നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിറ്റ

Image may contain: 1 person, smiling, closeup

======
ഋതുമത്യാവാത്ത ഒരു പെങ്കുട്ടീടെ കല്യാണപ്പെങ്ങന്യാ....
നമ്മക്കീ ആലോചന തൊട്ട് താഴെള്ളോൾക്കങ്ങട് നിശ്ചയിക്കാ....
വല്യമ്മാമ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല്യാ.
അമ്മ മാത്രം നേര്യതിന്റെ തുമ്പാലേ മിഴികളൊപ്പി.
ഞാൻ അകത്തളത്തിലെ ചുമരിൽ ചാരി മിഴികളടച്ചു.
കോളേജിലെ രക്തദാന ക്യാമ്പിൽ വെച്ചായിരുന്നു ആദ്യം കണ്ടത്.
എന്റെ കയ്യിലെ ഞരമ്പിൽ നിന്നും ഒഴുകിയിറങ്ങിയ ഏതാനും മില്ലി രക്തത്തിന്റെ കുറവ് എനിക്കുചുറ്റും കറങ്ങുന്ന ബെഞ്ചുകളും ഡെസ്കുകളും നാലുചുമരുകളുമായി പരിണമിച്ചു.
കറങ്ങിക്കറങ്ങി താളം തെറ്റുന്ന പമ്പരം കണക്കെ ഒരു വശത്തേക്ക് ചാഞ്ഞ എന്നെ ബലിഷ്ഠമായ രണ്ടു കൈകൾ താങ്ങുകയായിരുന്നു. രവി.....
മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ സാരിത്തലപ്പാലെ ദൃതിയിൽ ഒപ്പി രവിയെനിക്ക് നേരെ നീട്ടിയ വെള്ളക്കുപ്പി വാങ്ങി ആർത്തിയോടെ വെള്ളം കുടിച്ചു.
"ആവുന്ന പണിക്ക് പോയാപ്പോരേ...? "
ചിരിയോടെ രവിയന്ന് കളിയാക്കി.
പിന്നീടങ്ങോട്ട് കളിയായും കാര്യമായും അയാളെന്നോട് പലതും പറഞ്ഞു.
ഞാൻ അയാളിൽനിന്ന് ഒഴിഞ്ഞ്മാറാൻ മാത്രം ശ്രമിച്ചു. അയാളെന്നിലെ പാതിയായ പെണ്ണിനെ വിടാതെ പിന്തുടർന്ന് തന്റെ മോഹവലയത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴും എന്നിലെ മറുപാതിയായ പൂർണതയില്ലാത്ത മറ്റൊരു പെണ്ണ് നിസ്സഹായതയോടെ ഒഴിഞ്ഞ് മാറുക മാത്രം ചെയ്തു.
അതിന്റെ പര്യവസാനമായാണ് അയാൾ ഇന്ന് ഒര് കല്യാണാലോചനയുടെ രൂപത്തിൽ ഇവിടെയെത്തിയിരിക്കുന്നത്.
തെറ്റായിരുന്നത്. പാടില്ലായിരുന്നു.
താലികെട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു.
ആരും കൂടെ കൂട്ടിയില്ല.
"എല്ലാരും കൂടെ പോയാ ഇവിടാരാ....
അംബി ഇവിടെ നിന്നോളൂ ട്ടോ.... "
അമ്മ ഒതുക്കത്തിലെന്നെ വിളിച്ച് മാറ്റിനിർത്തിയിട്ട് പറഞ്ഞു.
"ഏടത്തി.... ന്നെ വെറുക്കരുത്." ഇറങ്ങാൻ നേരം സാവിത്രിക്കുട്ടി എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ പൊട്ടിപ്പോയി....
അവളേ ആശ്ലേഷിച്ച് നെറ്റിയിൽ നനവുള്ള ചുണ്ടുകളമർത്തി.
കാഴ്ചയിലെന്നോട് ഏറെ സാമ്യമുള്ള സാവിത്രിക്കുട്ടിയുടെ കൈ പിടിച്ച് അയാൾ പടിയിറങ്ങിപ്പോവുന്ന കാഴ്ച തെക്കിനിയിലെ ജനലഴികളിൽ പിടിച്ച് നോക്കി നിന്നു....
"നല്ല യോഗ്യൻ... സാവിത്രിക്കുട്ടിക്ക് നന്നേ ചേരും.... " എന്നെക്കണ്ടപ്പോൾ സരസ്വതിയേട്ടത്തി പറഞ്ഞ് വന്നത് പാതിയിൽ നിർത്തി.
"നീ ഒന്നും കഴിച്ചില്ല്യാലോ .... "
പന്ത്രണ്ട് കൂട്ടം കറികളും രണ്ട് കൂട്ടം പായസവുമടങ്ങിയ വിഭവസമൃദ്ധമായ സദ്യ അമ്മയെനിക്ക് മുന്നിൽ വിളമ്പി.
അല്പം തണുത്ത് പോയിരുന്നെങ്കിലും സ്വാദോടെ കഴിച്ചു.
ന്റെ സാവിത്രിക്കുട്ടിയുടെ കല്യാണസദ്യയാണ്.
ഞാൻ രുചിയോടെ ഉണ്ണുന്നത് നോക്കിയെനിക്ക് മുന്നിലിരുന്ന അമ്മയുടെ തുളുമ്പി വരുന്ന മിഴികൾ ഞാൻ കാണാതിരിക്കുവാനെന്നോണം "ഉപ്പേരി വല്യ ഇഷ്ടല്ലേ നിനക്കെന്നും പറഞ്ഞ് അമ്മ ഉപ്പേരിപ്പാത്രം തിരഞ്ഞു.
ആദ്യത്തെ ഒന്ന് രണ്ട് വിരുന്നൊഴിവാക്കിയാൽ സാവിത്രിക്കുട്ടിയുടെ വരവുകൾ നന്നേ കുറഞ്ഞു. മാസത്തിലൊരിക്കൽ വരുന്ന ഇൻലെന്റിൽ അവസാനഭാഗത്ത് അംബിയേച്ചിയോടുള്ള അന്വേഷണം മുടങ്ങാതെ അറിയിച്ചു.
സരസ്വതിയേട്ടത്തിയുടെ കുഞ്ഞിന്റെ നൂലുകെട്ടിന് ഗൾഫിൽനിന്ന് വന്ന ഗോപേട്ടൻ ഒതുക്കത്തിലെനിക്ക് സമ്മാനിച്ച സാരിയും പെര്ഫ്യൂമും നിഷേധിക്കാനാവാതെ നിസ്സഹായതയോടെ സ്വീകരിക്കേണ്ടി വന്നു.
അവിടുന്നങ്ങോട്ട് ഗോപേട്ടൻ പോവുന്നത് വരെ കരുതിക്കൊണ്ട് തന്നെയാണ് കഴിഞ്ഞത്. എന്നിട്ടും ഒരുച്ചനേരത്ത് കുളികഴിഞ്ഞ് വന്ന് അറയിൽ കയറി കതകടച്ചപ്പോൾ അലമാരയ്ക്ക് മറവിൽ പരുങ്ങലോടെ ഗോപേട്ടൻ.....
സരസ്വതിയേട്ടത്തി കതകിൽ ശക്തിയായി മുട്ടിവിളിച്ചു.
നിസ്സഹായതയോടെ കതക് തുറക്കുമ്പോൾ അറിയാമായിരുന്നു സംഭവിക്കാൻ പോവുന്നതെന്താണെന്ന്.
നിന്നനില്പിൽ ഗോപേട്ടൻ മലക്കം മലക്കം മറിയുന്നതും കണ്ട് നിന്നു.
ഒടുവിൽ ആ പഴിയും....
"ന്റെ കെട്ട്യോനെ മാത്രേ കിട്ടീള്ളു അസത്തേ..
ഇത്രക്ക് കഴപ്പാണെങ്കി....
നാട്ടിലെന്തോരം തണ്ടുംതടീള്ള ആണുങ്ങള്ണ്ട്... വിളിച്ച് കേറ്റടീ.... "
കണ്ണുകൾ ഇറുകെയടച്ച് നിന്നു....
തുറക്കാൻ ധൈര്യമുണ്ടായിരുന്നില്ല.
തൊട്ടുമുന്നിൽ കാഴ്ചക്കാരായി അച്ഛനുമമ്മയും നിൽക്കുന്നുണ്ടായിരുന്നു.
നൂലുകെട്ട് കഴിഞ്ഞ് മണിക്കുട്ടിയേം എടുത്ത് കൊണ്ട് സരസ്വതിയേട്ടത്തി അന്ന് തന്നെ പടിയിറങ്ങി.
പിന്നെ ഏട്ത്തിയും വീടിന്റെ പടി കടന്നിട്ടില്ല.
ഏട്ത്തിയുടെ മുറയ്ക്ക് വരുന്ന കത്തുകളുടെ അടിയിൽ പോലും സ്ഥാനമില്ലാത്തവളായി അംബി....
പിന്നീട് സരസ്വതിയേട്ടത്തിയെ കാണുന്നത് കത്തിക്കരിഞ്ഞ ഒരു മാംസപിണ്ഡമായി തഴപ്പായയിൽ.......
തൊട്ടടുത്ത് വെറുമൊരു മാംസ പിണ്ഡമായി അയാളും.....
അതിന്റെ കാൽച്ചുവട്ടിൽ തറയിലിരുന്ന് എന്തിനെന്നറിയാതെ വാവിട്ട് കരയുന്ന മണിക്കുട്ടി....
സഹിക്കാനായില്ല.
വാരിയെടുത്ത് മാറോടടക്കിപ്പിടിച്ചു.....
എന്റെ നെഞ്ചോടൊട്ടിക്കിടന്ന് ആ ചൂടും പറ്റി അവൾ വളർന്നു....
അമ്മ..... എന്ന് അവൾ വിളിക്കുന്നത് കേട്ട് നിർവൃതിയടയാൻ ഒരുപാട് കൊതിച്ചു.
ഒടുവിൽ അവളുടെ നാവിൽ നിന്നും ആദ്യാക്ഷരം ഉതിർന്ന് വീണു.
"റ്റ....... "
നീട്ടിയും കുറുക്കിയും ഉച്ചാരണ ശുദ്ധിവരുത്തിയ "റ്റ " പിന്നെ "റ്റി....റ്റ" യായും ഒടുവിൽ ചിറ്റയായും രൂപാന്തരംപ്രാപിച്ചപ്പോൾ ആ കുഞ്ഞു ശരീരം നെഞ്ചോടടക്കിപ്പിടിച്ച് നിന്നു....
ഹൃദയം പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു അപ്പോൾ....
കൊച്ചരിപ്പല്ല് ആദ്യമായി തന്റെ വെണ്മ പുറത്ത് കാട്ടിയപ്പോൾ......
കുഞ്ഞിക്കാലുകൾ നിലത്തമർത്തി വെച്ച് അവൾ ആദ്യമായി നിവർന്ന് നിന്നപ്പോൾ......
എന്റെ വിരൽത്തുമ്പ് പിടിച്ച് പാദങ്ങൾ പെറുക്കിവെച്ച് മുന്നോട്ട് നടന്നപ്പോൾ.....
എന്റെ ജീവിതത്തിലും വർണങ്ങൾ നിറയുന്നത് ഞാനറിഞ്ഞു.
പിന്നീടങ്ങോട്ട് മണിക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള എന്റെ ജീവിതം....
മണിക്കുട്ടിക്ക് വേണ്ടി മാത്രമായി എന്റെ ദിനങ്ങൾ....
ആദ്യമായി സ്‌കൂളിലേക്ക് പറഞ്ഞയച്ചപ്പോൾ, അവളുടെ സ്കൂളിലെ ആദ്യ ദിനത്തിൽ ആശങ്കയോടെ ക്ലാസ്സ്‌ റൂമിന് പുറത്ത് കാവൽ നിന്നപ്പോൾ,
രണ്ടാം ദിനവും കഴിഞ്ഞ് മൂന്നാം ദിവസവും ഇതേ നിൽപ്പ് തുടർന്നപ്പോൾ,
ടീച്ചർ ആശ്വസിപ്പിച്ച് തിരികെ പറഞ്ഞയച്ചപ്പോൾ,
തിരിഞ്ഞ് നോക്കി.....
തിരിഞ്ഞ് നോക്കി.... തിരിഞ്ഞ് നോക്കി....
മണിക്കുട്ടി നാലാംതരത്തിൽ എത്തിയിട്ടുണ്ടാവും വടക്കേതിലെ മഹിയേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ......
ഭാര്യ മരിച്ച മഹിയേട്ടന് ഇനിയുള്ള ജീവിതത്തിൽ ഒര് കൂട്ടാവാൻ അയാളെന്നെ ക്ഷണിച്ചു.....
എന്റെ എല്ലാ കുറവുകളും ഉൾക്കൊണ്ടുകൊണ്ട് തന്നെ.
മണിക്കുട്ടിയും തനിക്കൊരു ഭാരമാവില്ല്യാന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിട്ടും ചെവിക്കൊണ്ടില്യ .
അച്ഛനുമമ്മയും ഒരുപാട് നിർബന്ധിച്ചു. മകൾ ജീവിതത്തിൽ തനിച്ചായി പോവാതിരിക്കാൻ.
"എനിക്ക് മണിക്കുട്ടീണ്ടല്ലോ അമ്മേ....
എനിക്കിവൾ മാത്രം മതി.
ഇവളുടെ ചിറ്റയായിട്ട് ജീവിച്ച് തീർന്നാൽ മതി. "
അതൊരു ഉറച്ച തീരുമാനമായിരുന്നു .
മണിക്കുട്ടി സ്കൂളിൽ പോയാൽ പിന്നെയുള്ള വിരസതയൊഴിവാക്കാനാണ് ലൈബ്രറിയിലെ ജോലി സ്വീകരിച്ചത്.
പിന്നീട് അച്ഛന്റെ കാലശേഷം ആ ജോലി വലിയൊരു ആശ്വാസമായി മാറി. ജീവിതത്തിലെ ഒരു ബുദ്ധിമുട്ടുകളുമറിയാതെ എന്റെ മണിക്കുട്ടി വളരണമെന്നാഗ്രഹിച്ചു. അതിന് വേണ്ടി രാപകലില്ലാതെ പ്രയത്നിച്ചു.
ചുവന്ന് പോയ തന്റെ പട്ടുപാവാട കാണിച്ച് മണിക്കുട്ടി ഭയന്ന് കരഞ്ഞ ദിവസം അവളേ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല മിഴികൾ നിറഞ്ഞു തൂവി...
എന്റെ മണിക്കുട്ടി വലുതായി....
അമ്മയാണ് അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തത്. വയറു വേദനിക്കുമ്പോൾ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊടുത്തത്.എനിക്കും അതെല്ലാമറിയാമായിരുന്നെങ്കിലും പ്രായോഗികമായ അറിവിന്റെ കുറവ്....
പിന്നീടങ്ങോട്ട് തന്റെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്കെല്ലാം അവൾ അമ്മമ്മയെ ആശ്രയിച്ചു.
"ഈ ചിറ്റയ്ക്ക് ഒന്ന്വറീല ..... " അവൾ കളി പറഞ്ഞു. ഞാൻ ചിരിക്കാൻ ശ്രമിച്ചു.
ഇനി കരുതലില്ലാതെ ജീവിക്കാൻ വയ്യ. എന്റെ മണിക്കുട്ടി വലുതാവുകയാണ്. ഞാൻ എന്റെ കാര്യത്തിൽ കൂടുതൽ കൂടുതൽ പിശുക്കിയായി തീർന്നു. മാസങ്ങളോളം സ്വരുക്കൂട്ടി വെക്കുന്ന കാശുകൊണ്ട് പൊട്ടും പൊടിയുമായി ഓരോന്ന് വാങ്ങിക്കൂട്ടി. അപ്പോഴെല്ലാം ന്റെ മണിക്കുട്ടി സർവാഭരണവിഭൂഷിതയായി, നവവധുവായി തിളങ്ങി നിൽക്കുന്ന കാഴ്ച മനക്കണ്ണിൽ കണ്ടു.
എന്റെ മണിക്കുട്ടി പിന്നേം വളർന്നു. പത്താംതരത്തിൽ ഉയർന്ന മാർക്കോടെ പാസ്സായി.
പതിവ് പോലെ വൈകുന്നേരം വീട്ടിൽ വന്ന് കയറിയപ്പോൾ അകത്തളത്തിൽ വീണ് കിടക്കുന്ന അമ്മയെ കണ്ടു. ഏറെ കുറെ തണുത്ത് തുടങ്ങിയ ആ ശരീരം തന്നിൽ നിന്ന് ജീവൻ പറന്ന് പോയിട്ട് ഏതാനും മണിക്കൂറുകളായി എന്നോർമപ്പെടുത്തി. അതൊരു ആഘാതമായിരുന്നു.
എന്റെ തണൽ മരം നഷ്ടപ്പെട്ടിരിക്കുന്നു.....
പിന്നീട് ആ വലിയ വീട്ടിൽ കഴിയാനാവാതെ സിറ്റിയിലെ ഒരു വാടകവീട്ടിലേക്ക് ഞങ്ങളുടെ ജീവിതം പറിച്ച് നടേണ്ടി വന്നു. എനിക്കത് വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും മണിക്കുട്ടി അതുമായി പെട്ടെന്ന് ഇണങ്ങി ചേർന്നു.
മണിക്കുട്ടിയുടെ കൗമാരകാലം എന്നെ സംബന്ധിച്ചിടത്തോളം ഏറെ കുറെ സങ്കർഷങ്ങളുടേതുകൂടിയായിരുന്നു....
കൗമാരം എന്റെ മണിക്കുട്ടിയിൽ വലിയ ചില മിനുക്കുപണികൾ നടത്തി. വലിയ ദേഷ്യക്കാരിയും വാശിക്കാരിയുമായി അവളെ മാറ്റി. നിസാരകാര്യങ്ങൾക്ക് പോലും എന്നോട് വഴക്കിട്ടു. ചിറ്റയ്ക്ക് തന്നെക്കാൾ സൗന്ദര്യമുണ്ടെന്ന് കൂടെ കൂടെ ആകുലപ്പെട്ടു. എന്നോടൊത്ത് അമ്പലത്തിലേക്ക് പോലും വരാതായി. അവളുടെ ലോകം കൂട്ടുകാരിൽ മാത്രമായി ചുരുങ്ങി. ചിറ്റ അറുപഴഞ്ചനാണെന്ന് ഇടയ്ക്കിടെ ഓർമപ്പെടുത്തി. ഞാനാവട്ടെ വനിതാമാസികകളിൽ കൗമാരകാല മതിഭ്രമങ്ങളെ കുറിച്ച് കൂടുതൽ വായിച്ചറിയാൻ ശ്രമിക്കുകയും എന്നേ തന്നെ മാറ്റിമറിച്ച് അവളുടെ സുഹൃത്താവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു......
ഉപരി പഠനത്തിനായി മണിക്കുട്ടി ഹോസ്റ്റലിലേക്ക് മാറിയപ്പോൾ ഞാനിവിടെ തനിയെ.......
വല്ലപ്പോഴും വരുന്ന ഫോൺ കോളുകൾ ജീവവായുവായി. വല്ലപ്പോഴും മണിക്കുട്ടി അവധിക്ക് വരുമ്പോൾ അവൾ ചിറ്റയുടെ സാരിത്തുമ്പിൽ തൂങ്ങി നടക്കുന്ന പഴയ മണിക്കുട്ടിയായി. എന്തിനും ഏതിനും ചിറ്റ വേണമെന്ന അവസ്ഥ. ചിറ്റയോടൊത്ത് അമ്പലത്തിൽ പോണം, ചിറ്റയുടെ മടിയിൽ തല ചായ്ച്ചുറങ്ങണം......
നഷ്ടപെട്ടതെല്ലാം തിരിച്ച് കിട്ടുന്ന പ്രതീതി.
നാല് വർഷങ്ങൾക്ക് ശേഷം മണിക്കുട്ടി ഹോസ്റ്റൽജീവിതമവസാനിപ്പിച്ച് തിരിച്ച് വരികയാണെന്നറിയിച്ചപ്പോൾ മനസ് ഒരു കൊച്ചു കുട്ടിയേപ്പോലെ തുള്ളിച്ചാടി.
എന്റെ ദിനങ്ങൾക്ക് വീണ്ടും നിറം വെച്ച് തുടങ്ങി.
അതിനിടയ്ക്ക് ഞാൻ വീട്ടിലില്ലാത്ത സമയത്ത് മണിക്കുട്ടിയേ ബൈക്കിൽ കൊണ്ട് വിട്ട ഒരു ചെറുപ്പക്കാരനെ കുറിച്ച് അയല്പക്കത്തെ സരോജിനിചേച്ചി സൂചിപ്പിച്ചു.
പതിവ് പോലെ മണിക്കുട്ടി അടുക്കളയിൽ എന്നെ പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു. വിശേഷങ്ങൾ ചോദിച്ചു. എന്റെ മടിയിൽ തല ചായ്ച്ച് കിടന്നു. ഈ കുട്ടികളുടെ മനസ്സ് ആർക്കാണ് മനസിലാക്കാനാവുക?
ജീവിതത്തിലിന്നേവരേക്കും സംഭരിച്ച് വച്ചിരുന്ന ധൈര്യം മുഴുവൻ ചോർന്ന് പോവുന്നു.
എന്റെ മണിക്കുട്ടിക്ക് തെറ്റുപറ്റില്ല. തെറ്റും ശരിയും പറഞ്ഞ് കൊടുത്ത് തന്നെയാണ് ഞാനിവളെ വളർത്തിയത്.
അവളെ ഒട്ടുമേ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അന്വേഷിച്ചു. ഒട്ടൊരു പതർച്ചയോടെയാണെങ്കിലും ചിറ്റയിൽനിന്നൊന്നും മറച്ച് വെക്കാതെ എല്ലാം പറഞ്ഞു.
പിറ്റേന്ന് തന്നെ അയാളെ കുറിച്ച് വിശദമായി അന്വേഷിച്ചു. അന്യമതസ്ഥനാണെന്നത് പോട്ടെ, കള്ളും കഞ്ചാവും പെണ്ണും.....
എന്റെ മണിക്കുട്ടി എങ്ങനെ ഇയാളുമായി???
എങ്ങനേയും ന്റെ കുട്ടിയേ രക്ഷപ്പെടുത്തിയേ മതിയാവു.......
ഈശ്വരാ...... ഞാനെങ്ങനെ എന്റെ കുട്ടിയെ ബോധ്യപ്പെടുത്തും?
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും അവളുടെയീ മൗനം എന്നെ ആശങ്കപ്പെടുത്തുന്നു.
"ചിറ്റയെ ആരെങ്കിലും തെറ്റിധരിപ്പിച്ചതായിക്കൂടെ? "
പ്രതീക്ഷിച്ച ചോദ്യം തന്നെ......
അവളെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അമിതമായ ഉത്കണ്ഠ എന്നെ തളർത്തിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. എന്നിട്ടും അവൾക്ക് ബോധ്യമായിട്ടുണ്ടോ ആവോ? ഒന്നും ആ മുഖത്ത് നിന്ന് വായിച്ചറിയാനാവുന്നില്ല.
ഉറക്കമില്ലാത്ത ആ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു.
"ചിറ്റ ഇത് വരെ ഉറങ്ങീലേ?" പാതിരാത്രിയിലെപ്പോഴോ ഇരുട്ടിൽ നിന്നും ചോദ്യം കേട്ടു.
ഞാനൊന്നും പറഞ്ഞില്ല.
"ചിറ്റയിങ്ങനെ സങ്കടപ്പെടല്ലേ നിക്കത് സഹിക്ക്യാനാവില്ല. "ശബ്ദമിടറിക്കൊണ്ടാണ് പറച്ചിൽ....
ഞാനവളെ ഒന്നുകൂടി അടക്കിപ്പിടിച്ച് പുറത്ത് പതിയെ തട്ടിക്കൊണ്ടിരുന്നു.
"ചിറ്റയുടെ സങ്കടം നിയ്ക്ക് മനസിലാവണുണ്ട്. പക്ഷെ...... അവനെ മറക്കാൻ..... "
പൊട്ടിപ്പിളർന്നാണ് കരച്ചിൽ.
തെല്ലൊന്ന് ശാന്തമാവുന്നത് വരെ അടക്കിപ്പിടിച്ചു തന്നെ കിടന്നു. അവളുടെ മനസ്സിൽ ശരിയും തെറ്റും തമ്മിലുള്ള പിടിവലി തുടങ്ങിക്കഴിഞ്ഞു എന്ന് മനസിലായി. എന്റെ നെഞ്ചിലേക്ക് ഭാരങ്ങളെല്ലാമിറക്കി വെച്ച് അവളെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. ഞാൻ ഇരുട്ടിൽ കണ്ണുകൾ തുറന്നു കിടന്ന് നേരം വെളുപ്പിച്ചു. ഒരാഴ്ച ജോലിക്ക് പോവാതെ അവളോടൊപ്പം ചിലവഴിച്ചു.
"എന്നെ ഭയന്നിട്ടാണോ ചിറ്റ.......? "
അവളെന്നോട് ചോദിച്ചു.
നിന്നെ ഭയന്നിട്ടല്ല മോളേ...... നിനക്കെന്തെങ്കിലും പറ്റിപ്പോയാൽ എനിക്കെന്നെ തന്നെയാണ് ഭയം.... "
അവൾ ഒന്നും മിണ്ടാതെ നിമിഷങ്ങളോളം എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ടിരുന്നു....
കാര്യങ്ങളെല്ലാം വീണ്ടും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ട് ഞാൻ ജോലിക്ക് പോയിത്തുടങ്ങി.
ഏതാണ്ട് ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാവണം ഒരുച്ചയ്ക്ക് വീട്ടിലേക്കെത്തുമ്പോൾ വീടിന് മുന്നിലൊരു ബൈക്ക്.....
എത്ര അടക്കിപ്പിടിച്ചിട്ടും ഉള്ളിലെ സ്തോഭത്തെ അടക്കാനാവാതെ വാതിലിൽ ഉറക്കെയുറക്കെ തട്ടി വിളിച്ചു.
വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ ചെറുപ്പക്കാരൻ എന്നെ ഒട്ടുമേ ഗൗനിക്കാതെ പുറത്തേക്കിറങ്ങിപ്പോയി. അവന്റെ കണ്ണുകളിൽ ഞാൻ കണ്ട വിജയീ ഭാവം എന്നെ ഭയപ്പെടുത്തി.
ഞാൻ പാഞ്ഞ് വീടിനുള്ളിലേക്ക് കയറി. അവിടെ ഇരുട്ടിൽ മുഖം കുനിച്ച് നിൽക്കുന്ന മണിക്കുട്ടിയെ ഞാൻ കണ്ടു. അവളുടെ അഴിഞ്ഞു ചിതറിയ മുടിയും, നെറ്റിയിൽ പടർന്ന് കിടക്കുന്ന കുങ്കുമവും ഞാൻ കണ്ടു.
എനിക്കെന്നേ നിയന്ത്രിക്കാനായില്ല .
തലങ്ങും വിലങ്ങും തല്ലി.തളരുവോളം...
എന്നിട്ടും കലിയടങ്ങാതെ വീണ്ടും തല്ലാനായി ഞാൻ കയ്യുയർത്തി.
"തൊട്ട് പോവരുത്... ഇനി തൊട്ട് പോവരുതെന്നേ...... "
ഒരുനിമിഷം വായുവിൽ എന്റെ കൈകൾ നിശ്ചലമായി.
"എന്നേ തല്ലാൻ നിങ്ങൾക്കെന്തധികാരം?
ഇങ്ങനെ തല്ലിക്കൊല്ലാനും മാത്രം ഞാനെന്ത് തെറ്റാണ് ചെയ്തത്? "
"ഇല്ലേ.... നീ തെറ്റൊന്നും ചെയ്തില്ലേ.....? "
ഒരാളെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്...... അയാളോടൊത്ത് ജീവിക്കാനാഗ്രഹിച്ചതോ? ഇതൊക്കെ എല്ലാ സ്ത്രീകളുടെയും ആഗ്രഹം തന്നെയാണ്.....
നിങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്ത് പ്രയോജനം? ഇതൊക്കെ മനസ്സിലാകണമെങ്കിൽ അറ്റ്ലീസ്റ്റ് ഒര് സ്ത്രീയെങ്കിലുമായിരിക്കണം. പൂർണയായ ഒര് സ്ത്രീ....... "
തീയിനെക്കാൾ ശക്തിയുള്ള വാക്കുകൾ എന്റെ കാതുകളെ ചുട്ടുപൊള്ളിച്ചു.
ഇനിയും കൂടുതലായെന്തെങ്കിലും കേൾക്കാൻ കെല്പില്ലാതെ ഞാൻ കുഴഞ്ഞ് നിലത്തേക്ക് വീണു.
എന്നേ വകവെക്കാതെ അവൾ പുറത്തേക്കിറങ്ങിപ്പോവുമ്പോൾ ഒരാർത്ത നാദം തൊണ്ടയിൽ കുരുങ്ങി......
"മോളേ......... "
(ആമി..... )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot