നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൗനരാഗങ്ങൾ

Image may contain: 1 person, closeup

~~~~~~~~~~~
നീല കളറിലെ കാഞ്ചീപുരം പട്ടുസാരി ഭംഗിയായി ഞൊറിഞ്ഞുടുത്തു കൊണ്ടവൾ മുന്നിലെ നിലക്കണ്ണാടിയിലേക്കു നോക്കി. എന്തോ.. ഒരു കുറവുപോലെ, ഒഴിഞ്ഞു കിടക്കുന്ന സീമന്തരേഖയിൽ ഇത്തിരി സിന്ദൂരം കൂടി തൊട്ടു. എങ്കിലും മുഖത്തൊരു പ്രസരിപ്പില്ലായ്മ.
“ഏടത്തി ഒന്ന് വേഗം വരണുണ്ടോ..! ഏട്ടൻ എത്രനേരമായി വെയ്റ്റു ചെയ്യുന്നു..”.
കതകിലെ മുട്ടു കേട്ടു ചിത്രലേഖ വേഗം ചെന്ന് വാതിൽ തുറന്നു.
“ഒന്ന് വേഗം വന്നേ ഏടത്തി..”
മഞ്ഞ പട്ടുപാവാടയും ദാവണിയും അണിഞ്ഞെത്തിയ തുഷാര അവളുടെ കയ്യിലിരുന്ന മുല്ലപ്പൂമാല ഏടത്തിയുടെ മുടിക്കെട്ടില് തിരുകിവെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.
ലേഖ ചെരിപ്പുമിട്ട് വേഗമിറങ്ങി വീട് പൂട്ടി. താക്കോൽ ഭദ്രമായി പേഴ്സിനകത്തു വെച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോൾ തുഷാരയെ കാണാനില്ല. അവളെവിടെപ്പോയി?
നോക്കിയപ്പോൾ അവളുണ്ട് ശരത്തേട്ടനോടൊപ്പം കാറിന്റെ മുൻ സീറ്റിലിരുന്ന് തന്നെ നോക്കി ഇളഭ്യച്ചിരി ചിരിക്കുന്നു. ‘പറ്റിച്ചേ..’ എന്ന മട്ടിൽ. പെണ്ണിന്റെയൊരു കാര്യം.
കുറുമ്പുകാരിയാണവൾ! ഏട്ടന്റെ കുഞ്ഞിപ്പെങ്ങളും.
തൻെറ സ്ഥാനം നേരത്തെ കയ്യേറി കഴിഞ്ഞിരിക്കുന്നവൾ. ഇനി പുറകിൽ കയറുകേ തരമുള്ളൂ..! ചിലനേരത്തെ അവളുടെ പ്രവൃത്തികളൊക്കെ കാണുമ്പോൾ തനിക്ക് ഒരുപാട് വിഷമം തോന്നാറുണ്ട്. അപ്പോഴൊക്കെ, ശരത്തേട്ടൻ കണ്ണടച്ചു കാണിക്കും 'പോട്ടേന്ന്..!' എല്ലാവരും കൂടി പെണ്ണിനെ ലാളിച്ചു വഷളാക്കി തലയിൽ കയറ്റി വെച്ചിരിക്കുവല്ലേ ? പിന്നെങ്ങനാ.
സാരിയൊതുക്കി പിടിച്ചു കൊണ്ട് ലേഖ കാറിനടുത്തേക്ക് ചെന്നതും തുഷാര ചിരിച്ചു കൊണ്ട് മുന്നിൽനിന്നും ഇറങ്ങി ഡോർ അവൾക്കായി തുറന്നു പിടിച്ചുകൊണ്ടു പറഞ്ഞു
“ഏടത്തി ഇവിടെയിരുന്നോ..“
അവൾ പുറകിലേക്ക് കയറാനൊരുങ്ങി.
“വേണ്ടാ.. മോളിരുന്നോ..”
സ്നേഹത്തോടെ ലേഖ തുഷാരയെ ബലമായി അവിടെതന്നെ പിടിച്ചിരുത്തിയിട്ട് പിൻസീറ്റിലേക്ക് കയറിയിരുന്നു.
ശരത്ത് മിററിലൂടെ ലേഖയെ നോക്കി കണ്ണിറുക്കി കാട്ടി.
‘ ഹും..!’ അവൾ അവനെ നോക്കി മുഖം വീർപ്പിച്ചു.
ശരത്ത് കാർ മുമ്പോട്ടെടുത്തു.
മതിലരുകിലേക്ക് ചാഞ്ഞു നിന്ന കോളാമ്പിപ്പൂവുകളിൽ തട്ടി കാറിന്റെ ഗ്ലാസ്സിലേക്ക് ഹിമകണങ്ങൾ അടർന്നു വീണു. അതവളെ നോക്കി പുഞ്ചിരിച്ചു.
തങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഏഴു മാസത്തോളമായി. അതിനിടയിൽ തുഷാര പലപ്പോഴും തങ്ങൾക്കിടയിൽ ഒരു വട വൃക്ഷത്തെപ്പോലെ അല്ല, ശൂർപ്പണഖയെപ്പോലെ നിറഞ്ഞു നിന്നു. തന്നെയവൾ മനപ്പൂർവ്വം ദ്രോഹിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. മിക്കപ്പോഴും താൻ കരച്ചിലിൻെറ വക്കോളം എത്തിയിട്ടുണ്ട്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽപ്പോലും അവൾ സ്വസ്ഥത തരാറില്ല, ഇടിച്ചു കയറി വരും. ഇങ്ങനെയുണ്ടോ പെൺകുട്ടികൾ?
ശിശിരത്തിൽ വിരുന്നിന് ചെന്നപ്പോൾ ശരത്തിൻെറ അവമ്മാവിയാണത് ചോദിച്ചത്, ‘നിന്നെ.. ഉൾക്കൊള്ളാൻ അവൾക്ക് പററുമോയെന്ന്..?’ അവർ പറഞ്ഞതിൻെറ അർത്ഥമറിയാതെ അതിശയിച്ചു നിന്ന തന്നെ നോക്കിയവർ പറഞ്ഞു.
‘അച്ഛനമ്മമാരുടെയും ഏട്ടന്റെയുമൊക്കെ സ്നേഹവാത്സല്യങ്ങൾ ഒരുപാട് അനുഭവിച്ച പെണ്ണാണവൾ. അത് പങ്കിട്ടെടുക്കാന് പുതിയൊരു അവകാശി കൂടി എത്തുമ്പോൾ ഉണ്ടാകുന്ന ചെറിയൊരു എതിർപ്പ്. അത്രേയൊള്ളൂ.. ‘മോളതൊന്നും കാര്യമാക്കണ്ടാ..’
എന്ന അമ്മാവിയുടെ ചുമലിൽ തഴുകിയുള്ള സ്നേഹസ്വാന്തനവും കൂടിയായപ്പോൾ ഉള്ളിൽ ഭീതിയാണ് നിറഞ്ഞത് .
പിന്നീട്, ഇരുപത്തിയൊന്നുകാരി താനെന്നെ ഭാര്യയും, പതിനഞ്ചുകാരി പഠിപ്പിസ്റ്റും തമ്മിൽ പൊരിഞ്ഞ യുദ്ധമായിരുന്നു. അവളുടെ മുമ്പിൽ ഒരുപാട് കിട പിടിക്കേണ്ടി വന്നു. തോൽവിയായിരുന്നു ഫലം!
കുടുംബ സമാധാനത്തെ ഓർത്ത് പലപ്പോഴും അവൾക്കു മുന്നില് അറിഞ്ഞുകൊണ്ട് തോറ്റു കൊടുക്കേണ്ടി വന്നു. അപ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഗൂഢമായ ചിരി തന്നിൽ അസൂയ ഉണ്ടാക്കാറുണ്ടായിരുന്നു.
തനിക്കായി ശരത്തേട്ടൻ വാങ്ങിക്കൊണ്ടു വരുന്ന സാധനങ്ങളൊക്കെ അവൾ കുറുക്കനെപ്പോലെ മണം പിടിച്ചു വന്ന് തട്ടിയെടുക്കും. തൻെറ പരാതിയും, സങ്കടവും, കരച്ചിലുമൊക്കെ സഹിക്കാതാവുമ്പോൾ അമ്മ പലപ്പോഴും വീട്ടിലൊരു കുടുംബ കോടതി തന്നെ വിളിച്ചു കൂട്ടും.
ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ താൻ നിൽക്കുമ്പോൾ മനസ്സില്ലാമനസ്സോടെ അവൾ ശരത്തേട്ടൻ അവൾക്കായി വാങ്ങിയതൊക്കെ തനിക്ക് മുമ്പിലേക്ക് പതിയെ വെച്ചു നീട്ടും. അതുകണ്ട് തൻെറ മനസ്സ് വേദനിക്കുമ്പോൾ അവളുടെ വദനത്തിൽ സംതൃപ്തിയുടെ നറും പുഞ്ചിരി വിടരുമായിരുന്നു. തങ്ങളുടെ പ്രായത്തിൽ അധികം അന്തരമില്ലാത്തതു കൊണ്ടും താൻ സ്ലിം ആയതുകൊണ്ടും ഡ്രെസ്സുകൾ ഒരുവിധം അഡ്ജസ്റ്റ് ആകുമായിരുന്നു.
കുടുംബ സമാധാനത്തിന് വിട്ടുവീഴ്ച്ചകൾ വേണ്ടിവരുമെന്ന് ഫോൺ വിളിക്കുമ്പോൾ അമ്മ തുടരെ തുടരെ പറയാറുണ്ടായിരുന്നു.. അതുകൊണ്ട് പിന്നീടങ്ങോട്ട് അവളോട് പ്രതികരിക്കാനാവാതെ നിശബ്ദത പാലിച്ചു പോന്നു. പ്രതികരിക്കാന് ആളില്ലാതായപ്പോൾ അവൾ താനെ പത്തി മടക്കുകയായിരിക്കുന്നു.
പിന്നീടെപ്പോഴോ, താൻ അവളിലേക്ക് കൂടുതൽ അടുത്തപ്പോൾ മനസ്സിലായ്, അവളൊരു തനി തങ്കമാണെന്ന്.!
കൂട്ടുകാരിൽ നിന്നൊക്കെ പറഞ്ഞുകേട്ട തെറ്റിദ്ധാരണ ആയിരുന്നു അവൾക്ക് തന്നോടെന്ന്. അവളുടെ ഏട്ടനെ താൻ അവരിൽ നിന്ന് അകറ്റുമോയെന്ന പേടിയായിരുന്നു അവൾ ക്കെന്ന്. പൊട്ടിപ്പെണ്ണ്!
ശരിയാണ്.. വിവാഹം കഴിയുന്നതോടെയാണ് പല വീടുകളിലും പൊട്ടിത്തെറികൾ ഉണ്ടാകുന്നത്.
ആദ്യമൊക്കെ താനും ശരത്തേട്ടനോട് വാശി പിടിച്ചു കുറേ കരയുമായിരുന്നു.. ‘എന്നെ വീട്ടികൊണ്ടാക്ക്’ എന്നു പറഞ്ഞിട്ട്. അല്ലെങ്കിൽ വേറെ വീടെടുത്തു നമുക്ക് മാറാം എന്ന് പറഞ്ഞു, അത്രയ്ക്കുണ്ടായിരുന്നു പെണ്ണിൻെറ ദ്രോഹം. സഹിക്കുന്നതിനൊക്കെ ഒരതിരില്ലേ! ശരിക്കും ഇതു തന്നെയല്ലേ നാത്തൂൻ പോര്..?
ഇപ്പോഴറിയുന്നു തൻെറ വീടൊരു സ്വർഗ്ഗമാണെന്ന്. ക്ഷമയാണ് ഏറ്റവും നല്ല മറുമരുന്നെന്ന്. അതുണ്ടെങ്കിൽ ഏത് കൊലക്കൊമ്പനെയും കാൽച്ചുവട്ടിൽ വീഴ്ത്താം. അവൾ പുഞ്ചിരിയോടെ ഓർത്തു.
കാർ കവലയും കടന്ന് മുമ്പോട്ട് പോയിരുന്നു.
കാറിലിപ്പോൾ ജസ്റ്റിൻ ബീബറുടെ തകർപ്പൻ ഹിറ്റ് സോങ്ങാണ് മുഴങ്ങുന്നത്. തുഷാര ആ താളത്തിനൊത്ത് തലയാട്ടുന്നു. ശരത്ത് സ്റ്റീയറിങ്ങിൽ താളം പിടിച്ചുകൊണ്ടു വളരെ ശ്രദ്ധയോടെ കാർ ഓടിക്കുന്നുണ്ടായിരുന്നു.
ലേഖ പുലരി തുടിപ്പിൽ തെളിഞ്ഞു വരുന്ന ഗ്രാമക്കാഴ്കളിലേക്ക് കണ്ണും നട്ടിരുന്നു.
പച്ചപട്ടു പുതച്ച നെൽപ്പാടങ്ങളും, ഗ്രാമവീഥികളും കടന്ന് കാർ മുന്നോട്ട് നീങ്ങി. ഇവിടെ നിന്ന് രണ്ടര മണിക്കൂർ യാത്രയുണ്ട് നടവൂർ ക്ഷേത്രത്തിലേക്ക്. വഴിയരുകിലെ അമ്പലത്തിൽ നിന്ന് ഗാനഗന്ധർവ്വൻെറ അമൃത വർഷം അവളുടെ കാതുകളെ തഴുകിയെത്തി.
ഇപ്പോൾ ഏതുനേരവും ശൂർപ്പണഖ തൻെറ പിന്നാലെയാണ്..
കഴിഞ്ഞ മാസം താൻ വിശേഷം അറിയിച്ചു കഴിഞ്ഞപ്പോൾ തൊട്ട് നിഴലുപോലെ എപ്പോഴും കൂടെയുണ്ടവൾ. അന്ന് പെണ്ണിൻെറയൊരു സന്തോഷം കാണേണ്ടതായിരുന്നു.. തന്നെയും കെട്ടിപ്പിടിച്ചു കൊണ്ടവൾ എത്രനേരമാണ് നിന്നത്, നിറഞ്ഞ കണ്ണുകളോടെ.. തന്നോട് ചെയ്ത ദ്രോഹത്തിനെല്ലാം കുറ്റമേറ്റു പറഞ്ഞുകൊണ്ട് തന്നെ പതിന്മടങ്ങായി സ്നേഹിക്കുകയാണവൾ. ഒൻപതു മാസമൊന്നും കാത്തിരിക്കാന് പെണ്ണിന് വയ്യാപോലും.. ആന്റിയാകുന്ന സന്തോഷത്തിലാണ് അവൾ.
ഈ സന്തോഷ വാർത്തയ്ക്ക് നന്ദി സൂചകമായി തറവാട്ടിലെ കുടുംബ ക്ഷേത്രത്തിൽ പ്രേത്യക പൂജാ വഴിപാടുകൾ നടത്താൻ പോയിരിക്കുകയാണ് അച്ഛനും അമ്മയും. രണ്ടു ദിവസം കഴിഞ്ഞേ അവർ മടങ്ങുകയുള്ളൂ. ‘അതുവരെ ഈ ശൂർപ്പണഖയെ സഹിക്കണമല്ലോ.. ദൈവങ്ങളേ!’ ലേഖ ചിരിയോടെ ഓർത്തു.
ബീബറുടെ പാട്ട് തീർന്നപ്പോഴേക്കും ഏട്ടനും അനുജത്തിയും കൂടി അന്താക്ഷരിയിലേക്ക് ചുവട് മാറ്റം നടത്തി. രണ്ടുപേരും നന്നായിട്ട് പാടും.
‘ഏടത്തി പ്ലീസ്..’
കൂടെച്ചേരാൻ തുഷാര കെഞ്ചി.
അവളെന്തു പറഞ്ഞാലും ശരത്ത് അതിനൊത്ത് തുള്ളും.
“താനും കൂടെഡോ..”
അയാൾ അവളെ പാളി നോക്കിക്കൊണ്ട് പറഞ്ഞു.
“നിങ്ങൾ പാടിക്കോ ഞാനിത്തിരി നേരം ഉറങ്ങട്ടെ.. നല്ല ക്ഷീണം”
ലേഖ സീറ്റിലേക്ക് ചാരി മെല്ലെ കണ്ണുകളടച്ചു.
ഇന്നലെയാണ് ചന്ദ്രേട്ടൻ കല്യാണം വിളിച്ചു പറഞ്ഞത്. കല്യാണക്കുറി നേരത്തെ തനിക്ക് അയച്ചിരുന്നെന്ന്!
വിശ്വസിക്കാനായില്ല. കല്യാണമേ.. വേണ്ടന്നു പറഞ്ഞു കഴിഞ്ഞിട്ട്, പെട്ടെന്നിപ്പോ... അതറിയാനാരുന്നു ഏറെ ആകാംക്ഷ. അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു ‘നിനക്ക് കുറി കിട്ടിയില്ലേയെന്ന്..’. കല്യാണം വിളിക്കാൻ ചെന്നപ്പോൾ ചന്ദ്രേട്ടൻ വീട്ടിൽനിന്നും തൻെറ അഡ്രസ്സും വാങ്ങിയാണ് പോയതെന്ന്..
‘നീ വാ.. നമുക്ക് കല്യാണത്തിന് കാണാമെന്ന്’ പറഞ്ഞു അമ്മയും ഫോൺ വെച്ചു. കൂടുതലൊന്നും അമ്മയിൽ നിന്ന് അറിയാൻ കഴിഞ്ഞില്ല. നടവൂർ ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം. പത്തിനും പത്തരയ്ക്കുമുള്ള ശുഭ മുഹൂർത്തത്തിൽ.
കോളേജില് പഠിച്ചിരുന്നപ്പോൾ ചന്ദ്രേട്ടനായിരുന്നു തൻെറ സെക്യൂരിറ്റി. എന്നും രാവിലെയും, വെകുന്നേരവും ഓട്ടോയില് കോളേജില് കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും ചന്ദ്രേട്ടനാണ്. അക്കാളമ്മയുടെ ഒരേയൊരു മകൻ.
വീട്ടിൽ പുറം ജോലിക്ക് വന്നിരുന്നത് അക്കാളമ്മ ആയിരുന്നു. അല്പം തടിച്ചിട്ട് ഇരുണ്ട നിറമുള്ള അക്കാളമ്മയ്ക്ക് നെറ്റിയുടെ മദ്ധ്യത്തിലായി വലിയൊരു മുഴയുണ്ട്. കൈലിയും ബ്ലൗസ്സും അണിഞ്ഞു മാറിന് കുറുകെയൊരു വെള്ള തോർത്തുമിട്ടാൽ അക്കാളമ്മയായി.
അടുക്കളപ്പുറത്തെ വരാന്തയിലിരുന്ന് അവർ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നതും നോക്കി ചെറുപ്പത്തിൽ താൻ എത്രയോ തവണ ആ വാതിൽപ്പടിമേൽ ഇരുന്നിട്ടുണ്ട്. അവർക്ക് തന്നെ വലിയ ഇഷ്ടമായിരുന്നു. ആരും കാണാതെ അവരുടെ കയ്യിൽനിന്നും എത്രയോ ഉരുളകൾ വാങ്ങി കഴിച്ചിട്ടുണ്ട്. ആ ചോറിന് എന്തൊരു സ്വാദായിരുന്നെന്ന് അവളോർത്തു.
അവർക്ക് മൂന്ന് മക്കളായിരുന്നു. മൂത്തത് ചന്ദ്രേട്ടൻ. അതിന് താഴെ രണ്ടു പെൺമക്കൾ. അച്ഛൻ മരിച്ചതോടെ ചന്ദ്രേട്ടൻ പഠിത്തം നിർത്തി ജോലിക്കിറങ്ങി. പഠിക്കാൻ മിടുക്കികളായിരുന്നു ചന്ദ്രേട്ടൻെറ രണ്ട് പെങ്ങന്മാരും. അവർ പഠിച്ചു ജോലി കിട്ടിയപ്പോൾ അക്കാളമ്മയെ ജോലിക്കു വിടാതെയായി. മൂത്തവളായ രമചേച്ചിക്ക് സെക്രട്ടറിയേറ്റിലാണ് ജോലി. അന്തസ്സായി ചന്ദ്രേട്ടൻ രണ്ടു പെങ്ങന്മാരുടെ വിവാഹവും ഭംഗിയായി നടത്തി. അപ്പോഴേക്കും അദ്ദേഹത്തിന് മുപ്പത്തഞ്ചിന് മേലേക്ക് പ്രെമോഷൻ കിട്ടിയിരുന്നു.
തനിക്ക് അയാളോട് ആരാധനയായിരുന്നു..
ഒരിക്കൽ ഓട്ടോയിൽവെച്ച് ഊർന്നു വീണ തൻെറ കൈത്തണ്ടയിലെ സ്വർണ്ണ ‘ബ്രെസ്സ്-ലെറ്റു’മായി ഓടിപ്പാഞ്ഞു വന്ന ചന്ദ്രേട്ടനെ ആളറിയാതെ അതിഥിയായി വന്ന തൻെറ മിലിട്ടറിക്കാരനായ പ്രഭാകരൻ മാമ തല്ലാൻ പിടിച്ചു നിർത്തിയത്. അന്ന് അദ്ദേഹത്തെ താനും, അമ്മയും കൂടിയാണ് ഇടയ്ക്കു കയറി രക്ഷിച്ചത്. കുനിഞ്ഞ മുഖത്തോടെ ആത്മാവിനേറ്റ ക്ഷതവുമായി പോകുന്ന ചന്ദ്രേട്ടൻ മനസ്സിലൊരു വിങ്ങലായി.
പിന്നീട് പലപ്പോഴും വീട്ടിൽ ചന്ദ്രേട്ടന്റെ വീട്ടുകാര്യങ്ങൾ ചർച്ചാവിഷയം ആകാറുണ്ടായിരുന്നു. ചന്ദ്രേട്ടന്റെ ത്യാഗത്തെക്കുറിച്ചും ആ നല്ല മനസ്സിനെ കുറിച്ചും എല്ലാവരും പ്രശംസിച്ചു പറയുമായിരുന്നു. നാട്ടിലെ മാതൃകാ പുരുഷൻ എന്ന പേരും ചന്ദ്രേട്ടന് സ്വന്തമായി.
ഒരിക്കൽ പ്രവാസിയായ അച്ഛൻ ലീവിന് നാട്ടിൽ വന്നപ്പോഴാണ് ‘ചന്ദ്രോദയം’ എന്ന പുതിയ ഓട്ടോറിക്ഷ എടുത്തു കൊടുക്കാൻ സഹായിച്ചത്. അന്നുമുതൽ താൻ ആ ഓട്ടോയിലാണ് കോളേജിൽ പോകുന്നതും വരുന്നതും. ഒരിക്കൽപ്പോലും അയാളുടെ ഭാഗത്തു നിന്നും ഒരു അനാവശ്യ നോട്ടമോ സംസാരമോ ഉണ്ടായിട്ടില്ല. കോളേജിൽ സമരമെന്ന് കേൾക്കുമ്പോൾ എവിടെയാണെങ്കിലും ആൾ ഉടൻ പാഞ്ഞെത്തുമായിരുന്നു.
അന്നേരമൊക്കെ തോന്നിയിട്ടുണ്ട് തന്നെ കോളേജിൽ വിട്ടിട്ട് അയാൾ ഈ പരിസരത്തൊക്കെ തന്നെയാണ് ഓട്ടോ ഓടിച്ചിരുന്നതെന്ന്.
ഒരിക്കൽ വാകപ്പൂക്കൾ വീഥിയൊരുക്കിയ കോളേജ് സമരത്തിന് ഇടയിൽ ഒരു പെൺകുട്ടിയ്ക്ക് ആക്സിഡന്റ് പറ്റി. അവസരം മുതലെടുത്ത് ആരോ.. അവളുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചതാണത്രേ! പ്രണയം നിരസിച്ചതിൻെറ പേരിൽ!
അന്ന്, പെട്ടെന്നുള്ള തിക്കി തിരക്കിൽ ചന്ദ്രേട്ടനാണ് അവളെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന്’ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആ പെൺകുട്ടിയുടെ മുഖത്തിൻെറ ഇടതുഭാഗം മുഴുവനും പൊള്ളിപ്പോയിരുന്നു. എന്തോ ഭാഗ്യത്തിന് കണ്ണിൽ മാത്രം വീണില്ലെന്നും. ഇടയ്ക്കിടെ ചന്ദ്രേട്ടൻ അവളെ കാണാൻ ആശുപത്രിയിൽ പോകുമായിരുന്നു.. ആ സംഭവത്തോട് കൂടി അവൾ കോളേജിൽ നിന്ന് പഠിത്തം നിർത്തിപ്പോയിരുന്നു.
പിന്നീട് ചന്ദ്രേട്ടന് ആ കുട്ടിയെ പറ്റി അന്വേഷിച്ചിട്ട് യാതൊരു വിവരവും കിട്ടിയില്ലെന്ന്. വല്ലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്ന അക്കാളമ്മയിൽ നിന്നാണ് അമ്മയ്ക്ക് പുതിയ വിവരങ്ങളൊക്കെ കിട്ടി കൊണ്ടിരുന്നത്. ഇതൊക്കെ തന്നെയാവാം ചന്ദ്രേട്ടന് തന്നോടുള്ള കരുതലിന് പിന്നിൽ.
കാറിലെ അന്താക്ഷരിയൊക്കെ തീർന്നു പോയിരുന്നു. ശൂർപ്പണഖ സീറ്റിലേക്ക് ചാരിക്കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
കാർ ചെറിയൊരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു ക്ഷേത്രത്തിന് മുന്നിലെത്തി നിന്നു.
മതിൽകെട്ടിനരികിൽ കാറൊതുക്കിയിട്ടിട്ട് അവർ പുറത്തിറങ്ങി.
പുറത്ത് അധികം ആൾക്കാരൊയൊന്നും കാണുന്നില്ല. തുഷാരയെയും ഉണർത്തി അവർ ക്ഷേത്രത്തിന് അകത്തേക്ക് നടന്നു. കിഴക്കു വശത്തെ മണ്ഡപത്തിന് അരുകിൽ ചെറിയൊരു ആൾക്കൂട്ടം.
നടയിലെത്തി ഭഗവതിയെ വണങ്ങിയിട്ട് വേഗം അവർ മണ്ഡപത്തിന് അരുകിലേക്ക് നടന്നു. അകലെ നിന്ന് നാദസ്വര മേളം കാത്തിലെത്തി. താലികെട്ടിന് മുഹൂർത്തം ആയിരിക്കുന്നു. ദൂരെ നിന്നേ തങ്ങളെ കാത്തു നിൽക്കുന്ന അമ്മയെ കണ്ടു.
ചെറുക്കനും പെണ്ണും മണ്ഡപത്തിൽ ഇരിക്കുന്നു. അവർക്കടുത്തായി ആരൊക്കെയോ ബന്ധുക്കളും. ഏറ്റവും പുറകിലെത്ത കസേരകളാണ് അവർക്കായി ഇരിക്കാൻ കിട്ടിയത്. വിചാരിച്ച പോലെന്നുമല്ല, നല്ല തിരക്കുണ്ട്. ഒരു ഗ്രാമം മൊത്തമുണ്ട് അവരെ അനുഗ്രഹിക്കാൻ...!
നാദസ്വര മേളം മുറുകി.
ചന്ദ്രേട്ടൻ സദസ്സിനെ താണു വണങ്ങി, ദേവിയെയും സാക്ഷി നിർത്തി ആ പെൺകുട്ടിയുടെ കഴുത്തില് വരണമാല്യം ചാർത്തി. സുഖ ദുഃഖങ്ങളിൽ ജീവിതാന്ത്യം വരെ ഒരുമിച്ച് ജീവിക്കുമെന്ന പ്രതിജ്ഞയോടെ.. ദൃഢനിച്ഛയത്തോടെ...
ആരോ.. കയ്യിലേക്ക് വെച്ചുതന്ന ഇത്തിരി പൂവിട്ട് അവരും ചന്ദ്രേട്ടന് ആശീർവാദം ചൊരിഞ്ഞു.
ചടങ്ങുകളൊക്കെ ഓരോന്നായി കഴിയുകയാണ്.
ഇതുവരെ ചന്ദ്രേട്ടനെയും വധുവിനെയും ശരിക്കൊന്ന് കാണാൻ കൂടി കഴിഞ്ഞില്ല.
അമ്മക്കൊപ്പം സമ്മാനപ്പൊതിയുമായി ലേഖ അവർക്ക് അരുകിലെത്തി. ചിരിച്ചു കൊണ്ട് ചന്ദ്രേട്ടന് ആശംസകൾപറഞ്ഞു സമ്മാനപ്പൊതി കൈമാറുമ്പോൾ അവൾ അയാൾക്ക് അരുകിലിരുന്ന നവവധുവിൻെറ മുഖത്തേക്ക് ഒന്ന് നോക്കി.
ഷോക്കടിച്ചുപോല ഞെട്ടി പകച്ചുപോയവൾ!!
അത്രയ്ക്കും ബീഭത്സമായിരുന്നു ആ മുഖം.
നിന്നിടം ശ്യൂന്യമാകുന്നത് പോലെ ലേഖയ്ക്ക് തോന്നി. വീണു പോകാതിരിക്കാൻ അവൾ അമ്മയെ ഇറുകെ പിടിച്ചുകൊണ്ട് വേഗം ശരത്തിനരുകിലെ സീറ്റിലേക്ക് വന്നിരുന്നു.
വരേണ്ടിയില്ലായിരുന്നു.. ചന്ദ്രേട്ടനെന്താ ബുദ്ധിഭ്രമം ബാധിച്ചോ..?.
മുഖത്തിൻെറ ഇടതു വശത്ത് ചന്ദ്രക്കലകളുമായി അവൾ!
ചിത്രലേഖ വല്ലാതെ അസ്വസ്ഥയായി കഴിഞ്ഞിരുന്നു.
“എന്താ മോളെ എന്തെങ്കിലും വയ്യായ്ക...”
"ഒന്നുമില്ലമ്മേ..”
ആൽമര തണലിൽ ഇരിക്കുകയാണവർ.
ഏട്ടനും അനുജത്തിയും കൂടി ക്ഷേത്രത്തിന് അകത്തേക്ക് തൊഴാൻ പോയിരിക്കുന്നു.
തിരക്കുകളിൽ നിന്ന് ഒഴിവായി വധൂവരന്മാർ അവർക്ക് അടുത്തെത്തി. നിറഞ്ഞ സന്തോഷത്തോടെ ചന്ദ്രേട്ടൻ വധുവിനെ ലേഖയ്ക്ക് പരിചയപ്പെടുത്തി.
“ഇത് വീണ. മോളുടെ സീനിയറായി കോളജിൽ പഠിച്ച കുട്ടിയാണ്”.
ആ മുഖത്തേക്ക് വീണ്ടും ഒന്നുകൂടി നോക്കാൻ കെൽപ്പില്ലാതെ ലേഖ മുഖം താഴ്ത്തി നിന്നു. അറപ്പ് തോന്നും ആ മുഖത്തേക്ക് നോക്കാൻ..!
‘ഈശ്വരാ, എന്തൊരു വിധിയാണിത്!
ഒരാൾ ചെയ്ത തെറ്റിനെ മറ്റൊരാൾ സ്വന്തം ജീവിതം കൊണ്ട് ധന്യമാക്കുന്നു. ഒരു പ്രായശ്ചിത്തം പോലെ.
“ദൈവം നിങ്ങളെ അനുഗ്രഹിക്കും മോനേ... നീ ചെയ്തതാണ് ശെരി”
അമ്മയും നിറഞ്ഞ മനസ്സോടെ അവരെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.
സന്തോഷം കൊണ്ട് ലേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ വെമ്പൽ കൊണ്ടു. അവർക്കായി ഒരായിരം പ്രാർത്ഥനകൾ അവൾ ഉരുക്കഴിച്ചു. ഒരു നിമിഷത്തെ തൻെറ അവിവേകത്തെ ഓർത്തു മനസ്സിൽ പഴിച്ചു.
അവൾ അവർക്കു മുന്നില് നിറ പുഞ്ചിരിയോടെ നിന്നു. ഒരക്ഷരം ശബ്ദിക്കാനാവാതെ..
‘മോളെ, എല്ലാവരും ഊണുകഴിച്ചിട്ടേ പോകാവൂ.. ഞങ്ങളൊന്ന് തൊഴുത്തിട്ട് വരട്ടെ...!’
പരസ്പരം കൈകോർത്തു പിടിച്ചുകൊണ്ട് ഇണക്കുരുവികളെ പോലെ അവർ ക്ഷേത്രത്തിന് അകത്തേക്ക് കയറിപ്പോയി.
ആശീർവാദം ചൊരിഞ്ഞു കൊണ്ട് അരയാലിലകൾ അവരെ നോക്കി കുണുങ്ങി ചിരിച്ചു.
മൗനരാഗങ്ങൾ മൂളിയെത്തിയ കുസൃതിക്കാറ്റ് അരയാലിലകളെ തഴുകി മെല്ലെ കടന്നുപോയി...
~~~~~~~~~~~
ബിന്ദു പുഷ്പൻ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot