
മൂത്ത മകൾ അഞ്ചു ആണ്മക്കൾക്കു സമം...
എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് പെണ്മക്കൾ ആണ്. എന്റെ അമ്മ എന്നോട് മിക്കവാറും പറഞ്ഞിരുന്ന വാചകമാണ് ഈ മേൽ പറഞ്ഞത്. ചെറുപ്പത്തിൽ ഇത് കേൾക്കുമ്പോൾ ഇതിന്റെ അർത്ഥം അറിയില്ലായിരുന്നു. എന്നാലും അമ്മയോട് ചോദിച്ചിട്ടുണ്ട്..
'ഞാൻ ആണ്കുട്ടി എന്നാണോ അമ്മ പറഞ്ഞു വരുന്നത്?? ' അമ്മ പ്രത്യേകിച്ചു മറുപടി ഒന്നും പറഞ്ഞില്ല..
ഞങ്ങൾക്ക് ഒരു സഹോദരൻ ഇല്ലാത്തതായിരുന്നു നാട്ടുകാരുടെയും ചില കുടുംബക്കാരുടെയും എറ്റവും വലിയ പ്രശ്നവും വിഷമവും..
മൂത്ത മകൾ ആയതു കൊണ്ടാകാം വീട്ടിലെ എല്ലാ കാര്യവും അച്ഛൻ എന്നോടും പറയുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ..
ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴാണ് പോപ്പി കുടയുടെ പരസ്യം വന്നത്. ഞങ്ങളെ ഹാപ്പിയാക്കാൻ അച്ഛൻ പോപ്പി കുടയുടെ പാട്ട് ഇടക്കിടക്ക് പാടും. അങ്ങനെ ഞാൻ അച്ഛനെ 'പോപ്പി' ന്നു വിളിച്ചു തുടങ്ങി.. ഇപ്പൊ എന്റെ മക്കളും അങ്ങനെ തന്നെ അച്ഛനെ വിളിക്കുന്നു.. അച്ഛനും അതാണ് ഇഷ്ട്ടം..
എന്താണെന്ന് അറിയില്ല.. അച്ഛൻ ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആണ്.. പരീക്ഷക്ക് പോകുന്നതിന് മുമ്പ് എന്നും രാവിലെ അച്ഛനോട് ചോദിക്കും..
' ഇന്നത്തെ പരീക്ഷ എളുപ്പമായിരിക്കുമോ അച്ഛാ?? '
' ഇന്നത്തെ പരീക്ഷ എളുപ്പമായിരിക്കുമോ അച്ഛാ?? '
ഇന്നത്തെ പരീക്ഷക്ക് നിനക്ക് 90% മാർക്ക് കിട്ടും എന്ന് അച്ഛനും.. എന്തോ അത് കേൾക്കുമ്പോൾ ഒരു ആത്മവിശ്വാസം ആണ്..
വീട്ടിലെ ബൾബ് മാറ്റാനും, പെയിന്റടിക്കാനും എന്നു വേണ്ട കാര്യങ്ങൾക്ക് ഒക്കെ അച്ഛന്റെ കൂടെ ഞാനും ഉണ്ടാകും.. എനിക്ക് കല്യാണ ആലോചന നോക്കി തുടങ്ങിയപ്പോൾ തന്നെ വളരെ ഗൗരവമായി എല്ലാ കാര്യവും എന്നോടും പറയും.. 'അദ്ദേഹത്തിന്റെ' ആലോചന വന്നപ്പോളും അത് ഉറപ്പിക്കുന്ന സമയത്തും എന്റെ ഇഷ്ടാനിഷ്ടങ്ങൾ അച്ഛൻ ചോദിച്ചു അറിഞ്ഞിരുന്നു.
അച്ഛന് ജ്യോൽസ്യം നോക്കാൻ അറിയാം..ഇപ്പോഴും എന്തെങ്കിലും ഒരു വിഷമം വന്നാൽ അച്ഛനോട് വെറുതെ എങ്കിലും ചോദിക്കും.. 'എന്റെ സമയം മോശമാണോ' ന്ന്...
''നിനക്കു ഒരു കുഴപ്പവും ഇല്ല... ധൈര്യമായി മുന്നോട്ട് പൊയ്ക്കോ, ഒരു തടസ്സവും ഉണ്ടാകില്ല ''
എന്നായിരിക്കും അച്ഛന്റെ മറുപടി.. ഇത് കേൾക്കുമ്പോൾ തന്നെ എവിടുന്നോ ഒക്കെ ഒരു ആത്മവിശ്വാസം കിട്ടുന്ന പോലെയാണ്..
എന്നായിരിക്കും അച്ഛന്റെ മറുപടി.. ഇത് കേൾക്കുമ്പോൾ തന്നെ എവിടുന്നോ ഒക്കെ ഒരു ആത്മവിശ്വാസം കിട്ടുന്ന പോലെയാണ്..
അച്ഛന്റെ 65 മത്തെ പിറന്നാൾ ദിവസം ആണ് എന്റെ മോൻ ജനിച്ചത്. അപ്പൂപ്പനും കൊച്ചു മോനും സമപ്രായക്കാരെ പോലെ കളിക്കുന്നത് കാണുന്നത്തിലും ഭാഗ്യം വേറൊന്നില്ല..
അവധിക്ക് നാട്ടിൽ വന്നാൽ അച്ഛന്റെ കൂടെ സ്കൂട്ടറിൽ പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്, അതിന് ഞാൻ പല കാരണങ്ങൾ കണ്ടു പിടിക്കും.. എല്ലാ വിധ സ്വാതന്ത്ര്യം തന്നപ്പോളും നടക്കാത്ത ചിലതുണ്ട്.. അത് ദേ ഇന്ന് സാധിച്ച സന്തോഷത്തിലാണ് ഞാൻ..
വീടിന്റെ അടുത്തു നല്ല കടകൾ ഉണ്ടെങ്കിലും അച്ഛന് മാർക്കറ്റിൽ പോയി പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങുന്നതാണ് ഇഷ്ടം. പഴയ പരിചയക്കാരെ കാണുന്നതായിരിക്കും മിക്കവാറും ഉദ്ദേശ്യം..
ഇന്ന് അച്ഛന്റെ കൂടെ ഞാനും പോയി.. പല കടകൾ കേറി ഇറങ്ങി.. തിരിച്ചു വരുന്ന വഴിക്ക് മഴ ചാറി തുടങ്ങി.. അടുത്തുള്ള ഒരു ചെറിയ ബേക്കറിയിൽ കേറി നിൽക്കാം, മഴ മാറിയിട്ട് പോകാം ന്ന് അച്ഛൻ..
"ഒരു ചായ കുടിക്കാം... നിനക്ക് വേണോ?? "
വേണം ന്ന് ഞാനും... ചായ മാത്രമല്ല.. എന്റെ പ്രിയപ്പെട്ട പഫ്‌സും...
ചായ പ്രേമിയായ അച്ഛന്റെ കൂടെ... ചായക്കടയിൽ... പുറത്ത് മഴ പെയ്യുമ്പോൾ എന്റെ മനസ്സിൽ ഒരു പാട് സന്തോഷം നിറഞ്ഞിരിക്കുക ആയിരുന്നു.. ഒരു പാട് നേരം സംസാരിച്ചു.. മനസ്സിന് വല്ലാത്ത ഒരു കുളിർമ്മ... ഇത് അനുഭവിച്ചു അറിയേണ്ട ഒന്ന് തന്നെയാണ്.. അവർക്ക് നമ്മൾ എന്നും കൊച്ചു കുട്ടികളാണ്..
കല്യാണം കഴിഞ്ഞാൽ പിന്നെ പെണ്മക്കൾ തിരിഞ്ഞു നോക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളു.. എന്റെ അച്ഛൻ എനിക്ക് അന്നും ഇന്നും ഒരു പോലെ തന്നെ..
ഞാൻ പറഞ്ഞാലേ അച്ഛൻ കേൾക്കുള്ളൂ ന്ന് കുശുമ്പ് പറയാറുണ്ട് അമ്മ പലപ്പോഴും.. ന്നാലും അവരുടെ സ്നേഹവും കരുതലും തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം എന്നാണ് എന്റെ വിശ്വാസം.. മകൾ എന്ന നിലയിൽ എന്റെ കടമ ഇന്നും ഞാൻ ചെയ്യുന്നു..
അമ്മ പറഞ്ഞിരുന്നതിന്റെ അർത്ഥം ഇന്നെനിക്ക് മനസ്സിലാകുന്നു..
എന്റെ ചിന്തകൾ,
രേണു ഷേണായി.
രേണു ഷേണായി.
(ജയന്തി ശോഭ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക