നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റക്കമ്മൽ

Image may contain: Swapna Alexis, smiling, selfie and closeup
----------------------
"മെയ് ഒൻപതിന് എന്റെ വിവാഹമാണ്. വരണം. മറക്കരുത്. ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്യണം." ക്ഷണക്കത്ത് അരുണിന് നേരെ നീട്ടി അശ്വതി പറഞ്ഞു. ഒരു നിമിഷം മൗനത്തിന്റെ ആവരണം പുതച്ച് രണ്ടാളും മഞ്ഞിന്റെ കൂടാരത്തിനുള്ളിൽ നിന്നു. ബാംഗ്ലൂർ നഗരത്തിലെ തണുത്ത കാറ്റിന്റെ ഒരു ശകലം എവിടെനിന്നോ വഴിതെറ്റിയെത്തി അവളുടെ ചുരിദാറിന്റെ ചുവന്ന ഷാളിന്റെ അറ്റം അവന്റെ മുഖത്തേക്ക് കോരിയിട്ടു. അത് അവിടെ പതിച്ചുചേർക്കുകയും ചെയ്തിട്ട് താൻ ചെയ്ത കുസൃതിയോർത്ത് അടുത്തുള്ള ഫാൻസി സ്റ്റോറിന്റെ മുന്നിൽ തൂക്കിയിട്ടിരുന്ന വിൻഡ്ചീമർ കിലുക്കി പൊട്ടിചിരിച്ചുകൊണ്ട് ആ കാറ്റ് അകന്നുപോയി. രാജാക്കന്മാരുടെ വിളംബരത്തിന്റെ ചുരുൾ പോലെ ഡിസൈൻ ചെയ്തിരുന്ന ക്ഷണക്കത്ത് അടപ്പുതുറന്നെടുത്ത അവൻ അത് നിവർത്തിയപ്പോൾ അമ്പരന്നുപോയ കാറ്റ് ശ്വാസമടക്കിപ്പിടിച്ച് അവനുപിന്നിലെത്തി അതിലേക്ക് എത്തിനോക്കിയതും ദീർഘനിശ്വാസമുതിർത്തതും അവർ രണ്ടുമറിഞ്ഞില്ലെന്ന് തോന്നി.
--------------------------------
ഒരു തനിനാട്ടുംപുറത്തിന്റെ നന്മമണികൾ നിറച്ച കിലുക്കാംപെട്ടിയെപ്പോലെ പാറിനടന്നിരുന്ന അശ്വതിക്ക് തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യമായി കണ്ണുതുറന്ന് ലോകത്തേക്കാണുന്ന ഒരു കൊച്ചുകുഞ്ഞിന്റെ അമ്പരപ്പായിരുന്നു. എന്നിട്ടും കളിയും ചിരിയും തമാശകളുമായി അവൾ ആദ്യദിവസം തന്നെ ഹോസ്റ്റലിലെ അഞ്ച് മാലാഖക്കുട്ടികളെ അവളുടെ ജീവിതത്തിലേക്ക് ചേർത്തതും ആദ്യദിവസം തന്നെ. എന്തുകൊണ്ടോ വർഷങ്ങളുടെ പരിചയം തോന്നി അവരിലോരോരുത്തരോടും.
-------------------------------------
"ജാവ സിംപിളാണ്. പവർഫുളും". പക്ഷേ അന്ന് പ്രേമം സിനിമ ഇറങ്ങിയിട്ടില്ലാത്തത് കാരണം ഇത് അശ്വതിക്ക് അറിയാനിടയില്ലല്ലോ. അതുകൊണ്ടാകും വിരലുകളിലെടുത്ത് അമ്മാനമാടിയ ഇംഗ്ലീഷ് ഭാഷയുടെ അക്ഷരങ്ങൾ ജാവ പുസ്തകങ്ങളിലിരുന്ന് തന്നെ പല്ലിളിച്ച് കാട്ടുന്നതായി അവൾക്ക് തോന്നിയത്.
"പ്രസാദ്, എന്താണ് ഇതിനർത്ഥം? എങ്ങനെയാണിത് ചെയ്യുക? ഞാൻ ഇതുവരെ ചെയ്തത് ശരിയാണോ എന്നൊന്ന് നോക്കാമോ?" തൊട്ടടുത്തിരുന്ന സുമുഖനും ശാന്തനുമായ ജാവ ജീനിയസിനോട് സഹായം ചോദിക്കാനുള്ള മടി ആദ്യത്തെ ഒരുമണിക്കൂർ നീണ്ടപ്പോൾ, മറ്റുള്ളവർ പരിശീലന അസൈൻമെൻറ്റ് സബ്മിറ്റ് ചെയ്ത് ലാബ് വിട്ടിറങ്ങിത്തുടങ്ങി. ആദ്യമൊന്ന് അമ്പരന്നെങ്കിലും കസേര വലിച്ചടുപ്പിച്ച് അവൻ അവളുടെ മോണിറ്ററിലേക്ക് നോക്കി. പിന്നെക്കേട്ടത് ഒരു പൊട്ടിച്ചിരിയായിരുന്നു. "എന്തിനാ ചിരിക്കുന്നത്? ഇതിലെന്തെങ്കിലും തെറ്റുണ്ടോ?" അശ്വതിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് പണിപ്പെട്ട് ചിരിയടക്കി അവൻ പറഞ്ഞു. "അസൈൻമെൻറ്റിന്റെ ചോദ്യവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെങ്കിൽ തെറ്റെന്നെങ്കിലും പറയാരുന്നു". അവൾക്കും ചിരിക്കാതിരിക്കാനായില്ല.
---------------------------------------
"അശ്വതിക്ക് മോണിംഗ് ഷിഫ്റ്റാണ്. ഈ സീറ്റിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തുടങ്ങുന്ന ഷിഫ്റ്റിൽ അരുൺ വരും. ടീം ലീഡാണ്. അശ്വതി അരുണിന്റെ ടീമിലാണ് വർക്ക് ചെയ്യുക." പ്രൊജക്റ്റ് മാനേജർ അതേ പ്രോജക്റ്റ് തന്നെ ലഭിച്ച പ്രസാദിനും അടുത്തുതന്നെയുള്ള സീറ്റ് കാട്ടിക്കൊടുത്തു. "അരുൺ ഈ പ്രോജക്ടിലെ പുലിയാട്ടോ. നല്ല രാശിയുള്ള സീറ്റാണ്" പ്രസാദ് ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു. അവൾ ചുറ്റും കണ്ണോടിച്ചു. ഗണപതി, മുരുകൻ, കുറെയേറെ പ്രശംസാപത്രങ്ങൾ, ആൻടിക്ക് മാതൃകയിലുള്ള ഒരു പെൻസ്റ്റാൻഡ് ഇവയൊക്കെ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു ആ ക്യാബിനിൽ. സീറ്റിലിരുന്ന് പഠനം തുടങ്ങുംമുൻപേ ചെയ്യാറുള്ളതുപോലെ പ്രാർത്ഥിച്ചു.
"സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ".
പതിനൊന്നുമണി ആയപ്പോളും ജോയിനിംഗ് നടപടികൾ പൂർത്തിയായിരുന്നില്ല. സീറ്റിന് പുറകിൽ ആരോ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. തിരിഞ്ഞ് നോക്കുമ്പോൾ അടുത്ത സീറ്റിൽ ചാരി നിന്നുകൊണ്ട് ഒരാൾ തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടവൾ അതൃപ്തിയോടെ പുരികമുയർത്തി. "ഞാൻ അരുൺ. ഈ സീറ്റ്.." അയാൾ പറഞ്ഞു തീരുംമുൻപേ അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. "സോറി. മൂന്നുമണിക്കേ വരൂ എന്നാണ് മാനേജർ പറഞ്ഞത്." അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. ഒരു ചെറിയ പുഞ്ചിരിയോടെ സീറ്റിലിരുന്നുകൊണ്ട് അയാൾ പറഞ്ഞു. "ഞാൻ സാധാരണ നേരത്തേ ഇങ്ങെത്തും."
അടുത്ത ദിവസങ്ങളിലും ഇതാവർത്തിച്ചപ്പോൾ അവൾക്ക് അല്പം നീരസം തോന്നി. "ഇയാളെന്തിനാ ഇത്ര നേരത്തേ ഇങ്ങോട്ട് പോരുന്നത്?" പ്രസാദിനോട് അശ്വതി പരാതി പറഞ്ഞു. "എടീ പെണ്ണേ, നിന്നെപ്പോലെ ഉള്ള മണുക്കൂസുകൾ വെറുതേ കീബോർഡും ചൊറിഞ്ഞോണ്ട് ഇരിക്കുന്ന സമയത്ത് അതേ കീബോർഡുകൊണ്ട് അത്ഭുതങ്ങൾ തീർക്കുന്ന ചെക്കനാണ് അത്. നീ എന്തിനാ വിഷമിക്കുന്നത്? നിനക്ക് നേരത്തേ വീട്ടിൽ പൊയ്ക്കൂടേ?" പ്രസാദ് പറഞ്ഞത് ശരിയാണെന്ന് തോന്നാതിരുന്നില്ല അശ്വതിക്ക്.
------------------------------------------------
"പുതിയ ടീമിന്റെ മീറ്റിങ്ങുണ്ട്. മാനേജർ എല്ലാവരെയും കോൺഫറൻസ് റൂമിലേക്ക് വിളിപ്പിച്ചു." മടിച്ചുമടിച്ചാണ് അരുണിനോട് അശ്വതി അത് പറഞ്ഞത്. ജോയിൻ ചെയ്ത് ഒരാഴ്ചയായി. സീറ്റും മാറ്റി ലഭിച്ചു. എന്നിട്ടും മെയിലിലല്ലാതെ സംസാരിച്ചിട്ടില്ല ടീം ലീഡിനോട്. അതിന്റെ പരിഭ്രമം ഉള്ളതുകാരണം വളരെ വേഗം ശ്വാസംവിടാതെ ഇത്രയും പറഞ്ഞു തീർത്ത ശേഷം തിരിഞ്ഞ് നടക്കും മുൻപേ വിളി വന്നു. "അശ്വതി, എനക്ക് മലയാളം പുരിയലെ. നീങ്ക ഇപ്പൊ ചൊന്നത് ഇംഗ്ളീഷിലെ ചൊല്ലുങ്ക." അത്യുത്കടമായ ചമ്മലിൽ ഉറഞ്ഞ് നിന്ന അവളെ കുസൃതിയോടെ നോക്കിക്കൊണ്ട് അയാൾ കസേരയിൽ പുറകോട്ട് ചാഞ്ഞിരുന്നു.
------------------------------------------------
"അശ്വതി, എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്." പരിചയപ്പെട്ടതിന് ശേഷം അടുത്ത മാസങ്ങളിൽ എപ്പോഴോ ശുദ്ധമായ തമിഴിൽ അശ്വതിയോട് അരുൺ പറയുകയായിരുന്നു. "നിന്റെ ചിരി, നിന്റെ കണ്ണുകൾ, നിന്റെ ശബ്ദം. കൊച്ചുകുട്ടികളെപ്പോലെ നീ ഇവിടെ ഓടി നടക്കുന്നത് കാണുമ്പോൾ ആദ്യം ജോലി തടസ്സപ്പെടുന്നു എന്നൊരു അസ്വസ്ഥത തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ നീ ഒരുദിവസം ഓഫീസിൽ വരാതിരിക്കുമ്പോഴെനിക്ക് ജോലി ചെയ്യാൻ പോലും കഴിയുന്നില്ല. എന്തോ ഒരിഷ്ടം. അതിനെ പ്രണയമെന്നോ ആരാധനയെന്നോ എന്തുവേണമെങ്കിലും വിളിക്കാം. എന്തായാലും ഒന്നുറപ്പാണ്. ഇതിലും ശക്തമായ ഒരു വികാരം എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല." അരുണിത് പറയുമ്പോൾ കുരിശ് കണ്ട ചെകുത്താനെപ്പോലെ അശ്വതി തരിച്ചുനിന്നു."പെട്ടോ ദൈവമേ?" എന്നൊരു വയർലെസ്സ് മെസ്സേജ് ദൈവത്തിന് എത്തിച്ചുകൊടുത്ത ശേഷം വളരെ ആലോചിച്ചാണ് അവൾ മറുപടിക്കായി വാക്കുകൾ തിരഞ്ഞെടുത്തത്.
"അരുൺ, ഞാൻ അരുണിനെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നത് എന്നുള്ള ക്ളീഷേ മറുപടി തരാൻ ഞാനാഗ്രഹിക്കുന്നില്ല. നമ്മൾ അധികം സംസാരിച്ചിട്ടില്ല. അതുകൊണ്ടിത് ഒരിക്കലും പറയാനിടവന്നിട്ടില്ല. ഇപ്പോൾ പറയുകയാണ്. ഞാൻ വർഷങ്ങളായി ഒരാളുമായി സ്നേഹത്തിലാണ്. ഒരിക്കലും മറ്റൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. ഒരുപാട് സ്വപ്നങ്ങളുമായാണ് ഞാൻ ഈ ജോലിയിൽ പ്രവേശിച്ചത്. ഈ കാരണം കൊണ്ട് എന്നോട് ദേഷ്യത്തോടെ പെരുമാറരുത്." ആദ്യം തമാശ തോന്നിയെങ്കിലും തന്റെ ബോസ്സിനോടാണ് ഇത് പറയുന്നതെന്ന് ഓർത്തപ്പോൾ ഭയവും ആശങ്കയുംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ചുറ്റും യുഗങ്ങൾ കടന്നുപോകുമ്പോൾ അവർ രണ്ടാളും മാത്രമവിടെത്തന്നെ നിന്നതുപോലെ തോന്നിക്കുന്ന ഏതാനും നിമിഷങ്ങൾ കടന്നുപോയി. ചുറ്റും കേട്ടുകൊണ്ടിരുന്ന ശബ്ദങ്ങൾ ഹൃദയമിടിപ്പിന്റെ ഒച്ചയിൽ മുങ്ങിപ്പോയതുപോലെ. നോവിന്റെ താളം മുറുകുന്ന ഹൃദയത്തിന് മുകളിൽ ഒരു പുഞ്ചിരിയുടെ കരിമ്പടം പുതച്ചുകൊണ്ട് അരുൺ അവളെനോക്കി. "ശരി, വരൂ. നമുക്ക് ഓരോ കാപ്പി കുടിക്കാം. അപ്പോൾ നിന്റെ പ്രണയത്തിന്റെ കഥ എന്നോട് പറയണം."
"ഇല്ല. ആളിപ്പോൾ നാട്ടിലില്ല. ഐടി പോലെയല്ലല്ലോ. എപ്പോഴും യാത്രയിലാണ്. എപ്പോഴും സംസാരിക്കാൻ കഴിയാറില്ല. പക്ഷേ മരിച്ചു മണ്ണടിയും വരെ പ്രണയത്തിന് എന്റെ ജീവിതത്തിൽ ആ ഒരു മുഖം മാത്രം." അവൾ പറഞ്ഞു നിർത്തുമ്പോൾ അരുണിന്റെ കാപ്പി അവസാനത്തെ ചുരുൾ നീരാവിയെയും അന്തരീക്ഷത്തിൽ ലയിപ്പിച്ചിരുന്നു. അത് പതിയെ കയ്യിലെടുത്ത് ചുണ്ടോട് ചേർക്കും മുൻപേ അവനവളോട് പതിയെപ്പറഞ്ഞു. "ഭാഗ്യവാൻ. എനിക്കവനോട് അസൂയ തോന്നുന്നു." അവൾ പുഞ്ചിരിച്ചു.
--------------------------------
"അശ്വതി, ഞാൻ റിസൈന്‍ ചെയ്തു. നോട്ടീസ് പീരീഡിലാണ്. കല്യാണത്തിനൊക്കെ വിളിക്കാൻ മറക്കരുത്. അരുണത് പറയുമ്പോൾ നിലത്തേക്ക് നോക്കി നിന്നുകൊണ്ട് അവൾ രണ്ടുവർഷം മുൻപ് അവനോട് തന്റെ പ്രണയത്തിന്റെ കഥ പറഞ്ഞ സായാഹ്നത്തെപ്പറ്റി ഓർക്കുകയായിരുന്നു.ആർത്തിരമ്പുന്ന കടലിൽ കടലാസ്സ് തോണിയിൽ യാത്ര തിരിച്ച രാജകുമാരിയുടെ കഥ എന്തുകൊണ്ടോ അവളുടെ മനസ്സിൽ തികട്ടിവന്നു. "ശരി അരുൺ. ശുഭയാത്ര." മനസ്സിൽ വരച്ചിട്ട ചിത്രങ്ങളുടെ അതിരുകളിൽ ചോര പൊടിയുന്നത് ശ്രദ്ധിച്ച് നിന്നതുകൊണ്ട് അവനവസാനം പറഞ്ഞതെന്താണെന്ന് അവൾ ശ്രദ്ധിച്ചില്ല.
----------------------------------
"അശ്വതി എവിടെയാണ് താമസിക്കുന്നത്? റയിൽവെസ്റ്റേഷനിൽ വരുന്നുണ്ടോ? നാളെ വെളുപ്പിനെയാണ് ഞാൻ തിരിക്കുക. സവിതയും നിഷയും മറ്റും വരുന്നുണ്ട്." "ഞാൻ കൈലാസ് ഹോസ്റ്റലിൽ. നാളെ വെള്ളിയാഴ്ചയല്ലേ? വൈകിട്ട് ഞാൻ വീട്ടിൽ പോകും. അതുകൊണ്ട് രാവിലെ നേരത്തേ ഓഫീസിലെത്തണം. അരുൺ പോയിവരൂ. " ഫോൺ വച്ച ശേഷം അവൾ തുണിയടുക്കിവയ്ക്കുന്നത് തുടർന്നു. "അശ്വതീ, നിന്റെ ഫോൺ ബെല്ലടിക്കുന്നു." ലീനമോൾ വിളിച്ച് പറയുന്നത് കേട്ട് കോമൺ ചാർജിംഗ് പോയിൻറ്റിൽ വച്ച ഫോണിനനടുത്തേക്ക് നടക്കുമ്പോൾ അവൾ ആലോചിച്ചു. "ഇപ്പൊ ഈ നേരത്ത് ആര് വിളിക്കാനാണ്?"
"അശ്വതി, ഞാൻ തന്റെ ഹോസ്റ്റലിന്റെ ഗേറ്റിൽ ഉണ്ട്. ഒന്ന് പുറത്തേക്ക് വരൂ. അപേക്ഷയാണ്." അരുണിന്റെ ശബ്ദം. "അരുൺ, ഏഴുമണി കഴിഞ്ഞാൽ പുറത്ത് പോകാൻ കഴിയില്ല." അവൾ ഒരു കള്ളം പറഞ്ഞു. "ഗേറ്റ് വരെ മതി. പ്ലീസ്. ഒന്നുകൂടി കണ്ടിട്ട് ഞാൻ പൊയ്‌ക്കോളാം. ഇനിയൊരിക്കലും കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ ഒരിക്കൽക്കൂടി ശല്യം ചെയ്യാൻ തോന്നി. ഇനിയുണ്ടാകില്ല. ചില കാര്യങ്ങൾ പറയാനാണ്. ഒന്ന് വരൂ." അടുത്ത് നിന്ന ലീനമോളോട് ചുണ്ടുകൾ കൊണ്ട് ശബ്ദമില്ലാതെ അവൾ പറഞ്ഞു "അരുൺ! ഗേറ്റിൽ..വിളിക്കുന്നു. എന്ത് ചെയ്യും?" ലീനമോൾ ആംഗ്യം കാണിച്ചു. "സാരമില്ല. ഞാനും വരാം. വരൂ" ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് നടക്കുമ്പോൾ ലീനമോൾ പറഞ്ഞു. "ഞാൻ ഗേറ്റിനിപ്പുറത്ത് നിൽക്കാം. യാത്ര പറഞ്ഞിട്ട് പൊയ്‌ക്കോട്ടെ. പാവം." ഗേറ്റിലെത്തിയപ്പോൾ കാറിൽച്ചാരി തലകുനിച്ച് നിൽക്കുന്ന അരുണിനെ കണ്ടു. സുഹൃത്ത് സെൽവയും ഒപ്പമുണ്ടായിരുന്നു. അയാളാണ് ആദ്യം സംസാരിച്ചത്. "വേണ്ട എന്ന് പറഞ്ഞിട്ടും ഇവൻ ഇരിക്കപ്പൊറുതി തന്നില്ല. കരയുമെന്നു തോന്നിയപ്പോളാണ് കൂട്ടിക്കൊണ്ട് വന്നത്. ക്ഷമിക്കണം." എന്ത് പറയണമെന്ന് അറിയാതെ അവൾ അരുണിനെ നോക്കി.
"ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് ഓർത്തപ്പോൾ ഭ്രാന്ത് പിടിക്കുംപോലെ തോന്നി." അരുൺ പറഞ്ഞു. "ഞാനെന്ത് പറയാനാണ് അരുൺ? എവിടെപ്പോയാലും ഉയർച്ചയുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം. പോയി വരൂ" അശ്വതി പറഞ്ഞു. "ഞാനൊരു കാര്യം ചോദിച്ചോട്ടെ അശ്വതീ? ഇപ്പോൾ അണിഞ്ഞിരിക്കുന്ന ഈ നീലക്കല്ലുവച്ച കമ്മലിൽ ഒന്ന് എനിക്ക് തരുമോ?" ഒരുനിമിഷം അരുണേന്തോ തമാശ പറഞ്ഞതാണെന്ന് കരുതിയ അവൾ അവന്റെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർ കണ്ടു പകച്ച് ഗേറ്റിന് പുറകിൽ നിൽക്കുന്ന ലീനയെ നോക്കി. ഒരു സഹായത്തിനെന്നപോലെ. പതിയെ വിരലുകൾ ചലിപ്പിച്ച് "കൊടുക്കൂ" എന്നവൾ പറഞ്ഞപോലെ തോന്നി. ഒരു കാതിൽ നിന്ന് കമ്മൽ ഊരുമ്പോൾ അരുണിൻ്റെയോ സെൽവയുടെയോ മുഖത്തു നോക്കാൻ വിഷമം തോന്നി അവൾക്ക്. മറ്റേത് ഊരാൻ തുടങ്ങുമ്പോൾ അവൻ തടഞ്ഞു. "ഒന്ന് മതി. ഒരെണ്ണം മാത്രം. ഈ കല്ലുകൾ നിന്റെ കണ്ണുകൾ ഓർക്കാൻ. ഇതിന്റെ തിളക്കം നിന്റെ ചിരിയും. വരട്ടേ?" കാർ റിവേഴ്‌സ് എടുക്കും മുൻപേ തിരിഞ്ഞ് നടന്നിരുന്നെങ്കിലും അവന്റെ കണ്ണുകൾ തന്നെ പിന്തുടരുന്നത് അവൾ അറിയുന്നുന്നുണ്ടായിരുന്നു. റൂമിലെത്തും വരെ അവളും ലീനയും പരസ്പരം ഒന്നും സംസാരിച്ചില്ല. മൗനം കനംതൂങ്ങി നിന്നിരുന്ന മനസ്സുകളിൽ പരസ്പരം ഒന്നും പറയാതെതന്നെ എന്തൊക്കെയോ ആശയവിനിമയം നടന്നിരുന്നു.
--------------------------------------
"വരാതിരിക്കരുത്". കാർഡിൻ്റെ ചുരുളുകളിൽ ഏറെ നേരമായി നോക്കി നിൽക്കുന്ന അരുണിനോട് അവൾ ആവർത്തിച്ചു. അശ്വതിയും ഇപ്പോൾ ബാംഗ്ലൂരിലെ തണുപ്പ് ശീലിച്ചുകഴിഞ്ഞിരുന്നു. അവളുടെ വാക്കുകൾക്കും അതേ തണുപ്പ് പടർന്ന പോലെ. കാർഡിൽ നിന്നും കണ്ണുകളെടുത്ത് അവനവളെ നോക്കുമ്പോൾ ആ കണ്ണുകളിൽ കണ്ട ചോദ്യത്തിന് അവൾ ഉത്തരം പറഞ്ഞില്ല. "വരാം. അശ്വതിയെ കല്യാണ വേഷത്തിൽ ഒന്ന് കാണാമല്ലോ." പുഞ്ചിരിച്ചുകൊണ്ട് അവൻ തിരിഞ്ഞ് നടക്കാൻ ഭാവിച്ചു. എന്നിട്ട് പിന്നീടെന്തോ ആലോചിച്ച് അവൾക്ക് നേരെ തിരിഞ്ഞു. ഒരു സന്ദേഹത്തോടെ പാൻറ്റിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് അശ്വതിക്ക് നേരെ നീട്ടി. "നീ കല്യാണം വിളിക്കാൻ വരുന്നെന്ന് പറഞ്ഞപ്പോൾ കൂടെക്കൊണ്ടുവന്നതാണ്." അരുൺ വിരലുകൾ വിടർത്തിയപ്പോൾ ഉള്ളംകൈയിൽ പുലർകാല സൂര്യന്റെ പുഞ്ചിരിയിൽ തിളക്കമേറിയപോലെ തോന്നിച്ച ഇന്ദ്രനീല കല്ലുകൾ പതിപ്പിച്ച ഒറ്റക്കമ്മൽ അവളെനോക്കി വിഷാദഛായയുള്ള ഒരു പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot