ഒരു ആത്മത്യക്കുറി പ്പ്




ഒരു പക്ഷെ ഈ തൂലിക നിശ്ചലമാകുന്ന സമയം എനിക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടാകും. കാരണം ഞാന്‍ മരിക്കാന്‍ പോകുന്നു. ഒരുപാട് ചോദ്യങ്ങളുടെ ഉത്തരമായ ഈ ജീവിതത്തിന് ഞാന്‍ തിരശ്ചീലയിടുന്നു....മരണത്തിന് ഒരു സൗന്ദര്യവും ഭീകരതയും ഉണ്ട്.അതെന്നെ ആകര്‍ഷിക്കുന്നു.എനിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല.പിന്നെ എന്തിനു എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ കഴിയാത്തതാകാം എന്റെ മരണത്തിന്റെ ഭംഗി കൂട്ടുന്നത്.കാരണമില്ലാത്ത കാര്യമുണ്ടാകുമോ..?അറിയില്ല.! ഒരുപക്ഷെ ഈ സൗന്ദര്യവും ഭീകരതയും ആസ്വദിക്കാന്‍ വൈകിയതിന്പോലും കാരണം എനിക്കറിയില്ല. ജീവിതം ഒരു തുലാസ്സായിരുന്നു...ഏത് ഭാഗത്തേക്കും അനായാസം ചലിക്കാന്‍ കഴിയുന്ന ഒരു തുലാസ്. 
.
എന്നെ അളന്നിരുന്നത് ഭൂമിയില്‍ ഉള്ളവരായിരുന്നു. അവര്‍ക്ക് അളവ് തെറ്റിയോ..?തെറ്റിയിരിക്കാം കാരണം അളക്കാന്‍ കഴിയുന്ന കുറച്ചു പേര്‍ ഒഴികെയുള്ളവരാണ് എന്നെ അളന്നിരുന്നത്. ആരുടെയൊക്കയോ മുന്‍പില്‍ ഞാനൊരു ശരിയായിരുന്നു.ഞാന്‍ എന്തിനാണിപ്പോള്‍ മരണത്തെ കൊതിക്കുന്നത്.മരണത്തെ ഞാന്‍ പ്രണയിച്ചിരുന്നോ..?അതോ മരണം എന്നെ ആഗ്രഹിച്ചിരുന്നോ.?ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ തന്നെയല്ലേ മരണം.മരണമെന്നെ ആഗ്രഹിക്കാന്‍ മാത്രം ഞാനൊന്നും ചെയ്തിട്ടില്ല.എന്റെ മനസ്സില്‍ നന്മക്കൊപ്പം കളങ്കവും ഉണ്ടായിരുന്നു.ഞാന്‍ പലരെയും വിഷമിപ്പിച്ചിട്ടുണ്ട്.വേദന അറിയിച്ചിട്ടുണ്ട്.ജീവിതങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്.അതോടൊപ്പം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഞാനവരെ സ്നേഹിചിട്ടുണ്ട്. ഇങ്ങനെയുള്ളവനെ മരണം ആഗ്രഹിക്കുമോ..?എനിക്ക് മരണം വിധിചിട്ടുണ്ടോ..?എത്രയെത്ര സംശയങ്ങള്‍.....!!!............////,,,.!!
.
ചോദിക്കാന്‍ മറന്നുപോയി നിങ്ങള്‍ക്കെന്നെ പരിചയമുണ്ടോ.? എന്നെ പരിചയപ്പെട്ടവര്‍ക്ക് മറ്റുള്ളവര്‍ക്കെന്നെ പരിചയപ്പെടുത്താനുള്ള അവസരം ഞാന്‍ നല്‍കാറില്ല.ഞാനൊരു സത്യം പറയട്ടെ..ഞാനൊരു കൊലപാതകിയാണ്‌.ഭൂമിയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഒരുത്തന്‍... ......,പക്ഷെ ആരും എനിക്കെതിരെ നരഹത്യക്ക് കേസ് എടുത്തിട്ടില്ലാട്ടോ..അതിനോരാള്‍ക്കെ കഴിയൂ അവനത് ചെയ്യില്ല.കാരണം എന്നെ ഇതിനു നിയോഗിച്ചത് അവനാണ്.ഒരു കാര്യം പറയാം അവന്‍ വലിയൊരു ശരിയാണ്.അവന്‍റെ തീരുമാനങ്ങളും നിയോഗങ്ങളും തെറ്റിയതായി ഞാനിതു വരെ കണ്ടിട്ടില്ല.ചില ജോലി അവനെന്നെ ഏല്‍പ്പിക്കുമ്പോള്‍ എനിക്കവനോട് വെറുപ്പ്‌ തോന്നാറുണ്ട്.അവനെ എതിര്‍ക്കാന്‍ എനിക്ക് കഴിയില്ല.അനുസരിക്കുക മാത്രമേ വഴിയുള്ളൂ,..ഈ ജീവിതത്തോട് എനിക്ക് മടുപ്പ് തോന്നിയിരിക്കുന്നു. അതെന്നെ തളര്‍ത്തുന്നു. കുറ്റബോധം തോന്നേണ്ട ആവശ്യമില്ലെങ്കിലും എനിക്കതുണ്ട്.നിങ്ങള്‍ക്കിതൊന്നും വിശ്വസിക്കാനും മനസ്സിലാക്കാനും കഴിയില്ല.മരിച്ചു പരലോകത്ത് അവിടെയുള്ളവര്‍ എന്നെ എങ്ങനെ സ്വീകരിക്കും എന്നത് ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്.കാരണം ഞാന്‍ എന്റെ ജോലി ആത്മാര്‍ഥമായി ചെയ്തിരുന്നു.പലരും കെജ്ജിയിട്ടുണ്ട് അവസരങ്ങള്‍ നല്‍കാന്‍ കൊടുക്കാന്‍ ഞാന്‍ ആരുമല്ലായിരുന്നു. എന്നെ നിയോഗിച്ചവന്റെ തീരുമാനങ്ങള്‍ക്ക് വിലങ്ങിടാന്‍ എനിക്ക് കഴിയില്ല.
.
എനിക്കും നിങ്ങളെപ്പോലെ ജീവിക്കണം എന്നുണ്ട്.പക്ഷെ നിങ്ങള്‍ അതിനു സമ്മതിക്കില്ല. കാരണം ഞാന്‍ നിങ്ങളുടെ ബന്ധങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.ഭാര്യക്ക് ഭര്‍ത്താവിനെയും ,,ഭര്‍ത്താവിനു മകനെയും ,,മകന് അമ്മയെയും അങ്ങനെ തുടങ്ങി പലര്‍ക്കും പലതും ഞാന്‍ നഷ്ട്ടപ്പെടുത്തിയിട്ടുണ്ട് .മതിയായി ,എന്‍റെ ജോലിക്ക് സ്വാര്‍ത്ഥതയോ കരുണയോ പാടില്ല.എനിക്കത് വന്നു തുടങ്ങിയിരിക്കുന്നു.അതാണ് എന്നെ ആത്മഹത്യ എന്ന അവസ്ഥയില്‍ എത്തിച്ചത്. നിങ്ങള്‍ കരുതുന്ന പോലെ ഒരു സാധാരണ ജോലിയല്ല ഇത്.അതുകൊണ്ട് തന്നെ എന്നെ മരിക്കാന്‍ അവന്‍ സമ്മതിക്കുമോ എന്തോ..? ഒരുപക്ഷെ എന്‍റെ ജീവനെടുക്കാന്‍ അവന്‍ വേറൊരാളെ നിയോഗിക്കുമായിരിക്കും.
.
മരിക്കുമ്പോള്‍ വേദനിക്കുമോ..?ക്ഷമിക്കണം നിങ്ങള്‍ക്കറിയില്ലലോ!! കാരണം നിങ്ങള്‍ മരിച്ചിട്ടില്ല. എനിക്കറിയാം നല്ല വേദനയുണ്ടാകും ഞാന്‍ കണ്ടിട്ടുണ്ട് എന്‍റെ ജോലി ഭംഗിയായി ചെയ്യുമ്പോള്‍ ഇരകള്‍ കിടന്നു പുളയുന്നത്,ജോലിക്ക് ശേഷം അവരോട വിശദമായി ചോദിക്കാം എന്ന് വെച്ചാല്‍ അതിനും കഴിയില്ലലോ..അവര്‍ മരിച്ചു കഴിഞ്ഞില്ലേ.പിന്നെ ആര്‍ക്കാണ് അതിന്റെ വേദന വിശദീകരിക്കാന്‍ കഴിയുക.എന്നെ നിയോഗിച്ചവന് കഴിയുമായിരിക്കും.ഞാനവനോട് ചോദിക്കുന്നില്ല.കാരണം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഞാനും മരിച്ചിരിക്കും.ഭൂമിയില്‍ ഞാന്‍ വന്നു പോയിരുന്നപ്പോള്‍ ഒരാളോട് എനിക്കല്‍പ്പം വാത്സല്യം തോന്നിയിരുന്നു.അവളുടെ ജീവന്‍ എടുക്കാന്‍ ഞാന്‍ നിയോഗിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എന്നെ ഇത്രവേഗം നയിച്ചതെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ചിലര്‍ എന്നെ തേടി വരാറുണ്ട്,അവരുടെ അടുത്ത എനിക്ക് ജോലി കുറവാണ്.ഞാനൊരു സാക്ഷിയായി നിന്നാല്‍ മതി.അവര്‍ തന്നെ എന്‍റെ കര്‍മം ചെയ്തുകൊള്ളും.അത്തരം ചില കക്ഷികളില്‍ നിന്നാണ് ആത്മഹത്യക്കുറി പ്പ് എഴുതാന്‍ പഠിച്ചതെന്ന സത്യം ഞാന്‍ നിങ്ങളറിയണം.ഇനിയിപ്പോള്‍ ഭൂമിയില്‍ എന്‍റെ ആവശ്യം കുറഞ്ഞു വരികയാണ്.കാരണം എന്‍റെ ജോലി നിങ്ങള്‍തന്നെ ചെയ്തു തീര്‍ക്കുന്നുണ്ട്..കാഴ്ച്ചക്കരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
.
"എന്‍റെ പ്രിയപ്പെട്ടവരേ ...,നിങ്ങള്‍ എന്നോട് ക്ഷമിക്കണം ,നിങ്ങളുടെ ബന്ധങ്ങള്‍ ഞാന്‍ തകര്‍ത്തു എങ്കില്‍ അതെന്‍റെ തെറ്റല്ല.അതിനെന്നെ നിയോഗിച്ചവന് അവന്റെതായ കാരണങ്ങലുണ്ടാകും.ഞാന്‍ വെറുമൊരു ജോലിക്കാരനാണ്.നിങ്ങള്‍ മനസ്സിലാക്കുക. ശാന്തവും സൗന്ദര്യവും നിറഞ്ഞ ഒരു മരണത്തെ ഞാന്‍ കാംഷിക്കുന്നു. അതിനു നിങ്ങള്‍ നിങ്ങളുടെ സൃഷ്ടാവിനോട് പ്രാര്‍ഥിക്കുക.... 
എന്ന് നിങ്ങളില്‍ ചിലര്‍ ഭയപ്പെടുന്ന
............" കാലന്‍".............


By: 
Anvar Mookkuthala

പട്ടം



ആനയുടെ വലുപ്പമുള്ള ഒരു പട്ടം ഉണ്ടാക്കണം. എന്നിട്ട് അതിന്‍റെ വാലില്‍ക്കെട്ടി ആ ചോരകണ്ണനെ ആകാശത്തേക്ക് പറത്തിവിടണം. തന്‍റെ വീടായ, നാലടി വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പിലിരുന്ന് കണ്ണന്‍ പദ്ധതിയിട്ടു. 
മാസങ്ങള്‍ക്കുമുമ്പ്, ചോരകണ്ണന്‍റെ ഭിക്ഷാടകസംഘത്തില്‍ നിന്നും ഇവിടേക്ക് ഓടി രക്ഷപ്പെട്ടതാണ് പന്ത്രണ്ടുവയസുകാരന്‍ കണ്ണനും കുക്കുമ്മയും. 
ആ ചോരക്കണ്ണന്‍ ഇപ്പോഴിതാ ഇവിടേയുംഎത്തിയിരിക്കുന്നു......!
അയാളുടെ കണ്ണില്‍പെട്ടാല്‍..........?
ചാരായം കുടിക്കും,ബീഡി വലിക്കും, അയാള്‍ അടുത്തു വരുമ്പോള്‍ വല്ലാത്തൊരു നാറ്റമാണ്. കണ്ണന്‍റെ പുറത്തെ മുറിപ്പാടും കുക്കുമ്മയുടെ തുടയിലെ കറുത്ത പാടും അയാളുടെ ക്രൂരതയ്ക്കുള്ള ചെറിയ ഉദാഹരണങ്ങളാണ്. എന്തായാലും തീരുമാനത്തില്‍ മാറ്റമില്ല, ചോരകണ്ണനെ ആകാശത്തേക്ക് പറത്തിവിടുക തന്നെ. അതിനായി മണിയന്‍ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. ആകാശത്ത് കൈകാലുകള്‍ കുടഞ്ഞ് 'അയ്യോ അമ്മേ വിശക്കുന്നേ' എന്ന് കരയുന്ന ചോരകണ്ണനെ ഓര്‍ത്തപ്പോള്‍ കണ്ണന് ചിരിയാണു വന്നത്. അയാള്‍ക്ക് അങ്ങനെത്തന്നെ വേണം. കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കാന്‍ പാടുണ്ടോ?
വച്ചുകെട്ടിയ ചായക്കടക്ക് പിന്നിലാണ് കോണ്‍ക്രീറ്റ് പൈപ്പ് കിടക്കുന്നത്. കണ്ണന്‍ ഓലക്കീറുകള്‍ക്കിടയിലൂടെ കടയിലേക്ക് നോക്കി. ടിവി ഓഫാണ്. ആ ടിവിയില്‍ നിന്നാണ് അറിഞ്ഞത് പിച്ചതെണ്ടുന്നത് അന്തസ്സില്ലാത്ത പണിയാണെന്ന്. പിന്നെ എന്തുചെയ്യും? പട്ടം ഉണ്ടാക്കാന്‍ അറിയാം.......! അതാണ് അകെ അറിയുന്ന ഒരുപണി. വര്‍ണ്ണക്കടലാസു വാങ്ങി, നൂലുവാങ്ങി, കാട്ടില്‍ നിന്നൊരു മുളയും വെട്ടി. ഇത്തിരി പട്ടങ്ങള്‍ ഉണ്ടാക്കി. സമീപത്തെ വീടുകളും കടകളും വില്‍പ്പനാകേന്ദ്രമാക്കി. പട്ടത്തിന് ആവശ്യക്കാരുണ്ട്........! 
കണ്ണനും കുക്കുമ്മയ്ക്കും ജീവിയ്ക്കാന്‍ പിച്ചയെടുക്കേണ്ട ആവശ്യമില്ല........
അവര്‍ക്കിപ്പോള്‍ ജോലിയുണ്ട്; ചെറിയൊരു വരുമാനവും.
കുക്കുമ്മ കണ്ണനേക്കാള്‍ ഇളയതാണ്. അവള്‍ ജോലിയൊന്നും എടുക്കാന്‍ പാടില്ല..... "അവള് ചെറ്യേ കുട്ട്യല്ലേ......."
അതാണ് കണ്ണന്‍റെ ഭാഷ്യം.
ഒരു പ്രധാനകാര്യം പറയാന്‍ വിട്ടുപോയി-
കുക്കുമ്മയെ കണ്ണന് നഷ്ടമായിട്ട് രണ്ടാഴ്ച്ചയായി.
ഒരു ദിവസം പട്ടവുമായി ഒരു വീട്ടിലേക്ക് പോയതാണ്.......... അവിടെ മകളെ നഷ്ടപ്പെട്ട്, സ്വബോധം ഇല്ലാതെ, ചങ്ങലയില്‍ ബന്ധിച്ച ഒരമ്മ .........!
കുക്കുമ്മയെ തന്‍റെ മകളാണെന്നും പറഞ്ഞ് അവര്‍ പിടിച്ചുവച്ചു. കണ്ണന് ആ അമ്മയോടോ, തന്നെ കല്ലെറിഞ്ഞ കാര്യസ്ഥന്‍ ശങ്കുണ്ണ്യാരോടോ ഒരുദേഷ്യവുമില്ല. വേദനിപ്പിച്ചു വിടാന്‍ ഓര്‍ഡര്‍ നല്കിയ മേനോന്‍കുട്ടിയോട് ഇത്തിരി ദേഷ്യമുണ്ട്.
ആ വീട്ടിലേക്കുള്ള വഴി കണ്ണന് ഓര്‍മ്മയുണ്ട്. അവിടെവരെ ഒന്ന് പോയാലോ.........? കുക്കുമ്മേ കാണാന്‍ തോന്നീട്ട് വയ്യാ.............. ആ ചോരകണ്ണനെ പറത്തുന്ന കാര്യംഅറിഞ്ഞാല്‍ അവളും സന്തോഷിക്കും, കാരണം അയാള്‍ അവളേയും കുറേ ഉപദ്രവിച്ചതല്ലേ...........
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്നുള്ള ചെമ്മണ്‍പാതയിലൂടെ ഉള്ളിലേക്ക് നടക്കണം. വീട്ടുപടിക്കല്‍ മരമായ് വളര്‍ന്നുനില്ക്കുന്ന ചെമ്പരത്തിയില്‍ നിറയെ ചുവന്ന പൂക്കളുണ്ട്. വീട്ടില്‍ സന്ധ്യദീപം തെളിഞ്ഞിരിക്കുന്നു. മുറ്റത്തു നിന്ന് കണ്ണന്‍ വിളിച്ചു.
"കുക്കുമ്മാ..........."
അത്ഭുതം.........
അമ്മയുടെ കാലില്‍ ചങ്ങലയില്ല........!
'എന്‍റെ മോള് കിണറ്റിലുണ്ടേ' എന്ന് പറഞ്ഞ് കരയുന്നില്ല. ആ അമ്മ ചിരിയ്ക്കുകയാണ്. കണ്ണനെ കണ്ടപ്പോള്‍ അമ്മ ചിരി നിര്‍ത്തി. അവരുടെ ഒക്കത്തുത്തിന്നും അവള്‍ ഊര്‍ന്നിറങ്ങി.
കുക്കുമ്മടെ കാത് കുത്തിയിരിക്കുന്നു....! കാതിലും കഴുത്തിലും കുഞ്ഞികൈകളിലുമെല്ലാം പൊന്നിന്‍റെ തിളക്കമുണ്ട്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഉടുപ്പാണ് അവളിട്ടിരിക്കുന്നത്.
എന്തൊരു ചന്താ ഇപ്പോ കുക്കമ്മയെ കാണാന്‍.......!!!
കോലായില്‍ അവളുടെ കളിപ്പാട്ടങ്ങളുടെ ബഹളമാണ്. ഹോണടിക്കുന്നു, ചിലയ്ക്കുന്നു, ചിലത് കണ്ണുരുട്ടുന്നു.
അവനടുത്തേക്ക് വന്നുകൊണ്ടവള്‍ പറഞ്ഞു.
" ന്‍റമ്മയ്ക്ക് കണ്ണേട്ടനെ കണ്ടാ സങ്കടാ.......
ഇനി ഇവ്ടച്ച് വരണ്ടാ..... കാണണ്ടാ..........."
കണ്ണന്‍ കരുതിവച്ച ആകാശത്തിന്‍റെ നിറമുള്ള പട്ടം അവളുടെ കാല്‍ക്കല്‍വച്ച് തിരിഞ്ഞുനടന്നു. ചോരക്കണ്ണനെ ആകാശത്തേത്ത് വിടുന്ന കര്യം അവളോട് പറഞ്ഞില്ല. അവളതൊക്കെ മറന്നിട്ടുണ്ടാവും. ഓര്‍മ്മപ്പെടുത്തി ഇനിയും അവളെ വിഷമിപ്പിക്കേണ്ട. ചെമ്പരത്തി ചോട്ടില്‍നിന്നും അവളെ തിരിഞ്ഞുനോക്കി. അവിടെ നിന്നും ഓടി മറഞ്ഞു. 
അല്‍പസമയത്തിനുള്ളില്‍ ഒരു പോലീസ് ജീപ്പ് മേനോന്‍കുട്ടിയെ പടിയ്ക്കലിറക്കി തിരിച്ചുപോയി. അയാളുടെ ചുമലിലതാ കുക്കുമ്മേടെ അത്രം പോന്ന ഒരുപെണ്‍ക്കുട്ടി..!
"ഗുരുവായൂര്ന്ന് ഒരു ഭിക്ഷക്കാരീടെ കയ്യീന്ന കിട്ട്യേ..............."
മേനോന്‍കുട്ടി വിശദീകരിച്ചു.
അവരുടെ പൊന്നുമോളെ തിരിച്ചുകിട്ടിയിരിക്കുന്നു. ആ അമ്മ ആനന്ദകണ്ണീരൊഴുക്കി അവളുടെ ദേഹമാകെ ഉമ്മവച്ചുകൊണ്ടിരുന്നു. ആയിരം ഓമനപേരുകള്‍ വിളിച്ച്, മടിയിലിരുത്തി കൊഞ്ചിച്ചു. കുക്കുമ്മ ജനല്‍പാളിയിലൂടെ ഇതെല്ലാംആശങ്കയോടെ നോക്കികാണുന്നുണ്ട്. അവള്‍ക്കത്ര രസിച്ചില്ല. അവള്‍ അമ്മടെ അടുത്തുചെന്ന് വിളിച്ചു.
"അമ്മാ.........."
അമ്മ അവളെ എടുത്ത് മടിയില്‍ വച്ചില്ല, അവളുട വിളി കേട്ടില്ല, അടുത്ത് നില്ക്കുന്ന അവളെ കണ്ടതുപോലുമില്ല.....!
ഈ സമയത്താണ് മേനോന്‍കുട്ടിയുടെ പുതിയ ഓര്‍ഡര്‍ വന്നത്.
"ശങ്കുണ്ണ്യാരേ................ 
അതിനെ എവിടാച്ചാ കൊണ്ടേവിട്യാ...... കഴുത്തിലേം കാതീലേം ഒക്കെ ഊരിവച്ചിട്ടുമതി. ചുറ്റിലും കള്ളന്‍മ്മാരാണേ............."
ഈശ്വരാ................ ശങ്കുണ്യാരുടെ നെഞ്ചു പൊള്ളി.
"മേനോന്‍കുട്ട്യേ............ പെരുവഴിയിലാക്കുന്നതിലും നല്ലത് പോലീസിലേല്‍പ്പിക്കുന്നതല്ലേ.........."
ശങ്കുണ്ണ്യാര് ആശങ്ക പ്രകടിപ്പിച്ചു.
"പോലീസ് കേസെന്ന് പറഞ്ഞാലേ നൂലാമാലയാണ്..... എവിട്ന്ന് വന്നൂ...........? എപ്പൊ വന്നു..............? എന്തുകൊണ്ട് ഇത്രനാള്‍ പറഞ്ഞില്ലാ.........? ഇതൊക്കെയായിരികും പോലീസിന്‍റെ ചോദ്യങ്ങള്....... ഇതിന്‍റെ പിന്നില്‍ കെട്ടിതൂങ്ങാന്‍ എവിടെ സമയം?
ആ റെയില്‍വേ സ്റ്റേഷന്‍റടുത്ത് കുറേ തെണ്ടിപിള്ളാരുണ്ട്, അവരുടെ കൂടങ്ങ് കൂടിക്കോളും"
മങ്ങിയ വെളിച്ചത്തില്‍ ശങ്കുണ്ണ്യാര് മുന്നിലും കുക്കുമ്മ പിന്നിലുമായി നടന്നു.
"കുക്ക്യോ......... ആ ഏട്ടന്‍റെ സ്ഥലം അറിയ്വോ......."
ശങ്കുണ്ണ്യാരുടെ ചോദ്യത്തിന് അറിയാം എന്നവള്‍ തലകുലുക്കി.
റയില്‍വേ സ്റ്റേഷനുപിന്നിലെ പറമ്പ് മുറിച്ചു കടന്നാല്‍ അവിടെ എത്തും. പറമ്പ് നിറയെ തൊട്ടാവാടി പൊന്തകളാണ്. കണ്ണന്‍റെ കൂടെ അവള്‍ പലകുറി അതിലേ പോയിട്ടുണ്ട്. അപ്പോഴൊക്കെ കണ്ണന്‍ അവളെ എടുക്കാറാണ് പതിവ്. കുഴപ്പമില്ല, ഇപ്പോള്‍ ചെരുപ്പുണ്ട്. തൊട്ടാവാടി മുള്ളിനെ വകവയ്ക്കാതെ അവള്‍ ഒരോട്ടമാണ്. അവള്‍ കാഴ്ചയില്‍നിന്നും മറഞ്ഞപ്പോള്‍ ശങ്കുണ്ണ്യാര് തിരിച്ച് നടന്നു.
"ഈശ്വരാ......... കുഞ്ഞിന് ആപത്തൊന്നും വരുത്തരുതേ..........."
കോണ്‍ക്രീറ്റ് പൈപ്പിന്‍റെ അടുത്തെത്തിയപ്പോഴാണ് അവള്‍ ഓട്ടം നിര്‍ത്തിയത്. 
കുറച്ച് വര്‍ണ്ണകടലാസുകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...........
കണ്ണേട്ടന്‍ എവിടെപ്പോയി....................?
അവളുടെ കയ്യിലെ ആകാശത്തിന്‍റെ നിറമുള്ള പട്ടം കാറ്റിനൊപ്പം കളിയ്ക്കാന്‍ കുതറികൊണ്ടിരുന്നു.
കണ്ണന്‍ വടക്കോട്ടുള്ള വണ്ടി കയറിയതറിയാതെ അവള്‍ അവിടെ നിന്ന് ഉറക്കെ വിളിച്ചു
"ഏട്ടാ................."
"കണ്ണേട്ടാ......................
......................................ണ്ണേട്ടാ.............."

By: ramesh parapurath

ഇന്നലെക്കണ്ട ഗ്രാമം



ശേഷാദ്രിപുരത്തെ
ഓല മേഞ്ഞ
കുടിലുകൾക്കെല്ലാം
ഒരേ മുഖമായിരുന്നു
ചാണകവും ചെളിയും
കൂട്ടിക്കുഴച്ച്
മെഴുകിയ തിണ്ണകളിൽ
ഉത്തരക്കൂട്ട് നോക്കി
കിടന്നുറങ്ങുമ്പോൾ,
ശീതീകരിച്ച കോൺക്രീറ്റ്
കാടുകളെയോർത്ത്
പരിഹാസത്തിന്റെ ചിരി.
പാതി പോലും നിറയാത്ത
വയറുകളെങ്കിലും,
നിഷ്കളങ്കത നിറഞ്ഞ
മനസ്സുകൾ..!
ഇളകിയ ഓടാമ്പലിനെ
കളിയാക്കാനെത്തുന്നത്
എണ്ണ വിളക്കിന്റെ
കരിമ്പുകയിൽ കണ്ണെഴുതി
കടന്നു പോകുന്ന
കാറ്റ് മാത്രം..
മഞ്ഞിൻ മറവിലേക്ക്
പാതി മയങ്ങിയാടിയകലുന്ന
റാന്തലുകൾക്കെന്നും
കാളവണ്ടിക്കരച്ചിലിന്റെ
താരാട്ടുകൾ..!
ദ്രവിച്ച വാതിൽപ്പാളിയുടെ
തേങ്ങലുമായെത്തുന്ന
പുലരിയിൽ,
കൽപ്പടവെണ്ണിയിറങ്ങിയ
പാദസരത്തിന്റെ
കുളിരേറ്റ-
പൊട്ടിച്ചിരികൾ !!
തോർത്തുമുണ്ടുടുത്ത
രൂപങ്ങൾ
വയലടുക്കുമ്പോൾ
തോളിലെ കലപ്പകൾ
ചെവിയിൽ പിറുപിറുക്കുന്നതോ,
മണ്ണിനെ
പ്രണയിച്ച കഥകൾ !
പത്തു മണിക്കഞ്ഞിക്ക്
ചമ്മന്തിയരച്ച്,
ഈരേഴൻ തോർത്തിനെ
മാറിലൊരു കൂട്ടായ്
പുതച്ച് -
പാടവരമ്പിലൂടെത്തുന്ന
ചോറ്റുപാത്രത്തിളക്കങ്ങൾ!
അന്തിക്കള്ളിന്റെ രുചിയിൽ
മറക്കാത്ത -
പലഹാരപ്പൊതിയ്ക്കായ്
ചാണകത്തിണ്ണയിൽ
അമ്മയ്ക്ക് കൂട്ടായ്
കുറുമ്പിന്റെ
കാത്തിരുപ്പുകൾ....!!!
ഗോപകുമാർ കൈമൾ
മുതുകുളം

വ്യാകരണ മഞ്ജരി




ആ പത്ര ക്ലിപ്പ് കൈ പിടിച്ചു ജനാല വിരി ഒരല്പം മാറ്റി ലിയോ റോഡിനു അക്കരയുള്ള ആ വീട്ടിലേക്ക് നോക്കി.എല്ലാ പകല്‍ ഉച്ച നേരങ്ങളിലും ഉറക്കം വിട്ടുണരുമ്പോള്‍ അവന്‍ സ്ഥിരം ചെയ്യാറുള്ളതാണ്.ജനാല വിരി അല്പം മാറ്റി ,ഗ്ലാസ് പാളിയില്‍ നെറ്റി മുട്ടിച്ചു,പുറത്തേക്കു നോക്കുക.ജനാലയുടെ തണുപ്പ് നെറ്റിയില്‍ വീഴുമ്പോള്‍ ആരോ സാന്ത്വനിപ്പിക്കുന്നത് പോലെ തോന്നും.ഒറ്റക്ക് കഴിയുന്നവരുടെ ഓരോ തോന്നലുകള്‍.അങ്ങിനെ നോക്കുമ്പോള്‍ താഴെ ആ വീട് കാണാം.
കറുത്ത പെയിന്റടിച്ച ഇരുമ്പ് ഗെയ്റ്റ്.ഗെയ്റ്റില്‍ ഒരു ലെറ്റര്‍ ബോക്സ്‌.അതില്‍ കത്തുകളോ പത്രങ്ങളോ വീണു കിടന്നിട്ട് നാളുകളായി.കാര്‍ പോര്ച്ചി നു അരികില്‍ ഒരു പനിനീര്‍ ചാമ്പ.അതിന്റെ ഇലകളും പൂവിന്റെ ചുവന്ന ഇതളുകളും മുറ്റവും പോര്ച്ചും നിറയെ വീണു കിടക്കുകയാണ്.പോര്‍ച്ചില്‍ ,ചാമ്പയുടെ തണല് പറ്റി ഒരു വെളുത്ത കോണ്ക്രീറ്റ് ചാരുബഞ്ച്.ആ ചാരുബഞ്ച് കിടക്കുന്നത് അവന്റെ മുറിയുടെ നേര്‍ക്കാണ്..ആ ചാരു ബഞ്ചില്‍ ഇടയ്ക്കിടെ ആ വൃദ്ധന്‍ വന്നിരിക്കാറുണ്ട്.
ലിയോ നഗരത്തിലെ ,ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.അവനു എന്നും നൈറ്റ് ഷിഫ്റ്റ്‌ ആണ്.താമസിക്കുന്നതു പട്ടണത്തില്‍ തന്നെയുള്ള ,ഈ ഹൗസിംഗ് കോളനിയിലും.ഒരു വീടിന്റെ രണ്ടാം നില.അവനു രാത്രിയിലാണ് ജോലിയെന്നത് കൊണ്ടും പകല്‍ ഉറക്കവുമായത് കൊണ്ട് സമീപത്തുള്ള ആരുമായും പരിചയം ഉണ്ടായിരുന്നില്ല.
രാത്രിയിലെ ഉറക്കം ഇളച്ചുള്ള ജോലി.പുലര്‍ച്ചെ ഇറങ്ങി കമ്പനി വണ്ടിയില്‍ താമസിക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള ജംഗ്ഷനില്‍ വന്നിറങ്ങും.ഒരു മുട്ടയോ കിഴങ്ങ് കറിയോ പാഴ്സല്‍ വാങ്ങും .മുറിയില്‍ ഏഴു മണിയാകുമ്പോള്‍ എത്തും.ബ്രഷ് ചെയ്തതിനു ശേഷം രണ്ടു ബ്രെഡ്‌ ഉറക്കച്ചടവില്‍ ടോസ്റ്റ്‌ ചെയ്തു കഴിക്കും.നേരെ കട്ടിലില്‍ പോയി കിടക്കും.പകല്‍ പതിനൊന്നിനു അലാറം വച്ച് എഴുന്നേല്ക്കും .ബാത്ത്റൂമിലെ ബക്കറ്റില്‍ അലക്കാന്‍ ഉള്ള തുണി കുതിര്‍ത്തു വയ്ക്കും. വീണ്ടും ഉറക്കം ഒന്നര വരെ.പിന്നെഉണര്‍ന്നു അലമാരയില്‍ നിന്ന് ഒന്നോ രണ്ടോ പെഗ് മദ്യം കഴിക്കുന്നു.കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു യേശുദാസിന്റെ ഒരു ഹിന്ദി ഗസല്‍ പ്ലേ ചെയ്യുന്നു.സ്വപ്നത്തിനും യാഥാര്ത്ഥ്യ ത്തിനും ഇടയില്‍ കുതിര്ത്തുദ വച്ച തുണി അലക്കി വിരിക്കുന്നു.ചപ്പാത്തി ചൂടാക്കുന്നു അത് രാവിലെ വാങ്ങിയ കറി കൂട്ടി കഴിക്കുന്നു.
ഈ സമയമെല്ലാം സ്പീക്കറിലൂടെ യേശുദാസ്‌ തുടര്‍ച്ചയായി പാടുന്നു.”യെ മേരെ ഉദാസ് മന്‍ ചല്‍ ദോനോം കഭി.....
അതിനിടയില്‍ ചിലപ്പോള്‍ ജനാലയിലൂടെ താഴേക്ക്‌ നോക്കുമ്പോള്‍ ആ വൃദ്ധന്‍ ചാരുകസേരയില്‍ ഇരിക്കുന്നത് കാണാം.പകല്‍ സമയം നിരത്ത് മിക്കവാറും ശൂന്യമായിരിക്കും. ആ വൃദ്ധനും തനിച്ചാണ് താമസം.ചില്ല് ജനാലയിലൂടെ നോക്കുമ്പോള്‍ ,പനിനീര്‍ ചാമ്പയുടെ തണുത്ത ഏകാന്തതയില്‍ ,വെളുത്ത ചാരു കസേരയില്‍ അകലേക്ക് മിഴി നട്ട് ആലോചനയില്‍ മുഴുകി നിശ്ചലനായി ഇരിക്കുന്ന വൃദ്ധന്‍ ,ഒരു ജലച്ഛായ പെയിന്റിംഗ് പോലെ,ഇടയ്ക്കിടെ ലിയോക്ക് തോന്നിയിരുന്നു. ആ പത്രക്ലിപ്പില്‍ നോക്കി ഒരിക്കല്‍ കൂടി ലിയോ ആ പേര് വായിച്ചു
റിട്ട.പ്രഫസര്‍ സാമുവല്‍ മാത്യു (80 വയസ്സ്).ചരമക്കുറിപ്പില്‍ വൃദ്ധന്റെ ഒരു പഴയ മങ്ങിയ ചിത്രം.

നാല് ദിവസം കടുത്ത പനി ബാധിച്ചു ആശുപത്രിയില്‍ കഴിഞ്ഞ സമയത്താണ് വൃദ്ധന്‍ മരിച്ചത്.ആശുപത്രിയില്‍ തന്നെ കാണാന്‍ എത്തിയ വീട്ടുടമയാണ് അവനോട് മരണ വിവരം പറഞ്ഞത്.വൃദ്ധന്റെ മകന്‍ നേരത്തെ മരിച്ചു പോയിരുന്നു.മറ്റ് ബന്ധുക്കള്‍ ആരും തന്നെയില്ല.ചടങ്ങുകള്‍ എല്ലാം പള്ളിക്കാരും കോളനിയിലെ അസ്സോസ്സിയേഷന്കാരും ചേര്‍ന്ന് നടത്തി.വൃദ്ധന്‍ ഒരു മലയാളം പ്രഫസര്‍ ആയി നഗരത്തിലെ കോളേജില്‍ നിന്ന് തന്നെ വര്‍ഷങ്ങള്‍ക്കു മുന്പ് റിട്ടയര്‍ ചെയ്തതാണ്.
അവന്‍ ഒരിക്കല്‍ കൂടി പുറത്തേക്ക നോക്കി.ആ വീട് അടച്ചു പൂട്ടി ഇട്ടിരിക്കുന്നു.കോണ്ക്രീറ്റ് ചാരു ബഞ്ചും കറുത്ത ഗേറ്റും.തനിച്ചായ പനിനീര്‍ ചാമ്പയുടെ തണല്‍. വൃദ്ധന്‍ എന്തായിരുന്നു എപ്പോഴും ആലോചിച്ചു കൊണ്ടിരുന്നത്?ഏകാന്തതയുടെ പുല്മേുട്ടിലെ ഓര്മ്മനയുടെ വെളുത്ത കൂടാരങ്ങളില്‍ ഒരു പക്ഷെ ആത്മാവിനെ അലയാന്‍ വിട്ടിരുന്നതാവാം.

അവന്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു ആ ഫോട്ടോ സ്കാന്‍ ചെയ്തു ലാപ്ടോപില്‍ കയറ്റി.പിന്നെ ഫെയ്സ് ബുക്ക് തുറന്നു പ്രഫ.സാമുവല്‍ എന്ന പേരില്‍ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു.ആ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി സേവ് ചെയ്തു.പിന്നെ ഒന്ന് രണ്ടു ഗ്രൂപ്പുകളില്‍ റിക്വസ്റ്റ് അയച്ചു.കുറച്ചു ഫ്രണ്ട് റിക്വസ്റ്റുകളും.പിന്നെ താന്‍ കൂടി അംഗമായ ഗ്രൂപ്പിലേക്ക് ‘പ്രഫ.സാമുവലിനെ ചേര്‍ത്തു.
സമയം ഉച്ച കഴിഞ്ഞിരുന്നു.ഒരു പെഗ് മദ്യം കൂടി കഴിച്ചിട്ട് അവന്‍ തുണി തിരുമ്പി.ഭക്ഷണം കഴിച്ചു തിരികെ വന്നതിനു ശേഷം വീണ്ടും ലാപ്ടോപ് തുറന്നു.ഗ്രൂപ്പില്‍ ആ കവിത തിരയാന്‍ തുടങ്ങി.
അലീന റോസ് എഴുതിയ കവിത.
ഒരു പുലര്‍ച്ചെ കമ്പനിയിലെ രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞു തൊട്ടടുത്തുള്ള കഫെയില്‍ കാപ്പി കുടിക്കാന്‍ കയറിയതാണ്.അവിടെ വച്ചാണ് അവന്‍ അലീനയെ ആദ്യം കാണുന്നത്.
തിരക്കില്ലാത്ത കഫെയില്‍ അവള്‍ ഏതോ പുസ്തകം വായിച്ചു കൊണ്ട് കാപ്പി കുടിച്ചു കൊണ്ടിരുന്നു.ചെറുകാറ്റില്‍ നെറ്റിയില്‍ വീണു കിടന്ന മുടിയിഴകള്‍ ഇളകി.കഫെയുടെ ചില്ല് ഭിത്തികളിലൂടെ ,കുട്ടികള്‍ വരച്ചു വച്ചത് പോലെ പ്രത്യക്ഷപ്പെട്ട രണ്ടു ചെറു മേഘങ്ങള്‍ ,അകത്തേക്ക് നോക്കി ഉദാസീനമായി നിന്നു.ആ നിമിഷങ്ങളില്‍ ആത്മാവില്‍ ഒരു നിശ്ചലത ലിയോക്ക് തോന്നി.
അതെ കമ്പനിയില്‍ പകല്‍ ഷിഫ്റ്റില്‍ ജോലിക്ക് കയറിയ ഒരു ജൂനിയര്‍ എന്ജി നീയര്‍ ആയിരുന്നു അലീന റോസ്.ആരോ പറഞ്ഞു അവള്‍ നന്നായി എഴുതുമെന്ന്,ഫെയ്സ്ബൂക്കില്‍ അറിയപെടുന്ന എഴുത്തുകാരിയാണെന്ന്.
പിന്നെയും പല പ്രാവശ്യം കഫെയില്‍ അവള്‍ വായിച്ചു കൊണ്ടിരിക്കുന്നത് അവന്‍ കണ്ടു.ഒന്ന് രണ്ടു പ്രാവശ്യം അവരുടെ നോട്ടം ഇടഞ്ഞു.അപ്പോള്‍ ഉള്ളില്‍ ഒരു ചില്ല് പാത്രം വീണുടയുന്നത് പോലെ അവന്റെ ധൈര്യം ചോര്‍ന്നു.

നിലാവില്‍ വിരിഞ്ഞ സ്വര്‍ണ്ണപുഷ്പം പോലെ അലീന.
ലിയോ ആ കവിത വായിച്ചു.പിന്നെ അതിനു കീഴില്‍ ഒരു കമന്റിട്ടു.നന്നായിട്ടുണ്ട്.ഒന്ന് രണ്ടു പെഗ് കൂടി കഴിച്ചതിനു ശേഷം അവന്‍ ഫെയ്സ്ബൂക്കിലൂടെ പ്രഫ.സാമുവലായി ഊളിയിട്ടു.വൈകുന്നെരമായപ്പോള്‍ ഫ്രണ്ട്സ് ലിസ്റ്റില്‍ പത്തമ്പത് പേരായി.മൂന്ന് നാല് ഗ്രൂപ്പുകളില്‍ അംഗത്വമായി.
വൈകുന്നേരം കുളിച്ചു റെഡിയാവാന്‍ അവന്‍ എഴുന്നേറ്റു.റോഡിനു അക്കരെ ,വെളുത്ത ചാരുബഞ്ചും ,പനിനീര്‍ ചാമ്പയും ,വിജനമായ നിരത്തും പോക്കുവെയിലില്‍ കുളിച്ചു കിടന്നുഉടനെ തന്നെ പ്രഫ.സാമുവലിനെ ലോഗ് ഔട്ട്‌ ചെയ്തു.
അന്ന് വൈകുന്നേരം കമ്പനിയിലേക്ക് പോകുന്ന വഴിക്ക് എന്ത് കൊണ്ട് താന്‍ അങ്ങിനെ ഒരു ഫെയ്ക്ക് അക്കൌണ്ട് വരുംവരായ്ഴകകള്‍ നോക്കാതെ തുടങ്ങി എന്ന് അവന്‍ ആലോചിച്ചു.കാലങ്ങളായി പകല്‍ ബോധ മനസ്സ് പ്രവര്ത്തി ക്കാത്തത് കൊണ്ട്,തന്റെ പകല്‍ ജീവിതവും ,അബോധ മനസ്സിന്റെ സ്വപ്ന നിയന്ത്രണങ്ങളില്‍ ആവുകയാണോ എന്ന് അവന്‍ സന്ദേഹിച്ചു.പോകുന്ന വഴിക്ക് അവന്‍ ,പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന നഗരത്തിന്റെ മൂലയില്‍ ചെന്നു.താന്‍ എന്താണ് തിരയുന്നത് എന്ന് അവനു പോലും അറിയില്ലായിരുന്നു.അട്ടിയടുക്കിയ ഓര്‍മ്മകള്‍ പോലെ പൊടിഞ്ഞു തുടങ്ങിയ ഒരു പുസ്തക കെട്ടില്‍ അവന്‍ വിരല്‍ തൊട്ടു.അപ്പോള്‍ പുസ്തകങ്ങള്‍ മറിഞ്ഞു താഴെ വീണു.ശേഷിച്ച പുസ്തകങ്ങളില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന പഴക്കം ചെന്ന പുസ്തകത്തിന്റെ പേര് അവന്‍ വായിച്ചു.
വ്യാകരണമഞ്ജരി.
മലയാളം വ്യാകരണം ,കവിതയിലെ വൃത്തങ്ങള്‍ ,തുടങ്ങിയവയെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പഴയ പുസ്തകം .
അന്ന് രാത്രി ജോലിക്കിടെ അവന്‍ രഹസ്യമായി പ്രഫ .സാമുവലിന്റെ അക്കൌണ്ടില്‍ കയറി നോക്കി.അലീന കമന്റിനു നന്ദി പറഞ്ഞിരിക്കുന്നു.കൂടാതെ അവളുടെ ഫ്രണ്ട് റിക്വസ്റ്റും.ഒപ്പം ഒരു മെസേജും .”സാറിനെ കൂടുതല്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്.”
പിറ്റേന്ന് പകല്‍ അവന്‍ കുറച്ചു നേരം ആ പുസ്തകം വായിച്ചു.അലീനയുടെ മറ്റു പോസ്റ്റുകളില്‍ കമന്റിട്ടു.ആ ഗ്രൂപ്പില്‍ പക്ഷെ അധികം ആക്ടീവ് ആയില്ല.
ഉറക്കത്തിന്റെ ഇടവേളകളില്‍ വൃത്ത ഭംഗിയില്‍ കവിത എഴുതുന്നത്‌ എങ്ങെനെ എന്ന് മനസ്സിലാക്കി.വാക്കുകള്‍ എപ്പോള്‍ കൂട്ടി ചേര്‍ത്ത് എഴുതണം,എങ്ങനെ സന്ധി ഉപയോഗിക്കണം എന്നൊക്കെ ,കിച്ചണില്‍ ചപ്പാത്തി ചൂടാക്കുന്ന ഇടവേളകളില്‍ ,ഒരു ഗ്ലാസ് മദ്യത്തിന്റെ അകമ്പടിയോടെ അവന്‍ പഠിച്ചു തുടങ്ങി.

ഇടക്ക് മടുക്കുമ്പോള്‍ പുസ്തകം അടച്ചു വച്ച് പുറത്തേക്ക നോക്കും.വെളുത്ത ചാരു ബഞ്ചിന്റെ ഏകാന്തതയും പനിനീര്‍ ചാമ്പയുടെ തണലും തന്നെ പ്രോത്സാഹിപ്പിക്കുന്നത് പോലെ.
പിന്നെയുള്ള ദിവസങ്ങളിലെ ഉച്ച നേരങ്ങളില്‍ ,പാതിയുറക്കത്തില്‍ ,പ്രഫസര്‍ സാമുവേലായി അവന്‍ അലീനയോടു സംസാരിച്ചു.പ്രഫ.സാമുവലിന്റെ അറിവ്,അഭിപ്രായങ്ങള്‍ ഒക്കെ അലീനയുടെ വിശ്വാസവും ബഹുമാനവും നേടുന്നത് പിന്നീട് രാത്രിയില്‍ ചാറ്റ് ലോഗ് വായിച്ചു ലിയോ അതിശയിച്ചു .
എത്ര മനോഹരമായാണ് അവള്‍ സംസാരിക്കുന്നത്.ചില പുലരികളില്‍ കഫെയില്‍ സ്വപ്നങ്ങള്‍ ഉറങ്ങുന്ന കണ്ണുകളുമായി കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന അവളെ കാണുമ്പോള്‍ ലിയോ ഓര്‍ക്കും.
അലീന ഒരു കവിത തന്നെയാണ്.നിലാവ് കൊണ്ട് എഴുതപ്പെട്ട ഒരു പ്രണയകവിത.
ഒരു ദിവസം അവള്‍ ചോദിച്ചു.
“സര്‍,ഈ റിട്ടയര്‍മെന്റ് ലൈഫില്‍ എഴുത്തും വായനയും കൂടി ഇല്ലായിരുന്നെങ്കില്‍ എന്ത് ചെയ്തേനെ...?
പൊടുന്നനെ അവന്റെ മനസ്സില്‍ ആ നിശ്ചലമായ വെളുത്ത ചാരു ബഞ്ച് തെളിഞ്ഞു വന്നു.
“ഏകാന്തതയുടെ പുല്‍മേടുകളില്‍ ഓര്‍മ്മകളുടെ വെളുത്ത കൂടാരങ്ങളില്‍ ,അലീന.”

“സര്‍,എന്ത് കൊണ്ടാണ് എഴുതാത്തത്...പിന്നെ സാറിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്..നാളെ ഈ നഗരത്തിലെ എന്റെ ലാസ്റ്റ് ദിവസമാണ്.ജോലി മടുത്തു.ഇനി ഹയര്‍ സ്റ്റഡീസിന് പോകണം.എഴുത്ത് കൂടുതല്‍ സീരിയസായി എടുക്കണം.സാറുമായുള്ള ഈ ചുരുങ്ങിയ കാലത്തേ ബന്ധം എന്നെ ഒരുപാട് സ്വാധീനിച്ചു.ഞാന്‍ അത് തീരുമാനിച്ചു. പോകുന്നതിനു മുന്പ് എനിക്ക് സാറിനെ നേരിട്ട് കാണണം..സാറിനു ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ വീട്ടില്‍ വന്നു സാറിനെ കണ്ടു കൊള്ളാം.”അലീന പറഞ്ഞു.
അവന്‍ ഒഴിവുകഴിവ് പറയാന്‍ ശ്രമിച്ചു.പക്ഷെ അലീന സമ്മതിച്ചില്ല.
“സര്‍,നാളെ വന്നില്ലെങ്കില്‍ നമ്മള്‍ തമ്മില്‍ ഇനിയൊരു സംസാരവുമില്ല.സര്‍ ഒരു ഫെയ്ക്ക് ആണെന്ന് ഞാന്‍ കരുതും.സര്‍ ഒരു ഫെയ്ക്ക് അല്ല എന്ന് എനിക്കറിയാമെങ്കിലും.”
അലീന പറഞ്ഞു.
ഒടുവില്‍ പ്രഫ.സാമുവേല്‍ സമ്മതിച്ചു.നാളെ ഉച്ച കഴിഞ്ഞു കമ്പനിക്കരികിലെ കഫെയില്‍.
കാര്യങ്ങള്‍ കൈവിട്ടു പോകുകയാണ്.ലിയോ മൂന്ന് പെഗ് അടുപ്പിച്ചു വിഴുങ്ങി.അവനു എന്ത് ചെയ്യണം എന്ന് ഒരു രൂപവും കിട്ടിയില്ല.
അലീന പോകുകയാണ്.നാളത്തോടെ ഈ ബന്ധവും ചില്ല് ജനാലയില്‍ പെയ്ത മഴത്തുള്ളി പോലെ മായാന്‍ പോകുകയാണ്.പ്രഫ.സാമുവേല്‍ ഒരു ഫെയ്ക്ക് ആണെന്ന് നാളെ അവള്‍ അറിയും .

“അലീന എടുത്ത തീരുമാനം വളരെ നല്ലതാണു.എന്റെ വീടിനു അരികില്‍ ലിയോ എന്ന പയ്യന്‍ ഉണ്ട്.നിങ്ങളുടെ കമ്പനിയില്‍ തന്നെയാണ് അവന്റെ ജോലി എന്ന് തോന്നുന്നു.പെയിന്റിംഗ് പഠിക്കുന്നതിനു പകരം വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ എഞ്ചിനീയറിങ്ങ് പഠിച്ച പയ്യന്‍.അവന്റെ ദിവസങ്ങള്‍ ഒക്കെ ഒരേ പോലെയാണ്.ഇപ്പോള്‍ വീട്ടുകാരോട് പിണങ്ങി വീട്ടില്‍ പോലും പോകാറില്ല.പാവം.ഞാന്‍ എന്നും കാണുന്നതാണ് അവനെ.”അവന്‍ പറഞ്ഞു.
“ലിയോ...എനിക്കറിയാം.ഞാന്‍ ഇടക്കിടെ കഫെയില്‍ വച്ച് കാണാറുണ്ട്.ഒരു ബുജി ലൂക്ക്..കമ്പനിയില്‍ നല്ല പേരാണ്.ആരോടും അധികം മിണ്ടാറില്ല എന്ന് തോന്നുന്നു.എനിക്ക് പലപ്പോഴും സംസാരിക്കണം എന്ന് തോന്നിയിട്ടുണ്ട്...പക്ഷെ ..ആള്‍ എന്ത് കരുതും എന്ന് അറിയില്ലല്ലോ...” അലീനയുടെ മറുപടി.
പൊടുന്നനെ അവന്‍ നെറ്റ് ഓഫ് ചെയ്തു ലാപ്ടോപ് അടച്ചു.
എന്തൊക്കെയാണ് സംഭവിക്കുന്നത്‌.അലീന തന്നെ ശ്രദ്ധിച്ചിരുന്നുവോ..ഒരു പക്ഷെ ഒരു ഫെയ്ക്ക് നാടകം കളിക്കാതെ നേരിട്ട സംസാരിച്ചിരുന്നെങ്കില്‍...
പിറ്റേന്ന് പകല്‍ മുഴുവന്‍ അവന്‍ കിടന്നുറങ്ങി.കമ്പനിയില്‍ ചെന്നപ്പോള്‍ അലീന റിസൈന്‍ ചെയ്ത വിവരം അറിഞ്ഞു.പുലര്ച്ചെ കഫെയില്‍ കയറിയപ്പോള്‍ അവള്‍ സ്ഥിരം ഇരിക്കുന്ന കസേരയില്‍ ആരുമുണ്ടയിരുന്നില്ല.കാരണമില്ലാതെ ആ വെളുത്ത ചാരു ബഞ്ച് അവന്റെ മനസ്സിലേക്ക് കയറി വന്നു.
റൂമിലെത്തി.ഉച്ച വരെ ഉറങ്ങി.ഉച്ചക്ക് അവന്‍ ലാപ്ടോപ് തുറന്നു.പ്രഫ.സാമുവലിനെ അലീന ബ്ലോക്ക് ചെയ്തിട്ടുണ്ടാകും എന്ന് കരുതി.ഇല്ല ഇപ്പോഴും ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ട്..പക്ഷെ മെസേജ് ഒന്നുമില്ല.
അതിനു ശേഷം ലിയോ സ്വന്തം അക്കൌണ്ടില്‍ കയറി.അലീനയുടെ ഫ്രണ്ട് റിക്വസ്റ്റ്..ഒപ്പം ഒരു മെസേജും.

“ഇന്നലെ ഉച്ച കഴിഞ്ഞു ലിയോയുടെ വീടിനു അടുത്ത് താമസിച്ചു കൊണ്ടിരുന്ന പ്രഫ.സാമുവലിനെ കണ്ടു.ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.ലിയോ നന്നായി എഴുതും,പക്ഷെ ഒന്നും പോസ്റ്റ്‌ ചെയ്യാറില്ല..എന്റെ കവിതകള്‍ ഒക്കെ ലിയോ വായിക്കാറുണ്ട് ,പക്ഷെ സംസാരിക്കാന്‍ വളരെ മടി ആണെന്ന് ഒക്കെ സര്‍ പറഞ്ഞു.ലിയോ തന്നെയാണ് സാറിന് ഫെയ്സ്ബുക്ക് പരിചയപെടുത്തിയത് എന്നൊക്കെ പറഞ്ഞു.സാറിനെ കാണാന്‍ സാധിച്ചത് വളരെ ഭാഗ്യം...സാറിന് സുഖമില്ല ,ഇനി മകന്റെ ഒപ്പം താമസിക്കാന്‍ പോവുകയാണ് എന്നൊക്കെ പറഞ്ഞു.ഫെയ്സ്ബുക്കും സാര്‍ നിര്‍ത്തുകയാണ് ,കണ്ണിനു ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു.ലിയോയെ ഞാന്‍ മുന്പ് കണ്ടിട്ടുണ്ട് കഫെയില്‍...ഓര്‍മ്മ ഉണ്ടാകില്ല...നമുക്ക് നേരിട്ട് കാണണം എന്ന് ആശിക്കുന്നു...അലീന റോസ്.ഒപ്പം അവളുടെ മൊബൈല്‍ നമ്പരും...!!!
ലിയോ ഞെട്ടിത്തരിച്ചു കുറെ നേരം ഇരുന്നു.പ്രഫ.സാമുവലിന്റെ അക്കൌണ്ട് ഡിലീറ്റ് ചെയ്തു.പിന്നെ എഴുന്നേറ്റു.മേശയില്‍ വ്യാകരണ മഞ്ജരി കിടപ്പുണ്ടായിരുന്നു.
അത് എടുത്തു കൊണ്ട് അവന്‍ ജനാല തുറന്നു.താഴെ ഉച്ച വെയിലില്‍ മതിലിലെ കറുത്ത ഗെറ്റ് തിളങ്ങി.വെളുത്ത ചാരു ബഞ്ചിലേക്ക് പനിനീര്‍ ചാമ്പയുടെ ഇലകള്‍ പൊഴിഞ്ഞു കിടന്നു.

അവന്‍ താഴേക്ക് ഇറങ്ങി നടന്നു.ഇതിനു മുന്പ് അവന്‍ ആ വീട്ടില്‍ കയറിയിട്ടുണ്ടായിരുന്നില്ല.അവന്‍ അറിയാതെ ആ പുസ്തകവും അവന്റെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു.പുറത്തു ചെറിയ ഇരുണ്ട് മൂടിയിരുന്നു.മഴക്കുള്ള ഒരുക്കം.
അവന്‍ റോഡില്‍ ഇറങ്ങി ഗേറ്റ് തുറന്നു.എല്ലാം നിശബ്ദമായിരുന്നു.മുറ്റത്ത്‌ വളര്‍ന് നില്ക്കു ന്ന പുല്ലില്‍ ചവിട്ടിയപ്പോള്‍ കിര് കിരാ ശബ്ദം.ദൂരെ എവിടെയോ ഒരു പ്രാവ് ഒറ്റക്ക് കുറുകുന്നു.വെളുത്ത ചാരുബഞ്ച് ഏതോ ദീര്‍ഘമായ ആലോചനയില്‍ പെട്ടത് പോലെ നിശ്ചലമായി കിടന്നു.ഏകാന്തതയില്‍ വിലയം പ്രാപിച്ച മനുഷ്യ ഹൃദയങ്ങള്‍ പൊടിഞ്ഞു കിടക്കുന്നത് പോലെ പനിനീര്‍ ചാമ്പയില്‍ നിന്ന് ചുവന്ന ഇതളുകള്‍ വീണു കിടന്നു.
അവന്‍ ആ ചാരു ബഞ്ചില്‍ ഇരുന്നു അപ്പുറത്തെ തന്റെ വീട്ടിലേക്ക് നോക്കി.ഇവിടെ ഇരുന്നാല്‍ തന്റെ മുറി കാണാം.ജനാല വിരി കാറ്റില്‍ ഇളകി മാറുമ്പോള്‍ ഇടയ്ക്കിടെ ലാപ്ടോപ്പും ടേബിളും കാണാം.
കണ്ണുകളില്‍ ഉറക്കം തഴുകുന്നു.ഈ സമയമാണ് മുന്പ് പകല്‍ നേരങ്ങളില്‍ പ്രഫ.സാമുവലായി അവന്‍ ലാപ്ടോപില്‍ ചെലവഴിച്ചു കൊണ്ടിരുന്നത്.
അവന്‍ ആ ചാരുബഞ്ചില്‍ ഇരുന്നു കൊണ്ട് അവന്റെ മുറിയിലേക്ക് നോക്കി.ലാപ്ടോപ് സ്ക്രീന്‍ അവ്യക്തമാണ്.എങ്കിലും അത് മാറുന്നുണ്ടോ.?ഒരു അവ്യക്തമായ നിഴല്‍ അത് പ്രവര്ത്തികുന്നുവോ?എല്ലാം ഉറക്കപ്പിച്ചിലെ തോന്നലാണ്...ജനാലവിരിയുടെ ചലനങ്ങളാവാം..
തണുത്ത കാറ്റിനു ശക്തി കൂടി..അവന്റെ കയ്യില്‍ ഇരുന്ന പുസ്തകങ്ങളുടെ താളുകള്‍ കാറ്റില്‍ മറിഞ്ഞു അവസാന പേജില്‍ എത്തി.
ശൂന്യമായ വെളുത്ത പേജില്‍ ഒരു സീലും പേരും ഉണ്ടായിരുന്നു.
കാലപ്പഴക്കം ഉണ്ടായിരുന്നെങ്കിലും അവന്‍ അത് വായിച്ചെടുത്തു.

പ്രഫ.സാമുവല്‍ മാത്യു,ഹെഡ് ഓഫ് ദി ഡിപ്പാര്ട്ട്മെന്റ്,മലയാളം വിഭാഗം...
മഴ പെയ്തു തുടങ്ങി.ആദ്യം പനിനീര്‍ച്ചാമ്പയുടെ ഇലച്ച്ചാര്‍ത്തിലൂടെ ,പിന്നെ മതില്ക്കെട്ടിനു പുറത്തു,പിന്നെ എല്ലായിടത്തും മഴ ഒരു വെളുപ്പായി പടര്‍ന്നു.മഴ പെയ്തു കൊണ്ടിരുന്നു.

കൊലുസ്

       

നേരം രാത്രി 2 മണിയെങ്കിലും കഴിഞ്ഞ് കാണും.. ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് ആ പഴയ വില്ലീസ് ജീപ്പ് പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. വീണ് കിട്ടിയ അവധി ആഘോഷിച്ച് കഴിഞ്ഞുള്ള വരവാണ്.കൂട്ടുകാരെല്ലാം മദ്യ ലഹരിയിൽ മയക്കം പിടിച്ചിരിക്കുന്നു. അല്ലെങ്കിലും കഴിക്കാത്തത് കൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ ഡ്രൈവിംഗ് ഉത്തരവാദിത്തം എന്നിലാണ് വന്ന് ചേരാറ്.
ഒരു വലിയ വളവ് വീശിയെടുത്തപ്പോഴാണ് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ കാഴ്ച കണ്ടത്.അങ്ങിങ്ങായി ഒട്ടിച്ച് വെച്ച പോസ്റ്ററുകളിലായി മനോഹരിയായ ഒരു പെൺകുട്ടിയുടെ ചിത്രം. ആദരാഞ്ജലികൾ എന്നായിരുന്നു അടിക്കുറിപ്പ്.വെളിച്ചമടിച്ചത് കൊണ്ടാവാം ആ കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നി. ഈ കുട്ടിയെങ്ങനെ മരണപ്പട്ടു എന്ന ചോദ്യം മനസ്സിലൊരു നിമിഷം മിന്നി മറഞ്ഞു.ഈ ആലോചനകളിൽ മുഴുകിയത് കൊണ്ടാവാം വളവ് കഴിഞ്ഞ ഉടനെ മുമ്പിലെന്തോ നിൽക്കുന്നത് വളരെ അടുത്തെത്തിയാണ് കണ്ടത്.
ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് പോലെയാണ് തോന്നിയത്.പെട്ടെന്നുണ്ടായ പ്രേരണയിൽ വെട്ടിച്ച് മാറ്റിയപ്പോൾ വണ്ടി ഒന്ന് പാളി. ഉറക്കം മുറിഞ്ഞ ഒരുത്തന്റെ വായിൽ നിന്ന് പച്ച തെറിയാണ് വന്നത്. ഒന്ന് പരിഭ്രമിച്ചെങ്കിലും വലിയ കാര്യമാക്കാതെ ജീപ്പ് മുന്നോട്ട് തന്നെ ഓടിച്ചു.
അൽപ ദൂരം കൂടി കുഴപ്പമില്ലാതെ ഓടിയ വണ്ടി പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെ നിശ്ചലമായി.ഒരുപാട് യാത്രകളിൽ ഞങ്ങളുടെ വിശ്വസ്തനായ സാരഥി ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചതി കാണിക്കുന്നത്.കൂട്ടുകാരെ വിളിച്ച് നോക്കിയെങ്കിലും മദ്യം അവരെ പൂർണമായി കീഴ്പെടുത്തിയിരുന്നു.
മറ്റ് വഴികളില്ലാത്തത് കൊണ്ട് ഞാൻ പുറത്തിറങ്ങി.നല്ല തണുപ്പുണ്ടായിരുന്നു. എവിടെയാ എത്തിയതെന്ന് ഒരൂഹവും കിട്ടിയില്ല. ആ വഴി ഒരു വണ്ടി പോലും കടന്ന് പോവാത്തത് അത്ഭുതം ഉളവാക്കി. ആകാശത്ത് ഒരു നക്ഷത്രം പോലും കാണാൻ ഇല്ലായിരുന്നു! മൊബൈൽ ഫ്ലാഷ് ഓണാക്കി നോക്കിയപ്പോൾ റോഡിന്റെ ഒരു ഭാഗം അഗാധതയിലേക്ക് എന്ന വണ്ണം നീണ്ട് പോവുന്ന ചെരിവാണെന്ന് മനസ്സിലായി.
സ്വഭാവികമായി ജീപ്പിന്റെ ബോണറ്റൊന്ന് തുറന്ന് പരിശോധിക്കാമെന്ന് വിചാരിച്ചു. റേഡിയേറ്ററിൽ ആവിശ്യത്തിന് വെള്ളമുണ്ടായിരുന്നു. ബാറ്ററിയുടെ കണക്ഷൻ പരിശോധിച്ച് തലയുയർത്തിയപ്പോൾ ഒരു ശീൽക്കാര ശബ്ദത്തോടെ വളരെ പെട്ടെന്ന്എന്തോ ഒന്ന് എന്റെ നെറ്റിയുടെ നേരെ വന്ന് നിന്നു.വെളിച്ചം അങ്ങോട്ട് നീക്കിയപ്പോൾ പേടി കൊണ്ട് ചോര തണുത്തുറഞ്ഞ് പോയത് പോലെ തോന്നി.
അസാധാരണ വലിപ്പമുള്ള ഒരു മൂർഖൻ പാമ്പ് എന്റെ നെറ്റി ലക്ഷ്യമാക്കി പത്തി വിടർത്തി നിൽക്കുകയാണ്. അതിന്റെ ക്രൗര്യം മുറ്റിയ കണ്ണുകൾ ഫ്ലാഷ് ലൈറ്റിൽ തിളങ്ങുന്നുണ്ടായിരുന്നു. എത്ര സമയം അങ്ങനെ നിന്നെന്ന് ഓർമയില്ല. പിറകിലൊരു നിഴൽ ചലിച്ച പോലെ തോന്നി. തിരിഞ്ഞ് നോക്കാൻ നിർവാഹമില്ലായിരുന്നു. ഒന്ന് അനങ്ങിയാൽ മൂർഖൻ എന്നെ ആക്രമിക്കുമെന്ന് ഞാൻ ഭയപ്പെട്ടു.
പിറകിലാരോ നിൽപുണ്ടെന്ന് നല്ല ഉറപ്പായിരുന്നു. എന്തോ കണ്ട് ഭയപ്പെട്ട പോലെ പാമ്പ് പത്തി താഴ്ത്തി എങ്ങോട്ടോ ഇഴഞ്ഞ് പോയി. ആശ്വാസത്തിന്റെ പിരിമുറുക്കത്തിനൊടുവിൽ ഞാൻ ബോധരഹിതനായി താഴെ വീണു . പാതി മയക്കത്തിൽ കണ്ടു.. അകന്ന് പോകുന്ന ഒരു പെൺകുട്ടിയുടെ കാൽപാദങ്ങൾ. ഒരു കാലിൽ മാത്രം നിറയെ മണികളുള്ള വെള്ളി കൊലുസ് അണിഞ്ഞതായി കാണാമായിരുന്നു.പിന്നെ ഇരുട്ട് മാത്രം.
ഓർമ വരുമ്പോൾ ഏതോ ആശുപത്രി കിടക്കയിലാണ്.കൂട്ടുകാരെല്ലാം അടുത്തുണ്ട്. ജീപ്പ് ഒതുക്കി നിർത്തി ഞാൻ ഉറങ്ങുക ആയിരുന്നു പോലും. വിളിച്ചപ്പോൾ ഉണരാതെ പിച്ചും പേയും പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് വന്നത്. എവിടുന്ന് കിട്ടിയെടാ കഞ്ചാവ് എന്നായിരുന്നു ഒരുത്തന്റെ ആകാംക്ഷയോട് കൂടിയുള്ള ചോദ്യം.
എല്ലാവരും പുറത്തിറങ്ങിയപ്പോൾ അവിടെ മേശപ്പുറത്ത് കിടന്നിരുന്ന പത്രമെടുത്ത് അലസമായി മറിച്ച് നോക്കി.തലേ ദിവസം നടന്ന ദുരൂഹമായ കൊലപാതക വാർത്തയുടെ ചിത്രങ്ങളിൽ കണ്ണുടക്കിയപ്പോൾ ഹൃദയം നിലച്ച പോലെയായി. അതവളായിരുന്നു.. രാത്രി കണ്ട പോസ്റ്ററിലെ പെൺകുട്ടി. ഒരു പനമ്പായയിൽ പൊതിഞ്ഞ ജഡത്തിന്റെ വെളുത്ത കാലുകളൊന്നിൽ നിറയെ മണികളുള്ള വെള്ളിക്കൊലുസ് കാണാമായിരുന്നു!

മാനവീയം



ഇരു മെയ്യായിരുന്നപ്പോഴും
ഒന്നായിരുന്ന
ഒരു മനമുണ്ടായിരുന്നു
നമുക്ക്.
സുബ്ഹി ബാങ്കിൽ ഉണർന്ന്
കുളിച്ച് കുറി തൊട്ട്
അമ്പലത്തിൽ പോയിരുന്ന
ഭൂതകാലമുണ്ടായിരുന്നു നമുക്ക്.
മമ്മുവും കേളുവും
കോതയും ജോയിയും
കോലായിലിരുന്ന്
ഇല്ലായ്മയുടെ
ഹൃദയങ്ങൾ
പങ്കുവെച്ചിരുന്നു.
മമ്പുറത്തുപ്പാപ്പയും
കോന്തുനായരും
മങ്ങാട്ടച്ചനും
കുഞ്ഞായനും
മരക്കാരലിയും
സാമൂതിരിയും
നട്ടുനനച്ച്
കൊയ്തെടുത്ത
മാനവികതയുടെ
കതിർ മണികൾ
കൊത്തിപ്പറക്കാൻ
വന്ന പിശാചുകൾക്കെതിരെ
പുതിയ കൂട്ടായ്മകൾ തീർക്കാം
ശബ്നം സിദ്ദീഖി

വരണമാല്യം



ഇന്നെന്താ എന്റെ വീട്ടിൽ ഇത്ര സന്തോഷം. ഞാൻ മരിച്ചതിൽ പിന്നെ ആദ്യമായാണല്ലോ ഏട്ടനും മക്കളും അച്ഛനും അമ്മയുമെല്ലാം ഇത്ര സന്തോഷിച്ച് കാണുന്നത്.
ആഹാ ദാ വരുന്നു എന്റെ പൊന്നുമോൾ മാളു. കണ്ണെഴുതി പൊട്ടു തൊട്ട് മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായി മുറ്റത്ത് ഓടി നടക്കുവാണല്ലോ. ശരിക്കും അവൾക്ക് എന്റെ ഛായ തന്നെയാ.
ഞാനവളുടെ അടുത്തുചെന്നു ആ തലയിൽ പതുക്കെ തലോടി. നെറുകയിൽ ചക്കരയുമ്മ കൊടുത്തു.
ആ സമയത്ത് ഏട്ടൻ വന്നവളെ എടുത്തു.ഏട്ടനും നല്ല സന്തോഷത്തിലാ. പുതിയ ഷർട്ടും കസവു കരമുണ്ടും എല്ലാം ഉടുത്ത് നല്ല ഭംഗിണ്ട് കാണാൻ
ഞങ്ങളുടെ കല്യാണ ദിവസവും ഇങ്ങനെ തന്നെ ആയിരുന്നു ഏട്ടൻ.
അല്ല എല്ലാവരും ഇവിടെ ഉണ്ട്. എന്റെ ഉണ്ണിമോൻ എവിടെ?
അവനെ മാത്രം കാണാൻ ഇല്ലല്ലോ.
അകത്തു കയറി നോക്കട്ടെ. അവൻ ഒരുങ്ങുകയാവും. അച്ഛനെ പോലെ തന്നാ കണ്ണാടിയുടെ മുൻപിൽ നിന്ന് കുറെ നേരംമുടി ചീകി മിനുക്കിയാലേ തൃപ്തിയാവൂ.
ഞങ്ങൾ കളിയും ചിരിയുമായി ഇരുന്ന ആ കൊച്ചു സ്വർഗ്ഗം. അവിടുത്തെ ഞങ്ങളുടെ മുറിയിലേക്ക് ഞാൻ ചെന്നു
ഉണ്ണിമോൻ ആ മുറിയിലിരിപ്പുണ്ടല്ലോ. എന്തു പറ്റി ഇവന് കരഞ്ഞ് കണ്ണെല്ലാം ചുവന്ന് തുടുത്തിരിക്കുന്നു
ഞാൻ അവന്റെ അരികിൽ ചെന്നിരുന്നു.
അവനെന്തൊക്കേ യോ ഉരുവിടുന്നുണ്ടല്ലോ.എന്താത്
അല്ല അവന്റെ കയ്യിൽ ഒരു ഫോട്ടോ ഉണ്ടല്ലോ?
ഞാൻ ആ ഫോട്ടോയിലേക്കൊന്ന് നോക്കി. അത് ഞങ്ങൾ നാലുപേരു കൂടി മാളുവിന്റെ പിറന്നാളിനെടുത്തതാണല്ലോ.ഉണ്ണിയെന്തിനാ ഇതും കെട്ടി പിടിച്ചിരുന്ന് കരയുന്നേ.
അമ്മേ...... അമ്മേ...... എന്തിനാ ഞങ്ങളെ വിട്ട് പോയത്. അമ്മയില്ലാതെ ഒരു സുഖവുമില്ല ഞങ്ങൾക്ക്.അച്ഛനാണേൽ എന്നും തിരക്കാ. ഞങ്ങളുടെ അടുത്ത് ഇരിക്കാൻ പോലും സമയല്ല്യ.
അമ്മയ്ക്കറിയോ അമ്മ മരിച്ചപ്പോൾ ഞങ്ങൾക്കെന്ത് വിഷമായിരുന്നു. മാളു രാത്രിയിലെന്നും കരച്ചിലായിരുന്നു അമ്മയെ കാണണമെന്ന് പറഞ്ഞ്
' ആരെടുത്താലും അവൾ കരച്ചിൽ മാറ്റില്ല .ഞാനാ അവളെ മടിയിൽ കിടത്തി ഉറക്കാറുള്ളത്.
അമ്മ നടുവിൽ കിടന്ന് മാളു വലതു വശത്തും ഞാൻ ഇടതു വശത്തും കിടന്ന് അമ്മ പാട്ടു പാടി ഉറക്കാറില്ലേ.
അമ്മ പോയപ്പോൾ തലയണ നടുക്കിൽെ വച്ച് ഞങ്ങൾ അതിനെ കെട്ടി പിടിക്കും.
ഞാൻ ഓമനത്തിങ്കൾ പാട്ടു പാടും അങ്ങനാമാളു എന്നും ഉറങ്ങുന്നത്.
എന്തിനാ അമ്മേ ഞങ്ങളെ വിട്ട് പോയത്. അതോണ്ടല്ലോ അച്ഛൻ വേറെ വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് വേറെ അമ്മ വേണ്ടമ്മേ ഞങ്ങൾക്ക് അച്ഛൻ മാത്രം മതി. അമ്മ ഒന്ന് പറയോ വേറെ അമ്മയെ ഞങ്ങൾക്ക് ത രണ്ടാന്ന്
ഉണ്ണിമോന്റെ ഏങ്ങിയുള്ള കരച്ചിൽ എന്നെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി
അന്ന് വിവാഹ വാർഷികമായിരുന്നു ഞങ്ങളുടെ. പല തരം വിഭവങ്ങളും കേക്കും വാങ്ങി ആഘോഷിക്കാൻ ഇരുന്നു.
ആ സമയത്താണ് ഏട്ടന് ജോലി സ്ഥലത്തു നിന്നും കോൾ വന്നത്. അത്യാവശ്യമായി അവിടം വരെ ചെല്ലാൻ. അര മണിക്കൂറിനുള്ളിൽ തിരികെ എത്താമെന്നും പറഞ്ഞ് ഏട്ടൻ പോയി
ഓരോ മണിക്കൂറുകഴിയുമ്പോഴും ഞാൻ വിളിച്ചു കൊണ്ടേ ഇരുന്നു പക്ഷേ ഫോൺ സ്വിച്ച് ഓഫ്
രാത്രി പത്തു മണിക്കാണ് കൂട്ടുകാരുമൊത്ത് മദ്യപിച്ച് വീട്ടിൽ കയറി വരുന്നത്.
ഞാൻ കുറേ വഴക്കു പറഞ്ഞു 'ശാസിച്ചു. ഇനി ഏട്ടന്റെ കൂടെ ജീവിക്കേണ്ടെന്ന് പറഞ്ഞു
വേണ്ടേൽ എവിടെയെങ്കിലും പോയിക്കൂടെന്ന് ചേട്ടനും
ആ വഴക്ക് കൂടി വന്നു.
സഹിക്കാൻ പറ്റാതായപ്പോൾ മുറിയിൽ കയറി സാരിത്തുമ്പിൽ ഞാനെന്റെ ജീവിതം അവസാനിപ്പിച്ചു
അമ്മേ.... അമ്മേ..... അച്ഛനോട് വേറെ വിവാഹം കഴിക്കരുതെന്ന് പറയമ്മേ ഉണ്ണിമോന്റെ കരച്ചിൽ എന്റെ കാതുകളിൽ വന്ന് തറച്ചു
ഞാൻ ഏട്ടനരികിലേക്ക് ചെന്നു. വളരെ സന്തോഷവാനായിരുന്നു അദ്ദേഹം
വിവാഹം കഴിക്കരുത് ഏട്ടാ. നമ്മുടെ മക്കളെ ആലോചിച്ച് .മോനവിടിരുന്ന് കരയുന്നതു കാണുന്നില്ലേ.ഞാൻ കാലു പിടിച്ച് ഉറക്കെ നിലവിളിച്ചു
ഞാൻ സമ്മതിക്കില്ല. നിങ്ങളെ എങ്ങും വിടില്ല. ഏട്ടന്റെ കാൽ മുറുകെ കെട്ടി പിടിച്ച് കരഞ്ഞു
ടീ പോത്തെ എന്ന താടി നീയീ കാണിക്കുന്നേ
എന്റെ കാലുവിട്. >
ഞാൻ ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ മക്കളും അങ്ങേരും ആകെ പരിഭ്രാന്തരായി നിൽക്കുന്നു
ഞാൻ മക്കളെ കെട്ടിപ്പിടിച്ചു.ഏട്ടന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു. സ്വപ്നം സത്യമാകാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു.
ഓർക്കുക. കുടുംബം അത് നമുക്കെന്നും പ്രധാനപ്പെട്ടതാണ്. നിസ്സാര കാര്യങ്ങൾക്കു വേണ്ടി ജീവിതം ഹോമിക്കാൻ തുനിയുമ്പോൾ ഇനിയെങ്കിലും ഓർമ്മിക്കുക ' എല്ലാവർക്കുമായി സമർപ്പിക്കുന്നു. ജീവിക്കുക പരസ്പരം സ്നേഹിച്ചും വിശ്വസിച്ചു0.

By: 
ശിവദുർഗ്ഗ രാമാലയം

ബുദ്ധം ശരണം ഗച്ഛാമി



ഭാരങ്ങളെല്ലാമിറക്കുന്നലങ്കാര -
താരപ്രഭയും ,കിരീടം, പ്രതാപവും
കാലം തുറക്കും ജനാലക്കുമപ്പുറം
ശീലങ്ങളെല്ലാമഴിച്ചെറിയുന്നിതാ
അർത്ഥസമ്പുഷ്ടങ്ങളല്ലാത്ത ജീവിത -
വ്യർത്ഥ കാവ്യത്തിൻ്റെ വ്യാകരണങ്ങളെ
സ്വാർത്ഥ സാഫല്യ വിചാരങ്ങളില്ലാതെ-
യോർത്തെടുക്കുന്നു, വിട പറയുന്നു ഞാൻ
ജന്മശിഷ്ടങ്ങളെ ധർമാശ്രമത്തിൻ്റെ-
യുന്മാദബാധയിൽ വിസ്മരിക്കുന്നു ഞാൻ
വർണ്ണ വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ച
സ്വർണ ചന്ദ്രക്കല മണ്ണിൽ കുഴിച്ചിട്ട്
താണുവീണൊന്നുനമസ്ക്കരിച്ചീടവേ
പ്രാണദാതാവിനു പ്രാർത്ഥന ചൊല്ലിയും
നിത്യദു:ഖത്തിൻ്റെ മൺകലം പൊട്ടിച്ചു
സത്യമാർഗത്തിലേക്കിന്നിറങ്ങുന്നിതാ
കത്തിജ്വലിക്കും വിശപ്പു തിന്നന്തിയിൽ
പൊട്ടിക്കരയും തെരുവ്;വെളിച്ചങ്ങ -
ളില്ലാതെ തങ്ങളിൽ ഭോഗിച്ചൊടുങ്ങുന്ന
പട്ടിണി മാത്രം പുളക്കുന്ന വൻകര
അമ്മയെക്കാണാതുണർന്ന ബാല്യത്തിൻ്റെ
നന്മയെച്ചുട്ടെടുക്കുന്ന കാമാന്ധത
രാജാധികാരം നശിപ്പിച്ച നാടിൻ്റെ-
യാചാരഭംഗിയിലുമ്മ വെക്കുന്നു ഞാൻ!
അശ്വത്ഥമില്ലാതൊരുഗ്രതാപത്തിൻ്റെ-
യസ്വസ്ഥമൂർഛയിൽകൺതുറന്നീടവേ
ധർമസംഘശരണാക്ഷരശംഖൊലി
നൽകിയ ഗൗതമനല്ല ഞാനെങ്കിലും
ബോധി വൃക്ഷങ്ങളിൽ തീയലച്ചാർത്തുകൾ
വേരിനെപ്പോലും നശിപ്പിച്ച ഹിംസകൾ.....
കാലഭേദത്തിൻ കനൽച്ചൂടുപൊള്ളവേ
ആത്മസാക്ഷാൽക്കാരമാർഗമന്വേഷിച്ചു
ദീർഘയാനങ്ങളിൽ നീലിച്ചു തീരുന്നു
ഭാഗ്യമോരാത്ത തഥാഗത യാത്രകൾ...
ഭാവിയും ഭൂതവും വർത്തമാനത്തിൻ്റെ
യാഗപ്പുരകളിൽ വെന്തു തീരുമ്പൊഴും
നീയന്നരുളിയ സംഘബോധത്തിൻ്റെ
നീരൊഴുക്കുണ്ടോ പുനർജനിച്ചീടുവാൻ?
****** ********* ********
ശ്രീനിവാസൻ തൂണേരി

മിസ്റ്ററി ബോക്സ്



തിരികെ വിളിക്കുന്നത് ... 
ഇതാണ്,ഈ തിരിക്കെ വിളിക്കലാണ് അമ്മുവിനെയും കൂട്ടി ഇവിടെക്കു വരാനുള്ള കാരണം.പിന്നെ...
രാത്രികളിൽ ഞങ്ങളുടെ ലോകത്തു കിടന്നു അവൾക്കു പറഞ്ഞു കൊടുത്ത കഥകളിലെ നാടും വീടും കുളവും ..
എല്ലാം കാണണമെന്ന് വാശി പിടിച്ചതും അമ്മുവാണ്.. അവൾക്കു വേണ്ടി കൂടിയാണ് ഈ യാത്ര !!
വീട് ഒരു ഭാഗം മുഴുവനും തകർന്നു കഴിഞ്ഞിരുന്നു .. 
ഇവിടം വിൽക്കാൻ വേണ്ടി അലക്സിയും അനുജത്തിയും കൂടി പദ്ധതിയിട്ടതാണ് പക്ഷെ ഞാനും അമ്മച്ചിയും അതിനു സമ്മതിച്ചിരുന്നില്ല ..ഒരു രീതിയിൽ നോക്കിയാൽ അവർ പറയുന്നതും .
ശരിയാണ്. ഈ ഗ്രാമത്തിലേക്ക് വന്നിനി എന്തായാലും താമസമാകില്ല ..എന്നാലും എന്തോ ഈ വീടുമായി, ഈ സ്ഥലവുമായി ഒരു ആത്മബന്ധം .. വീട് മുഴുവൻ അമ്മുവിന് കാണിച്ചു കൊടുത്തു , അതിനിടയിൽ എപ്പോഴോ കേട്ട് തുടങ്ങിയതാണ് ഒരു പൂച്ച കുഞ്ഞിന്റെ ഞരക്കം.. അത് എവിടെയോ കിടന്നു കരയുകയാന്നെന്നു തോന്നുന്നു .പണ്ട് ഇതേ ശബ്ദം കേട്ട് രാത്രിയിൽ പേടിച്ചു നിലവിളിച്ചു, വീടിന്റെ തിണ്ണയിൽ ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോയി എന്നും പറഞ്ഞു അമ്മച്ചിയേം കൊണ്ട് രാത്രിയിയിൽ കതകു തുറപ്പിച്ച ചരിത്രം കൂടി ഉണ്ട് എനിക്ക് ..അമ്മുവാണ് അത് കണ്ടു പിടിച്ചത് ..വീടിന്റെ വെളിയിൽ കിണറിന്റെ മുകളിൽ ഇട്ടിരിക്കുന്ന വലയിൽ കുടുങ്ങി ഒരു പൂച്ചക്കുട്ടി..കുറച്ചു പണിപെട്ടാണെങ്കിലും ഞങ്ങൾ രണ്ടു പേരും ചേർന്ന് അതിനെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു.. അമ്മു അതിനെ എടുത്ത് മാറോടുചേർത്തു
അപ്പോഴാണ് ശരിക്കും ശ്രദ്ധിക്കുന്നത് ..കിണർ തകര കൊണ്ട് അടച്ചിരിക്കുന്നു..കൂടാതെ അതിനു ഒരു പൂട്ടും അതിന്മേൽ ഒരു തകിടും, കുറെ ചരടുകളും. ഞങ്ങൾ വീട് മാറി പോയപ്പോൾ അമ്മച്ചി തന്നെ പൂട്ടിയാതാക്കാം.ഒരുപാടു ആഴമുള്ള കിണറാണ് ..ഇതിന്റെ അരികെ പണ്ടൊരു ചാമ്പമരം ഉണ്ടായിരുന്നു .. നിറയെ ചുവന്ന തുടുത്ത ചാമ്പക്ക കായ്ച്ചിരുന്ന ചാമ്പമരം..അത് ഉപ്പും കൂട്ടി കഴിച്ചു ഈ കിണറിന്റെ അരികത്ത് എത്രയാണ് ഇരുന്നിട്ടുള്ളത്.അമ്മുവിന് ആ ബാല്യം നഷ്ടമായി ..പൂട്ടു പഴയതു ആയതു കൊണ്ട് വളരെയെളുപ്പം തല്ലി പൊട്ടിക്കാൻ കഴിഞ്ഞു ..പതുകെ മൂടി മാറ്റി ഉള്ളിലേക്ക് നോക്കി.. പരിചിതമായ ഒരു ശബ്ദം പിന്നിൽ.. പരിചിതമാണെങ്കിലും അത് എന്താണ് എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം എൻറെ മനസു ഒന്ന് പിടച്ചു..വർഷങ്ങൾക്കു മുൻപ് ഉള്ള കാര്യമാണ്.. വിഷ്ണു കൂട്ടിന് ഉള്ള കാലം .. ഇന്നത്തെ പോലെയല്ല.. നീളൻ പാവാടയും മുട്ട് അറ്റം വരെ നിറയെ മുടിയും ഉണ്ടായിരുന്ന കാലം .. രാത്രികാലങ്ങൾ വെറുതെ നിലാവിനെ നോക്കി സ്വപ്നം കണ്ടു കഴിച്ചു കൂട്ടിയ കാലം.. അങ്ങനെ ഉള്ള ഏതോ ഒരു രാത്രിയിലാണ് ഞാൻ ആദ്യമായി ഈ ശബ്‍ദം കേൾക്കുന്നത് ചിലങ്ക കെട്ടി ആരോ ഒരാൾ നടന്നു അടുത്തേക്ക് വന്നിട്ട് അകന്നു പോകും പോലെ... ആദ്യം തോന്നൽ മാത്രം ആന്നെന്നു വിചാരിച്ചു വെങ്കിലും പിന്നീട് അമ്മച്ചിയോടു കാര്യം പറഞ്ഞു .. അത് 'ചീവീട്' പോലെ മറ്റൊരു ജീവി ഉണ്ടാക്കുന്ന ശബ്ദം ആണെന്നാണ് അമ്മച്ചി പറഞ്ഞത്..വീടിന്റെ അടുത്തുള്ള അമ്പലത്തിലെ ആനയെ രാത്രിയിൽ ചങ്ങലയോടു കൂടി പാപ്പാൻ രവിച്ചേട്ടൻ അത് വഴി കൊണ്ട് പോകുന്നത് ആണെന്ന് കൂട്ടുകാരും.. വിഷ്ണുവാണ് പറഞ്ഞെത് അത് ദേവിയാന്നെന്നു ! ചുവന്ന പട്ടുടത്ത മുടിയെല്ലാം അഴിച്ചിട്ടു ചുവന്ന കുങ്കുമത്തിൽ കുളിച്ചു ഒരു സ്ത്രീ രൂപം .. അവളുടെ കാലിൽ കെട്ടിയ ചിലമ്പുകളിൽ നിന്നാണത്രേ ഈ ശബ്ദം ! വീടിനു അരികത്തുള്ള ഒരു അമ്പലത്തെ പറ്റി ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നുവെലോ .. അവിടെയുള്ള ഈ ദേവി അടുത്ത് ദേശത്തുള്ള സഖികളായ മറ്റു ദേവിമാരെ കാണാൻ പോകുമത്രേ.. ആ വഴിയിൽ ആണ് ഞങ്ങളുടെ വീട്! എന്ത് തന്നെയായാലും, പിന്നീട് ഈ സ്വരം കേൾക്കുമ്പോൾ ഞാൻ ജനലുകൾ അടച്ചു പുതപ്പിനടിയിൽ മിണ്ടാതെ കിടക്കും .. ആ സ്വരം ഇല്ലാതെ ആകുന്നത് വരെ .. വർഷങ്ങൾക്കു ശേഷം വീണ്ടും അതെ ചിലമ്പൊലി .. ഞാൻ ധൈര്യം സംഭരിച്ചു തിരിഞ്ഞു നോക്കി ... ദൂരെ ദൂരെ അവൻ... വിഷ്ണു !
ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന് ഞാൻ വിചാരിച്ചവൻ.. എൻറെ കളിത്തോഴൻ.. വിഷ്ണു... ഞാൻ ഉറക്കെ വിളിച്ചു... "വിഷ്ണു..."അവൻ ആ വിളി കേൾക്കാതെ മരങ്ങളുടെ പച്ചപ്പിലേക്ക് നടന്നകന്നു ... പണ്ടെന്നോ മനസ്സിൽ നിന്നും മാഞ്ഞു പോയ കാഴ്ചകൾ വീണ്ടും ഒരു കളിവള്ളം തുഴഞ്ഞു മനസിലേക്ക് എത്തുന്നു.. ഓർമകളുടെ കൂട്ടത്തിൽ നിറം മങ്ങി പോയ ചില കാഴ്ചകൾ ഉണ്ട് .. ഞാൻ ആരോടും പറയാതെ ഉള്ളിലൊളിപ്പിച്ച ചിത്രങ്ങൾ.. ഞാൻ ഓർക്കുന്നു... അന്നു ജനലിനിടയിൽ കൂടി എന്നെ നോക്കി നിൽക്കുന്ന വിഷ്ണു.. എനിക്ക് ചുറ്റും അഗ്നി നാളങ്ങൾ.. ക്രിസ്ത്യാനി ആയിട്ടു കൂടി അമ്മച്ചി ഏതോ സ്വാമിയുടെ മുൻപിൽ തൊഴു കൈകളോട് കൂടി ഇരിക്കുന്നു ... എൻറെ ചുറ്റും മഞ്ഞളും കുങ്കുമവും കൊണ്ട് തീർത്ത കോലങ്ങൾ.. നാഗത്താന്മാരും ദേവിചിത്രങ്ങളും എന്നെ നോക്കി അർത്ത്അട്ടഹസിക്കുന്നു.. ഞാൻ വിഷ്ണുവിനോട് കരഞ്ഞു നിലവിളിച്ചു ... എന്നെയും കൂടി കൊണ്ട് പോവുക..ഈ ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും.. നിലവിളികൾ ഇനി അവന്റെ കാതുകളിലേക്കു വീഴുകയില്ലേ? എന്നെ മന്ത്രോച്ചാരങ്ങൾക്കു വിട്ടു കൊടുത്തിട്ടു അവൻ നടന്നകന്നു .. .. ഇതിനും മുൻപേ അമ്മച്ചി ആരോടോ പറയുന്നത് ഞാൻ കേട്ടിരുന്നു.. " പെണ്ണിന്ന് ബാധ കേറിയതാ .. ആ കുളത്തിൽ വീണു മരിച്ച ചെറുക്കന്റെ ..അവൻ ആണ് ഇപ്പോൾ ഇവളുടെ കൂട് ... ഞാൻ അന്നേ പറഞ്ഞതാ ഈ കൂട്ടങ്ങളുടെ അയല്പക്കത്ത് വീട് വെയ്ക്കണ്ട എന്ന്, ആര് കേൾക്കാൻ? ". അമ്മച്ചിക്ക് എത്ര പറഞ്ഞാലും മനസിലാകില്ല.. വിഷ്ണു കുളത്തിൽ വീണു മരിച്ചു എന്നാണ് വിശ്വസിച്ചു വെച്ചിരിക്കുന്നത് .. അവൻ എങ്ങനെ മരിക്കും.. മരിച്ചവർ എങ്ങനെ സംസാരിക്കും..അവർക്കു നമ്മുടെ കൂടെ കളിക്കാനും പൂ പറിക്കാനും വരാൻ കഴിയുമോ?
പിന്നെ ഈ പറഞ്ഞ അയൽക്കാർ .. അത് ആരാണെന്നു എനിക്ക് അപ്പോഴേ മനസിലായി.. അപ്പുറത്തുള്ള ശാരദ ചേച്ചിയെയാണ് അമ്മച്ചി ഉദേശിച്ചത്‌... എന്നും രാവിലെ ശാരദേച്ചിയുടെ ഭർത്താവു ഉറക്കെ ചെണ്ടകൊട്ടി അവരുടെ വീടിന്റെ നാല് ഭാഗത്തും നിന്നും കൊണ്ട് "പോ.! പോ..!" എന്ന് ആക്രോശിക്കും.. മരിച്ചു പോയവരുടെ പ്രേതാത്മാക്കളെ ഇറക്കി വിടുന്നതാണ് അത് എന്ന് അമ്മച്ചി പറഞ്ഞു എനിക്ക് അറിയാം..

അയല്പക്കത്തു ഒരു കുളമുണ്ട്.. പണ്ടെപ്പോഴോ ഈ കുളത്തിൽ വീണു ഒരു കുട്ടി മരിച്ചിട്ടുണ്ട് .... ശാരദേച്ചിയുടെ ഭർത്താവു പറഞ്ഞു വിട്ട ആത്മാവാണ് ആ കുട്ടിയെ കൊണ്ട് പോയത് എന്ന് വിഷ്ണു ഇടയ്ക്കു ഇടയ്ക്കു പറയാറുണ്ട്..ആ കുട്ടിയുടെ ആത്മാവ് അവിടെത്തന്നെയുണ്ട് എന്നാണ് പരക്കെയുള്ള വിശ്വാസം, അതിനാൽ പകൽ സമയത്തുപോലും അധികമാരും അവിടേക്കു പോകാറില്ല.. പക്ഷെ വിഷ്ണുവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണവിടം.. അത് കൊണ്ട് തന്നെ എന്റെയും.. ഞങ്ങൾ എപ്പോഴും ആ കുളക്കടവിൽ പോയി ഇരിക്കാറുണ്ട് .. അമ്മച്ചിക്ക് തീരെ ഇഷ്ടമായിരുന്നില്ല ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ... വിഷ്ണുവിന്റെ മുഖത്തോട്ട് അമ്മച്ചി നോക്കുകയോ മിണ്ടുകയോ ചെയ്യുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ഇതേ പറ്റി ചോദിക്കുമ്പോൾ മൗനം പാലിക്കുകയോ എന്നെ രൂക്ഷമായി നോക്കുകയോ മാത്രം ആണ് ചെയ്തിട്ടുള്ളത് ..അതുകൊണ്ടുതന്നെ കുറെനാള് കഴിഞ്ഞപ്പോൾ ഞാനും അത് കാര്യമാക്കാതെയായി . അമ്മച്ചി ഇടയ്ക്കിടെ കുളക്കടവിലേക്കു ഓടി വരും .. " എന്റെ മോളെ ..." എന്ന് നിലവിളിച്ചും കൊണ്ട്.. എന്നെ കെട്ടിപിടിച്ചു ഉമ്മ തരും എണിറ്റു,എടുത്തു കൊണ്ട് ഓടും.. പിന്നീട് ഞാൻ അങ്ങോട്ട് പോകാതെയായി.. ഒരിക്കൽ അവിടെ വെച്ച് കാൽ കല്ലിൽ വഴുതി വീണ് എനിക്ക് ബോധം പോയതാണ് .. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത് കൊണ്ടാണ് ജീവൻ തിരിക്കെ കിട്ടിയത്.. പിന്നീട് അമ്മച്ചി എന്നെ എങ്ങോട്ടും വിടാതെയായി ... എങ്കിലും വിഷ്ണു മാത്രം എന്നും കാണാൻ വന്നിരുന്നു.. ആ വിഷ്ണുവിനെയാണ് എന്നിൽ നിന്നും പിരിച്ചെറിയാൻ അമ്മച്ചിയും സ്വാമിയും കൂടി നോക്കിയത്.. അഗ്നി കൂടുതൽ ആളി കത്തിയപ്പോൾ ദേവി കൂടുതൽ രക്തവർണമാർന്നു... അവളുടെ ചിലമ്പുകൾ തിളങ്ങി.. അവൻ ... വിഷ്ണു .. എന്നെ ജനാലക്കിടയിലൂടെ അവസാനമായി നോക്കിയിട്ടു തിരിഞ്ഞു നടന്നു.. എന്റെ കാഴ്ചയും ശബ്‍ദവും എത്താൻ പറ്റാത്തത്ര ദൂരത്തേക്ക്...ആ ദിവസത്തിന് ശേഷം എന്നോട് കൂട്ടുകൂടാൻ അവൻ വന്നിട്ടേയില്ല .. അത് കഴിഞ്ഞു ഞാൻ അവനെ കണ്ടതും ഇല്ല.. ഞങ്ങൾ ഉടനെ തന്നെ നഗരത്തിലേക്കു താമസവും മാറി.. എത്രെയോ വർഷങ്ങൾ കഴിഞ്ഞു പോയി.. ഇതാ വീണ്ടും കൺ മുൻപിൽ അവൻ.. കൂടെ, കേട്ട് മറന്ന ചിലമ്പൊലി ഒച്ചകളും ...
മൊബൈൽ റിങ് കേട്ടാണ് ഞാൻ ഓർമയുടെ പടവുകൾ ഇറങ്ങുന്നത്.. അനുജത്തിയാണ് ... " ചേച്ചി.. എവിടെയാണ്.. എത്ര നേരമായി ഞാൻ വിളിക്കുന്നു?" "അത് ... മോളെ ... ഞാൻ ... ഞാൻ ഇവിടെ തന്നെ ഉണ്ട് ... എന്താന്ന് കാര്യം" ...
" അത്... അലക്‌സിച്ചായൻ.. അലക്‌സിച്ചായന്റെ കാർ ആക്സിഡന്റ് ആയി.. ചേച്ചി എത്രെയും പെട്ടന്ന് എത്തണം ...! " എന്റ്റെ ചുണ്ടിൽ ഒരു ഗൂഢ ചിരി പരന്നു..കിണറിന്റെ ആഴങ്ങളിലേക്ക് ഞാൻ നോക്കി നിന്നു... ഇപ്പൊ എനിക്ക് എന്നെ നന്നായി കാണാം ... ഓളങ്ങളിൽ തട്ടി, താഴെ ഞാൻ എന്നെ നോക്കി നില്കുന്നു .. നീളൻ പാവാടയുടുത്തു മുട്ട് അറ്റം നിറയെ മുടിയുള്ള ഞാൻ..അമ്മു എവിടെ ? ഇവിടെ ഉണ്ടായിരുന്നെല്ലോ... ! എന്റ്റെ ബാല്യം കാണിച്ചു കൊതിപ്പിച്ചവൾ.. ഇവിടേക്ക് എന്നെ നയിച്ചവൾ, അവൾ എവിടെ? നീയും അറിയേണം അമ്മു.. ഈ കിണറിന്റെ ആഴം.. വർഷങ്ങൾ ഇതിൽ തത്തി കളിച്ച നിന്റെ അമ്മയുടെ നോവ്.. നീയും അറിയേണം... ഇതിനുള്ളില്ലേ എണ്ണിയാൽ തീരാത്ത രഹസ്യങ്ങൾ .. നീ പേടിക്കേണ്ട അമ്മു.. നമ്മൾ കള്ളിക്കാറുള്ള ഗെയിം ഇല്ലേ .. മിസ്റ്ററി ബോക്സ് ഗെയിം? ഒരു ബോക്സില്ലെ രഹസ്യങ്ങൾ കണ്ടെത്തി മറ്റൊന്നിലേക്കു പോകുന്ന മിസ്റ്ററി ബോക്സ് ഗെയിം ? ഇത് നിന്റെ പുതിയ ഗെയിം ആണ് .. നിന്റെ അമ്മയുടെ ഫേവറിറ്റ് ഗെയിം...അമ്മു..നീ എന്നെ പോലെ ആണ് !.. ആഴങ്ങളിൽ രഹസ്യം അന്വേഷിക്കുന്നവൾ ... രഹസ്യത്തിൽ സത്യം കണ്ടെത്തുന്നവൾ ..സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു ഞാൻ ആഴങ്ങളിലേക്ക് എന്റ്റെ അമ്മുവിനെ പറഞ്ഞയച്ചു ... .. അവൾ പോയവരുവോളം ഞാനും ഉണ്ടാകും ഇവിടെ ഈ വീടിനു കാവലായി..!

ഞാൻ പറഞ്ഞില്ലേ.. ഈ യാത്ര തന്നെ അവൾക്കു വേണ്ടിയായിരുന്നു..
അമ്മുവിൻറെ പുതിയ മിസ്റ്ററി ബോക്സിനു വേണ്ടി..!

......
നീതു വിജോയ്

നല്ല നാട്



ഇമ്പമോടേയെൻ്റെ മുറ്റത്തായി
തുമ്പയൊന്നു ചിരിതൂകി നില്പൂ
ഇന്നലെയന്തിക്കും കണ്ടതില്ലാ
ഇന്നിപ്പോഴെങ്ങുന്നു വന്നുനീയും?
കുഞ്ഞരിപ്പല്ലു വിടർത്തിനില്ക്കും
തുമ്പതന്നന്തികത്തെത്തി ഞാനും
തൊട്ടുതലോടിയിരുന്ന നേരം
ഇത്തിരിക്കണ്ണുനീരൂറി കണ്ണിൽ.
പൊയ്പ്പോയൊരോണദിനങ്ങളുള്ളിൽ
തുമ്പപ്പൂപോലെ ചിരിച്ചുനില്പൂ
തുമ്പ ചിരിക്കാത്ത കാലമോർത്തു,
തുംഗമാം ദു:ഖം കുമിഞ്ഞു ഹൃത്തിൽ
പണ്ടു നീയെൻ്റെ തൊടിയിൽനീളേ
പൂത്തുചിരിച്ചങ്ങു നിന്നിരുന്നു
ഇന്നത്തെയീ ഓണനാളിൽപ്പോലും
നിൻ്റെ പാൽപ്പുഞ്ചിരി കാൺമതില്ലാ.
എങ്ങോട്ടു പോയ് നിങ്ങളീമണ്ണിൽനി-
ന്നെങ്ങോട്ടുപോയിമറഞ്ഞിരിപ്പൂ
മാബലിമന്നൻ്റെ നാട്ടിൽ വീണ്ടും
ഓണമുണ്ണാനായണയുകില്ലേ ?
പൊയ്പ്പോയ നാളുകളോർത്തു ഞാനാ -
ത്തുമ്പച്ചെടിതന്നടുത്തിരിക്കേ ,
തുമ്പമെല്ലാം തീർന്നു ,മാനസത്തിൽ
തുമ്പികൾ പാറിക്കളിച്ചിടുന്നു
ഓണമുണ്ണാനായി വീണ്ടുമിന്നെൻ
മുറ്റത്തണഞ്ഞൊരു കുഞ്ഞുതുമ്പേ!
ഓണപ്പാട്ടൊന്നു ഞാൻ പാടിത്തരാം
ഓണവട്ടങ്ങളൊരുക്കിത്തരാം
ഈ മണ്ണിൽനിന്നു പൊയ്പ്പോയിടല്ലേ,
മാബലിത്തമ്പുരാൻ വാണനാട്
ജാതിഭേദങ്ങൾ മറന്നു ഞങ്ങൾ
ഓണമൊരുക്കിടും നല്ല നാട്.
സുഷമ അമ്മങ്കോട്.
05- O9 -2016

അവയവ ദാനം മഹാ ദാനം




തിരക്കുള്ള ഒരു ട്രാഫിക് ജംഗ്ഷനിൽ ജോയ് സിഗ്നൽ കാത്തു കിടന്നു .ജീവിതം അയാൾക്ക്‌ നേരെ ചുവപ്പു കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി .

ഏറ്റവും ഒടുവിൽ അപ്പൂസിന്റെ രോഗത്തിന്റെ രൂപത്തിൽ . പതിമൂന്നു വയസ്സ് മാത്രം പ്രായമായ അപ്പുവിന് ഭേദമാകാൻ സാധ്യതയില്ലാത്ത ഹൃദ്രോഗമാണെന്ന് ഡോക്ടർ വിധി എഴുതിയിട്ടു മൂന്നുമാസത്തിൽ കൂടുതലായി .പലരുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നു പോന്നത് .ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൊണ്ട് മാത്രമേ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയുള്ളൂ എന്ന് ഡോക്ടർ ഇടക്കിടക്ക് ഓര്മിപ്പിക്കാറുണ്ട് .അതിനു വലിയ ഒരു തുക തന്നെ വേണം .ഒരു ടാക്സി ഡ്രൈവർ മാത്രമായ അയാൾക്ക്‌ ചിന്തിക്കാൻ പറ്റുന്നതിലുമപ്പുറത്തായിരുന്നു അത്.അപ്പുവിന്റെ സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വലിയ ഒരു തുക സമാഹരിച്ചിട്ടുണ്ട് .പക്ഷെ അത് മാത്രം പോരല്ലോ ,ഇനിയും വേണം പണം .അയാളാൽ ആവുന്ന വിധത്തിലൊക്കെ അയാൾ ശ്രമിക്കുന്നുണ്ട് .സുഹൃത്തായ ബാഹുലേയൻ കുറച്ചു പണം തരാമെന്നു ഏറ്റിട്ടുണ്ട്. നാളെ വൈകുന്നേരം തന്നെ ചെല്ലണം ,അയാൾ പിറ്റേ ദിവസം ബാംഗ്ലൂർക്ക് പോകും .പിന്നെ ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ .ഇന്ന് വൈകുന്നേരം അപ്പുവിനെയും കൊണ്ട് ചെക്കപ്പിനു പോണം അല്ലെങ്കിൽ ഇന്ന് തന്നെ പോകാമായിരുന്നു .ഒരായിരം ചിന്തകൾ മനസിലൂടെ മിന്നിമറഞ്ഞതു കൊണ്ടായിരിക്കണം സിഗ്നൽ മാറിയത് അയാൾ അറിഞ്ഞില്ല .പുറകിലെ വാഹനങ്ങളുടെ കൂട്ടത്തോടെയുള്ള ഹോണുകൾ അയാളെ ചിന്തയിൽ നിന്നുണർത്തി .അലക്ഷ്യമായി അയാൾ ആ വാഹനം മുന്നോട്ടോടിച്ചു .
അന്ന് വൈകുന്നേരം അപ്പുവിനെയും കൊണ്ട് ചെക്കപ്പിനു പോയപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പെട്ടന്ന് വേണമെന്നും,ഇനി അധികം സമയമില്ലെന്നും ഡോക്ടർ എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ആവർത്തിച്ചു .പക്ഷെ അന്ന് വരെ തോന്നാത്ത ഒരു ഇടർച്ച ഡോക്ടറുടെ ശബ്ദത്തിൽ ഉണ്ടായതായി അയാൾ ശ്രദ്ധിച്ചു .ഒരു ഡോണറെ കിട്ടിയാൽ ഉടൻ തന്നെ ഓപ്പറേഷൻ നടത്തിയേ മതിയാകൂ ,അത് മാത്രമാണ് ഇനി ചെയ്യാനുള്ളതെന്ന് ഒരു നെടുവീർപ്പോടെയാണ് ഡോക്ടർ പറഞ്ഞു നിർത്തിയത് .ഡോക്ടറുടെ വാക്കുകൾ ഉള്ളിൽ വലിയ ഒരു വിങ്ങൽ ഉണ്ടാക്കിയെങ്കിലും കണ്ണീരിന്റെ രൂപത്തിൽ അത് പുറത്തേക്കു വരാതിരിക്കാൻ അയാൾ ശ്രമിച്ചു .അപ്പു കേൾക്കാതെയാണ് ഡോക്ടർ തന്നോട് സംസാരിച്ചതു .പക്ഷെ അവൻ അയാളോട് ഒന്നും ചോദിച്ചില്ല .അവന്റെ കണ്ണുകളിൽ എന്തോ ഒരു ഭീതി അയാൾക്ക്‌ അനുഭവപെട്ടു .അവനെ കെട്ടിപിടിച്ചു ഒന്നു കരയണമെന്നുണ്ടായിരുന്നു അയാൾക്ക് .ആനി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു .ഒരിക്കലും നടക്കാത്ത മോഹമാണെന്നറിഞ്ഞിട്ടും .മൂന്നു വർഷങ്ങൾക്കു മുൻപാണ് ഒരു ഹൃദ്രോഗത്തിന്റെ രൂപത്തിൽ വിധി അവളെ തന്നിൽ നിന്ന് അകറ്റിയത് .അതിന്റെ ബാക്കിപത്രമായി ഇപ്പോഴിതാ അപ്പുവിന്റെ രോഗത്തിന്റെ രൂപത്തിൽ .അപ്പുവിനെ വിധിക്കു വിട്ടു കൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല ,അതയാൾ 
എന്നെ മനസിലുറപ്പിച്ചിരുന്നു .തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവർ ഒന്നും സംസാരിച്ചില്ല .പേടിപ്പെടുത്തുന്ന ഒരു നിശബ്ദത ആ വാഹനത്തിൽ തങ്ങി നിന്നു .
പിറ്റേ ദിവസം അതിരാവിലെ അയാൾക്കൊരു ട്രിപ്പ് ഉണ്ടായിരുന്നു .അപ്പുറത്തുള്ള ഗോപി ചേട്ടനോട് അപ്പുവിനെ ഒന്നു നോക്കി കൊള്ളണമേ എന്ന് പറഞ്ഞയാൾ ധൃതിയിൽ ഇറങ്ങി.അപ്പു തനിച്ചുള്ളപ്പോഴൊക്കെ ഗോപി ചേട്ടനും ഭാര്യ മാലതി ചേച്ചിയും തന്നെയാണ് അപ്പുവിന്റെ കാര്യങ്ങൾ നോക്കാറ്.മക്കളില്ലാത്ത അവർക്ക് അപ്പു ഒരു മകൻ തന്നെ ആയിരുന്നു .കയറിയ യാത്രികരെയും കൊണ്ട് അയാൾ ആ നഗരം മുഴുവൻ കറങ്ങി .ഷോപ്പിംഗ് മാളുകളും പാർക്കും മ്യൂസിയവും എല്ലാം അയാൾ അവരെ കാണിച്ചു .അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങിയ ആ കുടുംബത്തോട് അയാൾക്ക് ചെറിയ ഒരു അസൂയ തോന്നി .ഇടക്കെപ്പഴോ അപ്പുവിന്റെ വിവരങ്ങൾ അറിയാൻ ഗോപിചേട്ടനെ വിളിച്ചു നോക്കി പക്ഷെ കിട്ടിയില്ല .പിന്നീട് വിളിക്കാം എന്നു കരുതി അയാൾ ഫോൺ പോക്കറ്റിൽ തന്നെ ഇട്ടു .ചാർജ് തീരെ കുറവായിരുന്നു ഇനി എവിടുന്നെങ്കിലും കുറച്ചു നേരം ചാർജ് ചെയ്യണം എന്നയാൾ കരുതി . വൈകുന്നേരമായപ്പോൾ യാത്രികരെ അയാൾ ഹോട്ടലിൽ കൊണ്ട് പോയി ഇറക്കി വിട്ടു.ബാഹുലേയനെ വിളിക്കാനായി അയാൾ ഫോൺ എടുത്തു .ഫോൺ സ്വിച്ച്ഓഫ് ആയിരിക്കുന്നു ,തിരക്കിനിടയിൽ ചാർജ് ഇല്ലാത്ത കാര്യമൊക്കെ അയാൾ മറന്നു പോയിരുന്നു .ഇനി ബാഹുലേയനെ വീട്ടിൽ ചെന്ന് തന്നെ കാണാമെന്നുറച്ചയാൾ വണ്ടി ബാഹുലേയന്റെ വീടിനെ ലക്ഷ്യമാക്കി ഓടിച്ചു .അവിടെ എത്തി ബാഹുലേയനുമായി കുറച്ചു നേരം സംസാരിച്ചിരുന്നു .അതിനിടയിൽ അയാൾ തന്റെ ഫോൺ കുറച്ചു നേരം ചാർജ് ചെയ്‌തു .ബാഹുലേയനിൽ നിന്ന് പണവും വാങ്ങി എല്ലാം ശരിയാവുമെന്ന ആശ്വാസവാക്കും കേട്ടയാൾ അവിടെ നിന്നറങ്ങി .കാറിലിരുന്ന് അയാൾ ഗോപിചേട്ടനെ വിളിക്കാനായി ഫോൺ സ്വിച്ച്ചോൺ ചെയ്‌തു .രണ്ടു പ്രാവശ്യം കാൾ പോയെങ്കിലും അപ്പുറത്തെ തലക്കൽ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല .പെട്ടന്ന് വീടെത്താനായി അയാൾ പതുക്കെ കാർ മുന്നോട്ടോടിച്ചു .കുറച്ചു ദൂരം ചെന്നതും അയാളുടെ ഫോൺ ശബ്ദിച്ചു.കാർ സൈഡിലേക്ക് ഒതുക്കി അയാൾ ഗോപിച്ചേട്ടന്റെ കാൾ അറ്റൻഡ് ചെയ്‌തു .ഗോപിച്ചേട്ടന്റെ സംസാരത്തിലെ പരിഭ്രമം അയാളുടെ ഹൃദയമിടിപ്പ് കൂട്ടി .അപ്പു ഐ സി യു വിലാണെന്ന കാര്യം ഒരു വിറയലോടെ ഗോപിചേട്ടൻ പറഞ്ഞൊപ്പിച്ചു .ഹോസ്പിറ്റലിന്റെ പേരും പോലും ശരിയായി കേട്ടോ എന്നറിയില്ല .തല കറങ്ങുന്നതുപോലെ തോന്നി അയാൾക്ക് .അതിവേഗത്തിൽ വാഹനമോടിച്ചിട്ടും അത് നീങ്ങാത്തതായി തോന്നി .പെട്ടന്നെന്തെങ്കിലും ചെയ്യണം ഇനി അധികം സമയമില്ല എന്ന ഡോക്ടറിന്റെ വാക്കുകൾ അയാളുടെ ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു .അത് ഒരു സൂചിമുന പോലെ ഹൃദയത്തെ കുത്തി കൊണ്ടിരുന്നു .പെട്ടന്നാണ് ഒരു ചെറുപ്പക്കാരൻ റോഡിന്റെ സൈഡിൽ നിന്ന് കൈ കാണിക്കുന്നത് അയാൾ ശ്രദ്ധിച്ചതു .എന്തോ അപകടം ആ ചെറുപ്പക്കാരന് പറ്റിയിരിക്കുന്നു അത് തീർച്ച .അയാൾക്ക്‌ മുൻപ് പോയ വാഹനങ്ങൾ ഒന്നും ആ ചെറുപ്പക്കാരന്റെ മുന്നിൽ നിർത്തിയില്ല .പക്ഷെ അയാൾക്ക് നിർത്താതെ പോവാൻ മനസ്സുവന്നില്ല .ആ ചെറുപ്പക്കാരന്റെ ഡ്രെസ്സിൽ ചോര പുരണ്ടിരുന്നു .ഏതോ വണ്ടി തങ്ങളുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി നിർത്താതെ പോയെന്നും,തന്റെ സുഹൃത്തു രക്‌തം വാർന്നു കിടക്കുകയാണെന്നും,എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നുമൊക്കെ വിറച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞൊപ്പിച്ചു .എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ ഇരിക്കുന്നതിനിടയിൽ, കുറച്ചപ്പുറത്തു രക്തത്തിൽ കുളിച്ചു കിടക്കുന്ന സുഹൃത്തിനെ താങ്ങി എടുക്കാനായി ആ ചെറുപ്പക്കാരൻ നീങ്ങി.പക്ഷെ അയാളുടെ മനസ്സിൽ തന്റെ മകനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.താൻ ആശുപത്രിയിലേക്ക് തന്നെയാണ് പോകുന്നതെന്നും ,ആ കിടക്കുന്നവനും ആരുടെയോ മകനാണെന്നൊക്കെയുള്ള ചിന്തകളൊന്നും അയാൾക്ക് തോന്നിയില്ല.അയാൾ വാഹനം മുന്നോട്ടെടുത്തു .ചെറുപ്പക്കാരന്റെ അലമുറ കുറെ ദൂരെ വരെ ആ വാഹനങ്ങളുടെ ശബ്ദത്തിനിടയിലും അയാൾക്ക്‌ കേൾക്കാമായിരുന്നു .ചെയ്‌തതു വലിയ തെറ്റാണെന്നയാൾക്കറിയാമായിരുനെങ്കിലും അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ അപ്പോൾ അയാൾക്ക്‌ തോന്നിയില്ല .
മനസ്സിൽ അപ്പുവിന്റെ മുഖം മാത്രമായിരുന്നു .ആശുപത്രിക്കരികിൽ കാർ നിർത്തിയിട്ടു അയാൾ ഐ സി യു ലക്ഷ്യമാക്കി ഓടി .ചില്ലിട്ട മുറിക്കുള്ളിൽ വായിലും മൂക്കിലുമൊക്കെ കുഴലുകൾ ഇട്ടു തന്റെ പൊന്നുമോൻ കിടക്കുന്നത് അധികനേരം നോക്കി നിൽക്കാൻ അയാൾക്കായില്ല.ഗോപിച്ചേട്ടനും മാലതി ചേച്ചിയുമൊക്കെ എന്തൊക്കെയോ അയാളോട് പറയുന്നുണ്ടായിരുന്നു .അയാൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല, കേൾക്കാൻ അയാൾക്ക്‌ കഴിയുന്നുണ്ടായിരുന്നില്ല .എന്തോ ഒരു തരം മരവിപ്പോടെ അയാൾ ഐ സി യു വിന്റെ മുന്നിലുള്ള ബെഞ്ചിൽ ഇരുന്നു .ഡോക്ടറുടെ ശബ്ദമാണയാളെ ഉണർത്തിയത് .രണ്ടു ദിവസത്തിനുള്ളിൽ ഒരു ഡോണറെ കിട്ടുമെന്നു തന്നെയാണ് വിശ്വാസം ,എല്ലാ ഹോസ്പിറ്റലുകളിലേക്കും ഇൻഫർമേഷൻ നല്കികഴിഞ്ഞിട്ടുണ്ട് ,എല്ലാം ശരിയാകും തുടങ്ങിയ ആശ്വാസ വാക്കുകൾ അയാളിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോയെന്നറിയില്ല .നഴ്‌സ്‌ നൽകിയ ഒരു കുറിപ്പുമായി മരുന്ന് വാങ്ങാനായി അയാൾ ഫാർമസിയിലേക്കു നടന്നു .പെട്ടന്ന് കാഷ്വാലിറ്റിയിൽ ഒരു ബഹളം .ഒരു ആക്സിഡന്റ് കേസ് വന്നിട്ടുണ്ടെന്നാരോ പറഞ്ഞു .ആളുകളുടെ ബഹളത്തിനിടയിൽ ഒരു മുഖം അയാൾ ശ്രദ്ധിച്ചു .കുറച്ചു മുൻപ് റോഡരികിൽ രക്‌തത്തിൽ കുളിച്ചു കിടന്ന തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ തന്നോട് കെഞ്ചിയ ചെറുപ്പക്കാരന്റെ അതെ മുഖം .ഒരു കുറ്റവാളിയെ പോലെ ആ ചെറുപ്പക്കാരന്റെ നോട്ടത്തിൽ പെടാതിരിക്കാൻ അയാൾ ശ്രമിച്ചു .താൻ ഉപേക്ഷിച്ചു പോന്ന ആളിന്റെ ജീവൻ രക്ഷിക്കണമേയെന്നു ദൈവത്തോട് പ്രാർത്ഥിക്കാൻ അയാൾക്ക് തോന്നി ,പക്ഷെ അയാൾക്കതിനുപോലും ആയില്ല .വല്ലാത്തൊരു മരവിപ്പ് അയാളുടെ മനസ്സിനെ കീഴടക്കിയിരുന്നു .
പിറ്റേദിവസം രാവിലെ തന്നെ ഡോക്ടർ അയാളെ മുറിയിലേക്ക് വിളിപ്പിച്ചു .ഡോക്ടറുടെ മുറിയിലേക്ക് പോകുന്ന വഴി ഇന്നലത്തെ ആക്സിഡന്റ് കേസിലെ പയ്യനെപ്പറ്റി റിസപ്ഷനിൽ ഒന്നന്വേഷിച്ചാലോ എന്നയാൾക്ക്‌ തോന്നി .ഒരു കുറ്റവാളിയുടേതുപോലുള്ള ഭയം അയാളെ അതിൽ നിന്ന് വിലക്കി.ഡോണറെ കിട്ടിയ കാര്യം വലിയ ഉത്സാഹത്തോടെയാണ് ഡോക്ടർ പറഞ്ഞു തുടങ്ങിയത് .ഇന്ന് തന്നെ ഓപ്പറേഷൻ നടത്താമെന്നും അതിനു വേണ്ട ഫോമുകളും മറ്റും ഓഫീസിൽ പോയി ഒപ്പിട്ടു കൊടുത്തോളാനും ഡോക്ടർ അയാളോട് പറഞ്ഞു.
അറിയാനുള്ള ആവേശത്തിൽ ഡോണർ ആരാണെന്നയാൾ അന്വേഷിച്ചു .ഡോക്ടറുടെ മുഖം പെട്ടന്ന് മ്ലാനമായി .ഒരു നെടുവീർപ്പോടെ ഇന്നലെ വൈകിട്ട് വന്ന ഒരു ആക്സിഡന്റ് കേസിനെ പറ്റി ഡോക്ടർ പറഞ്ഞു.അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൻ ,എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥി .ഇന്നലെ ഏതോ വണ്ടി തട്ടി കുറെ നേരം രക്‌തം വാർന്നു കിടന്നു .ഈ ഒരു അവസ്‌ഥയിലും ഇത്തരം ഒരു പുണ്യ പ്രവർത്തി ചെയ്‌ത ആ മാതാപിതാക്കളെ ഡോക്ടർ സ്തുതിച്ചു .അപ്പൂസടക്കം മൂന്നു പേരാണ് അവരുടെ ഈ തീരുമാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പോകുന്നത് എന്നയാൾ ഡോക്ടറിൽ നിന്നറിഞ്ഞു .തകർന്ന മനസ്സോടെ അയാൾ അത് കേട്ടു നിന്നു .അയാൾക്ക്‌ അലറി കരയാൻ തോന്നി .അയാൾ അയാളെ തന്നെ വെറുത്തു .അയാൾക്ക്‌ ആ മാതാപിതാക്കളെ കാണണമെന്നും അവരോടു മാപ്പു പറയണമെന്നൊക്കെ തോന്നി .മകന്റെ നിശ്ചലമായ ശരീരം ഏറ്റുവാങ്ങാനായി മുറിക്കു പുറത്തെ ബെഞ്ചിലിരിക്കുന്ന ആ മാതാപിതാക്കളെ തകർന്ന മനസ്സോടെ അയാൾ കണ്ടു.അതിനിടയിൽ ആ ചെറുപ്പക്കാരന്റെ കണ്ണുകളുമായി അയാളുടെ കണ്ണുകൾ കൂട്ടിമുട്ടി.ഒരു കുറ്റവാളിയെ പോലെ അവിടുന്ന് ഓടിപോകാനയാൾക്കു തോന്നി .ആ ചെറുപ്പക്കാരനിൽ നിന്നും ഒരു പൊട്ടിത്തെറി അയാൾ പ്രതീക്ഷിച്ചു .പക്ഷെ സുഹൃത്തു നഷ്ടപെട്ട അവന്റെ കണ്ണുകളിൽ അയാളോടുള്ള ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടായിരുന്നില്ല ,ആ കണ്ണുകളിൽ നിഴലിച്ചു നിന്നതു അയാളോടുള്ള സഹതാപം മാത്രമായിരുന്നു .ഒരു മനുഷ്യൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടതായി അയാൾക്ക്‌ തോന്നി .ഒരു പരാജിതനോടുളളു സഹതാപം മാത്രമാണോ അവന്റെ കണ്ണുകളിൽ കണ്ടത് .മനുഷ്യതം മരിച്ച മനസ്സുമായി എന്തിനാണിങ്ങനെ ജീവിക്കുന്നതെന്ന് അവൻ ചോദിക്കുന്നതായി അയാൾക്ക് തോന്നി .മരവിച്ച മനസ്സുമായി അയാൾ അവിടെ നിന്നും നടന്നു .അപ്പോഴേക്കും അപ്പൂസിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയിരുന്നു .നഴ്‌സ്‌ തന്ന പേപ്പറിൽ എവിടെയൊക്കെയോ അയാൾ ഒപ്പിട്ടു .ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്തെ ബെഞ്ചിലിരിക്കുമ്പോഴും അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയത് ആ ചെറുപ്പക്കാരന്റെ നോട്ടമായിരുന്നു .ചിലർ മരിക്കുമ്പോൾ ചിലർ ജീവിക്കുന്നു എന്നത് എവിടെയോ വായിച്ചതു അയാൾ ഓർത്തു .
ഓപ്പറേഷൻ കഴിഞ്ഞ പിറ്റേ ദിവസമാണ് അപ്പൂസ് കണ്ണ് തുറന്നത്‌ .മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ ഉള്ളത് കൊണ്ടായിരിക്കും അവനോടൊന്നു പുഞ്ചിരിക്കാൻ പോലും അയാൾക്ക്‌ കഴിഞ്ഞില്ല .തനിക്കും അപ്പുവിനുമിടയിൽ മറ്റാരോ ഒരാൾകൂടി ഉള്ളതായി അയാൾക്ക് തോന്നി .അയാൾ പതുക്കെ അപ്പുവിന്റെ നെഞ്ചിൽ കൈവച്ചു .ആ ഹൃദയത്തിൽ തൊട്ടു അയാൾ ഒരായിരം തവണ മനസ്സുകൊണ്ട് മാപ്പു പറഞ്ഞു .ഇതേ സമയം മറ്റൊരിടത്തു ആ ഹൃദയത്തിന്റെ ഉടമയുടെ ചിതയിൽ നിന്ന് അഗ്നി ഒരു ജ്വാലയായി പറന്നുയർന്നു കൊണ്ടേയിരുന്നു ഈ ആകാശം മൊത്തം കീഴടക്കാൻ എന്ന പോലെ .കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ കുറെ കടലാസുകളിൽ ഒപ്പു വെച്ചു .അയാളുടെ അവയവങ്ങൾ ദാനം ചെയ്‌തുകൊണ്ടുള്ള സമ്മതപത്രമായിരുന്നു അത് .ആ നഗരത്തിൽ വീണ്ടും അയാൾ ടാക്സി ഓടിച്ചുകൊണ്ടേയിരുന്നു .അയാളുടെ ടാക്സിയുടെ പുറകിൽ ഇങ്ങനെ എഴുതിയിരുന്നു "അവയവ ദാനം മഹാ ദാനം "


By: harinair

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo