നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ

Image may contain: 1 person, smiling, closeup and outdoor

-----------
"ദേവൂട്ടീ...ഒന്നെണീക്കണുണ്ടോ നീയ് ...സമയം ഏഴ് കഴിഞ്ഞു .”
പതിവ് ഒട്ടും തെറ്റിക്കാതെയുള്ള അമ്മയുടെ സ്ഥിരം പല്ലവി കേട്ടിട്ടും കേൾക്കാത്തത് പോലെ ഞാൻ കിടന്നു .
"ദേവൂട്ടീ ..എണീറ്റ് പോയി പാൽ വാങ്ങിച്ചോണ്ട് വന്നേ ..അച്ഛന് ഉറക്കമുണരുമ്പോ തന്നെ ചായ വേണംന്ന് നിനക്കറിയില്ലേ ..? "
അമ്മയുടെ രണ്ടാമത്തെ വിളിയും വന്നിരിക്കുന്നു.ഇത്തവണ കടുപ്പം ലേശം കൂടിയിട്ടുണ്ട്.
മനസ്സില്ലാമനസ്സോടെ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. അവിടിരുന്നു പിന്നേം ഉറക്കം തൂങ്ങാൻ തുടങ്ങി...അങ്ങനിരുന്നുറങ്ങുമ്പോ ഒരു പ്രത്യേക സുഖമാണേയ്‌..
പക്ഷെ ആ സുഖത്തിന് അധികം ആയുസുണ്ടായിരുന്നില്ല .ചോറ്റുപാത്രവുംകൊണ്ട് അമ്മ മൂന്നാമതും ഇങ്ങോട്ട് വരുന്നുണ്ടെന്നു പാതി ഉറക്കത്തിലും എൻറെ കാതുകൾക്ക് നന്നായിട്ട് മനസ്സിലായി.പെട്ടെന്നു തന്നെ ഞാൻ ചാടിയെഴുന്നേറ്റു .
അമ്മിണി ചേട്ടത്തീടെ വീട്ടിൽ നിന്നാണ് ഞങ്ങൾ പാല് മേടിക്കുന്നത് .അഞ്ച് കറവ പശുക്കളുണ്ട് ചേട്ടത്തീടെ വീട്ടിൽ. ക്ടാവുകൾ വേറെയും. ഈ എഴുപതാം വയസ്സിലും എല്ലാത്തിനേം നോക്കുന്നത് ചേട്ടത്തി തന്നെയാ.പ്രായം നന്നേ ഉണ്ടെങ്കിലും നാട്ടുകാർക്കെല്ലാം അവരിപ്പോഴും ചേട്ടത്തിയാ ..ചേട്ടത്തീടെ ഭർത്താവ് അവരുടെ കല്യാണം കഴിഞ്ഞു ഏഴെട്ട്‌ വർഷം കഴിഞ്ഞപ്പോ എന്തോ അസുഖം വന്ന് മരിച്ചുപോയി.ഉള്ള രണ്ട് പെൺകുട്ട്യോളെ പഠിപ്പിച്ചതും കെട്ടിച്ചയച്ചതുമെല്ലാം ചേട്ടത്തി നല്ലോണം കഷ്ടപെട്ടിട്ടാണ് .
"മോളെ ..ഇന്നും കൂടെ ഇരുനാഴി പാലേ ഉള്ളൂ കേട്ടോ..നാളെ മുതൽ മുന്നാഴി തരാം.."പാൽ പാത്രം എൻറെ കൈയിൽ തന്നുകൊണ്ട് ചേട്ടത്തി പറഞ്ഞു .
"ഞങ്ങൾ ഇരുന്നാഴി പാലല്ലേ ചേട്ടത്തീ മേടിക്കണേ..മുന്നാഴി അല്ലല്ലോ..?"ഞാൻ സംശയത്തോടെ ചോദിച്ചു .
"സാവിത്രി എന്നോട് പറഞ്ഞിരുന്നു ഇന്ന് തൊട്ട് മുന്നാഴി വേണംന്ന് .."
"ആവോ.. ഞാൻ അറിഞ്ഞില്ല .."
"മ്മടെ രമേശൻറെ വീട്ടില് ഇന്ന് പാലുകാച്ചൽ ആരുന്നേയ് ..അപ്പൊ അവിടത്തേക്ക് കുറച്ച് കൂടുതൽ കൊടുത്തു ..അതോണ്ടാ ഇന്ന് ഇല്ലാരുന്നേന്ന് മോൾ അമ്മയോട് പറയണം.."ചേട്ടത്തി പറഞ്ഞു .
ഞാൻ തലകുലുക്കി .എന്നാലും എന്തിനായിരിക്കും ഇന്നു തൊട്ട് മുന്നാഴി പാല് വേണംന്ന് പറഞ്ഞേ ..ആവോ..എന്തിനേലുമാട്ടേ...ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു.
"അമ്മേ ..ഇന്ന് തൊട്ട് മുന്നാഴി പാല് വേണംന്ന് അമ്മ പറഞ്ഞിരുന്നോ ?"വീട്ടിലെത്തിയ പാടെ ഞാൻ അമ്മയോട് ചോദിച്ചു .
"ഉവ്വ്..പറഞ്ഞിരുന്നു..എന്ത്യേ?
"അതെന്തിനാ അമ്മെ.. ഇവിടിപ്പോ നമ്മൾ നാല് പേരല്ലേ ഉള്ളു.."ഞാൻ ചോദിച്ചു .
"നീ ശ്രദ്ധിച്ചില്ലേ ,കണ്ണന് ഈയിടെയായി നല്ല ക്ഷീണമുണ്ട്.ഒന്ന് രണ്ട് വിഷയത്തിന് തോറ്റെന്നും പറഞ്ഞു എല്ലാരൂടെ എൻറെ കുട്ടീടെ മെക്കിട്ട് കേറുവാ..അതോണ്ടാവും അവനങ്ങ് വാടിപ്പോയി..അവന് കൊടുക്കാൻ വേണ്ടിയാ പാല് വേണംന്ന് പറഞ്ഞേ .."' അമ്മ ഒരു നേരിയ സങ്കടത്തോടെ പറഞ്ഞു .
"ഏട്ടന് വേണ്ടത് പാലലല്ലോ കള്ളല്ലേ ..?"
"തർക്കുത്തരം പറയാണ്ട് കേറിപോടീ .ഒരു വെട്ടം അങ്ങനെ പറ്റിയെന്നുവെച്ചു ,അന്ന് കൂട്ടുകാര് എല്ലാരൂടെ നിർബന്ധിപ്പിച്ചപ്പോ അറിയാണ്ട് പറ്റിപ്പോയതാ ..ഇനി കുടിക്കില്ലാന്നു അവനെൻറെ തലേൽ തൊട്ട് സത്യം ചെയ്തിട്ടുണ്ട് .." അമ്മ ന്യായം നിർത്തി.
"ഉവ്വ് ..ഉവ്വെയ് ..എന്തായാലും ഇന്ന് മുന്നാഴി കിട്ടിയില്ല ..ഏതോ പാല് കാച്ചൽ ചടങ്ങിന് കൊടുത്തൂന്ന് .."
ഇത്രയും പറഞ്ഞോണ്ട് ഞാൻ പല്ലുതേക്കാൻ പോയി ..പോയിട്ട് വന്നപ്പോഴേക്കും അമ്മ ചായ ഉണ്ടാക്കിയിരുന്നു .ഇനിയിപ്പോ ചായ കുടിച്ചിട്ടാവാം .ചൂടോടെ കുടിച്ചില്ലേൽ പിന്നെ അതിനൊരു രസം കാണില്ല .
"ദേവൂട്ടീ ..ഈ ചായ അവൻറെ മുറിയിലേക്കൊന്നു കൊണ്ടോയി വെച്ചേ .ചൂട് ചായ കിട്ടിയില്ലേൽ പിന്നത് മതി."
"ഞാൻ ചായ കുടിക്കണത് കണ്ടില്ലേ അമ്മേ.."
"ഒന്ന് കൊണ്ട് വെച്ചിട്ട് വന്നിരുന്ന് കുടിക്കെടീ .." അമ്മയുടെ സ്വരം അപേക്ഷ മോഡിലേക്ക് മാറി.
"ഏട്ടാ ..ദേ ചായ..എണീക്ക് .."
"അവിടെ വെച്ചേക്കെടീ.. " ഉറക്കച്ചടവിലാണ് കക്ഷി.
"തണുത്ത് പോവ്വേ .." ഞാൻ പറഞ്ഞു .
"അത് കൊഴപ്പില്ല...നീ അവിടെ വെച്ചേക്ക് ..ഞാൻ കുടിച്ചോളാം .."
ഉറക്കം ശല്യപെടുത്തിയതിൻറെ ദേഷ്യത്തിലാണ് കക്ഷി. അല്ല, ആ വികാരം എനിക്ക് നല്ലോണം മനസ്സിലാവും..
"അമ്മേ ..ഏട്ടൻ എത്ര വിളിച്ചിട്ടും എണീക്കണില്ല കേട്ടോ.."
"ആഹ്..കൊഴപ്പില്ല ..അവൻ കിടന്നോട്ടെ..നാടകം കഴിഞ്ഞ് പുലർച്ചെ രണ്ട് മണി കഴിഞ്ഞാ വന്ന് കിടന്നേ"' അമ്മ പറഞ്ഞു .
അമ്പലത്തില് ഉത്സവം നടക്കയാണേ ..അതോണ്ട് ഇന്നലെ കെ പി എ സി യുടെ "ൻറുപ്പുപ്പാക്കൊരാനയുണ്ടാർന്ന്" നാടകം ഉണ്ടായിരുന്നു .ബഷീർ സാഹിബിൻറെ കഥയുടെ ആവിഷ്‌കാരമാണ്.എട്ടിൽ പഠിക്കുമ്പോൾ മലയാളം സെക്കൻറിൽ അതിൻറെ ഒരു ചെറിയ ഭാഗം പഠിക്കാൻ ഉണ്ടായിരുന്നു.
അത്രേം വായിച്ചപ്പോ തന്നെ ഇഷ്ടായി..ആ ഇഷ്ടത്തിൻറെ പുറത്ത് വായനശാലയിൽ പോയി തപ്പി പിടിച്ച് മൊത്തം വായിക്കുകയും ചെയ്തു. അതിൻറെ ആവിഷ്‌കാരമായ നാടകം ഉത്സവത്തിനുണ്ടെന്നു അറിഞ്ഞപ്പൊഴേ മനസ്സിലുറപ്പിച്ചതാ..എങ്ങനെയെങ്കിലും കാണണംന്ന്..എന്ത് ചെയ്യാനാ .. നെനച്ചിരിക്കാണ്ട് അശുദ്ധി ആയിപ്പോയില്ലേ .നാടകംന്ന് മാത്രല്ല...ഉത്സവം മൊത്തത്തിൽ അങ്ങട് പോയിക്കിട്ടി.
കുളിച്ചൊരുങ്ങി വന്നപ്പോഴേക്കും സമയം എട്ട് ആകാറായി .എട്ടരയ്ക്കാണ് ബസ്.ഒമ്പത് മണി കഴിഞ്ഞ് ഒരു മിനിട്ടിനു ശേഷം വരുന്നവരെപോലും ക്ലാസിൽ കയറ്റണ്ട എന്നാണ് പുതിയ പ്രിൻസിപ്പാളിൻറെ തീരുമാനം .
കഴിച്ചില്ലല്ലോ..
എന്താണാവോ ഉണ്ടാക്കിയേക്കുന്നേ..
ആഹാ..പുട്ടും കടലയും..
തുടങ്ങിയേക്കാം..
"അമ്മേ ..ഈ ചായക്ക് ചൂടില്ലല്ലോ.." ഏട്ടൻറെ മുറിയിൽ നിന്നാണ് ശബ്ദം.
"ഉണ്ടാക്കിയപ്പോ തന്നെ നിന്നെ വിളിച്ചതല്ലേടാ..നീ എണീക്കാഞ്ഞിട്ടല്ലേ ..ഇനിയിപ്പോ അത് കുടിക്ക്.." മുറ്റം വൃത്തിയാക്കികൊണ്ട് 'അമ്മ മറുപടി പറഞ്ഞു .
"ഇതൊന്നു ചൂടാക്കി താ അമ്മേ .." ഏട്ടൻ വിടുന്ന ലക്ഷണം ഇല്ല .
"ശോ ..ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ ..ദേവൂട്ടീ..ഒന്ന് ചൂടാക്കി കൊടുക്കെടീ .."
ഞാൻ പ്രതീക്ഷിച്ച പോലെ ആ ജോലി എന്നിലേക്ക്‌ തന്നെ വന്നു.
"എനിക്ക് എട്ടരക്ക് ബസ് ഉള്ളതാ അമ്മേ ..കഴിച്ചതുമില്ല " ഞാൻ പരാതി പറഞ്ഞു.
"രണ്ട് മിനിട്ടത്തെ കാര്യല്ലേ ഉള്ളൂ ..ഒന്ന് ചൂടാക്കി കൊടുക്കെടീ .." അമ്മയുടെ അപേക്ഷ മോഡ് പിന്നെയും ഓണായി .
"ഒന്ന് ആസ്വദിച്ച്‌ കഴിക്കാൻ പോവാരുന്നു ..അപ്പോഴാ ഈ ഏട്ടൻ .."
ചായ ചൂടാക്കി ടേബിളിൽ വെച്ച് അരിശത്തോടെ ഒരു നോട്ടവും നോക്കി ഞാൻ ഡൈനിംഗ് ടേബിളിൻറെ അടുത്തേക്ക് നീങ്ങി.
"ദേവൂട്ടീ…അരിപൊടി തീർന്നു പോയാരുന്നു ..അതോണ്ട് കൊറച്ചേ ഉണ്ടാക്കിയുള്ളൂ .ഏട്ടനും അച്ഛനും കഴിച്ചിട്ടില്ല..നീ പകുതി കക്ഷണം എടുത്താൽ മതീട്ടോ.." അമ്മയുടെ മുന്നറിയിപ്പ് .
എന്തോ..വിശപ്പുണ്ടായിട്ട് പോലും കഴിക്കാൻ തോന്നിയില്ല...ഞാൻ കോളേജിലേക്ക് തിരിച്ചു..
അനന്തനാരായണൻ പി .കെ
Nb:ആദ്യത്തെ ശ്രമമാണ്...തെറ്റ് കുറ്റങ്ങൾ സദയം ക്ഷമിക്കുക.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot