നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നെല്ലിക്ക.


.....................
" ഇക്കാടെ പോക്കറ്റിൽ മിട്ടായി ഉണ്ട് .. കൊച്ചിന് വേണോ...?" സജീറിക്കയാണ്..മിട്ടായി എന്ന് കേട്ടതും എന്റെ രണ്ട് കണ്ണുകളും ബൾബ് പോലെ മിഴിച്ച് കത്തി.. മുമ്പിലെ രണ്ട് പുഴുപ്പല്ലുകളും കാണിച്ച് ഉഷാർ ഒരു ചിരിയും പാസാക്കി.. രാവിലെ പല്ല് തേക്കാതെ പലഹാരം തിന്നത് കൊണ്ടാണ് പുഴുപ്പല്ല് ഉണ്ടായതെന്നാണ് ഉമ്മ പറഞ്ഞത്.. അങ്ങനെ തിന്നുന്ന രസം ഉമ്മക്കറിയൂലല്ലോ..
മുട്ടായി ഉണ്ടെന്ന് പറഞ്ഞത് പറ്റിക്കലാണ് എന്നറിഞ്ഞതും എന്റെ ഭാവം മാറി.. പിന്നെ വായ തുറന്ന് വെച്ച് ഉഗ്രമായൊരു കരച്ചിലായിരുന്നു.. അതിന്റെ പ്രതിഫലനമായി ആന്റി അടുക്കളയിൽ നിന്ന് ഓടി വരികയും പിള്ളേരെ പറ്റിക്കാണോടാ കഴുവേറി.. എന്ന് ചോദിച്ച് ഇക്കക്ക് നല്ല അടി കിട്ടുകയും ചെയ്തു.. എന്നിട്ടും കലി മാറാതെ മോങ്ങിക്കൊണ്ടിരുന്ന ഞാൻ അവിലും പഴവും ശർക്കരയും ഒരു പ്ലേറ്റ് നിറയെ കിട്ടിയപ്പോഴാണ് അടങ്ങിയത്.ഇന്നിനി മാമ വരുമ്പോൾ ഇക്കയെ തല്ലാൻ മറ്റൊരു കാരണം കൂടിയായി.
കൊല്ലപ്പരീക്ഷ കഴിഞ്ഞ് ഇത്താത്ത മാർക്ക് സ്കൂൾ പൂട്ടുമ്പോഴാണ് ഞങ്ങൾ ആലപ്പുഴയിലെ ആന്റീടേം മാമേടേം വീട്ടിൽ പോവുന്നത്.. നിറയെ കായലും പായലും തോടും താറാവും വെള്ള മണ്ണുമൊക്കെ കാണുമ്പോൾ തന്നെ എനിക്കൊരു തിക്കു മുട്ടലാണ്.. പറ്റിയാൽ ആ താറാവുകളെ പോലെ ചളിയിൽ പൂണ്ട് അങ്ങനെ വിഹരിക്കുക എന്നതാണ് ലക്ഷ്യം.. നല്ല തല്ല് പേടിച്ച് മോഹം മുളയിലെ നുള്ളും.
രണ്ട് ഇത്തമാരും അവരുടെ അനിയനായി ഒരിക്കയുമാണ് അവിടെ ഉള്ളത്. എന്നെ കണ്ടാൽ ഉടനെ ഞങ്ങടെ മുറച്ചെറുക്കൻ വന്നേ എന്ന് പറഞ്ഞ് ഇത്തമാർ എടുത്ത് പൊക്കി ലാളിക്കും. ഞാനൊരു മുറച്ചെറുക്കന്റ ഗമയിലങ്ങനെ രസിച്ചിരിക്കും..
ഇക്കയുടെ കൂടെ സൈക്കിളിന്റെ പിറകിൽ കയറി കറങ്ങാൻ നല്ല കൗതുകമാണ്.. തോടിന് കുറുകെയിട്ട ഒറ്റത്തടി പാലത്തിലൂടെ ബാലൻസ് ചെയ്ത് നടക്കാനും ആഞ്ഞിലി ചക്ക പെറുക്കി തിന്ന് അതിന്റെ കുരു വറുക്കലും.. ചക്ക തിരി കത്തിക്കലും തോട്ടിൽ നീന്തി കുളിയുമൊക്കെ സുഖമുള്ള പരിപാടി തന്നെ.
ആ നാട്ടുകാർക്ക് കാതുകമുള്ള കാര്യം എന്റെ കോഴിക്കോടൻ ഭാഷ കേൾക്കലായിരുന്നു.. കയറ് പിരിക്കണ കുഞ്ഞമ്മ ചേച്ചിയും ലോട്ടറിക്കച്ചവടക്കാരൻ മാത്തുക്കുട്ടി ചേട്ടനും മീൻ വിക്കണ ലീലാമ്മ ചേടത്തിയുമെല്ലാം എന്റ മൊഴി മുത്തുകൾ കേട്ട് ചിരിച്ച് മറിയാൻ കാതോർത്തിരുന്നു..
അങ്ങനെ കളിച്ച് രസിച്ച് നടക്കണ സമയത്ത് രണ്ട് സംഭവങ്ങളുണ്ടായി.. ഇക്കയുടെ കൂടെ സൈക്കിളിൽ കയറി റേഷൻ കടയിൽ പോയപ്പോൾ എനിക്ക് വല്ലാത്തൊരു ശങ്ക.. ഞമ്മളെ ഭാഷയിൽ ആവുന്നത് പറഞ്ഞു ''ഇക്കാ... പാത്താൻ മുട്ടുന്നെന്ന്.... '' ആര് കേൾക്കാനാ.. പാത്ത് കളിയൊക്കെ വീട്ടിലെത്തീട്ട് ആവാമെന്ന് ഇക്ക.. പിന്നൊന്നും നോക്കിയില്ല.. മണ്ണെണ്ണ നിറച്ച് വെച്ച വീപ്പയിലെ അഗാധ നീലിമയിലേക്ക് അതി മനോഹരമായി കാര്യം സാധിച്ചു.. ചെർക്കൻ മണ്ണെണ്ണയിൽ മുള്ളിയേ.. എന്ന് കടക്കാരൻ വിളിച്ച് പറഞ്ഞത് കേട്ട് കൂട്ടച്ചിരിയായിരുന്നു..
രണ്ടാമത്തെ സംഭവം നടന്നത് രാത്രിയിലാണ്.. കലി തുള്ളി വന്ന മാമ ഇക്കയെ എടുത്തിട്ട് ഞെരി വട്ടം തല്ലി.. പുല്ലിൽ നിന്ന് വലിച്ചൂരിയെടുത്ത് ഞാൻ കളിക്കാൻ കൊണ്ട് വെച്ച വടികെളെടുത്താണ് അടിച്ചത്... എന്നിട്ടും കലി തീരാതെ കയ്യിൽ കടിക്ക വരെ ചെയ്തു..കാര്യം ഇക്ക എട്ടാം ക്ലാസിൽ മൂന്നാമതും ദയനീയമായി തോറ്റിരിക്കുന്നു..!
അന്ന് രാത്രി അടിയും കടിയും കൊണ്ട പാടുകളിൽ തടവിക്കൊണ്ട് ഇക്ക എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു.. ആ സ്കൂളിൽ എല്ലാം ഭയങ്കര ഭീകരമാണ് .. ഒരിക്കലും പാസാക്കൂല എന്നൊക്കെ.. മാമക്കാണേൽ മാമനെ പോലെ മോനെ ഒരു സർക്കാർ ജോലിയിൽ ആക്കണമെന്നാണ്.. അതിനാണ് മുന്തിയ സ്കൂളിൽ ചേർത്തത്.. ഇക്ക ഉണ്ടാക്കിയ സൗണ്ട് സിസ്റ്റവും ഡൈനാമോയിൽ വർക്ക് ചെല്ലുന്ന ഫാനും ഫിലിപ്സിന്റെ വാക്ക് മാനിൽ വരുത്തിയ മാറ്റങ്ങളും എല്ലാം അന്നെനിക്ക് കാണിച്ചു തന്നു.. മാമക്ക് ഇതൊക്കെ കലിയാണ് പോലും..
അന്ന് രാത്രി ഞാനൊരു ഭീകര സ്വപ്നം കണ്ടു.. മുട്ടനാടിന്റെ ചോര കുടിച്ച് ലോറി ഓടിച്ച് വരുന്ന ഇക്ക... ചെവിയിൽ പൂടയും കയ്യിൽ ചൂരലുമായി മാമ.. ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന ലോറി.. '' അള്ളോ നെറുമ്മേ....'' എന്നലറി വിളിച്ച് എണീറ്റ് ഉമ്മേടെ അടുത്ത് പോയി കെട്ടിപ്പിടിച്ച് കിടന്നപ്പോഴാണ് പിന്നെ ഉറക്കം വന്നത്.
പിറ്റേന്ന് ഉച്ചക്ക് എല്ലാരൂടി ഭക്ഷണം കഴിക്കുന്ന സമയമാണ്.. ഞാൻ കക്കയിറച്ചി മാത്രം പെറുക്കി തിന്ന് കൊണ്ടിരുന്നു.. ഇക്കക്ക് ആരോ അച്ചാർ വിളമ്പിയപ്പോൾ മൂപ്പർ ഒറ്റ പറച്ചിലാണ്..പട്ടി കടിച്ചാൽ നാരങ്ങ അച്ചാർ കൂട്ടാൻ പറ്റൂലാന്ന്...! കലി തുള്ളി നിന്ന മാമയുടെ മുഖമപ്പോൾ തിലകനെ പോലെയായിരുന്നെന്ന് തോന്നി.. വീറോടെ നിന്ന ഇക്കയുടെ മുഖം തോമസ് ചാക്കോയുടേയും....
- യൂനുസ് മുഹമ്മദ്.
പിൻ കുറിപ്പ്: ഫോൺ വിളിച്ചപ്പോൾ പരിഭ്രമം തുളുമ്പുന്ന ൾബ്ദത്തിൽ ഇക്ക പറഞ്ഞ വാർത്ത മാമക്ക് അപകടം പറ്റിയെന്നും നാട്ടിൽ പോവണമെന്നുമൊക്കാണ്.. ഞാൻ നാട്ടിൽ അന്വേഷിച്ചപ്പോൾ കാര്യമായ പ്രശ്നമൊന്നുമില്ല.. പക്ഷേ അതു പറഞ്ഞിട്ടും ഇക്കക്ക് നിൽപ് വരുന്നില്ല.. ഈ അവസ്ഥയിൽ ഞാനില്ലാതെങ്ങനാ എന്ന് പറഞ്ഞപ്പോൾ ഒരു മകന്റ അച്ഛനോടുള്ള സ്നേഹവും കരുതലും തുളുമ്പുന്നുണ്ടായിരുന്നു... ഇങ്ങനെ അടി കൂടി നടക്കുന്ന ബാപ്പയും മക്കളുമൊക്കെ പരസ്പരം തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.. അതിന് ശേഷം എത്രയോ കരുത്തുള്ളതും മധുരമുള്ളതുമായിരിക്കും ആ ബന്ധം... നെല്ലിക്ക പോലെ...
By Younus Muhammed

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot