നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അരുണോദയം (കഥ)

" സിസ്റ്റർ നമ്മുടെ അരുൺ ഡോക്ടർ മരിച്ചു.. ആക്സിഡന്റായിരുന്നു..... ഇന്നലെരാത്രി .... !"
മോളി സിസ്റ്റർ തരിച്ചിരുന്നു പോയി. കോൾ കട്ടായെങ്കിലും അവർ ഫോൺ ചെവിയിൽ നിന്നും മാറ്റിയിരുന്നില്ല.തന്റെ മുപ്പത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ അർപ്പണബോധമുള്ള ചുരുക്കം ചില ഡോക്ടേർസിനെ മാത്രമേ കണ്ടിട്ടുള്ളൂ. അവരിലൊരാളായിരുന്നു ഡോ.അരുൺ.....
ഇരുപത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ള സൗമ്യൻ. ... മോളി സിസ്റ്റർ ഒരു നെടുവീർപ്പോടെ ഓർത്തു....
അണപൊട്ടിയൊഴുകുന്ന പുരുഷാരത്തിന്റെ ഇടയിലൂടെ മോളി സിസ്റ്റർ അവസാനമായി ആ മുഖം ഒന്നുകൂടി കണ്ടു. ആ മുഖത്തെ ശാന്തത അപ്പോഴും തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ടായിരുന്നു. അകത്ത് കരഞ്ഞ് തളർന്ന അമ്മ ....ഏക മകനെ നഷ്ടപ്പെട്ടെങ്കിലും സംയമനത്തോടെ നിൽക്കാൻ പാടുപെടുന്ന അച്ഛൻ.... പെട്ടന്ന് മോളി സിസ്റ്റർ ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എവിടെയോ നല്ല പരിചയം ഉള്ള മുഖം. ഈ ചലനങ്ങളും നല്ല ഓർമ്മയുണ്ട്. പക്ഷെ....?
സ്വീകരണമുറിയിലെ ചില്ലലമാരയിലുള്ള കല്യാണ ഫോട്ടോ അവരുടെ സംശയം തീർത്തു.അതെ.... ഇതവർ തന്നെ രമണിയും ഭർത്താവും .... അപ്പോൾ അരുൺ..... അവർക്ക് തന്റെ ശരീരം തളരുന്ന പോലെ തോന്നി. പതുക്കെ അടുത്തുള്ള സെറ്റിയിൽ ഇരുന്നു..... മരണവീടിന്റെ മൂകത അവരുടെ ഓർമ്മകളെ ഇരുപത്തഞ്ച് വർഷങ്ങൾ പുറകിലേയ്ക്ക് കൊണ്ടുപോയി.
ഗവ.താലൂക്ക് ആശുപത്രിയിലെ ഗൈനക്ക് വാർഡ്. സൗകര്യങ്ങളും ജീവനക്കാരും വളരെ കുറവ്. അന്ന് മോളിയ്ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. ആകെയുള്ളത് ഒരു ഡോക്ടർ മാത്രം .... ഡോ. വാര്യർ .... ലേബർ റൂമിൽ രമണി എന്ന സ്ത്രീ പ്രസവവേദനയോട് മല്ലിടവേ അവരുടെ ഭർത്താവ് പുറത്ത് ഡോക്ടറെ കാണാൻ ബഹളം വെയ്ക്കുന്നു. ശല്യം സഹിക്കാൻ വയ്യാതെ അയാളേയും കൂട്ടി മോളി ഡോക്ടറുടെ മുറിയിലെത്തി. അവിടെയെത്തിയതും അയാൾ പൊട്ടിക്കരഞ്ഞു.... "സർ ഇത് ഭാര്യയുടെ നാലാമത്തെ പ്രസവമാണ്. ആദ്യ മുന്നു കുട്ടികളും പ്രസവിച്ച ഉടനെ മരിച്ചു. ഇതും കൂടി നഷ്ടപെട്ടാൽ ഒരു പക്ഷെ ഭാര്യ എന്തെങ്കിലും കടുംകൈ ചെയ്യും ... സർ രക്ഷിക്കണം... "
ഡോക്ടർ മറുപടിയൊന്നും പറയാതെ മോളിയേയും കൂട്ടി ലേബർ റൂമിലേക്ക് പോയി... പെട്ടന്ന് പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അതിൽ നിന്നും അവശയായ നിറവയറോടു കൂടിയ ഒരു സ്ത്രീയെ ഡോക്ടറുടെ മുന്നിൽ എത്തിച്ചു. ഡോക്ടർ അവരെ പെട്ടന്ന് തന്നെ ലേബർ റൂമിലേക്ക് മാറ്റി... "ബസ് സ്റ്റാൻഡിന്റെ മൂലയിൽ കിടന്നതാ ഇനി അവിടെ കിടന്ന് ചത്താപ്പിന്നെ അത് മതി .. അപ്പോ ശരി സർ" .... പോലീസ് ജീപ്പ് തിരിച്ചു പോയി.
രണ്ട് പ്രസവങ്ങളും ഒരേ സമയത്ത് നടന്നു.ഒപ്പം രണ്ടു മരണവും.....!
പ്രസവത്തോടെ നാടോടി സ്ത്രീ മരിച്ചു. രമണിയുടെ കഞ്ഞിന് അനക്കവുമില്ല. തൂക്കിപ്പിടിച്ചും നെഞ്ചിലമർത്ത യും കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർ കിണഞ്ഞു ശ്രമിക്കുന്നതിനിടെ രമണി കുട്ടിയെ കാണാൻ വാശി പിടിക്കാൻ തുടങ്ങി.... ശവശരീരത്തിന് സമീപം മാതാവിന്റെ ചൂട് നുകരാൻ കൊതിക്കുന്ന കുഞ്ഞ് ഒരു വശത്ത് .... പ്രസവത്തോടെ മരണത്തെ പുൽകിയ കുഞ്ഞ് മറുവശത്ത്..... കുട്ടിയുടെ കരച്ചിൽ കേട്ടിട്ട് തന്റെതാണെന്ന് കരുതിയിരിക്കുന്ന ഹതഭാഗ്യയായ അമ്മ..... പെട്ടന്ന് എന്തോ ഒരുൾവിളി പോലെ ഡോക്ടർ മോളിയോട് നാടോടി സ്ത്രീയുടെ കുഞ്ഞിനെ രമണിയെ ഏൽപ്പിക്കാൻ പറഞ്ഞു.....!
ഒരു വേള മോളിയും അങ്ങിനെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. .... തന്റെ അമ്മയുടെ ജീവനറ്റ ശരീരത്തിനോട് ഒട്ടിച്ചേർന്ന് കിടന്ന് കരയുന്ന ആ കുഞ്ഞിനെ എടുത്ത് മോളി കർട്ടന് മറുഭാഗത്ത് ഉള്ള രമണിയുടെ അടുത്ത് കിടത്തി. രമണിയുടെ മുഖത്ത് അപ്പോൾ ആയിരം പൂർണ്ണചന്ദ്രൻ മാരുടെ ജ്യോതിസ്സ് മോളി കണ്ടു. തിരിച്ച് വിഷണ്ണനായി ഇരിക്കന്ന ഡോ.വാര്യരുടെ സമീപം വന്നു..
"മോളി .... നമ്മൾ ചെയ്തത് മഹാ പാതകമാണ്. ക്രിമിനൽ കുറ്റവും പക്ഷെ സാഹചര്യം ..... നമ്മളല്ലാതെ മറ്റാരും ഇതറിയരുത്. ജീവനില്ലാത്ത കുഞ്ഞിനെ ആ മരിച്ചു പോയ സ്ത്രീയുടെ കൂടെ കിടത്തിക്കോളൂ. ശേഷം പോലീസിനെ അറിയിക്കണം... "
മോളി ആ കുഞ്ഞിനെ എടുക്കവേ അത് ഒന്ന് അനങ്ങിയോ.....? മോളി ഒന്നുകൂടി സൂക്ഷിച്ചു നോക്കി..ശേഷം ഒരലർച്ചായായി രുന്നു......
" ഡോക്ടർ.....!"
ഡോക്ടർ ഞെട്ടിയെങ്കിലും പെട്ടന്ന് തന്നെ കുഞ്ഞിനെ എടുത്ത് ശക്തമായി അതിന്റെ നെഞ്ചിൽ അമർത്തി.... ആ കുഞ്ഞ് കരയാൻ തുടങ്ങി.....
ഡോക്ടറും മോളിയും പരസ്പരം നോക്കി.... ഇനിയെന്ത് ചെയ്യും.....?.ഡോക്ടർ കുഞ്ഞുമായി രമണി കിടക്കുന്ന വാർഡിലേക്കോടി പുറകേ മോളിയും .....
രമണിയുടെ കട്ടിലിനു ചുറ്റും നിറയെ ആൾക്കാർ.... പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് ലഭിച്ച പൊന്നോമനയെ കാണാൻ രാത്രിയാണെന്നു പോലും നോക്കാതെ എത്തിയ ബന്ധുക്കളും സുഹൃത്ത്ക്കളും.... ഓടി വന്ന ഡോക്ടർ പെട്ടന്ന് നിന്നു. മോളി ഡോക്ടറുടെ കൈയിൽ പിടിച്ചു അങ്ങോട്ടു പോകരുതെന്ന് വിലക്കി....
"സർ, ഇനി കുഞ്ഞ് മാറിയെന്ന് പറഞ്ഞാൽ ചിലപ്പോൾ വലിയ പ്രശ്നമാകും. വേണ്ട സാർ..."
ഡോക്ടർ നിറകണ്ണുകളോടെ കുഞ്ഞിനെ മോളിയെ ഏൽപ്പിച്ചു. ശേഷം റൂമിൽ ചെന്ന് ഫോൺ എടുത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചു....
"നിങ്ങൾ കൊണ്ടുവന്ന സ്ത്രീ മരിച്ചു. പക്ഷെ കുഞ്ഞിന് ജീവനുണ്ട്..... "
"എന്റെ മോനേ കൊണ്ടു പോകല്ലേ...... ഞങ്ങൾക്കിനിയാരാ ഉള്ളത് "
മോളി സിസ്റ്റർ ഞെട്ടിയുണർന്നു. രമണിയുടെ കരച്ചിൽ ആയിരുന്നു. അരുൺ ഡോക്ടറുടെ ബോഡി മറവു ചെയ്യാൻ കൊണ്ടു പോയിരുന്നു.....
നിങ്ങളുടെ മകൻ മരിച്ചിട്ടില്ല. .... അരുൺ നിങ്ങളുടെ മകനല്ല .....! എന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ .... ഒരു പാട് മുഖങ്ങൾ .....
ഡോക്ടർ വാര്യർ ആ സംഭവത്തോടെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു..... ഇവരുടെ യഥാർത്ഥ കുഞ്ഞിനെ പോലീസുകാർ അന്ന് തന്നെ ശിശുഭവൻ അധികൃതരെ ഏൽപ്പിച്ചു.
പിറ്റേന്ന് എന്തോ മോളി സിസ്റ്റർക്ക് ഡ്യൂട്ടിക്ക് പോവാൻ തോന്നിയില്ല. അവർ നേരെ ശിശുഭവനിൽ ചെന്നു..... അരുടെ ഒരു പഴയ സുഹൃത്ത് ആണ് അവിടുത്തെ അഡ്മിനിസ്ട്രേറ്റർ ..... അവരുടെ സഹായത്തോടെ അവർ അവനെ കണ്ടു പിടിച്ചു.....
ഉദയൻ.....! അച്ഛനും അമ്മയും ജീവിച്ചിരിക്കേ അനാഥനായവൻ..... തന്റെയും ഡോക്ടറുടേയും അതിബുദ്ധി മൂലം അനാഥനായവൻ......
"അവൻ ഇപ്പോ ഓട്ടോ ഡൈവറാണ്. മോളിയ്ക്ക് അറിയുമോ... അവനെ .... അവൻ എന്തായാലും ഇപ്പോ വരും... ഇവിടേയ്ക്ക് കുറച്ച് സാധനങ്ങൾ കൊണ്ടു വരാൻ പോയതാ. ...."
പറഞ്ഞു തീർന്നതും പുറത്ത് ഒരു ഓട്ടോ വന്നു നിന്നു. മോളി സിസ്റ്റർ തിരിഞ്ഞു നോക്കി..... ആ ഓട്ടോയുടെ പേര് കണ്ടതും അവർ അമ്പരന്നു.
അരുണോദയം.....!
ഉദയൻ .....സുമുഖനായ ചെറുപ്പക്കാരൻ ... അവന്റെ അച്ഛന്റെ നേരിയ ഛായ തോന്നി സിസ്റ്റർക്ക്
" ഉദയൻ എന്നെ ഒന്ന് ബീച്ചിൽ വിടുമോ.... ഓട്ടോ വരും എന്ന് പറഞ്ഞിട്ടാണ് കാത്ത് നിന്നത്..... " മോളി സിസ്റ്റർ വളരെ ഔപചാരികതയോടെ പറഞ്ഞു.
"പിന്നെന്താ.... കേറിക്കോളൂ " അവൻ സാധനങ്ങൾ ഇറക്കി അവരേയും കൊണ്ട് യാത്ര ആരംഭിച്ചു.
ആ യാത്രക്കിടെ മോളി സിസ്റ്റർ തന്നെ ഉദയന് പരിചയപ്പെടുത്തി. ഉദയനെ കാണാനും കുറച്ച് സംസാരിക്കാനും ആണെന്നത് അവനിൽ കൗതുകം ജനിപ്പിച്ചു.
ബീച്ചിൽ വിജനമായ ഒരിടത്ത് അവർ നിന്നു.
"ഈ ഓട്ടോയ്ക്കെന്താ ഇങ്ങിനെ ഒരു പേരിടാൻ കാരണം.... ?" സിസ്റ്റർ ആദ്യം തന്റെ ആകാംഷ അവനെ അറിയിച്ചു.
" അതോ.... ഇത് എനിക്ക് സമ്മാനിച്ചത് ഒരു ഡോക്ടർ ആണ്.... അരുൺ എന്നാണ് ആ ഡോക്ടറുടെ പേര്..... രണ്ടു ദിവസം മുന്നെ ആ നല്ല മനുഷ്യൻ മരിച്ചു..... "
മോളി സിസ്റ്റർ ഞെട്ടി .... ആകെ തളരുന്ന പോലെ....
" അദ്ദേഹം ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു. അതാവും പെട്ടന്ന് മരിച്ചത്..... " ഉദയൻ ചിരിച്ചെന്നു വരുത്തി
അപ്പോൾ അരുൺ അറിഞ്ഞു കൊണ്ടല്ല. സിസ്റ്റർക്ക് തെല്ലാശ്വാസമായി....
"ഉദയൻ, നിങ്ങൾ അനാഥനല്ല എന്ന് അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം...?".. സിസ്റ്റർ മടിച്ചു കൊണ്ട് ചോദിച്ചു.
"അനാഥൻ.....!" ... ഉദയൻ പുഞ്ചിരിച്ചു കൊണ്ട് തുടർന്നു...
"ഒരു പാട് മോഹിച്ചിരുന്നു ... അമ്മയെ ഒരു നോക്ക് കാണാൻ . .... ആ മടിയിൽ ഇരുന്ന് കുഞ്ഞുരുളച്ചോറുണ്ണാൻ..... കെട്ടിപ്പിടിച്ച് ആ മാറിലെ ചൂടു പറ്റിയുറങ്ങാൻ. ഉണരുമ്പോൾ കണി കാണാൻ. ....അച്ഛന്റെ സംരക്ഷണയിൽ വളരാൻ .... അച്ഛനോടൊപ്പം നടക്കാൻ ..... നിങ്ങൾക്കൊന്നും അറിയില്ല സിസ്റ്റർ..... അനാഥമാവുന്ന ജൻമങ്ങളുടെ നൊമ്പരങ്ങൾ...... മരണം വരെ ഞങ്ങൾ അനാഥരുടെ പ്രതീക്ഷയും സ്വപ്നവും എന്താണെന്ന് അറിയുമോ.....? ഒരു ദിനം..... ഒരു ദിനമെങ്കിലും അച്ഛന്റെയും അമ്മയുടേയും .... കൂടെ കഴിയുക എന്നതാ....!"
സിസ്റ്റർ സമയം പാഴാക്കാതെ പഴയ കഥ മുഴുവൻ പറഞ്ഞു.....
ഉദയന്റെ മിഴികൾ ഈറനണിഞ്ഞു......
"ഇതുവരെ ദൈവത്തിൽ എനിക്ക് വിശ്വാസമില്ലായിരുന്നു. പക്ഷെ..... അവന്റെ കളിപ്പാവകൾ മാത്രമാണ് നമ്മൾ എന്നതിന്റെ ഉദാഹരണമായില്ലേ ഇപ്പോൾ എന്റ ജന്മം.....
നിങ്ങളെ ഞാൻ കുറ്റം പറയില്ല..... ഒരു കുഞ്ഞ് അനാഥനായി പോവാതിരിക്കാൻ നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യം തന്നെ യായിരുന്നു. ... പക്ഷെ.... അരുൺ ഡോക്ട ർ പാവമായിരുന്നു......മരണശേഷം ആണെങ്കിൽ പ്പോലും ഒരാൾ കൂടി അനാഥനാവുന്നത് എന്നെ സംബന്ധിച്ച് വേദനയാണ് സിസ്റ്റർ .... അതിനാൽ ഇത് ഒരു രഹസ്യ മായി ത്തന്നെയിരിക്കട്ടെ.....
ആ വീട്ടിൽ ഞാൻ ഒരു പാട് പോയിട്ടുണ്ട്.... ആ അച്ഛനുമമ്മയും എന്നെ മകനെപ്പോലയേ ഇതുവരെ കണ്ടിട്ടുള്ളൂ. അവർ ഇത് ഒരിക്കലും അറിയരുത്..... "
മോളി സിസ്റ്റർ നോക്കി നിൽക്കേ ഉദയൻ നിറമിഴികൾ തുടച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു. അരുണോദയം അകലേയ്ക്ക് മറഞ്ഞു പോകുന്നത് ഒരു നെടുവീർപ്പോടെ സിസ്റ്റർ നോക്കി നിന്നു......
ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot