Slider

ജീവിക്കാൻ മറന്നുപോയവർ

0
Image may contain: നിയാസ് വൈക്കം, beard and closeup

====(=(=)=)====
" അല്ലെങ്കിലും
നിനക്ക് എന്താണ് ഇവിടെ പണി.? "
ഹരി ദേഷ്യത്തോടെ അടുക്കളയിലേയ്ക്ക് ചെന്നു.
" കുട്ടികൾ സ്‌കൂളിൽ പോയി കഴിഞ്ഞാൽ നിനക്കെന്താണ് പണി എന്നാണു ചോദിച്ചത് ?. "
ഉച്ച ഭക്ഷണം ക്യാരി ബാഗിൽ വെക്കുകയായിരുന്ന അശ്വതിയോടു വീണ്ടുമയാൾ ചോദിച്ചു. കണ്ണീരിൽ കുതിർന്ന അവളുടെ മൗനം അയാളെ ഏറെ അസ്വസ്ഥനാക്കി .
എന്തെങ്കിലും ചോദിച്ചാൽ മുതലക്കണ്ണീർ ഒഴുക്കി വായിൽ പഴം വിഴുങ്ങിയ പോലെ നിൽക്കും ശവം . "
എടീ ഇങ്ങനെയാണോടീ ഷർട്ട് തേക്കുന്നത്?.
എടീ.. എന്നെങ്കിലും നീ.. ഇതൊന്നു... മര്യാദക്ക് തേച്ചത് ഇടാൻ പറ്റുമോ എനിയ്ക്ക് .?....
കയ്യിലിരുന്ന ലിനൻ ഷർട്ട് അവളുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞുകൊണ്ട് തിരികെ നടന്നു.
ഏതു നേരത്താണോ ഇവളെയൊക്കെ... "
പിറുപിറുത്തുകൊണ്ട് ബെഡ് റൂമിലെ അലമാര വലിച്ചു തുറന്ന് അടുക്കി വെച്ചിരുന്ന തുണികൾ ഇളക്കി മറിച്ചു ഒരു ടീ ഷർട്ട് വലിച്ചെടുത്തു.
ധൃതീയിൽ എടുത്തിട്ട് സിറ്റൗട്ടിൽ ടിഫിനുമായി നിൽക്കുന്ന അശ്വതിയെ അവഗണിച്ചു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അയാൾ പുറത്തേയ്ക്കു പോയി.
============
ഇന്റെൻസീവ് കെയർ യൂണിറ്റിന്റെ തണുത്ത അന്തരീക്ഷത്തിലും വിയർക്കുന്നത് പോലെ അയാൾക്ക് തോന്നി.ആത്മാവിനെ പിടിച്ചു നിർത്താനുള്ള എല്ലാ ശ്രമവും പാഴാകുകയാണ്. കൃത്രിമമായി നൽകി കൊണ്ടിരിക്കുന്ന ഓക്സിജൻ മാസ്ക് എടുത്തുമാറ്റിയാൽ തീരുന്ന അകലത്തിൽ നിൽക്കുകയാണ് മരണം. അരുതേ എന്റെ ആത്മാവിനെ കൊണ്ടുപോകരുതേ എന്ന് അപേക്ഷിക്കുകയാണ് ശരീരം. സത്യത്തിൽ ഓടി തീരാനൊരുപാടുണ്ടായിരുന്നു. തുടങ്ങി വെച്ചത് പലതും പാതി വഴിയിലാണ്. !ഞായറാഴ്ച വീട്ടിൽ കൊണ്ടുപോകാമെന്ന് അതൃപ്തിയോടെയാണെങ്കിലും അശ്വതിയ്ക്കു വാക്കു കൊടുത്തതാണ്. രണ്ടു മാസമായി പറയുന്നു, പക്ഷെ കേൾക്കാൻ എവിടെ നേരം.!. തിരക്കിട്ട ജീവിതത്തിൽ പലതും ഒഴിവാക്കേണ്ടി വന്നു. അടുത്ത വെക്കേഷന് ടൂർ കൊണ്ടുപോകാമെന്ന് മക്കൾക്ക് ഉറപ്പു കൊടുത്തതാണ്. പറയാൻ തുടങ്ങിയിട്ട് കാലമേറെ ആയതുകൊണ്ട് അവരത്ര വിശ്വസിച്ചിട്ടില്ല. തുടങ്ങി വെച്ച പ്രൊജെക്ടുകൾ, തുടങ്ങാനുള്ള മറ്റുള്ളവ തുടങ്ങി പലതും. വീട്ടിൽ നിന്ന് പോരുമ്പോൾ ജനലിൽ വെച്ച് മറന്ന കണ്ണട അവിടെ തന്നെ ഉണ്ടാകുമോ ? ധൃതിയിൽ ഇറങ്ങിയപ്പോൾ ഓഫാക്കാൻ മറന്ന തന്റെ കമ്പ്യൂട്ടർ ആരെങ്കിലും ഓഫാക്കി കാണുമോ. ?
ഒരുമാസത്തെ സ്റൈറ്മെന്റ് ഇന്ന് രാത്രി ചെയ്തു തീർത്തു നാളെ ഫയൽ ചെയ്യാമെന്ന് എം ഡീ യ്ക്ക് വാക്കുകൊടുത്തിരുന്നതല്ലേ.
ഇന്നലെ മീറ്റിങ്ങിനു പോകുമ്പോൾ തനിക്ക് ഇടാനുള്ള ഡ്രെസ്സ് തേച്ചതു ചുളിവ് നിവർന്നില്ല എന്ന് പറഞ്ഞു അലമാരയിൽ നിന്ന് വലിച്ചു പുറത്തേക്കെറിഞ്ഞത് ചെന്ന് പതിച്ചത് അശ്വതിയുടെ മുഖത്തായിരുന്നില്ലേ. ? നിറകണ്ണുകളോടെ അവൾ വീണ്ടും ഇസ്തിരിയിട്ട ആ വസ്ത്രം ഇനിയാരിടും ? ആരൊക്കെയോ വന്നു പോകുന്നുണ്ട്. ചിലരൊക്കെ നഴ്സിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
" ശ്രമിക്കുന്നുണ്ട് എല്ലാം ദൈവത്തിന്റെ കയ്യിൽ. ജീവൻ രക്ഷിച്ചാലും കിടക്കയിൽ നിന്നും എഴുനേൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അമ്മാതിരി ആക്സിഡന്റല്ലേ. എതിരെ വന്ന ടിപ്പറിന്റെ സൈഡിൽ മിറർ ഉടക്കിയതാണെന്ന് കേൾക്കുന്നു. നെഞ്ച് വഴി ടയർ കയറിയിറങ്ങിയിട്ടുണ്ട്. "
ലാഘവത്തോടെ പലരോടും നഴ്സ് പറയുന്നതു പലവുരു കേട്ടതുകൊണ്ടു ഇപ്പോൾ ഒരു നടുക്കമില്ല. വെറും നിസ്സംഗത മാത്രം.
എന്തായിരുന്നു രാവിലത്തെ തിടുക്കം, ഒരു നിമിഷം പോലും കളയാതെ ഓടിയാൽ തന്നെ തീരാത്തത്ര ജോലി ഉണ്ടായിരുന്നു. ഈ ഓട്ടത്തിനിടയിൽ കുടുംബം എന്നതിന്റെ അർഥം പോലും മറന്നുപോയി. യാന്ത്രികമായ ഭർത്താവും പിതാവുമായി കാലം കഴിഞ്ഞുപോയി.
അശ്വതിയുടെ അടച്ച മുറിയിലെ തലയിണയിൽ കുതിർന്ന കരച്ചിലുകൾ കേൾക്കാൻ നേരം കിട്ടിയില്ല. മനഃപൂർവം ഗൗനിച്ചില്ല എന്ന് പറയുന്നതാവും ഏറെ ശരി.
"അച്ഛാ ഒന്ന് ബോളെറിഞ്ഞു താ അച്ഛാ "
നാലാം ക്ലാസുകാരന്റെ നിഷ്കളങ്കതയെ കണ്ണുരുട്ടി പേടിപ്പിച്ചു.
"എന്താണച്ഛാ എന്നെ പാട്ടുപാടി ഉറക്കാൻ അച്ഛൻ വരാത്തത്? "
മോളുടെ പരിഭവവും വാട്സ് ആപ് ചാറ്റിങിനിടയിൽ കണ്ടില്ലെന്നു നടിച്ചു. നിലംതൊടാതെയുള്ള പരക്കം പാച്ചിലായിരുന്നു. എന്ത് നേടി എന്നതിനപ്പുറം എന്തിനായിരുന്നു എന്ന് ചോദിക്കുന്നതായിരിക്കും നല്ലത്.
സത്യത്തിൽ ഇപ്പോളും താനല്ലാത്ത എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ തന്നെയാണ് നടക്കുന്നത്. തിരക്കിട്ട ഓട്ടത്തിനിടയിൽ പെട്ടെന്ന് വന്നു കണ്ടുപോയവർ , തിരക്കിനിടയിൽ ഇതുവരെ വന്നെത്താത്തവർ, അവിശ്വസനീയം എന്ന് നെടുവീർപ്പിടുന്നവർ എല്ലാം വിളിപ്പാടകലെയുണ്ട്. ഉറക്കത്തിലല്ലാതെ കൈവിടാതിരുന്ന എന്റെ സ്വകാര്യമായിരുന്ന മൊബൈൽ ഫോൺ ഇപ്പോളും ചിലക്കുന്നുണ്ടാവണം.
വാട്സ്ആപ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ നിറഞ്ഞിട്ടുണ്ടാവും. ഫേസ്ബുക്കും ട്വിറ്ററും മെസ്സെഞ്ചറുമൊക്കെ പച്ച ബൾബ് കത്തി ഞാനിപ്പോളും ലൈവിൽ ആണെന്ന് കാണിയ്ക്കുന്നുണ്ടാവും.
അപകടമറിഞ്ഞവരുടെ ചോദ്യങ്ങളും
പ്രാർത്ഥനാ നിർഭരമായ മെസ്സേജുകളും അക്കൂട്ടത്തിൽ ഉണ്ടായിരിക്കണം .
ധിക്കാരിയെന്നും തന്റേടിയെന്നും മുദ്രകുത്തിയവർ പോലും ഒരു ഞെട്ടലോടെ മൗനമായി പ്രാര്ഥിക്കുന്നുണ്ടാവും.
" ഏറ്റവും വേണ്ടപ്പെട്ടവരെ അകത്തേയ്ക്കു വിളിയ്ക്കൂ... "
ഹെഡ് നേഴ്സ് ഡ്യൂട്ടി നഴ്‌സിന് നിർദ്ദേശം കൊടുത്തു.
" മാസ്ക് എടുത്തു മാറ്റിക്കോളാൻ ഡോക്ടർ പറഞ്ഞു. ഇനി നോക്കണ്ട. രക്ഷയില്ല. "
കാലുകളിൽ പെട്ടെന്ന് തണുപ്പ് കയറും പോലെ. അതെ അശ്വതിയാണ്. അവളുടെ ചുടുകണ്ണുനീർ പാദങ്ങളെ പൊള്ളിക്കുന്നത് പോലെ. അതെ ആ പൊള്ളൽ കാലിലൂടെ മുകളിലേക്ക് കയറി ഹൃദയത്തെ കത്തിക്കുകയാണ് .
രണ്ടു വശങ്ങളിലും പൊന്നു മക്കൾ കയ്യിൽ പിടിച്ചു പൊട്ടി കരയുകയാണ്. അച്ഛനെ കളിക്കാൻ വിളിക്കുന്നതുപോലെ. അല്ല അൽപ നേരം ഒന്ന് കെട്ടിപ്പിടിക്കാൻ പറയുന്നതുപോലെ. ഇങ്ങനെത്തന്നെ കുറച്ചു നേരം കൂടി എന്റെ മക്കൾ അരികത്തുണ്ടായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.
ഒരിയ്ക്കൽ, ഒരിയ്ക്കൽ മാത്രം നിവർന്നു നിന്ന് അശ്വതിയെ ഒന്ന് നെഞ്ചോടു ചേർത്ത് പിടിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... അൽപ നേരം മുട്ട് കുത്തി നിന്ന് തന്റെ പൊന്നു മക്കളുടെ മുഖങ്ങളെ കവിളുകളോട് ചേർത്തു വെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
" മതി പൊയ്ക്കൊള്ളൂ. "
കാലുകളിൽ കെട്ടിപ്പിടിച്ചിരുന്ന അശ്വതിയുടെ കൈകളെ....
ഇരുവശവും നിൽക്കുന്ന പൊന്നുമക്കളെ...
അവർ ബലം പ്രയോഗിച്ചു വലിച്ചു മാറ്റുകയാണ്.
അശ്വതിയുടെ കണ്ണുകളിൽ നിന്നടർന്നു വീണ കണ്ണീരിന്റെ ചൂട് കാൽവിരലിലൂടെ ശരീരത്തിലേയ്ക്കു പടർന്നുകയറി അയാളുടെ കൈകളിൽ പിടിച്ചു വാവിട്ടുകരയുന്ന പൊന്നു മക്കളിലേയ്ക്ക്....
വിട്ടുകൊടുക്കാൻ ഇഷ്ടമില്ലാത്തപോലെ ആ കൈവിരലികൾ പിഞ്ചുകരങ്ങളെ അമർത്തിപ്പിടിച്ചുവോ.?
കാൽവിരലുകൾ അശ്വതിയുടെ കര സ്പര്ശനത്തിനായി കൊതിയ്ക്കുംപോലെ
ചെറുതായ് ചലിച്ചുവോ?
" മാഡം ഈ പേഷ്യന്റിന്റെ ബോഡി ഹീറ്റാവുന്നുണ്ട്.
അയാളുടെ ശരീരം പ്രതികരിയ്ക്കുന്നുണ്ട്. "
റിപ്പോർട്ട് എഴുതാൻ ഫയൽ എടുത്തുകൊണ്ടിരുന്ന ഹെഡ് നഴ്‌സിന്റെ ഫോൺ ഡോക്ടറുടെ നമ്പർ തിരയുന്ന തിരക്കിൽ ആ ജീവനുവേണ്ടി ഭൂമിയിലെ മാലാഖമാർ അയാൾക്ക് ചുറ്റും അണിനിരന്നു.
ആത്മാവിനെ ആനയിക്കാൻ വന്ന ആകാശത്തിലെ മാലാഖമാർ അശ്രുബിന്ദുക്കൾ പൊഴിച്ച് കൊണ്ട് പിന്നോട്ട് മാറി.

By: Niyas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo