നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചങ്ക്സ്

Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water
ഫിഫ്റ്റി ഫിഫ്റ്റി
ആപ്പിളിന്റെ ഒരു കാർട്ടണുമായി വന്ന മഹേഷിനെ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ രമേഷ് ചോദിച്ചു.
മോനെ മഹേഷേ നീ നന്നാകാൻ തീരുമാനിച്ചോ ?
വളരെ സന്തോഷത്തോടെ ആപ്പിളിന്റെ കാർട്ടൺ വാങ്ങി തുറന്നു നോക്കിയപ്പോൾ അതിനകത്ത് ഒരു ആപ്പിൾ പോലുമില്ല അതിനു പകരം ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന പച്ചക്കളറുള്ള ഒരു ഫുൾ ബോട്ടിൽ നെപ്പോളിയൻ.
ഇതാണോ നീ ഇത്ര ഭയഭക്തി ബഹുമാനത്തോടെ ഭയങ്കര സൂഷ്മതയോടെ കൊണ്ടുവന്ന വില പിടിച്ച സാധനം.
അഞ്ചാറു റിയാൽ വിലയല്ല പ്രശ്നം വല്ല പോലീസും പിടിച്ചാൽ അഞ്ചാറുവർഷം അകത്തു കിടക്കാനുള്ള വകുപ്പുള്ള സാധനമാണ്.
ഇത്ര ബുദ്ധിമുട്ടി നീയെന്തിനാ ഇതടിക്കാൻ നടക്കുന്നത് നിനക്കീ പൈസക്ക് വല്ല പാലും വാങ്ങി കുടിയ്ക്കാൻ പാടില്ലെ, ശരീരമെങ്കിലും നന്നാവില്ലേ.
ഇത് എനിക്ക് മാത്രം അടിയ്ക്കുള്ളതല്ല, നമുക്ക് ഒന്നിച്ചടിക്കാനുള്ളത് ആണ്.
ആണോ? അതേതായാലും നന്നായി. അല്ലെങ്കിൽ തന്നെ ജീവിതം അടിച്ചു പൊളിക്കാൻ അല്പമൊക്കെ റിസ്ക് എടുക്കുന്നത് വളരെ നല്ലതാണ്.
അപ്പോൾ നീ നേരത്തെ പാലുകുടിയ്ക്കുന്നതും ശരീരം നന്നാക്കുന്ന കാര്യമെല്ലാം പറഞ്ഞതോ?
അത് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, നീയത് അപ്പോഴേയ്ക്കും സീരിയസ് ആയെടുത്തോ, ഇതാണ് നിന്നോട് ഒരു തമാശ പോലും പറയാൻ പറ്റാത്തത്.
അതെല്ലാം പോട്ടെ ഞാനും വെറുതെ പറഞ്ഞതാണ്. നീയിത് റൂമിൽ കൊണ്ട് ചെന്ന് വച്ചേക്ക്, ഞാൻ രാത്രി വരാം എന്നിട്ട് നമുക്ക് പൊട്ടിക്കാം .
മഹേഷ് കുറച്ചു നേരം ഇരുന്ന് സംസാരിച്ചിട്ട് യാത്ര പറഞ്ഞ് പോയി.
രമേഷിന് ഒരു ദൃശ്ശീലം ഉണ്ട് മറ്റൊന്നുമല്ല പുള്ളിക്ക് പെപ്സി, ഡ്യൂ, മിരൻഡ, സെവൻ അപ് എന്നിങ്ങനെയുള്ള ശീതള പാനിയങ്ങളുടെ സ്വാദ് ഇഷ്ടമില്ല. പിന്നെ വല്ലപ്പോഴും ഇതുപോലുള്ള തണുത്തത് കുടിക്കണം എന്നു തോന്നുമ്പോൾ ഏതെങ്കിലും മദ്യം കുറച്ച് അതിലൊഴിച്ച് ശീതളപാനീയത്തിന്റെ ചുവ മാറ്റിക്കുടിക്കും എന്നു മാത്രം.
അതു കൊണ്ട് അന്ന് ഒരു ചെറിയ തണുത്തതും വാങ്ങി രമേഷ് റൂമിലേക്ക് പോയി. കുറെ നേരം മഹേഷിനെ കാത്തിരുന്നു. എന്നിട്ടും മഹേഷ് വന്നില്ല.
കാത്തിരുന്ത് കാത്തിരുന്ത്
കാലങ്ങൾ പോകിറത്
പൂത്തിരുന്ത് പൂത്തിരുന്ത്
പൂവുകൾ വാടിറത്
അങ്ങിനെ അതുപോലുള്ള കുറെ പാട്ടുകൾ പാടി കഴിഞ്ഞിട്ടും മഹേഷ് എത്തിയില്ല.
ഏതായാലും മഹേഷ് വന്നു കഴിഞ്ഞാലും രണ്ടു പേരും കൂടി ഫിഫ്റ്റി ഫിഫ്റ്റി കഴിക്കാനുള്ളത് ആണ്, അതിനാൽ ഇപ്പോൾ പൊട്ടിച്ചാലും കുഴപ്പമില്ല എന്ന് മനസ്സ് പറഞ്ഞു. പിന്നെ താമസിച്ചില്ല തണുത്തത് പകുതി എടുത്ത് ഒരു ഗ്ലാസിൽ ഒഴിച്ച് നെപ്പോളിയനും പൊട്ടിച്ച് ഒഴിച്ച് തണുത്തതിന്റെ പച്ചച്ചുവ മാറ്റി ഒരു പിടിത്തം പിടിപ്പിച്ച് ഉറുമ്പ് കടിയ്ക്കുന്ന തരിപ്പുണ്ടാക്കി രമേഷ് കുളിയ്ക്കാൻ പോയി.
കുളി കഴിഞ്ഞു വന്ന് ഭക്ഷണമെല്ലാം ഉണ്ടാക്കി. കഴിക്കാതെ മഹഷിനെ കാത്തിരുന്നു, കാണാതായപ്പോൾ അവനെ വിളിച്ചു.
എടാ നീയിതെവിടെയാണ്,
ഒന്നും പറയണ്ടെടാ എനിക്ക് കുറെ ജോലിത്തിരക്ക് ഉണ്ട്,
നാളെ തീർച്ചയായും വരാം.
ഏതായാലും അവൻ വരില്ല.
ഇനി ഒറ്റയ്ക്ക് ഇരുന്ന് അത്താഴം കഴിക്കണം. ഒരാൾ വരാം എന്ന് പറഞ്ഞിട്ട് വരാതിരിക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു ദേഷ്യമാണ്. ബാക്കിയുണ്ടായിരുന്ന തണുത്തതിന്റെ സ്വാദു മാറ്റി അത്താഴം കഴിച്ചു.
എന്നാലും അവൻ വരാതെ അവൻ കൊണ്ടുവന്ന സാധനത്തിൽ നിന്ന് കഴിച്ചതിന് ഒരു കുറ്റബോധം തോന്നി. പക്ഷെ പിന്നീട് ഓർത്തു അവനും താനും കൂടെ കഴിയ്ക്കുകയാണെങ്കിൽ ഫിഫ്റ്റി ഫിഫ്റ്റി ആണല്ലോ , അങ്ങിനെയുള്ളതിനാൽ തന്റെ ഫിഫ്റ്റി യിൽ നിന്നുള്ള ഒരു ഭാഗം ആണല്ലോ താൻ കഴിച്ചത് അങ്ങിനെ ചിന്തിച്ചപ്പോൾ കുറ്റബോധത്തിന് അല്പം ആശ്വാസവും വന്നു നല്ല ഉറക്കവും കിട്ടി.
ഒരാഴ്ച ആയി സംഭവങ്ങൾ അങ്ങിനെ തന്നെ ആവർത്തിച്ചു. ജോലിത്തിരക്കു കാരണം മഹേഷിന് വരാനും സാധിച്ചില്ല. എന്നും വിളിക്കുമ്പോൾ നാളെ വരാം,നാളെ വരാം എന്ന് മഹേഷ് പറയാറും ഉണ്ട്. മഹേഷിനെ കാത്തിരുന്ന് കാത്തിരുന്ന് രമേഷിന്റെ ഫിഫ്റ്റി എപ്പോഴേ തീർന്നു. ഇപ്പോൾ മഹേഷിന്റെ ഫിഫ്റ്റി യിൽ ആണ് കൈവച്ചിരിക്കുന്നത്.
അങ്ങിനെ തന്നെ അടുത്ത ഒരാഴ്ചയും കഴിയാറായി. അന്നും പതിവുപോലെ രാത്രി കുളിയ്ക്കുന്നതിന് മുമ്പ് തണുത്തതിന്റെ പകുതി ഗ്ലാസ്സിൽ ഒഴിച്ചിട്ട് നെപ്പോളിയന്റെ കുപ്പി എടുത്ത് നോക്കിയപ്പോൾ അതിൽ ഇനി അവസാനത്തെ രണ്ടു പെഗ്ഗ് മാത്രം. ഒരു പെഗ്ഗ് തണുത്തതിൽ ഒഴിച്ച് അതങ്ങ്ട് സേവിച്ച് , നെപ്പോളിയനെ ഭദ്രമായി മാറ്റി വച്ച് രമേഷ് കുളിയ്ക്കാൻ പോയി.
കുളിയെല്ലാം കഴിഞ്ഞ് വന്ന് ഭക്ഷണമെല്ലാം ഉണ്ടാക്കി കഴിയ്ക്കാൻ എടുത്ത് വച്ചനേരം കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു . വാതിൽ തുറന്ന് നോക്കിയപ്പോൾ അതാ ചിരിച്ചു കൊണ്ട് നിൽക്കുന്നു നമ്മുടെ കഥാനായകൻ മഹേഷ്.
നീ എന്താ വിളിച്ചു പറയാതിരുന്നത്, ഞാൻ നിനക്കുള്ള ഭക്ഷണമൊന്നും ഉണ്ടാക്കിയില്ലല്ലോ.
അത് സാരമില്ല, ഞാൻ പാർസൽ വാങ്ങിയിട്ടുണ്ട്.
മോനേ ദിനേശാ നീ നെപ്പോളിയൻ എടുത്തു കൊണ്ടു വാ, നമുക്ക് അടിച്ച് പൊളിക്കാം
.
മിക്കവാറും അടിച്ചു പൊളിക്കും രമേഷ് മനസ്സിൽ പറഞ്ഞു.
രമേഷ് നെപ്പോളിയന്റെ കാലി കുപ്പി എടുത്ത് മേശപ്പുറത്ത് വച്ചപ്പോൾ മഹേഷിന് അടിച്ചു പൊളിക്കാൻ തന്നെയാണ് തോന്നിയത്. നെപ്പോളിയൻ അല്ല, രമേഷിന്റെ തല.
മഹേഷിന് ഒരു കാര്യം മനസ്സിലായി മദ്യവും,മണിയും, മധുരപ്പതിനേഴുകാരിയേയും മറ്റുള്ളവരെ ഏല്പിച്ചിട്ട് പോയാൽ, മടങ്ങി വരുമ്പോൾ മണ്ണും ചാരി നിൽക്കുന്നവൻ മനസ്സറിഞ്ഞ് ചിരിക്കുന്നത് കാണേണ്ടി വരുമെന്ന മറക്കാത്ത സത്യം .
കുരങ്ങു ചത്ത കുറവനെ പോലെ ഇരിയ്ക്കാതെടാ മഹേഷേ, നീയെന്റെ ചങ്കല്ലേ.
ചങ്ക്, എന്നെ കൊണ്ട് ചങ്കിൽ കൊള്ളുന്ന വർത്തമാനം ഒന്നും പറയിപ്പിക്കല്ലേ ചങ്കേ.
എടാ മഹേഷേ, ചങ്കേ നീ കൊണ്ടുവന്ന പങ്കല്ലേ ഞാൻ അടിച്ച് തീർത്തത്. പക്ഷെ ഞാൻ അടിച്ചു തീർത്തതിൽ നിനക്കുള്ള പങ്ക് മാറ്റി വച്ചിട്ടുണ്ടെ ടാ. ചങ്കിന് മാറ്റി വച്ച പങ്കെടുത്ത് കൊടുത്ത പ്പോൾ ചങ്കിന്റെ മറുപടി.
ചങ്കേ നീയാണെടാ ചങ്ക്
അതേ ടാ നമ്മളാണ് ചങ്ക്സ്.

by: PS anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot