നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാഷൻ ഫ്രൂട്ട്

Image may contain: 1 person, smiling, selfie, closeup and indoor
******************
രണ്ടാം ക്ലാസ്സിലെ രണ്ടാം പീരിഡിൽ രണ്ടാംബെഞ്ചിൽ രണ്ടുപേർക്കിടയിലിരുന്നു രണ്ടാം പാഠം പഠിക്കുമ്പോഴായിരുന്നു ഞാനതു ശ്രദ്ധിച്ചത്.തരക്കേടില്ലാത്ത ഒരു മണം എന്റെ മൂക്കിൽ പെട്ടു.
ഇതെവിടുന്നു വരുന്നു എന്ന് തിരഞ്ഞപ്പോൾ ആണ് മ്മടെ തൊട്ടപ്പുറത്തിരുന്നു മഹേഷ് എന്തോ സാധനം ചപ്പുന്നതു കണ്ടത്."ശ്ശെടാ ...ഇവനിതു എന്ത് കാണിക്കുന്നേ" എന്ന ഭാവത്തിൽ അവനെ നോക്കി.
വളരെ മൃദുലമായിട്ടു അവൻ എന്നെയും നോക്കി അറിയാണ്ട് അല്പം ഉമിനീര് ഇറക്കിയപ്പോ ചെക്കന്റെ മുഖം മാറി.. "നേരെ നോക്കടാ ഇരുന്നു കൊതിവിടാതെ"..എന്നൊരു ഡയലോഗും .
നേരെ നോക്കിയെങ്കിലും അന്ന് ആദ്യമായി കിട്ടിയ സുഗന്ധവും തിളങ്ങുന്ന പുറന്തോടും എനിക്ക് അധികം കണ്ട്രോൾ തന്നില്ല...
''ഡാ മാഷെ എനിക്കുടെ ഒന്ന് തരുവോ..?''
'ഇല്ല...തരില്ല...'
''ഞാൻ ടീച്ചറിനോട് പറയും...''
'അവർക്കും കൊടുക്കില്ല...'
''അതല്ല നീ ക്ലാസിലിരുന്ന് ഇത് തിന്നുന്നത് ഞാൻ പറയും...''
'പറഞ്ഞിട്ട് നീ ഇവിടെ തന്നല്ലേ ഇരിക്കണേ...പോയി പറയ്..'
ആ ഭീഷണിയിൽ ഞാനൊന്നു വിരണ്ടു.കാരണം കഴിഞ്ഞ മാസം ആ വൃത്തികെട്ടവൻ തള്ളിയിട്ടു തലപൊട്ടി ചോര വന്നതിന്റെ വേദന ഇപ്പഴുമുണ്ട്...
സംസാരം കണ്ടിട്ടാവണം ഉഷ ടീച്ചർ വിളിച്ചത്..""കിരൺ ...എന്താ അവിടെ ..ക്ലാസ്സിൽ ശ്രദ്ധിക്കു..."" ദുർവ്വാസാവിന്റെ തപസ്സു ഇളക്കാൻ വന്ന ...ശേ ആ കുട്ടിയുടെ പേര് മറന്നു..എന്തായാലും അവരെ പോലെ ഇവൻ ഇങ്ങിനിരുന്നു ചപ്പിയാൽ ഞാനെങ്ങനെ ശ്രദ്ധിക്കാനാ...
അധികം വൈകാതെ മണി മുഴങ്ങി പെടുക്കാനുള്ള മണിയാണ്. പോകണത്തിനു മുൻപ് ഞാനൊരു ശ്രമം നടത്തി...''മാഷെ ..എനിക്കുടെ താടാ...'' ഒരുമാതിരി എല്ലുംകഷ്ണം തിന്നുന്ന നായെ പോലെ അവൻ എന്നെ തുറിച്ചു നോക്കി...അവൻ നോക്കിയതും ഞാൻ ഒറ്റ ഓട്ടത്തിന് മൂത്രപിരയിൽ എത്തി...
കാര്യം കഴിഞ്ഞു തിരികെ ക്ലാസ്സിൽ വന്ന ഞാൻ ഞെട്ടി ..അതാ ലെനിന്റേം, അഖിലിന്റേം കയ്യിൽ അതെ സാധനം... കൂട്ടത്തിൽ അല്പം മനസാക്ഷി ഉള്ള ലെനിനോട് ചോദിച്ചു ''ഡാ..എനിക്കുടെ തരുവോ..''
'ഇല്ല ..മോനെ ഇത് ഞാൻ തരൂല...'
അവനും കയ്യൊഴിഞ്ഞു.
കൊതി വിട്ടു അവന്മാർക്ക് വയറിളകും എന്ന് ഉറപ്പായോണ്ടാരിക്കും മാഷ് ഒരു ഒറ്റ മണി തന്നത്. ടേസ്റ്റ് ഒന്നും അതിൽ അറിയാൻ പറ്റിയില്ലെങ്കിലും.ഒരു രസം തോന്നി.
''എന്താടാ മാഷെ ഇതിന്റെ പേര്..?''
'പാഷൻ ഫൂട്ട് ..'
അന്നത്തെ എന്റെ വിദ്യാഭ്യാസം അനുസരിച്ചു വായിൽ കൊള്ളാത്ത വാക്ക് പറഞ്ഞു നാക്കുളുക്കാൻ ഞാൻ നിന്നില്ല..
''മാഷെ.. നാളെ വരുമ്പോ ഒന്ന് എനിക്കൂടി കൊണ്ടുവരുവോ ...''
'ഇല്ല ..'
''അതെന്താടാ ഞാനും നിന്റെ കൂട്ടുകാരനല്ലേ..''
'അല്ല...'
അവൻ മുഖത്തടിച്ചപോലെ പറഞ്ഞു കളഞ്ഞു. അല്പം വാശി തോന്നിയെങ്കിലും എന്റെ കൊതി വീണ്ടും അവന്റെ കാലു പിടിപ്പിച്ചു. ''മാഷെ ഒരെണ്ണം ...കഷ്ടമുണ്ട്..''
'ശരി ..നാളെ വരുമ്പോ കൊണ്ടുവരാം പക്ഷെ 10 രൂപ തരണം...'
അവൻ അന്നേ ബിസിനെസ്സിൽ നല്ല താത്പര്യമ..പക്ഷെ അന്നത്തെ 10 രൂപ ഉണ്ടെങ്കിൽ ചെല്ലപ്പൻ മാമന്റെ കടയിൽ നിന്ന് ഞാനും എന്റെ അണ്ണനും നാലു നാലു പത്തിരിയും കിഴങ്ങു കറിയും കഴിച്ചാൽ ബാക്കി 2 രൂപയും കിട്ടും.എല്ലാ ഞായറാഴ്ചയും പപ്പ വാങ്ങി തരാറുണ്ട്.
എനിക്ക് വേണ്ട നിന്റെ ഫൂട്ട് എന്ന് പറഞ്ഞു ഞാൻ ക്ലാസ്സിൽ പോയിരുന്നു.അപ്പൊ ആ പഹയൻ ഓടി വന്നു ബാഗിൽ നിന്നും വീണ്ടും ഒരെണ്ണം എടുത്തു ചപ്പാൻ തുടങ്ങിയിട്ട് എന്നോട് പറഞ്ഞു...'അടിച്ചു മാറ്റാന് വിചാരിക്കണ്ട ഇനി ബാഗിൽ ഇല്ല...'
എല്ലാം സഹിച്ചു ഞാൻ ആ ക്ലാസ്സിൽ ഇരുന്നു.വൈകിട്ട് സ്കൂൾ വിടാറായി കാണും ആ തെണ്ടി വീണ്ടുമൊരെണ്ണം ബാഗിൽ നിന്നെടുത്തു ചപ്പി.നമ്മളെ വെറും ലവനാക്കിയ ഒരു നോട്ടവും സമ്മാനിച്ചു.അപ്പോഴേക്കും എന്റെ കൊതി വീണ്ടും അവന്റെ കാലിൽ വീഴിച്ചു.
''ശരി നാളെ ഞാൻ 10 രൂപ തരാം.എനിക്കൂടെ കൊണ്ടുവരണം.വലുത് വേണം.''
'ഉം..' എന്ന് മൂളി അവൻ പോയി.
അങ്ങിനെ പാഷൻ ഫൂട്ട്. മാത്രം സ്വപ്നം കണ്ടു ഞാൻ വീട്ടിലെത്തി.എങ്ങിനെ 10 രൂപ ഉണ്ടാക്കാം.വീട്ടിൽ ചോദിച്ചാൽ കിട്ടില്ല എന്നറിയാർന്നു.അന്നത്തെ 10 രൂപ ശരിക്കും ഞാൻ കണ്ടിട്ട് പോലുമില്ല.
രാത്രിയിൽ പപ്പേടേം അമ്മേടേം കൂടെയാണ് കിടക്കണത്.എന്റെ പാഷൻ ഫൂട്ട് ചിന്ത അവരുടേം ഉറക്കം കെടുത്തി.എന്തിനാണോ എന്തോ ഞാനുറങ്ങിയോ ന്നു പപ്പ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് കണ്ടു.
എങ്ങിനെയോ നേരം വെളുപ്പിച്ചു .എങ്ങനേം 10 രൂപ ഉണ്ടാക്കിയാലെ പറ്റു.അണ്ണനോട് ഒന്ന് ചോദിച്ചാലോ ?ഏയ് ..അങ്ങേരുടെ കയ്യിലെങ്ങിനെ കാണാനാ. അങ്ങിനെ ചിന്തിച്ചു ചിന്തിച്ചു അവസാനം മോഷണം എന്ന വഴിയിലെത്തി.
സ്വന്തം മൊതല് എടുക്കണത് മോഷണം ന്നു പറയാൻ പറ്റുവോ... റൂമിലെ ഹാങ്ങറിൽ ആണ് പപ്പ ഷർട്ട് ഇടണത്.ആ ഷർട്ടിൽ തന്നെയാണ് പഴ്സും വക്കുക.അതിൽ നിന്നും 10 രൂപ ചൂണ്ടാൻ ഞാൻ തീരുമാനിച്ചു.
റൂമിലെത്തിയ ഞാൻ നിരാശനായി ..ഷർട്ടിന്റെ പോക്കറ്റ് എനിക്ക് എത്തൂല.എങ്കിലും പാഷൻ ഫൂട്ടിനോടുള്ള കൊതി എന്നെക്കൊണ്ടു പല വഴികളും ചിന്തിപ്പിച്ചു.അങ്ങിനെ ഒരു വിധത്തിൽ 10 രൂപ ഞാൻ പൊക്കി.
അപ്പോഴേക്കും സ്കൂളിൽ പോകാൻ സമയമായി 'അമ്മ പഴങ്കഞ്ഞി കുടിക്കാൻ വിളിച്ചു.പഴങ്കഞ്ഞി കുടിച്ചു കഴിയാറായപ്പോൾ പപ്പ അമ്മയെ വിളിച്ചു..''ഡി നീ പോക്കറ്റിൽ നിന്ന് 10 രൂപ എടുത്തോ..?''
'പോ പപ്പേ' ( സ്നേഹം കൂടുമ്പോൾ അമ്മയും പപ്പയെ അങ്ങനെയാ വിളിക്കണേ)
''സത്യം പറയടി കള്ളി..നീ പൊക്കിയതല്ലേ...''
'ചേട്ടാ ഞാൻ എടുത്തില്ല..രാവിലെ എന്നോട് ഗുസ്തിക്ക് നിക്കല്ലേ...' അമ്മ അല്പം ഗൗരവത്തോടെ പറഞ്ഞു.
അമ്മ എടുത്തിട്ടില്ലെന്നു പപ്പക്ക് മനസ്സിലായി.കാരണം ഇടയ്ക്കു പപ്പേടെ പോക്കറ്റിന്ന് അമ്മ പൈസ അടിക്കാറുണ്ട് പക്ഷെ അപ്പോഴൊക്കെ അമ്മയുടെ മുഖത്തു ഒരു കള്ളചിരിയും ഉണ്ടാകാറുണ്ട്.ഇന്ന് അതില്ല.10 രൂപ കാണാണ്ടായത് പപ്പയെ വല്ലാണ്ട് വിഷമിപ്പിക്കുന്നു.
അണ്ണനോട് ചോദിക്കുന്നത് കേട്ടു ഇവിടെങ്ങാനം കിടക്കുന്നതു കണ്ടോ ന്നു? ഞാൻ കുഞ്ഞായതുകൊണ്ടാകാം എന്നോട് ആ ചോദ്യമില്ലാരുന്നു.എങ്കിലും പപ്പയുടെ വിഷമം എന്നെയും വല്ലാണ്ട് വിഷമിപ്പിച്ചു.
സ്കൂളിൽ പോകുന്നതിനു മുന്പായി ആ പൈസ ഞാൻ പപ്പയുടെ മേശയുടെ കീഴിൽ ഇട്ടു.എന്നിട്ടു പപ്പയെ വിളിച്ചുപറഞ്ഞു ''ദേ കിടക്കുന്നു പൈസ ..''
ഇതിപ്പോ ഇവിടെങ്ങിനെ വന്നു എന്നായി പപ്പയുടെ ചിന്ത.. ബസ് വന്നത് കാരണം ഞാനും പെട്ടെന്ന് പോയി.
സ്കൂളിൽ എത്തുമ്പോൾ ഒരു ചെറിയ വിഷമമുണ്ട് .മഹേഷ് ഇന്നും പാഷൻ ഫൂട്ട് കൊണ്ടുവരും അഖിലിലിനും,ലെനിനും കൊടുക്കും.ആ മണം ഇന്നും എന്നെ കൊതിപ്പിക്കും.പൈസ കൊടുക്കാതെ അവൻ എനിക്ക് തരില്ല.
ക്ലാസ്സിൽ എത്തിയ എന്നോട് മഹേഷ് ചോദിച്ചു..'പൈസ കൊണ്ടുവന്നോടാ?'
''ഇല്ല ...'' തല കുനിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
'അപ്പൊ നിനക്ക് പാഷൻ ഫുട് വേണ്ടല്ലോ..'
മൗനമായി ഞാൻ നിന്നു..അവൻ ബാഗിൽ നിന്നും ഒരെണ്ണം എടുത്തു ചപ്പി കൊതിപ്പിച്ചു..
''ഞങ്ങള് പാവപെട്ടവരാ...അത്രയ്ക്ക് പൈസയൊന്നും തന്നു ഇത് വാങ്ങിക്കാൻ കഴിയില്ല..''
അതൊന്നും കേൾക്കാൻ മഹേഷ് നിന്നില്ല ..
എനിക്ക് തരാതെ അവർ പാഷൻ ഫുട് കഴിക്കുന്നത് ഒരു എട്ടു വയസ്സുകാരനെ വല്ലാണ്ട് വേദനിപ്പിച്ചു..
സങ്കടം സഹിക്കാതെ വന്നപ്പോൾ എനിക്ക് മാറി ഇരിക്കണം ന്നു ഞാൻ ടീച്ചറിനോട് പറഞ്ഞു.അത് കേട്ട മഹേഷ് എന്റെ കയ്യിൽ പിടിച്ചു ..എന്താണെന്നു അറിയില്ല അത് അവനെ സങ്കടപ്പെടുത്തി.എന്റെ കയ്യിലേക്കൊരു പാഷൻ ഫൂട്ട് വച്ച് തന്നു അവൻ.ന്നിട്ട് അല്പം സങ്കടത്തിൽ പറഞ്ഞു "നീ മാറിയിരിക്കേണ്ട.".പെട്ടെന്ന് എങ്ങിനെ ബോധോദയം വന്നോ എന്തോ..?
ആ പാഷൻ ഫൂട്ട് ഞാൻ ആസ്വദിച്ചു കഴിച്ചു.നല്ല രുചിയാർന്നു.ജീവിതത്തിൽ ആദ്യമായാണ് അതിന്റെ ടേസ്റ്റ് അറിയുന്നത്. അന്ന് വലിയ സന്തോഷത്തിൽ ഞാൻ വീട്ടിലെത്തി.
ആഹാരം കഴിച്ചു അല്പം കഴിഞ്ഞപ്പോൾ പപ്പ വന്നു .ഷർട് അഴിച്ചിട്ടു പപ്പ എന്നെ വിളിച്ചു...''''കൊച്ചുമോനെ...ഇങ്ങോട്ടു വന്നേ...''''
ഞാൻ പപ്പയുടെ അടുത്തേക്ക് ചെന്ന്..രാവിലത്തെ മോഷണം കണ്ടുപിടിച്ചോ എന്ന പേടി മനസ്സിലുണ്ട്.
''''കൊച്ചുമോനെ..ഇവിടാണ് പപ്പയുടെ ഷർട് ഇടുക..പേഴ്സ് എപ്പഴും ഇതിൽ തന്നെ കാണും മോന് എപ്പഴെങ്കിലും പൈസക്ക് ആവശ്യമുണ്ടെങ്കിൽ ദേ ഇതിൽ നിന്ന് എടുത്തോണം..എടുക്കുന്നതിനു മുമ്പോ,എടുത്തു കഴിഞ്ഞിട്ടോ പപ്പയോടൊന്നു പറയണം മോൻ ഇത്ര പൈസ എടുത്തെന്നു..കേട്ടോ ..''''
അന്നത്തെ എട്ടു വയസ്സുകാരന് ആ വാക്കുകളുടെ ആഴം മനസ്സിലാക്കാൻ പറ്റിയിരുന്നില്ല.പക്ഷെ പിന്നീടെപ്പഴോ അത് മനസ്സിലാക്കാൻ കഴിഞ്ഞപ്പോൾ മറ്റൊന്നുകൂടി ഞാൻ അറിയുകയായിരുന്നുഅറിയുകയായിരുന്നു ''''പുസ്തകങ്ങളും പരീക്ഷകളും ഇല്ലാതെ പപ്പ എന്നെ പഠിപ്പിച്ചതു ഒരു വലി പാഠമായിരുന്നു ജീവിതത്തിലെ വളരെ വിലപ്പെട്ട ഒരു പാഠം .''''
അതിനോടൊപ്പം തന്നെ പപ്പയുടെ ആസ്ഥാന കാഷ്യർ ആയി എന്നെ അപ്പോയ്ന്റും ചെയ്തു..'അമ്മ ,അണ്ണൻ തുടങ്ങിയ കക്ഷികൾക്ക് ക്യാഷ് വേണമെങ്കിൽ എന്നെ സമീപിക്കണം.ഞാൻ എടുത്തു കൊടുക്കും.ആ പോക്കറ്റ് ബാങ്കിൽ കയ്യിടാൻ എനിക്ക് മാത്രേ അധികാരം ഉണ്ടായിരുന്നുള്ളു.
അടുത്ത ദിവസം മുതൽ മഹേഷ് എനിക്ക് പാഷൻ ഫൂട്ട് തന്നു തുടങ്ങി. ആ സീസൺ കഴിയുന്ന വരെയും.അത് കഴിഞ്ഞു ഇന്നുവരെയും ഓരോ അവധിക്കാലത്തും എനിക്കുവേണ്ടി എന്തെങ്കിലും അവൻ എത്തിക്കാറുണ്ട്.കഴിഞ്ഞ തവണ കിട്ടിയത് നല്ല ഒന്നാന്തരം കസവു മുണ്ടാണ്.ഇത്തവണ എന്താണോ എന്തോ ..?വിവരം വച്ച കാലത്തെന്നോ മനസ്സിലായി അത് ഫൂട്ട് അല്ല ഫ്രൂട്ട് ആണെന്ന്.
ഇന്ന് ഓരോ മാസവും അക്കൗണ്ടിൽ പതിനായിരങ്ങൾ വീഴുന്നുണ്ട് പക്ഷെ പപ്പയുടെ പോക്കറ്റിൽ കയ്യിട്ടെടുക്കുന്ന പത്തു രൂപയുടെ സുഖം ഇന്ന് കിട്ടാറില്ല .പാഷൻ ഫ്രൂട്ട് പിന്നെയും കഴിച്ചിട്ടുണ്ട് ഒരുപാടു... പക്ഷെ അന്ന് മഹേഷ് കൈപിടിച്ച് തന്ന ഫ്രൂട്ടിന്റെ മധുരം പിന്നീടൊരിക്കലും കിട്ടിയിട്ടുമില്ല ....
കിരൺ കൃഷ്ണൻ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot