നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുനർജ്ജന്മം

Image may contain: 1 person, sitting, closeup and indoor


*****************
മെയിന്‍ റോഡ് കഴിഞ്ഞു ചെറിയ ഊടു വഴിയിലേക്ക് കാർ തിരിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. മൂന്ന് വർഷത്തെ അന്വേഷണത്തിന് ഇന്നെങ്കിലും തിരശീല വീണെങ്കിൽ.....!! മനസ്സ് മൗന പ്രാർത്ഥനയിലായിരുന്നു.
വഴിയുടെ ഇരുവശവുമുള്ള വേലിപടർപ്പുകളിൽ മഞ്ഞയും വയലറ്റും നിറമുള്ള ബോഗൺവില്ല പൂക്കൾ വിടർന്നു നിന്നിരുന്നു.... ഭുവനു ഏറെ ഇഷ്ടമായിരുന്ന ബോഗൺവില്ലകൾ.... തന്റെ ആദ്യത്തെ ചെറുകഥാ സമാഹാരത്തിനും ഭുവൻ ഇട്ട പേര് "പൂക്കാത്ത ബോഗൺവില്ലകൾ " എന്നായിരുന്നു....
"ഓർത്തിത്തിട്ടുണ്ടോ മായാ എന്ത്‌ കൊണ്ടാണ് ഈശ്വരൻ ബോഗൺ വില്ലകൾക്കു സുഗന്ധം നല്‍കാതിരുന്നതെന്നു ..." ഒരിക്കൽ ഭുവൻ ചോദിച്ചു..... "
''അതങ്ങനെ പൂത്തുലഞ്ഞു നില്കുന്നത് കാണാനാണ് ദൈവത്തിനും ഇഷ്ടം.. സുഗന്ധമുള്ള പൂക്കളെയല്ലേ നമ്മൾ പറിച്ചെടുത്തു നോവിക്കാറുള്ളു....."
ഭുവനോട് വെറുതെ സംസാരിച്ചിരിക്കുന്നത് തന്നെ എന്ത്‌ രസമായിരുന്നു..... എന്തൊക്കെ നിഗൂഢമായ ചിന്തകളാണ് ആ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നറിയാൻ വേണ്ടി മാത്രം ഭുവനെ തേടി പോവുമായിരുന്നു അന്നൊക്കെ...
************
ഇളം നീല പെയിന്റടിച്ച ഗെയ്റ്റിന് മുന്നിൽ കാർ നിർത്തി ഇറങ്ങി.... ദൂരെ കടലിന്റെ ഇരമ്പൽ കേൾക്കാം.... ഗെയ്റ്റ് മെല്ലെ തുറന്നു... മുറ്റത്തിന്റെ കിടപ്പു കണ്ടാലറിയാം അവിടം വൃത്തിയാക്കിയിട്ടു ദിവസങ്ങളായിരിക്കുന്നു.
കോളിംഗ്ബെള്ളിൽ വിരലമർത്തി ശ്വാസമടക്കി നിന്നു.... കുറെ നേരത്തെ നിശ്ശബ്ദതക്കു ശേഷം അടച്ചിട്ട ജനല്പാളികൾ മെല്ലെ തുറക്കുന്ന ശബ്ദം.... ജനലഴികളിൽ മുഖം ചേർത്ത് തന്നെ തുറിച്ചു നോക്കുന്നത് ഭുവൻ തന്നെയോ... ?
നീട്ടി വളർത്തിയ താടിയും മുടിയും... നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന മുടിയിഴകൾക്കിടയിൽ കൂടി കണ്ടു.... വലതു പുരികത്തിനു മുകളിൽ ഒരു നേർത്ത വര പോലെ കിടക്കുന്ന ആ മുറിവടയാളം..
"എന്റെ തൂലികയുടെ വിജയ ചിഹ്നം.. !!"
ആ മുറിവ് തലോടി കൊണ്ടു ഉറക്കെ ചിരിച്ചു ഭുവൻ പറയുമായിരുന്നു...
"ഒരു എഴുത്തുകാരന്റെ ആയുധമാണ് മായാ അവന്റെ തൂലിക... അത് നമ്മൾ ലക്ഷ്യമിടുന്നവരുടെ ഉള്ളിൽ ആഴ്ന്നിറങ്ങണം.... മുറിവേല്പിക്കണം... എന്നാലേ ഒരെഴുത്തുകാരൻ വിജയിക്കുന്നുള്ളു.... ഞാൻ എന്തിനു ഭയക്കണം മായാ... ഇവിടെ ഇരയാക്കപ്പെടുന്ന നിരപരാധികളുടെ ജീവനേക്കാൾ വലുതല്ല എന്റെ ജീവൻ.."
അതേ.... ഭുവനു ആരെയും ഒന്നിനെയും ഭയമുണ്ടായിരുന്നില്ല... ഒന്നിൽ നിന്നും ഒളിച്ചോടിയിരുന്നുമില്ല... എന്നിട്ടും...!!
"ഭുവൻ.. "
ഒരു നിമിഷം ജനൽ കമ്പികൾക്കപ്പുറത്തു നിഴൽ പടരുന്നു.. "പോവൂ.. എനിക്കാരെയും കാണണ്ട.". ഇടതു കൈ കൊണ്ടു ജനല്പാളികൾ അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു ഭുവൻ..
"ഭുവൻ ഒരു പത്തു നിമിഷം.. ഞാൻ പൊയ്ക്കോളാം.. ഒന്ന് വാതിൽ തുറക്കൂ.. എനിക്ക് ഭുവനോട് സംസാരിക്കണം... "
"എനിക്കൊന്നും പറയാനില്ല.. ഇന്നലെകളുടെ ശേഷിപ്പുകുളുമായി ആരും എന്നെ അന്വേഷിച്ചു വരരുത്... "
ഭുവന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു... എത്രയോ വേദികളിൽ തീപ്പൊരി ചിതറി ലക്ഷങ്ങളെ ഹരം കൊള്ളിപ്പിച്ച ശബ്ദം... ഭുവന്റെ പ്രസംഗം കേൾക്കാൻ വേണ്ടി മാത്രം തിങ്ങി നിറഞ്ഞിരുന്ന വേദികൾ... !
"എന്റെ ഉള്ളിൽ ആളിക്കത്തുന്ന ചിന്തകളിൽ നിന്നും ഊതി കാച്ചി പുറത്തെടുക്കുന്നതാണ് എന്റെ അക്ഷരങ്ങൾ... അവയെ നിങ്ങൾക്കു സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം... ഓരോ എഴുത്തുകാരനും വിപ്ലവകാരിയായിരിക്കണം.. എനിക്ക് ഭയമില്ല... ഉള്ളിലെ അവസാനത്തെ തീനാളവും അണയുന്നതുവരെ ഞാൻ എഴുതി കൊണ്ടിരിക്കും.." ഭുവന്റെ വാക്കുകൾ കാതിൽ മുഴങ്ങുന്നു..
"ഭുവൻ... ഒന്നും ഓര്‍മ്മപെടുത്താനല്ല ഞാൻ വന്നത്.. കഴിഞ്ഞ മൂന്ന് വർഷമായി നിന്നെ തേടിയുള്ള അലച്ചിലിലായിരുന്നു ഞാൻ.. വെറുതെ ഒന്ന് കാണാൻ വേണ്ടി മാത്രം.."
ഒരു നിമിഷം ആ കണ്ണുകൾ ആർദ്രമായി....കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു നേർത്ത കരച്ചിലോടെ മുന്നിലെ വാതിൽ തുറന്നു.
**********
ഭുവൻ ചന്ദ്രഘോഷ്.... ! ഒരു മാന്ത്രികവടി പോലെ തൂലിക ചലിപ്പിച്ച എഴുത്തുകാരൻ...! വാക്കുകൾ കൊണ്ടു വിസ്മയം തീർത്ത മാന്ത്രികൻ... ആ തൂലികയിൽ നിന്നും അടർന്നു വീഴുന്ന അക്ഷരങ്ങളുടെ മാസ്മരികത കണ്ടു അഭുതപ്പെട്ടിട്ടുണ്ട്....
ഓരോ വിഷയവും എത്ര തീവ്രതയോടെയാണ് ഭുവൻ എഴുതിയിരുന്നത്... അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായിട്ടു പോലും അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും ..... ഭുവനു എങ്ങിനെ ഇത്രയും ആഴത്തിൽ ചിന്തിക്കാൻ കഴിയുന്നു.. !!.
********
ഇടതു കയ്യിൽ ഊന്നുവടി പിടിച്ചു അതിലേക്കു അല്പം ചാഞ്ഞു ഭുവൻ മുന്നിൽ നില്കുന്നു... പഴയ ഭുവൻ ചന്ദ്രഘോഷിന്റെ നിഴൽ പോലെ... എവിടെ ആ മുഖത്തെ ആത്മവിശ്വാസം.... ? ആ കണ്ണുകളിലെ തീക്ഷ്ണത.. !!!
***********
"മായ വരൂ.. "ഊന്നുവടി പിടിച്ചു ഇടതു കാൽ അല്പം വലിച്ചു നടന്ന ഭുവന്റെ പുറകെ ഉള്ളിലേക്ക് കടക്കുമ്പോൾ നടുക്കത്തോടെ കണ്ടു... വലതു തോളിൽ ഇട്ടിരിക്കുന്ന ഷോളിന്റെ താഴെ നിർജ്ജീവമായ കൈവിരലുകൾ.. !!!..
തന്റെ ചിന്തകൾക്ക് വികാരങ്ങൾക്ക് അക്ഷരങ്ങളിലൂടെ ജീവൻ പകർന്നു നൽകിയ ഭുവന്റെ കൈവിരലുകൾ... !
********
മൂന്നു വർഷങ്ങൾക്കു മുൻപ്... ഭുവൻ അവസാനമായി എഴുതിയ "ദൈവത്തിന്റെ മതം" ഇറങ്ങിയ ദിവസം.. അതിന്റെ പ്രകാശന ചടങ്ങിൽ ഭുവൻ പറഞ്ഞു..
"എനിക്ക് മതമോ രാഷ്ട്രീയമോ ഇല്ല... "ദൈവത്തിന്റെ മതം "ഒരു മത വികാരത്തെയും വ്രണപ്പെടുത്താനായി എഴുതിയതല്ല.. എന്റെ ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും പ്രതിഫലനം മാത്രമാണ് ഈ പുസ്തകം.. "...
ആഞ്ഞടിക്കാൻ പോകുന്ന ഒരു വലിയ കൊടുങ്കാറ്റിന്റെ മുന്നോടി പോലെ ശാന്തമായിരുന്നു പിറ്റേന്നത്തെ പകൽ..... മെല്ലെ മെല്ലെ കലാപത്തിന്റെ തീപ്പൊരികൾ അങ്ങിങ്ങായി ചിതറി തുടങ്ങി... രാത്രിയോടെ മത തീവ്രവാദികൾ അഴിഞ്ഞാടാൻ തുടങ്ങി... അന്ന് രാത്രി ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ഭുവൻ ആക്രമിക്കപ്പെട്ടു... രണ്ടു കൈകളും തല്ലി തകർക്കുമ്പോൾ അവർ അലറുന്നുണ്ടായിരുന്നു . "ഈ കൈകൾ കൊണ്ടു ഇനി നീ ഒന്നും എഴുതരുത് ... !!!
********
മുറിയിൽ പഴകിയ ഒരു സോഫ ചൂണ്ടി ഭുവൻ പറഞ്ഞു.. "ഇരിക്കൂ.."
ഇടതു കൈ കൊണ്ടു ഒരു കസേര മെല്ലെ നീക്കി ഭുവൻ മുന്നിൽ വന്നിരിക്കുമ്പോൾ വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ചു.. ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന മുറി.. ഒരറ്റത്ത് ഒരു വലിയ ഷെൽഫിൽ പുസ്തകങ്ങൾ വാരി വലിച്ചിട്ടിരിക്കുന്നു... അതിനു താഴെ ഒരു മേശയിൽ പൊടി പിടിച്ചു കുറെ കടലാസുകളും മഷിക്കുപ്പികളും പേനകളും....
അന്നും ഭുവൻ ഇങ്ങിനെ തന്നെയായിരുന്നല്ലോ.. തീരെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതം... കാണുമ്പോഴൊക്കെ ഭുവൻ പുസ്തകങ്ങളുടെ നടുവിലായിരിക്കും....പുസ്തകങ്ങൾക്കും തന്റെ ചിന്തകൾക്കുമപ്പുറം ഭുവൻ ഒന്നും കാണുന്നില്ലെന്ന് തോന്നിയിരുന്നു പലപ്പോഴും....
പ്രണയത്തെ കുറിച്ച് അത്രയും തീവ്രതയോടെ എഴുതിയിരുന്ന ഭുവന് പക്ഷെ അക്ഷരങ്ങളോട് മാത്രമാണ് പ്രണയം എന്ന് ചിന്തിച്ചിരുന്നു. അന്ന്. . മൃണാളിനി ആ ജീവിതത്തിലേക്ക് കടന്നു വരും വരെ....!!
വളരെ അനായാസമായി നീന്തി കൊണ്ടിരിക്കെ പെട്ടെന്നൊരു ഒഴുക്കിൽ ചെന്ന് പെട്ടത് പോലെയായിരിന്നു ഭുവൻ....!.
ഭുവന്റെ ആയിരക്കണക്കിലുള്ള ആരാധികമാരിൽ ഒരാൾ മാത്രമായിരുന്നു മൃണാളിനി... അവളിൽ എന്ത്‌ പ്രത്യേകതയാണ് ഭുവൻ കണ്ടിരുന്നതെന്നു ആലോചിച്ചിരുന്നു അന്നൊക്കെ...
"എനിക്കറിയില്ല മായ.. അവൾ വന്നതിനു ശേഷം എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.." അതിനെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ ഭുവൻ പറഞ്ഞു....
***********
"എനിക്കറിയാമായിരുന്നു മായാ... വേറെ ആരും വന്നില്ലെങ്കിലും നീ എന്നെ അന്വേഷിച്ചു വരുമെന്ന്.. ഞാനിതു പ്രതീക്ഷിച്ചിരുന്നു....."
ഭുവന്റെ പതിഞ്ഞ ശബ്ദം ചിന്തകളിൽ നിന്നുണർത്തി.. "എന്തിനായിരുന്നു ഭുവൻ ഈ ഒളിച്ചോട്ടം.. എന്നോട് പോലും പറയാതെ... നിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ ഞാൻ.. എന്നിട്ടും.. "
ഭുവൻ ഒന്നും മിണ്ടിയില്ല..പിന്നെയും എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു ആ കണ്ണുകൾ...
***********
അന്ന് ആശുപത്രിയിലെ ഐ സി യൂ വിൽ ഒരു ജീവച്ഛവം പോലെ കിടന്നു ഭുവൻ...ഒരു മാസത്തോളം അബോധാവസ്ഥയിൽ ഒന്നിനോടും പ്രതികരിക്കാതെ... പക്ഷെ ഒരിക്കലും ഒന്നിനോടും തോറ്റു കൊടുക്കാൻ തയാറായിരുന്നില്ലല്ലോ ഭുവൻ.. മരണത്തോട് പോലും.... പതുക്കെ ബോധത്തിലേക്ക് തിരിച്ചു വരുമ്പോഴും ആ കൈകളുടെ ചലനശേഷി തിരിച്ചു കിട്ടിയിരുന്നില്ല...
ഐ സി യു വിൽ നിന്നും റൂമിലേക്ക് മാറ്റി ഭുവനെ കാണാൻ ചെല്ലുമ്പോൾ ആ മുറിയിൽ മൃണാളിനിയും ഉണ്ടായിരുന്നു.. കാറ്റിലാണയാൻ പോവുന്ന തിരിനാളം പോലെയുള്ള അവളുടെ മുഖം കണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു അസ്വസ്ഥത തോന്നി.... എന്നെ കണ്ടതും പാതിയടഞ്ഞ കണ്ണുകൾ കൊണ്ടു ഭുവൻ അരികിലേക്ക് വിളിച്ചു....
"ഞാൻ തിരിച്ചു വരും മായാ... ഈശ്വരൻ ഏതെങ്കിലും ഒരു കൈ എനിക്ക് തിരിച്ചു തന്നാൽ മതി...... "
ഒന്നും പറയാൻ കഴിയാതെ ആ മുഖത്തു നോക്കി നിന്നപ്പോൾ ഭുവൻ ചിരിക്കാൻ ശ്രമിക്കുണ്ടായിരുന്നു.. മുറിയിൽ നിന്നും പുറത്തു കിടക്കുമ്പോൾ മൃണാളിനി പുറകെ വന്നു..
"ഇനിയൊരിക്കലും ഭുവനു എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല അല്ലെ മായാ... "അവൾ പറഞ്ഞത് കേട്ടപ്പോൾ പെട്ടെന്നു ഉള്ളിൽ ദേഷ്യമാണ് തോന്നിയത്...
"പോവൂ. ഇപ്പോൾ ഭുവന് ഏറ്റവും ആവശ്യം നിന്റെ സ്നേഹവും സാമീപ്യവുമാണ് മൃണാളിനി.. ഭുവൻ എന്ന എഴുത്തുകാരനെയല്ല നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭുവനെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കൂ... "
പക്ഷെ മൃണാളിനി ഒന്നിനും കാത്തു നിന്നില്ല... ഒരു രാത്രി ഒരു കത്തെഴുതി വെച്ച് ഭുവന്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി അവൾ പോയി... ഒരേ ഒഴുക്കിൽ ഒരേ ദിശയിലേക്കു മൃണാളിനിയോടൊപ്പം നീന്തുകയായിരുന്ന ഭുവൻ പെട്ടെന്നു ഒറ്റക്കു ഒരു കാണാ ചുഴിയിലേക്കു വലിച്ചെറിയപ്പെട്ടു.. നീന്തി കയറാൻ കഴിയാതെ കൂടുതൽ കൂടുതൽ അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി താണു കൊണ്ടിരുന്നു... !!
വീട്ടിൽ തിരിച്ചെത്തി ഭുവനെ കാണാൻ പോകുമ്പോഴൊക്ക ഭുവൻ വേറെ ഏതോ ലോകത്തിൽ അകപെട്ടതുപോലെ തോന്നിച്ചു... സ്വതവേ ദീപ്തമായ ആ കണ്ണുകളിൽ നിന്നും പ്രകാശം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു .. തളർന്ന തന്റെ രണ്ടു കൈകളും ഒരു പുതപ്പിനടിയിൽ ഒളിപ്പിച്ചു ഭുവൻ ഇരുന്നു.. ആ മനസ്സിനുള്ളിൽ എന്താണെന്നറിയാൻ ശ്രമം നടത്തിയപ്പോഴൊക്കെ മൗനം മാത്രമായിരുന്നു മറുപടി... ഒടുവിൽ ഒരുദിവസം തന്റെ ചിന്തകളുടെയും അക്ഷരങ്ങളുടെയും ലോകത്തു നിന്നു ഭുവൻ അപ്രത്യക്ഷനായി.. ആരോടും പറയാതെ.. !!
*********
"മായ ഇരിക്കൂ. ഞാൻ ചായ എടുക്കാം "ഭുവൻ പറഞ്ഞപ്പോൾ കൂടെ എണീറ്റു. "ഞാനും സഹായിക്കാം. ഭുവൻ ഒറ്റക്ക് .... "
അതു കേട്ടു ഭുവൻ ചിരിച്ചു.. "വേണ്ട ഞാൻ ഇവിടെ ഒറ്റക്ക് തന്നെയല്ലേ മായാ... ഇതൊക്കെ എനിക്ക് ശീലമായി തുടങ്ങി."
എന്നിട്ടും ഭുവന്റെ പുറകെ പോയി അയാൾ ഇടതു കൈകൊണ്ടു പാത്രം കഴുകുന്നതും വെള്ളം തിളപ്പിക്കുന്നറ്റും ചായ ഇടുന്നതുമൊക്കെ വെറുതെ നോക്കി നിന്നു. തിരികെ വന്നു ചായക്കപ്പ്‌ നീട്ടി ഭുവൻ മെല്ലെ പറഞ്ഞു തുടങ്ങി..
"ഞാൻ ഒളിച്ചോടുകയായിരുന്നില്ല മായാ... എന്റെ മനസ്സ് പെട്ടെന്ന് ശൂന്യമായതു പോലെ തോന്നി.. അക്ഷരങ്ങളൊന്നും അവിടെ തെളിയാത്തത് പോലെ... നിനക്കറിയാമോ മായാ, മൃണാളിനി വരുന്നത് വരെ അക്ഷരങ്ങളെ മാത്രമേ ഞാൻ പ്രണയിച്ചിരുന്നുള്ളു... അവളെങ്കിലും എന്നെ മനസിലാക്കിയിരുന്നു എന്നു വിശ്വസിച്ചിരുന്നു ഞാൻ... പക്ഷെ ഞാൻ അറിയുന്നു മായാ..... ഒരെഴുത്തുകാരൻ അയാളുടെ ലോകത്തു എന്നും ഒറ്റക്കാണ്...അയാളുടെ അക്ഷരങ്ങളെ മാത്രമേ എല്ലാവരും സ്നേഹിക്കുന്നുള്ളു ... എനിക്ക് ഒന്നിനും കഴിയുന്നില്ല മായാ.. ചിന്തകൾ പോലും എന്നെ വിട്ടൊഴിയുന്നതു പോലെ.... "
കുറച്ചു നേരം അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു.. ബാഗിൽ നിന്നും ഒരു പഴയ പത്രമെടുത്തു ഭുവന്റെ മുന്നിൽ വെച്ചു..
"നോക്കു ഭുവൻ... അന്നത്തെ ആ കലാപത്തിൽ മരണപെട്ട പെൺകുട്ടിയാണ്...ചേതന... മരിക്കുമ്പോൾ അവൾക്ക് 17വയസ്സ് മാത്രമായിരുന്നു പ്രായം.. ഭുവന്റെ കടുത്ത ആരാധികയായിരുന്നു അവൾ..."
"മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് ഞാൻ അവളെ കാണാൻ ചെന്നിരുന്നു... പകുതി ബോധത്തിലും അവൾ എന്നോട് പറഞ്ഞത്..
"ഭുവൻ സർ ജീവിച്ചിരിപ്പില്ലേ.. എനിക്ക് അദ്ദേഹത്തെ കാണണം" എന്നാണ്.. ചേതനയെ പോലെ എത്രയോ പേർ അന്ന് ഭുവന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചിരുന്നു.... ഭുവൻ എന്ന എഴുത്തുകാരനിൽ നിന്നും ഇനിയും അവർ ഏറെ പ്രതീക്ഷിച്ചിരുന്നു... ആ തൂലികയിൽ നിന്നും പിറക്കുന്ന പുതിയ പുതിയ വിസ്മയങ്ങൾക്കായി കാത്തിരുന്നു.. ചിന്തകളിൽ നന്മ കലരുമ്പോൾ സൃഷ്ടികൾ ദൈവീകമാകുന്നു ഭുവൻ... ഭുവൻ എന്ന എഴുത്തുകാരന് ഇനിയും ലോകത്തോട് ഏറെ പറയാനുണ്ട്... അനീതിക്കെതിരെ തൂലിക ചലിപ്പിക്കേണ്ടതുണ്ട്..
ഒരു എഴുത്തകാരനെ സമൂഹം സ്നേഹിക്കും വെറുക്കും... ഒരിക്കലും ആ വികാരങ്ങളുടെ പൊരുൾ അന്വേഷിച്ചു നമ്മൾ പോകേണ്ടതില്ല ഭുവൻ... അന്ന് ഭുവനെ ആക്രമിച്ചവരിൽ ആരും ആ പുസ്തകം കണ്ടിട്ടു പോലുമുണ്ടാവില്ല....മത രാഷ്ട്രീയത്തിന്റെ ഇരകൾ മാത്രമാണ് അവർ..... ലോകം ഇപ്പോഴും ഭുവൻ എന്ന എഴുത്തുകാരന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.... ആളിക്കത്തുന്ന ചിന്തകളുടെ ചൂടേറ്റു അക്ഷരങ്ങൾ ഇനിയും പുനർജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നീ അന്ന് ആഗ്രഹിച്ചത് പോലെ ദൈവം അതിനായി നിനക്ക് ആ ഇടതു കൈ തിരിച്ചു തന്നില്ലേ ഭുവൻ.. !!"

*******
കാറിന്റെ കീ എടുത്തു മെല്ലെ എണീറ്റു..
"യാത്ര ചോദിക്കുന്നില്ല... എനിക്കുറപ്പാണ് നമ്മളിനിയും കണ്ടു മുട്ടും."
അതു പറഞ്ഞു പുറത്തേക്കു നടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു.. ഭുവൻ തിരിച്ചു വരും.. അക്ഷരങ്ങൾ കൊണ്ടു ഇനിയുമിനിയും മായാജാലങ്ങൾ സൃഷ്ടിക്കും.. ഭുവൻ എന്ന എഴുത്തുകാരന് ഒരിക്കലും അടങ്ങി ഇരിക്കാനാവില്ല.. !
********
മായ പോവുന്നത് നോക്കി ഭുവൻ ഇരുന്നു.. മുന്നിൽ ഇരിക്കുന്ന പത്രം മെല്ലെ എടുത്തു...
. ഉള്ളിൽ ഉറഞ്ഞു കൂടിയ മഞ്ഞു ഉരുകുന്ന പോലെ...
മൃണാളിനിയുടെ മുഖം മെല്ലെ മാഞ്ഞു പോകുന്നു.. ചേതനയുടെ മുഖം തെളിഞ്ഞു വരുന്നു... ഉള്ളിൽ അണയാൻ വെമ്പി നിൽക്കുന്ന ഒരു കൊച്ചു തീ നാളം പതുക്കെ ആളി കത്തുന്നു... അതിന്റെ ചൂടേറ്റു ഉറങ്ങി കിടക്കുന്ന അക്ഷരങ്ങൾ എഴുന്നേൽക്കുന്നു....
ശരീരം ചുട്ടു പൊള്ളുന്ന പോലെ... ഭുവന്റെ കണ്ണുകൾ മെല്ലെ തന്റെ ഇടതു കൈയിലേക്ക് നീണ്ടു... ദൈവം തിരിച്ചു തന്ന കൈ. .... പതുക്കെ എഴുന്നേറ്റു മേശക്കരികിലേക്കു നീങ്ങി.. അവിടെ ചിതറി കിടന്ന പുസ്‌തകങ്ങൾ നോക്കി നിന്നപ്പോൾ ഒരു നിമിഷം ആ കണ്ണുകൾ അടഞ്ഞു....
മെല്ലെ വളരെ മെല്ലെ, ഭുവൻ ചന്ദ്ര ഘോഷ് എന്ന എഴുത്തുകാരന്റെ ഇടതു കൈ തൂലികയിലേക്കു ചലിച്ചു. മൂന്നു വർഷങ്ങൾക്കു ശേഷം.. !!!!
ശ്രീകല മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot