നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശാപം കിട്ടിയ ജന്മം (real Story)

Image may contain: 1 person, closeup and indoor
*******************
അച്ഛനെ കൊന്നവൻ എന്ന അപകീർത്തി കേട്ടാണ് ഭൂമിയിൽ ജനിച്ചു വീണത്. ഞാൻ ജനിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കേ എന്റെ അച്ഛൻ മരണത്തിന് കീഴടങ്ങിയിരുന്നു.( ആത്മഹത്യയായിരുന്നു)
അച്ഛൻ മരിച്ചത് എന്റെ ജനനസമയത്തായതിനാൽ അമ്മ എന്നെ ഒരു ശത്രുവിനോടെന്ന പോലെയാണ് പെരുമാറിയത്.
അമ്മയുടെ മുലപ്പാൽ നിഷേധിച്ചാണ് അമ്മ എന്നോട് ആദ്യം പ്രതികാരം ചെയ്തത്. പിന്നേയുള്ള നാളുകളിൽ അമ്മയ്ക്ക് എന്നെ കാണുന്നതേ ചതുർത്ഥി കാണുന്നതുപോലെയായി.
അമ്മ ചെറുപ്പമായതിനാൽ അമ്മയുടെ കഴുത്തിൽ വീണ്ടും താലി അണിയാൻ പുതിയ ഒരാളെത്തി. ആ മനുഷ്യൻ എന്നെ സ്വന്തം മകനായി വളർത്തി. അദ്ധേഹം എന്നോട് കാരുണ്യം കാട്ടിത്തുടങ്ങി.
അങ്ങനെയിരിക്കെ അമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എനിക്ക് ഒരനിയത്തിയേയും കിട്ടി. എനിക്ക് നിഷേധിച്ച മുലപ്പാൽ അമ്മ അവൾക്ക് വേണ്ടുവോളം കൊടുത്തു .
എന്റെ അമ്മയെ ഞാൻ ഒരു പാട് സ്നേഹിച്ചു.പക്ഷെ അമ്മയ്ക്ക് പുതിയ ഒരു ഭർത്താവിനെയും ,മകളെയും കിട്ടിയിട്ടും എന്നെ ഒരു ശത്രുവായി മാത്രം കണ്ടു.
അച്ഛൻ അമ്മ തരേണ്ടിയിരുന്ന സ്നേഹവും കൂടി തന്ന് എന്നെ സ്നേഹിച്ചു. എന്നെയേയും ,അനിയത്തിയേയും സ്കൂളിൽ ചേർത്തു. ഞാൻ നന്നായി പഠിച്ചു. അച്ഛൻ എപ്പോഴും എന്നോട് പറയും ,,, മോൻ നല്ലവണ്ണം പഠിക്കണം .പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം .അച്ഛൻ ഇല്ലാതായാൽ അമ്മയ്ക്കും ,അനിയത്തിക്കും മോൻ മാത്രമേ ഉള്ളൂ .
എന്റെ ഓരോ വിജയവും അച്ഛനും ,എന്റെ ലച്ചൂട്ടിയും ആഘോഷമാക്കുമ്പോഴും അമ്മയുടെ നാവിൽ നിന്ന് നല്ലൊരു വാക്ക് ഞാൻ കേട്ടില്ല.
അച്ഛന്റ ആഗ്രഹം പോലെ എനിക്ക് നല്ലൊരു ജോലിയും കിട്ടി. എന്നിട്ടും അമ്മയ്ക്ക് സന്തോഷമായില്ല .വർഷങ്ങൾ ഇത്രയൊക്കെയായിട്ടും അമ്മയുടെ നീരസത്തിന് ഒരു മാറ്റവും വരാത്തതിന്റെ കാര്യം മാത്രം പിടികിട്ടിയില്ല .
അങ്ങനെയിരിക്കേ ലച്ചൂട്ടിയെ പെണ്ണ് കാണാനായി ചെറുക്കൻകൂട്ടർ വരുമെന്ന പറഞ്ഞ ദിവസം എത്തി.
രാവിലെ അവൾ കൃഷ്ണന്റെ അമ്പലത്തിൽ പോകാൻ നേരം എന്നെ വിളിച്ചു.
ഡ്യൂട്ടിയുണ്ട് ,,,മോളെ,,,,
നിന്റെ ചെക്കൻ വരുന്ന സമയമാവുമ്പോൾ എത്താമെന്ന് പറഞ്ഞ എന്നെ നിർബന്ധിച്ച് അവൾ അമ്പലത്തിൽ കൊണ്ടുപോയി.
എന്നും നീ ഒറ്റയ്ക്കല്ലേ പോകുന്നത്. ഇന്ന് എന്ത് പറ്റി. വെറുതേ ഏട്ടന്റയൊപ്പം പോകാൻ ഒരാഗ്രഹം .
അച്ഛനും കൂടി നിർബന്ധിച്ചപ്പോൾ അവളെയും ബൈക്കിനു പുറകിൽ ഇരുത്തി ഞങ്ങൾ അമ്പലത്തിലേയ്ക്ക് തിരിച്ചു .അമ്പലത്തിൽ പോയിട്ട് മടങ്ങി വരുന്ന വഴി ഒരു ആക്സിഡന്റ് ഉണ്ടായി. എനിക്ക് എന്റെ ലച്ചൂട്ടിയെ എന്നെന്നേക്കുമായി നഷ്ടമായി.
എന്റെ ഒരു കാലും മുറിച്ചു മാറ്റേണ്ടി വന്നു. മക്കളുടെ ദുരിതം കണ്ട് അച്ഛൻ തളർന്ന് കിടപ്പിലായി.
എന്റെ കുഞ്ഞനിയത്തിയെ ഞാനാണ് കൊന്നതെന്ന കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി .അമ്മയുടെ ശാപവാക്കുകൾ കേട്ട് ഞാൻ ജീവച്ഛവമായി ജീവിച്ചു . ഒരു സുപ്രഭാതത്തിൽ അമ്മയുടെ നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്, എന്നെ മകനായി കണ്ട ആ നല്ല മനുഷ്യൻ ഭൂമിയിൽ നിന്ന് വിട പറഞ്ഞിരിക്കുന്നു .
അതും കൂടി ആയതോടെ എന്റെ മനസ് എന്നിൽ നിന്ന് അകന്നു ,,,,,
കൂറേ നാളുകൾക്ക് ശേഷം എന്റെ റൂമിന്റെ വാതിലിൽ ഒരു മുട്ടു കേട്ടു .പതിയേ ആ വാതിൽ തുറന്ന്
എന്റെ മുന്നിൽ ദേവതയെപ്പോലെ ഒരു പെണ്ണ് വന്നു നിന്നു. ഏട്ടൻ എന്തിനാ എപ്പോഴും ഈ മുറിയിൽ ചടഞ്ഞുകൂടിയിരിക്കുന്നത്. ഞങ്ങളൊക്കെയില്ലേ,,, ഏട്ടന് ??
അമ്മായിയ്ക്ക് ഏട്ടനല്ലാതേ പിന്നേയാരുണ്ട് ,,,,? അവൾ വന്ന് എന്റെ വലതുകരം പിടിച്ചു .വിൽ ചെയർ നീക്കി എന്നെ മുറുകെ പിടിച്ച് അതിൽ ഇരുത്തി പുറത്തേയ്ക്ക് കൊണ്ടുപോയി.
അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മവന്റെ മകളാണ് അവൾ എന്ന് പിന്നിട്ടുള്ള ദിവസങ്ങളിൽ ഞാൻ മനസിലാക്കി.
ഭദ്ര എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറാൻ അധിക ദിവസം വേണ്ടി വന്നില്ല .എനിക്കൊരു വിവാഹമുണ്ടെങ്കിൽ ഋഷിയേട്ടൻ അല്ലാതെ ഒരാളും എന്റെ കഴുത്തിൽ താലി അണിയില്ലയെന്നവൾ എപ്പോഴും പറയും.
അത് കേൾക്കുമ്പോൾ ജീവിക്കാൻ ഈശ്വരൻ എനിക്ക് പുനർജന്മം തരുകയാണെന്നു - ഞാൻ നിനച്ചു .
ഒരിക്കൽ അവൾ കുറെ വെള്ള പേപ്പർ കൊണ്ടുവന്നു ,ഏട്ടാ ഇതിലൊന്നു ഒപ്പിട്ടേ ,,,,,,,, എന്തിനാണെന്ന എന്റെ ചോദ്യത്തിനു മറുപടിയായി അവൾ പറഞ്ഞത് അന്നത്തെ ആക്സിഡന്ററുമായി ബന്ധപ്പെട്ട് ചില പേപ്പർ കൊടുക്കാനുണ്ടെന്ന് പറഞ്ഞാണ് അവൾ എന്റെ ഒപ്പ് വാങ്ങി പോയത്.
രണ്ട് ദിവസം കഴിഞ്ഞ് അവൾ ഓടിക്കിതച്ച് എന്റെ റൂമിലേക്ക് കേറി വന്നു. ഏട്ടാ എന്ന അവളുടെ നിലവിളി ആ വീടിനെ ഒന്നു കിടിലം കൊള്ളിച്ചു. ഏട്ടാ അച്ഛൻ എനിക്ക് വേറെ ഒരാളുമായി കല്യാണം ഉറപ്പിച്ചു .എനിക്ക് ഋഷിയേട്ടനെ മതിയെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു ,അച്ഛന്റെ ശ്വാസം നിലയ്ക്കണമെന്ന് . ഞാൻ എന്താ ചെയ്യേണ്ടത്.
അവളുടെ പുറകേ വന്ന അമ്മാവൻ അവളെ തലങ്ങും ,വിലങ്ങും അടിച്ചപ്പോഴും എനിക്ക് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ ,, എനിക്ക് ആകെയുള്ള സമ്പാദ്യം ഇവൾ മാത്രമാണ്. ഇവളെ നീ എങ്ങനെ നോക്കും. നിന്റെ കാര്യങ്ങൾ നോക്കാനേ പരസഹായം നിനക്ക് വേണം .അങ്ങനെയുള്ള നീ എങ്ങനെ എന്റെ കുട്ടിക്ക് ഒരു ജീവിതം കൊടുക്കും ,,, നീ അവളെ പറഞ്ഞു മനസിലാക്ക് .
അമ്മാവന്റെ വാക്കു കേട്ടപ്പോഴാണ് ഞാൻ എന്റെ കുറവുകൾ മനസിലാക്കിയത്. ശരിയാണ് ഞാനായി എന്തിന് അവളുടെ ജീവിതം കൂടി നശിപ്പിക്കുന്നത് .
അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി അമ്മാവന്റെ കൂടെ പറഞ്ഞയക്കുമ്പോൾ ,,,,,,, എന്റെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു ,,,,,
പക്ഷെ അടുത്ത ആഘാതം അവളുടെ വിവാഹം കഴിഞ്ഞ പിറ്റേന്ന് ആയിരുന്നു .അമ്മാവൻ രാവിലെ ഒരു പേപ്പറും കൊണ്ട് വന്നു. അമ്മയോട് അയാൾ പറയുന്നത് കേട്ട് ഞാൻ തരിച്ചിരുന്നു പോയി.
നിന്റെ മകൻ എന്റെ മകളുടെ പേരിൽ അവന്റ സ്വത്തും മുഴുവനും ഇഷ്ടദാനം എഴുതിയ ആധാരമാണ് .
സ്നേഹം കാട്ടി ഒരുവൾ എന്നെ ചതിക്കുകയായിരുന്നുവെന്ന് മനസിലാക്കാൻ ആ നിമിഷങ്ങൾ ധാരാളമായിരുന്നു.
അമ്മാവൻ എന്നെ കാരുണ്യമില്ലാതേ ഇറക്കിവിടുമ്പോഴും അമ്മയുടെ നാവിൽ നിന്ന് മോനേ എന്നൊരു വാക്ക് ഞാൻ പ്രതീക്ഷിച്ചു.
അതുണ്ടായില്ല. എന്നു മാത്രമല്ല .അമ്മ അകത്തേയ്ക്ക് കേറിപ്പോവുകയും ചെയ്തു ..അമ്മേയെന്ന് നീട്ടി വിളിച്ച് കരഞ്ഞപ്പോഴും എന്നെ തിരിഞ്ഞു നോക്കിയില്ല.
അന്ന് തുടങ്ങിയതാണ് ഈ ഊരുചുറ്റൽ .എന്തിന് എനിക്ക് ഇങ്ങനെ ഒരു പുരുഷായുസ് തന്നു. ഇപ്പോഴും എനിക്ക് പിടികിട്ടാതെ കിടക്കുന്ന ഒരു ചോദ്യമുണ്ട്.
അമ്മ എന്തിനാണ് എന്നെ ഇത്രയ്ക്ക് വെറുക്കുന്നത് .?
ആ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയാണ് വീണ്ടും അമ്മയുടെ അടുക്കൽ എത്തിയത് . പക്ഷെ എന്റെ അമ്മ ഈ ലോകത്തിൽ നിന്ന് എന്റെ ജന്മ രഹസ്യവും കൊണ്ട് യാത്രയായി,,,,,,,,,,,
ഞാനിന്ന് ഈ മെന്റൽ ഹോസ്പിറ്റലിൽ വന്നിട്ട് വർഷങ്ങളായി ,,, എനിക്ക് ഒരസുഖവും ഇല്ലയെന്ന് എന്നെപ്പോലെത്തന്നെ ഇവിടെത്തെ ഡോക്ടേസിനും അറിയാം ,,,,
പക്ഷെ ഇവിടെന്ന് പറഞ്ഞയച്ചാൽ മരണത്തിന് പോലും വേണ്ടാത്ത ഞാൻ എന്ത് ചെയ്യണം
ഈ ജന്മം ഈശ്വരനോട് ഒരേ ഒരു ചോദ്യം ,,,,,?
ഈ ഭൂമിയിൽ ജനിച്ചത് ആർക്ക് വേണ്ടി,,,,,,,,????എനിക്ക് എന്തിന് ഈ ജന്മം തന്നു ,,,,??? ആയൂസ് ഒടുങ്ങാൻ ഇനിയും എത്രനാൾ,,,,,,,,??? ഈശ്വരന്റെ ശാപമാണോ ,,,,,,,,???അതോ എന്റെ പെറ്റമ്മയുടെ യോ,,,,,,,???
രചന: ദേവി സുനിൽരാജ് 27/7/20l8
NB :ഇത് വർഷങ്ങൾക്ക് മുൻപ് എ.സി .സി യുടെ ക്യാമ്പിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള മെന്റൽ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെയുള്ള ഒരാളുടെ ജീവിതകഥ ഡോക്ടർ സാമുവൽ പറഞ്ഞതാണ് .അത് എന്റെ ഭാവനയും കൂടി ചേർത്ത് എഴുതിയാണ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot