
*********
അവൾ, സ്കൂളിൽ ഒന്നിച്ചു പഠിച്ചിരുന്നവൾ ആയിരുന്നു. പക്‌ഷേ ജീവിതം അതിവേഗം യാത്ര തുടർന്നപ്പോൾ കൗമാരത്തിലെ പല മുഖങ്ങളും മറവിയിലേക്ക് തള്ളപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെയാവാം അവളെയും എനിക്ക് തിരിച്ചറിയാതെ പോയത്.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അവളെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഓഫീസ് വിട്ടു വരുന്ന വഴിയിൽ ഹൈവേയ്ക്ക് അഭിമുഖമായി നിൽക്കുന്ന കുറെ കടകളിലൊന്നിൽ അവളെ കാണാറുണ്ടായിരുന്നു. സ്ഥിരം കാണുന്നവർ എന്ന നിലയിൽ ഞങ്ങൾ പരസ്പരം ചിരികൾ കൈമാറി നിശ്ശബ്ദമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചു പോന്നിരുന്നു. അത് കൊണ്ട് തന്നെ സ്വാഭാവികമായും ആ ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ ഒന്ന് അത്ഭുതപ്പെട്ടു. അതേ ബാച്ചിൽ തൊട്ടടുത്ത ക്ലാസ്സിൽ ആയിരുന്നു അവൾ എന്നറിഞ്ഞപ്പോൾ അവളെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു മനസ്സിൽ.
അവളെ കണ്ടപ്പോൾ തന്നെ എന്തോ വയ്യായ്ക തോന്നിയിരുന്നു. ചോദിച്ചപ്പോൾ 'ഞാനൊരു ക്യാൻസർ പേഷ്യൻറ് ആണ് മോളെ' എന്ന് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് അവൾ മറുപടി പറഞ്ഞു. കേട്ട ഞാനപ്പോൾ ഞെട്ടലോടെ നിശ്വാസം പോലും മറന്ന് അവളെ തന്നെ നോക്കി നിന്നു പോയി.
'നീ ഞെട്ടേണ്ട, ഞാൻ അതിനെ തോല്പിച്ചു കര കയറിക്കൊണ്ടിരിക്കുകയാണ്. പറ്റുമെങ്കിൽ നീ ഒന്ന് പ്രാർത്ഥിക്ക്, എന്റെ വേദനകളെ സഹിക്കാൻ എനിക്ക് ശക്തി തരാൻ. അതും പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു യാത്ര പറഞ്ഞു അവൾ അവളുടെ ടൂ വീലറിൽ യാത്രയായി.
പിന്നീടുള്ള ഓരോ വൈകുന്നേരവും ഞങ്ങളുടെ സൗഹൃദം തുടരുകയായിരുന്നു.
അതിനിടയിൽ ആയിരുന്നു എന്റെ പുസ്തകം പുറത്തിറങ്ങിയത്. അതറിഞ്ഞപ്പോൾ അവളുടെ സന്തോഷം അത്രയും വലുതായിരുന്നു.
ഒരു വൈകുന്നേരം ഓഫീസ് വിട്ടു വരുന്ന വഴി അവൾക്ക് ഞാനെന്റെ ബുക്ക് നൽകി. തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്ക് എന്ന മുൻകൂർ ജാമ്യത്തോടെ. വായിച്ചിട്ട് പറയാമെന്നു അവളും.
അന്ന് രാത്രി മുഴുവൻ വീണ്ടും അവളെ കുറിച്ചായി ചിന്ത. അവളെ മനസിലാക്കാതെ ആരൊക്കെയോ അവളെ അഹങ്കാരിയെന്നും, മോശമെന്നുമൊക്കെ പറഞ്ഞു നടന്നിരുന്നു. എന്തിനെന്ന് ആലോചിച്ചു , ഒന്നും പിടി കിട്ടിയില്ല.
അവൾക്ക് എണ്ണകറുപ്പായിരുന്നു. അവളൊരു മൂക്കുത്തി പെണ്ണായിരുന്നു. നിരയൊത്ത പല്ലുകാട്ടി കണ്ണിറുക്കി ചിരി അവളെ ഏറെ മനോഹരിയാക്കിയിരുന്നു. ആ ഇരുണ്ട സൗന്ദര്യത്തിൽ അത്രയും കരുത്തുള്ള മനസ്സവൾക്കുണ്ടായിരുന്നു. എല്ലാത്തിലുമുപരി അവളൊരു വിധവയായിരുന്നു. അവളെ ചൊൽപ്പടിക്ക് കിട്ടാത്തവർ കൊടുത്ത പേരുകൾ ആയിരുന്നു മോശം പേരുകൾ എന്നു അവൾ പിന്നീട് പറഞ്ഞ പല കാര്യങ്ങളിൽ നിന്നും മനസിലായി.
വീണ്ടുമൊരു വൈകുന്നേരം ഞാനവളുടെ ഷോപ്പിന് മുന്നിൽ എത്തുമ്പോൾ അവൾ എന്നെ കാത്ത് നിൽക്കുന്നപോലെ തോന്നി. അടുത്തു തന്നെയുള്ള ഫുട്പാത്തിൽ ആളുകൾ ബസ് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും വേഗം വാ എന്നും പറഞ്ഞു എന്നെ കൈമാടി വിളിച്ചു. എന്താ എന്ത് പറ്റി എന്ന് ചോദിച്ചു അടുത്തെത്തിയപ്പോൾ എന്റെ രണ്ട് കവിളും ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ തന്നു അവൾ.
'നിനക്ക് തരാൻ എന്റെ കൈയ്യിൽ വേറെയൊന്നുമില്ല' കണ്ണു നിറഞ്ഞു അവളത് പറയുമ്പോഴേക്കും എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു. എന്താ നിനക്ക് എന്ന് ചോദിച്ചപ്പോൾ 'പൊട്ടത്തി നിന്റെ കഥ എനിക്കിഷ്ടായിട്ടാ'എന്നും പറഞ്ഞു വീണ്ടും അവൾ എന്നെ ചുറ്റിപിടിച്ചു.
ഒരു പക്‌ഷേ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു എനിക്കത്.
ഇന്നും അവൾ ജീവിതത്തെ, അസുഖത്തെ ചിരിച്ചു കൊണ്ട് തോൽപ്പിച്ചു ജയിച്ചു കയറുന്നു. തന്നെകുറിച്ചു പറയുന്ന അപവാദങ്ങളിൽ തളരാതെ അവളവിടെയുണ്ട്. എന്റെ നല്ല കൂട്ടുകാരിയായി.
"നീ തോൽക്കാതിരിക്കുക പെണ്ണേ...
ഇങ്ങു ദൂരെ നിശ്ശബ്ദമായൊരു പ്രാർത്ഥനയുമായി
നീയെന്ന കൂട്ടുകാരിക്ക് വേണ്ടി
ഞാനും"
ഇങ്ങു ദൂരെ നിശ്ശബ്ദമായൊരു പ്രാർത്ഥനയുമായി
നീയെന്ന കൂട്ടുകാരിക്ക് വേണ്ടി
ഞാനും"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക