
ഫൈനൽ ടെസ്റ്റിനായി കാത്ത് ഗൽദാരി ഡ്രൈവിംഗ് സ്കൂളിൽ അങ്ങനേ കുത്തിയിരിക്കെ ഞാൻ വേറേതോ ലോകത്താണെന്നെനിക്ക് തന്നെ തോന്നി.. ചെവിയിൽ ചെറിയ ഒരു മുഴക്കം പോലെ.. ആർക്കോ വേണ്ടിയിട്ട ടി.വി യൊന്നും നോക്കാതെ എന്റെ അതേ അവസ്ഥയിൽ പല രാജ്യക്കാരായ കുറേ എണ്ണം. ഇടക്ക് അറബികൾ വരുന്നു ഏതേലും മൂന്ന് പേരെ പേര് ചൊല്ലി വിളിച്ച് കൊണ്ട് പോവുന്നു.ആകപ്പാടെ കൂലങ്കുഷിതമായ ഒരവസ്ഥ..
സംഭവം എന്റേത് രണ്ടാം ഊഴമാണ് .. ആദ്യ തവണ ഒരു കിളവൻ അറബിയായിരുന്നു എക്സാമിനർ.. ഒടുക്കത്തെ കോൺഫിഡൻസിലൊക്കാണ് ഓടിച്ചത്.. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ പണി പാളി..ഒരു റൗണ്ടോബോട്ടിലേക്ക് കയറാൻ പോയതും മൂപ്പർ ചവിട്ടിയങ്ങ് നിർത്തി അറബീൽ ഏതാണ്ടൊക്കെ പറയുകയും ചെയ്തു.. ഞാൻ തല തിരിച്ച് സൈഡ് നോക്കീല പോലും.. പിന്നെയും ഓടിപ്പിച്ചെങ്കിലും സംഗതി തീരുമാനമായെന്ന് അപ്പഴേ മനസ്സിലായിരുന്നു.
ഇന്നേതായാലും പ്രത്യേകിച്ച് ഒരു പ്രതിക്ഷേം ഇല്ലാതായിരുന്നു ഇരുന്നത്.. ഒരു റിലാക്സേഷന് വേണ്ടി അടുത്തുള്ള പാക്കിസ്ഥാനിയോട് സംസാരിച്ച് കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി.. ഓനിത് പന്ത്രണ്ടാമത്തെ ടെസ്റ്റായിരുന്നു.. ഓരോന്ന് പൊട്ടുമ്പോഴും മിനിമം ആയിരം ദിർഹമാണ് ചിലവാകുക... ഈ പൈസ ഒക്കണ്ടേൽ എന്തോരം റൊട്ടി വാങ്ങി തിന്നാമായിരുന്നു എന്നാലോചിച്ചപ്പോൾ എനിക്കൊരു അന്തവും കുന്തവും കിട്ടിയില്ല. ഇനി രക്ഷയില്ല.. മറ്റേ സംഭവം കഴിക്കുക തന്നെ... ഞാനൊരു ടാബ്ലറ്റ് പൊട്ടിച്ചങ്ങ് വിഴുങ്ങി.. എന്തൊരു സമാധാനം.
അങ്ങനെ നമ്മടെ പേരും വിളിച്ചു.. ഒരു ചെറുപ്പക്കാരൻ സുന്ദരൻ അറബിയാണ്.. മൂപ്പർ സലാമൊക്കെ ചൊല്ലി എന്നോടും കൂടെയുള്ള രണ്ട് പേരോടും പറഞ്ഞു.. ഒന്നും പേടിക്കണ്ടാന്ന് (ഇതൊക്കെ കുറെ കേട്ടതാണെ) ... സേഫ്റ്റി, കൺട്രോൾ, നിയമം പാലിക്കുക ഇവ മൂന്നും ഉണ്ടായാൽ ബാക്കി കട്ട സപ്പോർട്ട് തരാമെന്നും പറഞ്ഞു.. ഇതിപ്പൊ താൻ പറഞ്ഞു തരണോടാ അറബിപ്പയലേ എന്നാണ് ഞാൻ മനസ്സിൽ വിചാരിച്ചത്.
ഒരു ബംഗാളിയും തിരോന്തരക്കാരൻ മലയാളിയുമായിരുന്നു കൂടെ ഉണ്ടായിരുന്നത്.. ആദ്യം ഓടിച്ചത് ബംഗാളിയാണ്... ഓനൊരുമാതിരി റേസിംഗ് പോലെ യാതോരു ലക്കും ലഗാനുമില്ലാതെ ഒറ്റ എടുപ്പായിരുന്നു.. അവസാനം ഒരു ഡിവൈഡറിൽ കൊണ്ടോയി ചാർത്തുമെന്നായപ്പോൾ അറബി വണ്ടി ചവിട്ടി നിർത്തി അറബീൽ പച്ച തെറി പറഞ്ഞു.. അങ്ങനെ ബംഗാളി ഔട്ട്.
രണ്ടാമത് ഓടിച്ചത് തിരോന്തരക്കാരൻ.. ഓൻ നല്ല കിടിലൻ ഡ്രൈവ് ആയിരുന്നു.. പക്ഷേ ബംഗാളിയോട് ചൂടായ അറബി കട്ടക്കലിപ്പിലായ്രുന്നു... സാധാരണ ഒരു പാർക്കിംഗിൽ നിന്നെടുത്ത് പല സ്പീഡ് ലിമിറ്റിലുള്ള റോഡിലൂടെ വന്ന് റൗണ്ടോബോട്ട് ലൈൻ ചെയ്ചിംഗ് ഒക്കെ നോക്കി ഒരു പാർക്കിംഗ് കൂടി ചെയ്യിപ്പിച്ചാൽ ടെസ്റ്റ് തീരും.. ഇവനെ കൊണ്ട് പിന്നേം കുറേ ഓടിപ്പിച്ചു.. അവസാനം ഒരു കുരുത്തം കെട്ട സ്ഥലത്ത് കൊണ്ടോയി പാരലൽ പാർക്കിംഗ് ചെയ്യിപ്പിച്ചു.. അങ്ങനെ അവനും ഔട്ട് ആയി.
അവസാനം ഈയുള്ളവന്റെ ഊഴമായി.. ഞാൻ കയറിയിരുന്നു.. ഒരു കാര്യോം ഇല്ലാതെ സീറ്റും മിററുമൊക്കെ അഡ്ജസ്റ്റാക്കി.. ഇത് എക്സാമിനർക്ക് ഒരു നല്ല വിലയിരുത്തലിനുള്ള ഐഡിയയാണ്... പിന്നെ ഇൻഡിക്കേറ്ററിട്ട് ഹെഡ് ചെക്ക് ചെയ്ത് സാവധാനം വണ്ടി പുറത്തേക്കെടുത്തു..
ഇതിലൊന്നും യാതോരു കാര്യവുമില്ലായിരുന്നു..മെയിൻ റോഡ് എത്തിയതും അറബി എന്നെ നിലം തൊടീച്ചില്ല.. ഒരു ലൈനിൽ പോവുമ്പോൾ അടുത്തത് മാറാൻ പറയും മാറി വരുമ്പോൾ വീണ്ടും പഴയതിലോട്ട് വരാൻ പറയും.. ലെഫ്റ്റ് റൈറ്റ്.. ഓവർ ടേകിംഗ്.. കയറ്റത്തിൽ വണ്ടി നിർത്തി എടുപ്പിക്കൽ തുടങ്ങിയ കലാ പരിപാടികൾക്ക് ശേഷം രണ്ട് തരം പാർക്കിംഗും ചെയ്യിപ്പിച്ച് മൂപ്പർ ഒരു ചിരി ചിരിച്ചു.
അന്ന് തന്നെ അടിച്ച് കിട്ടിയ ലൈസൻസ് കയ്യിൽ വാങ്ങുമ്പോഴുള്ള ആ സുഖമുണ്ടല്ലോ.. അത്രയും നേരം അനുഭവിച്ചതൊക്കെ ആ നിമിഷമങ്ങ് തീർന്ന് കിട്ടി..
ഇനി ഈ കഥയിലെ താരത്തെ കാണണമെങ്കിൽ അൽപം റീവൈൻഡ് ചെയ്യണം... ടെസ്റ്റിന് മുൻപ് ഞാൻ വിഴുങ്ങിയ ഒരു സാധനമില്ലെ.. അവനാണ് ആ താരം..അൽ ടെൻഷൻ ഫ്രീ ഡാബ്ലറ്റ്.. നമ്മുടെ ചങ്ക് ഡോക്ടർ പെണ്ണ് പറഞ്ഞ് തന്നതാണ് കേട്ടോ ഈ ഐറ്റം.. നെഞ്ചിടിപ്പ് വല്ലാതെ കൂടണത് ഇവൻ കുറച്ചോളും.. ഓവർ വാരി തിന്നാൽ നെഞ്ചിടിപ്പേ ഉണ്ടാവൂല ട്ടാ.. ജാഗ്രതൈ.. പിന്നെ എല്ലാം നമ്മുടെ മനസ്സല്ലെ.. ടാബ്ലറ്റ് കഴിച്ചെന്ന ധൈര്യത്തിൽ മൂപ്പർക്ക് ഒടുക്കത്തെ കോൺഫിഡൻസ് ആയിക്കോളും... അപ്പ ഇനീം ഇതും ഇത് പോലത്തെ അവസ്ഥകളുമൊക്കെ അനുഭവിക്കാൻ കിടക്കുന്നവർക്ക് വിജയാശംസകൾ നേർന്ന് കൊണ്ട് നിർത്തട്ടെ... നന്ദി..നമസ്കാരം.. 

- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക