നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നൊരു കാലത്തെ ഞാനും നിങ്ങളും!

Image may contain: 1 person, beard and closeup

••••••••••••••••••••••••••••••••••••••
ഉറക്കം വിട്ടൊഴിയാത്ത കണ്ണുകളെ നുള്ളിപ്പൊളിച്ച്‌ പായയിൽ എഴുന്നേറ്റിരുന്നിട്ടും ഉറക്കം വിട്ടു പോകുന്നില്ല. വെറുതെ ഇരുന്നിട്ടും കണ്ണുകളടഞ്ഞു പോകുന്നു.
രാത്രി കിടക്കുന്നതേ ഇപ്പൊ ഓർമ്മയുള്ളൂ.
വെയിലിന്റെ കാഠിന്യവും, ജോലിയുടെ ക്ഷീണവും, രാത്രിയെയും ഉറക്കത്തെയും വല്ലാതെ കുറക്കുന്നുണ്ട്‌ ,കുറച്ച്‌ ദിവസമായിട്ട്‌.
ചിലപ്പൊ തോന്നും എത്ര നീളമാ ഈ പകലിനെന്ന്, പണിയെടുത്ത്‌ തളരുമ്പൊ ഒന്ന് പെട്ടെന്ന് വൈകുന്നേരമാവാൻ വേണ്ടി പ്രാർത്ഥിച്ചു പോകാറുണ്ട്‌.
“ഓനിന്ന് പോകുന്നില്ലോളീ”
‌ അമ്മയുടെ ശബ്ദം, അതൊരു സിഗ്നലാ. ഇതും കൂടി അവഗണിച്ചാൽ പിന്നെ ഇന്ന് ബസ്സ്‌ കിട്ടില്ല. ബസ്സ്‌ കിട്ടീല്ലേൽ പണിക്ക്‌ പോകാൻ പറ്റില്ല. ഇന്ന് പോയില്ലേൽ കുറേ ദിവസത്തേക്ക്‌ ലീവെടുക്കേണ്ടി വരും.
മേസ്ത്രി വഴക്ക്‌ പറയും.
അമ്മക്ക്‌ പേടിയാ മോൻ ഈ പണിക്ക്‌ പോകുന്നത്‌. അത്‌ കൊണ്ട്‌ തട്ടി വിളിക്കലോ കൂടുതൽ നിർബന്ധിക്കുകയോ ഒന്നും ചെയ്യാറില്ല.
അമ്മയുടെ ശബ്ദം കേട്ടതും ചാടി എണീറ്റു.
അടുക്കള മൂലക്ക്‌ തൂക്കിയിട്ട പെയിന്റിന്റെ പാട്ടയിൽ നിന്നും ഇത്തിരി ഉമിക്കരിയുമെടുത്ത്‌ “കണമൊണ” മൂന്നാലുരയും ഉരച്ച്‌ കിണറ്റിന്റടുത്ത്‌ പോയി മുഖവും കാലും കഴുകി ഓടി വരുമ്പോളേക്കും സമയമായി.
കട്ടൻ ചായയോടൊപ്പം ഒരു ദോശയും മടക്കി പിടിച്ച്‌ നിന്ന് കൊണ്ട്‌ തന്നെ തിന്നുന്നതിനിടയിൽ തന്നെ അമ്മ എടുത്ത്‌ എടുത്ത്‌ വച്ച “പണികുപ്പായം” ഏറ്റവും ചെറുതാക്കി മടക്കി പഴകി പേരു മാഞ്ഞു പോയ ഏതോ ടെക്സ്റ്റെയിൽ ഷോപ്പിന്റെ കവറിൽ ചുരുട്ടി എടുത്ത്‌ തോളിൽ ഇറുക്കി വച്ച്‌ ഒരോട്ടമാണു.
മുടി ചീകാൻ പോലും ശ്രദ്ധിക്കാത്ത ഓട്ടം. ബസ്റ്റോപ്പിനു താഴത്തെ ഇറക്കം കയറുമ്പോൾ കേൾക്കാം ബസ്സിന്റെ ഹോണടി.
പിന്നൊരു കുതിപ്പ്‌.
ബസ്സ്‌ എത്തുമ്പോളേക്കും സ്റ്റോപ്പിലെത്തും.
കൂടുതൽ ആളുകൾ കയറാനുള്ളത്‌ കൊണ്ടും കയറ്റം കയറി വരുന്നത്‌ കണ്ടാൽ ഞങ്ങളെയും എടുത്തിട്ടേ ബസ്സ്‌ പോകൂ എന്നുള്ളത്‌ കൊണ്ടും മിക്ക ദിവസവും ബസ്സ്‌ കിട്ടാതിരിക്കാറില്ല.
പതിവിൽ നിന്ന് വ്യത്യസ്ഥമായി ഇന്ന് നാലഞ്ച്‌ മിനുട്ട്‌ നേരത്തെ സ്റ്റോപ്പിലെത്തിയെങ്കിലും കൂടെ ഉള്ളവരെ ആരെയും കണ്ടില്ല.
ബസ്സ്‌ കാണാവുന്ന ദൂരത്തിലെ സ്റ്റോപ്പിലെത്തി.
കൂടെ ജോലിക്ക്‌ വരേണ്ട ആരെങ്കിലും ‌ഉണ്ടോ? എന്ന് ഒരിക്കൽ കൂടി നോക്കി ബസ്സിൽ കയറാൻ നോക്കുമ്പോൾ ബസ്സിനേക്കാൾ മുന്നെ എന്ന പോലെ ഒരു തല പുറത്തേക്ക്‌ നീണ്ടു. മേസ്ത്രിരിയാണു.
“ആ പുരുഷൂന്റെ ആരോ മരിച്ചൂ ന്ന്, ഇന്ന് ആ കുറ്റിക്ക്‌ ആരും ഉണ്ടാവില്ല, നീ നാളെ വന്നാ മതീ ട്ടാ".
ഇത്തിരി സങ്കടം മുഖത്ത്‌ വരുത്തി, ബസ്സിൽ കയറാൻ തിരക്ക്‌ കൂട്ടി നിൽക്കുന്നവരിൽ നിന്ന് ഞാൻ മാറി നിന്നു.
ബസ്സ്‌ ഒരു മൂളിപാട്ടും പാടി കണ്ണൂർ നഗരത്തിലേക്ക്‌ ഓടി.
വീട്ടിലേക്ക്‌ നടക്കുന്നതിനിടയിൽ ചില കണക്കുകൾ മനസ്സിലിട്ട്‌ ഞാൻ കൂട്ടിയും കുറച്ചും കൊണ്ടിരുന്നു.
ഒരു സിനിമക്ക്‌ പോകണം.
ടൗണിലൊക്കെ ജോലിക്ക്‌ പോകുമെങ്കിലും ഇതു വരെ ടൗണിൽ പോയി ഒരു സിനിമ കണ്ടിട്ടില്ല,
നല്ലൊരു ഹോട്ടലിൽ കയറി
“പൊറോട്ടേം കോയിയെർച്ചീം” തിന്നണം.
പിന്നെ നല്ലൊരു ഫാലൂദയും കുടിക്കണം. വായിൽ കപ്പലോടിച്ച്‌ കൊണ്ട്‌ വീട്ടിലെത്തിയ ഉടനെ അമ്മയോട്‌ പറഞ്ഞു.
“അമ്മേ പണീല്ല, അനക്ക്‌ തൽശ്ശേരി പോണം ഒരു സിൻമ കാണണം,” ആ മുണ്ടൊന്ന് ഇസ്തിരീട്ടേരണേ”
“സിൻമക്കൊക്കെ പോയ്ക്കോ ഒരു ഷർട്ടടിക്കാൻ തുണീം കൂടി മാങ്ങിക്കോ, ഇപ്പൊ ഉള്ളത്‌ ഇനി അലക്കാൻ പറ്റൂന്ന് തോന്ന്ന്നില്ല.” -അമ്മ
“ആ നോക്കട്ടെ”
കുറച്ച്‌ നേരം തിരിഞ്ഞ്‌ കളിച്ച്‌, റേഡിയോ കേട്ട്‌, ഇടക്കിടെ വന്ന് അജന്ത ക്ലോക്കിലെ സൂചിയെ നോക്കി പേടിപ്പിച്ച്‌ എങ്ങനെയൊക്കെയോ ഒൻപത്‌ മണി ആക്കി.
പത്ത്‌ മണിയുടെ അംബിക ബസ്സിനു പോയാൽ പതിനൊന്നരയുടെ സിനിമക്ക്‌ കൃത്യമായി കയറാം എന്നുള്ള ചിന്തയിൽ കാര്യങ്ങളിലേക്ക്‌ കടന്നു.
നല്ല വണ്ണം വെളിച്ചെണ്ണ തേച്ച്‌ തലയും മേലും മുഖവുമൊക്കെ മിനുക്കി,
കാലിലെ നഖമൊക്കെ വെട്ടിയ ശേഷം കിണറ്റിൻ കരയിൽ പോയി “വി കെ സി” ചെരുപ്പിനെ തേച്ച്‌ വെളുപ്പിച്ച്‌, അലക്കുകല്ലിന്റെ ഓരത്ത്‌ ഇട്ടുരച്ച്‌ കാലിന്റെ മടമ്പും വെളുത്തെന്നുറപ്പിച്ച ശേഷം വിശദമായൊരു കുളിയും കഴിഞ്ഞ്‌ ഒരു മൂളിപ്പാട്ടോടെ അകത്തെ കുഞ്ഞുകണ്ണാടിക്ക്‌ മുന്നിൽ എത്തി.
കണ്ണാടിയിൽ ചാഞ്ഞും ചരിഞ്ഞും നോക്കി മുടിയിലൊരു “കുരുവിക്കൂട്‌” ഒരുക്കി,”കുട്ടിക്കൂറ പൗഡറും” ഇട്ട ശേഷം അമ്മ ഇസ്ത്രിരി ഇട്ട്‌ വച്ച “ദളപതി മുണ്ടി” ന്റെ ചുവന്ന കര മുന്നിലാക്കി ഉടുത്ത്‌ ഷർട്ടും ഇട്ട്‌ ഞാൻ റെഡിയായി.
അതിനു ശേഷം അമ്മ കൊണ്ടു വച്ച തേങ്ങയിട്ട കഞ്ഞിയും കുടിച്ച്‌ ഒരിത്തിരി തലയെടുപ്പോടെ ഞാനിറങ്ങി.
ബസ്സിലിരിക്കുന്ന എന്റെ ചിന്തകളിൽ കിടന്ന് ഫാലൂദയും ബിരിയാണിയും സിനിമയും എല്ലാം കൂടി “ഞാനാദ്യം ഞാനാദ്യം “ എന്ന് തല്ല് കൂടാൻ തുടങ്ങി. ഞാൻ ഫാലൂദയെ ശാന്തനാക്കി.
“ഫാലൂദേ ആദ്യം നിന്നെ കുടിച്ചാൽ ചിലപ്പൊ എനിക്ക്‌ ശരിക്ക്‌ ബിരിയാണി തിന്നാൻ പറ്റില്ല, അത്‌ കൊണ്ട്‌ ബിരിയാണിക്ക്‌ ശേഷം നീ, എന്റെ സിനിമേ നിന്നെ ‌ ഒരു ശല്ല്യവും ഇല്ലാതെ എനിക്ക്‌ ‌ കാണണം, ഫാലൂദ ചിലപ്പൊ എന്റെ ശ്രദ്ധ ബാത്ത്‌ റൂമിലേക്കെത്തിക്കില്ല എന്ന് ഉറപ്പിക്കാൻ പറ്റില്ല.”
ബസ്സ്‌ ടൗണിലെത്തുമ്പൊളേക്കും തീരുമാനം ആയി. “ആദ്യം സിനിമ”.
സ്റ്റാന്റിലെത്തുന്നതിനു മുന്നെ “ചിത്രവാണി” നിറയെ ആളുകളെ കണ്ടു. ഇനി ടിക്കറ്റ്‌ കിട്ടാതാവുമോ?
വേഗം ബസ്സിൽ നിന്നിറങ്ങി തിയേറ്ററിലേക്കൊരു ഓട്ടമായിരുന്നു. എത്തുമ്പോ ക്യൂ റോഡിലെത്തീട്ടുണ്ട്‌. ഞാൻ ക്യൂ നോക്കിയില്ല. അവിടെ ബോർഡിൽ ടിക്കറ്റിന്റെ പൈസ എഴുതി വച്ചിട്ടുണ്ട്‌.
അത്‌ വായിച്ചു.
ബാൽക്കണി-25
ഫാസ്റ്റ്‌ ക്ലാസ്‌- 20
സെക്കന്റ്‌ ക്ലാസ്സ്‌-15
തേർഡ്‌ ക്ലാസ്സ്‌- 10
മനസ്സ്‌ വീണ്ടും കൂട്ടലിലും കുറക്കലിലും മുഴുകി.
“എവിടെ ഇരുന്നാലും സിനിമ ഒന്ന് തന്നെ പിന്നെന്തിനു
പതിനഞ്ച്‌ രൂപ കൂടുതൽ കൊടുക്കണം. എന്നാലും സെക്കന്റ്‌ ക്ലാസ്സ്‌ എടുത്തൂടെ?”
“വേണ്ടെടോ വെറുതെ എന്തിനു അഞ്ച്‌ രൂപ കളയണം, ആ പൈസക്ക്‌ ഒരു ഹാഫ്‌ ബിരിയാണി കൂടെ തിന്നൂടെ”,
ഞാൻ മനസ്സിനെ ആശ്വസിപ്പിച്ചു.
“ഏട്ടാ ഏഡ്യാ തേഡ്‌‌ ക്ലാസ്സിന്റെ ‌ ടിക്കറ്റ്‌ കിട്ട്വാ”
അയാൾ ചൂണ്ടിക്കാണിച്ച റോഡിലെത്തിയ ക്യൂവിന്റെ ഒടുവിൽ നിന്ന് മെല്ലെ നീങ്ങി ഒരു ആൾപൊക്കത്തിലുള്ള ഗുഹയിലൂടൊക്കെ നടന്ന്,
ആ ഗുഹയിൽ നിൽക്കുമ്പൊ ഉണ്ടായ ചെറിയൊരു തള്ളിൽ ഈ ഗുഹയിൽ കിടന്ന് ശ്വാസം മുട്ടി മരിച്ച്‌ പോകുമോ എന്ന് പേടിച്ച്‌,
അതൊക്കെ അതി ജീവിച്ച്‌ ടിക്കറ്റുമായി പുറത്തിറങ്ങുമ്പൊ അമ്മ ഇസ്ത്രിരിയിട്ട ഷർട്ടും എന്റെ വി കെ സിയും ഒക്കെ വള്ളി പൊട്ടാതെ പുറത്തെത്തിയതിനു എന്നോട്‌ തന്നെ നന്ദി പറഞ്ഞു. “സാരമില്ല നമുക്ക്‌ ബിരിയാണിയിൽ തീർക്കാം” ന്ന് അവരെ ഞാൻ ആശ്വസിപ്പിച്ചു.
നല്ല വെള്ളത്തിലിറക്കി വച്ചത്‌ പോലെ ഇരുന്ന് സിനിമ കാണുമ്പൊ മേലേന്ന് വലിയ ശബ്ദത്തിൽ കറങ്ങുന്ന ഫാനിനെ നോക്കി മനസ്സ്‌ പറഞ്ഞു. “നാണോണ്ടോടോ ഫാനാന്നും പറഞ്ഞ്‌ തിരിയാൻ”
എങ്ങനെയൊക്കെയോ ഇന്റർബെല്ല് ആയി പുറത്തിറങ്ങിയപ്പൊ ദേ ഒരു പെട്ടിക്കടയിൽ കോൺഐസ്ക്രീം, ചോളപ്പൊരി, പപ്സ്‌, ചായ കാപ്പി….
ചാടിയ മനസ്സിനെ പിന്നെയും ഞാൻ പിടിച്ച്‌ ഉള്ളിലിട്ടു.
“ക്ഷമീന്ന്”
ആ സിനിമ ഒട്ടും മനസ്സിൽ പതിഞ്ഞില്ല. എന്നാലും കൊടുത്ത പത്ത്‌ രൂപ മുതലാക്കാൻ വിയർപ്പിലൊട്ടി സിനിമ കഴിയുന്ന ബെല്ല് വരെ പിടിച്ചിരുന്ന് പുറത്തേക്കിറങ്ങി.
പെട്ടെന്ന് പുറത്തേക്കിറങ്ങിയപ്പൊ കണ്ണിലേക്കടിച്ച ഉച്ചസൂര്യൻ ഇത്തിരി നേരം കുഴപ്പിച്ചു.
എങ്കിലും മെല്ലെ നല്ലൊരു ഹോട്ടലും നോക്കി നടന്നു. ഒന്ന് രണ്ട്‌ ചെറിയ ഹോട്ടലുകൾ കണ്ടെങ്കിലും അതത്ര കണ്ണിനു പിടിച്ചില്ല.
കുറച്ച്‌ മുന്നോട്ട്‌ നീങ്ങിയപ്പൊ കണ്ടു.
“ലിന്റാസ്‌”
കൊള്ളാം നല്ല ഹോട്ടൽ.
അകത്ത് കയറി ‌ വിസ്തരിച്ച്‌ മുഖം കഴുകി മുണ്ടിന്റെ കോന്തല കൊണ്ട്‌ തുടച്ച്‌ നല്ല കുഷ്യനുള്ള ഒരു സീറ്റിൽ തന്നെ ഇരുന്നു. വെയ്റ്റർ വന്നു.
“അവിടെന്താ കയിക്ക്യാൻ”
“എന്താ ഉള്ളേ” ന്ന എന്റെ ചോദ്യത്തിനു മുന്നെ അയാൾ ഒരു പത്ത്‌ പതിനഞ്ച്‌ ഐറ്റംസിന്റെ ലിസ്റ്റ്‌ തുറന്ന് വിട്ടു.
ഞാൻ ചോദിച്ചു.?
“ചിക്കൻബിര്യാണിക്കെത്ര്യാ"?
“മുപ്പോർപ്പ്യ”
“പോത്തിനോ”
“ ഇരുപത്ത്രണ്ട്”
“ഓഹ്‌ രണ്ടും ഒരേ പോലത്തെ ജീവനല്ലേ ന്നിട്ടും രണ്ട്‌ വില, ചിക്കനായിരുന്നു നല്ലത്‌ പക്ഷെ വലിയ പൈസയാണല്ലൊ”
“അഞ്ച്‌ കിലോ അരിയും മൂന്ന് ദിവസം മീനും സുഖായി വാങ്ങാം”
“ബിരിയാണി വേണ്ട ചിക്കൻ കറിയും പൊറോട്ടയും മതി” മനസ്സിൽ നിന്ന് ‌ ബിരിയാണിയെ കളഞ്ഞു.
“ചിക്കൻ കറിക്കെത്രാ”
മനസ്സിലെ കണക്കു കൂട്ടലൊന്നും അയാൾക്ക്‌ മനസ്സിലാകാത്ത രീതിയിൽ ഞാൻ ഇത്തിരി മസിലു പിടുത്തത്തിൽ ചോദിച്ചു.
“പന്ത്രണ്ട്‌ ഉർപ്പ്യ”
“പന്ത്രണ്ട്‌ രൂപയോ ആകെ ഒരു കിലോ കോഴിക്ക്‌ ഇരുപത്‌ രൂപയേ ഉള്ളൂ, ന്തൊരു വെട്ടിക്കൊള്ളയാ ഇത്‌”
“ഒന്ന് വേം പറഞ്ഞേ അപ്പർത്ത്‌ ഓർഡറെടുക്കണം, പൊറോട്ടയും ചിക്കനും എടുക്കട്ടെ”
അയാളുടെ ധൃതി കണ്ടപ്പൊ കൂടുതലൊന്നും ആലോചിക്കാൻ പറ്റീല്ല.
“രണ്ട്‌ പൊറോട്ടേം കൊർച്ച്‌ ചാറും”
അയാളുടെ പുച്ഛനോട്ടം കണ്ടില്ലാന്ന് നടിച്ചെങ്കിലും,
“‌ആദ്യേ പറഞ്ഞൂടേടോ ആളെ മെനെക്കെടീക്കാൻ”
അത്‌ കേൾക്കാവുന്ന ശബ്ദത്തിലായിരുന്നു.
ചുറ്റും നോക്കി ഇല്ല ഞാനേ കേട്ടിട്ടുള്ളൂ.
അയാൾ പൊറോട്ടയും അതിന്റെ മേലെ പെയിന്റടിച്ച പോലെ കറിയും കൂടെ ഒരു ഉപദേശവും കൊണ്ട്‌ മേശപ്പുറത്ത്‌ വച്ചു.
“ചാറല്ല സാൽനയാ സാൽന”
ആദ്യത്തെ പൊറോട്ട കറിയോടൊപ്പവും രണ്ടാമത്തേത്‌ പച്ചക്കും തിന്ന് എണീക്കുമ്പൊ മനസ്സ്‌ എന്നോട്‌ പറഞ്ഞു.
“ രണ്ട്‌ രൂപക്ക്‌ മാറിയ ഈ വിശപ്പിനല്ലേ നിങ്ങൾ ബിരിയാണീന്നും പറഞ്ഞ്‌ മുപ്പത്‌ രൂപ കളയാൻ പോയെ"? ന്നാലും ഒരു ഫാലൂദ കഴിക്കണം”
മെല്ലെ സ്റ്റാന്റിലേക്ക്‌ നടക്കുന്ന വഴിക്കുള്ള ഒരു കൂൾബാറിൽ കയറി. ചെല്ലുമ്പോ തന്നെ കണ്ട വിലവിവര പട്ടികയിൽ എഴുതി വച്ച ഫാലൂദയുടെ വില കണ്ട്‌ ഒന്ന് ഞെട്ടി.
“പതിനാലു രൂപ”
കയറി പോയതല്ലേ എങ്ങനെയാ ഇറങ്ങുകാന്ന്
ഓർത്ത്‌ അവിടുന്ന് ഒരു ഗ്ലാസ്സ്‌ തണുത്ത വെള്ളവും കുടിച്ച്‌ നേരെ കടപ്പുറത്ത്‌ പോയി,
“നല്ല നെയ്യിള്ള മത്ത്യാന്ന്”
വിളിച്ച്‌ കൂവിയ ആളുടെ കൈയ്യീന്ന്
“പത്തുറുപ്പ്യക്ക്‌ അയ്മ്പ പൈശേന്റെ”
സഞ്ചി നിറയെ മത്തീം വാങ്ങി വീട്ടിലേക്ക്‌ വരാൻ ബസ്സിലിരിക്കുന്നേരം,
മീൻ മുറിക്കുന്ന അമ്മയുടെ
“ചീയാത്ത നല്ല എണറുള്ള( മുട്ട)മത്ത്യാന്നുള്ള”
ആത്മഗതവും,
പൊരിച്ച മത്തിയിൽ നിന്നും എണർ നുള്ളി അനിയത്തിയുടെ ചോറിലേക്കിട്ട്‌ കൊടുക്കുമ്പൊ “മത്യേട്ടാ”
എന്ന് പറയുന്ന അനിയത്തിയുടെ കൊഞ്ചലും ഓർത്ത്‌ ഞാനിങ്ങനെ ആരും കാണാതെ തനിയെ ചിരിക്കുകയായിരുന്നു.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot