നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മലയാളി ഡാ

Image may contain: 1 person, beard and closeup


•••••••••••••••••••••••••••••••••••••
നാലഞ്ച്‌ മണിക്കൂറുകൾ ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിൽ കാത്ത്‌ നിന്ന ശേഷം സുഹൃത്തിനെ റൂമിലെത്തിച്ച്‌ ‌ ബെഡിലേക്ക്‌ മാറ്റി കിടത്തിയതിനു ശേഷമാണു സിസ്റ്റർ ആ കാര്യം എന്നെ ഓർമ്മിപ്പിച്ചത്‌.
“ഇനി നിങ്ങൾ പോയി വല്ലതും കഴിച്ചോളൂ, പേഷ്യന്റ്‌ അനസ്തേഷ്യ വിട്ടെഴുന്നേൽക്കാൻ ഇത്തിരി താമസിക്കും"ന്ന്
അപ്പോഴാണു ഞാൻ എന്റെ വയറ്റിലൂടെ പുറത്തേക്ക്‌ വരുന്ന പുകയും മണവും വിശപ്പിന്റെതാണെന്ന് മനസ്സിലാക്കിയത്‌.
ബെഡിലേക്ക്‌ ഒന്ന് കൂടി നോക്കി, ശാന്തനായി ഉറങ്ങുകയാണവൻ. അവന്റെ ഉച്ചഭക്ഷണം നേരത്തെ തന്നെ കാറ്ററിംഗ്‌ സർവ്വീസുകാർ റൂമിലെത്തിച്ചിട്ടുണ്ട്‌. കാലത്ത്‌ ഒന്നും കഴിക്കാത്തത്‌ കൊണ്ട്‌ കൂടുതൽ ആലോചിക്കാനൊന്നും ഞാൻ നിന്നില്ല. ലിഫ്റ്റിൽ കയറി നേരെ ഫസ്റ്റ്‌ ഫ്ലോറിൽ എത്തി ഗ്ലാസ്സ്‌ ഡോർ കടന്ന് പുറത്തിറങ്ങി.
പുറത്തിറങ്ങിയതേ തീകാറ്റ്‌ എന്നെ മൂടി.
ഇത്തിരി വലത്‌ ഭാഗത്തേക്കും അത്‌ ‌ കഴിഞ്ഞ്‌ ഇടത്‌ ഭാഗത്തേക്കും കുറച്ച്‌ ദൂരം നടന്ന് നോക്കി. ഹോട്ടലിന്റെയോ ഒരുമുറി കടയുടേയോ ഒരു സാധ്യതയും ആ പരിസരത്ത്‌ എങ്ങും കാണാൻ പറ്റാതെ “ഗുദാഗവാ” എന്നും പറഞ്ഞ്‌ ഞാൻ വല്ല വിധേനയും വീണ്ടും ഹോസ്പിറ്റലിന്റെ ലോബിയിലെത്തി. അപ്പോളേക്കും ഞാൻ വിയർപ്പിൽ മുങ്ങിയിരുന്നു.
അടുത്ത്‌ കണ്ട കസേരയിൽ ശരീരവും വിശപ്പും വിയർപ്പും ഇറക്കി വെച്ച്‌ ഞാൻ ചുറ്റും നോക്കി. അഭിമുഖമായി ഇരുന്ന ഒരാൾ “ഖലീജ്‌ ടൈംസിൽ മുങ്ങി ഇരിക്കുകയാണു. അയാളെ സ്വസ്ഥമായി മുങ്ങിയിരിക്കാൻ എന്നിലെ ജഠരാഗ്നി അനുവദിക്കാതെ രണ്ട്‌ “ശൂശൂവും അത്‌ കഴിഞ്ഞ്‌ കനത്തിലൊരു എസ്ക്യൂസ്മി” യും പുറത്തേക്ക്‌ ചാടി. പരിണിതഫലം പേപ്പറിന്റെ ഇടയിലൂടെ, അതിനു ശേഷം കണ്ണടയുടെയും ചുളിഞ്ഞ നെറ്റിത്തടത്തിന്റെയും ഇടയിലൂടെ രണ്ട്‌ തുറിച്ച കണ്ണുകളെന്റെ മുന്നിലേക്ക്‌ തള്ളപ്പെട്ടു. ഞാൻ ഒന്ന് ചുറ്റും നോക്കി, ആരും ശ്രദ്ധിക്കുന്നില്ലാന്ന് കണ്ടപ്പൊ മെല്ലെ മുറി ഹിന്ദിയിൽ ഞാൻ
“ ഭായ്‌ ഇദർ കിദർ കാനാ മിൽത്താ….”
മുഴുമിക്കാൻ അനുവദിക്കാതെ അയാളെന്റെ ഹിന്ദിയിൽ കയറി മുറുകെ കെട്ടിപിടിച്ചു.
“സാമ്പാറും ചോറും മയ്യാ”
ഊയ്യന്റപ്പാ കണ്ണൂർ..
ഹിന്ദിയെ ഞെരിച്ചമർത്തി തവിടുപൊടിയാക്കിയ “ഞമ്മള ഭാഷയുടെ” ധൃതരാഷ്ട്രാലിംഗനത്തിന്റെ ശക്തിയിൽ എന്റെ കണ്ണുകൾ നിറഞ്ഞ്‌ പോയി.
“അഞ്ചാമത്തെ നെലേ പോയാ മയി, ആട്യൊരു കാന്റീണ്ട്‌ ചോറും സാമ്പാറും ണ്ടാകും, പിന്നെല്ലോം കഫ്റ്റേര്യാ, ബർഗ്ഗറും കിർഗ്ഗറും ഒക്കേ കാണൂ, വേം പോയ്ക്കോ ഇല്ലേൽ തീർന്നോകും”
ഒന്നും പറയാൻ ആ മഹാനുഭാവൻ അനുവദിച്ചില്ലെങ്കിലും മനസ്സ്‌ കൊണ്ട്‌ “സബറോം കി സിന്ദഗീ ജോ കഭി നഹീ ഖതം ഹേ” ന്നും പറഞ്ഞ്‌ ഓടി ലിഫ്റ്റിന്റെ മുന്നിലെത്തി. ആറു ലിഫ്റ്റുകളുണ്ടായിട്ടും ഓരോ മിനുട്ടും യുഗങ്ങൾ പോലെ തോന്നി,
അല്ലേലും ആവശ്യത്തിനു ലിഫ്റ്റിനു മുന്നിൽ നിൽക്കുന്ന നമ്മുടെ ഉള്ളിലെ വിഷമം ലിഫ്റ്റിനറിയില്ലാലൊ?
ആദ്യം വന്ന ലിഫ്റ്റിലെ തിരക്കൊന്നും ശ്രദ്ധിക്കാതെ ഞാൻ നൈസായി മെല്ലെ വലിഞ്ഞ്‌ കയറി. കയറി കഴിഞ്ഞപ്പൊ ലിഫ്റ്റിനെന്തോ വയ്യായ്ക പോലെ. അത്‌ നിലവിളിക്കാൻ തുടങ്ങി “ഓവർലോഡ്‌”
ആരെയും നോക്കാതെ ഞാൻ മെല്ലെ പുറത്തിറങ്ങി. “എന്റെ ഒരു അറുപത്തഞ്ച്‌ കിലോ നിനക്ക്‌ താങ്ങാൻ പറ്റൂല ല്ലേ” എന്ന ഭാവത്തിൽ അവനെ പുച്ചിച്ച്‌ നോക്കി അടുത്ത ലിഫ്റ്റിനായി കാത്തു നിന്നു.
അതും നേരത്തേതിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും അവൻ നിലവിളിക്കാനൊന്നും നിന്നില്ല.
അഞ്ചാം നിലയിലെ അത്ര വലുതല്ലാത്ത കാന്റീൻ ഹാൾ. അഞ്ചോ പത്തോ റൗണ്ട്‌ ടേബിളുകൾക്ക്‌ ചുറ്റിലുമുള്ള കസേരകളിൽ വിവിധ വേഷങ്ങൾ, ഡോക്ടർ മാർ ഉൾപ്പെടെ വിവിധ നിറങ്ങളിൽ , വിവിധ സ്റ്റൈലിലുള്ള ആൾക്കാർ ഭക്ഷണം കഴിക്കുന്നു. ചെറിയ തിരക്കുണ്ടെങ്കിലും എനിക്കും വലിയ ബുദ്ധിമുട്ടില്ലാതെ ഒരു കസേര കിട്ടി.
ഞാൻ ചുറ്റും ഒന്ന് കൂടി നോക്കി. പലരാജ്യക്കാരും ഉണ്ട്‌. എല്ലാരുടെയും മുന്നിലുള്ള പ്ലേറ്റുകളിലെ വിഭവങ്ങൾക്ക്‌ മാത്രം മാറ്റമില്ല. നല്ല തൂവെള്ള ചോറും, രണ്ട്‌ ചെറിയ പാത്രങ്ങളിൽ സാമ്പാറും മറ്റൊരു കറിയും. ആ കറിയുടെ നിറം ചിലർക്ക്‌ വ്യത്യസ്ഥമാണു.
ചിലർക്ക്‌ മീൻ, ചിലർ ചിക്കൻ, ചിലർ രസം അങ്ങനെ.
കൈകൊണ്ട്‌ സാമ്പാർ കൂട്ടി ചോറുണ്ണുന്ന ഒരു ഫിലീപ്പീനി പെണ്ണിനെ നോക്കാതിരിക്കാൻ പറ്റിയില്ല. ഓരോ ഉരുള വായിലേക്ക്‌ വെക്കുമ്പോളും അവൾ ടിഷ്യുപേപ്പർ കൊണ്ട്‌ അവളുടെ ലിപ്സ്റ്റിക്ക്‌ പോകുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുന്നുണ്ടായിരുന്നു. അടുത്ത്‌ മറ്റൊരു പാക്കിസ്ഥാനി ചെറുപ്പക്കാരൻ സാമ്പാറിനും ചോറിനും മുന്നിൽ ആദ്യം അന്ധാളിച്ചെങ്കിലും സ്പൂൺ ഉപയോഗിച്ച്‌ ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും സാമ്പാറിനെ ചോറുമായി സംയോജിപ്പിച്ചതിൽ വിജയിച്ചതിന്റെ സന്തോഷം നാവ്‌ മുഖത്തേക്ക്‌ വ്യാപിപ്പിച്ചത്‌ കണ്ട്‌ ഞാനും രണ്ട്‌ തുള്ളി ഉമിനീരിറക്കി. അല്ലേലും നല്ല വിശപ്പിനു മുന്നിൽ എന്ത്‌ കിട്ടിയാലും സ്വാദ്‌ തന്നെ.
അടുത്ത് തന്നെ ‌ മറ്റൊരു പെൺകുട്ടി ഫോർക്കെടുത്ത്‌ എന്തോ കഴിക്കാൻ കഷ്ടപ്പെടുന്നത്‌ കണ്ടപ്പൊ ഞാൻ ആകാംക്ഷയോടെ ഒന്ന് ഏന്തി നോക്കി. ഒരു വലിയ മുരിങ്ങക്കോലിനെ പോസ്റ്റ്മോർട്ടം നടത്താൻ ഫോർക്കും കത്തിയുമായി അവൾ കഷ്ടപ്പെടുന്നത്‌ കണ്ടത്‌ കൊണ്ട്‌ മാത്രല്ല,
അവളുടെ നെറ്റിയിലെ കുങ്കുമം കൂടി കണ്ടപ്പൊ ‌എനിക്ക്‌ എന്നോട്‌ തന്നെ സഹതാപം തോന്നി. “സാമ്പാറിൽ മുരിങ്ങക്കോലിടുന്ന മലയാളിയെ ഓർത്ത്‌.”
കുറച്ച്‌ നേരം ഇരുന്നപ്പൊ എനിക്ക്‌ മനസ്സിലായി. അവിടെ ആരും സപ്ലൈ ചെയ്യാനില്ല. ബില്ലടച്ച്‌ ക്യൂ നിന്ന് വാങ്ങുന്ന ബുഫെ സംവിധാനമാണവിടെ എന്ന്. ഞാനും ബില്ലടച്ച്‌ ക്യൂവിൽ നിന്ന് സാമ്പാറും ചോറും വാങ്ങി എന്റെ സീറ്റിൽ വന്നിരുന്നു. ചൂടുള്ള സാമ്പാറിന്റെ മണം എന്റെ നാവിൻതുമ്പിലൂടെ ഒരു കപ്പൽപ്രയാണത്തിനുള്ള സൗകര്യം സൃഷ്ടിക്കുന്നത്‌ ഞാനറിഞ്ഞു.
ഞാനാ തൂവെള്ള ചോറിലേക്ക്‌ സാമ്പാർ ഒഴിച്ച്‌ ഒന്ന് കുഴച്ചെന്ന് വരുത്തുന്നതിനിടയിലാണു ആ മുരിങ്ങക്കോൽ എന്റെ കൈയ്യിൽ പെട്ടത്‌.
ഞാൻ അതും എടുത്ത്‌ നിവർന്ന് മുഖമുയർത്തി ഫോർക്കുമായി മുരിങ്ങക്കോലിനെ വരുതിയിലാക്കാൻ നോക്കുന്ന തരുണീമണിയെ നോക്കിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. അവൾ എന്റെ കൈയ്യിലുള്ള മുരിങ്ങക്കോൽ കണ്ടു എന്നുറപ്പിച്ച ഞാൻ അത്‌ അവളെ എങ്ങനെ കഴിക്കാം എന്ന് കാണിക്കാം എന്ന നിഷ്കളചിന്തയിൽ ആ മുരിങ്ങക്കോൽ വായിൽ വച്ച്‌ ചുണ്ടുകൾ ചേർത്തടച്ച്‌ ഈമ്പാൻ തുടങ്ങി.
“കാണുന്നുണ്ടോ ഇത്‌ പോലെ ആണു മുരിങ്ങ തിന്നണ്ടത്‌”
എന്ന് അവളെ കണ്ണു കൊണ്ടറിയിച്ചതും
“ഛീ…”
എന്ന് മുഖം കൊണ്ട്‌ ഗോഷ്ടിച്ച്‌ അവൾ മുഖം വെട്ടി തിരിച്ചു.
പഠിക്കണ്ടെങ്കിൽ എനിക്കെന്താ എന്ന ഭാവത്തിൽ ചോറിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോളും അവൾ പറഞ്ഞ “ഛീ”യുടെ അർത്ഥം തിരയുകയായിരുന്നു ഞാൻ.
ഭ”ക്ഷണം” എന്ന ചിന്താഗതിക്കാരനായ ഞാൻ വേഗം ചോറും തിന്ന് പ്ലേറ്റിനെ അവസാന നക്കലിനു വിധേയമാക്കി കൊണ്ടിരിക്കുമ്പൊളാണു
“യേ ക്യാ ഹേ” എന്ന ശബ്ദം കേട്ടത്‌. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കുന്നതിനിടയിൽ പാത്രത്തിലെ അവസാനതുള്ളി സാമ്പാറും ഞാൻ വിരൽ കൊണ്ട്‌ വായിലേക്ക്‌ ഉറ്റിച്ചിരുന്നു.
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കുമ്പൊ കൗണ്ടറിൽ ഉണ്ടായിരുന്ന ആളും മറ്റ്‌ രണ്ട്‌ ടൈ കെട്ടിയ ആളുകളും നേരത്തെ കണ്ട പാക്കിസ്ഥാനി ചെറുപ്പക്കാരനു ചുറ്റും നിൽക്കുന്നു. പാക്കിസ്ഥാനിയുടെ കൈയ്യിലെ മുരിങ്ങക്കോൽ കണ്ടപ്പൊ എനിക്‌ ചിരിയാ വന്നത്‌. ഒരു മുരിങ്ങക്കോൽ എന്തൊക്കെ പൊല്ലാപ്പാ ഉണ്ടാക്കുന്നേന്നോർത്ത്‌.
ഞാൻ മെല്ലെ കൈ കഴുകാം എന്ന് കരുതി എഴുന്നേൽക്കുമ്പോൾ പാക്കിസ്ഥാനി വലിയ വായിൽ വീണ്ടും ചോദിക്കുന്നു.
“യേ ക്യാ ഹേ” .
ഞാൻ ഒരു “പുവർബോയ്‌” സ്റ്റൈലിൽ
അവന്റെ കൈകളിലേക്ക്‌ ഒന്ന് കൂടി സൂക്ഷിച്ച്‌ നോക്കി. അവൻ എന്തിന്റെയോ ഇത്തിരി നീണ്ട വാലിൽ ഉയർത്തി പിടിച്ചിരിക്കുകയാണു. അടുത്ത്‌ ചെന്ന് നോക്കിയ എന്റെ ഉള്ളിൽ നിന്ന് സാമ്പാർ വിളിച്ച്‌ പറഞ്ഞു.
“അയ്യേ കൂറ"......(പാറ്റ)
ചർദ്ദിക്കാൻ അനുവദിക്കാതെ ഉള്ളിൽ തടഞ്ഞ്‌ നിർത്തിയ വയറിനോട്‌ എനിക്ക്‌ ശരിക്കും ദേഷ്യം വന്നു. ഞാൻ സാമ്പാർ കഴിക്കാത്ത ആളെന്ന മട്ടിൽ “ഇനിയെന്താകും” എന്ന ചിന്തയിൽ രംഗം വിടാതെ അവിടെ ചുറ്റി പറ്റി നിൽക്കെ അയാളെ സമാധാനിപ്പിക്കാനുള്ള ടൈ കെട്ടിയ ആളുകളുടെ മുഴുവൻ ശ്രമങ്ങളും വിഫലമായി.
അയാൾ പോലീസിനെ വിളിക്കുമെന്നും, ഈ കാന്റീൻ പൂട്ടിക്കുമെന്നും ഭീഷണിപെടുത്തുന്നതിനിടയിൽ ഇത്രയും വൃത്തിയില്ലാതെ ഭക്ഷണമുണ്ടാക്കിയ ഷെഫിനെ മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്നു. അപ്പോളേക്കും മറ്റുള്ളവരും ഭക്ഷണം നിർത്തി അവർക്ക്‌ ചുറ്റും കൂടി.
ഒരു തെറിവിളിയിലോ ചെറിയൊരു തല്ലിലോ പ്രശ്നം തീരുമെങ്കിൽ തീരട്ടെ എന്ന ചിന്തയിൽ, കൈയ്യിൽ ഉയർത്തിപ്പിടിച്ച പാറ്റയുമായി ഉറഞ്ഞ്‌ തുള്ളുന്ന പാക്കിസ്ഥാനിക്ക്‌ മുന്നിലേക്ക്‌ അവർ ആ ഷെഫിനെ കൊണ്ടുപോയി ജാമ്യം വച്ചു. എനിക്ക്‌ അയാളെ ഓർത്ത്‌ സഹതാപം തോന്നി. കാരണം അയാൾ കാഴ്ചയിലേ ഒരു മലയാളി ആയിരുന്നു.
ഷെഫിനെ കണ്ടതും പാക്കിസ്ഥാനി ഒന്ന് കൂടി
ഉഷാറായി. ചുവന്ന അവന്റെ കണ്ണുകൾക്ക്‌ മുന്നിൽ നിന്ന് ആ പാറ്റയെ കൈ പറ്റിയ ഷെഫ്‌ അതിനെ ഒന്ന് തിരിച്ചും മറിച്ചും നോക്കിയതിനു ശേഷം വായ തുറന്ന് തന്റെ വായിലേക്കിട്ട്‌ ഒരു സങ്കോചവുമില്ലാതെ ചവച്ചരക്കാൻ തുടങ്ങി. ഞാനുൾപ്പെടെ ചിലർ വായ പൊത്തിയെങ്കിലും ചിലരുടെ മുഖത്തെ
“ആഹാ സൂപ്പർ” ഭാവം കണ്ടപ്പൊ അവിടെ നിന്ന് മാറാൻ തോന്നിയില്ല.
“വൗ…. എന്ന ശബ്ദത്തോടെ തന്റെ ചുണ്ടുകൾ നക്കി തുടച്ച്‌ ഷെഫ്‌ അയാളോട്‌ കുറച്ച്‌ ശബ്ദം കൂട്ടി പറഞ്ഞു.
“ ഭായ്‌ സാബ്‌ ആജ്ക്കാ സാമ്പാർ തോഡാ അലക്‌ ഹേ, ഏ ഇന്ത്യാ ചൈന കൊളാംബ്രേഷൻ ഹേ”
ചിലർ ആ വാക്കുകളെ കൈയടിച്ച്‌ സ്വീകരിച്ചപ്പൊ മറ്റുള്ളവരും അത്‌ ഏറ്റെടുത്തു.
ടൈ കെട്ടി ടൈറ്റായ തൊണ്ടക്കുഴിയിൽ നിന്നും മലയാളത്തിൽ ഒരു ദീർഘനിശ്വാസം എനിക്ക്‌ കേൾക്കാരുന്നു.
കൈ കഴുകാൻ ബാത്ത്‌ ടബ്ബിനരികെ നിൽക്കെ ബാത്ത്റൂമിനുള്ളിൽ ആരോ ഓക്കാനിക്കുന്ന ശബ്ദം എനിക്ക്‌ കേൾക്കാമായിരുന്നു.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot