Slider

രുചിഭേദങ്ങൾ

0
Image may contain: 1 person, beard and closeup


•••••••••••••••••••••••••••••••••••••••
കഴിഞ്ഞ അവധിക്ക്‌ നാട്ടിൽ പോയ സമയം. എന്തോ കാര്യത്തിനു സുഹൃത്തിന്റെ വീട്ടിൽ പോയി അവനെയും കൂട്ടി തിരിച്ച് വരുന്ന വഴി ഞാൻ പെട്ടെന്ന് ബൈക്ക്‌ നിർത്തി.
“എന്താടാ? എന്ത്‌ പറ്റി?”
എന്ന് ചോദിച്ച അവനോട്‌ ഞാൻ ഇറങ്ങാൻ പറഞ്ഞു.
അവൻ പെട്ടെന്നിറങ്ങി അന്ധാളിപ്പോടെ ടയർ രണ്ടും നോക്കുന്നതിനിടയിൽ ഞാൻ വണ്ടി റോഡിന്റെ അരികിലേക്ക്‌ ‌ മാറ്റി സൈഡ്‌ സ്റ്റാന്റിലേക്ക്‌ ഇട്ടു.
എന്താ കാര്യമെന്ന് മനസ്സിലാവാത്ത അവൻ ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി. വിരലിന്റെ കുറച്ച്‌ മുന്നിലായി കൈയ്യെത്തുന്ന ഉയരത്തിൽ കുലകുലയായി പഴുത്ത്‌ കറുത്ത്‌ തുടുത്ത്‌ തൂങ്ങികിടക്കുന്ന ഞാവൽ പഴത്തിനോട്‌ അവനു പ്രത്യേക മമതയൊന്നും തോന്നിയില്ല. എങ്കിലും ഞാനവനെ നിർബന്ധിച്ചപ്പൊ അവൻ പറഞ്ഞു.
“നീ പോയി പറിച്ച്‌ വാ ഞാനിവിടെ നിൽക്കാം,
അവിടത്തെ പ്രായമായ സ്ത്രീ കണ്ടാൽ ചിലപ്പൊ വഴക്ക്‌ കിട്ടും” ന്ന് അവൻ ആംഗ്യരൂപേണ എനിക്ക്‌ സൂചന തന്നു.
ഞാൻ മെല്ലെ ഞാവലിന്റെ ചുവട്ടിൽ അട്ടിയായി വച്ചിരുന്ന ചെങ്കല്ലിന്റെ മുകളിൽ കയറി നാലെഞ്ചണ്ണം കൈ കൊണ്ട്‌ പറിക്കുന്നതിനിടയിൽ തന്നെ
“ആരാടാ” ന്നുള്ള ശബ്ദം കേട്ടു
"ഞാനാ....”
പറഞ്ഞ്‌ മുഴുമിപ്പിക്കുന്നതിനു മുന്നെ തന്നെ
“ഓഹ്‌ നിങ്ങളൊക്കെ ഈ നാട്ടിലുണ്ടോ” ന്നും ചോദിച്ച്‌ ആ പ്രായമുള്ള സ്ത്രീ ഒരു നീളമുള്ള തോട്ടിയുമായി വന്നു. ഞങ്ങൾ കുശലം പറഞ്ഞ്
‌കൊണ്ട്‌ ഞാവൽപഴങ്ങൾ പറിക്കാൻ തുടങ്ങി.
ആദ്യം കിട്ടിയ പഴങ്ങൾ അടുത്ത്‌ നിന്നിരുന്ന ചേമ്പിൽ നിന്നും ഒരു ഇല പൊട്ടിച്ചെടുത്ത്‌ ആ ഇലയിലാക്കി സുഹൃത്തിന്റെ കൈയ്യിൽ കൊടുത്ത്‌ വീണ്ടും ഞാവൽ പറിക്കാൻ പോവുന്ന സമയത്താണു കറക്റ്റായി അന്നത്തെ ‌ പോലെ തന്നെ സുഹൃത്തിന്റെ അയൽക്കാരായ അധ്യാപകദമ്പതികൾ സ്കൂട്ടറിൽ ആ വഴി വന്നത്‌. അവർ ഇവന്റെ മുഖത്തും കൈയ്യിലെ ഇലയിലും നോക്കി
“ഇതെന്ത്‌ വട്ടാ, ഇവനെന്ന” ഭാവത്തിൽ.
പക്ഷെ റോഡിന്റെ ഇപ്പുറത്ത്‌ എന്നെ കണ്ട ടീച്ചർ അവനെ ഇക്കുറിയും കുറ്റവിമുക്തനാക്കി.
അവരെയും കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം ഇത്‌ പോലെ ബൈക്കിൽ പോകുമ്പൊൾ ഞങ്ങളുടെ മുന്നിൽ വീണ നല്ല തേനൊലിക്കുന്നൊരു മാങ്ങയെ റോഡിൽ കളഞ്ഞ്‌ പോകാൻ മനസ്സ്‌ വരാതെ ഇതു പോലെ ഇവനെ ഇറക്കി മാങ്ങ എടുപ്പിക്കുന്ന നേരത്തും ഇതേ ദമ്പതികൾ അത്‌ വഴി പോയിരുന്നു. പിന്നിൽ ഇരുന്ന ടീച്ചർ മാഷോട്‌ പറഞ്ഞും കാണും.
“പറമ്പ്‌ നിറയെ മാങ്ങ ഉണ്ടായിട്ട്‌ പെറുക്കാത്ത ഇവനിതെന്ത്‌ ഭ്രാന്താ കണ്ട റോഡിൽ കിടക്കുന്ന മാങ്ങ പേറുക്കാൻ” ന്ന് അപ്പൊ റോഡിന്റെ എതിർവശം എന്നെ കണ്ട ടീച്ചർ അതിനു ഉത്തരവും സ്വയം കണ്ടെത്തി.
“ആഹാ ഇവൻ നാട്ടിലെത്തീട്ടുണ്ട്‌ ല്ലേ?അതിന്റെ വട്ടാകും".
ആകെ ഒരാശ്വാസം രണ്ട്‌ അവസരത്തിലും സുഹൃത്ത്‌ ഇവരെ കണ്ടില്ല എന്നുള്ളതാണു.
ചേമ്പിലയിൽ നിറച്ച ഞാവൽ പഴങ്ങൾ ഭദ്രമായി ചുരുട്ടി വണ്ടിയുടെ മുന്നിലെ പോക്കറ്റിൽ തിരുകി അവനുമായി പോകാൻ ഉദ്ദേശിച്ച കാര്യം വേഗം നടത്തി വരുമ്പോളും, എന്റെ മനസ്സിൽ അന്ധാളിപ്പോടെ ഞാവൽപഴങ്ങൾ കണ്ട്,‌ അത്‌ രുചിയോടെ തിന്ന് വായ ഉജാല മുക്കിയത്‌ പോലെ ആക്കി, കണ്ണാടി നോക്കുന്ന എന്റെ കുഞ്ഞുമോളുടെ മുഖമായിരുന്നു.
കാര്യം വേഗം നടത്തി അവനെ അവന്റെ വീട്ടിൽ വിട്ട്‌ ഞാൻ വേഗം വീട്ടിലെത്തി.
മോൾക്ക്‌ അപൂർവ്വമായ ആ സമ്മാനവുമായി. വന്ന് കയറിയ ഉടനെ എന്റെ കൈകളിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ പൊതികളൊന്നും കാണാത്തതിൽ ഇത്തിരി നീരസം കാണിച്ചെങ്കിലും കൈയ്യിലെ ആ ചേമ്പ്‌ പൊതിയിലെ കൗതുകം കാണാൻ അവൾക്കും ആകാംക്ഷയായി.
ഞാൻ ചേമ്പ്‌ പൊതിയിലെ ഞാവൽപഴങ്ങൾ ഒരു പ്ലേറ്റിലാക്കി പൈപ്പിലെ വെള്ളത്തിൽ കഴുകി കൂട്ടത്തിൽ മൂത്തതും കറുത്ത്‌ പഴുത്തതുമായ ഒരു പഴം എടുത്ത്‌ മോൾക്ക്‌ കൊടുത്തു. അതിനിടയിൽ പിന്നിലെത്തിയ പ്രിയതമയും ഒന്ന് കൈക്കലാക്കി. മോൾ ഒന്ന് കടിച്ചതേ ഉള്ളൂ മുഖം കോട്ടി “ബേ” എന്ന ശബ്ദത്തോടെ പഴം പ്ലേറ്റിലിട്ട്‌ വായിലുള്ളത്‌ തുപ്പാൻ വേണ്ടി പുറത്തേക്ക്‌ പോയി.
പ്രിയതമയാവട്ടെ
“എന്ത്‌ പുണ്ണാക്കാണു പെറുക്കീട്ട്‌ വന്നിനെന്ന” ചോദ്യത്തോടെ അവൾ കടിച്ചതിന്റെ ബാക്കി വലിച്ച്‌ പറമ്പിലേക്കൊരു ഏറും.
ഇതും കേട്ട്‌ മോൾ കടിച്ച പഴത്തിന്റെ ബാക്കിയും തിന്നു കൊണ്ട്‌ പുറത്തേക്ക്‌ വന്ന എന്നിൽ നിന്നും പെട്ടെന്നാണു ഒരു പത്ത്‌ വയസ്സുകാരൻ ഇറങ്ങി ദൂരെയുള്ള “ഞേറൽ മരം” തേടി ഓടിയത്‌.
വലിയ രണ്ടേക്കർ പറമ്പിനു നടുവിലൂടെയുള്ള ആ നീണ്ട ഒറ്റയടി പാതയിലൂടെയാണു ഓട്ടം.
നല്ല വെളിച്ചം വന്നാലേ അങ്ങോട്ടേക്ക്‌ പോകാവൂന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്‌. അതിന്റെ ചുവട്‌ നിറയെ പാമ്പുകളാണു പോലും, ഇതു വരെ പാമ്പിനെ ഒന്നും കണ്ടില്ലെങ്കിലും ചുവട്ടിലെ ഓരോ ഇലകൾക്കടിയിലും പാമ്പ്‌ ഉള്ളതായി തോന്നി പേടിക്കാറുണ്ട്‌.
അവിടെയാണു മൂന്നാളുകൾ കൈകോർത്ത്‌ ചുറ്റി നിന്നാൽ പോലും ഒതുങ്ങാത്ത, മുകളിൽ നോക്കിയാൽ ഉയരം കാണാത്ത ആകാശം മറച്ച്‌ ഇലകളാൽ മൂടിയ വലിയ ഞേറൽ മരം.
എത്ര ‌ പേർ വന്നാലും, എത്ര തന്നെ പെറുക്കി കൊണ്ടു പോയാലും, പിന്നെയും പിന്നെയും പഴങ്ങൾ പൊഴിക്കുന്ന ഞേറൽ മരം.
മിക്ക ദിവസങ്ങളിലും ഞാനെത്തുമ്പോഴേക്കും നല്ലതൊക്കെ തീർന്നാലും ഇടക്ക്‌ പൊട്ടിയതും കിളി കൊത്തിയതും മറ്റും പെറുക്കി എടുക്കുന്നതിനിടയിൽ,
“മോനെപ്പാ വന്നേ, അമ്മേം വന്നിട്ടില്ലേ” ന്നും ചോദിച്ച്‌ കാലത്ത്‌ അവർ പെറുക്കി വച്ചതിൽ നിന്ന് നല്ലൊരു വിഹിതം പൊതിഞ്ഞ്‌ തരുന്ന ഒരു അമ്മൂമ്മയും ഉണ്ടായിരുന്നു അവിടെ.
കൂടുതൽ സംസാരിച്ച്‌ നിൽക്കാതെ, തിരിച്ചിങ്ങോട്ടും ഓടി വരുന്ന വഴിയിൽ ഞേറൽ പഴം തിന്ന് വയലറ്റ്‌ നിറമായ വായയിൽ നിന്ന് ഇടക്ക്‌ ആ വയലറ്റ്‌ നിറം പ്രായമായവർ വെറ്റിലടക്ക ചവച്ച്‌ തുപ്പുന്നത്‌ പോലെ തുപ്പി, ഈ പഴത്തിനായി കാത്തിരിക്കുന്ന താഴെയുള്ള ഇളവർക്ക്‌ കൈയ്യിലെ ചേമ്പിൻപൊതിയും കൈമാറി ഉമ്മറത്തേക്ക്‌ ‌ കയറുമ്പോൾ മോൾ വീണ്ടും പറയുന്നത്‌ കേൾക്കാരുന്നു.
“ന്ത്ന്നാച്ഛാ കൊണ്ട തന്നിനു തിന്നാൻ,
അത്‌ ഒരു കടി കടിച്ചപ്പ തന്നെ വായി നിറയെ ന്തോ കറയും, ഒരു ജാതി നീല കളറും”
“എന്തേ ഞാവൽപഴങ്ങൾക്ക്‌ ഇപ്പോൾ ഇങ്ങനെ ചവർപ്പ്‌ രുചിയായത്”?
അവൾക്ക്‌ പറഞ്ഞു കൊടുക്കാൻ ഒരുത്തരം തിരയുകയായിരുന്നു ഞാൻ...
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo