ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും സാധങ്ങൾ വാങ്ങുന്നതിന്റെ ഇടയിലാണ് ഒരു വല്യ ഒച്ചയും ബഹളവും കേട്ടത്. ഒരു കുഞ്ഞു നിലത്തു കിടന്നുരുണ്ടു അലമുറ ഇട്ടു കരയുന്നു. രണ്ടു വയസ്സ് കാണും ആശാന്. ഒരു കറുത്ത ടോപ് ജീൻസ് പിന്നെ ഷൂസ് ഉം ക്യാപ്പും ആണ് വേഷം. ഉരുളലിന്റെ ഇടയിൽ മേത്തു മുഴുവൻ പൊടി പിടിച്ചു കേറുന്നുണ്ട്.
ഇത് കണ്ടു ഞാൻ അന്തം വിട്ടു നോക്കി നിന്നു. കെട്ടിയോൻ വന്നു പള്ളക്ക് കുത്തി "എടി ഇങ്ങനെ നോക്കാതെ ആളുകൾ ഉണ്ട് ചുറ്റും.". നിഷ്കളങ്കമായി ഞാൻ പറഞ്ഞു "അവൾക്കു ആ കുട്ടിയെ എടുത്തു ആശ്വസിപ്പിചൂടെ.. ദുഷ്ടത്തിയാ കഷ്ടം പാവം കൊച്ചു ". ക്രൂരമായി ഞാൻ ആ മദാമയെ ഒന്നു നോക്കി.
സാധനങ്ങൾ എല്ലാം വാങ്ങിച്ചു, വണ്ടിയുടെ ബൂട്ടിൽ അടുക്കി വയ്ക്കുന്നതിന്റെ ഇടയിൽ ബില്ലിൽ വന്ന വ്യത്യാസം ഇച്ചായൻ ശ്രദ്ധിച്ചു.മലയാളികൾ പഠിക്കുമ്പോൾ ഒഴികെ എല്ലാ എപ്പോഴും ശ്രദ്ധ ഉള്ളവർ ആണല്ലോ. നാല് ഡോളർന്റെ കുറവ്. കടക്കാരന് തെറ്റ് പറ്റിയതാവും
മോനോട് പോയി കടയിൽ ഒന്നു ചോദിക്കാൻ പറഞ്ഞപ്പോൾ അവനു മടി അവർ എന്ത് വിചാരിക്കും പോലും.നാല് ഡോളറിനൊക്കെ വേണ്ടി ഇത്രയും മൈൻഡ് വേണ്ട എന്നവൻ പ്രഖ്യാപിച്ചു. അല്ലേലും നിന്റെ അച്ഛൻ ഒരു പിശുക്കനാ ഞാൻ മനസ്സിൽ ഓർത്തു . "പത്തിൽ ആയ ചെക്കനാ ഇപ്പോഴും അമുൽ ബേബി ആണ് ".പിറുപിരുതൊണ്ട് കെട്ടിയോൻ തന്നെ പോയി പൈസ വാങ്ങി.
തിരിച്ചു വന്നപ്പോൾ എനിക്ക് ഒരു കാഴ്ച കാണിച്ചു തന്നു. അപ്പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന നീല കാറിൽ ക്രൂര ആയ ആ മദാമ്മ.കൊച്ചിനെയും കയ്യിൽ എടുത്തു ഇരിക്കുക ആണ്.ഇടക്കൊക്കെ കൊഞ്ചികുന്നും ഉണ്ട്. അയ്യടാ എന്തൊരു സ്നേഹം നേരത്തെ ആ കൊച്ചു നിലത്തു കിടന്നുരുണ്ടിട്ടു മൈൻഡ് ആകാത്തവളാ.എന്നിലെ മാതാവ് ഉണർന്നു.
. അവരുടെ മൂത്ത മകൻ സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കുന്നു.വല്യ ചാക് ഉരുള കിഴങ്ങൊക്കെ കഷ്ടപ്പെട്ട് താങ്ങി പിടിച്ചു ആ ചെക്കനെ ഒതുക്കി വയ്ക്കുവാ. ഈ ദുഷ്ടത്തി അകത്തു കൊച്ചിനേം കളിപ്പിച്ചോണ്ടിരിക്കുന്നു. നോക്കാൻ പറ്റില്ലെങ്കിൽ എന്തിനാപ്പോലും ഇവർ ഉണ്ടാകുന്നെ. എന്നൊക്കെ ആലോചിച്ചു മനസ്സ് കാട് കയറിയപ്പോൾ. അവൻ ഓടി വന്നു.മകനെ കണ്ടിട്ടാണ് അവന്റെ ക്ലാസ്സ്‌മേറ്റ് ആണത്രേ
നീല കണ്ണുകൾ ഉള്ള അവൻ വളരെ ക്ഷീണിച്ചിരുന്നു. ക്ലാസ്സ് കഴിഞ്ഞു ഏതോ പമ്പിൽ ജോലിക്ക് പോകുന്നുണ്ട്. അത് കഴിഞ്ഞു അമ്മയ്ക്ക് ഷോപ്പിംഗ്നു സഹായിക്കുന്നു. ഇന്ന് വീടിന്റെ വാടക കൊടുക്കുന്ന ദിവസം ആയത് കൊണ്ട് തിരക്കായിപ്പോയി എന്നും അവൻ പറഞ്ഞു.
"നിങ്ങൾക്ക് സ്വന്തമായി വീടില്ല?".ആലോചിക്കാതെ അവൻ ഉത്തരം പറഞ്ഞു "ഞാൻ ഇപ്പോഴും ചെറുപ്പം അല്ലേ അപ്പന്റെയും അമ്മയുടെയും വീട്ടിലാ താമസിക്കുന്നെ. വാടക കൊടുക്കുന്നുണ്ട്.ഫുഡ് ഫ്രീ പകരം ഷോപ്പിങ്ങും കുഞ്ഞാവേനെ നോക്കാനും ഞാൻ കൂടും. കുറച്ചൂടെ കഴിഞ്ഞു വീട് വാങ്ങും ".
പിള്ളേർക്കൊപ്പം തീയേറ്ററിൽ പോയി ടൈറ്റാനിക് കണ്ടപ്പോ കണ്ണ് തള്ളിയ പോലെ എന്റെ കണ്ണ് തള്ളി. വായും പകുതി തുറന്നോ എന്നൊരു സംശയം.അപ്പോഴാണ് കഥയിലെ വില്ലത്തിയും ക്രൂരയും ആയ മദാമ്മ വന്നു ഞങ്ങളോട് മിണ്ടി. നേരത്തെ അവരുടെ കുഞ്ഞു മകൻ കാണിച്ചതിന് മാപ്പ് പറഞ്ഞു.
ഞങ്ങളോട് എന്തിനാ മാപ്പ് നിങ്ങളുടെ കൊച്ചിനെ നോക്കിയാൽ മതി എന്ന ഭാവത്തിൽ നിന്ന എന്നോട് പറയുവാ. അവനു ചോക്ലേറ്റ് വേണം എന്ന്, അത് വാങ്ങാൻ അവന്റെ അമ്മയുടെ കയ്യിൽ പൈസ ഇല്ല എന്നവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോൾ വാശി എങ്കിൽ കുറച്ചു നേരം കരയാൻ വിട്ടതാ അപ്പോൾ ഒന്നു ആശ്വാസം ആകുമല്ലോ. കണ്ടോ ഇപ്പോൾ അവനറിയാം എന്നും ചോക്ലേറ്റ് വാങ്ങാൻ അവന്റെ അമ്മയുടെ കയ്യിൽ പൈസ ഇല്ല എന്ന്.
വീണ്ടും തലയ്ക്കു അടി ഏറ്റത് എനിക്കാണ്. അച്ഛൻ മരിച്ചപ്പോൾ സ്ഥലത്തിന് വേണ്ടി കേസ് കൊടുത്തതും. രമണിയേച്ചിടെ കയ്യിൽ നിന്നും ഇച്ചായൻ അറിയാതെ പൈസ വാങ്ങി മോൾടെ വാശിക്ക് പാദസ്വരം വാങ്ങിയതും. അങ്ങാടിയിൽ പണിക്കു പോയ ഏട്ടനെ കുടുംബ മഹിമ പറഞ്ഞു അച്ഛൻ വഴക്ക് പറഞ്ഞതും ഒക്കെ മനസ്സിൽ മിന്നി മാഞ്ഞു.
ഇഞ്ചി കടിച്ച പോലെ നിന്ന എന്നെ നോക്കി ഇച്ചായൻ പറഞ്ഞു എങ്ങും വിടാതെ ഒന്നും മനസിലാക്കിപ്പിക്കാതെ പൊതിഞ്ഞു വച്ചോ നിന്റെ മാതൃ സ്നേഹത്തിൽ. ഇൻഡോർ ബോൺസായ് ആക്കാം നമ്മുടെ രണ്ടെണ്ണത്തിനെയും..എന്റെ പൊന്നു ആലീസെ ഒന്നും വരാൻ ഇല്ല..... ഇനിയെങ്കിലും ഇല്ലായ്മകൾ അറിഞ്ഞു അവർ വളരട്ടെ.
"അപ്പ എന്റെ ഐഫോൺ എപ്പോഴാ അപ്ഗ്രേഡ് ചെയ്തു തരുന്നേ .. "നിന്റെ സ്വന്തം ശമ്പളം കൊണ്ട് അങ്ങോട്ട് ഉണ്ടാക്കിയ മതി എന്ന് പടക്കം പൊട്ടുന്ന സ്വരത്തിൽ മറുപടി പറഞ്ഞത് ആലിസ് ആയിരുന്നു.
***ജിയ ജോർജ് ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക