നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുസാഫറിലെ ചിത്രശലഭങ്ങൾ

Image may contain: 3 people

“നിനക്ക് ചിത്രശലഭങ്ങളെ ഇഷ്ടമാണോ ജാൻവീ? "
“എനിക്ക് അറിഞ്ഞു കൂടാ ബസന്തി, ഞാൻ ചിത്രശലഭങ്ങളെ കണ്ടിട്ടില്ല.” കാലിൽ പൊള്ളി വീർത്തിരിക്കുന്ന കുമിളയിൽ പതുക്കെ ഒന്നു തൊട്ടു ജാൻവി.
“നീ എപ്പോഴാണ് ചിത്രശലഭങ്ങളെ കണ്ടത് ബസന്തി?”
“ഒരിക്കൽ….ഒരിക്കൽ മാത്രം നിനക്കോർമയുണ്ടോ ജാൻവി, ഞാൻ റാണി ദീദിയുടെ ഒപ്പം ചന്തയിൽ പോയത്?അന്ന് ആ വലിയ കുട്ടയും ചുമന്ന് അവർക്കൊപ്പം എത്താൻ എത്ര പാടുപെട്ടെന്നോ? വഴി നീളെ അവരെന്നെ ശകാരിച്ചുകൊണ്ടിരുന്നു. എന്റെ കുഞ്ഞിക്കാലുകൾ വലിച്ചു നീട്ടി ഞാൻ അവർക്കൊപ്പമെത്താൻ എത്ര വിഷമിച്ചെന്നോ? റാണി ദീദിയും നടന്നു മടുത്തിരുന്നു. അവർ വെള്ളം കുടിക്കാൻ ഒരു കടയിൽ കയറി.റാണി ദീദി ആ കടക്കാരനെ കുന്ദൻ ഭായി എന്നാണ് വിളിച്ചത്. ഞാനയാളെ ഒരിക്കൽ ഇവിടെ നമ്മുടെ അഭയകേന്ദ്രത്തിൽ കണ്ടിരുന്നു ജാൻവി." അതു പറയുമ്പോൾ ബസന്തിയുടെ സ്വരം വല്ലാതെ നേർത്തിരുന്നു. അതിലെ പതറിച്ച ജാൻവിയെ വല്ലാതെ ആശങ്കപ്പെടുത്തി.
'’നീയിപ്പോഴും ചിത്രശലഭത്തെ കുറിച്ച് പറഞ്ഞില്ലല്ലോ ബസന്തീ? ചിത്രശലഭത്തിന് എത്ര നിറങ്ങളുണ്ട്?” നിലത്തു നിന്നും പൊള്ളിയ കാൽ കട്ടിലിൽ എടുത്തു വെച്ച് ജാൻവി പതുക്കെ പുഞ്ചിരിക്കാൻ ശ്രമിച്ചു.
ബസന്തി തന്റെ മെല്ലിച്ച കയ്യിലെ നീലയും ചുവപ്പും കുപ്പിവളകൾ ഉയർത്തിക്കാണിച്ചു.
“രണ്ടേ രണ്ടു നിറം നീലയും ചുവപ്പും.
കുന്ദൻ ഭായുടെ സർബത്ത് കടയുടെ ഓരത്ത് നട്ട ജമന്തിപ്പൂക്കളിൽ വന്നിരുന്ന ചിത്രശലഭങ്ങൾക്ക് ചുവപ്പും നീലയും ആയിരുന്നു നിറം. എന്തു ഭംഗിയാണെന്നോ കാണാൻ.”
“നമുക്കും ചിത്രശലഭങ്ങളായാൽ മതിയായിരുന്നു അല്ലേ ബസന്തി?”ജാൻവിക്ക് കാലുമാ ത്രമല്ല ദേഹം മൊത്തം ചുട്ടുപൊള്ളുന്നതായി തോന്നി.
“നിനക്കറിയോ ജാൻവീ അന്നാണ് റാണി ദീദി എന്നെ കുന്ദൻ ഭായിക്ക് കാണിച്ചു കൊടുത്തത്.അന്ന് രാത്രി മുറുക്കിച്ചു വന്ന ചുണ്ടുമായ് അയാളെന്റെ മുറിയിലേക്ക് കയറി വന്നു. നിർബന്ധിച്ച് അയാളെന്റെ വായിൽ എന്തോ പഴച്ചാറ് ഒഴിച്ചു തന്നു. പിന്നെ എനിക്കൊന്നും ഓർമയില്ല ജാൻവി.രാവിലെ എഴുന്നേൽക്കുമ്പോ ദേഹത്തിൽ എമ്പാടും ചോരയായിരുന്നു. റാണി ദീദിയാണ് താങ്ങിപ്പിടിച്ച് എന്നെ കുളിപ്പിച്ചത്. ഞാനവരുടെ മുഖത്ത് നോക്കിയില്ല. ബക്കറ്റിലെ വെള്ളം എന്റെ മേത്തൊ ഴിക്കുമ്പോൾ ആ സ്ത്രീ ഉറക്കെയുറക്കെ കരഞ്ഞു. എന്നെ കെട്ടിപ്പിടിച്ച് ക്ഷമിക്കണംന്ന് പറഞ്ഞു.എന്റെ അമ്മയെപ്പോലായിരുന്നു അവര് …. അല്ല അമ്മ തന്നെയായിരുന്നു. എന്നാലും എന്റെ അമ്മയെക്കാളും നല്ലത് റാണി ദീദിയാ അല്ലേ ജാൻവി.നമ്മുടെ അമ്മമാര് നമ്മളെ വഴിയരികിൽ ഉപേക്ഷിച്ചതു കൊണ്ടല്ലേ റാണി ദീദിക്ക് നമ്മളെ കിട്ടിയത്?” ബസന്തി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
“നമുക്ക് ചിത്രശലഭങ്ങളായാ മതിയായിരുന്നു അല്ലേ ബസന്തീ?" ജാൻവി ചോദ്യം ആവർത്തിച്ചു.താൻ പറഞ്ഞതൊന്നും ജാൻവി കേട്ടില്ലെന്ന് ബസന്തിക്ക് തോന്നി.
'’നമുക്ക് ഇനി ജനിക്കുകയേ വേണ്ട ജാൻവി. ചിത്രശലഭങ്ങളെയും ആരെങ്കിലും ഞെരിച്ചു കളയും. നീയെന്താണ് ചിന്തിക്കുന്നത് ജാൻ വീ?"
“അവര് നമുക്ക് ചോറിൽ കലർത്തിത്തരുന്നു എന്നു നീ പറയാറുള്ള ആ മരുന്നില്ലേ അത് ….അത് എവിടെയാണെന്ന് നിനക്കറിയോ?”
“ഇല്ല ജാൻ വീ എന്തിനാണ് നിനക്കത്?”
“അത് കഴിക്കുമ്പോഴല്ലേ നമുക്ക് മയക്കം വരാറുള്ളത്? അത് മുഴുവനും കഴിച്ചാൽ നമ്മൾ എന്നേയ്ക്കുമായ് മയങ്ങിപ്പോവില്ലേ? പിന്നെ എഴുന്നേൽക്കണ്ടല്ലോ?” ജാൻവിയുടെ കണ്ണുകൾ നിറഞ്ഞു.
“സങ്കടപ്പെടല്ലേ ജാൻവീ ….നീയിന്നലെ ബഡാ സാബ് പറഞ്ഞത് അനുസരിക്കാത്തോണ്ടല്ലേ അവര് നിന്റെ കാല് പൊള്ളിച്ചത്?”
“ഞാൻ ഇനിയും അനുസരിക്കില്ല ബസന്തീ ഞാൻ പൊള്ളി മരിക്കട്ടെ. നമ്മുടെ അജ്ഞനയെ എങ്ങനെയാണ് കാണാതായത്? നിനക്കോർമയുണ്ടോ അവളെ ബഡാ സാബ് വലിച്ചിഴച്ച് കൊണ്ടുപോയ ദിവസം. അവളുടെ നിലവിളികൾ നമ്മെ ഭയപ്പെടുത്തി.പിറ്റേന്ന് അവളെ കാണാതായി.അവളിവിടന്ന് ഓടിക്കളഞ്ഞു എന്ന് റാണി ദിദി നമ്മോട് പറഞ്ഞു. പക്ഷേ അടുക്കളക്കാരൻ ചന്ദലാലിനോട് റാണി ദീദി അടക്കം പറയുന്നത് ഞാൻ കേട്ടു. ബഡാ സാബ് അവളെ കൊന്നുകളയാനാണ് വഴിയത്രെ.”
“നമ്മളെയും അയാൾ കൊന്നുകളയും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ……. നമുക്കിവിടന്ന് ഓടിപ്പോയാലോ ജാൻവീ.”
“അത് നടക്കില്ല ബസന്തീ... ഗേറ്റിന് എപ്പോഴും കാവലുണ്ട്.അതുമാത്രമല്ല ഇവിടെയുള്ള ബാക്കി കുട്ടികളോ? നമ്മൾ മാത്രമല്ലേ രക്ഷപ്പെടൂ. നമുക്ക് എല്ലാവരേയും രക്ഷിക്കണം ബസന്തീ. നിനക്കറിയോ നമ്മളെ സന്ദർശിക്കാൻ ആരോ വരുന്നുണ്ട്. ഏതോ സന്നദ്ധ പ്രവർത്തകർ.റാണി ദീദി പറഞ്ഞത് ഞാൻ കേട്ടു. കൗൺസിലിങ്ങ്‌ എന്നാണ് അവര് പറഞ്ഞത്. റാണി ദീദിയും ബഡാ സാബും വലിയ ആശങ്കയിലാണത്രേ.”
“കൗൺസിലിങ്ങ് എന്നാൽ എന്താണ് ജാൻ വീ? ഇവരെന്തിനാണ് ആശങ്കപ്പെടുന്നത്?”
“നമ്മുടെ കഥകൾ കേൾക്കാൻ നമ്മുടെ വിഷമങ്ങൾ കേൾക്കാൻ അങ്ങനെയാണ് എനിക്ക് മനസ്സിലായത്. റാണി ദീദി ഇന്നലെ പറഞ്ഞത് നീ കേട്ടില്ലേ. ആര് ചോദിച്ചാലും നമുക്ക് സന്തോഷമാണെന്ന് പറയണമെന്ന് അല്ലെങ്കിൽ പട്ടിണിക്കിടുമെന്ന്.”
“അങ്ങനെയെങ്കിൽ നമ്മുടെ വിഷമങ്ങൾ നമുക്കവരോട് പറഞ്ഞാലോ ജാൻവീ? അവർക്ക് നമ്മളെ രക്ഷിക്കാൻ പറ്റിയാലോ?”
“പറയണം ബസന്തീ നമുക്കിവിടന്ന് രക്ഷപ്പെട്ടേ പറ്റു... നമുക്കെല്ലാവർക്കും. നമ്മുടെ ശരീരത്തിനേ ഇവർക്ക് കൊല്ലാൻ പറ്റൂ. നമ്മുടെ മനസ്സിനെ ഇവർക്ക് എന്ത് ചെയ്യാൻ പറ്റും. നമ്മൾ പതറരുത്. മനസ്സുറപ്പോടെ എല്ലാം നമുക്ക് പറയണം ബസന്തീ. ഇതിന്റെ അപ്പുറത്തും ലോകമുണ്ട്. പറന്നുയരണ്ടേ നമുക്ക്? നീ പറഞ്ഞ ചുവപ്പും നീലയും ചിത്രശലഭങ്ങളായി?”
ബസന്തി ഒരമ്പരപ്പോടെ ജാൻവിയെ നോക്കി. ജാൻവി വലിയ ഒരാളായെന്ന് ബസന്തിക്ക് തോന്നി.അടുക്കളയിൽ ചന്ദലാലിന്റെ വിറകടുപ്പിൽ കാണുന്ന മഞ്ഞ അഗ്നിശകലങ്ങൾ ജാൻവിയുടെ കണ്ണിലും എരിയുന്നതായി ബസന്തിക്ക് തോന്നി.
പിറ്റേന്ന് ചെറിയ വെൻറിലേറ്ററിൽ കൂടി പടി കടന്നു പോകുന്ന വെള്ളക്കാറിനെ ആശങ്കയോടെ നോക്കി നിന്നു ബസന്തി.
“നമ്മൾ പറഞ്ഞത് പ്രശ്നാവോ ജാൻവീ?"
ജാൻവി വേറെ ഏതോ ലോകത്താണെന്ന് ബസന്തിക്ക് തോന്നി.
“ബസന്തീ ഇന്ന് വന്ന ആ സ്ത്രീയെ നീ ശ്രദ്ധിച്ചോ? അവരുടെ മുഖത്ത് വന്ന ഭാവം എന്തായിരുന്നു? അവരുടെ കണ്ണുകൾ നിറഞ്ഞത് നീ കണ്ടുവോ? നമ്മുടെ കൈയിലേയും മുഖത്തേയും പാടുകളിൽ അവര് തടവിയപ്പോ നിനക്കെന്ത് തോന്നി?അവര് പറഞ്ഞില്ലേ അവരൊരു അമ്മയാണെന്ന്. അപ്പോ ഇതാണോ അമ്മയുടെ സ്നേഹം?”
ജാൻവിയുടെ ചോദ്യങ്ങൾക്കൊന്നും ബസന്തി മറുപടി പറഞ്ഞില്ല. അവളുടെ മുഖത്ത് വല്ലാത്ത പേടിയുള്ളതായും പറഞ്ഞതൊന്നും പറയേണ്ടിയിരുന്നില്ലെന്നും അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് പൂമുഖത്തെ വരാന്തയിൽ നിന്നും വലിയ ഒച്ച കേട്ടു.ബസന്തി ഓടിപ്പോയി വാതിലിന്റെ വിടവിലൂടെ നോക്കി. കുറച്ചു നിമിഷങ്ങൾക്കകം അവൾ തിരിച്ചോടി വന്നു.
“ജാൻവി ബഡാ സാബിനേയും റാണി ദീദിയേയും പോലീസ് കൊണ്ടു പോകുന്നു. നമ്മളെ കൊണ്ടുപോകാൻ വേറെ ആൾക്കാർ വരുമത്രെ. എനിക്ക് പേടിയാവുന്നു.”
“പേടിക്കണ്ട ...നമ്മൾ രക്ഷപ്പെടും ബസന്തി" ജാൻവിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
പിറ്റേന്ന് വലിയ വാനിലിരുന്ന് മുസാഫറിന്റെ തെളിഞ്ഞ ആകാശത്തിലേക്ക് നോക്കി ജാൻവിയും ബസന്തിയും. അവിടെ നീലയും ചുവപ്പും ചിത്രശലഭങ്ങൾ പാറിപ്പറക്കുന്നുണ്ടായിരുന്നു.
(ബീഹാറിലെ ഒരു അഭയ കേന്ദ്രത്തിൽ ചെറിയ കുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്ന കരളലയിക്കുന്ന പത്രവാർത്തയിൽ നിന്നും ഉരുത്തിരിഞ്ഞ സാങ്കൽപിക കഥ. അരണരായ കുട്ടികളെ സ്വന്തം മക്കളെപ്പോലെ നോക്കുന്ന ഒത്തിരി അഭയ കേന്ദ്രങ്ങൾ ലോകത്തെമ്പാടും ഉണ്ട്. അവരെ സ്നേഹപൂർവ്വം ഈയവസരത്തിൽ സ്മരിക്കുകയും ചെയ്യുന്നു)
✍️ ഡിന്റാ ജോമോൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot