Slider

നേഴ്‌സ്

0
Image may contain: 1 person, closeup

പതിവുപോലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഞാൻ കണ്ടത് വേണുവേട്ടനോട് സംസാരിച്ചുകൊണ്ട് മിറ്റത്ത്‌ നിൽക്കുന്ന വർമ്മസാറിനെയാണ്.
എന്റെ മുഖം വിളറി ..ഒരു ചെറുപുഞ്ചിരി മുഖത്തു വരുത്തുവാൻ ഞാൻ പാടുപെട്ടു.
"മോളെ ഒരു ഹാപ്പി ന്യൂസ് ഉണ്ട്" വർമ്മ സാർ ചിരിച്ചുകൊണ്ട് മുന്നോട്ടു വന്നു..കോലായിൽ നിൽക്കുന്ന വേണുവേട്ടന്റെ അച്ഛനും അമ്മയും സന്തോഷത്തിലാണ് എന്ന് അവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.
വർമ്മ സാർ പറയുവാൻ പോകുന്ന ഹാപ്പി ന്യൂസ് എന്താണെന്ന് എനിക്കറിയാം.
"വിസ അപ്പ്രൂവ് ആയി അല്ലെ?" മുഖത്ത് പരമാവധി സന്തോഷം വരുത്തുവാൻ ശ്രമിച്ചുകൊണ്ടാണ് ഞാൻ ചോദിച്ചത് .എന്നാൽ അത് ഒരു പുലമ്പലായിട്ടാണ് എന്റെ മുഖത്തു നിന്നും പുറത്തേക്ക് വന്നത്.
""അതെ അതുതന്നെ." വർമ്മ സാർ പറഞ്ഞു.
"ഒരാഴ്ചക്കുള്ളിൽ പോകണം "വേണുവേട്ടന് ഭൂലോകം കീഴടക്കിയ ഭാവം.
വീടിനകത്തേക്ക് കയറിയ ഞാൻ കോലായിൽ കളിച്ചുകൊണ്ടിരുന്ന ചിന്നുവിനെ വാരിയെടുത്തു.
"മോനു എവിടെ?" ഞാൻ ചുറ്റിനും നോക്കി.
ദൂരെ മാറിനിന്ന് എന്നെ നോക്കുന്ന മോനുവിന്റെ മുഖത്ത് ഒരപരിചിത ഭാവം എനിക്ക് തോന്നി.
വർമ്മ തിരിച്ചു പോയപ്പോൾ വേണുവേട്ടൻ ചോദിച്ചു, "എന്താണ് നിനക്കൊരു സന്തോഷമില്ലാത്തത്?"
മുഖത്തു പരമാവധി സന്തോഷം വരുത്തുവാൻ ഞാൻ ശ്രമിച്ചു.
"ആ വർമ്മ എത്ര കഷ്ടപെട്ടിട്ടാണ് വിസ ശരിയാക്കിയത് എന്നറിയാമോ?"ആ നല്ല മനുഷ്യനെ അപമാനിച്ചത് മോശമായി "
വേണുവേട്ടൻ പറഞ്ഞു.
വേണുവേട്ടന്റെ മാറ്റം കണ്ട് എനിക്ക് അത്ഭുതമായി. വിസക്ക് ശ്രമിക്കുന്ന സമയത്ത് വർമ്മ സാറിനോട് വേണുവേട്ടൻ പലപ്രാവശ്യം മോശമായി പെരുമാറിയത് എന്റെ ഓർമയിലുണ്ട്.
എന്തോ കണ്ട് ഭയപെട്ടപോലെചിന്നു എന്നെ മുറുകെ പിടിച്ചിരിക്കുകയാണ്.
മോനുവിനെ ഞാൻ വിളിച്ചപ്പോൾ അവൻ ഓടി മാറിക്കളഞ്ഞു. ഞാൻ അവന്റെ പിറകെ ചെന്നു.
"'അമ്മ ഞങ്ങളെയിട്ടിട്ട് ദൂരെ ജോലിക്ക് പോവുകയാണല്ലേ?" മുറിയിൽ നിന്ന മോനുവിന്റെ ശബ്ദം കേട്ട് എനിക്ക് കരച്ചിലടക്കുവാൻ സാധിച്ചില്ല.മുറിയിലേക്കോടി ചെന്ന ഞാൻ അവനെ വാരിപ്പുണർന്നു. ഇരുകവിളിലും മാറി മാറി ഉമ്മവെച്ചു.
"ഇല്ല മോനെ. നിങ്ങളെ തനിച്ചാക്കി ഞാൻ എവിടെയും പോകുന്നില്ല"
"നീ എന്താണ് പറയുന്നത്? പോകുന്നില്ലന്നോ? എത്ര പണം മുടക്കിയിട്ടാണ് വിസ ശരിയായത്?"വേണുവേട്ടൻ പിറകിൽ തന്നെയുണ്ട്.
"ഒരു ഫോറിൻ നഴ്സിനെ കല്യാണം കഴിച്ചാൽ മതിയെന്ന് നിന്നോടെത്ര പ്രാവശ്യം പറഞ്ഞതാണ്.ഓരോ വിധി " വേണുവേട്ടന്റെ അമ്മ ആവലാതിപ്പെട്ടു.
വേണുവേട്ടൻ എന്റെ മുഖത്ത് സ്നേഹപൂർവ്വം തലോടി "മോളെ ..നമുക്കും വേണ്ടേ നല്ലയൊരു ജീവിതം?
നമ്മുടെ കുട്ടികളുടെ ഭാവിയെങ്കിലും നീ ഓർക്കണം,"
ഞാൻ ഒന്നും പറഞ്ഞില്ല. തിരക്കിട്ട ഒരാഴ്ച കടന്നുപോയി.ടിക്കറ്റ് റെഡിയാക്കിയതും, ബാഗുകൾ പായ്ക്ക് ചെയ്തതും എല്ലാം വേണുവേട്ടനാണ്.
രണ്ടും നാലും വയസ്സുവീതമുള്ള ചിന്നുവിനും മോനുവിനുമൊപ്പം പരമാവധി സമയം ഞാൻ ചിലവഴിച്ചു.
യാത്രക്കുള്ള ദിവസമെത്തി. വീടുനിറച്ചും ബന്ധുക്കളെകൊണ്ട് നിറഞ്ഞു. മറ്റു കുട്ടികളോടൊപ്പം സന്തോഷത്തോടെ കളിക്കുന്ന എന്റെ കുട്ടികൾ ഞാൻ പിരിയുന്ന സമയം വാവിട്ടു കരയുന്നതോർത്തപ്പോൾ എന്റെ നെഞ്ചിനകത്തു ഒരു ഭാരം അനുഭവപ്പെട്ടു.
വേണുവേട്ടന്റെ ഉച്ചത്തിലുള്ള ചിരി എങ്ങും മുഴങ്ങി. അച്ഛനും അമ്മയും ഓടി നടന്ന് എല്ലാവരോടും കുശലം പറയുകയാണ്.
വേണുവേട്ടന്റെ അമ്മായി എന്റെ അടുത്ത് വന്നു .കൂടെ അവരുടെ മകളും ഉണ്ട് .ആരാധനാ ഭാവത്തിലുള്ള അവരുടെ നോട്ടം കണ്ട് എനിക്ക് ചിരി വന്നു.
"ഇവളെ നീ രക്ഷപെടുത്തണം'" മകളെ ചൂണ്ടി അമ്മായി എന്നോട് പറഞ്ഞു.
ഞാൻ രക്ഷപെട്ടിട്ടില്ല.പിന്നെങ്ങനെയാണ് മറ്റൊരാളെ രക്ഷപ്പെടുത്തുന്നത് എന്ന്
മനസിലോർത്തെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല.
കൃത്യസമയത്തുതന്നെ എയര്പോര്ട്ടിലേക്കുള്ള വണ്ടിയെത്തി.
"പത്തു മണിക്കാണ് വിമാനം..ഏഴു മണിക്കെങ്കിലും അവിടെയെത്തണം" വേണുവേട്ടൻ തിരക്ക് കൂട്ടി.
എന്റെ കുഞ്ഞുങ്ങളെ ഞാൻ വാരിയെടുത്തു. മതിവരുവോളം ഉമ്മ വെച്ചു. അവർ ഉറക്കെ 'അമ്മ പോവണ്ട' എന്ന് പറയുമെന്നു പ്രതീക്ഷിച്ച എനിക്ക് തെറ്റി.
സന്തോഷപൂർവ്വം ടാറ്റ തന്ന് എന്നെ യാത്രയാക്കിയ അവർ മറ്റുള്ളവരുടെ തോളിൽ സുരക്ഷിതത്വം കണ്ടെത്തിയതുപോലെയാണ് എനിക്ക് തോന്നിയത്.
ഞാൻ ഉറക്കെ കരഞ്ഞു. എന്റെ അമ്മയുടെ കണ്ണുകൾ അതുകണ്ട നിറഞ്ഞൊഴുകി.. മറ്റുള്ളവരെല്ലാം അമിതമായ സന്തോഷത്തിൽ ഉറക്കെ ചിരിച്ചു.
എയർ പോർട്ടിൽ എത്തിയപ്പോൾ സമയം ഏഴര!!
"നമ്മൾ താമസിച്ചു" വേണുവേട്ടന്റെ മുഖത്ത് ആധി പടർന്നു.
"അകത്തേക്ക് കയറിക്കോളൂ. സമയം കളയേണ്ട " വേണുവേട്ടന്റെ അച്ഛൻ തിരക്ക് കൂട്ടി.
ഞാൻ ചുറ്റിനും നോക്കി. ജന്മ നാടിന് വല്ലാത്തൊരു സൗന്ദര്യം ഉള്ളതുപോലേ എനിക്ക് തോന്നി.
ഞാൻ പതുക്കെ നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന വേണുവേട്ടൻ അകത്തേക്ക് കയറുവാൻ എന്നോട് ആംഗ്യം കാണിച്ചു.
വേണുവേട്ടൻ എന്നെ കെട്ടിപിടിച്ചു കരയുമെന്നാണ് ഞാൻ കരുതിയത് . പക്ഷെ എല്ലാം വെറുതെയായി .
എന്റെ യാത്ര തുടരുകയായി.. മരണത്തിൽ നിന്നും എന്താണ് ഈ യാത്രക്ക് വ്യത്യാസം?.യാത്രകൾ താത്കാലികമായ മരണമാണ് എന്ന് എവിടെയോ വായിച്ചത് എന്റെ ഓർമ്മയിൽ ഓടിയെത്തി.
അനിൽ കോനാട്ട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo