Slider

പെരുമഴക്കാലം

0
Image may contain: നിയാസ് വൈക്കം, beard and closeup

============
" ജയേട്ടാ.... "
തന്റെ വിളി ശ്രദ്ധിക്കാതെ ജയേട്ടൻ ജനലരികിലിരുന്നു മഴയെ ആസ്വദിക്കുകയാണ് എന്നാണാണ് ആതിര കരുതിയത്. അല്ല എന്തോ പ്രതികാരം തീർക്കും പോലെ മഴയെ പഴിയ്ക്കുകയാണ് അയാൾ.
" ജയേട്ടാ...എന്തിനാണ് നിങ്ങളിങ്ങനെ മഴ കാണുമ്പോൾ പിറു പിറക്കുന്നത്.... എനിയ്ക്കു പേടിയാകുന്നു.. ജനൽ അടയ്ക്കു ജയേട്ടാ "
അവൾ കരച്ചിലിന്റെ വക്കത്തെത്തി.
" ഏട്ടനറിയാല്ലോ കഴിഞ്ഞ മഴക്കാലത്തു ഇതുപോലൊരു സമയത്തല്ലേ ഏഴു മാസം പ്രായമായ നമ്മുടെ കുഞ്ഞു നമുക്ക് നഷ്ടമായത്.?
പ്ലീസ് ജനലടക്കു ജയേട്ടാ പ്ലീസ്...."
അപ്പോഴും കോരിച്ചൊരിയുന്ന മഴ പുറത്തു തിമിർത്തു പെയ്യുകയാണ്. ആകാശത്തു ഇടയ്ക്കിടയ്ക്ക് വെളിച്ചം വിതറിക്കൊണ്ട് മിന്നൽ പിണറുകൾ.. തൊട്ടുപിന്നാലെ കാതടപ്പിയ്ക്കുന്ന ശബ്ദത്തോടെ ഇടി മുഴങ്ങുകയാണ്. തുറന്നു കിടക്കുന്ന ജനാലകൾ കാറ്റത്തു തുറന്നടയുകയാണ്. ശക്തമായി ആടിയുലയുന്ന ചില്ലി തെങ്ങിലേക്കു ഒരു നീരാളിയെപ്പോലെ വെള്ളി വെളിച്ചം പടർന്നു കയറിയതുപോലെ. തണുത്ത കാറ്റ് ജനാലവിരികളെ വകഞ്ഞുമാറ്റി മുറിയിൽ കടന്ന് താണ്ഡവമാടിയിട്ടും ജയദേവൻ അനങ്ങിയില്ല.
അല്ലെങ്കിലും അയാൾക്ക് അതിനു കഴിയുമായിരുന്നില്ല. എല്ലാ മഴക്കാലവും അയാൾക്ക് നൽകുന്നത് മറക്കാനാവാത്ത വേദനകളാണ്. എല്ലാം നഷ്ടപ്പെടുത്തിട്ടത് വേദനകൾ മറക്കാൻ ശ്രമിച്ചുകൂടേ എന്നത് വ്യർത്ഥമായ ചോദ്യമാണ്. അല്ലെങ്കിലും മറക്കാൻ ശ്രമിക്കുക എന്നത് തന്നെ ഓർമ്മയുടെ മുഷിഞ്ഞ മാറാപ്പ് തുറക്കാനുള്ള താക്കോല് മാത്രമാണ്.
അശുഭ ചിന്തകൾ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഹൃദയം പൊട്ടിപ്പിളരുന്നതുപോലെ....
അങ്ങകലെ കൊച്ചു കുടിലിനുള്ളിൽ കിടന്നുറങ്ങുന്ന ചാണകത്തിണ്ണ നനയാതിരിയ്ക്കാൻ ചോർന്നൊലിയ്ക്കുന്ന മഴയെ ചട്ടിയും കലവും കൊണ്ട് തടഞ്ഞു നിർത്താൻ വെറുതെ ശ്രമിയ്ക്കുന്ന അമ്മ. കൂരിരുട്ടിൽ പേടിപ്പെടുത്തുന്ന ഇടിമുഴക്കം മക്കൾ കേൾക്കാതിരിയ്ക്കാൻ രണ്ടുകൈകൊണ്ടും ചേർത്തുപിടിച്ചിരിയ്ക്കുകയാണ് അവർ . നെഞ്ചിടിപ്പ് കൂട്ടുന്ന പേടിപ്പെടുത്തലുകൾക്കിടയിൽ അമ്മ നൽകുന്ന കരുതൽ വളരെ വലുതായിരുന്നെങ്കിലും ആ നെഞ്ചിടിപ്പ് നല്ലവണ്ണം കേൾക്കാമായിരുന്നു. അച്ഛനിങ്ങെത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം. ഒടുവിലെപ്പോഴോ നിലത്തു വിരിച്ച തഴപ്പായയിൽ അടഞ്ഞുപോകുന്ന കണ്ണുകൾ.
" ഡീ വാസന്ത്യേ..."
അച്ഛനാണ്.
" ഈശ്വരാ അച്ഛൻ ഈ പെരു മഴയത്തു എങ്ങനെ വന്നുവോ ആവോ. ആകെ നനഞ്ഞു കുളിച്ചുകാണും. എങ്കിലും ഒന്നും സംഭവിക്കാതെ എത്തീലോ."
അനിയത്തിക്കുട്ടി ചാടിയെണീറ്റു കഴിഞ്ഞു. അബുക്കാന്റെ കടയിൽ നിന്ന് വാങ്ങിയ പരിപ്പുവട അച്ഛന്റെ കയ്യിൽ കാണും അതിനു വേണ്ടിയാണ് കള്ളി ചാടിയെണീറ്റത്.
പനമ്പട്ട കൊണ്ടുണ്ടാക്കിയ വാതിൽ തുറന്നതും വലിയ ഇടിമുഴക്കത്തോടെ ഒരു മിന്നൽ പിണർ അച്ഛനെ വരിഞ്ഞു ചുറ്റുന്നതും ഒരു മിന്നായംപോലെ കണ്ടെങ്കിലും ഉറക്കം മയക്കികിടത്തിയ തന്നെ ഉണർത്തിയത് പിന്നീടെപ്പോഴോ വീട്ടുമുറ്റത്തെ ആളനക്കങ്ങളായിരുന്നു.
" പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയിരിയ്ക്കുകയാണ്. ഉച്ചയോടെ മൂന്നു ബോഡിയും കിട്ടും എന്നാണു പ്രതീക്ഷിയ്ക്കുന്നത്. "
ഒരു ഭ്രാന്തനെപ്പോലെ വീടിനു ചുറ്റും ഓടിനടന്ന തന്നെ ആരോ ബലമായി പിടിച്ചിരുത്തുമ്പോളും ആർത്തു നിലവിളിയ്ക്കുകയായിരുന്നു.
" ജയേട്ടാ.. "
ആതിര ശക്തമായി പിടിച്ചു കുലുക്കുകയാണ്. ഭൂതകാലത്തിന്റെ അശാന്ത തീരത്തു നിന്നും വർത്തമാനകാലത്തിന്റെ യാഥാർഥ്യങ്ങളിലേക്കു എടുത്തെറിയപ്പെടാൻ വീണ്ടും സമയമെടുത്തു ജയദേവന്. ആ യാഥാർഥ്യങ്ങളിൽ പോലും പൊള്ളുന്ന മുറിപ്പാടുകൾ പോലെയാണ് ഓരോ പെരുമഴക്കാലവും. പോയ വര്ഷം ഒരിക്കലും ഒരു പിതാവാകാൻ കഴിയാത്ത വിധം വിധിയെഴുതിക്കൊണ്ടാണ് നശിച്ച മഴ പെയ്തുതീർന്നത്. ചാര് കസേരയിലിരുന്ന ജയദേവന്റെ കണ്ണുകളിലേക്കു...
ചിന്തകളിലേക്ക്...
വീണ്ടും ആ പെരുമഴക്കാലം പെയ്തിറങ്ങുകയാണ്. ഒരു കൊച്ചു കുടിലിന്റെ സ്വപ്‌നങ്ങൾ തകർത്തുകൊണ്ട്.
" ജയേട്ടാ ടെറസിൽ അലക്കി വിരിച്ചതൊക്കെ മുഴുവൻ നനഞ്ഞുകാണും. "
ഒന്ന് കുടയുമായി വര്വോ..
കാറ്റത്തു പറന്നുപോകും.. നിങ്ങൾ ഒന്നിങ്ങ വര്വോ "
സ്റ്റെപ്പുകൾ കയറി മുകളിലേക്ക് ആതിര പോയത് പോലും ജയദേവൻ അറിഞ്ഞില്ല.
ജനാലപ്പാളികൾക്കിടയിലൂടെ പടർന്നുകയറിയ വെള്ളിവെളിച്ചം മുകളിലേക്ക് പോയ ആതിരയെ വാരിപ്പുണർന്നിട്ടാണ് പോയത് എന്നുപോലും അറിയാതെ അയാൾ ഭൂതകാലത്തിന്റ അഗാധതയിലേക്കു ആഴ്ന്നുപോയിരുന്നു.
നിയാസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo