.................................
"ചിറ്റേ, സമയം ഒരു പാടായീട്ടോ ,ചിറ്റയ്ക്ക് താമസിച്ചാലും കുഴപ്പമില്ലല്ലോ, ടീച്ചറല്ലേ. പക്ഷേ എന്റെ കാര്യം അങ്ങനെയല്ലാട്ടോ " സുമി ഒച്ച വയ്ക്കാൻ തുടങ്ങി.
"ഇതാ വരുന്നു മോളേ ", മീര വേഗം ചോറു പാത്രം ബാഗിൽ തിരുകി വച്ചു, ധൃതിയിൽ മുറ്റത്തേക്കിറങ്ങുന്നതിനൊപ്പം ഉച്ചത്തിൽ പറഞ്ഞു "അമ്മൂ, അമ്മയിറങ്ങുവാണേ".
നടപ്പിനൊപ്പം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അമ്മയെയാണ്. " അവൾ കുളിക്കുന്നതേയുള്ളു, നീ ഇറങ്ങിക്കോളൂ" എന്നായി അമ്മ. ദേവേട്ടന്റെ അമ്മ ഒപ്പമുള്ളത്, ഒരു വലിയ ആശ്വാസമാണെന്നവൾ മനസ്സിലോർത്തു.
പടിക്കെട്ടുകളോടിയിറങ്ങി എത്തുമ്പോഴേയ്ക്കും സുമി വീണ്ടും ഒച്ചയിടാൻ തുടങ്ങിയിരുന്നു. പാവം അവളിന്നു താമസിയ്ക്കും, തന്നെ സ്ക്കൂളിലിറക്കി വേണം അതിനപ്പുറമുള്ള കോളേജിലേയ്ക്കെത്താൻ, അവൾക്ക്. ദേവേട്ടന്റെ ഏട്ടന്റെ മകളാണ്. ബാല്യത്തിലേ അഛൻ നഷ്ടപ്പെട്ട കുട്ടി, അവളും, ലക്ഷ്മിയേട്ടത്തിയും പണ്ടു മുതൽക്കേ ഞങ്ങൾക്കൊപ്പമാണ് താമസം .ബിരുദ വിദ്യാർത്ഥിനിയായ, അവളുടെ ഇരുചക്രവാഹനത്തിലാണിപ്പോ, സ്ക്കൂളിലേയ്ക്കുള്ള തന്റെ യാത്ര.
പിൻസീറ്റിൽ കയറി ഇരുന്നപ്പോഴേയ്ക്കും കിതച്ചു പോയി മീര, ഒടുവിൽ പതിയെ സുമിയോട് പറഞ്ഞു " പതിയെപ്പോയാൽ മതീ, ട്ടോ, സുമീ, നീ വേഗതയിൽ പ്പോയാലും വഴക്ക് മുഴുവൻ എനിക്കായിരിക്കും, നിന്റെ ചിറ്റപ്പന്റടുത്തൂന്ന്...
"ഓ, പിന്നേ,ചിറ്റപ്പൻ വീട്ടിലും തനി പോലീസുകാരൻ ചമയുന്നത്, ചിറ്റ പാവമായോണ്ടാണേ" എന്നു പറഞ്ഞതിനൊപ്പം വേഗത കുറച്ചു അവൾ എന്നിട്ട് കൂട്ടിച്ചേർത്തു, "കവല വരെയാണേ ഇത് ,അത് കഴിഞ്ഞാൽ ഞാൻ പറത്തി വിടും, "
മതി, മതിയെന്ന് കപട ദേഷ്യ ഭാവത്തിൽ അവളോട് കുറച്ചു കൂടി ചേർന്നിരുന്നു, മീര, ഒരാശ്വാസത്തിനെന്നവണ്ണം .. പോലീസുകാരനായ ദേവേട്ടൻ, തനിക്കാർക്കശ്യക്കാരനാണ്, മേമ്പൊടിയ്ക്ക് അല്പം സംശയരോഗവും, സുമിയാണ് ആശ്വസിപ്പിക്കുന്നത് പലപ്പോഴും .
ചിറ്റേയെന്ന സുമിയുടെ വിളിയാണ് ചിന്തയിൽ നിന്നുണർത്തിയത്.
" ഉം, എന്താ, നീ പറഞ്ഞോടാ, " എന്നായി മീര ..
തകർത്താടിയ പെരുമഴ പെട്ടെന്ന് പെയ്തൊഴിഞ്ഞ പോലെ ,അല്പനേരത്തേ നിശ്ശബ്ദതയ്ക്കൊടുവിൽ അവൾ പറഞ്ഞു, "ഇന്നെന്റെ പിറന്നാളാണ്." ഞെട്ടിപ്പോയി താൻ, മറക്കരുതായിരുന്നു, എത്ര തിരക്കിലായാലും മറക്കാൻ പാടില്ലായിരുന്നു, അവളുടെ പിറന്നാൾ .കുറ്റബോധം തോന്നി മീരയ്ക്ക്, തന്റെ അമ്മുവിന്റേതാണെങ്കിൽ താൻ മറക്കില്ലായിരുന്നുവെന്നും വേദനയോടെ അവളോർത്തു.
പോട്ടെടാ, വൈകുന്നേരം മോൾക്ക് ചുരിദാർ, ഐസ് ക്രീം, ബിരിയാണി എല്ലാം വാങ്ങിത്തരാം, സ്കൂളിൽ ചെന്നിട്ട് ചിറ്റപ്പനെ ഒന്നു വിളിയ്ക്കട്ടെ,.മീര പറഞ്ഞു.
വേണ്ട ചിറ്റേ, വൈകുന്നേരം എന്റെ സുഹൃത്തുകളുടെ വക ഒരു ട്രീറ്റ് ഉണ്ട്. എന്നോടൊപ്പം ചിറ്റ വന്നാൽ മതി. പെട്ടന്നായിരുന്നു സുമി യുടെ മറുപടി.
ഉറപ്പായും മോളേ,ചിറ്റപ്പനെയും കൂട്ടാം നമുക്ക് എന്നായി മീര, വേണ്ട, വേണ്ട ചിറ്റ മാത്രം മതിയെന്നായി സുമി. തന്നെയിറക്കി കൈ വീശിയവൾ കടന്നു പോയപ്പോഴും, ഇത്ര വലുതായിട്ടും ദേവേട്ടനോട് അവൾക്കുള്ള പേടിയെക്കുറിച്ചായിരുന്നു മീരയുടെ ചിന്ത, പൊട്ടിപ്പെണ്ണ്, ദേവേട്ടനെ കാണുമ്പോഴേയ്ക്കും, വിറച്ചു പോകും, തന്റെ കാര്യവും വിഭിന്നമല്ലെന്ന് ചെറിയൊരു വേദനയോടെയാണവൾ ഓർത്തത്.
ഉച്ചയൂണിന് ശേഷമുള്ള സമയമാണ് ഫോണെടുത്തത്, "ദൈവമേ, മൂന്ന് മിസ്സ്ഡ് കാൾസ് ,ദേവേട്ടന്റെത്. ഇനിയിപ്പോ തിരികെ വിളിച്ചാലും എടുക്കില്ല, അതാണ് സ്വഭാവം. ക്ലാസ്സെടുക്കുമ്പോൾ സൈലന്റ് മോഡിലാണെന്നതൊന്നും അദ്ദേഹത്തിനറിയേണ്ട. എന്തായാലും വിളിക്ക തന്നെ, വൈകിട്ടത്തെ പ്രോഗ്രാമിനെപ്പറ്റി, പറയാതെ പോകാൻ പറ്റില്ലെന്ന ചിന്ത അവളിൽ ഒരു വെപ്രാളം ജനിപ്പിച്ചു. വരുന്നത് വരട്ടെ എന്ന് ചിന്തിച്ചു കൊണ്ടവൾ തിരികേ വിളിച്ചു, ഭാഗ്യം, ഫോൺ അറ്റൻഡു ചെയ്തു. അങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുമ്പ് മറുപടി വന്നു " തിരക്കിലാണ്, ഡ്യൂട്ടി ടൈം ആണ്, പിന്നെ വിളിക്കാം."
ചോറുണ്ടോ ദേവേട്ടാ എന്ന തന്റെ ചോദ്യത്തിന് ,ഇരുത്തിയ ഒരു മൂളലിനൊപ്പം ഫോൺ നിശ്ശബ്ദമായി. ഇനി വിളിച്ചാലും എടുക്കില്ല, അതാണ് പതിവ്..
വൈകുന്നേരം സ്കൂൾ വിട്ടു പുറത്തു വരുമ്പോൾ പതിവിനു വിപരീതമായി സുമി ഗേറ്റിനടുത്തുണ്ട്. സാധാരണ പത്തു മിനിട്ടോളം താൻ അവളെക്കാത്തു നിൽക്കുകയാണ് പതിവ്.പോവാം മോളേ,എന്നു കേട്ടതും അവൾ കൊഞ്ചാൻ തുടങ്ങി, "അപ്പോ, ചിറ്റ രാവിലെ വരാമെന്നേറ്റ തോ? എന്റെ ഫ്രണ്ടിന്റെ ട്രീറ്റ് ,ഇനി മാറരുത്, പ്ലീസ്സ്.ഒരു അര മണിക്കൂർ, ചിറ്റേ "'' അവൾ വിടാനുദ്യേശ്ശമില്ല.
മോളേ,ചിറ്റപ്പനോട് പറയാൻ പറ്റിയില്ല. പറയാതെ പോയാലുള്ള ഭവിഷ്യത്ത് നിനക്കറിയാമല്ലോ.?... എനിക്കും പേടിയില്ലേ, ചിറ്റേ ,നമുക്ക് പെട്ടെന്ന് പോകാമെന്നേ എന്നു പറഞ്ഞവൾ വണ്ടിയിലേയ്ക്ക് വലിച്ചടുപ്പിച്ചു.
സ്കൂട്ടിയുടെ വേഗതയ്ക്കൊപ്പം യാന്ത്രികമായിരുന്നു അവളുടെ ചലനങ്ങൾ, ചോദ്യങ്ങൾക്കെല്ലാം, മുക്കി, മൂളിയുള്ള ഉത്തരങ്ങൾ ,വഴിയിൽ താൻ കാണിച്ച ചുരിദാറുകളിലൊന്നും അവളുടെ മനസ്സുടക്കിയില്ല. യാത്രാന്ത്യം വണ്ടിയെത്തിയത് അഡ്വഞ്ചർ പാർക്കിനു മുമ്പിലാണ്.ഇവിടെ വച്ചാണോ ട്രീറ്റ്, ഇതത്ര നല്ല സ്ഥലമല്ല മോളേയെന്ന എന്റെ ചോദ്യം ശ്രദ്ധിക്കാതെ, എന്നെ കൈയ്യിൽ പിടിച്ചു കൊണ്ടവൾ മുന്നേ നടന്നു, കുഞ്ഞുങ്ങളെപ്പോൽ .അതവസാനിച്ചത് പൂത്തുലഞ്ഞു നിൽക്കുന്ന വലിയ വാകമരത്തിനരികിലെ മര ബെഞ്ചിനു മുന്നിലായിരുന്നു.
ചിന്തകൾ ചോദ്യങ്ങളായി രൂപം മാറുന്നതിനു മുമ്പേ, കൈയ്യിൽ മൂന്ന് കോൺ ഐസ് ക്രീമും പിടിച്ചു കൊണ്ട് മുന്നിലേക്ക് വന്നു, വിനയൻ മാഷ്. തന്റെ സഹപ്രവർത്തകനും, അയൽവാസിയുമായ യുവാവ്.
മനസ്സിലേക്കിരമ്പിയാർത്ത ആയിരം ചോദ്യങ്ങൾക്ക് മുന്നിൽ ഒരുത്തരമെന്നോണം, എന്റെ ഐസ്ക്രീം ഇങ്ങു തന്നേക്കൂ എന്ന് പിടിച്ചു വാങ്ങുന്ന സുമി. കാഴ്ചയ്ക്കു പിറകേ വന്ന സ്വബോധത്തിനൊടുവിലാണ്, മുൻകൂട്ടി അവർ തയ്യാറാക്കിയ തിരക്കഥയിലെ വേഷമറിയാതെ നിറഞ്ഞാടിയ ഒരു കഥാപാത്രമായിരുന്നു താനെന്ന ബോധമുണ്ടായത്.
സുമീ, നീയെന്താ തമാശ കാട്ടുകയാ? വിനയൻ മാഷോ, നിന്റെ സുഹൃത്ത്! നിങ്ങൾക്കൊപ്പം, ഞാനുമുണ്ടെന്നറിഞ്ഞാൽ പിന്നെ എന്താണുണ്ടാവുക.? വാ, പോകാം, താൻ പറയുന്നതിനിടയിലേയ്ക്ക്, കടന്നു വിനയൻ മാഷ്, നിൽക്ക് ടീച്ചർ ഞങ്ങൾ മാത്രമല്ലല്ലോ, ടീച്ചറുമൊപ്പമുണ്ടല്ലോ? വിനയൻ ചെയ്തതൊട്ടും ശരിയായില്ല, രണ്ടാളും കൂടിയെന്നെ...., പറഞ്ഞു തീരുന്നതിനു മുമ്പേ സുമിയുടെ, അയ്യോ,ചിറ്റപ്പൻ എന്ന നിലവിളിയാണ് കാതിൽ മുഴങ്ങിയത്.
പിൻതിരിഞ്ഞു നോക്കിയതും, ദൂരെ നിന്നും അഞ്ചാറ് കാക്കി ധാരികൾ ..,ഒന്നേ നോക്കിയുള്ളൂ, ദൈവമേ! അതിലൊന്നു ദേവേട്ടൻ, കണ്ണുകളിലേയ്ക്ക് ഇരുട്ട് ഇരച്ചുകയറി, നില്ക്കുന്നിടം മുഴുവൻ ഭ്രമണം ചെയ്യുന്നു, ഭൂമി രണ്ടായി പിളർന്ന് താനങ്ങു താഴ്ന്നു പോയിരുന്നുവെന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയി. മന:സംയമനം വീണ്ടെടുത്തു, കറങ്ങുന്ന കണ്ണുകളുയർത്തി നേരേ നോക്കി, ദേവേട്ടനും ഞെട്ടിപ്പോയി, തന്നെ കണ്ടപ്പോൾ. സുമി നിന്നിടത്തേയ്ക്ക് പാളി നോക്കി, അവിടം ശൂന്യം. അവൾ രക്ഷപ്പെട്ടിരിക്കുന്നു. ദേവേട്ടനു മുന്നിൽ ഇരു കൈകളിലും ഐസ്ക്രീമുമായി നിൽക്കുന്ന വിനയൻ മാഷും, താനും മാത്രം....
ഒരു മാത്ര മൗനത്തിനു ശേഷം വിനയന്റെ മുഖത്തേയ്ക്ക് തറപ്പിച്ചു നോക്കി, മീരയുടെ മുഖത്തിനടുത്തു വന്നയാൾ മുരണ്ടു " നീ ,ഇവിടെ?"
മരവിച്ച നാക്ക് വലിച്ചുയർത്തി അവൾ പറയാൻ ശ്രമിച്ചു " ദേവേട്ടാ, ഞാൻ... മുഖമടച്ചൊരടിയായിരുന്നു അയാളുടെ മറുപടി. വേച്ചുപോയ മീര വാകമരത്തിനു ചുവട്ടിലേയ്ക്കാഞ്ഞു പോയി.
കൂടെയുണ്ടായിരുന്ന പോലീസുകാർ, ദേവനെപ്പിടിച്ചു മാറ്റി, സഹായിക്കാനെന്നവണ്ണം, മീരയോടു പറഞ്ഞു "ടീച്ചറേ, പാർക്കിന്റെ ആ വശത്ത് സദാചാരപ്രവർത്തകരാണെന്ന് പറഞ്ഞ് കുറെ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. പൊലീസ് ഫോഴ്സും, കവർ ചെയ്യാൻ മാധ്യമങ്ങളുമെല്ലാമുണ്ട്, എങ്ങനെയും പുറത്തു കടക്കുക, അവരിവിടെ എത്തിയാൽ ആകെ പ്രശ്നമാകും".. കർണ്ണപുടങ്ങളിൽ വാക്കുകൾ കനലാട്ടം നടത്തി. കണ്ണും മനവും ദേവേട്ടനിലായിരുന്നു. കണ്ണുകൾ രൗദ്രമായിരുന്നെങ്കിലും, ആ ശിരസ്സ് കുനിഞ്ഞിരുന്നു. ഹൃദയം ചാട്ടവാറടിയേറ്റ പോലെ നുറുങ്ങിപ്പോയിരിക്കുന്നു. ടീച്ചറേ എന്നു വിളിച്ച വിനയൻ മാഷിനെ മനസ്സിലെ അഗ്നി മുഴുവൻ കണ്ണുകളിലാവാഹിച്ച് തുറിച്ചു നോക്കി, മീര .
കനം വച്ച കാലുകൾ വലിച്ചിഴച്ച് സുമിയുടെ വണ്ടിയിരുന്നിടത്തെത്തി.അവൾ പോയിരിക്കുന്നു, വാകമരത്തിന്റെ മറവിനാലും, ദേവേട്ടനെ അകലെ നിന്നും കണ്ടതിനാലും അവൾക്ക് രക്ഷപെടാനായി, ഇന്നവൾക്ക് വച്ചിട്ടുണ്ട്, തന്നെ വല്ലാത്ത കഷ്ടത്തിലാണവൾ തള്ളിയിട്ടത്.ദേവേട്ടന് മുമ്പേ, വിനയനെ ഇഷ്ടമല്ല, നോട്ട്സ്, ഗൈഡ് എന്നൊക്കെപ്പറഞ്ഞ് പല പ്രാവശ്യം വീട്ടിൽ വന്നത്, സുമിയെക്കാണാനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ബുക്ക് വാങ്ങിപ്പും, കൊടുപ്പുമൊക്കെ സ്കൂളിൽ മതിയെന്ന ദേവേട്ടന്റെ കനത്ത ഉത്തരവിനൊടുവിൽ താൻ തന്നെയാണ് വിനയൻ മാഷെ, വിലക്കിയത്.ആ മാഷെയും, തന്നെയുമാണ് ഇന്ന് പാർക്കിൽ... ഓർത്തപ്പോൾ തന്നെ പേടിയായി മീരയ്ക്ക്. " ഓരോന്ന് ഉടുത്തൊരുങ്ങി ഇറങ്ങിക്കോളും വീട്ടീന്ന്, ജോലിക്കെന്നും പറഞ്ഞ്, എത്തുന്നത് പാർക്കിൽ'. ഒരു വഷളന്റെ കമൻറ് കേട്ടതും നടപ്പിന് വേഗം കൂട്ടി മീര.
മുന്നിൽക്കണ്ട ഒരു ഓട്ടോയിൽ കയറി വീട്ടിലേയ്ക്ക്, ഗേറ്റിനു മുന്നിൽ സജിയേട്ടന്റെ കാർ, ആശങ്കയോടെ മീര ചിന്തിച്ചു, ഏട്ടനെന്താ ഇപ്പോൾ? ഇനി ദേവേട്ടൻ വിളിച്ചിട്ടാണോ? അടി കൊണ്ടു പൊട്ടിയ ചുണ്ടിൽ നിന്നും രക്തം കിനിയുന്നുണ്ട്. ഒതുക്കു കല്ലുകൾ കയറിച്ചെന്ന തന്നെക്കണ്ടതും ഏട്ടൻ പൊട്ടിത്തെറിച്ചു, "നീയെന്തിനാ വിനയനൊപ്പം പാർക്കിൽ പോയത്?
ഏട്ടാ, ഞാൻ സുമിയോടൊത്താണ് പോയത്.ദേവേട്ടനെക്കണ്ടതും സുമി മാറിയതാണ്. എവിടെ,അവൾ പറയട്ടെ! കരഞ്ഞു പോയി മീര. ' പെട്ടന്നാണ് ലക്ഷ്മിയേട്ടത്തി മുന്നിലെത്തിയത് "എന്താ മീര, നിനക്കാരെയോ കാണാനുണ്ടെന്നും താമസിക്കുമെന്നും പറഞ്ഞതിനാലല്ലേ അവൾ നിന്നെക്കൂട്ടാതെ വന്നത്. " ഞെട്ടിപ്പോയി താൻ. അവളങ്ങനെ പറയോ? "സുമീ " അലറിക്കൊണ്ടാണകത്തേയ്ക്ക് കയറിയത്.
അകത്ത് റൂമിൽ ഭിത്തിയിൽ ചാരിയിരിക്കുന്ന അഛമ്മയെ ചാരി സുമിയിരിപ്പുണ്ട്. അമ്മയുടെ മടിയിൽ തന്റെ മകൾ, അവൾക്ക് പതിന്നാലു വയസ്സായി, കേട്ട കഥ അവൾ വിശ്വസിച്ചാൽ. കണ്ണിമ ചിമ്മാതെ, സമസ്ത ദു:ഖവും കണ്ണുകളിലാവാഹിച്ച് തല ചരിച്ച് കിടക്കുകയായിരുന്നു അവൾ.'മോളേ അമ്മു ' തലയിലേയ്ക്ക് നീണ്ടുചെന്ന തന്റെ കയ്യവൾ തട്ടിക്കളഞ്ഞു. ഒരു വാക്ക് പോലും മിണ്ടാതെ, ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ.
നീയെന്താ സുമീ ചെയ്തത്? ദേഷ്യത്താൽ അലറിയ തന്നോട് എന്തിനാ ചിറ്റേ ഈ വക കാര്യങ്ങളിൽ എന്നെപ്പിടിച്ചിടുന്നതെന്ന മറുചോദ്യമുന്നയിച്ചു അവൾ, തെല്ലു പോലും പതറാതെ. നാശം സമ്പൂർണ്ണമായിരിക്കുന്നു. ഹൃദയം നുറുങ്ങിപ്പൊടിഞ്ഞു കൊണ്ട് ആശയറ്റ് നിസ്സഹായയായി വിളിച്ചു "മോളേ, നീയല്ലേ എന്നെ " ..... പറഞ്ഞു തീരുന്നതിനു മുമ്പേ ലക്ഷ്മിയേട്ടത്തി പറഞ്ഞു തുടങ്ങി, " കാര്യം, നിങ്ങളാണ് ഞങ്ങളുടെ കാര്യം നോക്കുന്നത്, എന്നു കരുതി പ്രായം തികഞ്ഞ ഒരു പെങ്കൊച്ചിനെ ഇമ്മാതിരി അപമാനിക്കരുത്, സ്കൂളിൽ വച്ചു സംസാരിക്കുന്നതൊന്നും പോരാഞ്ഞാണോ, നീ ആ പയ്യനുമായി പാർക്കിൽ പോയത്." മിണ്ടാട്ടം ഇല്ലാത്ത ഒരു പാവം സ്ത്രീയുടെ ഭാവപ്പകർച്ച കണ്ടമ്പരന്നു പോയി താൻ. അടുത്ത ആശ്രയം അമ്മയാണ്, മിഴിനീരൊഴുക്കി തന്റെ ആശ്രയകാംക്ഷയെ അമ്മ പ്രതിരോധിച്ചു.
സഹോദരന്റെ കൈകളിലെത്തിപ്പിടിച്ചു, ആ തോളിലേയ്ക്ക് ചാഞ്ഞു, കൂടെപ്പിറന്ന വന് സഹോദരിയുടെ സ്വഭാവശുദ്ധി മറ്റാരും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ? ചേർത്തു പിടിച്ചു ആ കരങ്ങൾ, പിന്നെപ്പറഞ്ഞു " ദേവേട്ടൻ ഉടൻ വരണമെന്നു വിളിച്ചു പറഞ്ഞതിനാലാണ് വന്നത്.ദേവേട്ടനെ കുറ്റം പറയാനൊക്കുമോ?ആ സ്ഥാനത്ത് ഞാനായാലും ഇതേ .. എന്തായാലും ദേവേട്ടൻ വരട്ടെ, നീ മുറിയിൽ പൊയ്ക്കൊള്ളു. പക്ഷേ നീ എന്തു ചെയ്യുമ്പോഴും നിന്റെ മകളുടെ മുഖമോർക്കണമായിരുന്നു." ആ കൈകൾ അടർത്തി മാറ്റി, സ്വന്തം ബാഗിലേയ്ക്ക് ചുറ്റിപ്പിടിച്ചു മീര. മറ്റൊരാശ്രയമില്ലാത്ത പോൽ, അതിന്റെ തൊലി പൊളിയും പോൽ വിരലുകളാഴ്ത്തി.
കുനിഞ്ഞ ശിരസ്സുമായി ഗോവണി കയറുമ്പോൾ അവൾ ചിന്തിച്ചത് ഒരു പകലിന്റെ ദൈർഘ്യം മാത്രമുള്ള തന്റെ സ്വഭാവശുദ്ധിയെക്കുറിച്ചായിരുന്നു. തലയുയർത്തിപ്പിടിച്ചിറങ്ങിപ്പോയ പടിക്കെട്ടുകൾ ,കുനിഞ്ഞ് കയറിയതിനെക്കുറിച്ചായിരുന്നു. ഒരു വേള സുമി തന്റെ അമ്മുവിനോടെങ്കിലും സത്യം പറഞ്ഞിരുന്നെങ്കിലവൾ ആശിച്ചു പോയി.
മുറിക്കകത്തിപ്പോൾ, താനും തന്റെ നിഴലും മാത്രം, തന്നെ തള്ളിപ്പറയാനിനി ഈ നിഴൽ രൂപം മാത്രം ബാക്കി.... ഒടുവിൽ സങ്കടങ്ങളുടെയും, വിശ്വാസ വഞ്ചനയുടെയും വേലിയേറ്റത്തെ, ഇടതു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ,പ്രാണരക്തത്തിലൂടെ ചീറ്റിത്തെറിപ്പിച്ച് ശാന്തയായി, കിടക്കയിലേയ്ക്ക്.....ഇറ്റുവീഴുന്ന രക്തത്തുള്ളിയ്ക്കൊപ്പം മയങ്ങിയടഞ്ഞ് പോയ മിഴികൾക്ക് മുന്നിലും, സഹപ്രവർത്തകർക്ക് മുന്നിൽ കുനിഞ്ഞ ശിരസ്സുമായി നിൽക്കുന്ന ദേവേട്ടനും, ഒന്നുമറിയാതെ നിറഞ്ഞ മിഴികൾ അകലങ്ങളിലേയ്ക്കെറിഞ്ഞ് ശില പോലിരിക്കുന്ന അമ്മു മോളും മിഴിവാർന്നു തെളിഞ്ഞു നിന്നിരുന്നു.
....സൗപർണ്ണിക സന്ധ്യ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക