നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താജ്മഹൽ (ഒരു യാത്ര വിവരണം)

Image may contain: 1 person, closeup
~~~~~~~~~~~~~~~~~~~~~
കൺമുന്നിൽ വിസ്മയങ്ങൾ തൂകി നിൽക്കുകയാണ് താജ്മഹൽ..!
ഒരു ചിരകാലഭിലാഷമാണ് പൂവണിഞ്ഞിരിക്കുന്നത്..!
ഒരു വിഷു ദിവസമാണ് താജ്മഹൽ കാണാനായി ഞങ്ങൾ തിരഞ്ഞെടുത്തത്. എന്നെന്നും.. മനസ്സിൽ താലോലിക്കാനായി ഷാജഹാൻെറ പ്രണയസൗധം!
എൻെറ മനസ്സങ്ങനെ കുളിർത്തു നിൽക്കുകയാണ്...
ആഗ്രയിലെ യമുനാ നദിക്കരയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻെറ പ്രിയപത്നി മുംതാസ്മഹലിൻെറ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹൽ!
‘ഇന്ത്യയുടെ കവിളിലെ കണ്ണുനീർതുള്ളി’യെന്നാണ് മഹാകവി ടാഗോർ ഈ വെളുത്ത സ്മാരകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായാണ് താജ്മഹലിനെ കണക്കാക്കുന്നത്.
താജ്മഹലിൻെറ പ്രധാന ഗേറ്റിനിരുവശവും തെരുവാണ്. കൊച്ചു കൊച്ചു കടകളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. മാർബിളിൽ തീർത്ത ചെറുതും വലുതുമായ കരകൗശല വസ്തുക്കളാണധികവും വില്പനയ്ക്ക് വെച്ചിരിക്കുന്നത്.
മുഗൾ ശില്പവിദ്യയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ഫത്തേപ്പുരി മസ്ജിദ് ആണ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഷാജഹാൻെറ ഭാര്യമാരിലൊരാളായ ഫത്തേപ്പുരി ബീഗത്തിൻെറ പേരിലാണത്രെ ഈ മസ്ജിദ് അറിയപ്പെടുന്നത്.
താജ്മഹലിന് ഉള്ളിലേയ്ക്ക് കയറുമ്പോൾതന്നെ അനേകം ഫോട്ടോഗ്രാഫർമാരാണ് സന്ദർശകരെ ചുറ്റിപ്പറ്റി എത്തിച്ചേരുന്നത്. അവിടെനിന്ന് ഞങ്ങളൊരു ഗൈഡിനെയും കൂടെ കൂട്ടി. ‘സലീംഷാ’ ഞങ്ങൾക്ക് ഹിന്ദിയും, ഇംഗ്ലീഷും കൂട്ടിക്കലർത്തി ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നുകൊണ്ടിരുന്നു.
എൻട്രി പാസ്സുമെടുത്ത് ക്യൂവിൽനിന്ന് ഞങ്ങൾ വിശദമായ ശരീരപരിശോധനകൾക്കും ശേഷം മെറ്റല്ഡിൂക്ടറ്ററിലൂടെ കടന്ന് പ്രധാന കവാടത്തിനടുത്തെത്തി.
എൻെറ മനസ്സിൽ സന്തോഷം നുരഞ്ഞുപൊന്തുകയാണ്...
ഇതുവരെ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള താജ്മഹൽ ഇതാ കൺമുന്നിൽ..!!
പതിയെ ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു. അന്ന് അവധി ദിവസമായിരുന്നതിനാൽ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കുണ്ടായിരുന്നു.
പ്രധാന ഗേറ്റിൽനിന്നും താജ്മഹലിനു സമീപം വരെ നീണ്ടു കിടക്കുന്ന വെള്ളച്ചാലിന് ഇരുവശങ്ങളിലുമായി രണ്ട് നടപ്പാതകളാണുള്ളത്. പേർഷ്യൻ ഉദ്യാന ശൈലിയിലുള്ള ‘ചാർബാഗ് ഉദ്യാനം’ ഈ നടപ്പാതയുടെ ഇരുവശങ്ങളിലുമായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
വാസ്തുവിദ്യാപരമായി താജ്മഹലിൻെറ ചാരുത ആർക്കുമിന്നോളം മറികടക്കാനായിട്ടില്ല. പൂർണമായും മുഗൾ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ ഉദ്യാനമിന്ന് യൂറോപ്യൻ ശൈലിയിലാണ് കാണുവാൻ സാധിക്കുക. 1857-ലെ ശിപായി ലഹളയുടെ സമയത്ത് നശിപ്പിക്കപ്പെട്ട താജ്മഹലും, ഉദ്യാനവും പത്തൊൻപതാം നൂറ്റാണ്ടിൽ വൈസ്രോയി ആയിരുന്ന 'കഴ്സൺ പ്രഭു'വിൻെറ നിർദ്ദേശപ്രകാരം പുനഃനിർമ്മിക്കപ്പെടുകയായിരുന്നു. ആ സമയത്താണ് മുഗൾ ശൈലിയിൽനിന്നും തികച്ചും വ്യത്യസ്തമായ യൂറോപ്യൻ മാതൃകയിലുള്ള ഇന്നു കാണുന്ന ഈ പൂന്തോട്ടം രൂപമെടുത്തത്.
ചെമ്പൻ താടി തടവിക്കൊണ്ട് സലീംഷാ ഓരോന്നും ഞങ്ങൾക്കു വിശദമായി പറഞ്ഞു തന്നു.
ജഹാംഗീർ ചക്രവർത്തിയുടെ മൂന്നാമത്തെ മകനായ ‘ഖുറം' ആണ് ഷാജഹാനായി വളർന്നത്. പതിനാലാമത്തെ വയസ്സിൽ ആഗ്രയിലെ തെരുവിൽ വെച്ചാണ് ഖുറം സുന്ദരിയായ ‘അർജ്ജുമാൻ ബാനു’ എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. അവരുടെ പ്രണയം അഞ്ചുവർഷം കൊണ്ട് പൂവണിഞ്ഞു. പത്തൊൻപതാം വയസ്സിൽ ഇരുപതുകാരിയായ ‘അർജ്ജുമാൻ ബാനുവിനെ’ ഷാജഹാൻ വിവാഹം കഴിച്ചു.
അവരുടെ പത്തൊൻപതു കൊല്ലത്തെ ദാമ്പത്യത്തിനിടയിൽ പതിനാലു കുഞ്ഞുങ്ങളുണ്ടായി. അവസാനത്തെ പ്രസവത്തിൽ ഭാര്യ മരിച്ചു. ‘മുംതാസ്മഹൽ’ എന്ന ഓമനപ്പേരിട്ടു വിളിച്ച തൻെറ പ്രിയതമയുടെ ഓർമ്മയ്ക്കായി ഷാജഹാൻ ഒരു നിത്യസ്മാരകം പണിയാൻ തീരുമാനിച്ചു. അങ്ങനെയാണ് ആഗ്രയില് താജ്മഹൽ പണിതുയർത്തിയത്.
പച്ച പുതപ്പ് വിരിച്ചതുപോലെയുള്ള പുൽത്തകിടികളും, പൂച്ചെടികളും, മനോഹരമായി വെട്ടിയൊരുക്കിയ ചെറുമരങ്ങളും ഒന്നുചേരുമ്പോൾ പൂന്തോട്ടത്തിൻെറ ഭംഗിയേറെ വർദ്ധിക്കുന്നു. സ്വർഗ്ഗത്തിൽനിന്നും ഉത്ഭവിക്കുന്ന ‘പിഷോൺ, ഗിഹോൺ, യൂഫ്രട്ടീസ്, ടൈഗ്രിസ്’ എന്നീ നാലു നദികളെ പ്രതിനിധാനം ചെയ്യുന്ന വെള്ളച്ചാലുകൾ, ഉദ്യാനത്തെ നാലുഭാഗങ്ങളായി വിഭജിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെള്ളച്ചാലുകളുടെ മധ്യഭാഗത്തായി Hawd-al-kawthar എന്ന പേരിലുള്ള മാർബിൾ നിർമ്മിതമായ കുളം സ്ഥിതിചെയ്യുന്നു.
താജ്മഹലിൻെറ മനോഹരമായ ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഈ കുളത്തിനോട് ചേർന്നുള്ള പ്ലാറ്റ്ഫോം തന്നെയാണ്. അതുകൊണ്ടു തന്നെ സന്ദർശകരുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടതും ഇവിടെയാണ്.ചിത്രങ്ങൾ പകർത്തുവാനായി, യാത്രികർ നടത്തുന്ന ശ്രമങ്ങളും അതീവ രസകരമായാണ് ഞങ്ങൾക്കനുഭവപ്പെട്ടത്. ചിലർ താഴികക്കുടത്തിനു മുകളിൽ കൈപിടിച്ചുകൊണ്ട് പല പോസ്സുകളിൽ നിൽക്കുന്നു. വേറെ ചിലർ താജ്മഹലിനെ ആലിംഗനം ചെയ്തു നിൽക്കുന്നു. ഞങ്ങളും അവിടെ നിന്ന് കുറച്ചു ചിത്രങ്ങളെടുത്തു.
വർഷങ്ങൾ പിന്നിട്ടുകഴിയുമ്പോൾ... താജ്മഹലിൻെറ മധുരസ്മരണകളിലൂടെ മനസ്സുകൊണ്ടൊരു യാത്രക്കൊരുങ്ങുമ്പോൾ കൈപിടിച്ചു നടത്തുവാൻ ഈ ചിത്രങ്ങളെങ്കിലും കൂട്ടിനുണ്ടാവുമല്ലോ...!
‘തിരക്ക് കൂടുകയാണ് ..’ ഗൈഡ് ഞങ്ങളെ ഓർമ്മപ്പെടുത്തി.
അല്പനേരം കൂടി ഇത്തരത്തിലുള്ള കാഴ്ചകൾ കണ്ടും, കേട്ടും, ആസ്വദിച്ചും ചിത്രങ്ങൾ പകർത്തിയും ഞങ്ങൾ സമയം ചിലവഴിച്ച ശേഷം താജ്മഹലിന് അടുത്തെത്തി. സ്മാരകത്തിൻെറ ഉള്ളിലേയ്ക്ക് ചെരിപ്പുകൾ ധരിച്ച് പ്രവേശിക്കുവാൻ അനുവാദമില്ല. അവ സൂക്ഷിക്കുവാനുള്ള സൗകര്യം നടപ്പാതയോട് ചേർന്നുതന്നെ വേറെ ഒരുക്കിയിട്ടുണ്ട്.
പാദരക്ഷകൾക്കു പകരം പ്ലാസ്റ്റിക്കവർ പോലുള്ള കാലുറകളും അവിടെ വിൽപനയ്ക്ക് ലഭ്യമാണ്. വിദേശികളേറെയും ഇത്തരം കാലുറകൾ ധരിച്ചാണ് താജ്മഹലിനുള്ളിലേക്ക് കയറിയിരുന്നത്.
കേരളത്തിൽ അവധിക്കാലമായതിനാലാകാം സ്വന്തം നാടിൻെറ തുടിപ്പുകൾ എനിക്കവിടെയും ദർശിക്കാൻ കഴിഞ്ഞു. അവർക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് ഞാനും യാത്ര തുടർന്നു..
ചെരുപ്പുകൾ സൂക്ഷിക്കുവാനേൽപ്പിച്ചിട്ടു ഞങ്ങളും താജ്മഹലിനുള്ളിലേക്ക് പ്രവേശിച്ചു. വെയിൽ നാളങ്ങളേറ്റ് വെണ്ണക്കല്ലിൽ പതിയുന്ന കാൽപ്പാദങ്ങൾ പൊള്ളി തുടങ്ങിയിരുന്നു. ഇതുനേരത്തെ അറിയാമായിരുന്നത് കൊണ്ടുകൂടിയാണ് ആദ്യത്തെ ക്യൂവിൽതന്നെ ഞങ്ങൾ സ്ഥാനം പിടിച്ചതും, എന്നിട്ടും എന്തൊരു ചൂട്! സമയം പതിനൊന്നുമണിയെ ആയിട്ടുള്ളൂ.. സൂര്യരശ്മികൾ ആ വെണ്ണക്കൽ കൊട്ടാരത്തിലേക്ക് ആഴ്ന്നിറങ്ങി.
കാലുകൾ പൊള്ളാതിരിക്കാനായി അവിടവിടെയായി ചുവന്ന പരവതാനികൾ വിരിച്ചിട്ടുണ്ട്. അതിൽകൂടി വരിവരിയായി നടന്ന് ഞങ്ങൾ അകത്തെത്തി.
ഹോ ..!! എന്തൊരു തിരക്ക്.
ക്യാമറ ഓഫ്ചെയ്യാൻ നിർദ്ദേശമുണ്ടായി. താജ്മഹലിനു ചുറ്റും കനത്ത സെക്യൂരിറ്റിയാണ്. സ്റ്റെപ്പുകൾ കയറി ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു.
പൂർണ്ണമായും വെള്ള മാർബിളിലാണ് താജ്മഹൽ പണിഞ്ഞിരിക്കുന്നത്. അകത്തെ ചുവരുകളില് നിറയെ വിലപിടിപ്പുള്ള രത്നങ്ങളും, കല്ലുകളും പതിച്ചിരിക്കുന്നു. അകത്തൊട്ടും ചൂട് തോന്നിയില്ല. താജ്മഹലിനെ പറ്റി പറയുമ്പോൾ ഞങ്ങളുടെ ഗൈഡ് സലീംഷാ വാചാലനായി.
ഏകദേശം 20,000 ജോലിക്കാർ 22-വർഷം കൊണ്ടാണ് താജ്മഹലിൻെറ പണി പൂർത്തിയാക്കിയത്. അന്നതിന് 3.2 കോടി രൂപ ചെലവായി. അന്നത്തെ പ്രസിദ്ധ ഇസ്ളാമിക് വാസ്തു വിദ്യാവിദഗ്ദ്ധൻ ഉസ്താദ് ഈസയായിരുന്നു താജ്മഹലിൻെറ ശില്പി. ഇന്ത്യയിലെമ്പാടുമുള്ള കല്പ്പണിക്കാർ, കരകൗശല വിദഗ്ദ്ധർ എല്ലാം താജ്മഹലിൻെറ പണിക്കായി ആഗ്രയിൽ ഒത്തുകൂടി. പേർഷ്യയിൽനിന്നും, തുർക്കിയിൽനിന്നും അറേബ്യയിൽ നിന്നുമൊക്കെ സാധനസാമഗ്രികളും രത്നങ്ങളും വൈദഗ്ദ്ധ്യമുള്ള ശില്പികളും, ജോലിക്കാരും ആഗ്രയിലെത്തിയിരുന്നു.
അകത്തെ ഓരോ അറകളും വളരെ വിശേഷപെട്ട രത്നങ്ങളും, കല്ലുകൾകൊണ്ടും കമനീയമായി അലങ്കരിച്ചിരിക്കുന്നു. വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തുപണികൾ, കൂട്ടത്തിൽ ഭിത്തി തുരന്നുള്ള കൊത്തുപണികളും ചെയ്തിരിക്കുന്നു. ഇതിൻെറ ഒത്ത മധ്യത്തായി രണ്ടു ശവകുടീരങ്ങൾ..!!
ഷാജഹാൻെറയും, മുംതാസ്മഹലിൻെറയും ശവകുടീരങ്ങൾ. ഈ ശവകുടീരങ്ങളെ മറച്ചുകൊണ്ട് ചുറ്റും മാർബിൾ ജാലികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഈ മാർബിൾ ജാലികൾ എട്ട് വശങ്ങളുള്ള ഒരു മാർബിൾ അറയാണ്. ഓരോവശങ്ങളും സമാനമായ കൊത്തു പണികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനു താഴെയുള്ള തറഭാഗം വിലപ്പെട്ട കല്ലുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ കല്ലുകളിൽ വള്ളികളുടേയും, സസ്യലതാദികളുടേയും, ഫലങ്ങളുടേയും, പുഷ്പങ്ങളുടേയും രൂപങ്ങൾ കൊത്തിവെച്ചിരിക്കുന്നു.
ആ പ്രണയ കുടീരങ്ങൾക്കു മുൻപിൽ എൻെറ മനസ്സ് ആർദ്രമായി. ആ ശവകുടീരങ്ങൾക്കു മുന്നിൽ ഒരിറ്റു കണ്ണീർ വീണുവോ..? ഒരുനിമിഷം ഞാൻ കണ്ണടച്ചുനിന്നു.
തിരക്ക് ഏറെനേരം ഞങ്ങളെ അവിടെത്തങ്ങാൻ അനുവദിച്ചില്ല. താജ്മഹലിൻെറ അകത്തളങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങൾ പിന്നാമ്പുറത്തെത്തി. ഏപ്രിൽ മാസമായതിനാലാകാം യമുനാനദി വറ്റി വരണ്ടിരിക്കുന്നു. നദിയിലെ പൂഴിമണൽ തെളിഞ്ഞു കാണാം. പശുക്കളും, എരുമകളും ആ പൂഴിമണലിൽ വിശ്രമിക്കുന്നു (ഈ യമുനാ നദിയാണ് രണ്ടു മാസങ്ങൾക്കുശേഷം താജ്മഹലിനു ഭീഷിണിയായ് കര കവിഞ്ഞൊഴുകിയത്).
ഇവിടെനിന്ന് ദൂരേയ്ക്ക് നോക്കിയാൽ, യമുനാ നദിയ്ക്കക്കരെ ആഗ്രാ കോട്ടയുടെ ചുവപ്പുനിറം തെളിഞ്ഞുകാണാം. ആ കോട്ടയിലായിരുന്നു ഒരു കുറ്റവാളിയെപ്പോലെ ഷാജഹാൻ തൻെറ ജീവിതത്തിൻെറ ശിഷ്ടകാലങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്. കാലങ്ങൾക്കപ്പുറം, ആ കോട്ടയിൽ സ്വന്തം മകൻ തീർത്ത കാരാഗൃഹത്തിനോട് ചേർന്നുള്ള ജാസ്മിൻ മഹലിൽ നിന്നുകൊണ്ട് വിദൂരതയിൽ താജ്മഹൽ നോക്കി കണ്ടിരുന്നപ്പോഴെങ്കിലും താജ്മഹലിൻെറ അടിത്തറയ്ക്ക് ഉറപ്പേകിയ വിയർപ്പു തുള്ളികളുടെയും, കണ്ണുനീരിൻെറയും ഉപ്പുരസം ഷാജഹാൻ ചക്രവർത്തി രുചിച്ചിട്ടുണ്ടാകണം.
ഗൈഡിനോട് നന്ദി പറഞ്ഞു ഞങ്ങൾ ബാലുഗഞ്ജിലെ ഹോട്ടലിലേക്ക് മടങ്ങി.
പിന്നീടുള്ള ഞങ്ങളുടെ ഗൈഡ് ടാക്സി ഡ്രൈവറായ റഹ്മാൻ ഭായ് ആയിരുന്നു. അദ്ദേഹത്തെ ഹോട്ടലുകാർ അറേഞ്ചു ചെയ്തു തന്നതാണ്.
രണ്ടു ദിവസമാണ് ആഗ്രയിലെ ട്രിപ്പ്. അതുവഴി ഞങ്ങൾക്ക് നേരെ ഡൽഹിയിലേക്കാണ് പോകേണ്ടത്. മൂന്നുദിവസം അവിടെയും കറങ്ങിയിട്ടു നേരെ അലഹബാദിലേക്ക് അതാണ് പ്ലാൻ.
ആഗ്രഫോർട്ടും, മുംതാസ്മഹലും, അക്ബർ ചക്രവർത്തി പണി തീർത്ത ഫത്തേപ്പൂർ സിക്രിയുമൊക്കെ കണ്ട് യാത്രയുടെ ചില നല്ല ഓർമ്മകളും മനസിലേറ്റി മടങ്ങാൻ തുടങ്ങവേ ബാലുഗഞ്ജിലെ ‘ദി താജ് റെസിഡൻസി’യും ഞങ്ങൾ ചെക്ക്ഔട്ട് ചെയ്ത് കഴിഞ്ഞിരുന്നു.
ആഗ്രയിൽ നിന്ന് ഏകദേശം 50 കി.മീ ദൂരമേയുള്ളൂ ‘മഥുര’ക്കെന്ന് റഹ്മാൻ പറഞ്ഞപ്പോൾ ഇത്രയും അടുത്തു വന്നിട്ടും ശ്രീകൃഷ്ണൻെറ ജന്മസ്ഥലമായ മഥുരക്ക് പോകാതെ മടങ്ങാനൊരു മടി. ഇവിടെയാണ് കൃഷ്ണജന്മ ഭൂമി. വിശ്വസ്തനായ ആ ഡ്രൈവർ ഞങ്ങൾക്കൊരു നല്ല ഗൈഡും കൂടിയെണെന്ന് രണ്ടു ദിവസം കൊണ്ടു ഞങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
ഇപ്പോൾ അങ്ങോട്ടുപോയാൽ ഞങ്ങളുടെ എല്ലാ ഷെഡ്യൂളുകളും അവതാളത്തിലാകും. ‘വേണ്ടാ.. ഇനിയൊരിക്കലാകട്ടെ..’ ഞാൻ മനസ്സിനു കടിഞ്ഞാണിട്ടു. (‘മഥുരയിലെ ബാലൻ’ എന്ന കഥ ഇതിന്റെ തുടർച്ചയായി കൂട്ടിച്ചേർത്തു വായിക്കാം. ലിങ്ക് താഴെ കൊടുക്കുന്നു)
താജ്മഹലിൻെറ വിസ്മയങ്ങളിൽനിന്നും യാത്ര തിരിക്കുമ്പോൾ എൻെറ മനസ്സിൽ ഒരേയൊരു ചോദ്യംമാത്രം ബാക്കിനിന്നു.
‘ഭാര്യയെ ഇത്രയധികം സ്നേഹിച്ച പുരുഷൻമാർ ഉണ്ടാവുമോ..?’
~~~~~~~~~~~~~~~~~~~
ബിന്ദു പുഷ്പൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot