നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്ന

Image may contain: 1 person


എടീ ഇപ്പൊ മഴ കുറവുണ്ട് നീ പോയി മോളെ ഇങ്ങു കൊണ്ട് വന്നേരെ.. വീടിനു മുകളിലെ നിലയിലെ അയലിൽ ആറിയിട്ട വസ്ത്രങ്ങൾ ഉണങ്ങിയൊന്നു നോക്കുകയായിരുന്നു സ്വപ്ന. അവൾ അമ്മായിയമ്മയെ നോക്കി തലയാട്ടി.. വീണ്ടും വസ്ത്രങ്ങളുടെ ഈർപ്പം പരിശോധിച്ചു. ഒന്ന് പോലും ഉണങ്ങിയിട്ടില്ല. നാളേക്ക് ഉണങ്ങുന്ന മട്ടുമില്ല.. നാളേം വഴക്കു കേൾക്കേണ്ടി വരുമല്ലോ ഈശ്വരാ, അവൾ ഓർത്തു.. ഒന്നരയാഴ്ചയായി പനി ആയതു കൊണ്ട് ഇന്നലെയാണ് എല്ലാം ഒന്ന് അലക്കിയെടുത്തത്.. പനീ പൂർണമായും മാറിയിട്ടല്ല, ശരീര വേദന നല്ലോണം ഉണ്ട് താനും എന്നാലും വിനോദേട്ടൻ മുഷിഞ്ഞ വസ്ത്രം ഇട്ടു പോകുന്നത് അവൾക്കും ഇഷ്ടമല്ല അങ്ങനെ പോകാൻ വിനോദേട്ടനും താല്പര്യമില്ല.. നീ പോയില്ലേ.. ഓ ഈ തള്ള.. അവൾ വേഗം താഴേക്ക് വന്നു മാക്സി മാറ്റി ഒരു ചുരിദാർ എടുത്തിട്ടു.. ഒരു കുടയും എടുത്തു റോഡിലേക്ക് ഇറങ്ങി..
പോടി ചാറ്റൽ ആയതിനാൽ അവൾ കുട തുറന്നില്ല മഴ കൊള്ളുന്നത് അന്നും ഇന്നും ഇഷ്ടമാണ്. വീടുവക്കിലെ തോട്ടിൽ മഴക്കാലത്ത് നീരാടിയിരുന്ന ബാല്യം അവളെ വീണ്ടും കൊതിപ്പിച്ചു.. റോഡിൽ അവിടവിടെ വെള്ളം തളം കെട്ടിക്കിടന്നിരുന്നതിനിടയിലൂടെ അവൾ വേഗം മുന്നോട്ടു നടന്നു. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡിലെ താറൊക്കെ പൊളിഞ്ഞു ഇളകിയിരുന്നു.. പെട്ടെന്ന് മഴ വീണ്ടും പെയ്യാൻ തുടങ്ങി അവൾ കുട നിവർത്തി.. ഇത് പോലുള്ള മഴകളിൽ ആയിരുന്നു അവൾ കോളേജിൽ വെച്ചാദ്യം വിനോദേട്ടനെ കണ്ടതും ഇഷ്ടപ്പെട്ടതും.. തന്റെ ഇഷ്ടം ഏട്ടൻ മനസ്സിലാക്കിയതും ഒരു കുടക്കീഴിൽ ഒന്നായതും ഒരു മഴയത്തായിരുന്നു.. നാല് വര്ഷങ്ങള്ക്കു ശേഷം ജോലി കിട്ടിയ ഉടൻ തന്നെ കോളേജിൽ നിന്നും രജിസ്റ്റർ മാര്യേജ് ചെയ്യാൻ വിളിച്ചിറക്കിക്കൊണ്ട് പോയ അന്നും അകമ്പടിക്കു ഈ മഴ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പൊ ഈ മഴയത്ത് ചേർന്നലിഞ്ഞോന്നായി നടക്കുന്നതൊക്കെ വെറും സ്വപ്നമായി മാറുന്നത് സ്വപ്ന ഓർത്തു. പ്രണയ കാലത്തുള്ള സ്നേഹവും സന്തോഷവും എന്നും കിട്ടാൻ ഈശ്വരനുഗ്രഹം മാത്രം പോരാ സ്വന്തം മാതാപിതാക്കളുടെ ആശീർവാദവും വേണം. അതൊന്നും ഇല്ലാത്ത തന്റെ ജീവിതം പുഷ്പിക്കുന്നത് തന്റെ പേര് പോലെ സ്വപ്നങ്ങളിൽ മാത്രം. ചേട്ടന്റെ കുടി എങ്കിലും മാറിയാൽ മതിയായിരുന്നു,.. ലച്ചൂ കൂടെ ഇല്ലായിരുന്നെങ്കിൽ.. അവൾ ആലോചിച്ചു. ജീവിതം പലപ്പോഴും അങ്ങനെയാണ്..
പെട്ടെന്നൊരു പയ്യൻ ഇടവഴിയിൽ നിന്നും ബൈക്ക് വെട്ടിച്ചു മുമ്പൊട്ടേക്കു കുതിച്ചു പോയപ്പോൾ അവൾ ചിന്തകളിൽ നിന്നും ഉണർന്നു.. ഈ പിള്ളേർക്ക് ഒക്കെ ബൈക്ക് കൊടുക്കുന്ന വീട്ടുകാരെയാണാദ്യം തല്ലേണ്ടതു..അവളുടെ മനം ക്ഷോഭിച്ചു.. അങ്കൻവാടിയുടെ സമീപത്തുള്ള റോഡിന്റെ വളവിൽ ഉള്ള പാലത്തിന്റെ അരികിലായി കുറച്ചു പേർ നിൽക്കുന്നതവൾ കണ്ടു.. അവളെന്തോ അപകടം മണത്തു..അവൾ അതിവേഗം അങ്ങോട്ടേക്ക് നടന്നു..
പാലത്തിനു സമീപത്തേക്ക് എത്തിയ അവൾ അവിടെ പരിചയക്കാരിയായ ചേച്ചിയോട് കാര്യം തിരക്കി.. പുഴയിലേക്ക് രണ്ടു കൂട്ടികൾ വീണതായി സംശയം.. അങ്കൻവാടിയിലെ രണ്ടു കുട്ടികളെ കാണുന്നില്ലാന്നു ടീച്ചർ പറയുന്നു.. അവർ പറഞ്ഞു തീരേണ്ട താമസം സ്വപ്ന നിലവിളിയോടെ അങ്കൻവാടിയിലേക്കോടി.. അവിടെയും കുറച്ചു സ്ത്രീകളും പുരുഷന്മാരും നിൽപ്പുണ്ടായിരുന്നു. അങ്കൻവാടി ടീച്ചർ നിലത്തു കുഴഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു.. ലച്ചൂ മോളേ അവൾ അരവാതിൽ തള്ളിതുറന്നു അകത്തേക്ക് കയറി.. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിൽ അവൾ സ്വന്തം മോളെ തിരഞ്ഞു.. ലച്ചൂ.. അവൾ വീണ്ടും വിളിച്ചു.. അംമ്മേ… .. ആടുന്ന കുതിരക്കു പിന്നിൽ നിന്നും ഒരു വിളിയൊച്ച അവൾ കേട്ടു.. അവൾ ഓടിപ്പോയി മോളെ വാരി എടുത്തു.. തുരുതുരാ ചുംബിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളാ കുഞ്ഞിനെ മാറോടു ചേർത്തു.. ആയ വന്നു അവളുടെ ബാഗ് സ്വപ്നക്കു നൽകി.. എന്തായിരുന്നു സംഭവം അവൾ ആയയെ നോക്കി.. എനിക്കറിയില്ല ചേച്ചി.. മഴ ആയതു കൊണ്ട് പലരും നേരത്തെ കുട്ടികളെ കൊണ്ട് പോകുന്നുണ്ടായിരുന്നു.. ഷീലയും റജീനയും വന്നു കുട്ടികളെ കൊണ്ട് പോയ ശേഷം ടീച്ചർ വാതിൽ അടക്കാൻ മറന്നൂന്നാ തോന്നുന്നേ.. സുമിയ വന്നു ഷാൻ നെ നോക്കിയപ്പോ കാണുന്നില്ല. എവിടെ പോയെന്ന് നോക്കുമ്പോളാണ് ജിസ്ന മോളെയും കാണാനില്ലെന്നത് മനസ്സിലായത്.. അവർ വിങ്ങിപ്പൊട്ടി.. ഫയർഫോഴ്സിനെ വിളിച്ചിട്ടുണ്ട്.പക്ഷെ അവർ ടൗണിൽ നിന്ന് എപ്പോ എത്താനാ. സ്വപ്ന ആയയെ തഴുകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു..പെട്ടെന്ന് പുറത്തൊരു ബഹളം കേട്ടു.. അവർ അര വാതിൽ കുറ്റിയിട്ടു പുറത്തേക്കു നടന്നു.. ജിസ്നയെ കിട്ടി.. താഴെ പുഴയുടെ തീരത്തു പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു.. നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ ഒരു കുട്ടിയേയും പിടിച്ചു കുറെ സ്ത്രീകളും പുരുഷന്മാരും അങ്ങോട്ടേക്ക് വന്നു.. അവളുടെ അമ്മ ആ കുഞ്ഞിനെ മാറോടു ചേർത്ത് ചുംബിച്ചും കരഞ്ഞും കൊണ്ടേ ഇരുന്നു.. ഒരു സ്ത്രീ തന്റെ ഷാൾ കൊണ്ടവളുടെ തല തുവർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അപ്പൊ ഷാനെവിടെ.. ഷാൻ ആ പുഴക്കു നടുവിലെ തുരുത്തിലുണ്ട്. പക്ഷെ ഈ മലവെള്ളാപ്പാച്ചിലിൽ ആര് അവിടേക്ക് നീന്തും.. സ്വപ്ന അയാൾ വിരൽ ചൂണ്ടിയ ദിക്കിലേക്ക് നോക്കി. അവിടെ തുരുത്തിലെ കണ്ടൽ ചെടികളോട് ചേർന്ന് ഒരു ചുവന്ന ബനിയൻ ഇട്ട കുഞ്ഞു വെള്ളത്തിൽ പൊന്തിയും താഴ്ന്നും നിൽക്കുന്നുണ്ടായിരുന്നു.. ഉടക്കി കിടക്കുവാണോ കുഞ്ഞു പിടിച്ചു കിടക്കുവാണോന്നു അറിയില്ല.. താഴെ പുഴക്കരയിൽ നിന്നും ഒരാർത്ത നാദം കേട്ട് സ്വപ്ന അങ്ങോട്ട് നോക്കി സുമയ്യ പുഴയിലേക്കിറങ്ങാൻ ശ്രമിക്കുകയായിരുന്നതു നാട്ടുകാർ തടഞ്ഞതായിരുന്നു. ആ സ്ത്രീക്ക് നീന്തൽ അറിയില്ല, സ്വന്തം കുഞ്ഞവുമ്പോ പിന്നെന്താ ചെയ്യാ. ഓരോരുത്തരും അവരവരുടെ അറിവ് പങ്കു വെച്ചുകൊണ്ടിരുന്നു പോലീസ് ഇപ്പൊ എത്തുമെന്നാ കേട്ടെ പക്ഷെ ഒരു കാര്യവുമില്ല. ഫയർ ഫോഴ്സ് വരാതെ ഈ വെള്ളത്തിൽ ഒന്നും ചെയ്യാനാവില്ല.. നാട്ടുകാർ തമ്മിൽ പറയുന്നതവൾ കേട്ടു. ഓ അവർ വന്നിട്ടും വല്യ കാര്യമില്ല അവരുടെ കയ്യിൽ അതിനു മാത്രം എന്താ ഉള്ളെ.. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോഴെങ്കിലും ചെയ്യണം.. മഴ ഇനീം കൂടിയാൽ വെള്ളവും ഒഴുക്കും കൂടും… എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ സ്വപ്ന തിരിഞ്ഞു നോക്കി, ആയ തളർന്നു നിൽക്കുന്നതവൾ കണ്ടു. അവൾ ആയയുടെ അടുത്തെത്തി.. ലച്ചുവിനെ അവരുടെ കയ്യിലേക്ക് കൊടുത്തു.. ഞാൻ താഴേക്ക് പോകുവാണ്‌.. മോളുടെ നെറ്റിയിൽ അവൾ ചുണ്ടമർത്തി.. അല്ല മോളെ.. അവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ മുന്നോട്ടേക്കു നടന്നു, താഴേക്ക് ഉള്ള ഒതുക്കു കല്ലുകൾ ഇറങ്ങി.. സുമയ്യ ആരുടെയോ തോളിൽ കരഞ്ഞു തളർന്നു നിൽക്കുന്നുണ്ടായിരുന്നു.. അവൾ സുമയ്യയുടെ അടുത്തെത്തി.. പുഴയിൽ നിന്നുള്ള വെള്ളം ചെറുതായി അവർ നിന്ന സ്ഥലത്തേക്കും കയറി വന്നു കൊണ്ടിരുന്നു.
ഇത്താ ഞാൻ കുട്ടിയെ കൊണ്ടുവരാം.. സുമയ്യ പുതുശ്വാസം കിട്ടിയ പോലെ തല പൊക്കുമ്പോഴേക്കും സ്വപ്ന വെള്ളത്തിലേക്ക് എടുത്തു ചാടിയിരുന്നു.. തീർത്തും അപ്രതീക്ഷിതമായതിനാൽ നാട്ടുകാർക്കു നോക്കി നിൽക്കാനേ പറ്റിയുള്ളൂ. അവൾ ആ മലവെള്ളപ്പാച്ചിൽ നീന്തിക്കയറുന്നത് നാട്ടുകാർ അവിശ്വസനീയതയോടെ നോക്കി.. ഇടക്കിടെ ഒഴുക്കിൽ പെട്ട് താഴോട്ടു പോയെങ്കിലും അവൾ നീന്തി തുരുത്തിന്റെ താഴെ ഭാഗത്തായി എത്തി. ഒന്ന് കിതപ്പ് മാറ്റിയ ഉടൻ അവൾ കണ്ടൽ കാടിന്റെ കൊമ്പുകൾ പിടിച്ചു മുകളിലേക്ക് നീന്തി.. കുട്ടിയുടെ സമീപം എത്തി. തുരുത്തിൽ ഉണ്ടായിരുന്ന മണലിലെ കമ്പിൽ ഉടക്കികിടന്നിരുന്ന കുഞ്ഞിന്റെ ഷർട്ടിന്റെ ഭാഗം അവൾ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു, രണ്ടാമത്തെ ശ്രമം വിജയിച്ചു.. അവൾ മുകളിലേക്ക് നോക്കി പാലത്തിന്റെ മുകളിലായി തന്നെ നോക്കി കയ്യടിക്കുന്ന നാട്ടുകാരേയും പോലീസ് ഫയർ ഫോഴ്സ് വാഹനവും അവൾ കണ്ടു.. അവളുടെ മനസ്സു സന്തോഷഭരിതമായി. അവൾ ആ കുഞ്ഞിനെ ചുംമ്പിച്ചു..ചുമച്ചു കൊണ്ട് ആ കുഞ്ഞു അവളുടെ മേലേക്ക് ചേർന്ന് കിടന്നു.. താഴെ അരക്ക് വടം കെട്ടി വെള്ളത്തിലേക്ക് ചാടുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും വടം പിടിച്ചു നിൽക്കുന്ന നാട്ടുകാരെയും അവൾ കണ്ടു.. അയാൾ വൈദഗ്ദ്യത്തോടെ നീന്തി തുരുത്തിന്റെ കുറച്ചു ദൂരം അകലെ എത്തി. വടത്തിന്റെ നീളം തീർന്നിരിക്കുന്നു.. അയാൾ ആ ഒഴുക്കിൽ താഴേക്ക് പോകാതെ നീന്തി നില്ക്കാൻ ശ്രമിക്കുന്നതവൾ കണ്ടു.. അധിക നേരം ഇങ്ങനെ തുഴഞ്ഞു നില്ക്കാൻ തനിക്കുമാവില്ലെന്നു അവൾക്കു തോന്നി.. കുഞ്ഞിനേയും കൊണ്ട് നീന്താൻ തീരെ ധൈര്യവുമില്ല.. സുമയ്യയുടെ സങ്കടം കണ്ടു അറിയാതെ എടുത്തു ചാടിയതാണ്.. ലച്ചൂ ആയിരുന്നെങ്കിൽ ചാടില്ലേ എന്ന തോന്നലാണ് എടുത്തു ചാടിച്ചത്.. അവൾ കുഞ്ഞിനെ ഒന്നൂടെ ചുംബിച്ചു.. ഒരു കൈ കൊണ്ടവനെ പരമാവധി ഉയർത്തി, കണ്ടൽ ചെടിയിൽ നിന്നുള്ള പിടുത്തം വിട്ടു.. മുന്നോട്ടേക്കാഞ്ഞു നീന്തി.. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൈ കൊണ്ട് എന്തോ ആഗ്യം കാണിക്കുന്നതവൾ കണ്ടു.. അവൾ ആഞ്ഞു നീന്തി കൈകൾ തളരുന്ന പോലെ അവൾക്കു തോന്നി.. കൈ എത്തിച്ചു കുഞ്ഞിനെ അയാൾക്ക്‌ കൊടുത്തത് അവൾ അറിഞ്ഞു പിന്നൊന്നും അറിയാതെ അവൾ വെള്ളത്തിലേക്ക് താഴ്ന്നു.. വിനോദേട്ടനും ലച്ചും അവളുടെ അമ്മയും അച്ഛനുമൊക്കെ അവളുടെ ഓർമകളിലേക്ക് ഇരമ്പിക്കയറി വന്നു… അവസാനം അമ്മയെ കണ്ടന്നു അമ്മ ആർത്തലച്ചു കൊണ്ട് നീ നശിച്ചു പോകത്തേ ഉള്ളുന്നു പറഞ്ഞത് അവളുടെ മനസ്സിലേക്ക് ഇരച്ചു വന്നു.. തന്നെ ആരോ കുലുക്കി വിളിക്കുന്നത് പോലെ അവൾക്കു തോന്നി.. ചുറ്റും കൂടി നിന്നവർ ആരവം മുഴക്കുന്നത്‌ പോലെ അവൾക്കു തോന്നി.. കുടിച്ച വെള്ളമൊക്കെ വായിലൂടെ മുഖത്തേക്കും മറ്റും തെറിച്ചു വീഴുന്ന ഒരു ഫീൽ അവൾക്കുണ്ടായി..
സ്വപ്ന പതിയെ സ്വബോധത്തിലേക്കു വന്നു.. എടീ നിന്നോടെത്രവട്ടം പറഞ്ഞിട്ടുണ്ട് നാമം ജപിച്ചു കിടക്കാൻ. അതെങ്ങനാ ഫുൾ ടൈം ഫോണിലല്ലേ.. അനുസരണയില്ലാത്ത അസത്ത്.. അവൾ കണ്ണ് തുറന്നു നോക്കി.. കട്ടിലിൽ നിന്നും വീണു കിടക്കുന്ന തന്റെ മുന്നിൽ മഹാമേരു പോലെ ചായച്ചെമ്പിൽ വെള്ളവുമായി നിൽക്കുന്ന അമ്മ.. അവൾ കിളി പോയ പോലെ അമ്മയെ നോക്കി.. ന്താ പ്പോ സംഭവിച്ചേ.. പുഴ എവിടെ.. അവൾ ചോദിച്ചു.. ആ ചോദ്യം കൂടി കേട്ട ഉടൻ അമ്മ ആ പാത്രം മുഴുവൻ അവളുടെ മേലേക്ക് കമഴ്ത്തി.. തിരിഞ്ഞു നടന്നു.. പുഴ പോലും അവർ പിറുപിറുക്കുന്നതവൾ കേട്ടു.. അപ്പോൾ കിടക്കയിൽ വെച്ചിരുന്ന മൊബൈൽ വാട്ട്സ്സാപ്പ്‌ നോട്ടിഫിക്കേഷൻ ടോൺ വന്നു.. അവൾ നിലത്തു നിന്ന് ഏന്തി വലിഞ്ഞു മൊബൈൽ എടുത്തു.. വിനോദേട്ടന്റെ മെസ്സേജ് ആണ്.. 11 മണിക്ക് രജിസ്റ്റർ ഓഫീസിലേക്ക് എത്തണം.. ഞങ്ങൾ അവിടെ ഉണ്ടാകും.. അപ്പോഴാണ് അവൾക്കു ഇന്നലെ രാത്രി ഇന്നത്തെ കാര്യം ആലോചിച്ചു ടെൻഷൻ ആയതും തല പൊട്ടുന്ന പോലെ തോന്നിയപ്പോ അമ്മയുടെ മൈഗ്രെനിൽ എടുത്തു കുടിച്ചു കിട്ടുന്നതും ഓർമ വന്നേ..
ഓഹ്!! ഇത്രേം നേരം താൻ കണ്ടത് സ്വപ്നമായിരുന്നെന്നു അവൾക്കു വിശ്വസിക്കാനായില്ല.. താൻ ഉറക്കത്ത് വല്ലോം പറഞ്ഞു ബഹളം വച്ച് ഉരുണ്ടു താഴെ വീണാതാവാം അമ്മയെ ദേഷ്യം പിടിപ്പിച്ചെ, അവൾ ഓർത്തു.. അവൾക്കു തന്റെ കയ്യും കാലും വിറക്കുന്നതു പോലെ തോന്നി.. ഈശ്വരാ താൻ തിരുത്താൻ പറ്റാത്ത ഒരു തെറ്റിലേക്കാണ് പോകുന്നതെങ്കിൽ.. അവളുടെ മനസ്സ് കുളിരു കോരി.. താൻ മെസ്സേജ് വായിച്ചതു കണ്ട വിനോദ്, വീ ആർ വെയ്റ്റിംഗ് ഹിയർ.. ഓക്കെ.. എന്ന് അയച്ചു.. കൂടെ തമ്പ്‌സ് അപ് ഇമോജിയും..
ഇപ്പൊ താൻ ഒരു തീരുമാനം പറയണമെന്നവൾക്കു തോന്നി.. ചിലപ്പോൾ ഈ സ്വപ്നം പോലെയെ ആയിരിക്കില്ല തന്റെ ജീവിതം പക്ഷെ ഈ സ്വപ്നം പോലെ ആണെങ്കിൽ.. അവളുടെ മുന്നിൽ അത് ചോദ്യ ചിഹ്നമായി അവശേഷിച്ചു… രജിസ്റ്റർ മാര്യേജിനു ശേഷം അച്ഛനേയും അമ്മയെയും കാര്യം പറഞ്ഞു മനസ്സിലാക്കാമെന്നായിരുന്നു വിനോദേട്ടൻ എപ്പോഴും പറഞ്ഞിരുന്നെ. തനിക്കു അക്കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാത്തതു കാരണമാണ് അദ്ദേഹം വീട്ടിൽ വന്നു പെണ്ണ് ചോദിച്ചത്.. തങ്ങളുടെ ബന്ധം ആരും അറിയാത്തതിനാൽ അച്ഛനും ബന്ധുക്കളും പോയി അന്വേഷിച്ചേങ്കിലും സാമ്പത്തീകമായി പിന്നോട്ടാണ്ന്നും കൂടാതെ വിനോദേട്ടന്റെ അച്ഛൻ ഒക്കെ മോശമല്ലാത്ത രീതിയിൽ മദ്യപിക്കും എന്നൊക്കെ അറിഞ്ഞാണ് ഈ ബന്ധം വേണ്ടാന്ന് വെച്ചത്.. എന്നെങ്കിലും ഒന്നാകാൻ ആകാൻ പറ്റുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്വപ്നത്തോടെ അതും തീർത്തും ഇല്ലാതായിരിക്കുന്നു.. തന്നെ ഇത്രയും കാലം നോക്കി വളർത്തിയ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ തനിക്കാവില്ലേന്നു അവൾ തിരിച്ചറിഞ്ഞു.. കേവലം ഒരു സ്വപ്നം തന്നിൽ വരുത്തിയ മാറ്റം അവളെ ഒരേ സമയം വേദനിപ്പിക്കുകയും അതിസായിപ്പിക്കുകയും ചെയ്തു. തന്നോട് വളരെയേറെ സ്നേഹം ഉള്ളവരാണ് തന്റെ അച്ഛനും അമ്മയും അതുപോലെ നല്ല വാശിക്കാരും ദേഷ്യക്കാരും.. അവരെ ഒഴിവാക്കി ഞാൻ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാളിന്റെ കൂടെ പോയാൽ അവർക്കത് ഒരിക്കലും താങ്ങാനും ക്ഷമിക്കാനുമാവില്ലെന്നു അവൾക്കു മനസ്സിലായി.. ആ സ്വപ്നത്തിലെ പോലൊരു വാക്ക് തന്റെ അമ്മയുടെ വായിൽ നിന്ന് ഇനിയൊരിക്കൽ കൂടി കേൾക്കാൻ തനിക്കാവില്ലെന്നു അവൾക്കു തോന്നി.. അതുപോലെ വിനോദേട്ടന്റെ കൂടെയുള്ള തന്റെ ദിവാ സ്വപ്നങ്ങളേയും, അതിൽ യഥാർത്ഥ ജീവിതം വരുത്തിയേക്കാവുന്ന മാറ്റങ്ങളെയും കുറിച്ച് താൻ ഇപ്പൊ കണ്ട സ്വപ്നങ്ങളിലെ രംഗങ്ങൾ അവളിൽ ജീവിത യാഥാർഥ്യത്തെ കുറിച്ചുള്ള ബോധം ജനിപ്പിച്ചു. ഒരു നിമിഷം അവൾ കണ്ണടച്ചാലോചിച്ചിരുന്നു..
ശേഷം അവൾ ഫോണിൽ വാട്ട്സ്സാപിൽ വിനോദിന്റെ ചാറ്റ് എടുത്തു.
ഞാൻ വരില്ല വിനോദേട്ട.. ഇന്നെന്നല്ല അച്ഛന്റെയും അമ്മയുടെയും സമ്മതമില്ലാതെ ഒരിക്കലും എനിക്ക് വരാനാവില്ല.. അവരെ വേദനിപ്പിക്കുന്ന ഒരു റിസ്കും എനിക്ക് ഏറ്റെടുക്കാനും ആവില്ല.. ക്ഷമിക്കാനാകാത്ത തെറ്റാണു ഞാൻ വിനോദേട്ടനോട് ചെയ്തത്.. പക്ഷെ ഈ ബന്ധം തുടരാൻ ഇനി എനിക്കാവില്ല.. ഞാൻ ഒരു നല്ല കുട്ടി ആണെന്ന് വിനോദേട്ടൻ പറയാർ ഇല്ലേ. ഒരു നല്ല കുട്ടിക്ക് പറഞ്ഞ പണിയല്ല പ്രണയം. ഞാൻ അത് മനസ്സിലാക്കാൻ വൈകിപ്പോയി... ഇതെന്റെ മാത്രം തീരുമാനമാണ്.. എന്റെ തീരുമാനങ്ങളെ എന്നും റെസ്പെക്ടക് ചെയ്തിട്ടുള്ള ആളാണ് വിനോദേട്ടൻ. എന്റെ ഈ തീരുമാനവും താങ്ങാൻ വിനോദേട്ടനു കഴിയണം.. എനിക്ക് ഇനി ഇത് തുടരാനാവില്ല.. എന്നെ വീണ്ടും കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്.. എന്റെ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹത്തെക്കാൾ കൂടുതൽ വലുതായി മറ്റൊന്നും ഇപ്പോൾ എനിക്ക് കാണാൻ ആവുന്നില്ല എന്നതിന് എന്നോട് ക്ഷമിക്കണം.. ഗുഡ് ബൈ ഫോർ എവർ..
അവൾ ആ മെസ്സേജ് സെൻറ് ചെയ്തു..
അവൻ ഓൺലൈൻ വരും മുമ്പേ അവന്റെ വാട്ട്സാപ്പും കോൺടാക്റ്റും ബ്ലോക് ചെയ്തു.. ബ്ലോക് ചെയ്യുന്നത് തന്റെ മനസ്സ് മാറാതിരിക്കാൻ വേണ്ടിയാണു അവളോർത്തു.. മനസ്സിൽ എവിടെയോക്കെയോ ഒരു വിങ്ങലുണ്ട്.. എന്നാലും അച്ഛനോടും അമ്മയോടും ഉള്ള തന്റെ സ്നേഹത്തിനു പകരമാവിലൊന്നും..
അവൾ തന്റെ ഒരു പഴയ ഷാൾ എടുത്തു നിലത്തെ വെള്ളം തുടച്ചെടുത്തു.. താൻ എണീച്ചോന്നു നോക്കാൻ വന്ന അമ്മ നിലം തുടക്കുന്ന എന്നെ കണ്ടൊരു കള്ളച്ചിരി ചിരിച്ചു.. ഒരു ചെമ്പു വെള്ളം എന്റെ മുഖത്തോഴിക്കാൻ പറ്റില്ലേ അതിന്റെ ഒരു ചാരിതാർഥ്യം ആണ് ആ മുഖത്ത്, എന്റെ മനസ്സിലും ഒരു കുഞ്ഞു ചിരി പടർന്നു.. നിനക്കു എവിടെയോ പോണംന്നു പറഞ്ഞിട്ടു പോന്നില്ലേ.. ഇല്ലാമ്മാ ഞാൻ എവിടെയും പോന്നില്ല.. ഇവിടെത്തന്നെ നിക്കുവാ. അവൾ അവരെ കെട്ടിപ്പിടിച്ചു.. ന്നാലെ ന്റെ മോള് പോയി പല്ലു തേച്ചു ആ കോട്ടപ്പയർ ഒന്ന് മുറിച്ചിട്.. എന്നിട്ടു നമുക്ക് ഒന്നിച്ചു ചായ കുടിക്കാം…
അവർ അടുക്കളയിലേക്കു നടന്നു, കൂടെ ആ സ്വപ്നത്തിനു മനസാ നന്ദി പറഞ്ഞു അവളും..
വഴിതെറ്റിപോയെക്കുമായിരുന്ന ഒരു തെറ്റിൽ നിന്നും സ്വന്തം ഇഷ്ടങ്ങളോടും മനസ്സിനോടും പട വെട്ടി അവൾ ജീവിക്കാൻ ആരംഭിക്കുകയാണ്, അച്ഛനമ്മമാർ പറയുന്നത് അനുസരിച്ചു സ്നേഹിച്ചു ജീവിക്കുന്നൊരു നല്ല കുട്ടിയായി നല്ല മകളായി…..
ജിതേന്ദ്രിയ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot