നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരിധികൾ ..!

Image may contain: 3 people, including Vandana Sanjeev, people smiling, closeup

" ഈ വീട്ടിൽ നിറയെ വെളിച്ചം വേണം .. ഓരോ മുക്കിലും മൂലയിലും അത് കടന്ന് ചെല്ലണം .. ഒന്നിനും പരിധികൾ പാടില്ല .. അടുക്കളയിൽ നിന്നും ഡൈനിങ്ങിലേക്കും അവിടുന്ന് ഹാളിലേക്കും ബെഡ്‌റൂമുകളിലേക്കുമോക്കെ അത് ഒഴുകി ഇറങ്ങണം .. ഒന്നും ആർക്കും ഒളിച്ചുവെക്കാനുള്ള ഒരിടവും ഈ വീട്ടിൽ ഉണ്ടാവരുത് .. അങ്ങനെയൊരു പ്ലാൻ എനിക്ക് വരച്ചുതരാൻ കഴിയുമോ ??"
ദിയ പ്രതീക്ഷയോടെ മെൽവിനെ നോക്കി ..
വര്ഷങ്ങളായി ആർക്കിടെക്ട് ആയി ജോലിചെയ്യുന്ന ആളാണ് മെൽവിൻ .. പക്ഷേ ആദ്യമായാണ് ഒരാൾ തന്നോട് ഇങ്ങനെയൊരു പ്ലാൻ ആവിശ്യപ്പെടുന്നതെന്ന് അയാൾ ഓർത്തു .
സാധാരണ വീടിന് പ്ലാൻ വരക്കാൻ ആവശ്യപ്പെടുന്നവർ ഏറ്റവും പ്രാധാന്യം സ്വകാര്യതക്ക് കൊടുക്കാറുണ്ട് . അത് വരച്ചുണ്ടാക്കാൻ എളുപ്പവുമാണ് .
എല്ലായിടവും നാലു ഭിത്തികൾ കൊണ്ട് മറച്ചെടുത്താൽ മതി .. പക്ഷെ ഇവിടെ ദിയ ആവിശ്യപ്പെടുന്നത് ഭിത്തികൾ ഇല്ലാത്ത വീട് വേണമെന്നാണ് !
മെൽവിൻ കൗതുകത്തോടെ ചോദിച്ചു
" സ്വകാര്യത ഒരു ആവശ്യമല്ലേ ? "
" എന്തിന് ?? അടുക്കളയിൽ എന്തുണ്ടാക്കുന്നു എന്ന് ഊണ് മുറിയിൽ ഇരിക്കുന്നവർ അറിഞ്ഞാൽ എന്ത് സംഭവിക്കാൻ ? ഊണുമേശയിൽ എന്ത് വിളമ്പുന്നു എന്ന് ഹാളിൽ ഇരിക്കുന്നവർ അറിഞ്ഞാൽ എന്ത് സംഭവിക്കാൻ ?? ഒരു വീട്ടിൽ കഴിയുന്നവർക്ക് മറച്ചുവെക്കാൻ ഒന്നും ഉണ്ടാവേണ്ട കാര്യമില്ലല്ലോ?"
"പക്ഷെ അതിഥികൾ വരുമ്പോൾ ???"
" നമ്മൾ ആഗ്രഹിച്ചീട്ട് നമ്മുടെ വീട്ടിൽ വരുന്നവരല്ലേ അതിഥികൾ .. അവരിൽ നിന്നും മറച്ചുവെക്കാൻ നമുക്ക് കാര്യങ്ങൾ ഉണ്ടെങ്കിൽ അവരെ ക്ഷണിക്കാതിരുന്നുകൂടെ !"
" വിചിത്രമായ ചിന്ത തന്നെ "
മെൽവിൻ ചിരിച്ചു
" മെൽവിൻ .. നിറയെ ചുമരുകളും തീരെ ചെറിയ ജനാലകളും വാതിലുകളും ഉള്ള ഒരു വീട്ടിൽ കഴിയാൻ എനിക്ക് ഇഷ്ടമില്ല .. അത് ചില മനുഷ്യ മനസുകൾ പോലെ ഇരുട്ടു നിറഞ്ഞതാണ് .. അതിനുള്ളിൽ എനിക്ക് ശ്വാസം മുട്ടും "
ഇത് പറയുമ്പോൾ ദിയ ജനാലയിൽ കൂടി പുറത്തുള്ള വാകമരചില്ലയിൽ ഒറ്റക്കിരുന്ന് ചിലക്കുന്ന ഒരു പക്ഷിയെ നോക്കിയിരിക്കുകയായിരുന്നു ..
" ശരി ദിയ .. നമുക്ക് നോക്കാം .. എന്നത്തേക്കാണ് മടക്കം ?"
" അടുത്ത മാസം .. അതിനുള്ളിൽ ഞാൻ പറഞ്ഞപോലെ ഒരു പ്ലാൻ എനിക്ക് വരച്ചു തരണം മെൽവിൻ .. പ്ലീസ് "
" തീർച്ചയായും .. അടുത്ത മാസം പോയാൽ പിന്നെ തിരിച്ചു വരവ് എപ്പോൾ ?"
" എന്റെ ഈ വെളിച്ച കൂട് തയ്യാറായാൽ ഞാൻ തിരികെ വരും മെൽവിൻ .. പിന്നീടുള്ള കാലം ആ കൂടിനുള്ളിൽ കഴിയാൻ .. അതുവരെ അവിടെ നിന്നെ പറ്റൂ ."
" ഉം .. എനിക്ക് മനസിലാകും ദിയ .. എല്ലാം നന്നായി നടക്കും .. താൻ വിഷമിക്കണ്ട "
മെൽവിൻ പതിയെ പറഞ്ഞു
" വിഷമം ഒന്നുമില്ല മെൽവിൻ .. എന്റെ ശരീരം മുഴുവൻ വരിഞ്ഞു മുറുകി എന്നെ വേദനിപ്പിച്ചിരുന്ന ഒരു ചങ്ങല പൊട്ടിച്ച് സ്വാതന്ത്രയായതിന്റെ ആശ്വാസം മാത്രം "
ദിയ അത് പറയുമ്പോൾ ആശ്വാസവും ആത്മവിശ്വാസവും അവളുടെ മുഖത്തുനിന്നും മെൽവിന് വായിച്ചെടുക്കാൻ കഴിഞ്ഞു .
" പക്ഷെ ദിയ ... നിങ്ങളെ രണ്ടുപേരേയും വര്ഷങ്ങളായി അറിയാവുന്നത് കൊണ്ട് ചോദിക്കുവാ .. തീരുമാനം അല്പം നേരത്തെ ആയി പോയോ ? "
" മെൽവിൻ എനിക്ക് സംസാരിക്കാൻ ആഗ്രഹമില്ലാത്ത വിഷയമാണ് .. പക്ഷെ നീയെന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയതുകൊണ്ട് പറയാം .. ഈ തീരുമാനം ഒരു മാസം കൊണ്ടോ ചില ആഴ്ചകൾ കൊണ്ടോ ഞാൻ എടുത്തതല്ല . നല്ല ജീവിതത്തിന് വേണ്ടി ചിലതെല്ലാം കോംപ്രമൈസ് ചെയ്യാൻ ഞാൻ എന്നും തയ്യാറായിരുന്നു .. ആഹാരത്തിലും വസ്ത്രത്തിലും ഉറക്കത്തിലും ഉണരലിലും ഒക്കെ എന്റെ ഇഷ്ടങ്ങൾ ഞാൻ മാറ്റിനിർത്തി .. പകരം അഭിയിൽ നിന്നും പ്രതീക്ഷിച്ചത് ഒളിവു മറവുകൾ ഇല്ലാത്ത സ്നേഹവും പരിഗണനയും മാത്രമായിരുന്നു . എല്ലാവരുടെയും മുൻപിൽ സംതൃപ്തയായ ഭാര്യയായി അഭിനയിച്ചു ഞാൻ മടുത്തു മെൽവിൻ .. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നിങ്ങൾ പുറമെ കാണുന്നത് ഒന്നുമായിരുന്നില്ല എന്റെ ജീവിതം .. എനിക്ക് എന്നെ തിരികെ വേണം എന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് ഞാൻ അഭിയിൽ നിന്നും അകന്നത് .. ഞാൻ പറഞ്ഞില്ലെ മെൽവിൻ പരിധികളെ ഞാൻ ഭയപ്പെടുന്നു ഇപ്പോൾ .. കാരണം അഭിയുടെ സ്നേഹത്തിന് അഭി എന്നും ഒരു പരിധി നിശ്ചചയിച്ചിരുന്നു !!"
" എല്ലാം നിനക്ക് മുൻപേ അറിയാമായിരുന്നല്ലോ ദിയ ??"
" അറിയാമായിരുന്നു .. പക്ഷെ ഞാൻ സ്നേഹിച്ചത് പരിധികൾ ഇല്ലാതെ ആയിരുന്നു മെൽവിൻ .. അവന്റെ കുറവുകളെ പരിധികളും ഉപാധികളും ഇല്ലാത്ത സ്നേഹം കൊണ്ട് ഞാൻ മറച്ചു പിടിക്കാൻ നോക്കി .. പക്ഷെ പരാജയപ്പെട്ടു!"
" അല്പം മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമോക്കെ സാധാരണമെല്ലെ ദിയ"
" മെൽവിൻ നീ എന്നെ ഇത്ര സില്ലിയായി കാണരുത് .. ഒരിക്കലും അഭിയുടെ ഒരു ശീലങ്ങൾക്കും ഞാൻ എതിരുനിന്നീട്ടില്ല .. കുറച്ചൊക്കെ നിയന്ത്രിക്കാൻ എപ്പോഴെങ്കിലു പറഞ്ഞീട്ടുണ്ടാവും .. അത്ര മാത്രം .. പക്ഷെ എന്നിൽ നിന്നും മറച്ചുപിടിക്കാൻ അഭിക്ക് സ്വകാര്യതകൾ ഉണ്ട് എന്ന് അറിഞ്ഞപ്പോഴാണ് ഞാൻ തകർന്നു പൊയത് .. പക്ഷെ ഇപ്പോൾ എനിക്കതെല്ലാം കഴിഞ്ഞ ജന്മത്തിൽ സംഭവിച്ചത് പോലെയേ തോന്നുന്നുള്ളൂ .. ഒരു കഥ പറയുന്ന ലാഘവത്തോടെ നിന്നോടെനിക്കിത് പറയാൻ സാധിക്കും ഇപ്പോൾ . അഭിയോട് എനിക്ക്‌ നന്ദിയുണ്ട് .. എനിക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് സ്വയം തിരിച്ചറിയാൻ ഒരവസരം ഉണ്ടാക്കി തന്നതിന് .. തകർന്നു പോകാതെ പിടിച്ചു നിൽക്കാൻ പഠിപ്പിക്കാതെ പഠിപ്പിച്ചതിന്.. !"
അല്പനേരത്തെ നിശബ്ദതക്ക് ശേഷം ദിയ തുടർന്നു
" മെൽവിൻ .. ആകാശത്തിന് പരിധികൾ ഇല്ലത്രെ.. ആ പരിധികൾ ഇല്ലായ്മ എന്റെ ചിറകുകളുടെ കരുത്തുകൂട്ടാൻ വെണ്ടി എന്നെ പ്രേരിപ്പിക്കുന്നു."
മെൽവിൻ നിശബ്ദനായി ദിയയെ നോക്കിയിരുന്നു .. ആ ആത്മവിശ്വാസം അയാളെ അത്ഭുതപ്പെടുത്തി .
ഒന്നുമറിയാത്ത പൊട്ടി പെണ്ണ് എന്ന് താൻ കരുതിയിരുന്ന ദിയ തന്നെയോ ഇത് !!
അസൂയ തോന്നിയിട്ടുണ്ട് അഭിയോട് ചിലപ്പോഴൊക്കെ എന്ന് ആയാൾ ഓർത്തു .. ഇത്രമേൽ സ്നേഹിക്കാൻ ഒരു സ്ത്രീയെ തനിക്ക് ദൈവം തന്നില്ലല്ലോ എന്ന അസൂയ .
പക്ഷെ ഇപ്പോൾ സഹതാപമാണ് തോന്നുന്നത് .. കയ്യിൽ വന്നു ചേർന്നതിനെ അതിന്റെ വില മനസിലാക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞ വിഡ്ഢിയോടുള്ള സഹതാപം.
വാകമരകൊമ്പിൽ നിന്നും ആ പക്ഷി ചിറകടിച്ച്‌ പറന്നുയരുന്നത് ദിയ നോക്കിനിന്നു
" ഞാൻ ഇറങ്ങുന്നു മെൽവിൻ .. എല്ലാം പറഞ്ഞപോലെ .. അമ്മ കാത്തിരിക്കുന്നുണ്ടാവും ഇപ്പോൾ .. ഈ പോക്കിൽ ഞാൻ അമ്മയെയും കൂടെ കൂട്ടുന്നു "
" അത് നന്നായി .. ശരി .. ഞാൻ പ്ലാൻ വരച്ച് മെയിൽ ചെയ്യാം "
.........................................................................
"മെൽവിൻ .. വളരെ നന്ദിയുണ്ട് നിന്നോട് .. എന്റെ സങ്കൽപ്പത്തിൽ ഉള്ളത് പോലെ ഒരു വീടെനിക്ക് പണിതു തന്നതിന് .. നീ സൂക്ഷിച്ചു നൊക്കൂ.. ഈ വീട് മുഴുവൻ സ്നേഹ വെളിച്ചമാണ് .. "
" പക്ഷെ ഈ സ്നേഹം അനുഭവിക്കാൻ ആരെങ്കിലും വേണ്ടേ ?? നീയും അമ്മയും മാത്രം മതിയോ "
" തൽക്കാലം ഞങ്ങൾ മതി മെൽവിൻ .. സ്നേഹം മാത്രം തേടി ആരെങ്കിലും വരുന്നത് വരെ "
"അങ്ങനെയൊരാൾ തീർച്ചയായും വരും ദിയ ... നിന്റെ ആഗ്രഹം പോലെ "
കാർ ഗേറ്റ് കടക്കുമ്പോൾ മെൽവിൻ തിരിഞ്ഞു നോക്കി . ഒരു സ്നേഹക്കൂട് പിന്നിലേക്ക് അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്നപോലെ..
മുറ്റത്ത് നിൽക്കുന്ന പനിനീർച്ചെടിയിൽ പുതിയ മൊട്ടുകൾ വന്നത് അമ്മയെ വിളിച്ചു കാണിക്കുകയായിരുന്നു ദിയ അപ്പോൾ!
വന്ദന 🖌
26/6/18

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot