Showing posts with label GopakumarKaimal. Show all posts
Showing posts with label GopakumarKaimal. Show all posts

സ്നേഹിതൻ


സ്നേഹിതാ...
കാലം കുറേയായില്ലേ
എന്നെ കൂട്ടാതെ,
നിന്റെയീ യാത്ര!
ഭിത്തിയിൽ
ചിരിയോടെയെന്നെ
കളിയാക്കുന്ന
നിന്റെ രൂപത്തെ
പരിഭവമൊളിപ്പിച്ച കണ്ണാൽ
നോക്കി നിൽക്കുമ്പോൾ
അസൂയ കൊണ്ട് ഞാൻ
കണ്ണു തുടയ്ക്കുമായിരുന്നു
മുത്തശ്ശന്റെ
വെറ്റിലച്ചെല്ലത്തിലൊളിപ്പിച്ച
തെറുപ്പു ബീഡി കട്ടെടുത്തു
വരുമെന്ന് കാത്തെത്ര നേരം
മച്ചിന്റെ മുകളിലെയിരുട്ടിൽ
ഞാൻ.....
വീട്ടുമുറ്റത്തൊത്തിരി
ആളോള്,
കാണാൻ നിന്നപ്പോഴും
നിന്റെ കുസ്യതിക്കുരുന്ന്
അച്ഛാ - ന്നു വിളിച്ചുമ്മ-
തന്നുണർത്താൻ
കൊതിച്ചിട്ടും...
നീയെന്തേ
ഉണരാതുറങ്ങി..?
ഓണക്കാലത്തൂഞ്ഞാലു
കെട്ടുന്ന,
പുളിയൻ മാവിന്റെ
മുറിഞ്ഞ ചുവട് കാണുമ്പോൾ
സ്നേഹിതാ....
എന്റെയീ ഓണവും....!!!!
ഗോപകുമാർ കൈമൾ

വാത്മീകം


കൊന്നമരങ്ങൾ
കാലം തെറ്റി പുത്തപ്പോഴും,
കൊതിച്ചിരുന്ന നിനവിൻ
ചുവട്ടിൽ പ്രതീക്ഷയാൽ
ജലമിറ്റിച്ച് -
തളർന്നിരിക്കുമ്പോഴും,
ജനിച്ച നാൾ മുതലിന്നോളം
ജപിച്ച മന്ത്രമീ തുളസിത്തറയ്ക്ക്
വലം വച്ച് പുലരിയിൽ
രഹസ്യമായോതിക്കരഞ്ഞിട്ടും
ഒരു കർപ്പൂര നാളമായുരുകി
ധൂമമായ് നിന്റെ
നാസികത്തുമ്പിലെന്നും മുത്തമിട്ട്
കടാക്ഷത്തിനായ് കേഴുമ്പോഴും
പ്രദക്ഷിണ വഴിയിലെന്നെ
നോക്കിച്ചിരിക്കുന്ന
ബലിക്കല്ലുകൾക്ക്
നിനക്കായ് കരുതിയ എന്റെ
മനസ്സ് നേദിക്കാതിരുന്നിട്ടും
വിരലകലത്തിലെങ്കിലും
നീയൊരുക്കിയ വാത്മീകം
എന്നിൽ നിന്ന് നിന്നെ
മറയ്ക്കുകയായിരുന്നോ?
പടിവാതിലിൽ ഞാൻ -നിന്റെ
രഥചക്രം അവശേഷിപ്പിച്ച
ധൂളികൾക്കിടയിൽ നിന്നെ
തിരയുകയാണിന്നും...!!!
ഗോപകുമാർ കൈമൾ

ദൈവത്തിനോട്...


ദൈവമേ,
നീ പറഞ്ഞോ
നിന്റെ ശ്രീകോവിലിൻ
പുറംചുവരുകൾക്ക്
ഏതു ലോഹം
പൊതിയണമെന്ന്
തിളങ്ങുന്ന മാർബിൾ
പ്രതലത്തിൽ ചവിട്ടി നീ
യാത്ര ചെയ്യാറില്ലയെങ്കിലും
ദൈവമേ... നീ പറഞ്ഞോ
ഈ പ്രദക്ഷിണവഴികൾക്ക്
തിളക്കമേകി
പ്രൗഡി കാട്ടണമെന്ന്
വിണ്ണിനിന്നുമ്മ കൊടുക്കാൻ
വെമ്പും മിനാരങ്ങളെന്തിനിന്ന്
പെരുമ കാട്ടാൻ
നീയോതിക്കൊടുത്തതോ
ഈ കടത്തിണ്ണയിൽ
ഒരു പത്രത്താളതിൽ
ചൂളിച്ചുരുങ്ങിയുറങ്ങി
തണുത്തുണരും
ആലംബഹീനർക്കൊരു
കൂരയെന്തേ നീ കൊടുത്തില്ല
നിൻ സേവകരെന്നു
നടിപ്പവർക്കെന്തു നീ
ബോധമിന്നും കൊടുത്തില്ല
ദൈവമേ... നീ പറഞ്ഞോ
കോടികൾ കൊന്നു
നിനക്കായ് വാർക്കും
സൗധങ്ങൾക്കിടയിൽ നിന്നും
മേനി നോവാതുരുക്കി -
യൊരിത്തിരി - യൊത്തിരി
പൊന്ന് ധരിക്കുവാൻ...
എച്ചിൽക്കൂനകൾ തേടിയലയും
നായകൾക്കൊപ്പം
ദുർഗന്ധമിന്നും പങ്കിട്ട് ഭക്ഷിക്കുമാ
കാഴ്ചകളറിയില്ലയെന്നു നടിക്കും
നിന്റെ ദാസരെ
നീയൊന്നു തിരുത്തുക !
മണ്ണിലും വിണ്ണിലും
തൂണിലും തുരുമ്പിലും വാഴും
നിനക്കെന്തിനീ സൗധങ്ങൾ
ദൈവമേ... നിനക്കെന്തിനീ
ആഡംബരങ്ങൾ?????
ഗോപകുമാർ കൈമൾ

കലിയുഗ സന്യാസിമാർ


സ്വപ്നസൗധത്തിനുള്ളിലാ-
സുഖശീതള വിസ്മയമുറിയതിൽ,
ന്യത്തമാടി ശയിക്കുവോർ..
നഷ്ട ലാഭ ചിന്തയിലുരുകാതെ
മൃഷ്ടാന്നം ഭുജിച്ചു വസിപ്പവരിന്നു
സർവ്വ സംഗപരിത്യാഗിക്കർത്ഥം
തിരഞ്ഞു നടക്കുന്നു
ക്ഷോഭമൊടുങ്ങാത്ത മനസ്സുമായവരീ
കാമവും ബലിയിട്ടടക്കിയോ?
ഒഴുകിയെത്തും കോടികൾ തിന്ന,
രഥത്തിൽ നിന്നീ മണ്ണിന്റെ
സ്പർശനം വെറുത്തവർ
ലജ്ജിക്കും പൂർവ്വികർ ശ്രേഷ്ഠരവർ
നിങ്ങളെയോർത്തു!
വർജ്ജിക്കും ഭാരത സംസ്കാരം
നിങ്ങളെ....!
സ്വേദ കണങ്ങളെ ദേഹം കൊതിച്ചോരു
സ്വാമിയായ് തീർന്നാലെന്തു നന്ന്!!!
ഗോപകുമാർ കൈമൾ

എൻ പാതിയോട്


പ്രിയതേ,
ഇന്നു ഞാൻ
നമിക്കുന്നു നിന്നെ..
യാത്ര പറയാൻ
മടിക്കുന്നു ഞാൻ
നിഴലായ്
നീയെത്ര നാൾ,
നിറമേകിയെൻ
കരളിൽ
തുടിക്കുന്നുവോ!
വിജനമാം വീഥികളെന്നെ
വിളിക്കുന്ന നേരമോ
വിഫലമായോ....
പ്രിയതേ നിൻ
വിരലിൻ തലോടൽ?
പുണരുമോ
ഒരു രാവുകൂടി
എന്നിലലിയുമോ?
ചിരി മൂടി നിൻ
മിഴി നിറയാതിരിക്കാൻ
കുറുനിര തഴുകി
തളരാതെയെൻ
വിരലുകൾ !!
മിഥ്യയെന്നറിയണം
വരും കാലമെന്നെ
നിൻ മിഴികൾ...
പുതു മലർ തേടി
പുലരിയിലേക്കൊന്നിറങ്ങണം
പ്രിയ രാവുകളെല്ലാം
വരും കാലമേകുമെന്നറിയണം!
ചിരിയോടെ നീ-
യെനിക്കൊരു
ചെറു ചുംബനം
ചേർന്നിരുന്നേകണം
നിൻ വിരൽത്തുമ്പി -
ലെൻ കണ്മണിയെ
നോവറിയിക്കാതെ
നോക്കണം
പ്രിയതേ...
ഞാൻ മടങ്ങുന്നു
നിൻ മിഴികൾ
തിരിക്കുക!
നിന്നുടലകറ്റുക!
എന്നെ മറക്കുക!!
പ്രിയതേ........
ഗോപകുമാർ കൈമൾ

കർണ്ണൻ പുനർജ്ജനിക്കുന്നു


ദിവ്യഗർഭം പേറുന്ന കുന്തിമാർ
നൊന്തുപെറ്റ കുരുന്നുകൾ
ചുണ്ടുവരണ്ട് കരയുമ്പോൾ
ചുരത്താൻ മടിക്കും മനസ്സുകൾ
വാടകക്കുടിശ്ശികയിലൊറ്റ രൂപ
കുറഞ്ഞതിൽ,
വായിട്ടലയ്ക്കുന്നു
വാശി പിടിക്കുന്നു
പത്തു മാസം ചുമന്ന കുഞ്ഞിനെ
മുത്തം കൊടുക്കാൻ മറന്നവർ
പത്തുലക്ഷകരാറിലൊഴിയുന്നു
വാടകയ്ക്കുണ്ട് ഗർഭപാത്രങ്ങൾ
വില പറഞ്ഞുറപ്പിക്കുക!
പേറ്റുനോവറിയാതെ അമ്മയാകാൻ
സുന്ദര മേനിയുടയാതെ,
സുന്ദരിയായ് ലോകരെ കാട്ടുവാൻ
ജന്മം പ്രദർശന വസ്തുവാക്കി
വെറുതെ ജനിച്ച് മരിക്കുവാൻ
കർണ്ണൻ പുനർജ്ജനിക്കുന്നു
അമ്മ തൻ ചൂടറിയാതെ,
മുലപ്പാലിന്റെ മാധുര്യമറിയാതെ
മാത്യത്വം വിലപേശുമമ്മമാരെ
മാതാവിനെ തിരയുന്നുണ്ടവനിന്നും
ഗോപകുമാർ കൈമൾ

അതിഥി


കാവതിക്കാക്ക കരഞ്ഞു തളർന്നു
അതിഥിയിന്നാരോ വരുന്നുണ്ട്
വാലിതെങ്ങോട്ടെന്ന്
നോക്കുവാൻ കഴിഞ്ഞില്ല
ഏത് ദിക്കിൽ നിന്നാവോ വരുന്നത്
പീള കെട്ടിയ കണ്ണ്
വലിച്ചു തുറന്നു
ഓലയട്ടു പോയ്
അസ്ഥികൾ പോലെ
ഈർക്കിലിനിടയിലൂടെ
സൂര്യനെത്തിയെൻ
കൂരയ്ക്കുള്ളിലെല്ലാം
ഇന്നെന്റെ ദേഹവുമിതുപോലെ
പട്ടിണിതിന്നൊരസ്ഥി പോലെ
അങ്ങ് കിഴക്കേ ഇരുനില
മാളിക,
തിന്നവശേഷിച്ചൊരെച്ചിൽ
കൂനകൾ
അന്നെന്റെ കൂരയ്ക്ക്
നാലു നാളോണമാകും
ഇന്നവയെല്ലാം മാളിക കാക്കും
ശുനകന്നു കൂലിയായ്‌
നാലു നേരമുരുട്ടിക്കൊടുക്കുന്നു
പാദസ്പർശനം കേൾക്കുന്നോ
മുറ്റത്ത്,
വാതിലിലാരോ മുട്ടി വിളിച്ചുവോ
നാളുകളായി തുറക്കാത്ത
വാതിലീ,
ശാപമോക്ഷത്തിനായ്
തേങ്ങുന്ന പോലവേ...
ചിന്തയിലെന്തോ തിരഞ്ഞു പോയ്
എന്റെ ബന്ധങ്ങളെവിടെ -
യെന്നോർത്തു പോയ്
മകനോ, മകളോ
ചെറുമക്കളോ
വാതിലിൻ മുന്നിലാരെന്ന്
ഉറക്കെത്തിരക്കുവാൻ
ഇറ്റുനീർ തൊട്ടിട്ട് നാളേറെ -
യായൊരീ നാവിൻ
പരിഭവമെന്നെ വിലക്കി
അടുത്തടുത്തെത്തി
നിലച്ചൊരാ
കാൽപ്പെരുമാറ്റത്തിൻ
ഉടമയെത്തിരഞ്ഞെന്റെ
മിഴികളുമിന്നു ചതിച്ചുവോ?
കാഴ്ചയും മങ്ങിയോ?
കാറ്റു വന്നു പിറുപിറു-
ത്തെന്തോയെന്റെ കാതിൽ
ഒരു യാത്ര പോകാനൊരുങ്ങുകയെന്നോ!
ഗോപകുമാർ കൈമൾ

ഉമിത്തീയിൽ ഉറങ്ങുന്നവർ


ഒരു സൈക്കിളിൽ ആയിരുന്നു ശ്യാം ഓഫീസിൽ എത്തുന്നത്. സദാ പുഞ്ചിരിക്കുന്ന മുഖം. ക്ലീൻ ഷേവ് ചെയ്ത സുന്ദരൻ. അവിവാഹിതൻ.പ്രായം അത്രയ്ക്കൊന്നും ആ കാത്ത കൊണ്ടാണത്രേ ഈ സൗന്ദര്യം. മൂപ്പരുടെ ഭാഷ്യം. ഓഫീസ് ടൈമിലെ ഇടവേളകളിൽ തമാശ പൊട്ടിച്ച് ഞങ്ങൾക്കിടയിലെ ഒരു രസികൻ.
'' ശ്യാമിങ്ങനെ നടന്നു പാർട്ടി കൂടുന്നതല്ലാതെ നമ്മളെ വീട്ടിലോട്ട് വിളിച്ച് ഒരു ചായ പോലും തരണില്ലല്ലോ സേവ്യറെ ''.
സേവ്യർ സാറിന്റെ മകളുടെ വിവാഹപ്പാർട്ടിക്കിടെ നിസ്സാറിന്റെ വക കമന്റ് ഞങ്ങൾ ഏറ്റു് പിടിച്ചു.
''ശരിയാ, നീ നിന്റെ വീടെങ്കിലും ഒന്ന് കാണിച്ചു താടോ. വല്ലപ്പോഴും ആ വഴിക്ക് വരുമ്പോൾ ഒരു ചായയെങ്കിലും മുതലാക്കാമല്ലോ ''.
''വരട്ടെ, നമുക്ക് ഒരു പാർട്ടി നടത്താം. പറ്റിയ ഒരു പെണ്ണിനെ നിങ്ങൾ കണ്ട് പിടിക്ക്.വിവാഹ പാർട്ടി തന്നെയാകാം ''.
ശ്യാമിന്റെ വിദഗ്ദ്ധമായ ഒഴിഞ്ഞ് മാറ്റം.
ഞായറാഴ്‌ച കളിലെ സ്ഥിരതാവളമായ ദേവാനുജൻ മാഷിന്റെ കള്ളും കപ്പയും ഇത്തിരി കവിതയും കൊതിച്ചു കൊണ്ട് രാവിലെ എഴുന്നേൽക്കുമ്പോളാണ് അനുജത്തിയുടെ ഫോൺ വിളി.
'' ഏട്ടാ നിങ്ങൾ ഇറങ്ങിയോ ''.
'' എവിടെപ്പോവാനാടീ '.
'' ദിനേശന്റെ കല്ലാണത്തിന് ''.
അവളുടെ ഭർത്താവിന്റെ ബന്ധുവിന്റെ കല്ല്യാണം. മറന്നു പോയി.പോവാതിരുന്നാൽ പിന്നെ അളിയന്റെ വീർത്ത മുഖം കാണണം. വല്ലപ്പോഴും ലീവിന് വരുമ്പോൾ കിട്ടുന്ന സ്കോച്ചും നിലക്കും. പോവാതെ തരമില്ലല്ലോ. ഇനി അമ്മ റെഡിയായി കാണുമോ?.
ഫോൺ വെച്ച് തിരിഞ്ഞപ്പോൾ ദാ ചായയുമായി അമ്മ മുന്നിൽ.
കുളിച്ചൊരുങ്ങി ചന്ദന കുറിയണിഞ്ഞു.
'' അമ്മ ഇന്നലെയെ കുളിച്ചൊരുങ്ങി നിൽക്കുവാ അല്ലേ? ''.
ചായ ഒന്ന് മൊത്തിയിട്ട് ചോദിച്ചു.
''പോടാ.. പോയി കുളിച്ചിട്ട് വാടാ''.
തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കയറുമ്പോൾ ഒരു അവധി ദിവസത്തിന്റെ അന്ത്യത്തെ കുറിച്ച് ഓർത്തു.
വിവാഹ വീട്ടിലേക്കുള്ള വഴി വലിയ തിട്ടമില്ലാത്തതു കൊണ്ട് ഫോൺ വിളിച്ച് തിരക്കി യാ യി രു ന്നു യാത്ര. അവളുടെ കല്യാണത്തിന് ശേഷം അളിയന്റെ കൂടെ ഒരു പ്രാവിശ്യം പോയതായാണ് ഓർമ്മ. വർഷം കുറേ ആയില്ലേ. പച്ചക്കറി മാർക്കറ്റ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് കഷ്ടിച്ച് ഒരു കിലോമീറ്റർ ആയിക്കാണും. ഒരു സഞ്ചിയും തൂക്കി എതിരെ നടന്നു വരുന്നു ശ്യാം.
'' എവിടെപ്പോയി രാവിലെ ?''.
കാർ നിർത്തി ഗ്ലാസ് താഴ്ത്തി എന്റെ ചോദ്യം കേട്ടതും വല്ലാത്തൊരതിശയവും ഒപ്പം മുഖത്തൊരു മങ്ങലും.
''നിങ്ങളെവിടെ പോകുന്നു?''.
എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അവന്റെ മറു ചോദ്യം.
''അളിയന്റെ ഒരു ബന്ധുവിന്റെ കല്ല്യാണം. ആട്ടെ നിന്റെ വീട് ഇവിടെ എവിടെ? ''.
''ദാ ആ വളവിന്റെ വലത്തു സൈഡിലെ ഇടവഴിയിലെ മൂന്നാമത്തെ വീട് ''.
പാതി മനസ്സോടെയുള്ള ചൂണ്ടിക്കാണിക്കൽ.
''ശരി എന്നാൽ ഞങ്ങൾ തിരിച്ച് വരുമ്പോൾ കയറാം''.
വണ്ടി മുന്നോട്ട് നീങ്ങിക്കഴിഞ്ഞിട്ടും അവൻ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
വിവാഹ സ്ഥലത്ത് വെച്ച് അമ്മയ്ക്ക് ഒരു തളർച്ച പോലെ ഉണ്ടായതിനാൽ ഹോസ്പിറ്റലിലും കയറി നേരം അധികമായതിനാൽ ശ്യാമിന്റെ ഭവന സന്ദർശനം പിന്നൊരു ദിവസം ആകാമെന്ന് കരുതി.
രണ്ടാഴ്ചയ്ക്ക് ശേഷം ദേവാനുജൻ മാഷിനെ കൂട്ടി യാത്ര തിരിച്ചു.ശ്യാം പറഞ്ഞ വളവ് തിരിഞ്ഞ് മൂന്നാമത്തെ വീടിന് വാതിക്കലെത്തി. റബ്ബർഷീറ്റ് മേഞ്ഞതും പലക അടിച്ച ചുവരുകളുള്ള ഒരു കൊച്ച് വീട്.വീടിനോട് ചേർന്ന് തെക്ക് വശത്ത് ഓല മേഞ്ഞ ഒരു ചായ്പ്.
'' ഇത് തന്നെയാണോ വീട്'' ?
ദേവരാജൻ മാഷിന്റെ അശങ്ക എന്നിലേക്കും പകർന്നു.
ആരോടെങ്കിലും ഒന്ന് ചോദിച്ചാലോ എന്ന് കരുതി തിരിഞ്ഞപ്പോഴേക്കും പിന്നിൽ നിന്നും വിളി.
''നിങ്ങളെന്താ അവിടെത്തന്നെ നിൽക്കുന്നെ?. കേറി വാ. ഇത് തന്നെ വീട്' ''. മുന്നിൽ ശ്യാം.
മുറ്റത്ത് നീക്കിയിട്ട ബഞ്ചിൽ ഇരുന്ന് ചുറ്റുപാടൊക്കെ ഒന്ന് കണ്ണോടിച്ചു.
''ആരാ മോനേ''?.
അകത്ത് നിന്ന് വെളുത്ത് പാതി നരകയറിയ െഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു.
'' അമ്മേ ഓഫീസിൽ നിന്നാ '.
''ചായയെടുക്കാം ഞാൻ'.
'' വേണ്ടമ്മേ ചായ കുടി കുറവാ''
അമ്മ അകത്തേക്ക് തിരിയും മുൻപേ പറഞ്ഞു.
'' ശ്യാമേ, നീ രണ്ടു മൂന്നു ഗ്ലാസും കുറച്ചു വെള്ളവും ഇങ്ങെടുക്കു. രണ്ടെണ്ണം ഇവിടിരുന്നടിക്കുന്നതിൽ വിരോധം ഇല്ലെങ്കിൽ ''.
ഗ്ലാസും വെള്ളവും എത്തുംമുൻപേ കാറിൽ നിന്ന് കുപ്പിയുമായി മാഷും എത്തി.
ആദ്യത്തെ പെഗ് വെള്ളവുമായി ചേർന്നപ്പോൾ കൊതിപ്പിച്ചത് കൊണ്ടാകാo ദേവരാജൻ മാഷ് തന്റെ ഗ്ലാസ് കാലിയാക്കി ഉടൻ.
''നീയെന്താ മൂങ്ങയെപ്പോലെ ഇരിക്കുന്നത്''.
ശ്യാം ഗ്ലാസ് കൈയിൽ പിടിച്ച് നോക്കി ഇരിക്കണ കണ്ടാവും മാഷിന്റെ ഡയലോഗ്.
ശരിയാണ് അവന്റെ ഉള്ളിലെന്തോ പുകയുന്നുണ്ട്. മുഖത്ത് ഇപ്പോൾ അത് വ്യക്തമായി തെളിയുന്നു. ഈ വരവ് അവന് ഇഷ്ടപ്പെട്ട് കാണില്ലേ?. ഏയ് അങ്ങനെയാകാൻ വഴിയില്ല.
ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചപ്പോൾ, അകത്ത് ഒരു സ്ത്രീ ശബ്ദം ആരെയോ ശകാരിക്കുന്നു. ഒന്നും വ്യക്തമല്ല. കാത് ആ ശബ്ദത്തെ കേന്ദ്രീകരിച്ചു. ഇപ്പോൾ ശകാരം കേൾക്കുന്നില്ല. ചിരി മാത്രം.ശ്യാം ഇരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചിട്ട് വീടിനുള്ളിലേക്ക് കയറിപ്പോയി.ദേവരാജൻ മാഷിന്റെ നോട്ടം എന്നിലേക്കായി.മനസ്സിൽ അസ്വസ്ഥതകൾ കൂടുകൂട്ടി. കുറച്ചു നേരം അകത്ത് നിന്ന് ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല. ചിരിയും കരച്ചിലും ശകാരങ്ങളും ഇടയ്ക്കിടെ വന്നു പോയിരിക്കുന്നതിനിടയിൽ പെഗ് അളവ് കൂടിയിട്ടും ആവിയായ് പോയ പോലെ. കുറച്ച് നേരത്തിന് ശേഷം ഷർട്ടിട്ട്, മുടി ചീകിക്കൊണ്ട് ശ്യാം പുറത്തേക്ക് വന്നു.
'' മാഷേ, എനിക്ക് ഒരെണ്ണം ഒഴിച്ചേ ''.
മാഷ് മദ്യം ഒഴിച്ച് അവന് നേരെ നീട്ടി. അതും അവൻ ഒറ്റ വലിക്ക് കാലിയാക്കി.
'' ശ്യാം അച്ഛൻ?''
അകത്തെ മുറിയിൽ നിന്നുള്ള ശബ്ദത്തിന്റെ അലോസരത്തിൽ നിന്ന് വിട്ട് എന്റെ ചോദ്യം.
വീടിനോട് ചേർന്നുള്ള ഓലമേഞ്ഞ ചായ് പിന്റെ വാതിൽ തുറന്ന് അവൻ ഞങ്ങളെ ക്ഷണിച്ചു.
'' മൂന്നു വർഷമായി ചികിത്സയിലാ. ഒരു വശം തളർന്നുള്ള കിടപ്പാ. ഇത് വരെ മാറ്റമൊന്നുമില്ല.' '
ഞാൻ വിളിക്കാനായി നാവ് വളച്ചപ്പോൾ അവൻ തടഞ്ഞു.
'' വേണ്ട. ഉറക്കത്തിലാ. പാവം വെളുക്കോളം ചുമയായിരുന്നു. ഉറങ്ങട്ടെ. വിളിക്കണ്ട ''.
കുറച്ച് നേരം കൂടി അവിടെ നിന്നിട്ട് പുറത്തിറങ്ങി. അവശേഷിക്കുന്ന മദ്യവും മൂവരും കൂടി കാലിയാകുന്നതിനിടയിൽ ( അപ്പോഴും അകത്തേ മുറിയിൽ പതിപ്പ് ശീലുകൾ തന്നെ ) ഒന്നു കറങ്ങിയിട്ട് വരാമെന്ന അവന്റെ അഭിപ്രായത്തെ ഞങ്ങൾ അനുകൂലിച്ചു.
കുറച്ചു നേരം നടന്നിട്ടും ആരും സംസാരിച്ചില്ല.മനസ്സിൽ മുഴുവൻ അകത്തെ മുറിയിൽ പരസ്പര ബന്ധമില്ലാതെ സംസാരിച്ച സ്ത്രീ ശബ്ദ മായിരുന്നു.
'' ഇപ്പോൾ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലായെന്ന് തോന്നണുണ്ടല്ലേ?''
അൽപ്പനേരം കഴിഞ്ഞപ്പോൾ അവൻ തന്നെ മൗനത്തിന് വിരാമമിട്ടു.
'' ശ്യാമെന്താ അങ്ങനെ ചോദിച്ചത് ''
''അകത്തെ മുറിയിൽ നിന്നുള്ള ശബ്ദങ്ങൾ കേട്ടിട്ടുണ്ടാവുമെന്ന് അറിയാം. ആ ശബ്ദത്തിന്റെ ഉടമ ആരെന്ന് തിരക്കാതിരുന്നത് മന:പ്പൂർവ്വമല്ലേ?.''
''അത്.. ഞാൻ...'' വാക്കുകൾക്ക് ക്ഷാമം നേരിട്ട അവസ്ഥ.
''വിധിയെന്റെ കുടുംബത്തോട് കാണിച്ച ആദ്യത്തെ ക്രൂരത. എന്റെ പെങ്ങളാണത്. എട്ടാമത്തെ വയസ്സിൽ ,സ്കൂൾ വിട്ട് മടങ്ങിവരുമ്പോൾ ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു. പിന്നീട് ഞങ്ങൾക്കവളെ കിട്ടുന്നത് മാസങ്ങൾക്ക് ശേഷം ഈ അവസ്ഥയിൽ.''
''ചികിത്സകളൊന്നും?''
'' കേസിനും വഴക്കിനും പോകാനൊന്നും അച്ഛൻ നിന്നില്ല. കൈയിലെ കാശ് തീർന്നപ്പോൾ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങിയും ചികിത്സിച്ചു. വസ്തുക്കൾ മുക്കാലും വിറ്റു. ഒരു കുറവും കണ്ടില്ല. ഞങ്ങൾ പട്ടിണി കിടന്നാലും അവൾക്ക് ആഹാരവും മരുന്നും മുടക്കിയിട്ടില്ല.ഫലമില്ലെങ്കിലും ഇരുപത്തിയഞ്ചു വർഷം ആയിട്ട് തുടരുന്നു. ഞങ്ങടെ ഒരു ആശ്വാസത്തിന്..''.
തിരിച്ച് പോകുമ്പോൾ കളിയും ചിരിയും തമാശയുമായി ഓഫീസിലെപ്പോഴും നിറഞ്ഞു നിന്നിരുന്ന ശ്യാമും അകത്തെ മുറിയിലെ അവ്യക്തമായ ജൽപ്പനങ്ങളും ഞങ്ങളെ അന്യരാക്കി...!!!
ഗോപകുമാർ കൈമൾ

ചില ' പത്രധർമ്മങ്ങൾ '


വാർത്തകൾ വേണം നിനക്കിന്ന്
വാശി കാട്ടി വരയ്ക്കണമാദ്യമീ
വായനക്കാരെ നടുക്കണം..!
നേരു തിരയാൻ
നേരമില്ലാതെയീ
നേദ്യമാദ്യം വിളമ്പണം
ചോരവാർന്ന് പിടയും കുരുന്നിനെ
ചിരിയോടെയൊറ്റക്കണ്ണിൽ പകർത്തണം
പുതുമണം മാറാത്ത നോട്ടിനെ
പുണർന്നിത്തിരി പ്രത്യുപകാരമായ്
പുലരിയാക്കണമീ രാവിനെ വരികളാൽ
വിശപ്പുരിഞ്ഞ മടിക്കുത്തിൻ
വഴി തിരഞ്ഞ് തളരണം
നക്ഷത്ര മന്ദിര മദാലസകൾക്കായ്
നല്ല വാക്കേറെ പിറക്കണം
പത്രധർമ്മമെന്ന പടുവൃദ്ധനെ
പടിയിറക്കി പരിഷ്കരിക്കണം
പതിനായിരമെണ്ണം കൂട്ടണം
ഗോപകുമാർ കൈമൾ
മുതുകുളം

ലോട്ടറി വിൽപ്പനക്കാരൻ


മുച്ചക്ര വാഹനത്തിൻ
മുന്നിലാപ്പലകപ്പുറത്തിന്നത്തെ,
നാളത്തെ - ലോട്ടറി നിരത്തി
തീവണ്ടിയാപ്പീസിൻ
തിരക്കുള്ള വാതിൽപ്പുറത്ത്
ധ്യതിയോടെ പായും
മുഖങ്ങളിലേയ്ക്കൊരു
ദയനീയ നോട്ടമായ്.....
ഭിക്ഷ തെണ്ടാനിരിക്കുന്ന പോലെ
ചില പുച്ഛഭാവ വദന -
ങ്ങളിടയ്ക്കിടെ മിന്നിമറയുന്നു
ഭവ്യതയോടെ വിളിച്ചു നീട്ടുമ്പോൾ
ബധിരരായ് നടിച്ചത്തറിൻ
മണമേകി നീങ്ങുന്നവർ
ഉച്ചയൂണിന്നു പോലുമൊന്നും
തരപ്പെടാ വിൽപ്പനയ്ക്കിടയിൽ
ഉച്ചിയിൽ തുപ്പി കുളിപ്പിച്ചു സൂര്യനും
ആഢംബരത്തിനല്ലിതെൻ
അടുപ്പിൽ തീ പുകച്ചാറു
വയറ് നിറയ്ക്കാൻ...
മിച്ചം പിടിച്ചെന്നൊറ്റമുറി വീടിന്റെ
ചിതലിച്ച വാതിലൊന്നു പുതുക്കാൻ
അട്ടു പോയ മേൽക്കൂരയ്ക്കിത്തിരി
ഓലവാങ്ങി മേഞ്ഞുറങ്ങാൻ...
ഭാഗ്യമൊക്കെ വിറ്റു തള്ളിയീ
പ്രാരാബ്ദ തോണി തുഴഞ്ഞിനിയും
ഗോപകുമാർ കൈമൾ

എന്റെ വീട്



കാടിനെക്കൊന്നവരെ - യെൻ
കനവിനെക്കൊന്നവരെ....
കാട്ടരുവിക്കുളിരിൽ കുളിച്ചും
കൈക്കുമ്പിളിൽ കോരിക്കുടിച്ചും,
കായ്കനി തിന്നു വയറ് നിറച്ചും,
കാത്തുസൂക്ഷിച്ച മരക്കുടിലിനെ
കാണാമറയത്തൊളിപ്പിച്ചുവോ...???
മരവുരിയൂരിയെറിഞ്ഞവരേയെൻ
മണ്ണിന്റെ മാറു പിളർന്നവരേ..
നരനും നരിയുമൊരുമിച്ചുറങ്ങിയും
നടവഴിയിരുളിലറയ്ക്കാതെ നടന്നും
നാമസങ്കീർത്തനം പോലുണർത്തുമാ-
നാലു ദിക്കിലെക്കിളിക്കോലാഹലങ്ങളും
നാവേറ്റു പിടിച്ചു ചിരിച്ചും,
നക്ഷത്ര രാജ്യം മറച്ചയീക്കുടിലിനെ
നാണിപ്പിച്ചു മരുഭൂമിയാക്കിയോ..??
ഗോപകുമാർ കൈമൾ

ഉണ്ണിയേട്ടൻ

കൗമാരക്കാഴ്ചകൾക്കിടയിലെന്നോ,
എപ്പോഴോ,
കണ്ടുമുട്ടിയതായിരുന്നു
ഉണ്ണിയേട്ടനെ......
ചീകിയൊതുക്കാത്ത
ചെമ്പൻമുടിയും
ഭംഗിയുള്ള താടിയും
നെറ്റിയിലെ
ചുവന്ന കുറിയും
ഇന്നും ഓർമ്മയിലെ
ഉണ്ണിയേട്ടൻ....
ചെങ്കൽപ്പാത
ചെന്നു ചേരുന്ന
വഴിയമ്പലത്തിന്റെ മറപറ്റി
രഹസ്യമായ്
ബീഡി പുകയിൽ
മുഖം മറച്ച് നിന്നിരുന്ന
ഉണ്ണിയേട്ടൻ...
തെക്കേമുറ്റത്തെ
പുളിമരത്തണലിന്റെ
കുളിര് കൊതിച്ചെത്തുന്ന
അവധി ദിവസങ്ങളിൽ,
അരികിലൂടെയുള്ള
യക്ഷിയമ്പലത്തിന്റെ
നടവഴികളിൽ
കണ്ണുകൾ തിരയുമായിരുന്നു
ഉണ്ണിയേട്ടനെ....
ഏട്ടനൊത്ത് പടികടന്ന്
നിനച്ചിരിക്കാതുള്ള
ആ വരവിൽ - ആദ്യമായ്
കണ്ണുകൾ കൊരുത്ത്
ഒന്നുമുരിയാടാതെ
വാതിലിൻ പിന്നിലേയ്ക്ക്
മറഞ്ഞപ്പോളാണറിഞ്ഞത്
( പണയിച്ച പോയിയെന്ന് -
ഉണ്ണിയേട്ടനെ....
കാലങ്ങൾ പിന്നിടുമ്പോഴും
മനസ്സ് പങ്കിടാതെ
എവിടെയൊക്കെയോ വച്ച്
കണ്ണുകൾ
കൊരുത്തു കൊണ്ടേയിരുന്നു
പറയാൻ കൊതിച്ചരികിലൂടെ
കടന്നുപോയ
ദിനങ്ങളിലൊക്കെയും
മനസ്സ് നാണം കൊണ്ടോ
ഭയം കൊണ്ടോ
നാളെത്തേയ്ക്ക്
മാറ്റിവെച്ചു കൊണ്ടിരുന്നു
മഞ്ഞു മൂടിയ പ്രഭാതങ്ങളും
മഴ നനഞ്ഞ സായാഹ്നങ്ങളും
മുറ തെറ്റാതെ
വന്നു പോയിട്ടും
ഇന്നും ഉണ്ണിയേട്ടനറിയാതെ
പ്രണയിച്ചുകൊണ്ട്‌.......
വിവാഹശേഷം
പറിച്ചുനടപ്പെട്ട
നഗരത്തിരക്കുകളിൽ നിന്ന്,
ഇടയ്ക്കെങ്കിലും
ഇരു കൈകളിലും മക്കളുമായ്
നാട്ടിടവഴികളിൽ
മിഴികൾ തിരയുന്നുണ്ടിനും
ഉണ്ണിയേട്ടനെ....
ഗോപകുമാർ കൈമൾ
മുതുകുളം

ഒരു ക്ഷമാപണം


ക്ഷോഭമാർന്ന പ്രക്യതീ
നിനക്കെന്നുമെന്റ ക്ഷമാപണം
വയലുകളെത്ര നികഴ്ത്തി
ഇടയ്ക്കീധരിത്രി തൻ
വയറു കീറിപ്പിളർത്തി
മണലൂറ്റി - നീർവറ്റി
മരണത്തെ പുൽകിയ
നിളയ്ക്കിനിയീ
മിഴി നനച്ചിന്നെന്റെ ശ്രാദ്ധം
കുടിനീരിൻ പിന്നാലെയീ
ജീവവായുവും
വില നൽകി വാങ്ങുമെൻ
തലമുറയ്ക്കിന്നെൻ ക്ഷമാപണം!!
അഴിമുഖം തേടി
കുണുങ്ങിയൊഴുകും
കൈത്തോടിനെക്കൊന്നവരി -
ന്നങ്കണം നീന്തിക്കടക്കുമ്പോ-
ളെന്നിലൊരു സുഖമുള്ള നൊമ്പരം
വെട്ടിയെറിഞ്ഞ
പച്ചില മറകളെയോർത്തിന്ന്
നഗ്നയായ് കേഴുമീ
മണ്ണിനിന്നെൻ ക്ഷമാപണം !!
ശാസ്ത്രമേറെ വളർന്നീ
നാട്ടിൻ പുറ
ശ്വാസഗതിയാകെക്കവർന്ന്
ശാപമായ് ചിരിച്ചെവിടെയും..
അർബുദ ബീജത്തെ
അറിയാതുടലിൽ പോറ്റും
വികസന വിഷധൂമത്തിന്നിര -
കൾക്കിനിയെന്റ ക്ഷമാപണം !!
ഗോപകുമാർ കൈമൾ

ഇവിടം



കൂകിപ്പാഞ്ഞു പോകും
രാത്രി വണ്ടിത്താരാട്ടിൽ
ഉണരാതുറങ്ങാൻ
പഠിച്ചയിടം....
മലമൂത്ര ഗന്ധത്തലോടലുകൾ
അസഹ്യമെന്നറിയാതെ
ചവറ് കൂനപ്പുറമ്പോക്കിലെ
കുത്തിമറച്ച,
പഴന്തുണിക്കൊട്ടാരവാസം
കാറ്റും - മഴയും
പ്രണയിച്ചിറക്കിവിടുമ്പോൾ,
ഓടിക്കയറിച്ചെല്ലാനൊരിടം
ഇവിടം....
അമ്മയുടെ മുടിക്കെട്ടിലെ
ചതഞ്ഞരഞ്ഞ മുല്ലപ്പൂ
ഗന്ധത്തെക്കാത്തിരുന്നുറങ്ങിയ,
കോൺക്രീറ്റ് ബഞ്ചുകളുടെ
ചങ്ങാത്തക്കാലം...
ചില നിലവിളികൾ
പുറത്തേയ്ക്കെടുത്തെറിഞ്ഞേതോ
കരിങ്കല്ലിൽ,
ഉമ്മവെച്ച് നിലയ്ക്കുമ്പോൾ
അകന്ന് പോകുന്ന ചൂളം വിളിയെ
തോൽപ്പിക്കാൻ ശ്രമിച്ച
അലറിക്കരച്ചിൽ
ആരോ രുചിച്ച് തുപ്പിയീ
പാളങ്ങളെ ചുവപ്പിച്ച
പെണ്ണുടലുകൾ കണ്ട്
പനിച്ചു വിയർത്തൊരോർമ്മകൾ..
പാളങ്ങളിൽ പരതി നടന്ന
ചില്ലറത്തുട്ടുകൾക്കും
പ്ലാറ്റ് ഫോം തിരക്കുകളിലെ
കൗതുകക്കാഴ്ചകൾക്കുമപ്പുറം
പത്തു വയസ്സുകാരൻ മൂടി വെച്ച
പരിഭവങ്ങളുടെ
സാക്ഷിയായൊരിടം...
ഇവിടം...!!!
ഗോപകുമാർ കൈമൾ

ഓർക്കുക



മാപ്പു ചോദിച്ചു ഞാനെത്തിയീ
മാറാല മൂടിയ പടിവാതിലിൽ
വീണു ചിതറിയോടുകൾ
താഴെയീ കരിയിലക്കൂട്ടത്തിലെവിടെയും
ചിതലരിച്ചൊരുത്തരക്കൂടിന്നു
വെയിലിലും മഴയിലും നാണിച്ചു
തളരാതെയിവിടെന്റെ മുന്നിൽ
ഉമ്മറത്തെ കാലൊടിഞ്ഞ
ചാരുകസേരയ്ക്കരികിൽ
ഉണ്ണിയായിത്തിരി നേരമിരുന്നെന്റെ
അച്ഛന്റെ കാൽച്ചുവടെന്നു കരുതി
പതിയെ വിളിച്ചു ഞാനമ്മയെ
അടുക്കള നോക്കിയറിയാതെ
പുച്ച പെറ്റുറങ്ങും അടുപ്പിനരികിലമ്മ
വെച്ചതിൻ മിച്ചമേറെത്തിരഞ്ഞു
വെറുതെയൊരുണ്ണി വിളി കൊതിച്ചു
മാപ്പു ചൊല്ലിത്തിരിഞ്ഞൊടുവിലായാ-
വാസനത്തൈലക്കുളിരേ -
റ്റൊരുരുളയെന്നോർമ്മയിൽ !
കുത്തിവരച്ചെന്റെ കുസ്യതിയ്ക്ക്
തെളിവിന്നും ചുമക്കുമീ
ചുമരോട് ചേർന്നിരുന്നേറെക്കരഞ്ഞു പോയ്...
നഗരത്തിരക്കിൻ
വില നൽകി പൂശിയാ സുഗന്ധത്തി -
ലറിയാതെ പോയൊരെൻ
മണ്ണിന്റെ മണവുമേറെ നാളെന്നെ
ഉറക്കിയെൻ മച്ചുള്ള മുറിയും
അസ്ഥിത്തറയ്ക്കടയാളമറിയാതെ
തെക്കേത്തൊടിയിൽപ്പരതി
പിൻവാങ്ങിയുമ്മറത്തൊന്നിരുന്നു..!!
ഗോപകുമാർ കൈമൾ

തൂലിക



കണ്ണീരൊഴുക്കി-
ത്തളർന്നുറങ്ങാൻ
കൊതിച്ചെന്റെ
തൂലികപ്പെണ്ണിൻ മനം
ചിന്തകളെല്ലാം
നിറം മങ്ങിപ്പടരുന്നീ
മനസ്സിന്റെ
താളിന്നിരുപുറവും
മഷിത്തുള്ളിയാലെത്ര
വിരുന്നൊരുക്കീയിവൾ
മഹാകാവ്യമല്ലെങ്കിലും
പെറ്റെത്ര ചാപിള്ളകളീ-
മഷിത്തുമ്പാൽ
പേറ്റുനോവേറ്റു വാങ്ങുന്നു
പിന്നെയും.....
കൈ നീട്ടി വാങ്ങാൻ
മടിച്ചവരീ,
പിഴച്ച പെണ്ണിന്റെ
സന്തതികളെ
ഒപ്പിയെടുത്തെത്ര
കണ്ണീരുകൾ
ഉപ്പു ചേർത്തെഴുതി
നിറച്ചിട്ടും
നിർജ്ജീവമാർന്ന
മിഴികൾക്ക് മുന്നിൽ
ഉടുതുണിയില്ലെന്ന പോൽ
നാണിച്ചു,
നിറമിഴിയായ്...
നിൻ കുരുന്നുകൾ..
ഗോപകുമാർ കൈമൾ

അറിവ്


For more: Visit http://www.nallezhuth.com
ആകാശ മേലേയ്ക്കച്ഛനു -
രിഞ്ഞിട്ടു പോയ
പട്ടിണിക്കുത്തരം തിരഞ്ഞപ്പോളന്നെന്റെ
പുസ്തക സഞ്ചിയ്ക്കുടുപ്പണിയിച്ചീ
മാറാല....
മൂട് കീറിയ നിക്കറൊരലങ്കാരമായത്
മൂസാക്കാന്റെ ചായക്കടയിൽ
എച്ചിൽ പാത്രമെടുക്കണ ജോലി
തരപ്പെട്ടപ്പോൾ മാത്രം
വേലിയ്ക്കലെ മുരടനക്കവും
എത്തിനോട്ടവും
ഉമ്മറ വാതിലിൽ തൊട്ടപ്പോഴാണ്
ഒരു കൊച്ചുപിച്ചാത്തി ചങ്ങാതിയായത്
സദാചാരപ്പോലീസുകാർക്കിടയിൽ
സമുദായ മേലാളന്മാരുടെ
വെള്ളക്കുപ്പായമൊരു
മറയെന്നറിഞ്ഞപ്പോഴാണ്
മനുഷ്യനായ് മാറാൻ തുടങ്ങിയത്
കാരണവരെന്ന് മീശ പിരിച്ച്
കയറിയിറങ്ങിയവർ
കൈയ്യിലെ ചില്ലറത്തുട്ടിനെ
സംരക്ഷിക്കാൻ
ഈ വഴി മറന്നപ്പോഴാണ്
ബന് ധുത്വങ്ങളെ മനസ്സ്
പടിയടച്ച് പിണ്ഡം വെച്ചത് !!
ഗോപകുമാർ കൈമൾ

ഇന്നലെക്കണ്ട ഗ്രാമം



ശേഷാദ്രിപുരത്തെ
ഓല മേഞ്ഞ
കുടിലുകൾക്കെല്ലാം
ഒരേ മുഖമായിരുന്നു
ചാണകവും ചെളിയും
കൂട്ടിക്കുഴച്ച്
മെഴുകിയ തിണ്ണകളിൽ
ഉത്തരക്കൂട്ട് നോക്കി
കിടന്നുറങ്ങുമ്പോൾ,
ശീതീകരിച്ച കോൺക്രീറ്റ്
കാടുകളെയോർത്ത്
പരിഹാസത്തിന്റെ ചിരി.
പാതി പോലും നിറയാത്ത
വയറുകളെങ്കിലും,
നിഷ്കളങ്കത നിറഞ്ഞ
മനസ്സുകൾ..!
ഇളകിയ ഓടാമ്പലിനെ
കളിയാക്കാനെത്തുന്നത്
എണ്ണ വിളക്കിന്റെ
കരിമ്പുകയിൽ കണ്ണെഴുതി
കടന്നു പോകുന്ന
കാറ്റ് മാത്രം..
മഞ്ഞിൻ മറവിലേക്ക്
പാതി മയങ്ങിയാടിയകലുന്ന
റാന്തലുകൾക്കെന്നും
കാളവണ്ടിക്കരച്ചിലിന്റെ
താരാട്ടുകൾ..!
ദ്രവിച്ച വാതിൽപ്പാളിയുടെ
തേങ്ങലുമായെത്തുന്ന
പുലരിയിൽ,
കൽപ്പടവെണ്ണിയിറങ്ങിയ
പാദസരത്തിന്റെ
കുളിരേറ്റ-
പൊട്ടിച്ചിരികൾ !!
തോർത്തുമുണ്ടുടുത്ത
രൂപങ്ങൾ
വയലടുക്കുമ്പോൾ
തോളിലെ കലപ്പകൾ
ചെവിയിൽ പിറുപിറുക്കുന്നതോ,
മണ്ണിനെ
പ്രണയിച്ച കഥകൾ !
പത്തു മണിക്കഞ്ഞിക്ക്
ചമ്മന്തിയരച്ച്,
ഈരേഴൻ തോർത്തിനെ
മാറിലൊരു കൂട്ടായ്
പുതച്ച് -
പാടവരമ്പിലൂടെത്തുന്ന
ചോറ്റുപാത്രത്തിളക്കങ്ങൾ!
അന്തിക്കള്ളിന്റെ രുചിയിൽ
മറക്കാത്ത -
പലഹാരപ്പൊതിയ്ക്കായ്
ചാണകത്തിണ്ണയിൽ
അമ്മയ്ക്ക് കൂട്ടായ്
കുറുമ്പിന്റെ
കാത്തിരുപ്പുകൾ....!!!
ഗോപകുമാർ കൈമൾ
മുതുകുളം

ഞാൻ



മാംസവും മാംസവും
പടവെട്ടിയൊടുവിൽ
ഒരു മാംസമായ്
ചോരയും കരുതലും
ജീവന്റെ തുടുപ്പായീ
ഗർഭപാത്ര ചുവരിൽ
മുളച്ചു ശയിച്ചവൻ,
സുഖശയനം കഴിഞ്ഞൊരു
നിലവിളിയായീ
അജ്ഞാന ലോകത്തി -
രുളിനെ മറന്നിമകൾക്കന്യമീ
വർണ്ണങ്ങളോടത്യപ്തി
നിമിഷങ്ങളേറെ
കൈകാലുകളാൽ
പ്രതികരിച്ചമ്മയെ
നോവിച്ചവൻ...
അമ്മതൻ കൈവിരൽ
ത്തുമ്പിലൂടാകാശത്തിലൊരു
താരകപ്പെണ്ണിനെയെന്നും
പ്രണയിച്ചുണ്ടുറുങ്ങിയോൻ
മണ്ണുവാരിക്കളിച്ചും
കഴിച്ചുമീ മണ്ണിലേക്കൊരു
യാത്രയ്‌ക്കീ-
മണ്ണായൊരു യാത്രക്കെന്നോ
ഒരു വിളി കേൾക്കാനൊരു
കാലമുണ്ടെന്നോർത്തു
ജന്മം കഴിക്കുവോൻ !!!
ഗോപകുമാർ കൈമൾ

ത് ഫൂ....


പട്ടുമെത്തമേൽ
സ്കോച്ചടിച്ചുറങ്ങുവോൻ
കെട്ടു വിട്ടു ണരുമ്പോൾ
നീ മൊഴിഞ്ഞതോ - മാന്യൻ
രാവന്തിയോളം
കൂലിവേലയ്ക്കൊടുവിലിത്തിരി
അന്തിക്കള്ളു മോന്തി
ഓലക്കുടിലിലുറങ്ങുവോനോ
കള്ളുകുടിയൻ...
വർണ്ണവിവേചനം
തെമ്മാടി മനുഷ്യാ....
നിന്റെ സ്യഷ്ടി
പണമുള്ളോന്റെ
അടിവസ്ത്രമലക്കാൻ,
വർണ്ണമേതെന്ന് തിരയാതെ
നീയെന്നും മുന്നിൽ....
ദരിദ്രന്റെ ജാതി മാത്രം
തിരയുന്നു നീ...
സമ്പന്നന് ജാതിയില്ലെന്ന്
തെളിയിച്ചു നീ...
ത്ഫൂ......
ഗോപകുമാർ മുതുകുളം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo