Slider

സോഷ്യൽ മീഡിയയും മലയാളിയും..

0
Image may contain: Unni Atl, beard and closeup


ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതും എന്നാൽ ഒരുപാട് സ്വാധീനം ചെലുത്തുന്നതുമായ ഒന്നാണ് സോഷ്യൽ മീഡിയകൾ. രക്തദാനം മുതൽ ചികിത്സക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന രോഗികൾക്ക് ചികിത്സാധനം, പാവപ്പെട്ട കുട്ടികൾക്ക് പഠനസഹായം, തുടങ്ങി ആരുമാരും അറിയപ്പെടാതെ പോകുന്ന കഴിവുള്ള പ്രതിഭകളെ കണ്ടെത്താനും നിമിഷങ്ങൾ കൊണ്ട് ഊഹിക്കാൻ പോലും കഴിയാത്ത വിധം അവരെ ഉയരങ്ങളിലെത്തിക്കാനും സോഷ്യൽ മീഡിയകൾ വഹിച്ച പങ്ക് ചില്ലറയല്ല. ഒരു സംഭവം നടന്നാൽ കോടിക്കണക്കിന് ജനങ്ങളിലേക്ക് ആ വാർത്ത നിമിഷങ്ങൾക്കകം എത്തിക്കാൻ കഴിയുമെന്നുള്ളതാണ് സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത.
എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. പലരും സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയകൾ പല തരത്തിൽ ദുരുപയോഗം ചെയ്യുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. രാഷ്ട്രീയ വൈരാഗ്യങ്ങൾ തീർക്കാനും, അന്യ മതങ്ങളെ മോശമായി ചിത്രീകരിക്കാനും, പരസ്പര സ്നേഹത്തോടെ കഴിയുന്ന ജനങ്ങളെ തമ്മിൽ തല്ലിക്കാനുമൊക്കെ ഒരു കൂട്ടം ആളുകൾ ഇന്ന് സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു, അറിഞ്ഞോ അറിയാതെയോ ഒരുപക്ഷേ നമ്മളും അതിന്റെ ഒരു ഭാഗമായി മാറുന്നു. നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല സോഷ്യൽ മീഡിയകളിൽ ഒരു മുഖ്യ പങ്ക് വഹിക്കുന്ന ഫെയ്‌സ്ബുക്ക് എന്ന മുഖപുസ്തകം മാത്രം ഒഴിച്ചു നിർത്തിയാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന എത്ര പേരെ നമുക്ക് കാണാൻ കഴിയും, വിശ്വാസങ്ങളെയും ആചാരങ്ങളെയും നിന്ദിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്യുന്ന എത്ര പേരെ നമുക്ക് നേരിട്ടറിയാം? അപൂർവ്വം എന്നല്ല ഒരാളെ പോലും കാണാൻ സാധിക്കില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്,
മാതാ പിതാ ഗുരു ദൈവം, എന്ന തത്വങ്ങളെല്ലാം ഓരോ മലയാളിയും മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാണെന്നാണ് പഠിച്ചിട്ടുള്ളവരാണ് നാമെല്ലാം. എന്നാൽ ഇന്നത്തെ അവസ്ഥ ഒന്ന് ഓർത്തു നോക്കിയേ, സോഷ്യൽ മീഡിയകൾ വഴി ആർക്കും എന്തും പറയാം എന്നുള്ള സ്ഥിതി വന്നിരിക്കുന്നു. ഒരു വാർത്ത വന്നാൽ അതിൽ എത്രമാത്രം സത്യമുണ്ട് അല്ലെങ്കിൽ ഇതൊരു ശരിയായ കാര്യമാണോ എന്നൊന്നും ചിന്തിക്കാൻ ഇന്ന് മലയാളിക്ക് സമയമില്ല. കാള പെറ്റെന്ന് കേൾക്കും മുൻപേ കയറെടുക്കുക എന്ന ചൊല്ലിനെ അന്വർദ്ധമാക്കും വിധമാണ് ഇന്ന് ഓരോരുത്തരും പെരുമാറുന്നത്. ഇനി ഒരാളെങ്കിലും സത്യം മനസ്സിലാക്കി അത് തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ പിന്നെ അയാളുടെ പുറത്തായി സർവ്വ കുറ്റങ്ങളും. നീ ഇന്ന ജാതിക്കാരനാണ് അല്ലെങ്കിൽ ഇന്ന പാർട്ടിക്കാരനാണ് തുടങ്ങി ഒന്നുമറിയാതെ വീട്ടിലിരിക്കുന്ന അയാളുടെ മാതാപിതാക്കളെയും ഭാര്യയെയുമുൾപ്പടെ അസഭ്യവർഷം ചൊരിയാൻ സമ്പൂർണ സാക്ഷരർ എന്നവകാശപ്പെടുന്ന മലയാളിക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാൽ ഒരുപാട് ഉദ്ദാഹണങ്ങൾ നമ്മുടെ കണ്മുന്പിൽ തന്നെയുണ്ട്. ചോദിച്ചാൽ പറയാൻ അഭിപ്രായസ്വാതന്ത്ര്യം എന്നൊരു ഓമനപ്പേരും.....
കുറച്ചു നാൾ മുന്നേ മെട്രോയിൽ കിടന്നുറങ്ങിപ്പോയി എന്ന കുറ്റത്തിന് ഒരാളെ മദ്യപാനിയെന്നു മുദ്ര കുത്തി അയാളെ കുരിശിൽ തറയ്ക്കാൻ മുൻപന്തിയിൽ നിന്ന ഒരുകൂട്ടം ജനങ്ങളുണ്ട്, അഭിപ്രായങ്ങളായും ട്രോളുകളായും അതവർ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അയാളൊരു മദ്യപാനി അല്ലായിരുന്നുവെന്നും ചില മാനസ്സിക സമ്മർദങ്ങളിൽ പെട്ടുപോയ ബധിരനും മൂകനുമായ ഒരു വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഇതിൽ എത്ര പേർ ഈ വാക്കുകൾ മാറ്റിപ്പറഞ്ഞു, എത്ര പേർ അയാളോട് മാപ്പ് പറഞ്ഞു? ഒരു ദിവസമെങ്കിൽ ഒരു ദിവസം കൊണ്ട് അയാൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് പകരം നൽകാൻ ഇതിൽ ഒരാൾക്കെങ്കിലും കഴിയുമോ? ഇല്ല..
കാണുന്നതും കേൾക്കുന്നതുമായ വാർത്തകളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയെന്നുള്ള രീതി പിന്തുടരുന്നിടത്തോളം കാലം നമ്മളെ വിഡ്ഢികളാക്കാൻ ആർക്കും കഴിയും. ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്ന ആളെ തട്ടിമാറ്റി ട്രെയിൻ കടന്നു പോകുന്നതും, രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ വീഡിയോ എടുത്ത് കളിക്കുന്നതിനിടയിൽ മുത്തശ്ശി കിണറ്റിൽ വീഴുന്നതുമെല്ലാം നമുക്ക് മുന്നിലുള്ള ഉത്തമ ഉദ്ദാഹണങ്ങളാണ്. ഇതൊക്കെ വെറും പ്രഹസനങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടും എന്ത്കൊണ്ട് നമ്മൾ മാറി ചിന്തിക്കുന്നില്ല?
ഒരു വ്യക്തിയെ കൈ പിടിച്ചുയർത്താൻ കഴിവുള്ളവർ തന്നെയാണ് മലയാളികൾ. എന്നാൽ കേവലം ഒരു രണ്ട് മിനുട്ട് വീഡിയോയുടെ വിശ്വാസത്തിൽ അല്പം മുന്നേ വാനോളം പുകഴ്ത്തിയവർ തന്നെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് തെറിയഭിഷേകം നടത്തിയതും നമ്മൾ കണ്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞില്ല. ഒരു വാക്ക് പറയാനും അവസരങ്ങൾക്കനുസരിച്ചു അത് മാറ്റിപ്പറയാനും ഉളുപ്പില്ലാത്ത രീതിയിൽ അധഃപതിച്ചിരിക്കുന്നു മലയാളിയുടെ സംസ്കാരമെന്നത് പറയാതെ വയ്യ.
ഇനിയുമുണ്ട് മറ്റൊരു കൂട്ടർ എവിടുന്ന് എന്ത് കിട്ടിയാലും അതെന്തെന്നു പോലും നോക്കാതെ കണ്ണുമടച്ചു ഷെയർ ചെയ്യുന്നവർ. അത്തരം ഷെയറുകൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രയാണെന്ന് ചിന്തിക്കാൻ പോലും പലർക്കും സമയമില്ല. ഒരു ഉദ്ദാഹാരണം പറയാം, സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിരമിച്ച കുറച്ച് അധ്യാപകർ ചേർന്ന് പത്താം ക്‌ളാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മെസ്സേജിങ്ങ് ആപ്പിക്കേഷനായ ടെലിഗ്രാമിൽ ഒരു ഗ്രൂപ്പ് തുടങ്ങുകയുണ്ടായി. എഴുപത് ശതമാനം പെണ്കുട്ടികളും രക്ഷകർത്താക്കളും ഉൾപ്പടെ ആയിരത്തോളം മെമ്പേഴ്‌സ് ഉള്ള ഒരു ഗ്രൂപ്പ് ആയിരുന്നു അത്. കുട്ടികളുടെ പഠനത്തിനും സംശയങ്ങൾ ദൂരീകരിക്കാനും അത് വളരെയധികം പ്രയോജനപ്പെടുകയും ചെയ്തു. ഒരു ദിവസം അതിലുള്ള ഒരു വിദ്യാർത്ഥിനിയുടെ അച്ഛൻ എന്നെ വിളിക്കുകയുണ്ടായി. മറ്റാർക്കോ ഷെയർ ചെയ്ത കൂട്ടത്തിൽ കുറച്ചു അശ്ളീല വീഡിയോസും ചിത്രങ്ങളും മേൽപ്പറഞ്ഞ ഗ്രൂപ്പിൽ ഷെയർ ആയിപ്പോയെന്നും അത് റിമൂവ് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോന്നുമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. മകൾ അത് കാണാനിട വന്നാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്തിനാണ് ഇത്തരം വീഡിയോകൾ ഷെയർ ചെയ്തതെന്ന ചോദ്യത്തിന് ഞാൻ അതൊന്നും ഓപ്പൺ ചെയ്ത് നോക്കിയിരുന്നില്ല എന്ന മറുപടിയാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഒന്നോർത്തു നോക്കു അറിഞ്ഞു കൊണ്ടായാലും അറിയാതെ ആയാലും ഒരു ഷെയർ കൊണ്ട് വെറും പതിനഞ്ച് വയസ്സ് പ്രായം മാത്രമുള്ള എത്ര കുട്ടികളാണ് വികലമായ രതിവൈകൃതങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കാണേണ്ടി വന്നത്. സ്വന്തം മകൾ ഉൾപ്പെട്ട ഗ്രൂപ്പ് ആയത് കൊണ്ട് തന്നെ അദ്ദേഹം മനപ്പൂർവം അത് ഷെയർ ചെയ്തത് ആയിരിക്കില്ലെന്ന് നമുക്ക് ഊഹിക്കാം പക്ഷേ ഒരു അശ്രദ്ധയുടെ പേരിൽ സ്വന്തം മകളുടെ മുഖത്തു നോക്കാൻ പോലും കഴിയാതെ തല കുനിച്ചു നിൽക്കേണ്ട ഒരവസ്ഥയിൽ കാര്യങ്ങളെത്തി. മറ്റ് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മുന്നിൽ ആ പെണ്കുട്ടിയുടെ അവസ്ഥ എന്തായിരിക്കും. ഇത് ചെറിയ ഒരുദ്ദാഹാരണം മാത്രമാണ്.
രാഷ്ട്രീയപരമായും മതപരമായും പരസ്പര വൈരാഗ്യം തീർക്കാനുമൊക്കെ ഇന്ന് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർ ഏറെയാണ്. വ്യക്തികളുടെ ഫോട്ടോക്കൊപ്പം ഇവൻ കൊലപാതകി ആണെന്നും ലക്ഷങ്ങൾ പറ്റിച്ചു മുങ്ങിയവൻ ആണെന്നുമൊക്കെയുള്ള ഫെയ്ക്ക് മെസ്സേജുകൾ ഒരുപാട് നമുക്ക് ലഭിക്കാറുണ്ട്. കിട്ടിയ പാടേ കണ്ണുമടച്ച് ഷെയർ ചെയ്യുന്നവരാണ് കൂടുതൽ പേരും, എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നു ആരും ചിന്തിക്കാറില്ല. നമുക്ക് ഒരു ഷെയർ കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല എന്നാൽ ആ വാർത്ത സത്യമല്ലെങ്കിൽ, ഒരു നിരപരാധിയാണ് അതിനിരയാവുന്നതെങ്കിൽ അറിയാതെ തന്നെ നമ്മളും അതിനൊരു കാരണമാകുന്നു. എന്നാൽ മനുഷ്യന് ഉണ്ടെന്ന് അവകാശപ്പെടുന്ന വിവേകബുദ്ധി അനുസരിച്ചു അല്പം ക്ഷമയോടെ ചിന്തിച്ചു പ്രവർത്തിച്ചാൽ നമുക്കിതൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. ഒരു മെസ്സേജ് നമുക്ക് ലഭിച്ചാൽ അതിൽ എത്രമാത്രം സത്യമുണ്ടെന്നു ചിന്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിശ്വസനീയമല്ലെന്ന് തോന്നിയാൽ അതയച്ച വ്യക്തിയോട് വ്യക്തമായ രീതിയിൽ ചോദിച്ചു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊരു മതത്തെയോ രാഷ്ട്രീയ പാർട്ടികളെപ്പറ്റിയോ ഉള്ള ഒരു പോസ്റ്റ് നമുക്ക് ലഭിച്ചാൽ ഇത് ഷെയർ ചെയ്യുന്നത് കൊണ്ട് നമുക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടോയെന്ന് ചിന്തിക്കുക അല്ലെങ്കിൽ അതുകൊണ്ട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു നൂറ് വട്ടം ആലോചിക്കുക.
ഇക്കഴിഞ്ഞ നാളുകളിൽ വിവാദമുണ്ടാക്കിയ ജനകീയ ഹർത്താലിന് ശേഷം സൈബർ ലോ, പോക്സോ, ഇന്ത്യൻ പീനൽകോഡ്, ഐ റ്റി ആക്റ്റ്, എന്നിവയെല്ലാം സമന്വയിപ്പിച്ചു കൊണ്ട് വ്യാജ പോസ്റ്റുകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറായിരിക്കുകയാണ്. അതുകൊണ്ട്
നമ്മൾ ഓരോരുത്തരും ഒന്ന് മനസ്സിലാക്കിയിരിക്കുക, കള്ളിന്റെയും കഞ്ചാവിന്റെയും വർഗീയതയുടെയും പുറത്ത് വികലമായ ചിന്തകളുമായി നടക്കുന്നവരെ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കി ഇവിടൊരു സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നുള്ള പ്രതീക്ഷയെന്നും ആർക്കും വേണ്ട. നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് എന്ന് മാത്രം ചിന്തിക്കുക, ഓരോന്നും ചെയ്യുന്നതിന് മുൻപ് പലവട്ടം ആലോചിക്കുക വിവേകത്തോടെ പെരുമാറുക. മുൻപൊരു പോസ്റ്റിൽ പറഞ്ഞ വാചകങ്ങൾ ഒന്നുകൂടി ഇവിടെ ആവർത്തിക്കട്ടെ...
" ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് ഇന്ന് സോഷ്യൽ മീഡിയകളും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നതൊന്നും തിരിച്ചുപിടിക്കാൻ നമുക്ക് കഴിഞ്ഞില്ലെന്ന് വന്നേക്കാം..."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo