
അങ്ങനെ ഡിഗ്രി കഴിഞ്ഞു എന്ത് എന്ന് മേലോട്ടു നോക്കി നിന്നപ്പോൾ ഒരു അശരീരി കേട്ടു കംപ്യൂട്ടർ.....അത് കേട്ട് ബാഗുമെടുത്തു ഇറങ്ങിതിരിച്ചതാ ബാംഗ്‌ളുർക്കു..
ആദ്യമായി ബാംഗളൂരിൽ താമസിച്ച്ത് കെ ആർ പുരത്തിനടുത്താണ്. വലിയൊരു ക്വാറിക്കു അരികിൽ ഒരു ചെറിയ ശ്മശാനത്തിനടുത്ത് ..
ചപ്പാത്തിക്ക് കുഴച്ചു അവസാനം ഗോതമ്പ് ദോശ കഴിക്കേണ്ടി വന്ന ബാംഗളൂർ യൗവന കാലഘട്ടമായിരുന്നു അത് ..
ഞങളുടെ ആദ്യത്തെ ഹൗസ് ഓണർ നാരായണപ്പ വളരെ മനോഹരമായ കാഴ്ചപ്പാടുള്ള ഹൗസ് ഓണർ അഞ്ചു വീടുകൾക്കു കൂടി ഒരു ടോയ്‌ലറ്റേ ഉണ്ടാക്കിയുള്ളൂ .. ....അതുകൊണ്ടു തന്നെ ടോയ്‌ലറ്റ് നല്ല കോലത്തിലായിരുന്നു ..ബാക്കിയുള്ളവർ ക്വാറി കൊണ്ട് തൃപ്തിപ്പെടണം എന്നായിരുന്നു നാരായണപ്പയുടെ ഒരു ഇത്..
അതുകൊണ്ട് കെ ആർ പുരത്തിലെ ആ വീട്ടിൽ ടോയ്‌ലറ്റിൽ പോകാൻ എത്ര മുട്ടിയാലും രാവിലെ ശൈലേഷ് പോയിക്കഴിഞ്ഞാൽ മാത്രമേ ഞങ്ങൾ പോകൂ ..അവൻ കുറച്ചു വൃത്തി മൂത്ത ആളാ .. മൊത്തം ക്ലീൻ ചെയ്തേ അവൻ കയറൂ..ക്ളീൻ ചെയ്തേ അവൻ ഇറങ്ങൂ ...
അവൻ ഇറങ്ങുമ്പേഴേക്കും ഒരുകിലോമീറ്റർ അകലെ ഉള്ള വാട്ടർ ടാങ്കിൽ നിന്നും ഞങ്ങൾ ബക്കറ്റ് വെള്ളത്തിന് 25 പൈസ കൊടുത്തിട്ട് വെള്ളം എടുത്തു ടോയ്‌ലറ്റിന് മുന്നിൽ ക്യു നിലക്കും.. അങ്ങനെ 8 മണിയോടെ കുളിയും തേവാരവും കഴിഞ്ഞു നേരെ ഒരു കട്ടൻ ചായ .[.അപ്പോഴേക്കും വാട്ടർ ടാങ്കിൽ വെള്ളം തീർന്നിട്ടുണ്ടാകും ]
പിന്നെ ഉച്ചവരെ എം ജി റോഡിലെ കമ്പ്യൂട്ടർ ക്‌ളാസിൽ ..അതിനു ശേഷം കബൻ പാർക്കും ,എം ജി റോഡും വെറുതെ നടന്നു നടന്നു നമ്മൾ തളരും ..പിന്നെ മേയോഹാൾ എത്തി ബസ് കാത്തു നിൽക്കും .
മാസാദ്യം ആണെങ്കിൽ (അച്ഛൻ മാസത്തിൽ അയക്കുന്ന പൈസ വല്ലതും ഉണ്ടെങ്കിൽ ) ബസ്റ്റോപ്പിന് പിന്നിലെ തട്ടുകടയിൽ നിന്ന് എഗ്ഗ് ന്യൂഡിൽസ് കഴിക്കും ..അല്ലെങ്കിൽ ഒന്നും കഴിക്കില്ല ..പിന്നെ നേരെ വീട്ടിലേക്കു ബസ് കയറും വീട്ടിലെത്തിയാൽ ഉറക്കം കണ്ണിൽ നീരാടാൻ തുടങ്ങും ..
അടുത്ത ദിവസം പിന്നെയും പതിവ് പരിപാടികൾ തുടരും
രാവിലത്തെ പതിവ് പരിപാടികൾ ഞങ്ങളെ മാനസികമായും ശാരീരികമായും തളർത്തി... വെള്ളത്തിന്റെ ബുദ്ധിമുട്ടും ടോയ്‌ലറ്റു പ്രശ്നങ്ങളും ..അങ്ങനെ ഞങ്ങൾ വേറെ വീട് അനേഷിച്ചു തുടങ്ങി ..
കിടക്കാൻ സ്ഥലമിലെങ്കിലും വേണ്ടില്ല ആവിശ്യത്തിന് വെള്ളവും സ്വന്തമായി ഒരു കക്കൂസും അതായിരുന്നു ഞങ്ങളുടെ ഏക ആവശ്യം ...
അതിനൊത്ത ഒരു സ്ഥലം ഞങ്ങൾ കണ്ടെത്തി -ടിൻ ഫാക്ടറിക്കടുത്തുള്ള ദേവരാവർ മന ...
അങ്ങനെ ഞങ്ങൾ അഞ്ചു പേർ ദേവരാവർ മനയിലെ മൂന്നാമത്തെ നിലയിൽ ആസ്ബറ്റോസ് കൊണ്ട് മേഞ്ഞ ഒറ്റ ബെഡ്‌റൂമിലേക് സ്ഥലം മാറി ...
ദേവരാവർ ആ പ്രദേശം മുഴുവൻ വെള്ളം കൊടുക്കുന്ന മഹാമനസ്കനാണ് ഒരു ബക്കറ്റിന് 50 പൈസ കൊടുക്കണമെന്ന് മാത്രം പക്ഷെ താമസക്കാർക് വെള്ളം ഫ്രീ ആണ്.. അത് ആയിരുന്നല്ലോ നമ്മടെ ആദ്യത്തെ കണ്ടീഷൻ ..മൂന്നാം നിലയിലെ ആസ്ബറ്റോസ് ഷെഡിൽ ഒരു കക്കൂസും (രണ്ടാമത്തെ കണ്ടീഷൻ ) പിന്നെ അടുക്കളയും ഉണ്ട് .. ആനന്ദലബ്ദിക്ക് പിന്നെന്തു വേണം ....കൂടാതെ വിശാലമായ ടെറിസിൽ സുഖമായി ഉറങ്ങാം ...(മഴ ഇല്ലാത്ത രാത്രികളിൽ ഞങ്ങളെപ്പോഴും പുറത്താണ് ഉറങ്ങാറ്) ..
വാടക കൂടിയതു കാരണം ഞങ്ങൾ കാശിന്റെ കാര്യത്തിൽ കുറച്ചു കരുതൽ പ്ലാൻ ചെയ്തു ..
ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു ..മാസത്തിൽ കണക്കു പറയുന്നതിന് പകരം ദിവസത്തെ ചിലവ് / കണക്കുകൾ അന്നന്ന് തീർക്കാൻ തീരുമാനിച്ചു ..
ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു ..മാസത്തിൽ കണക്കു പറയുന്നതിന് പകരം ദിവസത്തെ ചിലവ് / കണക്കുകൾ അന്നന്ന് തീർക്കാൻ തീരുമാനിച്ചു ..
ഓരോരുത്തരും വാങ്ങുന്ന ഒന്നര രൂപയുടെ തൈര് രണ്ടു രൂപയുടെ ഉള്ളി ,റവ ,500 ഗ്രാം അരി ഇതെലാം അഞ്ചായി ഹരിച്ചും ഗുണിച്ചും വിനോദ് കണക്കു അവതാരിപ്പിക്കും അവസാനം അങ്ങോട്ടും എങ്ങോട്ടും 25 പൈസയോ മറ്റോ കൊടുക്കേണ്ടി വരും അത് അന്ന് തന്നെ തീർപ്പ് കല്പിക്കും ..ഞങ്ങൾ ഒരിക്കലും കാര്യങ്ങൾ പിന്നത്തേക്കു വയ്ക്കാറില്ല ...
വലിയ പ്രശനങ്ങളില്ലാതെ ഞങ്ങൾ അങ്ങനെ തട്ടിം മുട്ടിം ജീവിച്ചു ..
അങ്ങനെ ഇരിക്കുമ്പോഴാണ് ചെറിയൊരു പ്രശനം ഉരുത്തിരിഞ്ഞു വന്നത് .ബാംഗളൂരിലെ തണുപ്പു കാരണം അലക്കിയ ഡ്രസ്സ് ഒക്കെ ഉണങ്ങാൻ ദിവസങ്ങളെടുക്കുന്നു .. പ്രത്യേകിച്ചു അടിവസ്ത്രം അഥവാ അണ്ടർവെയർ
ഈ അണ്ടർ വെയർ പ്രശ്നത്തിന് അറുതി വരുത്താൻ കൂട്ടുകാരൻ ശുബന്ദ് നാട്ടിൽ പോകേണ്ടിവന്നു ...
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു അവൻ നാട്ടിലേക്കു പോകാൻ തയ്യാറായി അവന്റെ നാട്ടിലെ അണ്ടലൂർ കാവിൽ ഉത്സവമാണ്
പോകുന്നതിനു മുൻപേ അവൻ പറഞ്ഞു ....
എടേ ഞാൻ ശശി ഏട്ടനോട് ലങ്കോട്ടി തുന്നാൻ പറയുന്നുണ്ട് നിങ്ങൾക്കു വേണോ ? അത് കൈത്തറി ആയതു കൊണ്ട് തുണി വേഗം ഉണങ്ങും ..നമ്മുടെ പ്രശ്നത്തിന് തത്കാല സൊല്യൂഷൻ ആകും ..എല്ലാരും വേറൊന്നും ചിന്തിക്കാതെ മടിക്കാതെ ലങ്കോട്ടി നാലെണ്ണം വീതം ഓർഡർ ചെയ്തു ....ഒന്നിന് 15 രൂപ
ഉത്സവം കഴിഞ്ഞു ശുബന്ദ് തിരിച്ചെത്തി ..കൈയിൽ വെട്ടി തിളങ്ങുന്ന 20 ലങ്കോട്ടിയുമായി ... വെള്ള നിറത്തിൽ പട്ടം പോലെ ലങ്കോട്ടി അവൻ്റെ കൈയിൽ നിന്ന് ആടി കളിച്ചു ... .ശുബന്ദ് ലങ്കോട്ടിയുടെ വേറെ ഗുണഗണങ്ങൾ ( എല്ലാം തള്ളാണെന്നു മനസിലായപ്പോൾ വർഷങ്ങൾ കഴിഞ്ഞിരുന്നു ) പറഞ്ഞോണ്ട് ഓരോരുത്തർക്കും ലങ്കോട്ടി കൊടുത്തു ...
അങ്ങനെ ഞങ്ങൾ ലങ്കോട്ടിയിൽ പുതിയ ജീവിതം ആരംഭിച്ചു ...
പതിവുപോലെ ദിവസത്തെ കണക്കു രാത്രയിൽ വിനോദ് അവതരിപ്പിച്ചു ...ഗുണിച്ചും ഹരിച്ചും കഴിഞ്ഞു അവസാനം വിനോദ് പറഞ്ഞു ... ബിജു 25 പൈസ ശൈലേഷിന്... ശൈലേഷ് 50 പൈസ മനോജിന്, വിനോദ് 25 പൈസ ബിജുണ് ........അന്ന് വലുതായി ചെലവൊന്നും വഹിക്കാതിരുന്ന .ശുബന്ദ് 5 രൂപ മനോജിന് ...ഞാൻ പേഴ്സിൽ 25 പൈസ തുട്ട് പരതിഎടുത്തു ശൈലേഷിന് കൊടുത്തു ...എല്ലാം തീർപ്പു കല്പിച്ചു...
അവസാനം ശുബന്ദ് പെർസൊന്നും എടുക്കാതെ അവിടിരുന്നു പറഞ്ഞു ..എടാ മനോജേ ഞാൻ നിനക്ക് തരാനുള്ള 5 രൂപ ഞാൻ തന്ന ലങ്കോട്ടിയിൽ കിഴിച്ചോ ......
ഞങ്ങളത് മറന്നു ഞങ്ങളാരും ലങ്കോട്ടി പൈസ അവനു കൊടുത്തില്ല ..
അങ്ങനെ ശുബന്ദ് ഏകദേശം ഒരു മാസത്തോളം ദിവസ കണക്ക് ലങ്കോട്ടിയിൽ കിഴിച്ചു കൊണ്ടേ ഇരുന്നു ..
By Biju EK
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക