
രചന : അജ്മല്‍ സികെ
പുറത്ത് ഇരുട്ട് കുറേശെ കനം പിടിച്ചു വരുന്നുണ്ട്. ബസ്സിനകത്തെ തണുപ്പും ഏകദേശം കനക്കുന്നത് പോലെ തോന്നി. കമ്പളി പുതപ്പ് കയ്യില്‍ കരുതാന്‍ തോന്നിയത് ഭാഗ്യം ഇല്ലെങ്കില്‍ ഈ തണുപ്പില്‍ വിറച്ചു പോയേനെ മനീഷ മനസ്സിലോര്‍ത്തു. ബസ്സിലൊന്നാകെ അവളൊന്നു കണ്ണോടിച്ചു. എല്ലാവരും അവരുടേതായ ലോകങ്ങളില്‍ എന്തൊക്കെയോ ചെയ്ത് കൊണ്ടിരിക്കുന്നു. ചിലര്‍ പ്രണയം പങ്കു വെക്കുന്നു, ചിലര്‍ മൊബൈലില്‍ കുത്തിക്കോണ്ടിരിക്കുന്നു, അങ്ങനെ പല ലോകങ്ങളില്‍. തന്റെ തോളില്‍ തല ചായ്ച്ചുറങ്ങുന്ന കലേഷിന്റെ നര വീണ താടിയിലേക്ക് അവളൊരു നിമിഷം ഉറ്റു നോക്കി. നല്ല ഉറക്കമാണ് ഉറങ്ങട്ടെ ക്ഷീണമുണ്ടാവും.
' ചിറകുകള്‍ വിടര്‍ത്തി പറക്കേണ്ട പറവകളാണ് നിങ്ങള്‍, നിങ്ങളുടെ കാലുകളില്‍ ബന്ധങ്ങളുടെ മതത്തിന്റെ സമൂഹത്തിന്റെ ചങ്ങലക്കണ്ണിക്കള്‍ അറുത്തു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... സ്ത്രീകള്‍ അടിമകളല്ല തന്നോളം പോന്നവരാണെന്ന് പുരഷ കേസരികള്‍ തിരിച്ചറിഞ്ഞിട്ടും ഉറക്കം നടിക്കുകയാണ്'
കലേഷിന്റെ പ്രസംഗം എത്ര ആവേശത്തോടെയാണ് താന്‍ കേട്ടിരുന്നത്. അമൃതയുടെ കൂടെ ടൗണ്‍ ഹാളിലെ സ്ത്രീ രാഷ്ടിയ വാഗ്മികളെ നിരവധി കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പ്രസംഗം ആദ്യമായിട്ടായിരുന്നു അവള്‍ കേള്‍ക്കുന്നത്. ആരോടും പറയാതെ മനസ്സിലൊളിപ്പിച്ച സ്വാതന്ത്രത്തിന്റെ അവളുടെ സ്വപ്‌നങ്ങള്‍ ഓരോന്നും ഇഴകീറി മൈക്കിലൂടെ ഉച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ അയാളൊരു മാന്ത്രികന്‍ ആണെന്ന് പോലും അവള്‍ക്ക് തോന്നി. പിന്നീട് കലേഷിന്റെ പ്രസംഗം എവിടെയുണ്ടെങ്കിലും കേള്‍ക്കാന്‍ ഓടി പോകാറുണ്ട്. അയാളുടെ സ്ത്രീകളോടുള്ള സമീപനം എല്ലാ ആണുങ്ങള്‍ക്കും ഉണ്ടായിരുന്നേല്‍ സത്രീകള്‍ എന്നേ വിമോചിതരായേനെയെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്.
ജേര്‍ണലിസം തലക്കു പിടിച്ച് നാടുവിട്ടതിന് ശേഷം കലേഷിന്റെ പ്രസംഗങ്ങള്‍ ഒന്നും കേള്‍ക്കാറില്ലെങ്കിലും. കാലികങ്ങളില്‍ വരാറുള്ള കലേഷ് ലേഖനങ്ങള്‍ അവള്‍ തിരഞ്ഞു പിടിച്ച് വായിക്കാറുണ്ടായിരുന്നു. പഠനത്തിന് ശേഷം മുഖ്യധാരാ മാഗസിനില്‍ തന്നെ ഇടം പിടിക്കാന്‍ സാധിച്ചത് അവള്‍ക്ക് വളരേ സന്തോഷം നല്‍കി. തന്റെ ആരാധനാ പാത്രം കലേഷ് ജോലി ചെയ്യുന്നതും അതേ സ്ഥാപനത്തിലാണെന്നുള്ള അറിവായിരുന്നു അവള്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നത്. തന്റെ ഗുരുസ്ഥാനീയനായ കലേഷുമായ് ആരോഗ്യകരമായ ഒരു സൗഹൃദം അവള്‍ എന്നും കാത്തു സൂക്ഷിച്ചു. ഒഴിവു വേളകള്‍ രാഷ്ട്രീയവും മതപരവും പുരോഗനപരവുമായ സംവാദങ്ങള്‍കൊണ്ട് അവര്‍ പുതുക്കിയെടുത്തു.
'മാന്‍ഹോള്‍ എന്നുകേട്ടിട്ടുണ്ടോ... ഹൈദരാബാദിലെ ചില പ്രവശ്യകളില്‍ താഴ്ന്ന ജാതിക്കാരെകൊണ്ട് ഇത്തരം മാന്‍ഹോളുകള്‍ വൃത്തിയാക്കിപ്പിക്കുന്ന പ്രവണത ഇന്നും നില നില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ സാധിച്ചു. അതിനെ കുറിച്ച് നമുക്ക് ഒരു ഫീച്ചര്‍ തയ്യാറാക്കണം. കലേഷിനേയും മനീഷയേയും അതിന് ചുമതലപ്പെടുത്തുകയാണ്. ചൊവ്വാഴ്ച്ച പുറപ്പെടാന്‍ തയ്യാറായിക്കൊള്ളു.'
പത്രാധിപരുടെ വാക്കുകള്‍ അവള്‍ക്ക് വല്ലാതെ സന്തോഷമുണ്ടാക്കി. യാത്രകള്‍ അവള്‍ക്ക് വളരേയിഷ്ടമായിരുന്നു ചെറുപ്പം മുതലേ. അതും താന്‍ വളരെയധികം ആരാധിക്കുന്ന ഒരു വ്യക്തിക്കൊപ്പം ആകുമ്പോള്‍ ഇരട്ടി മധുരം.
കോഴിക്കോട് നിന്ന് ഈ ഏസി ബസ്സില്‍ വൈകുന്നേരം യാത്ര പുറപ്പെടുമ്പോള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പക്ഷിയുടെ മനസ്സായിരുന്നു അവള്‍ക്ക്. അയാള്‍ക്ക് പിന്നാലെ എപ്പോഴോ അവളും ഉറക്കത്തിലേക്കൂളിയിട്ടു.
ഉറക്കത്തില്‍ അവളൊരു സ്വപ്‌നം കണ്ടു.... ഒരു വന്‍ ജനാവലിയുടെ നടുവില്‍ അവള്‍ തനിച്ചാകുന്നത്. ഒരു വലിയ അട്ട അവളുടെ ശരീരത്തില്‍ കടിച്ചു പിടിച്ചിരിക്കുന്നു. പറിച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അത് അവളിലേക്ക് പറ്റിപ്പിടിക്കുന്നു. കടിച്ചിടത്ത് നിന്ന് ചോര വാര്‍ന്നൊഴുകുന്നു.... ചുറ്റിലും കൂടി നിന്നവര്‍ അവളെ നോക്കി ആര്‍ത്തു ചിരിക്കുന്നു. അവള്‍ ഞെട്ടി എഴുന്നേറ്റു. ബസ്സിലെ വെളിച്ചം അണഞ്ഞിരിക്കുന്നു. വിജനമായ വഴിയിലൂടെ ബസ്സ് പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ശരീരത്തില്‍ ആ അട്ട കടിച്ചു പിടിച്ചിരിക്കുന്നത് പോലെ ഒരു പ്രതീതി അവള്‍ക്കുണ്ടായി. അല്ല അത് അട്ടയല്ല മറ്റെന്തോ തന്റെ ശരീരത്തില്‍ ഇഴഞ്ഞു നടക്കുന്നുണ്ട്. അത് അത് .. കലേഷിന്റെ കൈകള്‍ അല്ലെ... കമ്പളിയുടെ ഉള്ളിലൂടെ അയാള്‍ടെ കൈകള്‍ എപ്പോഴാണ് തന്റെ ശരീരരത്തിലേക്ക് കടന്നു കയറ്റം തുടങ്ങിയത്. അവള്‍ക്ക് ഇതും അവിശ്വസനീയമായ ഒരു ദുസ്സ്വപ്‌നമായി തോന്നി. അത്രമേള്‍ വിശ്വാസവും ആരാധനയുമുള്ള ഒരു പ്രതിച്ഛായയായിരുന്നല്ലോ അയാള്‍ക്ക് താന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നത്.
' സ്ത്രീകള്‍ പൊതു ഇടങ്ങളിലും ജോലിസ്ഥലങ്ങളിലും മാത്രമല്ല സ്വന്തം വീടുകളില്‍ പോലും പീഢിപ്പിക്കപ്പെടുന്നു. പിന്നെ അവരെങ്ങനെ മുഖ്യധാരയിലേക്ക് കടന്നു വരും. അവരെങ്ങനെ സൈ്വര്യവിഹാരം നടത്തും... എന്നാണ് ഇതിനൊക്കെ ഒരറുതി വരിക'
അന്ന് കലേഷ് ടൗണ്‍ഹാളില്‍ വെച്ച് പ്രസംഗിച്ച വാചകങ്ങള്‍ ഓരോന്നും അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അയാളുടെ തന്റെ ശരീരത്തിലേക്കു കടന്നു കയറ്റങ്ങളെ ചെറുക്കുന്നതിനിടയില്‍ ഓര്‍മ്മകള്‍ ഇടമുറിയുകയായിരുന്നു. എത്ര തട്ടിമാറ്റിയിട്ടും ആ കൈകള്‍ കമ്പളിക്കുള്ളില്‍ എന്തോ തിരയുകയായിരുന്നു.
'സ്ത്രീ അബലയല്ല.. ആരും അവളെ പൂവിനോട് ഉപമിക്കേണ്ട അവളിന്ന് സ്വയം പര്യാപ്തയാണ്.... ആരും അവളുടെ സംരക്ഷക സ്ഥാനം ചമയേണ്ട.. അവളെ സംരക്ഷിക്കാന്‍ അവള്‍ക്കറിയാം...'
അയാളുടെ തന്നെ വാക്കുകള്‍ വിദൂരതയിലെന്നോണം അവള്‍ വീണ്ടും ഓര്‍ത്തു. പിന്നെ അവളുടെ കൈകള്‍ അവളുടെ ഹാന്‍ഡ് ബാഗിലേക്ക് നീണ്ടു പോയി. പിന്നെ അതില്‍ നിന്നൊരു പേനാകത്തി അവള്‍ കൈപിടിയിലൊതുക്കി. കലേഷിന്റെ കഴുത്തിന് കുത്തിപിടിച്ച് അയാളുടെ കാതിലായ് പറഞ്ഞു.
' ഉറക്കം നടിക്കേണ്ട, ഉറങ്ങുകയല്ലെന്നെനിക്കറിയാം... ഇനി നിങ്ങളുടെ കൈകള്‍ എന്റെ ശരീരത്തെ സ്പര്‍ഷിച്ചാല്‍ ഈ കത്തി നിങ്ങളുടെ കഴുത്തില്‍ ആഴ്ന്നിറങ്ങും'
അയാളില്‍ അത് ഒരു ഞെട്ടലുണ്ടാക്കി.. അവളില്‍ നിന്ന് അങ്ങനെ ഒരു പ്രതികരണം കലേഷ് പ്രതീക്ഷിച്ചിരുന്നില്ല.. അവളില്‍ നിന്ന് ഒരു അകലം പാലിച്ച് അയാളിരുന്നു. പിന്നീട് അയാള്‍ ഉറിങ്ങിയോന്ന് അറിയില്ല.. പക്ഷെ അവള്‍ക്ക് ഉറങ്ങാനായില്ല... മനസ്സ് ആകെ സങ്കര്‍ഷഭരിതമായിരുന്നു.... പിന്നീടെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവള്‍ മൊബൈലില്‍ എന്തോ തിരഞ്ഞു കൊണ്ടിരുന്നു... നേരം പുലര്‍ന്നു... ബസ് ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നു.. യാത്രക്കാരൊക്കെ ഇറങ്ങിതുടങ്ങി. ഒടുവില്‍ അയാളും അവളും... കലേഷിന്റെ ശിരസ്സ് വല്ലാതെ കുനിഞ്ഞിരുന്നു....
അന്നുവരെ ആരാധനയോടെ നോക്കി കണ്ട ആ മുഖം ഇപ്പോള്‍ കാണുമ്പോള്‍ അവള്‍ക്ക അറപ്പും വെറുപ്പും തോന്നി... അയാള്‍ എന്തോ പറയാന്‍ വേണ്ടി അവളുടെ അരികിലേക്ക് നടന്നു വന്നു... മാപ്പ് പറയാന്‍ തയ്യാറെടുക്കുകയാണെന്ന് അവള്‍ക്ക് മനസ്സിലായ്... എന്തെങ്കിലും പറഞ്ഞ് തുടങ്ങും മുമ്പേ അവള്‍ അയ്യാളോട് പറഞ്ഞു..
'നമുക്കൊരിടം വരെ പോകണം.... ഒരു ടാക്‌സി വിളിക്കു'
കലേഷ് ഒന്നും മിണ്ടാതെ ടാക്‌സി വിളിച്ചു വന്നു. അവള്‍ ടാക്‌സിക്കാരനോട് എന്തോ പറഞ്ഞു.. അവരേയും കൊണ്ട് തിരക്കു പിടിച്ച നിരത്തുകളിലൂടെ ടാക്‌സി മുഴക്കമുള്ള ഹോര്‍ണടിച്ചു ഇരച്ചു നീങ്ങി. എങ്ങോട്ടാണ് നമ്മള്‍ പോകുന്നതെന്ന് ചോദിക്കാന്‍ പോലും വയ്യാതെ അശക്തനായിരുന്നു കലേഷ്.
ചെറിയ ഈടു വഴികളിലൂടെ ടാക്‌സി പോകുമ്പോള്‍ പുറത്തെ കാഴ്ച്ചകളിലേക്ക് നിര്‍വ്വികാരതയോടെ അയാള്‍ നോക്കിനിന്നു.
ചെറിയ ഈടു വഴികളിലൂടെ ടാക്‌സി പോകുമ്പോള്‍ പുറത്തെ കാഴ്ച്ചകളിലേക്ക് നിര്‍വ്വികാരതയോടെ അയാള്‍ നോക്കിനിന്നു.
' ഇന്നലെ നിങ്ങള്‍ തകര്‍ത്തെറിഞ്ഞത്... നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയവും പുരോഗമനപരവുമായ പ്രതിച്ഛായയാണ് കലേഷ്, നിങ്ങളെയായിരുന്നില്ല നിങ്ങളുടെ ഉയര്‍ന്ന ചിന്താഗതികളെയായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടതും ആരാധിച്ചിരുന്നതും'
അവള്‍ മുരടനക്കി ഉറച്ച ശബ്ദത്തില്‍ തന്നെ അയാളോട് പറഞ്ഞു.
'അത് പിന്നെ ഇന്നലെ അത്തരമൊരു സാഹചര്യത്തില്‍ എന്റെ മനസ്സ് കൈവിട്ടു പോയി... നീ ക്ഷമിക്കണം, നീ കുറച്ചു കൂടി ലിബറല്‍ ആണെന്നാണ് ഞാന്‍ കരുതിയത് '
അയാള്‍ പതിഞ്ഞ സ്വരത്തില്‍ ശബ്ദമിടറി കൊണ്ട് പറഞ്ഞു.
'ലിബറള്‍ എന്നാല്‍ കൂടെക്കിടക്കാന്‍ മടിയില്ലാത്തവള്‍ എന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കിയത്.. പെണ്ണൊറ്റക്കാവുമ്പോള്‍ അത് തങ്ങള്‍ക്കുള്ള അവസരമായ് കാണുന്ന നിന്നെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം'
അവള്‍ പറഞ്ഞു നിര്‍ത്തി.. അപ്പോഴേക്ക് ടാക്‌സി പഴകി ദ്രവിച്ച കുറച്ച് കെട്ടിടങ്ങള്‍ക്ക് നടുവില്‍ ചെന്ന് നിര്‍ത്തിയിരുന്നു. അവള്‍ തുടര്‍ന്നു.
' കലേഷ് നിങ്ങള്‍ക്കിവിടെ ഇറങ്ങാം... നിങ്ങളുടെ വികാരങ്ങള്‍ ഇറക്കി വെക്കാനുള്ള സ്ഥലം ഇതാണ്....'
കാറിന് പുറത്തിറങ്ങി അയാള്‍ ചുറ്റിലും വീക്ഷിച്ചു. അവിടിവിടങ്ങളിലായ് ചുണ്ടില്‍ ചായം പൂശി അല്‍പ്പ വസ്ത്രധാരികളായ് പെണ്‍കുട്ടികള്‍ അയാളെ മാടിവിളിക്കുന്നു. ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു 'വേശ്യാതെരുവ്'.
അപ്പോഴേക്ക് ടാക്‌സി അവളേയും കൊണ്ട് അയ്യാളില്‍ നിന്ന് ദൂരേക്ക് ഓടി തുടങ്ങിയിരുന്നു.. അവള്‍ കലേഷിന്റെ പ്രസംഗത്തിലെ സുപ്രധാന ഭാഗം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
' ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പീഢനങ്ങളുടെ മറുപുറം ഇവിടെ നിലനില്‍ക്കുന്ന ലൈംഗീക ദാരിദ്രമാണ്.. അത് ശമിപ്പിക്കാന്‍ നിയമ വിധേയമായ വേശ്യാലയങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്... എങ്കില്‍ ഒരു പരിധി വരെ ഇവിടെയുള്ള നിങ്ങളിലേക്കുള്ള കൈയ്യേറ്റങ്ങളെ തടയിടാന്‍ സാധിക്കും.'
....... ശുഭം.............
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക