Slider

കുഞ്ഞുങ്ങൾ

0
Image may contain: Manju Jayakrishnan, closeup

ആർത്തിയോടെ കൂട്ടുകാരിയുടെ കുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ ആണ് പാല് കൊടുത്തിട്ടു വരാം എന്ന് പറഞ്ഞ് അവൾ കുഞ്ഞിനേം കൊണ്ട് അകത്തേക്ക് പോയത് . അപ്പോൾ അപാകത ഒന്നും തോന്നിയില്ലെങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ വന്നു പറഞ്ഞു " എടീ ഇവരൊക്കെ പഴേ ആൾക്കാർ അല്ലെ ,നീ എടുത്താൽ കുഞ്ഞിനു ദോഷം ആണെന്നാ അമ്മ പറയുന്നേ ". കുഞ്ഞിനു കൊടുക്കാൻ വന്ന സമ്മാനം അവിടെ വച്ചു നിറ കണ്ണുകളോടെ ഞാൻ അവിടെ നിന്നും ഇറങ്ങി .മുഖത്തു നോക്കി "മച്ചി" എന്നു വിളിച്ചില്ല എങ്കിലും അവർ പറയാതെ അതു പറഞ്ഞു .
കല്യാണം കഴിഞ്ഞു നാലു വർഷങ്ങൾ കഴിഞ്ഞു കുഞ്ഞുങ്ങൾ ആകാത്തത് കൊണ്ട് ഇതുപോലുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായി ഫങ്ക്ഷൻസ് ഒക്കെ വേണ്ട എന്നു വച്ചെങ്കിലും ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ കുഞ്ഞിന്റെ നൂലുകെട്ടിനു പോകാതിരിക്കാൻ കഴിഞ്ഞില്ല .അതു മുറിവേറ്റ മനസ്സിൽ ഉപ്പ് പുരട്ടിയ പോലെ ആയി
കുറച്ചു നേരത്തെ കല്യാണം കഴിഞ്ഞതു കൊണ്ടും ഭർത്താവിന്റെ ചേട്ടന് കുട്ടികൾ ആയിക്കഴിഞ്ഞു മതി എന്നുള്ള വീട്ടുകാരുടെ അഭിപ്രായത്തിനു പ്രാധാന്യം കൊടുത്തും ഒന്നു രണ്ടു വർഷം കഴിഞ്ഞു മതി എന്നത് ,തെറ്റായ തീരുമാനം ആണെന്ന് കാലം തെളിയിച്ചു ."ഇതൊന്നും മാറ്റി വയ്ക്കരുത് " എന്നു ള്ളത് തന്നെ ആണ് ശരി .കുഞ്ഞുങ്ങൾ ആയില്ലെങ്കിൽ സ്ത്രീകൾ തന്നെ ആണ് ഏറ്റവും ക്രൂശിക്കപ്പെടുന്നത് .
ഒരേ സമയത്ത് കല്യാണം കഴിഞ്ഞവർ ഒക്കെ കുഞ്ഞിന്റെ ചോറൂണിനും മറ്റും അമ്പലത്തിൽ എത്തുമ്പോൾ അവിടെ നിന്നും ഒരു കള്ളിയെ പോലെ, ആരും കാണാതെ നിറകണ്ണുകൾ തുടച്ചു ഞാൻ മടങ്ങി പോന്നിട്ടുണ്ട്
ചികിത്സ തുടങ്ങിയപ്പോൾ ആണ് അതിലും ഭീകരമാണ് കാര്യങ്ങൾ എന്നു മനസ്സിലായത് .എല്ലാ മാസവും സ്കാനിങ് ആണ് .അതും പീരിയഡ്സിന്റെ രണ്ടാമത്തെ ദിവസം തന്നെ .വയർ മുഴുവൻ വെള്ളം കുടിച്ചു വീർപ്പിക്കണം ,മൂത്രം ഒഴിക്കാൻ പാടുപെട്ട് നടക്കുമ്പോൾ ,മുട്ട ഇടാൻ നടക്കുന്ന കോഴിയെ എനിക്ക് ഓർമ്മ വന്നിട്ടുണ്ട് .വിവാഹം കഴിഞ്ഞു വേഗത്തിൽ ഗർഭിണി ആയി എന്നു പറഞ്ഞു അബോർഷൻ നടത്തി പിന്നീട് ഒരു കുഞ്ഞിന് വേണ്ടി ദാഹിച്ചു , ചെയ്ത തെറ്റിനെ ഓർത്തു കരഞ്ഞ മിനിചേച്ചിയെ ഞാൻ നന്നായി ഓർക്കുന്നു
ജനിച്ചത് പെൺകുഞ്ഞായി എന്നു പറഞ്ഞു കരഞ്ഞ ഒരു കൂട്ടുകാരിയെ ഒരിക്കൽ എങ്കിലും ആ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ കൊണ്ട് പോയി ,അവിടെ ഉള്ളവരുടെ സങ്കടങ്ങൾ നേരിട്ട് കാണിക്കണം എന്നു തോന്നീട്ടുണ്ട് .കിട്ടിയ ഭാഗ്യം മനസിലാക്കാതെ സങ്കടപ്പെടുന്ന വിഡ്ഢികൾ .

By: Manju jayakrishnan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo