നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ബോധോദയങ്ങൾ


Image may contain: Shabna Shabna Felix, smiling, closeup

************************
വീട്ടിലിരുന്ന് തല ചൂടായി തുടങ്ങിയപ്പോൾ ആയിരിക്കണം ന്യൂട്ടൻ പണ്ട് ആപ്പിൾമരത്തിന്റെ ചോട്ടിൽ പോയിരുന്നത്. താഴോട്ടു വീണ ആപ്പിൾ മേലോട്ടു പോവാത്തത് കാരണം ന്യൂട്ടന്റെ തലയിൽ കത്തിയ ബൾബ് , ലോകത്തെ തന്നെ മാറ്റി മറച്ചുവെന്നു പണ്ടെങ്ങാണ്ട് ടീച്ചർ പറഞ്ഞു .
അതിനും കുറെ കാലം മുൻപ് കുളിക്കാൻ കേറിയ ആർക്കിമിഡിസിന്‌ വെള്ളം തലയിൽ വീണപ്പോൾ ആണത്രേ യുറേക്ക യുറേക്ക എന്നും പറഞ്ഞു ഓടാൻ പറ്റിയത്.
ഇനി അതും പോട്ടെ മ്മ്‌ടെ ബുദ്ധഭഗവാൻ ബോധി വൃക്ഷത്തിന്റെ ചോട്ടിൽ ഇരുന്നപ്പോഴാണ് ബോധോദയം ഉണ്ടായത്.
ഇതൊക്കെ വലിയ വലിയ മഹാന്മാരുടെ കാര്യം. മ്മളെ പോലെ ഉള്ളോർ എത്രയോ തവണ ആപ്പിൾ മരം ഇല്ലേലും മാവിൻചോട്ടിലും തെങ്ങിൻചോട്ടിലും പോയി നിന്നുവെങ്കിലും ഭാഗ്യം കൊണ്ടു തേങ്ങയും മാങ്ങയും തലയിൽ വീണില്ല. രണ്ടു നേരം തലയിൽ വെള്ളം വീണിട്ടും യുറേക്ക ന്നും പറഞ്ഞു ഓടേണ്ടി വന്നില്ല. തലയിൽ ആൾതാമസം ഉണ്ടായിട്ടു വേണ്ടെന്നു വീട്ടുകാർ പറയും..പക്ഷെ മ്മടെ തലയിലും ബോധോദയം ഉണ്ടാവാറുണ്ട്.. ചിന്തകളുടെ പുഷ്പകവിമാനത്തിൽ കേറി ലോകം മുഴുവൻ കറങ്ങി നടക്കാറുണ്ട്.കഥാ മുകുളങ്ങൾ പൊട്ടിവിടരാറുണ്ട്.
അതുപക്ഷേ...മാവിൻചോട്ടിലോ തെങ്ങിൻചോട്ടിലോ കുളിമുറിയിലോ അല്ല..
വിശാലമായ ജലപ്പരപ്പിൽ മത്സരിച്ചു നീന്തിതുടിച്ചു ,ഒഴുക്കിനൊപ്പം പൊങ്ങിയും മുങ്ങിയും നിലാവിന്റെ പതിനാലാം രാവുകളുടെ കയറ്റിറക്കങ്ങളിൽ മുങ്ങാംകുഴിയിട്ടു നിവരുമ്പോൾ ഇടക്കെപ്പോഴോ ഒളിച്ചു കിടന്ന വലക്കണ്ണികളുടെ ഇടയിൽപെട്ടു ശ്വാസം വെടിഞ്ഞ മീനുകളുടെ മുന്നിൽ കത്തിയുമായി കുത്തിയിരിക്കുമ്പോൾ.. ഉറക്കം വരാത്ത രാത്രികളിൽ മുന്നിലെ ഡിജിറ്റൽ ക്ലോക്കിൽ നോക്കി കിടക്കുമ്പോൾ .. ശരീരവും രക്തവും മനുഷ്യർക്ക്‌ വേണ്ടി അർപ്പിച്ച ക്രൂശിതന്റെ മുന്നിൽ വീണ്ടും ബലിയർപ്പിക്കുമ്പോൾ ...ഒക്കെ ഞാൻ ചിന്താവിഷ്ടയായി തീരാറുണ്ട്.
അങ്ങനെ ഒരു ചട്ടിയിൽ നിറയെ ചെറുവിരലിന്റെയത്ര പോലും വലിപ്പമില്ലാത്ത നന്തൻ ന്നു പറഞ്ഞ കുഞ്ഞു മീനുമായി ഭ്രാന്തും കേറിയിരിക്കുമ്പോഴാണ് മനസ്സിൽ ഗുഹയിൽ കഴിഞ്ഞ കുട്ടികൾ ഓടിവന്നത്... കെട്ടിയവനും മോനും ഈ കുഞ്ഞുമീനുകൾ കറുമുറെ വറുത്തു കൊടുത്താൽ ഒരു മണിക്കൂർ കൊണ്ട് വെട്ടിയെടുത്ത മീൻ പത്തു മിനുറ്റ് കൊണ്ടു തീർത്തു എണീറ്റു പോകും..എന്നാലും മ്മടെ സ്വന്തം ചേട്ടനും മോനും വേണ്ടി
ഭ്രാന്തു കേറിയാലും പിന്നേം വെട്ടും..
അങ്ങനെ ദേഷ്യത്തിന്റെ നെറുകയിൽ നിൽക്കുന്ന നേരം..
കയ്യിൽ കത്തി.
ചട്ടിയിൽ നന്തൻ..
മനസ്സിൽ ഗുഹ..
ഗുഹക്കകത്തു കുട്ടികൾ..
ചോദ്യം ഇതാണ്..
ആ കുട്ടികൾക്ക് പകരം നമ്മുടെ കുട്ടികൾ ആണെങ്കിലോ.നമ്മുടെ ന്നു വെച്ചാൽ കേരളത്തിലെ കുട്ടികൾ..?
എന്തായിരിക്കും അവരുടെ മാനസികനില..?
അവർ ജീവനോടെ പുറത്തു വരുമോ?
പുറത്തുള്ള അവരുടെ മാതാപിതാക്കളുടെ അവസ്‌ഥ എന്താവും?
ടെൻഷൻ അടിച്ചു ജീവൻ പോകുമോ?
മാനസിക നില തെറ്റി പോകുമോ?
അങ്ങനെ ചോദ്യശരങ്ങളിൽ മുഴുകി ഇരിക്കുമ്പോഴാണ്..
പുറത്തു സ്വരം.
കുട്ടിസ്വരങ്ങൾ രണ്ടെണ്ണം.
"എടുത്തു താടാ..നീ രക്ഷപ്പെടാൻ നോക്കണ്ട.എടുത്തു തന്നിട്ട് പോയാ മതി.."
ഒരു സ്വരം പറയുന്നു.
"ചേട്ടാ..എനിക്കു പേടിയാ..ചേട്ടൻ എടുക്ക്‌.."
കുട്ടി സ്വരം നമ്പർ ടു.
"നീയല്ലേടാ ബോള് കളഞ്ഞത് ഇറങ്ങിയെടുക്കേടാ.."
"ചേട്ടാ.അവിടെ മുഴുവൻ കാടുപിടിച്ചു കിടക്കുവാ. പാമ്പുണ്ടാവും ചേട്ടാ. എനിക് പേടിയാ.."കുട്ടി നമ്പർ ടു..
പേടിച്ചു വിറച്ചു കൊണ്ടു പറയുന്നു
ഇതേ ഡയലോഗുകൾ റീപീറ്റടിച്ചു അരമണിക്കൂർ ഞാൻ കേട്ടു സഹികെട്ടു .കാണാൻ വയ്യ.. ആരെടാ ഇതു ന്നു അറിയാൻ , വെട്ടി കൊണ്ടിരുന്ന മീൻ മൂടിവെച്ചു ഇരുന്നിടത്തു നിന്നും ഒന്നു എണീറ്റു നോക്കി.
അടുത്ത വീട്ടിലെ പിള്ളേരാണ്..രണ്ടു തലകൾ ഞങ്ങളുടെ മതിലിൽ.. കാട് പിടിച്ചു കിടക്കുന്ന പറമ്പിലേക്ക് നോക്കി നിൽക്കുന്നു.
അതിൽ ഒരുത്തൻ മറ്റവന്റെ കാലിൽ പിടിച്ചു പൊക്കി..താഴോട്ടു തള്ളി ഇറക്കാൻ നോക്കുന്നു.
പേടിച്ചു വിറച്ച ചെറിയ ഒരു കുട്ടി പറയുന്നു.
"ചേട്ടാ..വേണ്ട..പ്ലീസ്..എനിക്കു പേടിയാ.."
എന്റെ തല വെട്ടം കണ്ടതും താഴോട്ടു കാലിട്ടിരിക്കുന്ന കുട്ടി വിളിച്ചു പറഞ്ഞു..
"ആന്റി ആ ബോള് ഒന്നെടുത്തു തരോ.."
വെട്ടി തീരാത്ത മീനിനോട് ഉള്ള അരിശം.. കുറെ നേരായി ഉള്ള ഒരു കുട്ടിയുടെ ബ്ലാക്ക്‌ മെയിലിംഗ് ഡയലോഗ്.. മറ്റേ കുട്ടിയുടെ പേടിതൊണ്ടൻ മറുപടി.പാറി പറന്ന മനസ്സിലെ ഗുഹയിൽ കഴിഞ്ഞ കുട്ടികളുടെ ധൈര്യം..വേറെ വല്ല പിള്ളേരും ആണേൽ മതിലും ചാടി ബോളും കൊണ്ടു പോയേനെ..
ഇവനൊക്കെ ഇതെവിടുന്നു വരുന്നെടാ..!
എല്ലാം കൂടി വന്നപ്പോ ഒരൊറ്റ ഡയലോഗ്.
"ഇവിടെ വന്നെടുത്തോ.."
പിള്ളേരെ ധൈര്യം പഠിപ്പിക്കണല്ലോ..അതും പറഞ്ഞു വീണ്ടും ചട്ടിക്കു മുന്നിൽ..
ഇച്ചിരി കഴിഞ്ഞില്ല പട്ടിക്കുര..
പിള്ളേരാവും.. എണീറ്റു നോക്കി..പേടിച്ചു വിറച്ചു നിന്ന ചെറിയ കുട്ടി..
വീണ്ടും.മുന്നിൽ.
"ആ ബോള് എടുത്തു തരോ."
അവന്റെ മുഖത്തു ചോരയില്ല..പേടിച്ചു വിറച്ച്.. അവൻ നിന്നിടത്തു തന്നെ നിന്നു.ചെറിയ തോതിൽ കാട് പിടിച്ച പറമ്പിൽ നോക്കി പേടിയോടെ അവൻ!
ഒടുവിൽ അവനേം കൂട്ടി ഞാൻ അവനു ബോള് എടുത്തു കൊടുത്തു . കൂട്ടിൽ കിടന്നു കുരക്കുന്ന പട്ടിയുടെ സ്വരം കേട്ടു വിറച്ചു വിറച്ചു ആദ്യവും പിന്നെ പിന്നോട്ടു നോക്കാതെ ഒരു ഓട്ടവും...
അവൻ പോയി.
എന്റെ മക്കളെ പോലെ കുസൃതികളെ കണ്ടിട്ടുണ്ട്. തല തെറിച്ച പിള്ളേരെ കണ്ടിട്ടുണ്ട്. മിടുക്കന്മാരെ കണ്ടിട്ടുണ്ട്. .പക്ഷെ ഇതുപോലെയുള്ള കുട്ടികൾ....?
എന്തു കൊണ്ടിങ്ങനെ?
അണ്ണാനെ മരം കേറ്റം പഠിപ്പിക്കണോ ..കുട്ടികളെ മതില് ചാടാൻ പഠിപ്പിക്കണോ?
വെട്ടിയ മീൻ, വറുത്തു കോരി പാത്രത്തിലാക്കി നടു നിവർത്തും നേരം കാളിംഗ് ബെൽ..
പുറത്തു ചെന്നു നോക്കുമ്പോൾ കുറച്ചു കോളേജ് പിള്ളേർ ഒപ്പം മെമ്പറും . രണ്ടു പെണ്കുട്ടികളെയും ഒരു ആണ്കുട്ടിയെയും താങ്ങി പിടിച്ചിട്ടുണ്ട്.
കടൽ വെള്ളം കേറിയ സ്ഥലത്ത് ക്ലീനിംഗിന് വന്ന കോളേജ് പിള്ളേർ. ക്ലീനിംഗ് നു മുൻപ് ആശുപത്രിയിൽ നിന്നും കൊടുത്ത ഗുളിക കഴിച്ചു രണ്ടു ശർദിൽ .. പിള്ളേര് തളർന്നു.. രണ്ടു പെണ്കുട്ടികളേം പിടിച്ചു മുറിയിൽ കൊണ്ടുപോയി കിടത്തി. ആണ്കുട്ടി സോഫയിൽ ഇരുന്നു . ബോറടിച്ചിരിക്കുന്ന ആ കുട്ടിയെ കണ്ടു എനിക്കു സഹതാപം.പാട്ടു വെക്കട്ടെ?
പാട്ട് ഇഷ്ടമല്ല..
ടിവി?
ടിവി പരിപാടികൾ ഇഷ്ടമല്ല.. ന്യൂസ്‌ വെച്ചോളു..
വായനയില്ല..കൂട്ടുകാരില്ല..
അതിശയത്തോടെ ഞാൻ ചോദിച്ചു പോയി
"പിന്നെ നീ എന്തു ചെയ്യും...വീട്ടിൽ?"
ന്യൂസ് കാണും പിന്നെ ചുമ്മ ഇരിക്കും.
വായും പൊളിച്ചു ഞാൻ ഇരുന്നു പോയി.. ഒരു ഇരുപതു വയസ്സുകാരൻ പയ്യൻ ഇങ്ങനേം...അവൻ മുഴുവൻ സമയവും വിരലുകൾ തിരുമ്മി ഇരുന്നു. കണ്ണുകൾ പതറി....വാക്കുകൾ പെറുക്കി പെറുക്കി..
കഞ്ഞിവെള്ളം പോലും കുടിക്കാൻ പേടി...
പക്ഷെ അവൻ എന്നോട് സംസാരിച്ചു..വാതോരാതെ.. പോകും വരെ
ഇതെന്തു ജന്മങ്ങൾ ഡാ..
തെന്നി തെറിക്കുന്ന പ്രായത്തിൽ .ഇതു പോലെ മക്കൾ.. ഈ കുട്ടികൾ ജീവിതത്തിലെ പ്രശ്നങ്ങളെ അതിജീവിക്കുന്നതു എങ്ങിനെ?
ആശിക്കുന്നതെല്ലാം അവർക്ക് വാങ്ങി കൊടുത്തു മാതാപിതാക്കൾ അവരെ നഷ്ടങ്ങളുടെയും മോഹഭംഗങ്ങളുടെയും രുചി അറിയിക്കാതെ വളർത്തി വലുതാക്കുന്നുവോ?
ചെറിയ പ്രശ്നങ്ങളെ പോലും അതിജീവിക്കാൻ അറിയാത്തവരാണോ പുതു തലമുറ?എല്ലാ കുട്ടികളും ഇങ്ങിനെയല്ല എന്നു അറിയാം.എങ്കിലും ഒത്തിരി കുട്ടികളെ കാണുന്നു
അമൂൽ ബേബികൾ!
നമുക്ക് വേണ്ടത് പുസ്തകം വിഴുങ്ങുന്ന , റാൻ മൂളികളായ, പ്രശ്നങ്ങൾക്ക് മുന്നിൽ പകച്ചു പോകുന്ന കുട്ടികളെയല്ല.
എന്തിനെയും അതിജീവിക്കാൻ കഴിയുന്ന , പതറാത്ത കാലുകളുടെ ഉടമകളെയാണ്. അതിനു മാതാപിതാക്കൾ അവരെ കുറച്ചെങ്കിലും വെറുതെ വിടണം.സ്വന്തമായി ചിന്തിക്കാൻ..സ്വന്തമായി തീരുമാനമെടുക്കാൻ..പങ്കു വെക്കാൻ ..മുതിർന്നവരെ ബഹുമാനിക്കാൻ..
ആശയടക്കാൻ...നഷ്ടങ്ങളെ അംഗീകരിക്കാൻ..ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ...എല്ലാം അവരെ പരിശീപ്പിക്കണം..
വായിച്ചുകൊണ്ടിരുന്ന പി വത്സലയുടെ ആഗ്നേയത്തിലെ നങ്ങേമയെപോലെ ഒരു പഴയ തലമുറ ഇവിടെ ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ പുതിയ പിള്ളേർ വിശ്വസിക്കുമോ?
അങ്ങു ദൂരെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ നമിച്ചു പോയി. നാടിനു വേണ്ടി., വീടിനു വേണ്ടി , പഠിച്ചു വലുതാവാൻ മോഹിച്ച അഭിമന്വേവിനെ ഓർത്തുപോയി. സമൂഹമാധ്യമങ്ങൾ വലിച്ചു കീറിയിട്ടും പതറാതെ പിടിച്ചു നിന്ന പെണ്കുട്ടികളെ ഓർത്തുപോയി.
കടന്നു പോയ പഴയ തലമുറയെ ഓർത്തുപോയി..
തീയിൽ കുരുത്ത ജന്മങ്ങൾ...
കേസെറോളിൽ വറുത്തു വെച്ച മീനുകൾ എന്നെ നോക്കി ചിരിച്ചു. ഡിജിറ്റൽ ക്ലോക്ക് എന്നെ നോക്കി കണ്ണിറുക്കി.. ക്രൂശിതൻ എന്നെ നോക്കി കരുണയോടെ ചിരിച്ചു.
ഇവളുടെ ഒരു ബോധോദയം..!
ഇവളെ എനിക്കറിഞ്ഞു കൂടെ? ന്നൊരു ഭാവത്തിൽ..🙂
എനിക്കു പറക്കാൻ വീണ്ടും ഒരു കിറ്റ് മീനുമായി അടുത്ത വീട്ടിലെ ചേട്ടൻ വീടിന്റെ മുൻവാതിലിൽ.. ഒരു മണിക്കൂർ മുന്നേ കടലിൽ കളിച്ചിരുന്ന മീനുകൾ .
പുഷ്പകവിമാനത്തിൽ കേറി വീണ്ടും യാത്ര തുടരാൻ..ഞാൻ വീണ്ടും കത്തിയുമായി..

By Shabana Felix

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot