നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒടുവിലെത്തെ മെഴുതിരി അത്താഴം (കഥ )



മടിയിൽ കിടന്ന “വനിത”യിലെ മുഖ ചിത്രത്തിൽ മഞ്ജു വാരിയരുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ അമൃതക്കു അവരോടസൂയ തോന്നി.
വിശാലമായ നീലാകാശം എല്ലാവര്ക്കും സ്വന്തമായുണ്ട്. പക്ഷെ സ്വതന്ത്രമായതിൽ പറന്നു നടക്കാൻ എത്ര പേർക്ക് കഴിയുന്നു ?
“അമൃത നമുക്കൊരു ഡിന്നറിനു പോയാലോ.. ?”എതിരെയുള്ള
സോഫയിൽ അത്ര നേരം മൊബൈലിൽ പണിതു കൊണ്ടിരുന്ന നിവിന്റെ സ്വരം അമൃത ശ്രദ്ധിച്ചില്ല . അവൾ മഞ്ജുവിനോടൊപ്പം പറക്കുകയായിരുന്നു .
" ങേ ..നിവി എന്താ പറഞ്ഞത് ?"
" നീ ഈ ലോകത്തല്ലേ ? " നിവിൻ ദേഷ്യപ്പെട്ടു. " വേഗം റെഡി ആവൂ ..ഒരു ഡിന്നറിനു പോവാം "
അമൃതക്ക് താൻ കേട്ടത് വിശ്വസിക്കാൻ സാധിച്ചില്ല. വിവാഹത്തിന്റെ ആദ്യ നാളുകളിൽ മിക്ക രാത്രികളിലും ഉണ്ടായിരുന്നു മെഴുതിരി അത്താഴങ്ങൾ. കത്തിച്ചു വെച്ച ചുവന്ന മനോഹരങ്ങളായ മെഴുകുതിരികളുടെ അപ്പുറവും ഇപ്പുറവുമിരുന്നു , കഥകൾ പറഞ്ഞു നീണ്ടു പോയ രാവുകൾക്കു ഭംഗിയേറെയായിരുന്നു. രണ്ടു വര്ഷം കഴിഞ്ഞപ്പോൾ തന്നെ അവയുടെ ഭംഗി നഷ്ടപ്പെട്ടു തുടങ്ങി.
കുട്ടികളില്ലാതെ ജീവിതം മടുപ്പോടെ നീട്ടി വലിച്ചു വീണ്ടും രണ്ടു വര്ഷം ...
കഴിഞ്ഞ ആറുമാസമായി വല്ലാത്ത വിമ്മിഷ്ടത്തോടെ പകലുകൾ ഉണരുന്നു .രാവുകൾ ഉറങ്ങുന്നു.
പലപ്പോഴും ഒരു “ബൈ” പറഞ്ഞു നിർത്തണമെന്ന് തോന്നുമ്പോൾ അങ്ങിനെയങ് പോവാൻ സാധിക്കുമോ എന്ന ചോദ്യവുമായി കഴുത്തിലെ താലി..
ഓഫീസിൽ എത്ര പേരാണ് വിവാഹ മോചനം നേടുന്നത്. എന്നിട്ടും നല്ല സുഹൃത്തുക്കളായി തുടരുന്നവർ. ഒരു വേള വിവാഹ മോചനം നടന്നാൽ ഒരു നല്ല സുഹൃത്തായി തനിക്കു നിവിനെ കാണാൻ കഴിയുമോ ? സംസാര വേളയിൽ അവന്റെ കണ്ണുകളുമായി ഉടക്കുമ്പോൾ , അവൻ കാണിച്ച കുസൃതികളോര്ത്തു ചൂളില്ലേ ?
അമൃത താലിയിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി..
നിവിൻ ധൃതി കൂട്ടിയപ്പോൾ അവൾ ഒരുങ്ങാനായി അകത്തേക്കു നടന്നു.
ഒരു പക്ഷെ ഈ അത്താഴം എല്ലാത്തിനും തുടക്കമായെങ്കിലോ?
മേൽ കഴുകി വന്നു അലമാര തുറന്നു ഏതു വസ്ത്രം ധരിക്കണമെന്നു അമൃത ആലോചിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി നിവിൻ അകൽച്ച കാണിക്കുന്ന തന്റെ ശരീരത്തിനെ, അവനെ ആദ്യം കണ്ടപ്പോളുടുത്തിരുന്നു മഞ്ഞ സാരി കൊണ്ട് സുന്ദരമാക്കാൻ അമൃത തീരുമാനിച്ചു.
“ അമൃത ,എനിക്ക് മഞ്ഞ നിറം തീരെ ഇഷ്ടമല്ല.. പക്ഷെ നിനക്ക് അത് നന്നായി ചേരുന്നു. ഇപ്പോൾ ഞാൻ മഞ്ഞയെ പ്രണയിക്കാൻ തുടങ്ങി”
വിവാഹം ഉറപ്പിച്ച നാളുകളിലെ ഫോൺ കാളുകളിൽ നിവിന്റെ
വാക്കുകൾ..
സാരിക്ക് നാലു നാലു വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും ഡ്രൈ ക്ളീൻ ചെയ്തു സൂക്ഷിച്ചിരുന്നതിനാൽ അത് പുതുമയോടെ ഇരിക്കുന്നു. ഈ പുതുമ തങ്ങൾക്കെന്തു കൊണ്ട് വിവാഹ ജീവിതത്തിൽ നില നിർത്താൻ പറ്റിയില്ലെന്ന ചിന്ത അമൃതയെ അലട്ടി.
അമൃത സാരി ദേഹത്ത് ചേർത്ത് പിടിച്ചു. അതിന്റെ മഞ്ഞ ബ്ലൗസ് വിവാഹ ശേഷം ചെറുതായി തടിച്ച ശരീരത്തിന് പാക മാവില്ലെന്നവൾക്കറിയാമായിരുന്നു.
കടും പച്ചയും ചുവപ്പും കലർന്ന സിൽക്ക് ബ്ലൗസെടുത്തു അമൃത അതിനോടൊപ്പം അണിഞ്ഞു. ഒരുപാടു നാളുകൾക്കു ശേഷമുള്ള ഈ അത്താഴത്തിനു നിവിന്റെ മുന്നിൽ സുന്ദരിയാവണമെന്ന വാശിയിൽ മുഖത്തു ഫൗണ്ടേഷനും കണ്ണുകളിൽ മസ്കാരയും പുരട്ടി.. നീളമേറിയ മുടി ബ്രഷ് ചെയ്തു വിടർത്തിയിട്ടു.
“ നിവിൻ എങ്ങിനെ ഉണ്ട് ?”
ബെഡ്റൂമിൽ നിന്നും പുറത്തേക്കു വന്നു അമൃത ചോദിച്ചു. പക്ഷെ അപ്പോഴേക്കും അയാൾ വണ്ടി എടുക്കാനായി താഴേക്കു പോയ് കഴിഞ്ഞിരുന്നു.
നിരാശയോടെ അമൃത ഫ്ലാറ്റ് പൂട്ടി . അവൾ കോണിപ്പടിയിറങ്ങി പോർച്ചിലെത്തിയപ്പോൾ കാറുമായി നിവിൻ മുന്നിലേക്ക്. ഈ കൃത്യതയുംപല കാര്യങ്ങളിലും തങ്ങൾക്കു പാലിക്കാൻ കഴിഞ്ഞില്ലല്ളോ?
മുൻ സീറ്റിലിരിക്കുമ്പോൾ നിവിന്റെ നോട്ടം ഒരിക്കൽ പോലും തന്നിലേക്ക് പാളി വീഴുന്നില്ലെന്നു അമൃത അറിഞ്ഞു. അത്താഴത്തിനു പോവാമെന്നു നിവിൻ പറഞ്ഞതിന് ശേഷം ആദ്യമായി അവൾക്കു നിരാശ തോന്നി.
എന്തായിരിക്കും ഈ അത്താഴ വേളയിൽ നിവിൻ ഒരുക്കിയ സർപ്രൈസ്!നിവിന്റെ പിന്നാലെ ടേബിളിലേക്കു നടക്കുമ്പോൾ അമൃത ചിന്തിച്ചത് അതായിരുന്നു
ടേബിളിൽ ഇരുന്നു കഴിഞ്ഞപ്പോൾ വെയ്റ്റർ വന്നു മെഴുതിരി കത്തിക്കട്ടെ എന്ന് നിവിനോട് ചോദിച്ചു. അവൻ അനുവാദം കൊടുത്തപ്പോൾ അമൃതയുടെ മനസ് വീണ്ടും തുള്ളിച്ചാടി.. അയാൾ ചുവന്ന രണ്ടു മെഴുതിരികൾ കത്തിച്ചു വെച്ചതിനു ശേഷം ലൈറ്റർ അതിനരികെ വെച്ചു.
ഈ മെഴുതിരി വെട്ടത്തിൽ നിവിനോട് പറയാനുള്ള കാര്യങ്ങൾ അവൾ മനസ്സിൽ കണക്കു കൂട്ടി. എത്ര അകൽച്ച ഉണ്ടായാലും അവന്റെ ഒറ്റ നോട്ടത്തിൽപ്രണയത്തിന്റെ നിലയില്ലാ കയത്തിലേക്ക് താൻ കൂപ്പു കുത്തുകയാണെന്നു അവനറിയുന്നോ ? അത് കൊണ്ടായിരിക്കുമോ ഒരിക്കൽ പോലും അവൻ മുഖമുയർത്തി നോക്കാത്തത്..
അമൃത നിവിനെ ശ്രദ്ധിച്ചു . അവന്റെ കണ്ണുകൾ മൊബൈലിലും പിന്നെ വാതിക്കലേക്കും ആണെന്ന് അവൾ അറിഞ്ഞു. ഇനി ആരെങ്കിലും ഈ അത്താഴത്തിനു തങ്ങളുടെ കൂടെ ഉണ്ടോ ?ചിലപ്പോഴെല്ലാം അങ്ങിനെ സംഭവിക്കാറുണ്ട്. നിവിന്റെ അടുത്ത സുഹൃത്തുക്കൾ ആരെങ്കിലും ഭാര്യയുമായി ഒപ്പം കൂടാറുണ്ട്. നിവിനോട് ചോദിക്കാൻ അവൾക്കു മടി തോന്നി. വേണ്ടായിരുന്നു .. ഈ സായാഹ്നം നമുക്ക് മാത്രം മതിയായിരുന്നു നിവിൻ..
നിവിന് തന്നോടും തനിക്കു അവനോടും ഒന്നും പറയാനില്ലെന്ന് മനസിലായപ്പോൾ എതിരെ ചുവരിൽ വെച്ചിരിക്കുന്ന ടി വിയിലേക്കു അമൃത നോക്കി. പുതിയ ചിത്രങ്ങളിലെ ചലച്ചിത്ര ഗാനങ്ങളാണ്..
പെട്ടെന്ന് നിവിൻ വാതില്കലേക്കു എഴുന്നേറ്റു പോവുന്നത് കണ്ടു അമൃതയുടെ കണ്ണുകൾ അവനെ പിന്തുടർന്നു . റെസ്റ്റോറന്റിലേക്കു കടന്ന നീല ചുരിദാറുകാരിയുടെ കൈ പിടിച്ചു നിവിൻ ടേബിളിനരികിലേക്കു നടന്നു. അമൃതക്ക് അവളെ മനസിലായി. മൃണാളിനി എന്ന മിനി. നിവിന്റെ ആദ്യ പ്രണയിനി.
നിവിന്റെ ഒപ്പം കൽക്കട്ടയിൽ ജോലി ചെയ്തിരുന്നവളാണ് മിനി. പിന്നെ അവൾ വേറൊരുത്തനെ വിവാഹം കഴിച്ചു. അഞ്ചാറ് മാസങ്ങൾക്കു മുന്നേ നിവിൻ ഒരിക്കൽ അമൃതയോടു പറഞ്ഞിരുന്നു മിനി ട്രാൻസ്ഫെരായി കൊച്ചിയിൽ എത്തിയെന്നു. അതിനു ശേഷം അവനിൽ പ്രകടമായ മാറ്റങ്ങളും കണ്ടിരുന്നു. ആദ്യ പ്രണയത്തെ മറക്കാൻ പുരുഷനെ പെട്ടെന്ന് സാധിക്കില്ലെന്ന് എവിടെയോ വായിച്ചതു അമൃത ഓര്ത്തു. പ്രണയത്തിൽ ചതിച്ച പെണ്ണിനെ വീണ്ടും സ്നേഹിക്കാൻ പുരുഷന് കഴിയുമോ ? അതെങ്ങും വായിച്ചതായി അവൾക്കു ഓർക്കാൻ കഴിഞ്ഞില്ല.
വിവാഹം കഴിഞ്ഞ നാളുകളിൽ നിവിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുമ്പോഴാണ് കത്തി കൊണ്ട് കരളിൽ വരയുന്ന പോലെ അവൻ പറഞ്ഞത് .
“ഞാൻ ആദ്യം ചുംബിച്ച പെണ്ണ് മൃണാളിനി..”അവൻ എന്തിനാണ് അത് തന്നോടപ്പോൾ പറഞ്ഞതെന്ന് പിനീട് പലകുറി അമൃത ആലോചിച്ചിട്ടുണ്ട്. ഒടുവിൽ തനിക്കു പിടിതരാത്ത നിവിന്റെ കാര്യങ്ങളിൽ ഒന്നായി അതിനെ തള്ളി.
“ ഹായ് അമൃത”
നിറഞ്ഞ ചിരിയോടെ മിനി അവൾക്കടുത്തിരുന്നു..
അമൃത നിവിനെ നോക്കി..പിന്നെ മിനിയെയും. സാധാരണ ബംഗാളി സ്ത്രീകളുടെ സൗന്ദര്യം അവൾക്കില്ല .എങ്കിലും നല്ല നിറവും നീണ്ട മൂക്കും എന്തോ ഒരു ആകർഷണം അവൾക്കു നൽകി..
“ അമൃത കുറെ നാളുകളായി നിനോട് പറയണമെന്ന് വിചാരിക്കുന്നു. നിനക്കും മനസിലായി കഴിഞ്ഞു കാണുമല്ലോ.. ഇനി നമ്മുടെ ബന്ധം തുടരുന്നതിൽ അര്ത്ഥമില്ല. നമുക്കു പിരിയാം.. “
നിവിൻ ആ വൈകുന്നേരം ആദ്യമായി അമൃതയെ നോക്കി.
അമൃത ചിരിച്ചു. അപ്പോൾ എല്ലാം കഴിഞ്ഞു . കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങൾക്കിടയിലെ അകൽച്ച, ഏതാനും വാക്കുകൾ കൊണ്ട് നിവിൻ പൂർത്തിയാക്കി.അമൃതക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..
നിവിനും മിനിയും അവളുടെ സാന്നിധ്യം പോലും മറന്നു അവരുടെ ലോകത്തേക്ക് മടങ്ങിയിരുന്നു. അവർക്കിടയിൽ ചുവന്ന മെഴുതിരി വെട്ടം.
ഇനി അവിടെ ഇരിക്കണോ എന്നറിയാതെ അമൃത കുഴങ്ങി. ഭർത്താവിനും പുതിയ കാമുകിക്കുമിടയിൽ ഒന്നും ചെയ്യാനില്ലാതെ ഭാര്യ. അമൃതക്കു തന്റെ അവസ്ഥയോർത്തു ചിരി വന്നു.
പെട്ടെന്ന് അമൃത ശ്രദ്ധിച്ചു. അതി സുന്ദരനായ ഒരു പുരുഷൻ അവർക്കു എതിരിയുള്ള മേശയിൽ വന്നിരുന്നു. അത് കണ്ടതും മിനി അസ്വസ്ഥയാവാൻ തുടങ്ങി. ആ അസ്വസ്ഥത നിവിനിലേക്കും പകർന്നു.
നല്ലൊരു ഗെയിം കാണാനായി അമൃത തയ്യാറെടുത്തു.
ഒന്നുകിൽ അയാൾ അവളുടെ ഭർത്താവ് ,അല്ലെങ്കിൽ പൂർവ കാമുകൻ. അവൾ കണക്കു കൂട്ടി. പക്ഷെ അപ്പുറത്തെ ആൾ അവരെ ശ്രദ്ധിക്കുന്നേയില്ല.
അമൃത അയാളുടെ മുഖത്തേക്കും ചുവന്ന മെഴുതിരി വെട്ടത്തിൽ കാണുന്ന നിവിന്റെ ക്ളീൻ ഷേവ് ചെയ്ത മുഖത്തേക്കും നോക്കി.
ടി വിയിൽ അവൾക്കേറെ ഇഷ്ടമായ ആമിയിലെ ഗാനം.. മഞ്ജുവിന്റെ ഗാനം.
“ നീര് മാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം
നീലാംബരി രാഗമായി താനെ നുകർന്ന നവനീതം
ചിറകാർന്നുയര്ന്നു വാനിൽ
മനമൂയലാടിയ കാലം..”
എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അമൃത എഴുനേറ്റു . നിവിനും മിനിക്കുമിടിയിൽ പ്രഭ ചൊരിഞ്ഞു നിന്ന ചുവന്ന മെഴുതിരി അവൾ ഊതി കെടുത്തി..
പിന്നെ ലൈറ്റർ കൈയിലെടുത്തു ,അവൾ അടുത്ത മേശയിലേക്കു നടന്നു.
വിശാലമായ നീലാകാശം എല്ലാവര്ക്കും സ്വന്തമായുണ്ട്. (ശുഭം ) 

സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot