നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുമ്പസാരം

Image may contain: 1 person, closeup and indoor

മനസിനെ ബാധിച്ച തളർച്ചയിൽ എ സി യുടെ തണുപ്പിലും ഞാൻ നന്നായി വിയർക്കുന്നതറിഞ്ഞു .... ശരീരത്തിലാകമാനം വിയർപ്പു ചാലുകൾ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.. വലിഞ്ഞു മുറുകുന്ന മുഖവുമായി പരവേശത്തോടെ ക്യാബിനിലുളിൽ അങ്ങോട്ടുമിങ്ങോട്ടും അക്ഷമയോടെ ഓടി നടന്ന എനിക്ക് ചുട്ടു പൊള്ളുന്ന ശരീരത്തെ മറച്ചിരുന്ന വസ്ത്രങ്ങൾ പോലും അനാവശ്യമായി തോന്നി. മനസു വെന്തുരുകുകയായിരുന്നു. ഈർഷ്യയോടെ കഴുത്തിൽ കെട്ടിയിരുന്ന ടൈ വലിച്ചെടുത്തു മേശമേലെറിഞ്ഞു ... ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചിട്ടു ഇപ്പോൾ അനുഭവിക്കുന്ന ഈ പരവേശത്തിൽ നിന്നും അല്പമെങ്കിലും സ്വതത്രനാകാൻ കൊതിച്ചെങ്കിലും ഫോണിലേക്കു വീണ്ടും വന്ന ആ അജ്ഞാത കാൾ എന്നെ വീണ്ടും ശ്വാസം മുട്ടിച്ചു. "ഹ.... ലോ.. "
ഇടറുന്ന ശബ്ദത്തോടെയുള്ള എന്റെ പ്രതികരണം കേട്ടു മറുതലയ്ക്കൽ നിന്നും ഒരു സ്ത്രീയുടെ ചിരി മുഴങ്ങി..
"എന്താ രാജീവ്‌.. ശബ്ദമൊക്കെ ഇടറി.... കുറച്ചു മുൻപ് എന്നോട് ആക്രോശിച്ച അതേ ആള് തന്നെയാണോ ഇതു? ഞാനയച്ച വീഡിയോ കണ്ടതിന്റെ പരിണിത ഫലമാണല്ലേ? ഇപ്പോൾ എന്ത് പറയുന്നു നിങ്ങൾ? "
"നിങ്ങളാരാണ്? എന്താ നിങ്ങളെന്നെ ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ? നിങ്ങൾ കളിക്കുന്നത് എന്റെ ജീവിതം കൊണ്ടാണ്. നിങ്ങൾക്കെന്താണ് വേണ്ടത്? "
"നിങ്ങളാരാണെന്നു പറയൂ... ഹലോ.... ഹലോ... "
മറുതലക്കൽ അനക്കമില്ല. ഫോൺ കട്ട്‌ ആയിരിക്കുന്നു. എന്റെ സകല നിയന്ത്രണവും കൈ വിട്ടു മേശമേൽ ആഞ്ഞിടിച്ചു. സങ്കടമോ ദേഷ്യമോ ഒക്കെക്കൂടി എന്നെ പൊതിഞ്ഞു. എത്ര ആലോചിട്ടും തന്നെ ബ്ലാക് മെയിൽ ചെയുന്നതാരെന്നോ തന്റെ പ്രൈവറ്റ് സെക്രട്ടറി ആയ സ്റ്റെല്ലയുമായി തന്റെ ഫ്ലാറ്റിൽ അതീവ രഹസ്യമായി നടത്തിയ ഒത്തു ചേരലിന്റെ വീഡിയോ മറ്റൊരാൾ എങ്ങനെ റെക്കോർഡ് ചെയ്തു എന്ന് എത്ര തലപുകഞ്ഞാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ലെന്നു മാത്രമല്ല വരാൻ പോകുന്നതെന്താണെന്നറിയാതെ ഓരോ നിമിഷവും ഉരുകിത്തീരുകയാണ്.
കസേരയിലേക്ക് മറിഞ്ഞുകിടന്നു പ്രതിയാകാൻ സാധ്യതയുള്ള ഓരോരുത്തരെയും മനസ്സിലോർത്തു. ഇല്ല.. ഞാനും സ്റ്റെല്ലയുമല്ലാതെ ഈ ബന്ധം മറ്റാർക്കുമറിയില്ല. അന്ന് ഫ്ലാറ്റിൽ ഞങ്ങൾ രണ്ടുപേരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല . ഇന്ദു രണ്ടു ദിവസത്തേക്ക് അവളുടെ വീട്ടിൽ പോയ അവസരത്തിലായിരുന്നു ആ കൂടിക്കാഴ്ച. എന്റെ ഫ്ലാറ്റിലെ, എന്റെ മുറിയിൽ ഞാനറിയാതെ ഒളിക്യാമറ വയ്ക്കണമെങ്കിൽ അതാരായിരിക്കും? സ്റ്റെല്ല..... അവൾ തന്നെയാകുമോ? വീട്ടിലെ സാമ്പത്തിക നില പരുങ്ങലിലാണെന്ന പേരിൽ പല തവണ അവൾ പണം പറ്റിയിട്ടുണ്ട്. ഒരു പക്ഷെ പണത്തിനു വേണ്ടി അവൾ തന്നെ ആസൂത്രണം ചെയ്തതാകുമോ ഈ കെണി? കാശുള്ള ഏത് ആരുടെ കൂടെ പോകാനും മടി കാണിക്കാത്ത ഇത്തരം പെൺകുട്ടികളൊയൊന്നും വിശ്വസിക്കാൻ പറ്റില്ല..
കൂടുതലൊന്നും ചിന്തിയ്ക്കാൻ നില്കാതെ ഫോണെടുത്തു സ്റ്റെല്ലയോടു ക്യാബിനിലേക്കു വരാനാവശ്യപ്പെട്ടു. ഒരു വശ്യമായ പുഞ്ചിരിയോടെ മുന്നിലേക്ക്‌ വന്നു നിന്ന സ്റ്റെല്ലയ്‍ക്കു ഒരു കമ്പനി എംഡി യുടെ ക്യാബിനിലേക്കു കടക്കുന്നതിനു മുൻപ് അനുവാദം ചോദിച്ചു കൊണ്ടുള്ള ഔപചാരികത തീർത്തും അജ്ഞാതമായിരുന്നു. എന്നോടുള്ള അതിരുവിട്ടുള്ള അടുപ്പം ഓഫീസിൽ വേണ്ട എന്ന എന്റെ താകീതുകൾ അവൾ പലപ്പോഴും കാറ്റിൽപറത്തി. ശരീര വടിവ് പരമാവധി പ്രദര്ശിപ്പിക്കത്തക്ക വിധം
ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടക്കുന്ന വസ്ത്രത്തിനുള്ളിൽ അവൾക്ക് വല്ലാത്ത ആകര്ഷണീയതയായിരുന്നു . അവളുടെ ഈ സൗന്ദര്യം കൈമുതലാക്കിയാണ് അവൾ എന്നെ അവളിലേക്ക്‌ ആകർഷിപ്പിച്ചത് .അതേ വാളാണ് ഇപ്പോൾ തന്റെ തലക്കുമേൽ തൂങ്ങിയാടുന്നതും.
സ്റ്റെല്ലയുടെ വശ്യമായ ചിരി ഇപ്പോഴത്തെ എന്റെ അവസ്ഥയെ കൂടുതൽ നിയന്ത്രണാതീതമാക്കി.
"സ്റ്റെല്ല....ഞാൻ ചോദിക്കുന്ന ചോദ്യത്തിന് സത്യ സന്ധമായ മറുപടി കിട്ടണം. എന്നെ ചതിക്കണമെന്നു നീ എപ്പഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? "
പരിധിവിട്ട ദേഷ്യവുമായി നിൽക്കുന്ന എന്റെ വാക്കുകൾ എന്തോ തമാശ കേട്ട മട്ടിൽ എന്നെ നോക്കി ചിരിച്ചതല്ലാതെ അവൾ മറുപടി പറഞ്ഞില്ല. അതെന്നെ കൂടുതൽ ചൊടിപ്പിച്ചു. ഒരു ഭ്രാന്തനെ പോലെ അവളുടെ നേർക്കു ചീറി അടുത്ത ഞാൻ അവളുടെ കഴുത്തിനു പിടിച്ചു ഭിത്തിയോട് ചേർത്തു അമർത്തി നിർത്തി. "സത്യം പറയെടി നീയാണോ ആ വീഡിയോ എനിക്ക് അയച്ചു എന്നെ ബ്ലാക്‌മെയ്ൽ ചെയ്യുന്നേ? സത്യം പറഞ്ഞാൽ നിനക്കിനിയും ജീവിക്കാം. അല്ലേൽ..... "
തികച്ചും അപ്രതീക്ഷിതമായ എന്റെ ആക്രമണം സ്റ്റെല്ലയിൽ ഒരു വലിയ ഞെട്ടലുളവാക്കി.
അവളുടെ കഴുത്തിൽ നെരിഞ്ഞമരുന്ന എന്റെ കൈകൾ അവൾ പരമാവധി ശക്തിയോടെ അടർത്തി മാറ്റാൻ ശ്രമിച്ചു. മരണവെപ്രാളത്തിൽ പിടയുന്ന അവളെ സ്ഥലകാല ബോധം വീണ്ടെടുത്ത ഞാൻ പതിയെ മോചിപ്പിച്ചു.
നിലത്തിരുന്നു കഴുത്തു തടവിക്കൊണ്ട് ആഞ്ഞു ശ്വാസോച്‌വാസം നടത്തുകയും ചുമയ്ക്കുകയും ചെയ്യുന്ന അവളെ ഞാൻ അവജ്ഞയോടെ നോക്കി. കൈകൊണ്ടു വെള്ളത്തിനായി ആഗ്യം കാണിച്ച അവൾക്കു നേരെ മേശമേൽ ഇരുന്ന കുപ്പി എറിഞ്ഞു കൊടുത്തു. എന്ത് ചെയ്യണമെന്നറിയാതെ ഒരു ഭ്രാന്തമായെഅവസ്ഥയിലായിരിന്നു ഞാൻ. ഇതെങ്ങാനും ഇന്ദുവിന്റെ കയ്യിൽ എത്തിയാൽ പിന്നെ ഉണ്ടാകുന്നതിനെക്കുറിച്ചൊന്നും സങ്കല്പിക്കാൻ പോലുമാവില്ലരുന്നു. ഇന്ദുവിനെ പൂർണമായും നഷ്ടപ്പെടുന്നത് എനിക്കൊരിക്കലും ചിന്തിക്കാൻ കഴിയുമായിരുന്നില്ല .
സ്റ്റെല്ലയുമായുള്ള അടുപ്പം വെറും ശരീരത്തിന്റെ ആവശ്യം മാത്രമായിരുന്നു . ഒരു കൈയബദ്ധം.
"സാ.... സർ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല... ഞാനൊരിക്കലും അങ്ങനെയൊന്നും ചെയ്തിട്ടില്ല. എനിക്ക് താഴെ മൂന്ന് പെൺകുട്ടികളാണ്. നിവൃത്തികേട്‌ കൊണ്ടാണ് ഇങ്ങനെയൊക്കെ. അല്ലാതെ സർ വിചാരിക്കും പോലെ .... "
വളരെ പ്രയാസപ്പെട്ട് പറഞ്ഞൊപ്പിച്ച വാക്കുകൾ പൂർത്തിയാക്കാനാകാതെ സ്റ്റെല്ല വിങ്ങിപ്പൊട്ടി. ഒന്നും
വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി.
സ്റ്റെല്ലയോടു കാര്യത്തിന്റെ ഗൗരവം കൂടുതൽ പറഞ്ഞു മനസിലാക്കാൻ ഇന്ന് രാവിലെ വാട്സപ്പിലൂടെ എനിക്ക് കിട്ടിയ വീഡിയോ കാണിക്കേണ്ട താമസം, സ്റ്റെല്ല സർവവും നഷ്ടപെട്ടവളെപോലെ തളർന്നിരുന്നു. "എന്താണിത് സർ? ആരാണിത് ചെയ്തത്? ഇതു പുറം ലോകമറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല ".രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി ഏങ്ങിക്കരയുന്ന സ്റ്റെല്ല ഇക്കാര്യത്തിൽ നിരപരാധിയാണെന്നുള്ളതിനു എനിക്ക് കൂടുതൽ തെളിവുകൾ വേണ്ടി വന്നില്ല.
"നിന്റേതിനേക്കാൾ പരിതാപകരമാണ് എന്റെ അവസ്ഥ. ഇതെങ്ങാനും തീർത്തും നിഷ്കളങ്കയായ. എന്റെ ഭാര്യ അറിഞ്ഞാൽ അവൾക്കത് താങ്ങാനാകില്ല . പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? ".
"നീ പൊയ്ക്കോളൂ തല്ക്കാലം ഇതു നിന്റെ മനസ്സിൽ സൂക്ഷിച്ചാൽ മതി.കുറച്ചു നേരത്തേക്ക് ആരെയും എന്റെ ക്യാബിനിലേക്കു കയറ്റി വിടണ്ട. എന്ത് ചെയ്യാൻ പറ്റുമെന്ന് ഞാനാലോചിക്കട്ടെ. എന്തായാലും പെട്ടു ഇനി ഇതിൽ നിന്നും എങ്ങനെയെങ്കിലും കര കയറിയേ പറ്റു. "
പറഞ്ഞു തീരും മുൻപേ വീണ്ടും അതേ അജ്ഞാത കാൾ.... ആവേശത്തോടെ ഫോണെടുത്ത എന്നോട് അല്പം ഗൗരവത്തിലായിരുന്നു ചോദ്യം "തെറ്റിലെ പങ്കാളിയെ വെറുതെ സംശയിച്ചു അല്ലേ? അവളല്ല ഇതു ചെയ്തതെന്ന് ബോധ്യപെട്ടല്ലോ അല്ലേ? ഞാനാരാണെന്നു അന്വേഷിച്ചു വെറുതെ മിനക്കെടേണ്ട. അതു കാര്യങ്ങൾ കൂടുതൽ വഷളാക്കും. "
"നീ എവിടെയുള്ളവളായാലും ഞാൻ കണ്ടു പിടിക്കും.നീയെന്താ വിചാരിച്ചേ ഒരു വീഡിയോ കാണിച്ചു ഈ രാജീവിനെ പൊട്ടൻ കളിപ്പിക്കാമെന്നോ? ഞാനാരാണെന്നറിയാമോ നിനക്ക്? "
"നല്ല ചോദ്യം. നിങ്ങളെ എനിക്ക് അറിയാവുന്നപോലെ മറ്റാർക്കും അറിയില്ല . . പിന്നെ ഭീഷണി വേണ്ട എന്ന് ആദ്യമെപറഞ്ഞല്ലോ . സൈബർ സെല്ലിൽ പരാതിപ്പെട്ടാൽ നിങ്ങൾക്കെന്നെ കണ്ടുപിടിക്കാൻ പറ്റുമായിരിക്കും. പക്ഷെ അതിനു മുൻപ് ഈ വീഡിയോ നിങ്ങളുടെ ഭാര്യയ്കു കിട്ടിയിരിക്കും. ഉറപ്പു. കമ്പൂട്ടർ എൻജിനീയറായിട്ടും ജോലിക്ക് വിടാതെ നിങ്ങൾ സസുഖം വാഴിക്കുന്ന, നിങ്ങളെന്തു പറഞ്ഞാലും വിശ്വസിക്കുന്ന നിങ്ങളുടെ ഭാര്യയുടെ കൈയിൽ ഇതു കിട്ടിയാൽ മോര്ഫിങ്ങാണെന്നും ബിസിനസ്‌ വൈരഗ്യമാണെന്നുമൊക്കെ പറഞ്ഞു പറ്റിക്കാൻ നിങ്ങൾ ശ്രമിച്ചാലും നടക്കില്ല. മോർഫിംഗ് വീഡിയോ കണ്ടാൽ തിരിച്ചറിയാവുന്ന പരിജ്ഞാനം തന്റെ ഭാര്യക്കെന്തായാലും ഉണ്ടാകും. അതുകൊണ്ട് മര്യാദക്കെങ്കിൽ അങ്ങനെ അതല്ല എന്നെ വെറുതെ പേടിപ്പിക്കാൻ നോക്കി ഉള്ള ജീവിതം കളയരുത്."
ഭ്രാന്തമായ ആവേശത്തോടെ നിന്നിരുന്ന ഞാൻ പതിയെ ചെയറിലേക്കു മറിഞ്ഞു. എന്റെ അവസ്ഥയെ അവിശ്വസനീയതയോടെയും അതിനേക്കാളുപരി ഞെട്ടലോടെയും നോക്കി നിന്നിരുന്ന സ്റ്റെല്ലയോടു പുറത്തേക്കു പോകാൻ ആംഗ്യം കാണിച്ചു. മടിച്ചു മടിച്ചെങ്കിലും എന്നെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കികൊണ്ട്‌ അവൾ പുറത്തേക്കു പോയി .
കുറച്ചു നിമിഷത്തേക്ക് മറുതല യ്ക്കൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ശബ്ദം നഷ്ടപെട്ടവനെപോലെ ആയി ഞാനും. മനസിനെ പൂർവസ്ഥിയിലേക്കു കൊണ്ട് വന്നു വളരെ മാന്യവും സമാധാനപരവുമായ ഒരു സംഭാഷണത്തിന് ഞാൻ തയ്യാറെടുത്തു.
"ശരി ഇനി പറയൂ... നിങ്ങളാരാണെന്നു എനിക്കറിയേണ്ട. എന്താണ് നിങ്ങൾക്ക് വേണ്ടത്?
"എത്ര മൃദു സമീപനമാണ് ഇപ്പോൾ നിങ്ങളുടേത്. ഇണക്കമുള്ള ഒരു ആട്ടിൻ കുട്ടിയെ പോലെ. "
ഞാൻ നിശബ്ദം ആ ശബ്ദത്തെ കൂടുതൽ അളക്കാൻ ശ്രമിച്ചു. ആ ശബ്ദത്തിന്റെ ഉടമയ്ക്കു അധികം പ്രായം ഇല്ലെന്നു തോന്നി ശബ്ദത്തിലൂടെ. വളരെ പതിഞ്ഞ സ്വരത്തിലുള്ള അവരുടെ സംസാരം കേൾക്കണമെങ്കിൽ അതീവ ശ്രദ്ധയോടെ കാതോർക്കണം. ഇടയ്ക്കിടെ എവിടെയോ പ്രത്യേകിച്ച് ചില വാക്കുകൾ ഉച്ചരിക്കുമ്പോൾ കേട്ടു മറന്ന ഒരു സംസാര രീതി. ആരുടെയാണെന്നോ എവിടെ കേട്ടതാണെന്നോ ഓർമിക്കാൻ കഴിയുന്നില്ല.
"ഹലോ രാജീവ്‌... നിങ്ങളവടെ തന്നെ ഉണ്ടല്ലോ അല്ലെ? "
"അതേ,. കേൾക്കുന്നുണ്ട്. "
"നോക്കു രാജീവ്‌ നിങ്ങളെ നിങ്ങൾ ചെയ്ത തെറ്റിന്റെ പേരിൽ ക്രൂശിക്കാനോ ദ്രോഹിക്കാനോ ഞാനൊരുക്കമല്ല. പക്ഷെ നിങ്ങളെ മാത്രം സ്നേഹിച്ചും വിശ്വസിച്ചും അനുസരിച്ചും കഴിയുന്ന നിങ്ങളുടെ ഭാര്യയെ വഞ്ചിച്ചതിനു പകരം നിങ്ങൾ അവരോടു പ്രായശ്ചിത്തം ചെയ്യണം. നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തിയിൽ കുറ്റബോധം ഉണ്ടെങ്കിൽ മാത്രം മതി ".
മനസിന്റെ നിയന്ത്രണം വിട്ട് ചെയ്തുപോയ മഹാപരാധത്തിന്റെ കുറ്റബോധം എന്റെ മനസിനെ വല്ലാതെ കാർന്നു തിന്നു തുടങ്ങിയിരുന്നു.
"എനിക്ക് കുറ്റബോധമുണ്ട് ".
"എപ്പോൾ മുതൽ? ഇന്ന് ഞാനീ വീഡിയോ കാണിച്ചു വിരട്ടിയപ്പോ മുതൽ അല്ലേ? അതു നിങ്ങളുടെ ഭാര്യയുടെ മുന്പിലെത്തിയാൽ സംഭവിക്കാൻ പോകുന്ന ഭവിഷ്യത് ഓർത്ത്, അതു ഭയന്ന് മാത്രമാണ് നിങ്ങൾ എന്നെ അനുസരിച്ചത്. ഇന്നലെ വരെ എന്തുകൊണ്ട് ഈ തോന്നൽ നിങ്ങളിലുണ്ടായില്ല? കാരണം നിങ്ങളുടെ കുറ്റബോധം മനസ്സിൽ തട്ടിയതല്ല.. "
"അല്ല... "
എന്നിൽ നിന്നുയർന്നതു ഒരു ആക്രോശമായിരുന്നു... "ക്ഷമിക്കണം .. ഞാനറിയാതെ ദേഷ്യപ്പെട്ടതാണ്. എനിക്ക്... എനിക്ക്... അറിയാതെ ഒരു തെറ്റ് പറ്റിയതാണ്. വിരസമായി തോന്നിയ ജീവിതത്തിൽ സ്റ്റെല്ലയോടു തോന്നിയ കൗതുകം മാത്രമായിരുന്നു അതും ഒരു തവണ ഒരേ ഒരു തവണ . ഞാനൊരു പുരുഷനല്ലേ? നാളുകളായി മനസ്സിൽ കുഴിച്ചു മൂടിയ ആഗ്രഹങ്ങൾ സ്റ്റെല്ലയുടെ നിർബന്ധം കൊണ്ട് ....... "
"സ്റ്റെല്ല വിവാഹിതയല്ല....അതുകൊണ്ട് തന്നെ അവൾക്കാരോടും ഇത്തരത്തിൽ ഒരു കമ്മിറ്റ്മെന്റ് ഉണ്ടാവേണ്ട കാര്യമില്ല. പണത്തിനു വേണ്ടി ചിലപ്പോൾ ആരുടെ കൂടെ പോകാനും തയ്യാറാകുന്ന അവളെ പോലുള്ള വില കുറഞ്ഞ ഒരു പെണ്ണിനോടൊപ്പം പോകാൻ തുനിഞ്ഞ നിങ്ങൾ ഒരു നിമിഷമെങ്കിലും നിങ്ങളുടെ ഭാര്യയോട് മനസു തുറന്നെങ്കിൽ... അവളെ കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ....നിങ്ങൾക്ക് ഈ അവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ? "
ഗൗരവത്തിൽ നിന്നും ശാന്തമായ സ്വരത്തിലേക്കുള്ള ആ സ്ത്രീയുടെ മാറ്റവും അവരുടെ ക്ഷമയോടെയുള്ള സംസാര ശൈലിയും എന്നെ അവരിലേക്ക് ഒരല്പം അടുപ്പിച്ചോ എന്ന തോന്നൽ എന്റെ ഉളിൽ ശക്തമായി.
"വളരെ ശരിയാണ്. പക്ഷെ ഇന്ദുവിനോട് ഒന്നും തുറന്നു സംസാരിക്കാൻ പറ്റിയ അവസ്ഥയല്ല ഇപ്പോൾ വീട്ടിലുള്ളത്. അവൾക്കും അങ്ങനെ തന്നെ ആയിരിക്കും. നിങ്ങൾക്കറിയില്ല അതൊന്നും. പറഞ്ഞാലും ഒരുപക്ഷെ മനസിലാവണമെന്നില്ല. "
"രാജീവ്‌ പറയൂ. ഏറെ നാളായി ആരോടും പറയാതെ മനസിന്‌ ഭാരമായി കൊണ്ട് നടക്കുന്ന തന്റെ സ്വകാര്യ ദുഃഖങ്ങൾ എന്നോട് തുറന്നു പറഞ്ഞാൽ തനിക്കു ആശ്വാസം കിട്ടുമെങ്കിൽ ആകട്ടെ ".
ആ സ്വരത്തിനു എവിടെയോ എന്നെ മനസിലാക്കാനും ഉൾക്കൊളളാനും കഴിവുള്ള പോലെ തോന്നി. ഒരു വൈകാരികമായ അടുപ്പം ചുരുങ്ങിയ സമയം കൊണ്ട് ആ സ്വരവുമായി ഉണ്ടായപോലെ തോന്നി എനിക്ക്.
"വീട്ടിൽ ചിലവിടുന്ന നിമിഷങ്ങൾ എനിക്ക് മടുത്തു തുടങ്ങിയിരുന്നു.
രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി കിട്ടിയ കുഞ്ഞ്. ഒരുപാട് സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടിയാണ് ഞങ്ങൾ അവൻ്റെ വരവും കാത്തിരുന്നത്. ആദ്യ അഞ്ചു മാസവും കുഴപ്പങ്ങളൊന്നുമില്ലാതെ പോയി. ആറാം മാസത്തെ പരിശോധനയിലാണ് ഡോക്ടർ ഞെട്ടിപ്പിക്കുന്ന ആ സത്യം ഞങ്ങളോട് പറഞ്ഞത്. കുഞ്ഞിന് അംഗവൈകല്യമോ മാനസിക വൈകല്യമോ ഉണ്ടാകാനുള്ള സാധ്യത 95%ആണെന്ന്.വേണ്ട വിധം ആലോചിച്ചു ഒരു തീരുമാനം അധികം വൈകാതെ തന്നെ അറിയിക്കാൻ ആവശ്യപ്പെട്ട ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ താങ്ങാനാവാതെ ആ സത്യം ഞാൻ ഇന്ദുവിനോട് പറഞ്ഞു. എന്നായാലും ആദ്യമവളാണ് ആ സത്യം അറിയേണ്ടത് എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് കുഞ്ഞുടുപ്പും അവൻ്റെ ഓരോ വളർച്ചയുമായും ബന്ധപ്പെട്ട സ്വപ്നങ്ങളും നെയ്തു കൂട്ടുന്ന ഇന്ദുവിന്‌ ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. "അവനെങ്ങനെയോ പുറത്തു വരട്ടെ രാജീവേട്ടാ... നമുക്ക് ശരിയാക്കിയെടുക്കാം.ലോകത്തു എവിടെ വേണേലും കൊണ്ടുപോയി ചികിൽസിക്കാം. നമ്മുടെ ആദ്യത്തെ കണ്മണിയല്ലേ, നമ്മുടെ സ്നേഹത്തിന്റെ ആദ്യത്തെ അടയാളമല്ലേ അവൻ. അവനെ നമുക്കു വേണം. അവനെ കൊല്ലാൻ സമ്മതിക്കരുത്.പ്ലീസ് രാജീവേട്ടാ . എനിക്ക് രാജീവേട്ടൻ വാക്കു തരണം."
നിറവയറുമായി എന്റെ കാലുപിടിച്ചു വാവിട്ടു നിലവിളിക്കുന്ന എന്റെ ഇന്ദുവിന്റെ മുഖം ഇന്നുമുണ്ട് മനസ്സിൽ നിന്നും മായാതെ. അവളുടെ ആ അവസ്ഥ കാണാൻ ശക്തിയില്ലാതെ, ഗത്യന്തരമില്ലാതെ അവൾക്കു വാക്കു കൊടുക്കേണ്ടി വന്നെനിക്കു.
ഇതറിഞ്ഞ പണക്കൊഴുപ്പിൽ വിലസുന്ന ദുരഭിമാനിയായ എന്റെ അച്ഛന് ഞങ്ങളുടെ വികാരമോ മനസോ കാണാനുള്ള വിശാല ഹൃദയമുണ്ടായില്ല. ഇങ്ങനൊരു കുഞ്ഞ് പിറന്നാൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുഖത്ത് എങ്ങനെ നോക്കുമെന്നായിരുന്നു അമ്മയുടെ ഭയം.
ഒടുവിൽ ഞങ്ങളെ മനസിലാക്കാൻ പറ്റിയിരുന്ന ഇന്ദുവിന്റെ അമ്മയൊഴികെ മറ്റെല്ലാവരും എന്റെ അച്ഛന്റെയും അമ്മയുടെയും തീരുമാനത്തെ പിന്താങ്ങി. എന്റെയും ഇന്ദുവിന്റേയും, കുടുംബത്തിന്റെയും നന്മക്കെന്ന പേരിൽ എല്ലാവരും ചേർന്നു ആ ദുരഭിമാനക്കൊല നടത്തി.
നിശബ്ദനായി ഞാനും ആ പാപത്തിൽ പങ്കാളിയായി.
ആറ്റുനോറ്റുണ്ടായ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ എന്റെ ഇന്ദുവിന്റെ വയറ്റിൽ വച്ചു തന്നെ കൊന്നുകളയാൻ സമ്മതം മൂളേണ്ടി വന്ന എന്റെ അവസ്ഥ ആർക്കും കൊടുക്കരുതേ എന്ന് ഈശ്വരനോട് ഉളുരുകി പ്രാർത്ഥിച്ചു. എന്റെ കുഞ്ഞിനെ ഇന്ദുവിൽ നിന്നും പറിച്ചെടുക്കപെടുമ്പോൾ മരണ വേദനയോടെ പിടയുന്ന അവൻ്റെ ചോര പുരണ്ട മുഖം നിന്നും പലരാത്രികളിലും എന്റെ ഉറക്കം കെടുത്താറുണ്ട്.
ഇന്ദുവിന്ദ് നൽകിയ വാക്കു പാലിക്കാൻ ഞാനെന്ന ഹതഭാഗ്യനായ അച്ഛന് ആയില്ല. തകർന്ന മനസും വേദനയുളവാക്കുന്ന ശരീരവുമായി കിടക്കുന്ന ഇന്ദുവിനെ കാണാൻ ചെല്ലുമ്പോൾ അവളെങ്കിലും എന്റെ നിസ്സഹായാവസ്‌ഥ മനസിലാകുമെന്ന അവസാന പ്രതീക്ഷയും അസ്ഥാനത്താക്കി കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവളെന്നോട് പെരുമാറി.
ആ സംഭവത്തിന്‌ ഒരു വർഷത്തെ പഴക്കമുണ്ട്. അതിനു ശേഷം ഇന്ദു എന്നോട് പഴയപോലെ സംസാരിച്ചിട്ടില്ല. ഒന്ന് ചിരിച്ചിട്ടില്ല. സദാ സമയവും ചിന്തയിൽ മുഴുകി ജോലികളെല്ലാം യാന്ത്രികമായി ചെയ്യുന്ന അവളോട്‌ ഇടക്കെപ്പോഴോ നിരപരാധിയായ എന്നെ മനസിലാക്കാത്തതിൽ എനിക്ക് ദേഷ്യം തോന്നി തുടങ്ങി. അവൾ ഉദരത്തിൽ പേറിയ എന്റെ കുഞ്ഞിനെ ഞാൻ എന്റെ ഹൃദയത്തിലാണ് പേറിയതു. ഇന്നുമൊരു നീറ്റലായി അവനുണ്ട് എന്റെ ഹൃദയത്തിൽ. അതു മനസിലാകാതെ ഒരു ശത്രുവിനെ പോലെ എന്നോട് പെരുമാറുന്ന ഇന്ദുവിനെ ഞാനും പതുക്കെ അവഗണിച്ചു. തെറ്റാണ്... എന്റെ വീട്ടുകാരുടെ ദുരഭിമാനമാണ് അമ്മയാകാനുള്ള അവളുടെ ഭാഗ്യം തട്ടിത്തെറുപ്പിച്ചതെന്നു ഞാൻ മറക്കാൻ പാടില്ലാരുന്നു.അവളെന്നെ എത്ര ഒഴിവാക്കിയാലും അവളുടെ മനസിനും ശരീരത്തിനും ഏറ്റ വേദന ഇല്ലാതാക്കാനുള്ള ഏക മരുന്ന് എന്റെ സ്നേഹവും സാമീപ്യവുമാണെന്ന് ഞാൻ ഓർക്കണമായിരുന്നു.
തെറ്റ് എന്റേത് മാത്രമാണ്. പക്ഷെ ഞാൻ....... വാക്കുകൾ മുഴുമിപ്പിക്കാനാവാതെ
ഞാൻ ഉറക്കെ കരഞ്ഞു പോയി.
എല്ലാം അജ്ഞതയായ എന്റെ സുഹൃത്തിനോട് പറഞ്ഞു കഴിഞ്ഞപ്പോൾ മനസിന്‌ വല്ലാത്തൊരാശ്വാസം തോന്നി.
മറുതലയ്ക്കൽ അതിവേഗത്തിൽ ഉയർന്നു താഴുന്ന ശ്വസോച്ഛാസ ത്തിന്റെ ഗതി എനിക്ക് അളക്കാൻ കഴിഞ്ഞു.
ഒരു പക്ഷെ എന്റെ കഥ അവരെ വേദനിപ്പിച്ചിട്ടുണ്ടാകണം. അല്പനേരത്തെ മൗനത്തിനു ശേഷം ആ അജ്ഞാത ശബ്ദം ഞാൻ വീണ്ടും കേട്ടു.
"ഹലോ.... രാജീവ്‌ നിങ്ങളുടെ വീട്ടിലേക്കു പോകു.. ഇന്ദുവിനെ കണ്ടു സംസാരിക്കൂ. "
ആ വാക്കുകൾക്ക് അല്പം പതർച്ച ഉള്ളപോലെ തോന്നി എനിക്ക്.
"അത്.. എനിക്കെന്തോ ഇന്ദുവിനെ അഭിമുഖീകരിക്കാൻ ഒരു ബുദ്ധിമുട്ട്. അവളെ ചതിച്ചിട്ടു.... "
ഇന്ദുവിനെ കുറ്റംബോധം കൊണ്ട് നിറഞ്ഞ മനസുമായി അഭിമുഖീകരിക്കാനുള്ള എന്റെ വൈമനസ്യം ഞാൻ തുറന്നു സമ്മതിച്ചു.
"ഒരിക്കലുമില്ല. അത് നിങ്ങൾക്ക് അവളെ മനസിലാകാത്തതുകൊണ്ടാണ്..... അവൾക്കു നിങ്ങളോട് എല്ലാ അർത്ഥത്തിലും ക്ഷമിക്കാൻ കഴിയും. എല്ലാം പോയി തുറന്നു പറയൂ. "
എന്തോ ആ ശബ്ദം എന്നിൽ വല്ലാതെ ആത്മവിശ്വാസം നിറച്ചു.
കാറെടുത്തു ഫ്ളാറ്റിലേക്കു പായുമ്പോൾ മനസ് നിറയെ ഇന്ദുവായിരുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നു കൊണ്ട് പുറത്തു നഗരത്തിന്റെ തിരക്കിൽ കണ്ണും നട്ടു ചിന്താമഗ്നയായി നിൽക്കുന്ന ഇന്ദു എന്റെ കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി. എന്നെ പ്രതീക്ഷിച്ചു നിന്നപോലെ തോന്നി എനിക്ക്.
പറയാൻ മനസ്സിൽ കരുതി വച്ചതെല്ലാം പറയാൻ തുടങ്ങിയ എന്നെ അവൾ തടഞ്ഞു. "വേണ്ട...ഒന്നും പറയണ്ട. സ്നേഹം മാത്രം നിറഞ്ഞ ഒരു പുതിയ ജീവിതം പഴയതൊക്കെ തുടച്ചു നീക്കിയ പുതിയ മനസുമായി വേണം തുടങ്ങാൻ. "
മനസു നിറഞ്ഞ സന്തോഷത്തോടെ ഇന്ദുവിനെ ഞാൻ ചേർത്തുപിടിച്ചു എന്റെ ജീവിതത്തോട്, ഹൃദയത്തോട് എന്നെന്നേക്കുമായി..
എന്റെ ജീവിതത്തിനു പുതു ജീവൻ നൽകിയ പ്രതീക്ഷിക്കാതെ കടന്നു വന്ന ആ അജ്ഞാത സുഹൃത്തിനോട് ഈ അവസരത്തിലൊരു നന്ദി വാക്ക് പറയാനായി ഫോണെടുത്തു നമ്പർ ഡയൽ ചെയ്തതും ഇന്ദുവിന്റെ കൈയിലെ ഫോണാണ് റിങ് ചെയ്തത്.വിശ്വാസം വരാതെ വീണ്ടും വീണ്ടും ഞാൻ അതേ നമ്പർ ഡയൽ ചെയ്തു. റിംഗ് ചെയുന്നത് ഇന്ദുവിന്റെ ഫോൺ തന്നെ.
"മിസ്റ്റർ രാജീവ്‌, താങ്കൾ പേടിക്കണ്ട..... ആ വീഡിയോ ഞാൻ
മായിച്ചു കളഞ്ഞു നിങ്ങളുടെയും നിങ്ങളുടെ ഭാര്യയുടെയും ജീവിതത്തിൽ നിന്നും ".എന്റെ അജ്ഞാത സുഹൃത്തിന്റെ അതേ ശബ്ദത്തിൽ, അവളുടെ ശബ്ദത്തിൽ നിന്നും വ്യത്യസ്തമായ ശബ്ദത്തോടെ അവളതു പറയുമ്പോൾ
വിശ്വാസം വരാതെ ഇന്ദുവിനെ ഉറ്റു നോക്കിയ എന്നിൽ കള്ള ചിരിയോടെയുള്ള ഇന്ദുവിന്റെ വാക്കുകൾ നേരിയ ചിരി പടർത്തി .....
അജിത കല്യാണി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot