തുള്ള വലിയ ആൽമരത്തിന്റെ കീഴിൽ നിൽക്കുമ്പോളാണ് അകലെ നിന്നും മഴയിലൂടെ ഒരാൾ ..ആറടിയിൽ കൂടുതൽ പൊക്കം .കോരി ചൊരിയുന്ന മഴയിൽ ഒരു കുട പോലും ഇല്ലാതെ ..ആ നടപ്പു കുറെ നേരം നോക്കി നിന്നു .. ഒന്ന് മടിച്ചെങ്കിലും പുറകെ ഇറങ്ങി നടന്നു ...
"ഡാ ..ചെക്കാ ...."
ഒരു വിളി ..മനസ്സ് കൊതിച്ച പോലെ .. ആ വിളിയിൽ സ്നേഹമുണ്ട് ..കൂടെ ചെല്ലാനുള്ളൊരു ആജ്ഞയും
"നീയീ മഴയെ ഒന്നും ഭയക്കണ്ടാട്ടൊ ....ഇതൊക്കെ ദൈവം മ്മക്ക് വേണ്ടീട്ടു ഇണ്ടാക്കീതാ ..ഇതൊക്കെ ആസ്വദിച്ചില്ലേൽ പിന്നെന്തിനാടോ നമ്മളീ ലോകത്തു ഇങ്ങനെ ജീവിക്കുന്നേ. മരിയ്ക്കാനായീ മാത്രമോ .ഈ ലോകത്തു പേടിക്കേണ്ടത് ..മനുഷ്യനെ മാത്രാ ....അവറ്റകൾ മാത്രേ ..ഒരു കാരണവും ഇല്ലാതെ നമ്മളെ ഉപദ്രവിക്കൂ ..
മഴ നനയാനുള്ളതാ .... "
ഒന്നും മിണ്ടാതെ ആ പുറകെ നടന്നപ്പോൾ മനസ്സിൽ പച്ച പിടിച്ചു കിടന്ന പേടികളൊക്കെ മഴക്കൊപ്പം ഒലിച്ചു പോയി .ഓരോ ഇടിമിന്നലിലും അയാൾ ഉറക്കെ ചിരിച്ചു .അയാൾക്കൊപ്പം എനിക്കും ചിരിക്കാൻ തോന്നി.. ഉറക്കെ ഉറക്കെ ..
മുന്നിൽ നീളത്തിൽ പതിയുന്ന അയാളുടെ കാലടികളിൽ കാലുകൾ വെക്കുമ്പോൾ എന്റെ പാദങ്ങൾ എത്ര ചെറുതെന്നോർത്തു ആശ്ചര്യപ്പെടുകയും ചിരിക്കുകയും ചെയ്തു ഞാൻ അതായിരുന്നു തുടക്കം .
" ദേ ചെക്കാ ...ആ ഭ്രാന്തന്റെ കൂടെ ഒന്നും നടക്കരുത് ട്ടോ ..അയാൾക്ക് കഞ്ചാവിന്റെ സേവയൊക്കെ ഉണ്ടത്രേ ..കഞ്ചാവ് അടിച്ചിട്ടാത്രേ അയാൾക്ക് ഇങ്ങനെ ഒക്കെ എഴുതാൻ പറ്റുന്നെ ....."
ദേവുയേട്ടത്തിയാണ്.............ഞാൻ ഇത് വരെ അയാളൊന്നു വെറ്റില മുറുക്കി പോലും കണ്ടിട്ടില്ല ...
" എനിക്ക് എഴുത്താണ് ലഹരി രാമാ ..എല്ലാം ചെയ്തു നോക്കിയിട്ടുണ്ട് ..ഒന്ന് രണ്ടു വട്ടം .പക്ഷെ എഴുത്തിനൊപ്പം ലഹരി നൽകാൻ ഇതുവരെ ഒന്നിനും ആയിട്ടില്ലാട്ടോ ...അത് കൊണ്ട് ഒന്നും ശീലമാക്കിയില്ല ...എന്റെ ദുശീലം എഴുത്താണ് ..."
അയാൾ വീണ്ടും ഉറക്കെ ചിരിച്ചു .
" നിങ്ങൾ ഇതൊന്നും കാണുന്നില്ലേ ..ഈ ചെക്കൻ ഏതു നേരവും ദേ മാളിക വീട്ടിൽ വന്നിരിക്കണ ആ ആൾടെ കൂടെയാണ് ..വന്നു വന്നിപ്പോൾ ..കുളീം ജപോം ഒന്നും ഇല്ലാണ്ടായി ....കാണാൻ കൂടി കിട്ടാണ്ടായി ...."
അമ്മയാണ് ...
" അയാളുടെ കൂടെ കൂടിയാൽ ന്റെ കുട്ടി ചീത്തയാകില്ല സീതേ ...എഴുത്തുകാർ ദൈവാംശം ഉള്ളോരാ ....."
അച്ഛൻ എന്നും അങ്ങനാണ്..ഞാൻ ചെയ്യുന്നതിലെ ശരികൾ മാത്രേ കാണൂ .ശരികൾ മാത്രേ പറയൂ .
" രാമാ .. ഈ കഥാപാത്രങ്ങൾ ഇണ്ടല്ലോ ...അവർക്കു എഴുത്തുകാരന്റെ കുപ്പായത്തിന്റെ മണം പോലും ഉണ്ടാകരുത് .അവർ അങ്ങനെ സ്വന്ത്രരായിട്ടു നിൽക്കണം .അവരുമായി തർക്കിക്കണം.അടി കൂടണം .പക്ഷെ ഒരിക്കലും മ്മ്‌ടെ ചിന്താഗതികൾ മാത്രം പ്രാസ്താവിക്കുന്നവർ ആകാനും പാടില്ല .അങ്ങനെ ആയാൽ ..കഥാപാത്രങ്ങൾക്ക് എല്ലാം ഒരേ നിറാകും ....."
എഴുതണം എന്നുള്ള ആഗ്രഹം പറഞ്ഞു തുടങ്ങിയ അന്ന് മുതൽ ഇങ്ങനെ ഓരോന്നായി പറഞ്ഞു തരും. ആദ്യം എഴുതിയ ഒരു കൊച്ചു കഥ കീറി കാറ്റിൽ പറത്തീട്ടു മുഖത്തേക്കൊരു നോട്ടം നോക്കി ...
" ആർക്കും എഴുതാവുന്ന കഥ രാമൻ എഴുതരുത് . രാമന് മാത്രം എഴുതാവുന്ന കഥയുമായി വാ .നല്ല ആഴത്തിലുള്ള വായനയിൽ നിന്നും മാത്രമേ നല്ല ഭാഷയും എഴുത്തും ഉണ്ടാകും .ആരെയും അനുകരിക്കാനും പാടില്ല . നിനക്ക് തോന്നിയ ഭാഷയിൽ, രീതിയിൽ എഴുതണം .കാലങ്ങൾക്കുമപ്പുറം സമൂഹവുമായി സംവാദിക്കാൻ കഴിയുന്നതാകണം ഓരോ കഥയും .ഇന്ന് മാത്രം ചർച്ചയാകുന്നതല്ല കഥകൾ . നീ മരിച്ചിട്ടും ആളുകൾ നിന്നെ പറ്റി ഓർക്കണമെങ്കിൽ തലമുറകൾക്കപ്പുറം കടന്നു ചെല്ലണം കഥയും ചിന്തയും ...."
തുരുമ്പെടുത്തു നശിച്ച ആ പഴയ ട്രങ്കുപെട്ടി തുറക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി .നെറ്റിയിൽ നിന്നും ഇറ്റു വീഴുന്ന വിയർപ്പുത്തുള്ളികൾ നെഞ്ചിലെ രോമക്കാട്ടിലൂടെ പാമ്പിനെ പോലെ ഇഴഞ്ഞു ...
"രാമാ ...ഞാൻ നാളെ പോകും ...ഈ നാടും വീടും ഉപേക്ഷിക്കുകയാണ് ..
നിനക്ക് എഴുതാനൊക്കെ ഇഷ്ടമല്ലേ .... ദാ ...ഇത് വെച്ചോ .... "
കറുപ്പ് നിറത്തിലുള്ള ഒരു ഫൗണ്ടൻ പേന കൈയ്യിലേക്കു വെച്ച് തന്നു .
തോളത്തു കൈയ്യിട്ടു ചേർത്ത് പിടിച്ചു നടക്കുമ്പോൾ അയാളുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു ഒരേ താളത്തിൽ ..
" രാമാ .. ഈ ഭൂമി നിറയെ ഒരുപാട് കാഴ്ചകൾ ഉണ്ട് .എല്ലാം മനോഹരമാണ് .മനോഹരമായ മനസ്സ് കൊണ്ട് നോക്കണം എന്ന് മാത്രം .പൂ വിരിയുന്നത് പക്ഷികൾ പറക്കുന്നത് പുഴ ഒഴുകുന്നത് പൂക്കളും ഇലകളും കാറ്റത്തു തലയാട്ടുന്നതു സൂര്യൻ ഉദിച്ചു വരുന്നത് അസ്തമിക്കുന്നതും മഴ പെയ്യുന്നതു എന്തിനു ഓരോ വ്യക്തികളുടെയും നടപ്പിനും ചിരിക്കും വർത്തമാനത്തിനും വരെ ഓരോ ഭംഗിയുണ്ട് .. എല്ലാം എല്ലാവരും കാണുന്നുമുണ്ട്, എന്നാൽ എത്ര പേർ അതൊക്കെ ആസ്വദിക്കുന്നുണ്ട് .അതിൽ സന്തോഷിക്കുന്നുണ്ട് .നീ എല്ലാം കാണണം ..ആസ്വദിക്കണം ...ഓരോ കാഴ്ചയിലും കലാകാരനായി ഈശ്വരൻ ഒരംശം മാറ്റി വെച്ചിട്ടുണ്ട്, അത് കാണുന്നിടത്താണ് നിന്റെ വിജയം . സാധാരണക്കാരനെ പോലെ ജീവിച്ചു അസാധാരമായി ചിന്തിക്കുകയും കാഴ്ചകൾ കാണുകയും ഒക്കെ വേണം . എഴുത്തുകാരനായി ജീവിക്കരുത് ...അങ്ങനെ ജീവിച്ചു പരാജയപ്പെട്ട ഒരുപാട് പേരുടെ കൂടെ നിന്റെ പേരും ഞാൻ കേൾക്കരുത് ..
നീ എഴുതണം ..ഒരുപാട് ....... "
അവസാന വാക്കുകൾ ഇടറിയിരുന്നു . പിറ്റേ ദിവസം അങ്ങോട്ട് പോകാതിരുന്നത് യാത്ര പറയാനുള്ള ശക്തിയില്ലാഞ്ഞിട്ടാണ് . ഒരുപക്ഷെ അയാൾ എന്നെ തിരഞ്ഞു കാണുമോ .അവസാനമായി എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നെങ്കിലോ ...
കൈയ്യിലിരുന്ന ആ കറുത്ത ഫൗണ്ടൻ പേന വിറച്ചു .ഒരു തുള്ളി കണ്ണുനീർ ആ പേനയിൽ വീണു പൊള്ളി . പേന നെഞ്ചോട് ചേർത്ത് ഉറക്കെ ഉറക്കെ കരഞ്ഞു ........
ധൃതി വെച്ച് കുപ്പായമിടുമ്പോൾ പിന്നിൽ നിന്നും ചോദ്യശരങ്ങൾ പ്രതീക്ഷിച്ചിരുന്നു ...
" അച്ഛൻ എങ്ങോട്ടാ ത്....."
പിൻചോദ്യം കേൾക്കാത്തത് പോലെ കുപ്പായത്തിന്റെ കൈകൾ ധൃതിയിൽ തെറുത്തു വെച്ചു. ബട്ടൺ ഇടുമ്പോൾ വീണ്ടും വീണ്ടും തെറ്റി .വിരലുകൾ പതിവിൽ കൂടുതൽ വിറക്കുന്നുണ്ട് .ഒരു കാൽ നഷ്ടപ്പെട്ട കണ്ണട മൂക്കിനോട് ചേർത്തു വെച്ചു .
"അച്ഛൻ കേട്ടില്ലേ ...എങ്ങട്ടാ ന്നു ........"
കേൾക്കാത്തതു പോലെ കുപ്പായം ഒന്നു വലിച്ചിട്ടു. പുറത്തേക്കിറങ്ങാൻ നേരം .മടിയിൽ ഒന്ന് കൂടി തപ്പി നോക്കി . ഉണ്ട്.. ഫൗണ്ടൻ പേന അവിടെ തന്നെയുണ്ട് ..
മുൻവശത്ത് തൂക്കിയിരുന്ന കുടയെടുത്തു നിവർത്തി മുറ്റത്തേക്കിറങ്ങുമ്പോൾ , ആരോടെന്നില്ലാതെ പറഞ്ഞു ..
" ഗോവർധൻ മാഷ്‌നെ കാണണം ..ഒരൂട്ടം പറയാനുണ്ട് ..... "
കൈയ്യിലെ മുറുക്കാൻ പൊതി , മടിയിലാക്കി .കാലൻ കുടി നിലത്തൂന്നി ..കാലുകൾ നീട്ടി വെച്ചു നടന്നു ...
മാഷ്നെ കാണണം .. പറയാൻ ബാക്കി വെച്ച എന്തോ ഒന്നുണ്ട് ...അതാണ് ..അതാണ് ..എഴുതി തുടങ്ങുന്ന എല്ലാ കഥകളും പാതിയിൽ നിൽക്കുന്നെ .. മാഷ്‌ ഈ നാട്ടിൽ തന്നെയുണ്ട്‌. ഉച്ചിയിൽ സൂര്യൻ കത്തി നിൽക്കുന്നുണ്ട് ...
" നിങ്ങടെ അച്ഛൻ ഇന്നും ഇറങ്ങീട്ടുണ്ട് ....ആ എഴുത്തുകാരനേം തേടി ...വല്ല ആശുപത്രിയിലും ആക്കാമെന്നു പറഞ്ഞാൽ ആര് കേൾക്കാൻ ... ഇതിപ്പോൾ മുഴുത്ത ഭ്രാന്തല്ലാണ്ട് ന്താ ...കഴിഞ്ഞീസം ഇണ്ടാക്കിയ പുകിലൊന്നും പോരാഞ്ഞിട്ടാ പ്പോ ..."
ചെവിയിലും മനസ്സിലും വീഴാത്ത വാക്കുകളുമായി ഞാൻ നടന്നു .അയാൾക്ക്‌ മരണം എന്നൊന്നും ഇല്ല . തലമുറകളുമായി അയാൾ സംവാദിക്കുന്നുണ്ട് . അയാളുടെ കഥകളിലൂടെ .
" രാമാ ....മരണം എന്നുള്ളത് ..ഒരു കള്ളത്തരമാ ...ഇവിടെ ആരും മരിക്കുന്നില്ല, ഒരു തരം രൂപമാറ്റം . ഇല്ലാതെയാകല്‍ എന്നൊന്നില്ല.. എല്ലാവരും ഇവിടെ ഒക്കെ തന്നെയുണ്ട്‌ ..മറ്റൊരു രൂപത്തില്‍ ..നമ്മള്‍ മനസ്സ് വെച്ചാല്‍ ..എല്ലാവരെയും നമുക്ക് കാണാം ...അവരോടൊക്കെ സംസാരിക്കുകയും ചെയ്യാം ..പക്ഷെ ... മനസ്സ് കൊണ്ട് ...അത്രമേല്‍ ആഗ്രഹിച്ചാല്‍ മാത്രം ....."
നെറ്റിയിലൂടെ ഊർന്നിറങ്ങിയ വിയർപ്പു ഇടത് കൈയ്യാൽ തുടച്ചു. ഉച്ചവെയിലിൽ തീ പോലെ പൊള്ളി കിടക്കുന്ന നാട്ടുവഴിയിലൂടെ നഗ്നമായ പാദങ്ങൾ അമർത്തി ചവിട്ടി ഞാൻ നടന്നു.. അയാളെ തേടി..
*****
എഴുത്തു നിർത്തി കറുത്ത ഫൗണ്ടൻ പേനഅടച്ചു തന്റെ ചാരു കസേരയിൽ കണ്ണുകളടച്ചു കൈ തലയ്ക്കു പുറകിൽ പിണച്ചു വെച്ച് അയാൾ അൽപ നേരം കിടന്നു . തണൽ വിരിച്ചു നിൽക്കുന്ന അത്തിമരച്ചോട്ടിലെ വെളിച്ചത്തിനു നിറം മങ്ങി . അയാൾക്ക്‌ പിന്നിലായി അത്തിമരത്തെ തൊട്ടു നിന്നൊരു നിഴലിനു ഏകദേശം ആറടിക്കുമേൽ ഉയരമുണ്ടായിരുന്നു.
( അവസാനിച്ചു )
എബിൻ മാത്യു .
05-12-2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot