നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രാക്ക്.....

Image may contain: നൂറനാട് ജയപ്രകാശ്, sky, sunglasses, outdoor and closeup


അച്ഛനേയും പത്ത് വയസ്സുള്ള ഒരു ആൺകുട്ടിയേയും ആറ് വയസ്സായ ഒരു പെൺകുട്ടിയേയും കളഞ്ഞിട്ട് അമ്മ ആക്രി പെറുക്കുന്ന അണ്ണാച്ചിയുടെ കൂടെപ്പോയപ്പോൾ പലരും പിറുപിറുത്തു
"ഇവക്കിത് എന്തിന്റെ സൂക്കേടാരുന്നെന്ന് ....?"
ചിലർ പറഞ്ഞു...
"അവൾക്ക് മറ്റേതിന്റെ സൂക്കേടാ.... അല്ലാണ്ടെന്താന്ന്... ആ..... അവളിതിനൊക്കെ അനുഭവിക്കും കണ്ടോ....."
എവിടെ......... അവളിതുവരെ ഒന്നുമനുഭവിച്ചില്ല. ആക്രി അണ്ണാച്ചിയുടെ രണ്ട് പിള്ളേരേം പെറ്റ് കൊപ്പംപെട്ടിയിൽ രാജ്ഞിയായി ജീവിക്കുന്നു.
അമ്മയില്ലാതായ ആ രണ്ട് മക്കളേ വളർത്താൻ ആ അച്ഛൻ
മറ്റൊരു വിവാഹം കഴിക്കാതിരുന്നപ്പോഴും പലരും പറഞ്ഞു.
" കണ്ടോ.... അവള് കളഞ്ഞേച്ച് പോയിട്ടും അവന് തോന്നിയോ ഒന്നിനേ വിളിച്ചോണ്ട് നിർത്താൻ...?അതാ ആണത്വം... അവന് നല്ലതേ വരു."
എവിടെ...... ആ മക്കളേ ഒരു കരപറ്റിക്കുന്നേന് മുമ്പേ ഒരു വണ്ടി വന്ന് നെഞ്ചത്ത് കേറി അതിയാന്റെ
ചീട്ട് കീറയപ്പോ ആ ലവര് പറഞ്ഞു
" വിധിയേ തടുക്കാൻ ആർക്കുമാവില്ലല്ലോന്ന് "
പെങ്ങളേ വളർത്താൻ പഠിപ്പ് പാതിയിൽ നിർത്തി ആ ആങ്ങളച്ചെക്കൻ കൂലിപ്പണിക്കിറങ്ങിയപ്പോ പലരും പറഞ്ഞു...
" കൂടെപ്പിറപ്പിനോട് ഇത്രേം സ്നേഹമുള്ള മറ്റൊരാമ്പിള്ളാരെ കണ്ടിട്ടില്ലെന്ന്... അവനേ കണ്ട് പഠിക്ക്.
ദൈവമേ അവനൊരു വഴി കാട്ടിക്കൊടുക്കണേന്നും... "
ആ പെങ്ങളുടെ കല്യാണം കഴിഞ്ഞ് പോകുമ്പോൾ അവൾ ആ ആങ്ങളയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ കണ്ടവർ പറഞ്ഞു....
" കണ്ടോ.... തന്തേം തള്ളേം ഇല്ലാതെ വളർന്നിട്ടും അവരുടെ സ്നേഹം കണ്ടോന്ന്...?
ദൈവമേ.... ഇതുങ്ങളേ ചാവുംവരെ ഇങ്ങനങ്ങ് പോകാൻ കനിയണേന്ന്."
കല്യാണം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പ് പെങ്ങള് അളിയനേം കൂട്ടി വന്ന് ഓഹരി ചോദിച്ചപ്പം ആ ലവരൊക്കെ അപ്പോളും പറഞ്ഞു.
"ആ..... അത് പിന്നെ ആ കൊച്ചിനൂട് അവകാശപ്പെട്ടതല്ലേ അതൊക്കെ..? അവക്കൂടെ കൊടുത്താലെന്താ ഉള്ളതിൽ പങ്ക്.... "
ഉള്ളത് രണ്ടായിപ്പകുത്ത് ഒരു പങ്ക് പെങ്ങള്പെണ്ണിനും കൊടുത്തേച്ച് മറുപാതിയിലൊരു കൂരയും വച്ച് ആരോരുമില്ലാത്ത ഒരു പാവം കൊച്ചിനേം വിളിച്ചോണ്ട് വന്ന് കൂടെപ്പൊറുപ്പിച്ചപ്പം പലരും പറഞ്ഞു
" നീ... വലിയവനാ മോനേന്ന്... നിനക്ക് നല്ലതേ വരൂന്ന്.... "
എവിടെ.....കൂടെക്കൂട്ടിയ പെണ്ണിനേയും അവളിലുണ്ടായ രണ്ട് പെണ്ണിനേയും പോറ്റാൻ അവനിപ്പോഴും കൂലിപ്പണിയെടുക്കുന്നു.
ചിലരൊക്കെ ഇപ്പോളും പറയുന്നുണ്ട് "ആ കൊച്ചൻ മാത്രമേ ഗതി പിടിക്കാതെ കിടക്കുന്നുള്ളല്ലോ... ദൈവമേ അവനോട് കരുണ കാട്ടണേന്ന്.... "
അതു കേട്ട് അവൻ ചിരിച്ചു. മനസ്സിൽ പറഞ്ഞു മതി.... നിർത്ത് ഇനിയുമെന്നേ ഇങ്ങനെ ആശീർവദിക്കല്ലേന്ന്.
അവൻ തന്റെ ചുറ്റിലേയ്ക്ക് ഒന്നു കണ്ണോടിച്ചു. ദൈവം ആർക്കാണ് നന്മ വിളമ്പിയത്...?
തിന്മ ചെയ്തവരുടെ കയ്യിൽ മാത്രമേ. അവൻ നന്മ കണ്ടുള്ളു. നന്മ ചെയ്തവരുടെ കയ്യിൽ പട്ടിണിയും പരിവട്ടവും മാത്രം.
വാലുപറമ്പിലേ വേലായുധൻ ഭാര്യയെ തൊഴിച്ചു കൊന്ന് കിണറ്റിലിട്ടു.
എല്ലാരും പറഞ്ഞു "കാലാ.... നീയിതിന്റെ അറിയുമെടാന്ന്..."
എവിടെ..... മൂന്നാം മാസം വേലായുധൻ വേറൊരു പെണ്ണും കെട്ടി അതിലൊരു മോനും പെണ്ണിനേ കെട്ടിയപ്പം കിട്ടിയ മോനുമായി ഇപ്പോഴും സുഖമായി ജീവിക്കുന്നത് കണ്ടപ്പം ലവര് പറഞ്ഞു..
" അവളായിരുന്നു അവന് ശനി അവളങ്ങ് പോയപ്പം അവന്റെ ശുക്രൻ തെളിഞ്ഞൂന്ന്.... "
അരീപ്പുറത്തേ അരവിന്ദൻ അമ്പലത്തിൽ കയറി ദേവിയമ്മയെ അണിയിച്ചിരുന്ന അഞ്ച് പവന്റെ മാല അടിച്ചുമാറ്റി വെളിയിലിറങ്ങിയപ്പം നാട്ടാര് പിടിച്ച് തെങ്ങേക്കെട്ടി വെളുക്കുവോളം ചാമ്പി.
നേരം വെളുത്ത് പോലീസുകാര് വന്നപ്പം കാറ്റ് കുത്തിവിട്ട ബലൂൺ പോലെയായിരുന്നു അരവിന്ദന്റെ അവസ്ഥ.
കൊണ്ടു പോകും മുന്നേ പലരും പറഞ്ഞു "നീ... ഗുണം പിടിക്കില്ലെടാ... ദേവീടെ മുതലാ കട്ടതെന്ന്..."
എവിടെ...... ശിക്ഷ കഴിഞ്ഞിറങ്ങിയ അരവിന്ദൻ അരാണ്ടടെ കാലോ കയ്യോ പിടിച്ചങ്ങ് മലേഷ്യയ്ക്ക് കടന്നു.
പത്ത് വർഷം കഴിഞ്ഞ് പൂത്ത കാശുമായി വന്ന് പട്ടിണിയിലായ ആ പഴയ ദേവിയേയും അമ്പലത്തിനേയും ഏറ്റെടുത്ത് സംരക്ഷിച്ചു.
ദേവിക്ക് 50 പവന്റെ ഒരു കാശ്മാല വാങ്ങി അണിയിച്ചപ്പം ലവര് പറഞ്ഞു "നിയാടാ ..... അരവിന്ദാ ആൺകുട്ടി അഞ്ച് പവൻ കട്ടാലെന്താ.... 50 പവൻ അവൻ വാങ്ങിയിട്ടില്ലേന്ന്..... "
ആ... അരവിന്ദനാ ഇന്ന് ആ അമ്പലത്തിന്റെ എല്ലാം എല്ലാമെന്ന് വച്ചാൽ ഏ.... to ...ഇസഡ്
പാലമുറ്റത്തെ പത്രോസിന്റെ മുറ്റത്ത് കിടന്ന അംബാസിഡർ കാറേൽ റോഡിൽക്കൂടി പോയ ഒട്ടിച്ചിയുടെ കൊച്ചുങ്ങൾ കുത്തിവരച്ചെന്നും പറഞ്ഞ് പത്രോസ് അതുങ്ങടെ കരണക്കുറ്റി അടിച്ചങ്ങ് പൊളിച്ചു.
കണ്ടോണ്ടുവന്ന ഒട്ടിച്ചി പാലമുറ്റത്തെ മുറ്റത്ത് കിടന്ന മണ്ണേൽ ഒരുപിടി വാരി പത്രോസിന്റെ മോന്തയ്ക്കെറിഞ്ഞ് പ്രാകിപ്പറഞ്ഞു....
" അടുത്താണ്ടിൽ ഇതേസമയം നീയിമണ്ണിലുണ്ടാവില്ല.... നീ പുഴുത്ത് ചാകുമെടാ പെറുക്കീന്ന്.... "
കണ്ടോരും പറഞ്ഞു തമിഴത്തീടെ പ്രാക്കാ ഫലിക്കുമെന്ന്....
എവിടെ... അടുത്താണ്ട് ആവുന്നേന് മുന്നേ പത്രോസ് ഒരു കാറുംകൂടി വാങ്ങി അതും ഏറ്റവും പുതിയ മോഡൽ. വീടും പുതുക്കിപ്പണിയിച്ചു
ഇരിയൊരു തമിഴത്തി വന്നാൽ മണ്ണ് വാരി പ്രാകാതിരിക്കാൻ പാലമുറ്റത്തേ മുറ്റത്ത് ഇന്റർ ലോക്കും ഇടീച്ചു.
അപ്പോഴും.... ലവർ പറഞ്ഞു "പത്രോസിന്റെ ചന്തിക്കെഴുതിയത് നമ്മുടെ തലേലെഴുതിയാൽ മതിയായിരുന്നെന്ന്.
തലേലെഴുത്ത് എന്ന് പറയുന്നത് ഇതാണെന്ന്..."
കെട്ടിയോൻ കളഞ്ഞേച്ച് പോയപ്പം കാലിന്റെ മുടന്ത് പോലും വകവയ്ക്കാതെ തുണിയലക്കി മോനേ ഒരു നിലയിലെത്തിച്ച പതിയാട്ടി ലീലയേ
ആ മോൻ പഠിച്ച് പരിഷ്ക്കാരിയായപ്പം കാലിലെ മുടന്ത് അവന്റെ അച്ചിക്ക് കുറച്ചിലാണെന്നും പറഞ്ഞ് കരുണാലയത്തിലാക്കാൻ കൊണ്ട് പോകുമ്പോൾ മുറ്റത്ത് കണ്ടു നിന്നവരൊക്കെപ്പറഞ്ഞു....
"എടാ.... ദുഷ്ടാ.... നിനക്കുമുണ്ട് രണ്ടെണ്ണം അത് നീ ഓർത്തോ.... കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാ.... "
എവിടെ..... ആ മോനിപ്പം അയാക്കടെ മക്കള് ഷാർജേലോട്ടും കാശ്മീരിലോട്ടും കൊണ്ടുപോയി തങ്ങളുടെ കൂടെ നിർത്താൻ മത്സരമാ....
അത് കണ്ടപ്പം ലവര് പറഞ്ഞു..... "അവനാ ഭാഗ്യം ചെയ്ത തന്തയെന്ന് "
മദ്രസേൽ ഓത്ത് പഠിക്കാൻ വന്ന ആയംകണ്ടത്തിൽ ഹംസയുടെ മോൻ അജൂനേ ഓത്ത് പഠിപ്പിക്കുന്നതിനിടയിൽ പ്രകൃതിവിരുദ്ധം കൂടി പഠിപ്പിച്ച എപ്പോഴും താടി തടവിച്ചിരിക്കുന്ന ഒരു മദ്രസാ മാഷിനേ പള്ളിക്കാര് പടിയടച്ച് പിണ്ഡം വയ്ക്കുമ്പോ കണ്ടു നിന്നവരും കേട്ടറിഞ്ഞവരും പറഞ്ഞത്.....
"മ്മളേ..... മൊത്തത്തി പറയിപ്പിക്കാനുണ്ടായ ഹിമാറേ..... നി... അന്നേ.... ഈ ദുനിയാവിക്കാണരുതെന്നും അനക്കുള്ള കൂലി പടച്ചോൻ തന്നോളുമെന്നുവാ...."
എവിടെ.. ഓൻ വടക്കേ ഇന്ത്യയിൽ പോയി ഒരു സമുദായ പാർട്ടിയിൽ ചേർന്ന് വലിയ ഗുണാണ്ടറായി തിരികെ വന്നപ്പോ..... ഓനേ സ്വീകരിക്കാൻ മാലേമായി മുന്നിലുണ്ടായിരുന്നു മ്മടെ ആയം കണ്ടത്തിൽ ഹംസേടെ മോൻ അജു.
റോഡ് സൈഡിൽ എല്ലാം കണ്ട് സന്തോഷപുളകമണിഞ്ഞ് ചിരിച്ചോണ്ട് നിന്ന ആയം കണ്ടത്തിൽ ഹംസയോട് ആരാണ്ട് ചോദിച്ചു
"അല്ല..... ഹംസക്കാ... ഓൻ മ്മടെ ആ... താടി തടവിച്ചിരിക്കുന്ന ആ മാഷല്ലേന്ന്."
ഹംസ ദീർഘശ്വാസം വിട്ടോണ്ട് മറുപിടി പറഞ്ഞു....
"ആടാ..... ഓനാത്.... ഓന്റെ സമയം ഒനേ പുടിച്ചാ കിട്ടൂലാ.... അല്ലാണ്ടെന്താ പറയുക.... "
തൈവിളയിലെ തങ്കമണി ശരീരം വിറ്റ് ജീവിക്കുന്നവളാണേലും അഭിമാനിയാ. കറുത്തവാവിന്റന്ന് രാത്രീവന്ന് അത്യാവശ്യമാന്നും പറഞ്ഞ് ലൈറ്റ് പോലുമിടീക്കാതെ കാര്യം സാധിച്ചിട്ട്പോയ കിണറുവിളയിലെ കൃഷ്ണൻ ഇരുട്ടത്ത് കൊടുത്ത കാശ് മടക്കി ബ്ലൗസിനുള്ളിൽ വയ്ക്കുമ്പോൾ തങ്കമണിയുടെ തലയിൽ കത്തിയത് 500 ന്റെ ഒരു ഗാന്ധിത്തലയായിരുന്നു.
പിറ്റേന്ന് സൊസൈറ്റിയിൽ പാല് വാങ്ങാൻ ചെന്നപ്പോഴേയ്ക്കും ശരീരത്തിന്റെ ചൂടു കാരണം ഗാന്ധിത്തല മാഞ്ഞുപോയി സിഗരറ്റ് കവറിനുള്ളിലെ മിനുക്കം പേപ്പറായി മാറി.
തന്നേ പറ്റിച്ച കൃഷ്ണനേ ഒരു നോക്ക് കാണാനായി തങ്കമണി കിണറുവിള കൊട്ടാരത്തിലെത്തിയപ്പോളറിഞ്ഞു
പള്ളിയുറക്കം കഴിഞ്ഞ് കൃഷ്ണൻ നീരാടാൻ പോയതാന്ന്....
നീരാട്ട് കഴിഞ്ഞ് വരുന്ന കൃഷ്ണന് കൊടുക്കാനുള്ള പഴങ്കഞ്ഞിയിൽ ഞെരടാൻ കാന്താരിമുളക് പിച്ചിക്കോണ്ട് നിന്ന കൃഷ്ണന്റെയമ്മ
യെശോദാമ്മയാ ഈ വിവരം തങ്കൂനേ അറിയിച്ചത്....
കുളത്തിലേക്ക് പാഞ്ഞ തങ്കമണി കൃഷ്ണനെവിടാന്ന് ചോദിക്കുന്നേന് മുമ്പേ ഒരു കൊച്ചൻ കുളത്തിനരികിൽ നിന്ന ആഞ്ഞിലിയിലേക്ക് വിരൽ ചൂണ്ടി.
കൂട്ടുകാരുമൊത്ത് കൃഷ്ണൻ രാധികമാരുടെ കുളി കാണുകയാണ്.
ആരൊക്കെയാണ് രാധികമാരെന്നറിയാൻ തങ്കു കുളത്തിലേയ്ക്കൊന്ന് നോക്കി.
ഒന്ന് നമ്മുടെ ചാങ്ങേത്തേ ചിന്നമ്മയാ യശോദാമ്മയും ചിന്നമ്മയും കൂടെപ്പഠിച്ചതാണെന്ന് കൃഷ്ണനറിയില്ലേലും തങ്കൂന് അറിയാം.
മറ്റൊന്ന് നമ്മുടെ മാപ്പോട്ടിലെ മണിയമ്മയാ.... പിന്നൊന്ന് നമ്മുടെ വല്യത്തേ വയറ്റാട്ടി വനജയാ.....
എല്ലാവരും ഏകദേശം 50 കഴിഞ്ഞോർ.
തങ്കു മുകളിലേക്ക് നോക്കി അമറി
"ഫ..... എരപ്പേ... **, $?&,..... തള്ളേടെ പ്രായമുള്ളോരുടെ കുളിസീൻ കാണുവാണോടാ നാറി... ഇങ്ങോട്ടിറങ്ങി വാടാ...."
ആഞ്ഞലിയുടെ മുകളിലിരുന്ന കൃഷ്ണൻ അഴിഞ്ഞുപോയ കയലിമുണ്ട് വാരിച്ചുറ്റി എന്താന്ന് ആഗ്യത്തിൽ ചോദിച്ചു.
" നിന്റെ അമ്മേടെ.... തല ഇങ്ങോട്ടിറങ്ങി വരാനാ പറഞ്ഞത്...."
കൂടിയവരൊക്കെ ചോദിച്ചു എന്താ തങ്കൂ കാര്യമെന്ന്...?
തങ്കു കാര്യം വിശദീകരിച്ചപ്പോൾ നാണമുള്ളവരൊക്കെ സ്ഥലം വിട്ടു ബാക്കിയറിയണമെന്ന് ആഗ്രഹം ഉള്ളവർ അവിടെ നിന്നു.
കൃഷ്ണൻ ഇറങ്ങിവരില്ലെന്ന് മനസ്സിലായപ്പോൾ തങ്കു തലയിൽ കൈവച്ച് പ്രാകി.....
ധർമ്മപുത്രർ നായയെ ശപിച്ച പോലെ...
"നാണമില്ലാത്ത നാറീ.... എന്നേ പറ്റിച്ച നീ ഒരു കാലത്തും ഗുണം പിടിക്കില്ലെടാ...
നീയും എന്നേലും പെണ്ണ് കെട്ടുമല്ലോ അപ്പോ നിനക്ക് കൊച്ചുങ്ങളുണ്ടാകാതെ പോകട്ടെ...
അഥവാ ഉണ്ടായാൽ അത് ആണും പെണ്ണും കെട്ടതാരിക്കുമെടാ....."
പ്രാക്ക് കേട്ടോ കേട്ടില്ലിയോ.... രണ്ടായാലും കൃഷ്ണന്നൊന്ന് ചിരിച്ചു.
ഇത് കുറേ കേട്ടിട്ടുണ്ടെന്ന മട്ടിലായിരിക്കാം ആ ചിരി.....
തങ്കമണിയുടെ പ്രാക്ക് കേട്ട വിളയിലെ വിജയമ്മച്ചായി പറഞ്ഞു... " എടീ കുരുത്തം കെട്ടോളേ ഇങ്ങനൊന്നും പ്രാകാതെടീ..... ദൈവദോഷം കിട്ടുമെടീ ആ കൊച്ചന് "
എവിടെ..... ആ കൃഷ്ണന്റെ ഭാര്യ ആദ്യം പെറ്റതും ഇരട്ടകൾ പിന്നെ പെറ്റതും ഇരട്ടകൾ. ആദ്യത്തേത് രണ്ടാൺകുട്ടികളും പിന്നത്തേത് രണ്ട് പെൺകുട്ടികളും.
പേറ്റ് വാർത്തയറിഞ്ഞ തങ്കമണി പറഞ്ഞത്...
"ആ... പെങ്കൊച്ചിനേയോർത്തപ്പം ഞാനാ പ്രാക്കങ്ങ് പിൻവലിച്ചാരുന്നെന്നാ..."
കൊച്ചിലേത്തേ കൊച്ചനെന്ന് വിളിക്കുന്ന രഘുവും കളിയ്ക്കലേ കമലയും തമ്മിൽ മുടിഞ്ഞ പ്രണയമാന്ന് ആ നാട്ടിലേ നായ്ക്കൾക്ക്
പോലുമറിയാമായിരുന്നു.
കരണം അവരുടെ സൊര്യവിഹായസ്സിലായിരുന്നു ഇവരുടെയും സംഗമം.
സംഗമങ്ങളൊക്കെ കുറേക്കഴിഞ്ഞപ്പം കൊച്ചൻ അടുത്തു കണ്ട ഇലക്ട്രിക്ക് പോസ്‌റ്റിൽ കമലയേ തേച്ചു.....
കമലേടമ്മ കാർത്യായണി കൊച്ചിലേത്ത് മുറ്റത്ത് ശ്രീസന്ധ്യയ്ക്ക് വന്ന് നെഞ്ചത്തടിച്ച് പ്രാകി....
"എന്റെ കൊച്ചിനേ ചതിച്ച നിന്റെ നെഞ്ചത്ത് വെള്ളിടി വെട്ടുമെടാ.. ദ്രോഹി.... നിന്റെ ഉച്ചിക്ക് പാമ്പ് കൊത്തട്ടെടാ.... കാലാ... നിന്റെ കുലം കുളംതോണ്ടിപ്പോകട്ടെടാ"
കേട്ട്നിന്നവർ പറഞ്ഞു ശ്രീസന്ധ്യയ്ക്ക് ഒരു പെറ്റതള്ളേടെ പ്രാക്കാ ഇവൻ മുടിഞ്ഞു പോകും.
എവിടെ..... ആ വർഷത്തേ ഓണം ബംമ്പർ അടിച്ചത് കൊച്ചിലേത്തേ കൊച്ചനാ.... ഒരു മന്ത്രീടെ മോളെയാ കൊച്ചൻ കെട്ടിയത്.
ഇതൊക്കെ കണ്ടപ്പം ലവര് പറഞ്ഞു "വെടിവെയ്ച്ചാലേൽക്കില്ല പന്നിക്ക്.. "
അതേസമയം കമലമ്മേടമ്മ കാർത്യായണി പറഞ്ഞു "അവനോട് ദൈവം ചോദിച്ചോളും.... "
അപ്പോ... ഞാൻ പറഞ്ഞു വന്നത് എന്താന്നുവച്ചാ... നടക്കേണ്ട കാര്യങ്ങൾ നടക്കേണ്ട സമയത്ത് നടന്നിരിക്കും.
അതിനി ആരൊക്കെ എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും.അതാ വിവരമുള്ളോര് പണ്ട് എഴുതി വച്ചത്...
സംഭവാമീ യുഗേ.... യുഗേ.... ന്ന്
നൂറനാട് ജയപ്രകാശ്....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot