നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാഹ സമ്മാനം

Image may contain: Lipi Jestin


**************************
"ആഹാ..കല്യാണ ചെറുക്കൻ മട്ടുപ്പാവിൽ സ്വപ്നം കണ്ടു നിൽക്കാണോ!?"
ജോ തിരിഞ്ഞു നോക്കി...ടോമിഅളിയനാണ്.
"ഇന്നും കൂടി അല്ലെ സ്വപ്നം കാണാൻ പറ്റൂ.. നാളെ മുതൽ പുതിയ ജീവിതം തുടങ്ങാണ് എന്നല്ലേ നിങ്ങളൊക്കെ പറയുന്നത് ?" ജോ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
"എന്നാൽ വേഗം കണ്ട് തീർക്ക്..എന്നിട്ട് താഴോട്ടു വാ.ആൾക്കാരൊക്കെ വന്നു തുടങ്ങി" ടോമി ചിരിച്ചു കൊണ്ട് താഴോട്ടിറങ്ങിപോയി.
ജൂലിയെകുറിച്ചുള്ള സ്വപ്നങ്ങൾ എങ്ങനെ കണ്ടു തീർക്കാനാണ്!. എത്രയോ വർഷത്തെ സ്വപ്ന കാഴ്ചകൾ ...
ജയേച്ചിനെ കല്യാണം കഴിച്ചയക്കുമ്പോൾ താൻ പത്തിൽ ആയിരുന്നു.അന്ന് കല്യാണ പെണ്ണിനേം ചെക്കനേം കൈ പിടിച്ചു കയറ്റിയത് ആ ഇരട്ടപിള്ളേർ ആയിരുന്നു....ജൂലിയും ജോണും.ടോമിയളിയന്റെ നല്ല അയൽവാസിയുടെ മക്കൾ.ആറാം കളാസ്സിൽ പഠിക്കുന്ന അവരായിരുന്നു അന്നത്തെ സെന്റർ ഓഫ് അട്രാക്ഷൻ!.
പിന്നെ ജയേച്ചി വീട്ടിൽ വരുമ്പോഴൊക്കെ കൂടുതലും പറഞ്ഞിരുന്നത് അവരുടെ കുട്ടി കുറുമ്പുകളെ പറ്റി ആയിരുന്നു.മുതിർന്നപ്പോൾ ജയേച്ചിയുടെ ആത്മാർത്ഥ സുഹൃത്തും സഹായിയും നല്ല സമരിയാക്കാരിയായുമായൊക്കെ ജൂലി തിളങ്ങി.
"ചേട്ടൻ മലപ്പുറത്തു പോയപ്പോൾ രാത്രി ജൂലിനെ വിളിച്ചു കിടത്തി".
"ജൂലി പഠിപ്പിച്ചു കൊടുത്ത പാട്ടിന് പൊന്നൂന് സ്കൂളിൽ ഫസ്റ്റ് കിട്ടി"
"അപ്പുനെ ഹോസ്പിറ്റലിൽ കൊണ്ടൊയപ്പോൾ ജൂലി കൂട്ട് വന്നു "
"ഞാനും ജൂലിം കൂടി നല്ല ഗാർഡൻ ഉണ്ടാക്കി."
ഇങ്ങനെ പോകുന്നു ജൂലി വിശേഷങ്ങൾ....
വീട്ടിലെ മൂത്തചേച്ചി താഴെയുള്ള മൂന്ന് ആങ്ങളമാരെ നിഷ്കരുണം മറന്ന് കൂടെ പിറക്കാത്ത അനിയത്തികുട്ടിടെ ഓർമ്മകളിൽ സഞ്ചരിക്കുന്നത് ഞങ്ങൾ സ്വല്പം അസൂയയോടെ നോക്കി നിന്നു.
ഞാൻ എംബിഎ യ്ക്ക് പഠിക്കുമ്പോൾ ആയിരുന്നു പപ്പയുടെ പെട്ടെന്നുള്ള മരണം.ചേട്ടന് ഗവണ്മെന്റ ജോലി ഉള്ളത് കൊണ്ടും അനിയന് ഷെഫ് അകാൻ മോഹം ഉദിച്ചത് കൊണ്ടും അത്യാവശ്യം നല്ല രീതിൽ പപ്പ നടത്തി കൊണ്ട് പോന്നിരുന്ന തടി മില്ല് എന്റെ തലയിലായി
.പഴഞ്ഞിയിലെ തടിമില്ലില്ലേക്ക്‌ കുന്ദം കുളത്തുള്ള ചേച്ചിയുടെ വീട് കഴിഞ്ഞാണ് പോകേണ്ടിയിരുന്നത്.
പോകും വഴിക്ക് മോൾക്ക് കൊടുത്തയക്കാൻ അമ്മേടെ വക പല വലുപ്പ ത്തിലുള്ള പൊതികളും ചാക്ക് കെട്ടുകളും ഉണ്ടാകും.ആദ്യമൊക്കെ "നോ"പറയുമെങ്കിലും അമ്മേടെ ഒരു സെന്റിമെന്റ്സ് നുരഞ്ഞുപതഞ്ഞു പൊന്തുന്ന ഒരു ഡയലോഗ് ഉണ്ട്.."മൂന്ന് ആങ്ങളമാർക്കു കൂടി ആകെ ഒരു പെങ്ങൾ ഉള്ളതാ...എന്നിട്ടാ!" അതുകേട്ടപാട് ഞാൻ കാറിന്റെ ഡിക്കി തുറന്ന് കൊടുക്കും.
അങ്ങനെ ആ വഴി പോകുമ്പോൾ മിക്ക ദിവസോം ജൂലിയെ ആ പരിസരത്ത് എവിടെയെങ്കിലുമൊക്കെ വെച്ചു കാണും.ചിലപ്പോൾ അവൾ ചെടി നനയ്ക്കാ യിരിക്കും,ചിലപ്പോൾ അപ്പുറത്തെ വീട്ടുകാരോട് സംസാരിച്ചു നിൽക്കായിരിക്കും.ചില ദിവസങ്ങളിൽ ജോണുമായി ബാറ്റ് കളിക്കുന്ന കാണാം. ചിലപ്പോൾ സൈക്കിളിൽ കടയിൽ പോയി വരുന്നത്.
ഒരു ശനിയാഴ്ച രാവിലെ ചെന്നപ്പോൾ ജയേച്ചി മാവിന്റെ മേലോട്ടു നോക്കി നിന്ന് ഭയങ്കര വർത്താനം.. നോക്കുമ്പോളുണ്ട് നമ്മടെ കക്ഷി മാവേൽ നിന്നും നല്ല പച്ച മൂവാണ്ടൻ മാങ്ങാ പറിച്ചു താഴേക്കെറിയുന്നു!!പുളിയുറുമ്പിനെ മാനേജ് ചെയ്യുവാനുള്ള തന്ത്രങ്ങൾ ചേച്ചി താഴെ നിന്നും ഓതി കൊടുക്കുന്നു.!
എന്നെ കണ്ട പാടെ ഡിഗ്രികാരിക്ക് ചമ്മൽ... പക്ഷെ ഗഡി അതൊന്നും അധികം പ്രകടിപ്പിക്കാതെ "താഴെന്ന് മാറിക്കെ" എന്നും പറഞ്ഞു പാവാട കൂട്ടി പിടിച്ച് ഒരു ചാട്ടം! തനി കുരങ്ങച്ചിടെ സ്വഭാവം. എന്നിട്ട് ഒരു ഉപദേശം. "അത്യാവശ്യം നീളോം വീതീം ഉള്ള ആളല്ലേ .. തോട്ടിടെ ആവശ്യം പോലുമില്ല .ഇടക്ക് ചെമ്മീനിട്ടു വെക്കാൻ ചേച്ചിക്ക് നാലു മാങ്ങാ പൊട്ടിച്ചു കോടുത്തൂടെ, എന്റെ ജോ കുട്ടാ!?"
ചേച്ചി വിളിക്കുന്ന അതേ റ്റ്യുണിൽ ആണ് ഇമ്മടെ ഗഡിം വിളിക്കാ.പക്ഷെ അന്നത്തെ വിളിക്ക് ഇച്ചിരി മധുരം കൂടിയില്ലേ... ന്നൊരു സംശയം! .
അങ്ങനെയിരിക്കെ ഒരു ദിവസം ചേച്ചി വീട്ടിൽ വന്ന് ചുമ്മാ ഒന്നു അമ്മേനെ തല കാണിച്ച് പിള്ളേർ സ്കൂളിൽ നിന്നും വരുമ്പോഴേക്കും എത്തണംന്നും പറഞ്ഞ് ഓടുന്ന നേരം..."ജോകുട്ടാ.. എന്റെ കൂട്ടുകാരി വിജയലക്ഷ്മി തൃശൂർ ഒരു തുണിക്കട തുടങ്ങീണ്ട്...
അവിടെ ഒന്നു കേറിട്ടു പോകാം. ജൂലിക്ക് ഒരു സാരി വാങ്ങണം അവളുടെ സെന്റ് ഓഫ് ആണ് വെള്ളിയാഴ്ച്ച . സെലക്ഷൻ ഒക്കെ എന്നെ എൽപ്പിച്ചേക്കാ. "
സാരി ജൂലിക്ക് ആണെന്നറിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരുതരം ചിൽ!! ആ തണുപ്പ് കണ്ണിലേ ക്കിറങ്ങി അതിനു വലുപ്പം വെച്ചു.എന്നെ നിര്ബന്ധിച്ചാൽ വരാം എന്ന മട്ടിൽ ഞാൻ നിന്നു.
പോകും വഴി കാറിലിരുന്ന് 'അമ്മ ചേച്ചിയെ ഏല്പിച്ചിരുന്ന ഒരു ഉത്തരവാദിത്വം ചേച്ചിയങ്ങു നിറവേറ്റി." അമ്മക്ക് നല്ല മുട്ടു വേദനയുണ്ട് ,തല കറക്കോം!. ജോസും കെട്ട്യോളുമൊക്കെ അവിടെ സെക്രട്ടറിയേറ്റിന്റെ അടുത്തു വീട് എടുത്ത സ്ഥിതിക്ക് ഇനിപ്പോ കുടുംബത്തെ കാര്യങ്ങൾ നോക്കി നടത്താൻ ആരാ? ജെറോം ബാംഗ്ലൂർ അല്ലെ?. നീ ഇപ്പൊ ബിസിനസ്സ് ഒക്കെ പഠിച്ച് മില്ല് നന്നായി കൊണ്ടു പോണില്ലേ...
കല്യാണം ആലോചിക്കാൻ ബ്രോക്കർമാരോട് വരാൻ പറയട്ടെ?
"കല്യാണോ!!..."
“എന്തേ നിനക്ക് വേണ്ടേ?"
"അതല്ല ..ഞാൻ അതേപ്പറ്റി ഒന്നും ആലോചിച്ചിട്ടില്ല"
"ദേ ജോക്കുട്ടാ , ആരെങ്കിലും മനസ്സിൽ ഉണ്ടേൽ നേരെചൊവ്വെ പറഞ്ഞേക്കണം. ബാക്കി ഉള്ളോർക്കു സമയം ലാഭിക്കാല്ലോ!!"
"അങ്ങനെ ഒന്നും ഇല്ലേച്ചി…"
കടയിൽ കയറി സാരി സെലക്ഷന് നിന്നപ്പോൾ നേരത്തെ പറഞ്ഞ സ്റ്റേറ്റ്മെന്റിന് ലൈറ്റായിട്ട് ഒരു ഇളക്കം!. ജൂലിക്ക് ഏതു കളർ സാരിയാ എടുക്കാന്ന് ചോദിക്കേണ്ട താമസം..ജോ വേഗം മറുപടി പറഞ്ഞു.." .ലൈറ്റ് പർപ്പിൾ" !!.
ചേച്ചി ഒന്നു ഞെട്ടി ജോക്കുട്ടനെ നോക്കി.
എന്നിട്ടു അത് ശെരി വെച്ചു ."ശെരിയാ അവൾക്ക് ആ കളറിൽ ഒരു ചുരിദാറുണ്ട്..നല്ല ചേർച്ചയാ.."
കുറെ പർപ്പിൾ സാരികളിൽ നിന്നും അവൾക്കി ണങ്ങുന്ന ചെറിയ ഗോൾഡൻ ബോര്ഡറുള്ള സാരി കണ്ടു പിടിക്കാൻ ജോക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാർന്നില്ല. സാരി മാത്രം അല്ല,അതിന് ഇണങ്ങുന്ന നൈസായിട്ടുള്ള മാലയും കുഞ്ഞി ജിംക്കിയും വളയും ഒക്കെ പടപടാന്നു ജോ സെലക്ട് ചെയ്തു ജയേച്ചിടെ കയ്യിൽ കൊടുത്തു വിട്ടു. ജയേച്ചിക്കു സമയം ലാഭിച്ചതിൽ ബഹു സന്തോഷം.
അന്ന് രാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ ഇമ്മടെ ജോക്കുട്ടന് എന്തെന്നില്ലാത്ത ഒരു തരം പൊറുതി കേട്! ആദ്യമായിട്ട് ഒരു പെണ്കുട്ടിക്കു ഇമ്മാതിരി ഐറ്റംസ് വാങ്ങി കൊടുത്താൽ , ഏതു പുരുഷ കേസരിക്കാണ് അവൾ അതൊക്കെ ഇട്ടു നിൽക്കുന്നത് കാണാൻ ഒരു അതിമോഹം ജനിക്കാത്തത് ?.
ആദ്യമായി 5 മണി ക്ലോക്കിൽ കണ്ടത് ആ വെള്ളിയാഴ്ച ആയിരുന്നു.കുളിച്ച് സുന്ദര കുട്ടപ്പനായി കണ്ണാടിയുടെ മുന്പിൽ കുറച്ചു
പരേഡ് ഒക്കെ നടത്തി.കറുത്ത ഫുൾ കൈ
ഷർട്ടിലും ചീകി വെച്ച മീശയിലും പുരുഷ
സൗന്ദര്യം ഭദ്രം.ഇറങ്ങാൻ നേരത്തു അമ്മയോട് വിളിച്ചു പറഞ്ഞു...
"പോകുന്ന വഴിക്ക് ചേച്ചീടെ വീട്ടിൽ ഒന്നു കേറാം.. നേരം ഉണ്ടായിട്ടല്ലാ..."
ഇത് എല്ലാ ദിവസോം ചെയ്യുന്നതല്ലേ ഇന്നെന്തുട്ടാ ഇത്ര പുകില് എന്ന മട്ടിൽ അമ്മ ജോക്കുട്ടനെ ഒന്ന് നോക്കി!
ചേച്ചീടെ വീട്ടുമുറ്റത്തു കാർ നിർത്തി അവളുടെ വീട്ടിലേക്കൊന്നു കണ്ണു പാളിച്ചു... ഒരു അനക്കോ മില്ലല്ലോ!! ഇനി കുരിശ്ശെങ്ങാൻ നേരത്തെ പോയാ!പമ്മി പമ്മി ചമ്മലോടെ ചെന്ന് ബെല്ലടിച്ചു.ചേച്ചി വന്ന് വാതിൽ തുറന്നു അകത്തോട്ട് കയറിയപ്പോൾ കണ്ണ് തള്ളി പോയി.ഞാൻ കൊടുത്ത മന്ത്രകോടി ചുറ്റി മാലയണിഞ് പൂ ചൂടി പെണ്ണ് ബെഡ് റൂമിന്ന് വരുന്നു.ഹോ !! എന്റെ പൊന്നു സാറേ... പിന്നെ ചുറ്റുമുള്ളത് വല്ലോം കാണാൻ പറ്റോ!! . ഇളം പർപ്പിളിൽ പെണ്ണങ്ങു നടുകുളത്തിൽ നിൽക്കുന്ന ആമ്പൽ പൂ പോലെയായി
.അതിനെ തൊടാൻ എന്ന വണ്ണം ഞാൻ നീന്തി നീന്തി അടുത്തെത്തി.അടുത്തത് കൂടിയത്കൊണ്ടോ എന്തോ അവൾ വെടി പൊട്ടും ശബ്ദത്തിൽ ചോദിച്ചു.
"എങ്ങനുണ്ട് ജോകുട്ടാ?"
"അവൾക്കു സാരി വാങ്ങാനും അറിയില്ല, ഉടുക്കാനും അറിയില്ല, ഉടുത്താലോട്ടു നടക്കാനും അറിയില്ല.ആദ്യമായിട്ടാ ...
അതോണ്ട് ഞാൻ ഉടുപ്പിച്ചു കൊടുത്തു." ജയേച്ചി ഉള്ളത് പച്ചക്കങ്ങു പറഞ്ഞു.
അവൾ ഇറങ്ങി വന്ന ബെഡ്റൂമിലെ കണ്ണാടിയിൽ ഞങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കാണാം ..ഹോ!മെയ്ഡ് ഫോർ ഈച്ച് അദർ !!.
ആദ്യമായി സാരി ഉടുത്ത അവളുടെ ആദ്യത്തെ പ്രേഷകൻ ഞാൻ ആണെന്നറിഞ്ഞതിൽ സംതൃപ്തനായി അതിൽ അലിഞലിഞില്ലാതായി നിൽക്കുമ്പോൾ പെണ്ണ് പറഞ്ഞു " ന്റെ ബസ് പോകും പോട്ടേട്ടാ ജോകുട്ടാ"
അതും പറഞ്ഞ് പെണ്ണ് സാരി പൊക്കി പിടിച്ച് ഞൊണ്ടി ഞൊണ്ടി പോയി. ചേച്ചിയുടെ ചോദ്യങ്ങൾക്കു എന്റെ അബോധമനസ്സ് എന്തൊക്കെയോ മുക്കിയും മൂളിയും ഉത്തരം കൊടുത്ത് കാറെടുത്ത് പുറത്തൊട്ടിറങ്ങി.
അവളുടെ വീടുത്തിയപ്പോൾ എന്തോ ഒരു ബഹളം…. നോക്കുമ്പോൾ സാരിയുടുത്തു നടക്കാൻ അറിയാത്ത പെണ്ണ് അതും പൊക്കി പിടിച്ച് ബസ്സിന്റെ പുറകെ കുതിരയെ പോലെ പായുന്നു...അന്നത്തെ അവളുടെ ഓട്ട പാച്ചിലിൽ ആ കുതിര അവളുടെ സാരി മാത്രം അല്ല എന്റെ ഹൃദയവും ചേർത്തു പിടിച്ചാണ് ഓടിയത്.!!!
അന്നത്തെ ദിവസം മുഴുവൻ മില്ലിലെ ഓഫീസ് റൂമിലിരുന്ന് ഫേസ്ബുക്കിൽ അവളുടെ ഫോട്ടോസ് കണ്ടു രസിച്ചിരുന്നു.
ഹൃദയത്തിൽ സ്നേഹമോ, വാത്സല്യമോ, പ്രണയമോ എന്താണെന്നറിയില്ല....ഒരു പ്രത്യേക തരം സന്തോഷവും ആനന്ദവും തേൻ പോലെ ഒഴുകി ഒഴുകിയെത്തി .. രാത്രി വീടെത്തിയപ്പോഴേക്കും അത് തുളുമ്പി തുളുമ്പി തറയിൽ വീഴുന്ന അവസ്ഥയിലെത്തി.
വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് കുറിഞ്ഞി പൂച്ച ഇരിക്കുന്നു.അത് സ്ഥിരം അവിടെ ഇരിക്കാ റുള്ളതാണ്.പക്ഷെ അന്നാദ്യമായി അവളോട് ഒരിഷ്ട്ടം! അവളെ എടുത്ത് സെറ്റിയിൽ ചെന്നിരുന്ന് TV ഓണാക്കി.നല്ല റൊമാന്റിക് പാട്ടുകൾ.... നനുനനുത്ത അവളുടെ മേനി തഴുകി അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തിട്ട് 'അമ്മയറിയാതെ പതുക്കെ അവളുടെ ചെവിയിൽ വിളിച്ചു.. ന്റെ ജൂലികുട്ടീ...!!
അന്ന് എന്തോ അമ്മയുടെ കറികൾക്കൊക്കെ നല്ല രുചി !!..ജനാലയിലൂടെ അന്നാദ്യമായി നിലാവ് അരിച്ചിറങ്ങുന്നതിന്റെ സൗന്ദര്യം നിന്നാസ്വദിച്ചു. തലയിണ കെട്ടിപ്പിടിച്ച് തല വഴി പുതപ്പിട്ടു മൂടി ജൂലിയോട് പറയാനുള്ള തൊക്കെ അതിനോട് പറഞ്ഞുപറഞ്ഞുറങ്ങി.
കുറെ ദിവസം കട്ടെടുത്ത നിധി ഹൃദയത്തിൽ ഒളിപ്പിച്ചവനെപോലെ പാത്തും പതുങ്ങി ആരും കാണാതെ തുറന്നു നോക്കിയും, തൊട്ട് നോക്കി ഉറപ്പ് വരുത്തിയും, വേറെ ആരും തട്ടിയെടുക്കാ തിരിക്കാൻ ഭദ്രമായി അതിനെ നിർവികാരതയുടെ പൊതിയിൽ സൂക്ഷിച്ചു വെച്ചും ഒരു കണക്കിന് അഡ്ജസ്റ്റ് ചെയ്തു.
ഒരു ദിവസം 'അമ്മ പറഞ്ഞു.."ജോകുട്ടാ ..കുറച്ച് ലൂബിക്ക പൊട്ടിച്ചേടാ ...
ജയക്കു കൊടുത്തയക്കാം."
"അമ്മക്ക് എന്തിന്റെ കേടാ! ജയേച്ചിയോ പിള്ളേരോ ഇവിടെ വരുമ്പോൾ ഒരു ലൂബിക്ക പോലും തിന്നുന്നത് ഞാൻ കണ്ടിട്ടില്ല.പിന്നെന്തിനാ 'അമ്മ ഇതൊക്കെ പൊതിഞ്ഞു കെട്ടി അങ്ങോട്ടേക്കയക്കുന്നെ?
"ഇത് മുഴുവൻ ജൂലിക്കാടാ അവൾ കൊടുക്കാറ് ..ആ പെങ്കൊച്ചിനു ഇതൊക്കെ വല്യ ഇഷ്ട്ടാ!!"
"ആണോ!!"
പിന്നെ കാണണോ പൂരം !!..
ജോക്കുട്ടൻ ലൂബിക്ക മരത്തിൽ മാത്രം അല്ല.. ചാമ്പയ്ക്കേലും, നെല്ലി പുളിയിലും കയറിയിറങ്ങി കിട്ടിയതൊക്കെ ചാക്കിൽ കെട്ടി കൊണ്ടോയി. പോകും വഴി ഓർത്തു....ഇനിപ്പോ ഇതെല്ലാം കൂടി തിന്ന് ആ കൊരങ്ങച്ചിക്ക് വെല്ല വയറിളക്കം വരോ ആവോ!!ഏതായാലും പാർസൽ അവിടെ എത്തിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ പിറ്റേ ദിവസത്തെ ചേച്ചിടെ റിപ്പോർട്ട് "ജൂലിടെ ഒപ്പം ആശുപത്രി വരെ ഒന്ന് പോയി”…ഹിഹിഹി.
കുറെ നാളായിട്ട് പരീക്ഷക്കാലം ആയതോണ്ട് ഗഡിനെ അധികം പുറത്തോട്ടൊന്നും കാണാറില്ലാർന്നു. ചേച്ചിയോട് വല്ലതും ചോദിക്കാന്ന് വെച്ചാൽ ..ജയേച്ചി ബി നിലവറ എങ്ങാൻ കുത്തി തുറന്നാലോ എന്നു പേടിച്ച് ഒന്നും ചോദിക്കാറുമില്ല. പോരാത്തതിന് എന്റെ സ്വഭാവ ഗുണഗണങ്ങൾ അറിയാൻ ബ്രോക്കർമാർ വീടിനും മില്ലിനും ചുറ്റും ശയന പ്രദിക്ഷണം നടത്തുന്ന കലികാലം !
പിന്നെ കണ്ടത് പള്ളിപെരുനാളിന് ആർന്നു. പിള്ളേർക്ക് കുറെ പടക്കം ഐറ്റംസ് ഒക്കെ ആയി നേരത്തെ പുറപ്പെട്ടു..അവളെ അടുത്തു കാണാൻ കിട്ടിയില്ലെങ്കിലും അകലെ നിന്നും പടക്കം പൊട്ടിക്കലും ആഘോഷോം തിമിർപ്പും കണ്ടു രസിച്ചു.
ആ പേരുന്നാളിന് ആണ് ആദ്യമായി മുഴുവൻ കുർബാന കണ്ടതും പ്രദിക്ഷണത്തിൽ പങ്കെടുത്തതും.! അവളെ നേരിട്ടു നോക്കാനുള്ള ധൈര്യം ഇല്ലാത്തൊണ്ടു ഒളികണ്ണാൽ എല്ലാ ചലനങ്ങളും ഒപ്പിയെടുത്തു ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചു.
അഞ്ചാറുമാസമായി അവളോടുള്ള പ്രണയത്തെ ഗർഭം ധരിച്ചിട്ട്.ഇതു വരെ അതിന്റെ ഉത്തര വാദിയോട് അത് തുറന്നു പറയാനുള്ള ധൈര്യം
5 .9 " പൊക്കോം 68 കിലോ തൂക്കോം 27 വയസ്സും
നല്ല ഒന്നാന്തരം ബിസിനസ്സും ഉള്ള ആണൊരുത്തന് ഇതുവരെ നഹി നഹി !..എന്റെ ഹൃദയ വേദന കുരിശ്ശെൽ കയറിയ കർത്താവിനു മനസ്സിലാ യിട്ടാണോ എന്തോ…. ഒരു അവസരം വന്നു വാതിൽക്കൽ മുട്ടി.ഞാൻ വേഗം അതിനെ ആരതി ഉഴിഞ്ഞകത്തോട്ടു കേറ്റി!
അത് വേറെയൊന്നുമല്ല സുഹൃത്തുക്കളെ ..ഒരു പരോപകാരം...ഡിഗ്രിക്ക് നല്ല മാർക്കുള്ള അവൾ എന്റെ പാത തന്നെ പിന്തുടർന്നു . അതോണ്ട് ഞാൻ MBA ക്കു പഠിച്ച വല്ല ബുക്സ് ഉണ്ടെങ്കിൽ അവൾക്കു കൊടുക്കാൻ !!. ചേച്ചി വഴിയാണ് ദൂത് വന്നത് .
മേഘ സന്ദേശമയക്കാൻ എനിക്കാവതില്ലാത്തതു കൊണ്ട് തല്ക്കാലം ബിസിനസ് മാനേജ്മെന്റ് സ്റ്റഡീസ് ബുക്കിന്റെ ഫ്രന്റ് പേജിൽ ഞാൻ എന്റെ പ്രണയ സന്ദേശം എന്റെ കയ്യൊപ്പോടെ എഴുതി പിടിപ്പിച്ചു ...
ഹാ ! എന്റെ പ്രണയമേ ഒന്ന് നീ നോക്കു
നിൻ നീല മിഴികളാൽ എൻ മിഴികളെ
കാണു നീ നിനക്കു മാത്രമായ്
തുടിക്കുമെൻ ഹൃദയ വികാരങ്ങളെ
നിൻസമ്മതം നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരിയായ്
കാത്ത് നിൽക്കുമൊരു പാവം കാമുകൻ ഞാൻ !. .
അതിലും വലിയൊരക്കിടി എനിക്കിനി പറ്റാനില്ലയെന്നു ഞാൻ അറിഞ്ഞത് ഒരു ദിവസം ജയേച്ചിടെ വീട്ടിൽ വെച്ച് അവളെ അപ്രതീഷിതമായി കണ്ടപ്പോൾ ആണ്.അടുക്കളയിൽ നിൽക്കുന്ന ജയേച്ചിയോടു അവൾ ഉറക്കെ വിളിച്ചുപറഞ്ഞു …
"ചേച്ചി , ജോക്കുട്ടൻ വെല്യ കവിയാണ് കേട്ടോ .ആരെയോ പുള്ളി നന്നായി പ്രണയിക്കുന്നുണ്ട് .ആ പേരങ് പറഞ്ഞിരുന്നേൽ ബ്രോക്കർ കാശ് ലാഭിക്കായിരുന്നു .പറ ജോക്കുട്ട ആരെയാ ?."
എന്റെ മുൻപിൽ എന്റെ കണ്ണിൽ നോക്കി നിഷ്കളങ്കമായി കുസൃതിയോടെ നിൽക്കുന്ന അവളുടെ ആ കണ്ണിൽ എന്നോട് പ്രണയത്തിന്റെ
ഒരു ലാഞ്ചന പോലും ഇല്ലെന്ന് തിരിച്ചറിഞ്ഞ
നിമിഷം ഞാൻ തകർന്നു പോയി. "നിന്നെയാണ് പെണ്ണേ " എന്ന് പറയണമെന്ന് ആ നിമിഷം ഒരുപാട് ആഗ്രഹിച്ചെങ്കിലും ആ ആഗ്രഹം തൊണ്ടയിൽ കുടുങ്ങി കനംവെച്ച് കനംവെച്ച് പോയ വഴിയി ലൊക്കെ മാർഗ്ഗ തടസ്സമുണ്ടാക്കി ഉരുണ്ടുകൂടി ഹൃദയത്തിലെത്തി. അതവിടെ കിടന്ന് ഹൃദയമിടിപ്പിനെ ഇരട്ടിച്ചുകൊണ്ടിരുന്നു.
അവൾ എന്റെ പ്രണയത്തെ തിരിച്ചറിഞ്ഞില്ല എന്നതിനേക്കാൾ എനിക്ക് മറ്റേതോ പ്രണയം ഉണ്ടെന്ന് അവൾ തെറ്റിദ്ധരിക്കകൂടി ചെയ്തിരിക്കുന്നു. അടിയിരിക്കുന്നിടത്ത് ചെകിട് കൊണ്ടു വെച്ച അവസ്ഥ! ആലോചിക്കും തോറും പ്രാന്ത് പിടിക്കുന്നു.
വീട്ടിൽ ചെന്ന് കേറിയപാട് കുറിഞ്ഞി ഓടി വന്ന് കാലിൽ മുട്ടിയുരുമ്മി.കാല് കൊണ്ട് അവളെ ഒരു തൊഴി വെച്ചു കൊടുത്തു.
ഫുഡ് പുറത്തു നിന്ന് കഴിച്ചെന്ന് അമ്മയോട് കള്ളം പറഞ്ഞു.ഡ്രെസ്സ് പോലും മാറാതെ നേരെ ബെഡിലോട്ടു വീണു. പ്രണയം മണ്ണാങ്കട്ട!!.
വെറുതെ ടൈം വേസ്റ്റ് ... എന്നെ ഞാൻ തന്നെ പുച്ഛിച്ചു.
രാവിലെ കാപ്പി കുടിക്കാൻ ചെന്നിരുന്നപ്പോൾ അമ്മയുടെ കേസ് ഡയറി ടേബിളിൽ കിടന്ന് എന്നെ നോക്കി പല്ലിളിക്കുന്നു. കുറച്ചു നാളായി അതവിടെ കിടപ്പുണ്ടാർന്നു.. 'അമ്മ നിര്ബന്ധിച്ചിട്ടും നോക്കാറില്ലെന്നു മാത്രം. വീർത്തു കെട്ടിയ മുഖവുമായി ഇഡ്ഡലി വിളമ്പി കൊണ്ടിരുന്ന അമ്മയോട് പറഞ്ഞു "ആ ഫോട്ടോസിൽ നിന്നും അമ്മക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ പറ ഞാൻ പോയി കാണാം "
അമ്മയുടെ കണ്ണുകൾ ബുൾസായി പോലെ തിളങ്ങി!
പിന്നെ ആ വീട് ഫോൺ വിളികൾ കൊണ്ട് ശബ്ദാനമാനമായി.വല്ല്യപ്പന്മാർ വെല്യമ്മമാർ അമ്മായിമാർ ഒക്കെ പറന്നെത്തി.ചേച്ചി,ചേട്ടൻ അളിയൻ എന്നിവരൊക്കെ കാണാൻ പോകുന്ന പെണ്ണുങ്ങളുടെ തറവാട്ടു മഹിമയെ കുറിച്ചും വലതു കാൽ വെച്ചു വന്നുകയറാൻ പോകുന്ന മഹാലക്ഷ്മിയെ കുറിച്ചും വർണ്ണനകൾ തുടങ്ങി.
പല സുന്ദരികളുടെ കയ്യിൽ നിന്നും ചായകൾ വാങ്ങി കുടിച്ചു.പല പല
വർത്താനങ്ങളും പറഞ്ഞു കൂട്ടി. പോരാൻ നേരത്ത് എല്ലാവരും കൂടി ജോയുടെ മുഖത്തു നോക്കും.ജോ നിസ്സഹായതയോടെ ഒന്നു കണ്ണടക്കും.അത്ര തന്നെ!.
."പെണ്ണിന്റെ കാലു നോക്കിയേ രണ്ടാമത്തെ വിരലിന് സ്വല്പം നീളം കൂടുതലില്ലേ,?"
"പെണ്ണിന്റെ ആങ്ങള വക്കീലാ..അയ്യോ എനിക്കെങ്ങും വയ്യ അയാളോട് മുട്ടി നിക്കാൻ!"
"പെണ്ണിന്റെ അപ്പൻ നല്ല പിശുക്കനാട്ടാ "
"ഹോ! ഇങ്ങനെ പൊങ്ങിത്തരം പറയുന്ന ഒരു തള്ള"
"അവൾ ചിരിക്കുമ്പോ ഒരു കോമ്പല്ല് പുറത്തു വരുന്നില്ലെ....ന്നൊരു സംശയം.."
ഒരു അഞ്ചാറു മാസം അങ്ങനെ പെണ്ണ് കണ്ടു നടന്നു.അവസാനം വീട്ടുകാർ എല്ലാവരും കൂടി വട്ടമേശ സമ്മേളനം കൂടി എന്നെ നടുക്ക് പിടിച്ചിരുത്തിയിട്ട് ഒരൊറ്റ ചോദ്യം..."ആരാടാ നിന്റെ മനസ്സിൽ കേറി ഇരിക്കുന്നത്?"
"അത് പിന്നെ..എനിക്ക് ജൂലിയുടെ പോലത്തെ ഒരു പെണ്കുട്ടിനെ മതി".
"എന്തിനാ പോലത്തെ ?നമുക്ക് അവളെ ഒന്നു ആലോചിച്ചാലോ?"അളിയൻ ചോദിച്ചു.
"ആ കൊച്ചിനെ പണ്ടേ എനിക്കു നല്ല ഇഷ്ട്ടാ" 'അമ്മ മൊഴിഞ്ഞു.
"ജൂലി വന്നാൽ ഇവിടെ നല്ല രസം ആയിരിക്കും "-അനിയൻ.
“ജൂലി കാണുന്ന പോലെ അല്ല ..കാര്യഗൗരവമുള്ള പെണ്ണാ.” ജോസേട്ടന്റെ സർട്ടിഫിക്കറ്റ്.
ജൂലിയുടെ മനസ്സറിയാൻ ജയേച്ചിം ടോമി അളിയനും കൂടി ഒരു വഴി കണ്ടു പിടിച്ചു.
ചെട്ടികാട് അന്തോണീസ് പുണ്ണ്യാളന്റെ പെരുന്നാൾ.
ജൂലിനേം കൊണ്ടു അവർ പെരുന്നാളിനെത്തി. ഞാനും പുണ്ണ്യാളന്റെ അനുഗ്രഹത്തിനും ജൂലിയുടെ മനസ്സ് ചോദ്യത്തിനുമായി കൃത്യ സമയത്ത് അവിടെയെത്തി.പിന്നത്തെ കുർബാന കാണലും നോവനേം ഒക്കെ ഒരുമിച്ച്….
ഒരുപാട് ആൾക്കാരുടെ പ്രാർത്ഥയുടെ നടുവിൽ അവളുടെ തൊട്ടടുത്ത് നിൽക്കുമ്പോൾ കിട്ടിയ ഒരാനന്ദം ! എന്റെ ആത്മാവ് ഏതാണ്ട് സ്വർഗ്ഗത്തിലെത്തി പറന്ന് പറന്ന് അവളുടെ ആത്മാവുമായി കൈ പിടിച്ച് അവിടുത്തെ കാഴ്ചകൾ കണ്ട് കറങ്ങി നടക്കുന്ന പോലെ ! .... ശരീരത്തിന് എന്തോ ഒരു ഭാരമില്ലായ്മ ...ഹൃദയത്തിൽ കൂടി മിന്നൽ പിണരുകൾ തലങ്ങും വിലങ്ങും പല തവണ പായുന്നു ... ഹോ.!!.. കണ്ണടച്ച് നിഷ്കളങ്കമായി പ്രാർത്ഥിക്കുന്ന അവളുടെ തുടുത്ത കവിളത്ത് ഒരുമ്മ കൊടുത്താലോ എന്നു വരെ ആലോചിച്ചു.പിന്നീട് പല വിചാരത്തിൽ മുഴുകിയതിന് കർത്താവിനോട് മാപ്പ് ചോദിച്ചു.
ഊട്ട് പെരുന്നാളിന്റെ നേർച്ച ചോറുണ്ണാൻ തിക്കും തിരക്കുമുള്ള ഒരു വലിയ ക്യുവിന്റെ അറ്റത്തു പോയി നിന്നു.ജയേച്ചിം അളിയനും തിരക്കിൽ പെട്ടപോലെ അഭിനയിച്ച് ഞങ്ങളുടെ പുറകിൽ നിന്നും കുറച്ചകലെയായി സ്ഥാനം പിടിച്ചു.
അവളുടെ പുറകിൽ നിൽക്കുന്നത് വിചാരിച്ച
അത്ര എളുപ്പമല്ലാർന്നു. ഞാനറിയാതെ ഞാൻ
തന്നെ എന്തെങ്കിലും കുരുത്തക്കേടുകൾ
കാണിക്കു മോയെന്നു ഞാൻ ഭയപ്പെട്ടു. ഇളം
കാറ്റിൽ പാറിപറക്കുന്ന അവളുടെ തല
മുടിയുടെ സുഗന്ധം പേറി കുറച്ചു നേരം മതി
മറന്നു നിന്നു.അപ്പോഴാണ് പിന്നിൽ നിന്നും
ഒരുത്തൻ ആടിയാടി അവളെ തൊട്ടു തൊട്ടില്ലന്ന
മട്ടിൽ മുന്നോട്ടു കുതിക്കുന്നത് കണ്ടത്!.
എന്നിലെ സംരക്ഷകൻ ഉണർന്നെണീറ്റു. എന്റെ കൈ കൊണ്ട് അവളുടെ വലതു കയ്യിൽ ഇടത്തോട്ടേക്കു ഒന്നു തട്ടി.ചുട്ടുപൊള്ളിയ മരുഭൂമിയിൽ ഒരിറ്റു വെള്ളം വന്നു വീണാൽ ഭൂമിക്കും വെള്ളത്തിനും
ഒരു പോലെ അനുഭവ പ്പെട്ടേക്കാവുന്ന ഒരു പൊള്ളിച്ച !! .ആ പൊള്ളിച്ചയേറ്റവൾ ഞെട്ടി
എന്നെ തിരിഞ്ഞു നോക്കി!
അവളുടെ തൊട്ടടുത്തേക്കൂടെ ആടിയാടി പോയവനെ കണ്ട് എന്റെ ഉദ്ദേശശുദ്ധി മനസ്സിലായപ്പോൾ അവൾ നോട്ടം മയപ്പെടുത്തി .
ആ ഞെട്ടലിൽ നിന്നും ഞാനൊന്നു വിമുക്ത നായപ്പോൾ അവളോട് ചോദിച്ചു
" ഭയങ്കര പ്രാർത്ഥന ആർന്നല്ലോ !! എന്താ പ്രാർഥിച്ചത്?"
"ജോക്കുട്ടന് നല്ല പെണ്ണ് കിട്ടാൻ !" തിരിഞ്ഞു നിന്ന് കുസൃതിയോടെ അവൾ പറഞ്ഞു.
" എനിക്ക് ജൂലിയെ പോലത്തെ ഒരു പെണ്കുട്ടി യെയാ ഇഷ്ട്ടം .കുറെ അന്വേഷിച്ചു ...കിട്ടിയില്ല." ഹൃദയത്തിൽ നിന്നും വന്ന പ്രണയ വേദന കണ്ണിൽ നിറച്ചു ഞാൻ പറഞ്ഞു
അത് കേട്ട വഴി എന്റെ കണ്ണിൽ നോക്കി ചിരിച്ചു കൊണ്ടിരുന്ന അവളുടെ നെറ്റിയൊന്നു ചുളിഞ്ഞു , കണ്ണുകൾ ഒന്ന് പതറി , ചുണ്ടൊന്നു വിളറി അവളുടെ മുഖത്ത് പല ഭാവങ്ങൾ മിന്നി മറഞ്ഞു. ഞാൻ പറഞ്ഞതിന്റെ പൊരുൾ അതിന്റെ എല്ലാ അർത്ഥത്തിലും അവൾക്ക് മനസ്സിലായെന്നു തോന്നുന്നു .അല്ലങ്കിലും എന്റെ ആത്മാർത്ഥ പ്രണയത്തിന്റെ മാസ്മരകിരണങ്ങൾ അവളെ സ്പർശിക്കാതെ പോകുന്നതെങ്ങനെ?. അവളുടെ മുഖത്ത് അമ്പരപ്പും എന്നോടുള്ള സ്നേഹവും, നിസ്സഹായതയും ഒക്കെ തെളിഞ്ഞു വന്നു . കുറച്ചു നിമിഷങ്ങൾക്ക് ശേഷം പശ്ചാത്താപത്തോടെ അവൾ പറഞ്ഞു.
"ജോ ..ഞാൻ പ്രാർഥിച്ചത് മറ്റൊന്നായിരുന്നു ..."
അവൾ ആദ്യമായിട്ടാണ് എന്നെ ജോ എന്ന് വിളിക്കു ന്നത്.അവളുടെ ഒപ്പം എന്നെ നിർത്തിയ ഒരു പ്രതീതി .അതിന്റെ ആശ്ചര്യത്തിൽ നിൽക്കുമ്പോൾ അവൾ പറഞ്ഞു.
"ജെയിംസ് ...എന്റെ ഫ്രണ്ട് സാറയുടെ ബ്രദർ ആണ് ..ഇപ്പോൾ അമേരിക്കയിൽ ജോലി ചെയ്യുന്നു.കുറച്ചു നാളായി പപ്പയെയും മമ്മയെയും വീട്ടിലേക്കു വിടട്ടെയെന്നു ചോദിക്കുന്നു.അടുത്ത ആഴ്ച അവർ വീട്ടിലേക്കു വരാനിരിക്കു കയാണ് . വീട്ടിൽ ആർക്കും എതിർപ്പൊന്നും ഇല്ലെങ്കിലും എനിക്ക് എന്തോ ഒരു ടെൻഷൻ .ഞങ്ങൾ തമ്മിൽ ഇഷ്ടമാണെങ്കിലും....ദൈവത്തിനു കൂടി അത് ഇഷ്ട്ടമാണോന്ന് നമ്മൾ എങ്ങനെ അറിയും ?
പിന്നെ ജൂലി പറഞ്ഞതൊന്നും ജോ കേട്ടില്ല .
വെടിയേറ്റ് വീണ പക്ഷിയെ പോലെ ദുസ്സഹ യാതനയോടെ ജോ വീടെത്തി.ആത്മാര്ഥമായി പ്രണയിക്കുന്ന ഒരു ഹൃദയവും ,അവളെ രണ്ടു
കയ്യും നീട്ടി സ്വീകരിക്കാൻ കാത്ത് നിൽക്കുന്ന
ഒരു കുടുംബവും അന്ന് മൗനത്തിൽ മുങ്ങി
കുളിച്ചു.ആ രാത്രിയിൽ അവനെയറിയുന്ന
തലയിണ അവന്റെ സകല ആത്മ നിലവിളികളും ഒപ്പിയെടുത്തു കുതിർന്നു.
അവനു ആകെ ആശ്വാസമായി എത്തിയത് അവന്റെ കമ്പിളി പുതപ്പായിരുന്നു.അതിൽ അവന്റെ എല്ലാ തകർന്നടിഞ്ഞ സ്വപ്നങ്ങളെയും അവൻ മൂടിയിട്ടു. ഒരുപക്ഷെ തന്റെ പ്രണയത്തേക്കാൾ വിശുദ്ധമായിട്ടായിരിക്കും ജെയിംസ് അവളെ പ്രണയിക്കുന്നതെന്ന് കരുതി സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
കുറച്ചു ദിവസം കഴിഞ്ഞു മനസ്സൊന്നു ശാന്തമായപ്പോൾ അമ്മയോട് പറഞ്ഞു.
"നമ്മൾ ലാസ്റ് കണ്ട പെൺകുട്ടിയെ എനിക്കിഷ്ട്ടായി .അവർക്കു താല്പര്യമുണ്ടോയെന്നു ചോദിക്കു അമ്മേ "……
"ജോക്കുട്ടാ ..ദേ എല്ലാവരും എത്തി വേഗം വാ " താഴെ നിന്നും ടോമിഅളിയനാണ്.
മണവാളച്ചെക്കൻ സ്വപ്നങ്ങൾ അവസാനിപ്പിച്ച് താഴോട്ടിറങ്ങി .
കല്യാണ പുലരി പിറന്നു .
ജോക്കുട്ടൻ നല്ല കുട്ടപ്പനായി ഫോട്ടോഗ്രാഫർക്ക് പോസ് ചെയ്ത് നിൽക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി .
”ജോ…”
ഇളംനീല ലാച്ചയിൽ അതിസുന്ദരി ആയി ജൂലി.
കയ്യിൽ ഒരു സമ്മാന പൊതിയുമുണ്ട് .അവൾ ആദ്യമായിട്ടാണ് ഞങ്ങളുടെ വീട്ടിൽ വരുന്നത്.
"ആ ജൂലിയോ വരൂ ."
അവൾ ബെഡ് റൂമിനകത്തേക്കു വരാതെ
ഡോറിന്റെ അവിടെ സ്ഥാനം ഉറപ്പിച്ചു .മറ്റൊരു പെണ്ണിന്റെ സാമ്രാജ്യത്തിലേക്ക് കാലെടുത്തു കുത്താൻ ഇഷ്ടമില്ലാത്ത പോലെ…
"ജോ ..കാണാൻ നല്ല ലുക്ക് ആയിട്ടുണ്ട് ട്ടോ .ദാ എന്റെ വക ഒരു സമ്മാനം .
മറീനക്കും കൂടി ഉള്ളതാട്ടോ ."
ജോ സമ്മാനം വാങ്ങി അവളുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു .അവൾ പെട്ടെന്ന് തന്നെ ഫ്ലവർ ഗേൾസിനെ ഒരുക്കുന്ന ജയേച്ചിടെ അടുത്തേക്ക് പോയി .
വീട്ടിൽ പ്രാർത്ഥന എത്തിക്കുമ്പോഴും പള്ളിയിൽ നിൽക്കുമ്പോഴും ഒക്കെ ജൂലി എന്റെ കൺ വെട്ടത്തു വരാതെ കഴിച്ചു കൂട്ടി .മറീനയുടെ കഴുത്തിൽ മിന്നു ചാർത്താൻ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ അവസാനമായി ജൂലിയെ ഒന്ന് പരതി. അതറിഞ്ഞിട്ടോ എന്തോ അവൾ പതുക്കെ അവളുടെ അടുത്ത് നിന്നിരുന്ന സ്ത്രീയുടെ പുറകിലേക്ക് ഒതുങ്ങി നിന്നു.
കല്യാണ ബഹളം എല്ലാം കഴിഞ്ഞ് ജൂലി തന്ന സമ്മാനം ഞാനും മറീനയും തുറന്നു നോക്കി .
പുറം ചട്ടയിൽ ഒരു കുഞ്ഞി ക്ലോക്ക് പതിപ്പിച്ച ചുവന്ന നിറത്തിലുള്ള ഒരു മനോഹരമായ ഡയറി . അതിന്റെ സൈഡിലായി ഗോൾഡൻ നിറത്തിലുള്ള ഒരു പേന .അത് തുറന്നപ്പോൾ സുവർണ്ണ ലിപിയിലെഴുതിയ ഒരു വരി ...
"പുതിയ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കാൻ പറ്റുന്ന ഒരു
നല്ല സുഹൃത്താകട്ടെ ഈ ഡയറി"
"ഒരു ജ്വല്ലറി ബോക്സ് കൂടി ഉണ്ട്.അത് മറീനക്കായിരിക്കും."
ഞാൻ പറഞ്ഞു.
മറീന സന്തോഷത്തോടെ അത് തുറന്നു അതിലെ ഓരോ കള്ളികളിലും അവൾ ഓരോരോ കുറി പ്പെഴുതി ഇട്ടിരിക്കുന്നു.
ഭർത്താവു തരുന്ന സന്തോഷം ഇതിൽ, വഴക്ക് ഇതിൽ,കരുതൽ ഇതിൽ അങ്ങനെ ഒരഞ്ചാറു കള്ളികൾ നിറയെ കുറിപ്പുകൾ..
മറീന ചിരിച്ചുകൊണ്ട് ചോദിച്ചു" ആരാ ഈ ജൂലി?"
"ജയേച്ചിടെ വീടിന്റെ അടുത്തുള്ള ….ഞങ്ങൾ എല്ലാവരും ഏറെ സ്നേഹിക്കുന്ന ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും ഒരു സുഹൃത്ത് .ഇനി മുതൽ മറീനയുടെയും ."
അതെ ..ഇനിമുതൽ അങ്ങനെ മതി ..അതല്ലേ അതിന്റെ ഒരു ശെരി ! അവൾ തന്ന വിവാഹ സമ്മാനം ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു ......

By: Lipi jestin

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot